4. മേരി, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
കേറ്റത്തില്‍ക്കാരുടെ വീട് വലിയ വീടാണ്. അതുകൊണ്ടാണ് അതിനു വലിയവീടെന്നു പേരുണ്ടായത്. വീടിന്റെ തെക്കേ അറ്റം രണ്ടുനിലയാണ്. ജാലകങ്ങളില്‍ പട്ടുയവനികകള്‍ തൂങ്ങുന്നു. ആ വീടിന്റെ വടക്കേ മുറ്റത്തിന് ഇമികുചേര്‍ന്ന് ഒരു നല്ല കിണറുണ്ട്. ബാംഗ്ലാവുകാരുടെ ആവശ്യത്തിനു മാത്രമുള്ളതാണ് അത്. അതില്‍നിന്നു മറ്റൊരെക്കൊണ്ടും വെള്ളം കോരിക്കാരില്ല. പാവങ്ങളുടെ ഉപയോഗത്തിനായി ഇങ്ങു തെക്കുവശത്തുള്ള കിണര്‍ പരോപകാരതല്‍പരനായ ഇട്ടിച്ചന്‍ കനിഞ്ഞ് അനുവദിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്ത് പുറമ്പോക്കു കോളനിവാസികളും അയല്‍പക്കത്തുള്ള മറ്റു പാവങ്ങളും ആ കിണറ്റിനുചുറ്റും കൂടും. അക്കാലങ്ങളില്‍ അവിടെ പെണ്ണുങ്ങളുടെ ഒരു ഉത്സവമായിരിക്കും. നുണപറച്ചിലുകളും അവയുടെ കൂടപ്പിറപ്പുകളായ പെണ്‍വഴക്കുകളും സുലഭങ്ങളായിരിക്കും. പെണ്‍വഴക്കുകള്‍ ആണുങ്ങള്‍ തമ്മിലുള്ള കൈയേറ്റങ്ങള്‍വരെ ചെന്നു കലാശിക്കാറില്ലെന്നുമില്ല. എന്നാല്‍ കേറ്റത്തില്‍ ഇട്ടിച്ചന്റെ സ്‌നേഹപൂര്‍ണ്ണമായ നയവും ഉദാരമനസ്‌കതയും പാവപ്പെട്ട ഗ്രാമീണരെ ഐക്യത്തിലും രമ്യതയിലും കോര്‍ത്തിണക്കിപ്പോരുന്നു. അദ്ദേഹത്തെപ്പോലെതന്നെയാണു ഭാര്യ കുഞ്ഞേലിയാമ്മയും. ഇത്ര മനുഷ്യപ്പറ്റുള്ള ഒരു സ്ത്രീ വേറെ ഉണ്ടെന്നു തോന്നുന്നില്ല. പാവങ്ങളോടുള്ള അനുകമ്പയില്‍ അവര്‍ അദ്വീതീയരാണ്- ആ ഭാര്യയും ഭര്‍ത്താവും. ഒരു അന്തിമുട്ടു വായ്പക്കായി അവരുടെ വാതില്‍ക്കല്‍ ചെല്ലുന്നവര്‍ ഒരിക്കലും വെറുംകൈയായി മടങ്ങാറില്ല.
ദൈവം കണ്ണുതുറന്നനുഗ്രഹിച്ച ഒരു കുടുംബമാണത്. ആ കാണുന്ന ആറേഴേക്കര്‍ സ്ഥലം പണ്ടുകാലത്തു കുഞ്ഞപ്പന്‍നായരുടെ ഒരു വല്യച്ചന്‍ ഒരോണം ഘോഷിക്കുന്നതിനുവേണ്ടി കേറ്റത്തിലെ ഒരു മൂത്തമാപ്പിളയ്ക്ക് വിറ്റതാണെന്നാണ് ഐതിഹ്യം. പാവം കുഞ്ഞപ്പന്‍നായര്‍ ഇന്ന് അഗതിയായി കോളനിയിലെ ചെറ്റപ്പുരയില്‍ താമസിക്കുന്നു. കേറ്റത്തില്‍ക്കാരുടെ നിലംപുരയിടങ്ങളില്‍ ഒരു സ്ഥിരം കൂലിവേലക്കാരനാണിന്നു കുഞ്ഞപ്പന്‍ നായര്‍. എന്നാല്‍ ഇട്ടിച്ചന്‍ നന്ദിയുള്ളവനാണ്. ആളോഹരി കിട്ടിയ മൂന്നുസെന്റ് സ്ഥലം വിറ്റകാശുകൊണ്ടു മൂത്തമകളെ വിവാഹം കഴിപ്പിച്ചയച്ചപ്പോള്‍ തീര്‍ത്തും വഴിയാധാരമായിത്തീര്‍ന്ന കുഞ്ഞപ്പന്‍ നായര്‍ക്ക് പുറമ്പോക്കില്‍ ഒരു കുടില്‍ വയ്ക്കാന്‍ വേണ്ടുന്ന സാധനസാമഗ്രികള്‍ നല്‍കിയത് ഇട്ടിച്ചനല്ലാതെ മറ്റാരുമല്ല.
