കൂയ്യ് യ് യ് യ്
പലപ്പോഴും തോന്നാറുണ്ട് ഒന്ന് ഉറക്കെ കൂവാന്‍. ഒരു പൊതു വേദിയില്‍, ചിലപ്പോള്‍ ചില ബോറന്‍ തമാശകള്‍ കേള്‍ക്കുമ്പോഴൊക്കെ, പക്ഷേ ആരോ പിന്നില്‍ നിന്നും വലിക്കുന്നു.
'പെങ്കുട്ടികള്‍ കൂവാറൊന്നുമില്ല' ആരാണ്, പറയുന്നതെന്ന് ശ്രദ്ധിച്ചില്ല പക്ഷേ ആരോ ഉള്ളില്‍ നിന്ന് അതിങ്ങനെ വിളിച്ച് പറയുന്നുണ്ട്. മിക്കപ്പോഴും ആ വിളിച്ചു പറയുന്നവ വ്യക്തിത്വത്തിന്റെ തണലിലാണെങ്കിലും ചിലപ്പോള്‍ ആ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ ഞാന്‍ സ്വാതന്ത്ര്യം പ്രാപിക്കാറുണ്ട്.
കാറില്‍ പ്രിയപ്പെട്ടവനോടൊപ്പം പോകുമ്പോള്‍ ആ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളെ വലിച്ചെറിയും എന്നിട്ട് ഉറക്കെ കൂവും .. കൂഊഊഊഊഊഊഊഒ
വഴിയരികില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന ചേട്ടന്‍മാരെ കണ്ടാല്‍ , ഉറക്കെ, 'എന്താ ചേട്ടാ പൊതുവഴിയല്ലേ' എന്നുറക്കെ ചോദിക്കും.
അത്യാവശ്യം ജനത്തിരക്കുള്ള പരിധിയിലെത്തുന്ന നേരത്ത് പ്രിയപ്പെട്ടവന്റെ കവിളില്‍ ഒന്നു ഉമ്മ വയ്ക്കും.
ഇത്തരം കലഹങ്ങളൊക്കെ നേടിത്തരുന്ന ഒരു സ്വാതന്ത്ര്യത്തിന്റെ ആനന്ദമുണ്ട്. പുരുഷനു മാത്രം പറഞ്ഞു വച്ചിരിക്കുന്ന കൂവലും വഴിയരികിലെ മൂത്രമൊഴിയുമൊക്കെ ചോദ്യം ചെയ്യുന്നതിന്റെ ത്രില്ലുണ്ട്. ചിലപ്പോഴൊക്കെ പഞ്ചായത്തില്‍ മരുന്നിനു പോലും ഒരു ടോയ്യിലറ്റ് ഉണ്ടാക്കീയിടാത്ത സര്‍ക്കാരോടുള്ള ദേഷ്യവും. അല്ല എന്തിനാണ്, നാട്ടുകാരെ കുറ്റം പറയുന്നതല്ലേ, പരസ്യമായി കാര്യം സാധിക്കുന്നതിനുമുണ്ട് ഒരു സുഖം. ആ അനിയന്ത്രിതമായ ഉടച്ചു വാര്‍ക്കലാണല്ലോ ഒരു കൂവലിലൂടെയും ഒരു ഉമ്മയിലൂടെയുമൊക്കെ തിരിച്ചെടുക്കുന്നത്.
ഇവിടെയുണ്ട് ഞാനെന്നറിയിക്കുവാന്‍
മധുരമൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്
വെറുമൊരു തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുണ്ടാവുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി
(പി. പി. രാമചന്ദ്രന്‍- ലളിതം)