അദ്ധായം-12
ഭ്രാന്ത് പിടിച്ച മനസ്സോടെ ബെഡ്ഡില്‍ തിരിഞ്ഞും മിറഞ്ഞും കിടന്ന് എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണതെന്ന് അിറയില്ല. ഉണര്‍ന്നപ്പോള്‍ ശരീരത്തിനൊക്കെ വല്ലാത്ത വേദന. നന്നായി ഉറങ്ങിയിട്ട് കുറേ ദിവസമായതുകൊണ്ടായിരിക്കാം.
അവന് അടുത്തത് എവിടെ തുടങ്ങണമെന്ന് ഒരു രൂപവും കിട്ടിയില്ല. വെറുതെ ലാപ്‌ടോപ്പില്‍ അലസ്സമായി പരതി. എന്ത് തുറന്നാലും ഓരോ കോര്‍ണ്ണറില്‍ പാപപ്രലോഭനങ്ങളുടെ വടിവൊത്ത നഗ്ന ശരീരം കാട്ടിനില്‍ക്കുന്ന എസ്‌കോര്‍ട്ട് സുന്ദരികളാണ്. കൂടാതെ അവിടിവിടെയായി ഏതാനും ആണ്‍ വേശ്യകളും. ഈ നഗരത്തില്‍ ആണ്‍ വേശ്യകളും സജീവമാണെന്ന് താന്‍ ഇവിടെ വന്നെപ്പിന്നെയാണ് അറിയുന്നത്.
പല ആണ്‍, പെണ്‍ വേശ്യകളും ഇവിടുത്തെ നഗരത്തിന്റെ വലിപ്പം കണ്ട് മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് ജോലിതേടി സ്റ്റുഡന്റ് വിസയിലോ, നിയമവിരുദ്ധരായോ കുടിയേറി വന്നവരാണ്. എന്തു തന്നെ ആയാലും വേശ്യാവൃത്തിക്കിവിടെ കൈ നിറയെ ശമ്പളമാണ്.
മെയില്‍ എസ്‌കോര്‍ട്ട് വാണ്ടട് എന്ന പരസ്യം കണ്ടപ്പോള്‍ അവന്‍ അതിന്റെ വിവരങ്ങളിലേക്ക് കണ്ണു പായിച്ചു. വായിക്കുമ്പോള്‍ തന്നെ പേടിയാകുന്നു. തനിക്കി പണി പറ്റില്ല. തികച്ചും അപരിചിതരായിട്ടുളള ആളുകളോടൊത്തുളള സെക്‌സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ പഴയ ഭയത്തിന്റെ മിന്നലാട്ടം കടന്നു വരുന്നു.
താന്‍ ചെറിയ കുട്ടി ആയിരിക്കെ ചാച്ചനും അമ്മയും തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചുപോയ ചെറിയമ്മ തന്നെ അവരുടെ അടക്കാനാകാത്ത ലൈംഗിക ആസക്തിയുടെ ഇരയാക്കി തന്നെ മാറ്റുക. പിന്നൊരിക്കല്‍ ഏതോ വകയിലെ ബന്ധുവായ മദ്ധ്യവയസ്‌കന്‍ വീട്ടില്‍ കുറച്ചു നാള്‍ താമസിക്കാന്‍ വന്നപ്പോള്‍ കിടക്കാന്‍ കട്ടിലില്ലാതെ തന്റെ ബെഡില്‍ പങ്കു പറ്റിയപ്പോള്‍ പീഡിപ്പിക്കപ്പെട്ട രാത്രികള്‍.
ഹോ അതോര്‍ക്കുമ്പോള്‍ ആ പഴയ കുട്ടിയുടെ മാനസികാവസ്ഥ വീണ്ടും തന്നെ പിടികുടുന്നതുപോലെ തോനുന്നു.
ടോണി എണീറ്റ് മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് കുറേ വെളളം കുടിച്ച് മൊബൈല്‍ എടുത്ത് സമയം നോക്കി. ഒമ്പതു മണി. ഹൗസ് ഓണറിപ്പോള്‍ ജോലിക്കു പോകുന്നതിന് മുമ്പ് വീണ്ടും വാടക ചോദിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എത്രയും പെട്ടന്ന് ഇവിടുന്ന് പുറത്ത് കടന്ന് രാത്രിയില്‍ ഹൗസ് ഓണര്‍ ഉറങ്ങിയിട്ട് തിരിച്ചു വരുന്നതാണ് നല്ലത്.
ടോണി സമയം കളയാതെ വേഗം പാന്റും, ജാക്കറ്റും എടുത്തിട്ട് പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് ഇനി എത്ര കോയില്‍സ് ബാക്കിയുണ്ടെന്ന് നോക്കി. നൂറ്റമ്പത് പെന്‍സ് ഇതുകൊണ്ട് കൂടി പോയാല്‍ ഒരു സാന്‍ഡ്വിച്ച് മേടിക്കാം.
ഡോറിന് മുട്ട് കേട്ട് ടോണി ഉറപ്പിച്ചു ഇത് ഹൗസ് ഓണര്‍ തന്നെ. ഇനി രാവിലെ നല്ല ചീത്ത വിളി കേള്‍ക്കാം. ടോണി എന്തും കേള്‍ക്കാന്‍ മനസ്സിനെ തയ്യാറാക്കി ഡോറ് തുറന്നു.
“റെന്റ് എവിടെ ? എനിക്കിപ്പം റെന്റ് വേണം. അല്ലെങ്കില്‍ നീ ഇപ്പോള്‍ തന്നെ ഇവിടുന്ന് ഇറങ്ങിക്കോ”
ടോണി നിസ്സഹായകനായി അയാളുടെ ദയയില്ലാത്ത കണ്ണുകളിലേക്ക് നോക്കി നിന്നു.