നല്ല കായ്ഫലങ്ങളുള്ള തെങ്ങുകളും കവുങ്ങുകളും പ്ലാവുകളും മാവുകളും കടപ്ലാവുകളും മറ്റു വൃക്ഷങ്ങളും പലയിനം വാഴകളും കൊടിമുളകുകളും കാപ്പിച്ചെടികളും മറ്റും കൊണ്ടു നിബിഡമായ ആ വലിയ പുരയിടത്തിനും പുറമേ ഇട്ടിച്ചനു നൂറുപറ മുണ്ടകപ്പാടവും അങ്ങു കിഴക്ക് അന്‍പതേക്കര്‍ റബര്‍തോട്ടവും ഉണ്ട്.
എല്ലാംകൊണ്ടും അനുഗൃഹീതരായ ആ ദമ്പതികള്‍ക്കു ദൈവം ഏഴു സന്താനങ്ങളെയാണു ദാനം ചെയ്തിരിക്കുന്നത്. നാലു പെണ്ണും മൂന്നാണും. മൂത്തതു രണ്ടും പെണ്‍മക്കളാണ്. ഒരുത്തിയെ ഒരു ഡോക്ടറും മറ്റവളെ ഒരു എഞ്ചിനീയറും വിവാഹം കഴിച്ചു. അവര്‍ ദൂരദിക്കുകളിലാണ്. മൂന്നാമനാണു ജോയി. അവനെ ഒരച്ചനാക്കണമെന്നായിരുന്നു ഇട്ടിച്ചന്റെയും കുഞ്ഞേലിയാമ്മയുടെയും ആഗ്രഹം. അത്രകണ്ടു ദൈവഭക്തനും സല്‍സ്വഭാവിയുമാണു ജോയി. പക്ഷേ, അവനു ദൈവവിളി ഉണ്ടാകാത്തതു നിമിത്തം വൈദികപഠനത്തിനു പോയില്ല എന്നേയുള്ളൂ. ബി.എസ്സി. പാസ്സായിക്കഴിഞ്ഞ് അവനെ ഡോക്ടര്‍ പരീക്ഷയ്ക്കു വിടണമെന്നതായിരുന്നു അവരുടെ പിന്നത്തെ ആഗ്രഹം. പക്ഷേ, അവനിപ്പോള്‍ മൂന്നുകൊല്ലമായി ബി.എസ്സി.ക്കു തോറ്റു തോറ്റു നില്‍ക്കുന്നു. വയസ്സ് ഇരുപത്തിനാലാവുകയും ചെയ്തിരിക്കുന്നു. എങ്കിലും ജയിക്കുന്നതുവരെ സെപ്തംബറും മാര്‍ച്ചും പരീഷകള്‍ക്കു ചേരുക എന്നതാണ് ഇട്ടിച്ചന്റെ വാശി. ട്യൂട്ടോറിയലുകളില്‍ ചേര്‍ന്നതുകൊണ്ടു ഫലമില്ലെന്നു കണ്ടതിനാല്‍ അവനിപ്പോള്‍ വീട്ടിലിരുന്നു തന്നത്താന്‍ പഠിക്കുകയാണ്. ഡോക്ടര്‍ പരീക്ഷയ്ക്ക് അയയ്ക്കുക എന്ന ആശ നശിച്ചിരിക്കുന്നതുകൊണ്ട് അവനെ കല്യാണം കഴിപ്പിച്ചു വീട്ടുകാര്യങ്ങളുടെ ചുമതലകള്‍ കുറെ അവനു വിട്ടുകൊടുക്കുക എന്ന ആഗ്രഹത്തിലാണ് സ്‌നേഹധനരായ ആ മാതാപിതാക്കളുടെ ഇപ്പോഴത്തെ നില. അവന്‍ പരീക്ഷയ്‌ക്കൊന്നു ജയിച്ചു കിട്ടിയാല്‍ മതിയായിരുന്നു. പഠിക്കാന്‍വേണ്ടി ഒരു കൊച്ചു കെട്ടിടം അവനു പണിതുകൊടുത്തിട്ടുണ്ട്.
