(നന്മയുടെ പോയ ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന
ചിന്താ സരണികളും ഓര്‍മ്മക്കുറിപ്പുകളുമായി Eമലയാളിയില്‍ ഇടക്കിടെ
പ്രത്യക്ഷപ്പെടുന്ന സോമരാജന്‍ പണികര്‍ തന്നെപ്പറ്റി)
വീട്ടുകാരും അരീക്കരക്കാരും അനിയന്‍ എന്നും പുറത്തുള്ള കൂട്ടുകാരും സഹപ്രവര്‍ത്തകരും സോം എന്നും വിളിക്കുന്നു. അമ്മയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ഒരിക്കലും നേരെയാകും എന്ന് വിചാരിച്ചിട്ടില്ലാത്ത ഒരു അസത്ത് ചെറുക്കന്‍!. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം. എട്ട് വര്‍ഷം സൗദിയില്‍ ഉണ്ടായിരുന്നു. പിന്നെ ഹൈദരാബാദ്, കൊച്ചി, ദാ ഇപ്പൊ മുംബൈയില്‍. സാന്‌റാഡ് മെഡിക്കല്‍ സിസ്റ്റംസ് എന്ന ഒരു ചെറു കമ്പനിയുടെ വൈസ് പ്രസിഡന്റ്. സ്വന്തം സ്ഥലം പ്രിയപ്പെട്ട അരീക്കര. പാലാരിവട്ട് സ്വന്തം വീട് വാങ്ങി.
ഭാര്യ ജയശ്രീ കൊച്ചി മെഡിക്കല്‍ കോളേജില്‍ പാതോളജി പ്രൊഫസ്സര്‍. അക്കള്‍ അശ്വതി മുംബൈയില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, അടുത്തയാള്‍ അല്‍ക്ക കൊച്ചിയില്‍ ഗ്ലോബല്‍ പബ്ലിക് സ്‌ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി. മുംബൈയില്‍ ഗോരേഗാവില്‍ താമസം, ഓഫീസ് സാന്താക്രൂസീല്‍ എഴുത്തുകാരന്‍ ആവണമെന്ന് ആഗ്രഹിച്ചു, ഇപ്പൊ കൈ അക്ഷരം നന്നാക്കികൊണ്ടിരിക്കുന്നു.
ഫേസ്ബുക്കില്‍ കൊച്ചു കൊച്ചു അനുഭവ കഥകളും അരീക്കര കഥകളും എം. ആര്‍ യെപ്പറ്റിയും സ്‌കാനിംഗിനെപ്പറ്റിയും ഇടയ്ക്കിടെ ചില രാഷ്ട്രീയ നിരീക്ഷണങ്ങളും ആയി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു. വെറുപ്പോ വിദ്വേഷമോ പരത്താതെ പറയാനുള്ളത് നല്ല ഭാഷയിലും വിനയത്തോടെയും പറയണം എന്ന് നിര്‍ബന്ധം ഉള്ള ആള്‍. മറ്റുള്ളവരുടെ ലൈക് മാത്രമല്ല കാമ്പുള്ള വിമര്‍ശനങ്ങളും പരാതികളും ശ്രദ്ധയോടെയും ക്ഷമയോടെയും കേട്ടിരിക്കാന്‍ മനസ്സുള്ള ആള്‍. രാഷ്ട്രീയ മോഹം ഇപ്പോള്‍ ഇല്ലെങ്കിലും പാര്‍ലമെന്ററി വ്യാമോഹം മൂലം ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു നാട് ഭരിക്കണമെന്ന് സ്വപ്നം കാണുന്ന ആള്‍. അഴിമതിയും വോട്ടു ബാങ്കും ജാതി രാഷ്ട്രീയവും അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയം ഒരു ആദായ മാര്‍ഗ്ഗം ആക്കരുത് എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആള്‍.
സഞ്ചാര പ്രിയന്‍, ഇരുപതു രാജ്യങ്ങളും ഇരുനൂറോളം ലോക നഗരങ്ങളും ഇതുവരെ കണ്ടിട്ടുണ്ട്. എം ആര്‍ ഐയിലും സീടി സ്‌കാനിലും ലെസറിലും പല വിദേശ രാജ്യങ്ങളിലും വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്.
സാമാന്യം നന്നായി പാചകം ചെയ്യും, പൂക്കളും കൃഷിയും സംഗീതവും നൃത്തവും ഓട്ടന്‍ തുള്ളലും, മിമിക്രിയും നങ്ങ്യാര്‍കൂത്തും ഒക്കെ ഇഷ്ടപ്പെടുന്നു. പ്രസംഗത്തിനും ഉപന്യാസത്തിനും മിമിക്രിക്കും യുവജനോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഇപ്പോള്‍ രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് നേട്ടങ്ങളെപറ്റി ഇടയ്ക്കിടെ പ്രഭാഷണങ്ങള്‍ നടത്തുന്നു. ഒഴിവു സമയങ്ങളില്‍ വായിക്കാനും പഴയ പാട്ടുകള്‍ കേള്‍ക്കാനും ഇഷ്ടപ്പെടുന്നു.
അച്ഛനെപ്പോലെ റിട്ടയര്‍ ചെയ്തു അരീക്കര കൃഷിക്കാരന്‍ ആകണമെന്ന് ആഗ്രഹിക്കുന്നു. അരീക്കരയിലെ ഒരുപാട് ശുദ്ധാത്മാക്കളുടേയും അമ്മമാരുടെയും ഗുരുക്കന്മാരുടെയും പ്രാര്‍ത്ഥനയുടെ ബാക്കിപത്രമാണ് അദ്ദേഹത്തിന്റെ ജീവിതം എന്ന് പറയാന്‍ എപ്പോഴും ആഗ്രഹിക്കുന്നു.