“ഞാന്‍ അവസാനമായിട്ട് പറയുകയാ ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പ് വാടക കിട്ടിയില്ലെങ്കില്‍ നിന്റെ സകല സാധനങ്ങളും എടുത്ത് ഞാന്‍ റൂമിന് വെളിയില്‍ തളളി കതകടയ്ക്കും”
അയാള്‍ ദേഷ്യത്തോടെ പറഞ്ഞ് കതക് വലിച്ചടച്ച് ഇറങ്ങിപ്പോയി. ടൗണ്‍ സെന്ററിലെ ഷോപ്പിങ്ങ് മാളിന്റെ തിരക്കൊഴിഞ്ഞ ഒരു ബഞ്ചിലിരുന്ന് കുറേ നേരം ഓരോന്ന് ആലോചിച്ച് കൂട്ടി. പക്ഷേ ഒന്നും എവിടെയും എത്തുന്നില്ല.
വിശ്വാസങ്ങളൊക്കെ പണ്ടേ പടിയിറങ്ങിപോയി. അല്ലെങ്കില്‍ നേര്‍ച്ചകള്‍ നേര്‍ന്നോ, കഠിന പ്രാര്‍ത്ഥനകള്‍ നടത്തിയോ ദൈവം രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ഇരിക്കാമായിരുന്നു.
മനസ്സ് വീണ്ടും പ്രക്ഷുപ്തമാകുന്നു. ശരീരം തളര്‍ന്നു. പുഴയില്‍ ഒന്ന് എല്ലാം മറന്ന് മുങ്ങിക്കുളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
“സമയമെത്രയായി”
വലിയ മുഴക്കത്തോടെയുളള ഉറച്ച ശബ്ദം കേട്ട് ടോണി തലയുയര്‍ത്തി നോക്കി. തടിച്ചുരുണ്ട് നല്ല ഉയരമുളള ഒരു വൃദ്ധന്‍ മുന്നില്‍ നില്‍ക്കുന്നു.
“പതിനൊന്ന് മണി”
“താങ്കസ് ”
അയാള്‍ തൊട്ടുമുന്നിലത്തെ ബഞ്ചിലിരുന്നപ്പോള്‍ ടോണി അയാളെ സൂക്ഷിച്ച് നോക്കി. ഒരു വലിയ ശരീരത്തിന് അലങ്കാരം പോലെ ചെമ്പിച്ചു നീണ്ട താടിയും, കറുത്ത നീളന്‍ ജാക്കറ്റും, തലയിലെ തുകല്‍ തൊപ്പിയും, എല്ലാം കൂടി കാണുമ്പോള്‍ പെട്ടന്ന് ഓര്‍മ്മപ്പെടുത്തുന്നത് മുല്ലാക്ക പണ്ട് പുഴക്കരയിലെ വെളളാരം കല്ലുകള്‍ക്ക് മുകളിലിരുന്ന് പറയാറുളള ജിന്നുകളുടെയും, രാക്ഷസന്മാരുടെയും കഥകളിലെ ഏതോ നായകനെയാണ്.
അയാള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് ചുരുട്ട് എടുത്ത് കത്തിച്ചപ്പോള്‍ അസഹനീയമായ മണം സഹിക്കാന്‍ കഴിയാതെ ടോണി മൂക്ക് പൊത്തി. അതു കണ്ട് അയാള്‍ മുഴങ്ങുന്ന ശബ്ദത്തിന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:
“സോറി ഇത് മറിജ്യുനയാ അതാ ഇത്ര സ്‌മെല്ല് ”
“മറിജ്യുനയോ”
“അതാണ് നിങ്ങളുടെ നാട്ടിലെ കഞ്ചാവ് പോലിരിക്കും. ഞങ്ങള്‍ മെക്‌സിക്കോക്കാര്‍ ഇതിനെ മറിജ്യുനയെന്നാണ് പറയുന്നത് ”
“ഇവിടെ പുകവലിക്കാന്‍ പാടല്ലാത്ത സ്ഥലമാണ്. പോരാത്തതിന് ഇതുകൂടി വലിച്ചാല്‍ പോലീസ് പിടിക്കും”
“ഓ എന്നെപ്പോലൊരു വൃദ്ധനെ പോലീസ് പിടിച്ചിട്ട് എന്തു ചെയ്യാനാ”
അയാള്‍ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാള്‍ വീണ്ടും ചുരുട്ട് ആസ്വദിച്ച് വലിച്ചിട്ട് ചോദിച്ചു
“മോന്‍ന്റെ പേരേന്താ”
“ടോണി”
അയാള്‍ ഒന്നും പറയാതെ മറിജ്യുനയുടെ ഗന്ധം തലയ്ക്ക് പിടിച്ചിട്ടെന്നപോലെ കണ്ണടച്ച് അല്പനേരം താടി തടവിയിട്ട് പറഞ്ഞു:
“ഞാന്‍ ടോണിയെ കുറച്ച് സമയമായി ശ്രദ്ധിക്കുന്നു. നീ എന്തോ വലിയ മാനസിക പ്രയാസം അനുഭവിക്കുന്നതുപോലെ”
തന്റെ മനസ്സ് അറിഞ്ഞതുപോലെ അയാളുടെ വാക്ക് കേട്ട് ടോണി അതിശയിച്ചുപോയി.
“ഏയ് ഒന്നുമില്ല”
“അത് വെറുതെ, നിന്റെ മുഖത്ത് നോക്കിയാല്‍ നിന്റെ മനസ്സ് വായിക്കാം”
അയാളുടെ അളന്നുളള വാക്കുകള്‍ക്ക് മുന്നില്‍ പിന്നെ ഒന്നും ഒളിക്കണമെന്ന് ടോണിക്ക് തോനിയില്ല.