യാതൊരു ചീത്തത്തവുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. നാട്ടുകാര്‍ക്കൊക്കെ പ്രിയപ്പെട്ടവന്‍. സുഭഗന്‍! ഏതൊരു പെണ്‍കുട്ടിയും അവന്റെ ഭാര്യാപദത്തിനായി മോഹിച്ചുപോകും. അത്രകണ്ടു സുന്ദരനാണു ജോയി. കുറെനാള്‍മുമ്പ് അവന്‍ തന്നെത്താന്‍ കാറോടിച്ചുകൊണ്ടു പോയപ്പോള്‍ ഒരു സ്ത്രീയുടെ ദേഹത്തു കാറു മുട്ടിച്ചു എന്നൊരു പരാതിയേ അവനെപ്പറ്റി പറഞ്ഞുകേട്ടിട്ടുള്ളൂ. അബദ്ധത്തില്‍ പറ്റിയതാണ്. സ്ത്രീ മറിഞ്ഞുവീണു എന്നല്ലാതെ അവര്‍ക്കു പറയത്തക്ക പരുക്കുകളൊന്നും പറ്റിയില്ലതാനും. കൂടെ പഠിച്ചവരായ ചില സ്‌നേഹിതന്മാര്‍ അവനുണ്ട്. അവരൊക്കെയും അന്തസ്സുള്ളവരാണ്. ചിലപ്പോള്‍ കൂട്ടുകാരുമൊന്നിച്ച് അവന്‍ കാറില്‍ക്കയിറിപോയാല്‍ ഒന്നു രണ്ടുദിവസം കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ലോകപരിചയത്തിന് അതൊക്കെ ആവശ്യമാണെന്നാണ് വിശാലഹൃദയനായ ഇട്ടിച്ചന്റെ തത്ത്വശാസ്ത്രം.
“എങ്കിലും ചെറുക്കന് അത്ര സ്വാതന്ത്ര്യം കൊടുക്കുന്നതു ചീത്തയാ.” ഇട്ടിച്ചനെപ്പോലെ പുരോഗമിച്ചിട്ടില്ലാത്ത ഏലിയാമ്മ പരാതി പറയാറുണ്ട്. പ്രായം വല്ലാത്തതാ. പെഴച്ചുപോകാന്‍ അധികംനേരമൊന്നു വേണ്ട്.”
അവന്‍ പെണ്ണല്ലല്ലോ ഇത്ര പേടിക്കാന്‍. എന്നായിരിക്കും ഇട്ടിച്ചന്റെ മറുപടി.
എന്നാല്‍ ജോയി ചീത്തയാകുമെന്ന് ഇട്ടിച്ചനോ ഏലിയാമ്മയ്‌ക്കോ യാതൊരു ഭയവുമില്ല. അത്രകണ്ട് അച്ചടക്കത്തിലും ചൊല്ലുവിളിയിലുമാണ് അവന്‍ ജീവിക്കുന്നത്. മാതാപിതാക്കള്‍ എന്തു പറയുന്നോ അതു ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നത് ജോയിയുടെ സ്വഭാവവിശേഷമാണ്. അവനില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
ജോയിച്ചന്റെ ഇളയത് സൂസമ്മ: അവള്‍ പ്രീഡിഗ്രി ക്ലാസ്സില്‍ പഠിക്കുന്നു. ദൂരെയെവിടെയോ ഉള്ള കോളേജിലെ ഹോസ്റ്റലില്‍ താമസിച്ചാണ് അവള്‍ പഠിക്കുന്നത്. പിന്നുള്ളത് രണ്ട് ആണ്‍കുട്ടികള്‍; അവര്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകളിലും ഏറ്റവും ഇളയവളായ ഓമന മൂന്നാം സ്റ്റാഡേര്‍ഡിലും പഠിക്കുന്നു.
ഇട്ടിച്ചന് ഒരു ലോറിയും ഒരു ജീപ്പും ഒരു കാറും ഉണ്ട്. എസ്റ്റേറ്റ് സന്ദര്‍ശനത്തിന് ഇട്ടിച്ചന്‍ സാധാരണ ഉപയോഗിക്കുന്നതു ജീപ്പാണ്. കാര്‍ മിക്കവാറും ജോയിയുടെ സ്വാധീനത്തിലായിരിക്കും. പള്ളിയില്‍ പോകാനും പിള്ളേരെ സ്‌ക്കൂളില്‍ കൊണ്ടാക്കുന്നതിനും കൊണ്ടുവരുന്നതിനും പ്രായേണ കാറാണ് ഉപയോഗപ്പെടുത്തുന്നത്.
ആ ഉച്ചതിരിഞ്ഞ നേരത്ത് മേരിയും അമ്മിണിയും തൊട്ടിയും കയറും കുടവുമായി വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ ഭാഗ്യവശാല്‍ കുഞ്ഞേലിയാമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു..
