കണ്ട അണ്ടനും അടകോടനുമല്ല സുധീരന്. പേരിലും പ്രവൃത്തിയിലുമുണ്ട് ധീരത. അല്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള ഒരു കപ്പലിനെ മുക്കാതിരിക്കാന്‍ ശേഷിയുള്ള ഒരു കപ്പിത്താനാകാനുള്ള കഴിവ് ഹൈക്കമാന്റ് തിരിച്ചറിഞ്ഞതെങ്ങനെ?
ചാണ്ടിയും, രമേശുമൊക്കെ പല പണിയും നോക്കി. മിണ്ടാപ്രാണിയായ ജി. കാര്‍ത്തികേയനെ കെ.പി.സി.സിയുടെ അമരത്തിരുത്തി കളിക്കാന്‍ നോക്കിയെങ്കിലും ഇരുവരുടെയും ചീട്ട് രാഹുല്‍ ജി കീറിക്കളഞ്ഞു.
ഒന്നുറപ്പായി. ചാണ്ടി -രമേശ് യുഗം അവസാനിക്കുന്നു. ഗ്രൂപ്പുകളിയും. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നു. ബാക്കിയുള്ള അണ്‍സാറ്റിസ്ഫൈഡ് അമ്മാവന്മാരും ആന്റിമാരും ഇനി സുധീരനു പിന്നില്‍ അണിനിരന്നാലും സുഖിപ്പിച്ചാലും ഒരു രക്ഷയുമില്ലെന്ന് സുധീരന് പ്രസിഡന്റായ ദിവസം തന്നെ തെളിയിച്ചു.
നമ്മുടെ വെള്ളാപ്പള്ളി സാര്‍ ഒരു ഈഴവക്കാര്ഡിറക്കി സുധീരന്‍ജിയെ ഒന്നു സുഖിപ്പിച്ചു. സുധീരന് മൈന്‍ഡ് ചെയ്തില്ല. ദാ… പിറ്റേ ദിവസം പുള്ളി തിരിച്ചുപറഞ്ഞു സുധീരന് പോരാന്ന്.
സുധീരന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അന്ന് നടത്തിയ ഒരു പ്രസംഗമുണ്ട്. അത് നന്നായി എല്ലാവരും കേള്‍ക്കേണ്ടതായിരുന്നു. തന്നെ ചെറിയകാലം മുതല്‍ കൈപിടിച്ചു നടത്തിയവര്‍ മുതല്‍, പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന നേതാക്കള്‍ തുടങ്ങി ഓരോ പ്രവര്‍ത്തകരുടേയും പേരുകള്‍ എടുത്തു പറഞ്ഞ് അവരുടെ പ്രാധാന്യം കോണ്‍ഗ്രസില്‍ എങ്ങനെ എന്നും പറയുകയുണ്ടായി. ഇതൊരു പാഠമാണ്. കടന്നുവന്ന വഴികള്‍ മറക്കാതിരിക്കാനുള്ള പാഠം…
ഇനി ആരൊക്കെ അദ്ദേഹത്തോടൊപ്പം ഉണ്ടാവണമെന്ന് നിശ്ചയിക്കുന്ന സുധീരന്റെ തിരിച്ചറിവ്… ഈ വാക്കുകളില്‍ കാണാം.
എന്തായാലും ഹൈക്കമാന്‍ഡ് പണി തുടങ്ങി എന്ന് വ്യക്തം. ഈ രീതിയില്‍ പോയാല്‍ കോണ്‍ഗ്രസ് വറചട്ടിയില്‍ നിന്ന് എരിതീയിലേക്കായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. രമേശിനു ലക്ഷ്യം മുഖ്യമന്ത്രിക്കസേരയാണെന്നു മനസിലായി. ഒരു പക്ഷേ അടുത്ത മുഖ്യമന്ത്രി സുധീരനായാലെന്താ കുഴപ്പം? സതീശന് കെ.പി.സി.സി. പ്രസിഡന്റ് ആയാലോ?
ഒരു കുഴപ്പവുമില്ല. കേരളത്തിലെ ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. യാതൊരു സംശയവുമില്ല. ഒരു കാര്യം സത്യം… ചാണ്ടി- രമേശ് യുഗം തീര്‍ന്നു. ഹൈക്കമാന്‍ഡ് ഇനിയും സുധീരന്റെ കയ്യില്‍… ഒത്താശയ്ക്ക് ആന്റണിയുമുണ്ടാകും…
അധികാരം കിട്ടിയപ്പോഴേ സുധീരന് പറഞ്ഞതാണ് ഇന്നത്തെ തലക്കെട്ട്. ആരും തന്റെ ഫ്ക്സ് എങ്ങും വയ്ക്കരുത്. ആശംസകളൊക്കെ നേരിട്ട് പറഞ്ഞാല്‍ മതി. ഫളക്സ് പ്ലാസ്റ്റിക്കാണ്. അത് പരിസ്ഥിതിക്ക് എതിരാണ്…
കഥയുടെ പോക്ക് സുധീരന് പണിതുടങ്ങി എന്നു തന്നെയാണ്…
സാമൂഹ്യപാഠം
സുധീരനെ ഹൈക്കമാന്റ് രക്ഷിക്കട്ടെ!
നമുക്ക് സുധീരനു വേണ്ടി പ്രാര്‍ത്ഥിക്കാം