എല്ലാം കേട്ടിട്ട് അയാള്‍ സഹതാപത്തോടെ ടോണിയുടെ കണ്ണുകളിലേക്ക് അല്പനേരം നോക്കിയിരുന്നിട്ട് ചോദിച്ചു:
“നീ എന്റൊപ്പം വരുന്നോ മാഞ്ചസ്റ്ററിന്?”
“മാഞ്ചസ്റ്ററിനോ?”
“അതേ എന്റെ വീട് മാഞ്ചസ്റ്ററിലാ ഈ ക്രോയിഡോണ്‍ എനിക്ക് വളരെ സുപരിചിതമായ ഒരു നഗരമായിരുന്നു. പണ്ട് ഞാനിവിടെ കുറേ വര്‍ഷം താമസിച്ചിട്ടുണ്ട്. അതുകൊണ്ട് പഴയ സുഹൃത്തുക്കളെയൊക്കെ കണ്ട് സൗഹൃദം പുതുക്കി പഴയ വഴികളിലൂടെയൊക്കെ ഒന്നു വീണ്ടും നടക്കാമെന്നു കരുതി വന്നതാ”
അയാള്‍ ഒന്നു നിറുത്തിയിട്ട് വീണ്ടും ചുരുട്ട് ആഞ്ഞ് വലിച്ചിട്ട് തുടര്‍ന്നു:
“നീഎന്റെയൊപ്പം താമസിച്ചോ വാടകയൊന്നും തരണ്ടാ പിന്നെ ഞാനവിടെ നിനക്കൊരു ജോലിയും ശരിയാക്കി തരാം.”
അതു കേട്ട് സന്തോഷംകൊണ്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചിട്ട് ടോണി പറഞ്ഞു,
“അങ്കിള്‍, നിങ്ങളുടെ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാന്‍ എങ്ങോട്ടും വരാന്‍ തയ്യാറാണ്. എനിക്കിപ്പം നിലനില്പ്പാണ് ഏറ്റവും വലിയ പ്രശ്‌നം”
ജോലിയും, വീടും ഇല്ലാത്ത തനിക്ക് എവിപ്പോയാലും എന്താണ് കുഴപ്പം. മാഞ്ചസ്റ്റര്‍ എങ്കില്‍ മാഞ്ചസ്റ്റര്‍. ഇത് തനിക്ക് പ്രത്യാശയുടെ വലിയ തുരുത്താണ്.
“നമുക്ക് നാളെ മാഞ്ചസ്റ്ററിന് പോകാം. ഞാനിപ്പോള്‍ ഇവിടെയൊരു ഹോട്ടലിലാണ് താമസിക്കുന്നത് ”
അയാള്‍ എണീറ്റ് ചുരുട്ട് കുത്തി തീ കെടുത്തി ബിന്നില്‍ ഇട്ടിട്ട് വീണ്ടും പറഞ്ഞു.
“വാ നമുക്ക് ഹോട്ടലില്‍ പോയി എന്തെങ്കിലും കഴിച്ചിട്ട് ഇനി സംസാരിക്കാം”
അയാളുടെ സ്‌നേഹത്തോടെയുളള ആജ്ഞയ്ക്ക് മുന്നില്‍ ഒരു കൊച്ചു കുട്ടിയുടെ അനുസരണയോടെ ടോണി നടന്നു.
അയാള്‍ സ്റ്റെപ്പ് കയറി മുകളില്‍ എത്തിയിട്ട് കിതച്ചുകൊണ്ട് അല്പനേരം നിന്നിട്ട് പറഞ്ഞു
“ഈ ആസ്മ എന്നേം കൊണ്ടേ പോകുളളന്നാ തോനുന്നേ”
അയാള്‍ മുറി തുറന്ന് തൊപ്പി ഊരി ബെഡിലേക്കിട്ട് ആദ്യം കണ്ട ചെയറിലേക്ക് തളര്‍ന്നിരുന്നു. എന്നിട്ട് ടോണിയോട് തൊട്ടടുത്തെ ചെയര്‍ കാട്ടികൊണ്ട് പറഞ്ഞു.
“ഇരിക്ക് ടോണി”
അയാള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് ഇന്‍ഹെയ്‌ലര്‍ എടുത്ത് ഒരു പഫ് എടുത്ത ശേഷം വീണ്ടും ചുരുട്ട് കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ടോണി പറഞ്ഞു:
“ആസ്മയുളള ആള്‍ ഇങ്ങനെ പുകവലിക്കരുത് ”
അയാള്‍ ടോണിയെ ദേഷ്യത്തോടെ നോക്കിയിട്ട് ചുരുട്ട് ആഞ്ഞ് വലിച്ച് പുക ഊതി വിട്ടിട്ട് പറഞ്ഞു:
“ഐ ഡോണ്ട് കെയര്‍. ഞാന്‍ എന്തു ചെയ്യണം എന്ത് ചെയ്യണ്ടാന്ന് എന്നെ ആരും പഠിപ്പിക്കണ്ട”
തന്റെ ഭാവമാറ്റം കണ്ട് ചെറിയ ഉള്‍ഭയത്തോടെ ടോണി തല താഴ്ത്തി നിശ്ബദനായി ഇരിക്കുന്നത് കണ്ട് അയാള്‍ അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:
“അയാം സോറി ടോണി, ഞാന്‍ ചിലപ്പോള്‍ ഇങ്ങനെയാണ്. അറിയാതെ പെട്ടന്ന് ദേഷ്യപ്പെട്ട് പോകും”
അയാള്‍ രണ്ട് കൈകള്‍കൊണ്ട് വലതുകാലിന്റെ മുട്ട് അമര്‍ത്തികൊണ്ട് പറഞ്ഞു
“കുറച്ചു നടന്നാല്‍ പിന്നെ കാലിനും വേദന തുടങ്ങും”
അയാള്‍ കാലിലെ പാന്റ് മുകളിലേക്ക് വലിച്ചു കയറ്റിയിട്ട് മുട്ടിന് മുകളിലത്തെ മുറിപാടില്‍ വിരല്‍ ഓടിച്ചുകൊണ്ട് പറഞ്ഞു
“പണ്ട് ബുളളറ്റ് കയറിയതിന്റെ വേദന ശരിക്കും ഇപ്പോഴാണ് അനുഭവിക്കുന്നത് ”
“ബുളളറ്റോ”
“അങ്ങനെ ഒരുകാലം എനിക്കുണ്ടായിരുന്നു. ഞാന്‍ അതൊക്കെ ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും ചിലതൊക്കെ ഇപ്പോഴും എന്നെ വിടാതെ പിന്‍ തുടരുന്നുണ്ട് എന്നത് സത്യമാണ്.”