“നിങ്ങളാണോ പെണ്ണേ പൊറമ്പോക്കില്‍ ഇന്നലെ താമസിക്കാന്‍ വന്നത്?” കുഞ്ഞേലിയാമ്മ ചോദിച്ചു.തടിച്ചുകൊഴുത്തു വെളുത്തു ചൊമന്നു പൊക്കം കുറഞ്ഞു പ്രൗഢയായ ഒരു മധ്യവയസ്‌ക. ചട്ടയും പുടവയും വേഷം. തുടലുപോലുള്ള സ്വര്‍ണ്ണമാലയും പിണ്ടിപോലുള്ള സ്വര്‍ണ്ണവളകളും അണിഞ്ഞിരിക്കുന്നു.
“അതേ.” മേരി ആദരപൂര്‍വ്വം പറഞ്ഞു. “ശകലം വെള്ളം കോരാന്‍…”
“വെള്ളം ദാ.” അവര്‍ തെക്കോട്ടു വിരല്‍ ചൂണ്ടിക്കൊണ്ടു പറഞ്ഞു:
“അവിടാ, അവിടെ വഴിയുണ്ടു കേട്ടോ; വെള്ളത്തിന് ഇതിലേ വരരുത്.”
“ഇല്ലേ.”
“വെള്ളം കോരുന്നതിനു വിരോധമൊന്നുമില്ല; പക്ഷേങ്കി, അവിടൊന്നും വൃത്തിക്കേടാക്കരുത് കേട്ടോ.”
“ഇല്ല കൊച്ചമ്മേ.”
“നിന്റെ പേരെന്താടീ?” മേരിയെ ആപാദചൂഡം ഒന്നു നോക്കിക്കൊണ്ട് കുഞ്ഞേലിയാമ്മ ചോദിച്ചു.
“മേരീന്ന്.”
“പിന്നൊരു കാര്യം ആമ്പിള്ളാരൊക്കെയുള്ള വീടാ ഇത്… ചീത്തത്തം ഒന്നും കേള്‍പ്പിക്കരുത്. നേരത്തേ പറഞ്ഞേക്കാം. സൂക്ഷിച്ചും കണ്ടും ജീവിച്ചോണം.”
“ഞങ്ങളങ്ങനെ ചീത്ത മനുഷ്യരല്ല കൊച്ചമ്മേ.” മേരി സധൈര്യം പറഞ്ഞു. അവള്‍ക്ക് ഒന്നു രണ്ടു വാചകങ്ങള്‍ കൂടി പറയാനുണ്ടായിരുന്നു. പറഞ്ഞില്ല. പണക്കാരെല്ലാം നല്ലവരും, പാവങ്ങളെല്ലാം ചീത്തയുമാണെന്നായിരിക്കും ആ വല്യവീട്ടമ്മയുടെ വിചാരം. വാസ്തവം നേരേ മറിച്ചാണുതാനും! പക്ഷേ, നമസ്‌തേന്ന് ആ സ്ത്രീയോടു വഴക്കുണ്ടാക്കുന്നതു ശരിയല്ലല്ലോ. മേരി സ്വയം നിയന്ത്രിച്ചു. എന്നുതന്നെയല്ല, നിരാശ്രയരായി വന്നിരിക്കുന്ന ആ അഭയാര്‍ത്ഥികള്‍ക്ക് ഒരുപക്ഷേ, രക്ഷാസങ്കേതമാകേണ്ടത് ആ വീടായിരിക്കും.
“എടീ പെണ്ണേ!” കിണറ്റുംകരയിലേക്കു നടക്കാന്‍ ഭാവിച്ച മേരിയെ കുഞ്ഞേലിയാമ്മ വിളിച്ചു. നിനക്കപ്പനില്ലേടീ?”
“ഒണ്ടു കൊച്ചമ്മേ.”
“എന്നിട്ട് ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ; ഇവിടെ വന്നു ചോദിക്കാതെ ഒരു ദാരിദ്ര്യവാസിയും പുറമ്പോക്കില്‍ കേറി താമസിച്ചിട്ടില്ല.”
“ഞങ്ങള്‍ ദരിദ്രവാസികളല്ല” എന്ന് ആ സ്ത്രീയുടെ മുഖത്തടിച്ചു പറയണമെന്നു മേരിക്കു തോന്നി. പറഞ്ഞില്ല. ഇങ്ങനെ പറഞ്ഞു: “അപ്പന്‍ ആശുപത്രിയില്‍ പോയിരിക്ക്യാ… അതുകൊണ്ടാ ഇങ്ങോട്ടു വരാത്തത്…. അപ്പന്‍ വന്നാലൊടനേ ഇങ്ങോട്ടു പറഞ്ഞു വിടാം.”
“ഞങ്ങടെ പേര്‍ക്ക് ഇങ്ങോട്ടാരും വരണ്ടാ കേട്ടോ.”