അയാള്‍ വീണ്ടും ചുരുട്ട് ആഞ്ഞു വലിച്ച് ഊര്‍ജം ഉള്‍കൊണ്ടു കൊണ്ട് പറഞ്ഞു.
“ഞാന്‍ ജനിച്ചത് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളുടെ നഗരമായ മെക്‌സിക്കോയിലെ ബോര്‍ഡര്‍ നഗരമായ ടിജുവാനയിലായിരുന്നു. ടിജുവാന മയക്കുമരുന്നു മാഫിയകളുടെ ഈറ്റില്ലമാണ്. അവിടെ സത്യവും നീതിയും ഒക്കെ തീരുമാനിക്കുന്നത് മാഫിയകളാണ്. അമേരിക്കയിലെ മിക്കനഗരങ്ങളിലും എത്തുന്ന മയക്കുമരുന്നും, മരിജ്യുവാനയും, കോക്കെയിനും, ഒക്കെ കടന്ന് പോകുന്നത് ടിജുവാനയിലൂടെയാണ്. അരക്ഷിതാവസ്ഥയും സുരക്ഷിതിത്വം ഇല്ലായ്മയും ആണ് ആ നഗരത്തിന്റെ എപ്പോഴത്തെയും പ്രത്യേകത. അവിടെ ആരും എപ്പോഴും എവിടെ വച്ചും കൊല്ലപ്പെടാം. ഇതൊക്കെ ചെറുപ്പത്തില്‍ കണ്ടു വളര്‍ന്ന എനിക്കെന്നും ഇത്തരം മാഫിയകളോട് വെറുപ്പായിരുന്നു. ഡാഡിയെ എനിക്ക് ഒരിക്കലും കണ്ടതായിട്ട് പോലും ഓര്‍മ്മയില്ല. അമ്മയും സഹോദരിയും ആയിരുന്നു എനിക്കെല്ലാം. അമ്മ ഒരിക്കലും ഞങ്ങളെ കഷ്ടപ്പാട് അറിയിക്കാതെയാണ് വളര്‍ത്തിയത്. ഞങ്ങള്‍ രണ്ടുപേരും പഠിച്ച് നല്ല നിലയില്‍ എത്തണമെന്ന് അമ്മ വല്ലാതെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ചേച്ചി സ്‌ക്കൂള്‍ പഠനം കഴിഞ്ഞയുടനെ അമ്മ തൊട്ടടുത്ത കോളേജില്‍ ചേര്‍ത്തു. പക്ഷേ ചേച്ചി ഒരു ദിവസം കോളേജില്‍ പോയിട്ട് തിരിച്ചു വന്നില്ല. ഞങ്ങള്‍ എല്ലായിടത്തും അന്വേഷിച്ചു, പോലീസില്‍ അറിയിച്ചു. പക്ഷേ പോലീസ് അന്വേഷിക്കാന്‍ പോലും തയ്യാറായില്ല. അതുകൊണ്ട് അമ്മ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുത്തു. അതിനു ശേഷം കുറച്ച് നാള്‍ കഴിഞ്ഞ് ഒരു ഊമ കത്തുവന്നു. അവളെക്കുറച്ച് അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ അമ്മയേയും കൊല്ലുമെന്ന്. പക്ഷേ ആ ഭീഷണി ഭയന്ന് അടങ്ങിയിരിക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. അമ്മ മിക്ക ദിവസവും പോലീസ് ഉദ്യോകസ്ഥരുടെ ഓഫീസ് കയറിയിറങ്ങി പരാതി കൊടുത്തു കൊണ്ടിരുന്നു. ഒരിക്കല്‍ ഞാന്‍ കോളേജ് കഴിഞ്ഞ് എന്റെ വീടിനോട് ചേര്‍ന്ന റോഡില്‍ ചെറിയ ആള്‍ക്കൂട്ടം കണ്ട് കൊണ്ടാണ് വന്നത.് നോക്കുമ്പോള്‍ എന്റെ അമ്മ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടക്കുന്നു.”
അയാള്‍ പറഞ്ഞിട്ട് കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി കരയുന്നത് കണ്ട് ടോണി പറഞ്ഞു:
“കരയാതെ അങ്കിള്‍. നിങ്ങടെ വിഷമം എനിക്ക് മനസ്സിലാക്കാം”
അയാള്‍ കണ്ണുകള്‍ തുടച്ചിട്ട് തൊട്ടടുത്ത ഫ്രിഡ്ജില്‍ നിന്ന് ഒരു ബിയറെടുത്ത് ഗ്ലാസ്സിലൂറ്റി അതിന്റെ തണുപ്പ് ആസ്വദിച്ച് കുടിച്ചിട്ട് പറഞ്ഞു.
“ആ സംഭവം എന്നെ വല്ലാതെ തളര്‍ത്തി കളഞ്ഞു. പക്ഷേ ഞാന്‍ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ മറ്റൊരു മയക്ക് മരുന്ന് മാഫിയയോടൊപ്പം ചേര്‍ന്നു. എന്നിട്ട് അവസരം കിട്ടിയപ്പോള്‍ എന്റെ അമ്മയേയും, സഹോദരിയേയും കൊന്നെന്ന് സംശയിക്കുന്ന കുറേ എണ്ണത്തിനെ വെടിവെച്ചു കൊന്നു. അവിടെ വെച്ചാണ് ഞാന്‍ വെറോരു സത്യം അറിഞ്ഞത്. എന്റെ സഹോദരിയെ അവര്‍ ബലാത്സംഗം ചെയ്തുകൊന്ന് ഒരു തെളിവും ബാക്കി വയ്ക്കാതെ ശരീരം കോസ്റ്റിക് സോഡയില്‍ അലിയിപ്പിച്ച് കളഞ്ഞെന്ന്. കൊല്ലപ്പെടുന്ന ശവശരീരങ്ങള്‍ ആസിഡ് കൊണ്ട് നശിപ്പിച്ച് കളയുന്നയാളെ പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്യ്തപ്പോഴാണ് ലോകം അറിഞ്ഞത്. അയാള്‍ ടിജ്യുവാനയിലെ ഒരു ഉള്‍പ്രദേശത്ത് മുന്നോറോളം ശവശരീരങ്ങള്‍ അതുപോലെ നശിപ്പിച്ച് കളഞ്ഞിട്ടുണ്ടെന്ന്. അതിലൊന്ന് എന്റെ പ്രിയപ്പെട്ട സഹോദരി ജൂലിയ ആയിരുന്നു”
അതു കേട്ട് വിശ്വസിക്കാന്‍ കഴിയാതെ ടോണി പറഞ്ഞു:
“ഭയാനകം, സാധാരണ മനുഷ്യര്‍ ഒരിക്കലും കടന്ന് പോകാത്ത സംഭവബഹുലമായ ജീവിതമാണ് നിങ്ങളുടേത്.”
അയാള്‍ തുളുമ്പി വന്ന കണ്ണുനീര്‍ തുടച്ചിട്ട് ഗ്ലാസ്സില്‍ അവശേഷിച്ച ബിയര്‍ ഒറ്റ വലിക്ക് കുടിച്ചിട്ട് പറഞ്ഞു:
“ഞാന്‍ ശരിക്കും പ്രതികാരദാഹത്തോടെയായിരുന്നു മറ്റൊരു മയക്ക് മരുന്ന് മാഫിയയോടൊത്ത് ചേര്‍ന്നത്. പക്ഷേ അതെന്നെ ന്യായീകരിക്കാന്‍ കഴിയാത്ത വലിയ തെറ്റുകളിലേക്ക് കൊണ്ട് ചെന്ന് ചാടിച്ചു. ഞങ്ങള്‍ക്ക് തടസ്സം നിന്നവരെയൊക്കെ ഞങ്ങള്‍ കൊന്ന് തളളി. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത എത്രയെത്ര അക്രമങ്ങളും കൊലപാതകങ്ങളും. അവസാനം കടുത്ത പശ്ചാത്താപത്തില്‍ മനസ്സ് വെന്തുരുകി ജീവിക്കുമ്പോഴാണ് ഒരിക്കല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് കീഴടങ്ങുന്നവര്‍ക്ക് പൊതുമാപ്പ് തരാമെന്ന്. പിന്നെയൊന്നും നോക്കിയില്ല ആയുധം വച്ച് കീഴടങ്ങി. എന്നിട്ട് ചില സംഘടനകളുടെ സഹായത്തോടെ അഭയാര്‍ത്ഥികളയായി ഇവിടേക്ക് പോന്നു.”
അയാള്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം നിശ്ബദനായി ഇരുന്നിട്ട് പറഞ്ഞു:
“ഇപ്പോഴും എന്റെ തോക്കിന്റെ കുഴലിലില്‍ പിടഞ്ഞ ജീവിതങ്ങള്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. അവര്‍ സ്വപനത്തിലൂടെ വന്ന് എന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ നോക്കുന്നതുപോലെ”
അയാള്‍ ഭ്രാന്ത് പിടിച്ചതുപോലെ സ്വയം കഴുത്തില്‍ പിടിച്ച് ഞെരിച്ച് പീടിപ്പിച്ച് വലിയശബ്ദത്തില്‍ അലറുന്നത് കണ്ട് ടോണി പറഞ്ഞു:
“വേണ്ട അങ്കിള്‍ നിര്‍ത്ത് ”
അയാള്‍ കഴുത്തില്‍ നിന്ന് പിടിവിട്ട് ചുമച്ചുകൊണ്ട് പറഞ്ഞു:
“ടോണിക്കറിയാമോ ഞാന്‍ ഈ ഓര്‍മ്മയില്‍ നിന്ന് ഓടിയൊളിക്കാനാണ് തലയില്‍ മരിജ്യുവാനയുടെ ലഹരിയുമായി നടക്കുന്നത് ”
ടോണി എന്ത് പറയണമെന്നറിയാതെ നിശബ്ദനായി അയാളെ നോക്കിയിരുന്നു.