“കൊച്ചമ്മയുടെ ഒക്കെ സഹായം ഞങ്ങള്‍ക്കുണ്ടാകണം… ഞങ്ങള്‍ പാവങ്ങളാണ്.”
“ഉം. വെള്ളം കോരിക്കൊണ്ടു പോ… ആ വഴി പൊക്കേണം കേട്ടോ.”
“ഒവ്വ്.”
ആ വീട്ടില്‍നിന്നും പത്തുവാര തെക്കാണു പാവങ്ങള്‍ക്കുള്ള കിണറ്. കാപ്പിച്ചെടികളുടെയും മരങ്ങളുടെയും ഇടയില്‍ക്കൂടി കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ മേരിയും അമ്മിണിയും നടന്നു. ഏതോ ഒരു അത്ഭുതലോകത്തില്‍ പ്രവേശിക്കുന്നതുപോലെ തോന്നി.
ഒന്നുരണ്ട് ഇംഗ്ലീഷ് പശുക്കള്‍ അവിടവിടെനിന്നു പുല്ലു തിന്നുന്നു. ദൂരെ രണ്ടു മൂന്നു വേലക്കാര്‍ നിന്നു തെങ്ങിനു തടമെടുക്കുന്നതുകാണാം.
കിണറിനു കിഴക്കുവശത്തായി ഓടിട്ട ഒരു കച്ചിപ്പുര കാണാം. മുകളിലേക്കു നോക്കിയാല്‍ തെങ്ങിന്‍ തലപ്പുകളും താഴോട്ടുനോക്കിയാല്‍ കാപ്പിച്ചെടികളും കുരുമുളകു ചെടികള്‍ പൊതിഞ്ഞുനില്‍ക്കുന്ന മുരിങ്ങകളും മാത്രം.
കിണര്‍ ആഴമുള്ളതാണ്. എങ്കിലും ധാരാളം വെള്ളമുണ്ട്. കണ്ണുനീരുപോലെ തെളിഞ്ഞ വെള്ളം.
“ചേച്ചീനെ ഒരാളു നോക്കുന്നു.” മാളികമുകളിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് അമ്മിണി പറഞ്ഞു. മാളികയുടെ ജാലകത്തിങ്കള്‍ ജോയി അവരെത്തന്നെ നോക്കുന്നതു മേരി കണ്ടു. മേരി നോക്കിയപ്പോള്‍ ജോയി പുഞ്ചിരിച്ചു. മേരിക്കു നാണം തോന്നി. അവള്‍ മുഖം തിരിച്ചു കളഞ്ഞു.
“ഇന്നലെ നമ്മളെ തല്ലാന്‍ വന്ന മനിഷേനല്ലേ ചേച്ചീ, അത്?”
“അല്ല. അയാളാ ആ ചട്ടമ്പിമാരെ ഒക്കെ ഓടിച്ചത്.” മേരി പറഞ്ഞു.
“എന്നാലയാളു നല്ലതാ.”
“ഉം.”
“അയാളെന്തിനാ ചേച്ചീയെ നോക്കിച്ചിരിച്ചെ?”
“ആ ഇനീം നീ വീട്ടിച്ചെന്നു പറഞ്ഞേക്കണം അയാളെന്നെ നോക്കിച്ചിരിച്ചെന്ന്. അതു കേട്ടാ മതി അപ്പന്‍ വഴക്കൊണ്ടാക്കാന്‍. അയാളു ചിരിക്കട്ടെ, നമുക്കെന്താ ചേതം, ഇല്ലേ അമ്മിണി?”
“അതുതന്നെ.”
മേരി വെള്ളം കോരിക്കൊണ്ടു ചെന്നപ്പോള്‍ തോമ്മാ തിരിച്ചെത്തിയിരുന്നു.
“എന്താ മോളെ, ആ കൊല്ലന്റങ്ങുന്നു വെള്ളം കോരാഞ്ഞത്?” തോമ്മാ ചോദിച്ചു: ആ പണിക്കത്തി വല്യ നെഷേദിയാപ്പാ, ഞാന്‍ പോകത്തില്ല അവിടെ വെള്ളംകോരാന്‍,” മേരി കുടവും ചുമന്നുകൊണ്ടു അപ്പുറത്തേക്കുപോയി. താമസിയാതെതന്നെ ഇഷ്ടികപിടിക്കുന്നതിനുള്ള ശ്രമമായി തോമ്മാ.
“ഇതിയാനിങ്ങനെ ഇഷ്ടികപിടിച്ചോണ്ടിരുന്നോ?” തറതി അടുത്തു വന്നു. ബോധിപ്പിച്ചു: “നാളത്തേക്ക് അരിക്കെങ്ങനാ?”