അയാള്‍ അപ്പോള്‍ പോക്കറ്റില്‍ നിന്ന് മറ്റൊരു ചുരുട്ട് എടുത്ത് അതില്‍ മരിജ്യുവാന നിറച്ച് കത്തിച്ച് ആഞ്ഞ് വലിച്ച് മനസ്സിലെ തീ പിടിച്ച പിരമിഡുകളെ ശാന്തമാക്കി കൊണ്ടിരുന്നു.
ഹൈ സ്ടീക്കിലേക്ക് കാറ് തിരിഞ്ഞപ്പോള്‍ ടോണി പറഞ്ഞു:
“അങ്കിള്‍ ഇവിടെ നിന്ന് നാലാമത്തെ വീടാ”
“ഞാനും വരണോ ലഗേജ് എടുക്കാന്‍?”
“അത്രയ്‌ക്കൊന്നുമില്ല. ആകെ ഒരു ട്രോളിയും രണ്ട് ബാഗുമേയുളളൂ”
“ടോണി നിന്റെ അങ്കിളേന്നുളള വിളി എന്നെ വല്ലാതെ അലോരസപ്പെടുത്തുന്നു. കോള്‍ മീ റൊസാരിയോ അതാണ് എന്റെ പേര്. നീ അങ്കിളെന്ന് വിളിക്കുമ്പോള്‍ ഒരു പാട് വൃദ്ധനായതുപോലെ ഒരു തോന്നല്‍”
അത് കേട്ട് ടോണി ചിരിച്ചു കൊണ്ട് ചോദിച്ചു:
“അപ്പോള്‍ വൃദ്ധന്‍ അല്ലേ”
ആ ചോദ്യം ഇഷ്ടപ്പെട്ടത് പോലെ അയാള്‍ പറഞ്ഞു:
“അതെ എങ്കിലും ശരീരത്തത്തിന്റെ വാര്‍ദ്ധക്യത്തിന് മനസ്സ് വഴി മാറിയതുപോലെ”
“എങ്കില്‍ ഞാനിനി അങ്കിളേന്നുളള വിളി ഉപേക്ഷിച്ചു. ഇനി റൊസാരിയോന്നെ വിളിക്കൂ പോരേ”
അയാള്‍ ചെറു പുഞ്ചിരിയോടെ ടോണിയെ നോക്കി ശരിയെന്ന് തലയാട്ടി.
വീടിന് മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ടോണി ഡോര്‍ തുറന്ന് പുറത്തിറങ്ങിയിട്ട് പറഞ്ഞു:
“നിങ്ങള്‍ കുറച്ച് വെയ്റ്റ് ചെയ്യേണ്ടി വരും സാധനങ്ങള്‍ മുഴുവന്‍ പെട്ടിയില്‍ നിറക്കേണ്ട താമസം”
“അത് സാരമില്ല നീ പോയിട്ട് വാ”
ടോണി കതക് തുറന്ന് അകത്ത് കയറിയപ്പോള്‍ റൂമിന് വെളിയില്‍ മുഴുവന്‍ സാധനങ്ങളും പെറുക്കി കൂട്ടി വച്ചിരിക്കുന്നത് കണ്ട് അവന് ദേഷ്യം സഹിക്കാന്‍ കഴിഞിഞില്ല. എന്നാലും അവര്‍ താനൊന്ന് വരാന്‍ പോലും കാത്തു നില്‍ക്കാതെ തന്റെ മുഴുവന്‍ സാധനങ്ങളും വെളിയില്‍ തളളി റൂമിന്റെ ലോക്കും മാറ്റിയത് തെമ്മാടിത്തരമാണ്. ടോണി വേഗം മുഴുവന്‍ സാധനങ്ങളും വാരി വലിച്ച് ട്രോളിയിലും ബാഗിലും നിറച്ച് പുറത്തിറങ്ങിയിട്ട് പോക്കഫ്ഫില്‍ നിന്ന് വീടിന്റെ താക്കോല്‍ എടുത്ത് തിരിച്ചു കൊടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷെ ആലോചിച്ചു. അവ് കാണിച്ച മുഷ്യത്വമില്ലായ്മയ്ക്ക് താക്കോല്‍ തിരിച്ചു കൊടുക്കേണ്ടതില്ല. എന്നാലും സാരമില്ല തിരിച്ച് കൊടുത്തേക്കാം. താന്‍ അവരെ പോലെ തരം താഴാന്‍ പാടില്ല.
ടോണി ആ താക്കോല്‍ കതകിന്റെ വിടവിലൂടെ ഉളളിലേക്കിട്ട് ട്രോളിയും ബാഗുമെടുത്ത് കാറിന്റെ ഡിക്കിയില്‍ വച്ചു.
“നമുക്ക് പോകാം”
“മുഴുവന്‍ സാധനങ്ങളും എടുത്തോ”
“ഉം”
കാര്‍ ക്രോയിഡോണ്‍ നഗരത്തിലൂടെ പതുക്കെ നീങ്ങി കൊണ്ടിരുന്നു. ടോണി തിരിഞ്ഞ് കാറിന്റെ ഗ്ലാസ്സിലൂടെ കാഴ്ചയില്‍ മിന്നി മറയുന്ന നഗരത്തിന്റെ ചുറ്റി പിണഞ്ഞിരിക്കുന്ന വഴികളിലൂടെ കണ്ണും നട്ടിരുന്നു. ജീവിതത്തില്‍ ചേര്‍ന്ന വഴികള്‍ വലിച്ചെറിയുമ്പോള്‍ എന്തോ ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നത് പോലെ.
എല്ലാ വഴികളും ഒരിക്കല്‍ പിരിയാനുളളതാണ്. അപ്പോള്‍ പിരിയുമ്പോഴുളള ദുഃഖം ആപേക്ഷികം മാത്രമാണ്.
കാഴ്ചകളില്‍ നിന്ന് ക്രോയിഡോണ്‍ നഗരം മെല്ലെ മറഞ്ഞ് കഴിഞ്ഞപ്പോള്‍ ടോണി കാറിന്റെ സീറ്റിലേക്ക് കാല്‍ നിവര്‍ത്തി വച്ച് കിടന്നു.
“എന്താ ഉറക്കം വരുന്നുണ്ടോ”
“ഉം”
ഇന്നലെ എങ്ങനെ ഉറങ്ങാനാണ്. വെളുക്കുവോളം റൊസാരിയോയുടെ ചരിത്രം കേട്ടിരുന്നു. അയാള്‍ പറയുന്നത് കേട്ടാല്‍ കാതുകള്‍ മരവിച്ചു പോകും. താന്‍ കാണുന്ന ജീവിതങ്ങള്‍ക്ക് അപ്പുറമുളള ജീവിതത്തിന്റെ ഞെട്ടിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍. സാധാരണ മനുഷ്യരെ വച്ചളന്നാല്‍ അയാള്‍ അനുഭവങ്ങളുടെ ഉള്‍ക്കടലാണ്.
ഏതോ വണ്ടിയുടെ ഉച്ചത്തിലുളള ഹോണടി കേട്ടാണ് ടോണി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നത്. നോക്കുമ്പോള്‍ കാര്‍ ഏതോ ട്രഫിക്കില്‍ കുരുങ്ങികിടക്കുന്നു. റൊസാരിയോ എന്തോക്കെയോ പിറുപിറുത്തുകൊണ്ട് ഇടയ്ക്ക് സീറ്റിലിടിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്.
“റേസാരിയോ എന്ത് പറ്റി ഇത്ര ട്രഫിക്ക് ”
“മാഞ്ചസ്റ്റര്‍ ഏരിയയായില്‍ മഞ്ഞ് വീഴ്ച തുടങ്ങി. അതുകൊണ്ട് ആ ഭാഗത്തേക്കുളള വഴികളൊക്കെ സ്ലോയാ. നമ്മളിന്ന് കുറേ വൈകും വീട്ടിലെത്തന്‍”
“മാഞ്ചസ്റ്ററിന് ഇനി എത്ര ദൂരമുണ്ട്?”
“ഇരുപത് മൈല്‍”
തകര്‍ത്ത് പെയ്യുന്ന മഞ്ഞില്‍ ഇഴുകി ചേര്‍ന്നാണ് അവര്‍ മാഞ്ചസ്റ്റര്‍ നഗരത്തെ ചുംബിച്ചത്. മുന്നിലും പിന്നിലും നിരനിരയായി മഞ്ഞില്‍ കുളിച്ച് ഒഴുകുന്ന വണ്ടികള്‍ കാണാന്‍ നല്ല ഭംഗി. രണ്ടരികിലും മഞ്ഞ് ഗോപുരങ്ങള്‍പോലെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും മരങ്ങളും നഗരത്തിന് അഭൗമികമായ എന്തോ ഒരു സൗന്ദര്യം നല്‍കുന്നതുപോലെ. പെട്ടന്ന് നോക്കിയാല്‍ തോന്നും വെണ്ണക്കല്ലുകള്‍ അഴക് തീര്‍ത്ത സ്വര്‍ഗത്തിലേക്കുളള ഏതോ വഴിയിലാണ് തങ്ങളെന്ന്.
കാറിന്റെ ഗ്ലാസ്സിലൂടെ നോക്കിയിട്ടും നോക്കിയിട്ടും മതിവരാതെ മഞ്ഞില്‍ പൊതിഞ്ഞ മാഞ്ചസ്റ്ററിന്റെ സൗന്ദര്യ കാഴ്ചകളില്‍ കണ്ണുംനട്ട് ടോണി അങ്ങനെ ഇരുന്നു.
വീടിന്റെ ഡോര്‍ തുറന്നപ്പോള്‍ അവിടെ തന്നെ എതിരേറ്റത് പൊടിയും, മാറാലകളുമാണ്. കൂടാതെ ശ്വസനേന്ദ്രിയത്തെ അസ്വസ്ഥമാക്കുന്ന മരിജ്യുവാനയുടെ തീക്ഷണമായ ഗന്ധവും. ടോണിയുടെ അസ്വസ്ഥക കണ്ട് റൊസാരിയോ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എല്ലാം കുറച്ച് അലങ്കോലമാണ്. സാരമില്ല ഇത് ശീലമാകുമ്പോള്‍ എല്ലാം ശരിയായിക്കോളളും”
അയാള്‍ സ്റ്റെപ്പ് കയറി മുകളിലെത്തിയിട്ട് ഒരു മുറി തുറന്ന് കാട്ടിയിട്ട് പറഞ്ഞു:
“ഇതാ നിന്റെ മുറി”
ടോണി മുറി കണ്ട് മുഖം തിരിച്ചുപോയി. ചുക്കിലി വലകളില്‍ നിന്ന്് പല്ലിളിക്കുന്ന എട്ട് കാലികളും, മുറി സ്വന്തമാക്കാന്‍ മത്സരിക്കുന്ന പാറ്റകളും.