“വല്ലടത്തും ജോലിക്കു പോകണം. പലകകൊണ്ടുള്ള ഫ്രെയിമിലേക്കു കുഴഞ്ഞ മണ്ണു വാരിവച്ചുകൊണ്ടു തോമ്മാ പറഞ്ഞു: ഇനി ഇപ്പം എവിടെ വേലയ്ക്കു പോകാനാ?”
“നാളെ നിങ്ങങ്ങോട്ടു ചെല്ലുമ്പം വേലേം വച്ചോണ്ടിരിക്യല്ലേ, മനുഷ്യേരു നിങ്ങളെക്കാത്ത്… ഇന്നേ പോയ് വല്ലടത്തും ജോലിയൊണ്ടോന്നു തെരക്ക്… അല്ലങ്കി ഓരോ ചെരട്ട മേടിച്ചുതാ… ഞാനും പിള്ളേരും കൂടെ വഴിനീളെ നടന്നു തെണ്ടാം… ഈ പെണ്ണിനെ വല്ലവന്റെയും കൈയില്‍ ഒന്നു പിടിച്ചുകൊടുത്തേച്ചാരുന്നെങ്കില്‍ വല്ല വെഷോം കുടിച്ചു ചാകാവാരുന്നു… അമ്പിളികുന്നത് ഒരു പൊറുതിക്കുവന്നത്…” തറതി നിര്‍ത്തുന്ന ലക്ഷണമില്ല. ഇതെല്ലാം കേട്ടിട്ടും കല്ലിനു കാറ്റു പിടിച്ചതുപോലെ ഇരുന്നതേയുള്ളൂ തോമ്മാ.
“അപ്പാ, വല്യവീട്ടിലെ ആ കൊച്ചമ്മ പറഞ്ഞു…” മേരി ഒരു പുഴുങ്ങിയ കപ്പത്തുണ്ടം കടിച്ചുതിന്നുകൊണ്ട് ആ രംഗത്തു പ്രത്യക്ഷപ്പെട്ടു. “അപ്പനങ്ങോട്ടൊന്നു ചെല്ലാന്‍…”
“എന്തിന്?” തോമ്മാ ചോദിച്ചു.
“ഉം, കെന്തിന്.. അവിടത്തെ കൊച്ചയ്ക്കു തോഴ്മയിരിക്കാന്‍…?” തറതിക്കു കലികയറി. “പിന്നാല്ലാണ്ടെന്തിനാ… പെണ്ണുനിക്കുന്നല്ലോ… അല്ലേല്‍ എന്റെ നാക്കേല്‍ നല്ലതുതന്നെ തോന്നുന്നു… അവിടാണെങ്കി എന്നും കുന്നും ജോലിയൊണ്ടെന്നാ പറേണത്. നല്ല പൊന്നുംകൊടത്തെ മനിഷേരാ അവര്. കെന്തിനാന്നും പറഞ്ഞിവിടെ കുത്തിയിരുന്നോ… കവച്ചിരുന്നുണ്ണാം… ഞാന്‍ വല്ലോം ഒക്കെ പറേം കേട്ടോ?”
“അമ്മച്ചിയെന്തിനാ ഇങ്ങനെ ചൊറുചൊറാന്നും വര്‍ത്തമാനം പറന്നേത്?” മേരി ഗുണദോഷിച്ചു. “അപ്പന്‍ പൊയ്‌ക്കോളുമല്ലോ.”
തോമ്മാ എണീറ്റു കുടത്തിലെ വെള്ളം ഒഴിച്ചു കൈ കഴുകി. “ഞാന്‍ ആ കൊല്ലപ്പണിക്കത്തിയോട് ഒന്നും ചോദിച്ചേച്ചു വരട്ടെ, എന്താ നമ്മളെക്കൊണ്ടു വെള്ളംകോരിക്കാത്തതെന്ന്… അല്ല, അതൊന്നറിയണമല്ലോ!”
“ഓ, ചോദിച്ചു… ഞാന്‍ ചോദിച്ചോളം പണിക്കത്തിയോട്.” തറതി അക്കാര്യം ഏറ്റു. “നിങ്ങള്‍ വല്യവീട്ടിലോട്ട് ഒന്നു ചെന്നേച്ചു വാ എന്റെ മനുഷ്യനെ...”
“അവരെക്കണ്ടേച്ചേ ഈ പുറമ്പോക്കില്‍ ആളുകള്‍ വന്നു താമസിച്ചിട്ടുള്ളെന്ന്.” മേരി പറഞ്ഞു.
“അതെന്താ അവരടെ വകയാണോ പുറമ്പോക്ക്?” തോമ്മാ വഴിയിലേക്കിറങ്ങി.
“നിങ്ങളു കടുമൂര്‍ച്ചയായിട്ട് അവരോടൊന്നും പറയരുത്.” തറതി ഗുണദോഷിച്ചു. ഇതിയാനൊന്നാമതു മനിഷേരോടു ചൊവ്വിനെ വര്‍ത്തമാനം പറയാന്‍ അറിയാമ്മേല… കാര്യം കാണണേല്‍ കഴുതക്കാലും പിടിക്കണം.”
“കഴുതക്കാലും എരുമക്കാലും! ഏതായാലും ഞാന്‍ അവിടെവരെ ഒന്നു പോയേച്ചു വരട്ടെ.” തോമ്മാ നടന്നു.
തോമ്മാ പോയിക്കഴിഞ്ഞ് ആ അമ്മയും മകളും ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകരുതേ എന്ന്… ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരനാണു തോമ്മാ. ഒരിടത്തും ഉറച്ചുനില്‍ക്കുകയില്ല. പൂത്തേടത്തു തോമ്മായ്ക്കു കാശില്ലെന്നേയുള്ളൂ. മാനം എങ്ങും പോയിട്ടില്ലെടാ.” ഇതാണ് ആരോടും പറയുന്ന വാക്കുകള്‍. തക്കവും തായവുകണ്ടു പറയാനും ചെയ്യാനും അറിഞ്ഞുകൂടാ. എന്നാല്‍ തോമ്മായ്ക്കറിഞ്ഞുകൂടാത്ത ജോലിയില്ലതാനും. ഏതു മരത്തിലും കേറും, ഏതു കിണറ്റിലും ഇറങ്ങും. വലവീശാനറിയാം. ചുമടുചുമക്കാനറിയാം. കുളയ്ക്കാനറിയാം. വിറകുകീറാനറിയാം. വള്ളം ഊന്നാനറിയാം. കല്ലുവെട്ടാനറിയാം. കയ്യാല കുത്താനറിയാം. പാചകം ചെയ്യാനറിയാം എല്ലാം അറിയാം. പക്ഷേ, കഞ്ഞിക്ക് അരിയില്ലെന്നു മാത്രം. പൂത്തേടത്തു തറവാടിന്റെ മാനവും കൊണ്ടു നടക്കുകയാണ്, ഉണ്ണാം. എന്നാല്‍ സ്വന്തം കാര്യം ഉപേക്ഷിച്ച് അന്യര്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തോമ്മാ തയ്യാറാണ്. ദൈവം എന്തുകൊണ്ട് ആ നല്ല മനുഷ്യനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു? അതൊരു കടംകഥയാണ്.
പട്ടി ചന്തയ്ക്കു പോയതുപോലെ തോമ്മാ വെറുകൈയുമായി മടങ്ങിവന്നു.
“അവിടെച്ചെന്നും പൂത്തേടത്തുകാരുടെ മാനം എടുത്തു വിളമ്പിയായിരിക്കും.” തോമ്മാ മുറ്റത്തേക്കു കയറുമുമ്പുതന്നെ തറതി അഭിപ്രായം പാസ്സാക്കി.
“ഒന്നു ചുമ്മാതിരിക്കമ്മേ” മേരി തടഞ്ഞു. “അപ്പന്‍ ചെന്നിട്ട് അവര് എന്നാ പറഞ്ഞപ്പാ?”
“അവരു കുളിക്യാരുന്നു.” തോമ്മാ പറഞ്ഞു.
“നിങ്ങള് ഇച്ചിരനേരംകൂടെ അവിടെ നില്‍ക്കാന്‍ മേലാരുന്നോ?” തറതി ചോദിച്ചു. “അവരുടെ കുളികഴിയുന്നതുവരെ?”
“അതെങ്ങനാ? മൂന്നുമണിക്കൂറു വേണമത്രേ അവരു കുളിച്ചുതീരാന്‍.” തോമ്മാ പറഞ്ഞു.
“ഓ, കൊണം വന്ന കുളിയാ. നിങ്ങളോടിതാരാ പറഞ്ഞെ?”
“ആ, അവിടെ അടുക്കളവേലയ്ക്കു നില്‍ക്കുന്ന ഒരുത്തന്‍.”
“എന്നിട്ടു നിങ്ങളിങ്ങുപോന്നോ?”
“പിന്നെന്താ അവിടെക്കെടന്നു ചാകാണോ?”
“ഇക്കണക്കിന് അതാരുന്നു നല്ലത്.”
“അമ്മച്ചിക്കൊന്നു മിണ്ടാതിരിക്കാമോ?” മേരി ഇടപെട്ടു.
“മിണ്ടാതിരിക്കാം, നീതന്നെ ചെന്നു ചോറും കറികളും വെളമ്പിക്കൊടുക്ക് അപ്പന്.” തറതി ദേഷ്യപ്പെട്ട് അകത്തേക്കു പോയി.
“ഏതായാലും നാളെ രാവിലെ പോകണമപ്പാ.”
മേരി സ്വാന്തനപ്പെടുത്തി തോമ്മായെ.
“ഉം പോകാം.” അയാള്‍ വീണ്ടും ഇഷ്ടിക മെനയുന്ന ജോലിയില്‍ വ്യാപൃതനായി. അമ്മിണി സഹായിക്കാന്‍ കൂടി.
“അവിടത്തെ ജോയീന്നു പറയുന്ന ആളില്ലായിരുന്നോ അപ്പാ അവിടെ?” അല്പം കഴിഞ്ഞു തോമ്മായുടെ പുറകില്‍ ചെന്നു നിന്നു കൊണ്ടു മേരി പയ്യെ ചോദിച്ചു.
“ആ ഞാന്‍ കണ്ടില്ല.” തോമ്മാ പറഞ്ഞു.
നേരം കുറേക്കൂടി പടിഞ്ഞാറോട്ടു ചാഞ്ഞപ്പോള്‍ മേരി വീണ്ടും കുടവും തൊട്ടിയും എടുത്തുകൊണ്ടു വല്യവീട്ടിലെ കിണറ്റിങ്കലേക്കു പോയി. തുണി അലക്കാനുണ്ട്. അപ്പനും വല്യമ്മച്ചിക്കും ചൂടുവെള്ളം അനത്തണം കുളിക്കാന്‍. അവള്‍ക്കും ഒന്നു കുളിക്കണം. നേരം നന്നേ ഇരുട്ടാതെ കുളിക്കാന്‍ വയ്യാ. പുരയുടെ പുറകുവശത്ത് ഇനിയും മറപ്പുറ കെട്ടീട്ടില്ല.
അവള്‍ മൂന്നാവട്ടം വെള്ളം കോരിക്കൊണ്ടു നില്‍ക്കുമ്പോള്‍ ജോയി അവളുടെ പുറകില്‍ വന്നു നിന്നു. അവള്‍ കണ്ടില്ല. അവളുടെ ചിന്തകള്‍ ആകാശത്തിലെ ശിഥിലമേഘങ്ങളെക്കൂട്ട് അടുക്കും ചിട്ടയും ഇല്ലാതെ അങ്ങിങ്ങായി ഒഴുകിനടക്കുകയായിരുന്നു.
“മേരീ!”
അവള്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. തൊട്ടിയും കയറും കിണറ്റില്‍ പോകുമായിരുന്നു അവള്‍ പെട്ടെന്ന് കയറിപ്പിടിച്ചില്ലായിരുന്നെങ്കില്‍. അവന്‍ പുഞ്ചിരിച്ചുംകൊണ്ടും കൈയുംകെട്ടി നില്‍ക്കുന്നു. ഒരു കൈയില്‍ ഒരു നോട്ടുബുക്കുണ്ട്. അവള്‍ക്കു വല്ലാത്ത നാണവും ഭയവും തോന്നി.
“മേരി പൊട്ടിയാണോ?” വീണ്ടും ജോയി ചോദിക്കുകയായി.
“പൊട്ടിയല്ല.” അവള്‍ ധൃതിയില്‍ വെള്ളം കോരിക്കൊണ്ടിരുന്നു. ചങ്കിടിക്കുന്നു.
“മേരി സുന്ദരിയാണ്.” അവന്‍ മന്ത്രിക്കുന്നു.
അവളൊന്നും മിണ്ടിയില്ല. മിണ്ടാല്‍ തോന്നിയില്ല. ഓടിപ്പൊയ്ക്കളയാന്‍ തോന്നി.
“മേരി.”
“ഉം!”
“നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…”
ഇനിയും നിറഞ്ഞിട്ടില്ലാത്ത മണ്‍കുടവും തൊട്ടിയും ചുറുക്കെ എടുത്തുംകൊണ്ട് അവള്‍ ഓടിക്കളഞ്ഞു. ഓടിയപ്പോള്‍ കുടത്തില്‍ നിന്നു വെള്ളം തുളുമ്പി അവളുടെ ചട്ടിയില്‍ തെറിച്ചു. തെറിക്കുന്ന ആ വെള്ളത്തുള്ളികളില്‍ സായാഹ്നത്തിന്റെ രശ്മികള്‍ പതിഞ്ഞപ്പോള്‍ അവ രത്‌നങ്ങള്‍പ്പോലെ തിളങ്ങുകയുണ്ടായി.
ആകാശത്തില്‍ അലഞ്ഞുനടന്നിരുന്ന മേഘങ്ങള്‍ക്കാകട്ടെ സ്വര്‍ണ്ണത്തിന്റെ നിറം ഉണ്ടായിത്തുടങ്ങിയിരുന്നു.