“ഇതില്‍ ഞാന്‍ എങ്ങനെയാ കിടക്കുക”
“ഓ ഇതൊന്നും അത്ര പ്രശ്‌നമുളള കാര്യമല്ലന്നേ ഇതിനെയെല്ലാം
അടിച്ചോടിച്ച് ഒന്ന് സ്‌പ്രേ ചെയ്ത് കഴിഞ്ഞാല്‍ എല്ലാം ക്ലീന്‍”
അയാള്‍ ലാഘവത്തോടെ ഇറങ്ങിപ്പോയി. ടോണി കാലില്‍ എന്തോ തട്ടിയതുകണ്ട് നോക്കുമ്പോള്‍ ഒരു മുട്ടന്‍ ചുണ്ടെലി. ടോണി അതിനെ തൊഴിച്ച് ഓടിച്ച് വിട്ടപ്പോള്‍ ഒരു സംഘം ചുണ്ടെലികള്‍ കാര്‍പ്പറ്റിന്റെ വിടവിലൂടം തലയുയര്‍ത്തി ഇയാളാരാ തങ്ങളുടെ താവളത്തില്‍ അതിക്രമിച്ച് കയറി ഞങ്ങളെ ഉപദ്രവിക്കുന്നെന്ന ഭാവത്തില്‍ കണ്ണുരുട്ടി കാണിക്കുന്നു. ഇപ്പോള്‍ ഒരു കാര്യം ബോധ്യമായി യു.കെ.യിലും ചുണ്ടെലികളുണ്ട്.
ടോണി മാരത്തോണ്‍ ക്ലീനിങ്ങ് നടത്തി. എലികളെ മുഴുവന്‍ എലിപ്പെട്ടി വച്ച് പിടിച്ച് ചാക്കില്‍ കെട്ടി തൊട്ടടുത്ത പാര്‍ക്കിലെ കുറ്റിക്കാട്ടില്‍ കൊണ്ടു പോയി തുറന്നു വിട്ടിട്ട് പറഞ്ഞു:
“നിങ്ങളെ എനിക്ക് വേണമെങ്കില്‍ കൊല്ലാം.പക്ഷേ ഞാന്‍ കൊല്ലുന്നില്ല. ആര്‍ക്കും ശല്യമുണ്ടാക്കാതെ പോയി ജീവിക്ക് ”
മരണ വക്രത്തില്‍ നിന്ന് സ്വതന്ത്രത്തിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ സന്തോഷത്തില്‍ എലികള്‍ തുളളി ചാടി ഓടി കുറ്റിക്കാട്ടില്‍ മറഞ്ഞു. ടോണി കതക് തുറന്ന ശബ്ദം കേട്ട റൊസാരിയോ പറഞ്ഞു:
“ടോണി ഇങ്ങ് വാ”
ടോണി മുറിയിലേക്ക് കയറി ചെന്നപ്പോള്‍ അയാള്‍ വിരിഞ്ഞ മാറിടം കാട്ടി, ഒരു കുട്ടി ട്രൗസറുമിട്ട് കാലിന്‍മേല്‍ കാല്‍ കയറ്റി വച്ച് ചുരുട്ട് വലിച്ചിരിക്കുകയാണ്.
“നിന്റെ മീന്‍ കറിയും കസാവയും എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങളുടെ മസാല കറികള്‍ക്കൊക്കെ ഒരു വല്ലാത്ത ടേസ്റ്റ് തന്നെയാ. കുറേ നാളുകള്‍കൂടിയാ വായ്ക്ക് രുചിയായ ആഹാരം കഴിച്ചത്. ദിവസവും ടേയ്ക്ക് എവെയിലെ ഫുഡ് കഴിച്ചു മടുത്തു”
“താങ്ക്‌സ് ”
അയാള്‍ നീണ്ട താടിയില്‍ വിരലുകള്‍ ഓടിച്ചുകൊണ്ട് പറഞ്ഞു.
“ഇനിയിപ്പോള്‍ നിനക്കൊരു ജോലി ശരിയാക്കണം”
അയാള്‍ അല്പനേരം ആലോചിച്ചിട്ട് ചോദിച്ചു:
“നിനക്ക് യു.കെ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടോ?”
“ഉം”
“എന്നാല്‍ എളുപ്പമായി. ഞാന്‍ നിനക്ക് ഉടനെ ഒരു ജോലി ശരിയാക്കി തരാം. നാളെ നമുക്കിവിടെ അടുത്തുളള മദ്യത്തിന്റെ ഒരു ക്യഷ് ആന്റ് കാരി വരെ പോകണം. അവിടെ എന്തെങ്കിലും ഒരു ജോലി നിനക്ക് ശരിയാക്കി തരാം. അതിന്റെ ഓണറെ എനിക്ക് കുറേ വര്‍ഷമായിട്ട് അറിയാം. ഞാന്‍ ഇരുപത് വര്‍ഷത്തോളം അയാളുടെ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. അയാള്‍ക്ക്, മുമ്പ് മെക്‌സിക്കോയില്‍ പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് മാഫിയ ഡി.ഇ.എ.യുമായി അടുത്ത ബന്ധമുണ്ട്. ഞാന്‍ കുറേ നാള്‍ അയാളുടെ കാര്‍ ഡ്രൈവറായിരുന്നു. അപ്പോഴാണ് ഞാന്‍ അയാളുടെ നിഗൂഡമായ ഈ ബന്ധങ്ങളെ കുറിച്ച് അറിയുന്നത്. പിന്നെ ഞാന്‍ ആ ജോലി തുടര്‍ന്നില്ല. പതുക്കെ ട്രക്ക് ഡ്രൈവിങ്ങിലേക്ക് മാറി. ഇപ്പോഴും അയാള്‍ ഈ നഗരത്തിലൊരു പാര്‍ട്ടി വച്ചാല്‍ എന്നെ വിളിക്കാന്‍ മറക്കില്ല. അയാള്‍ക്ക് എന്നോടുളള സ്‌നേഹവും പരിഗണനയും വച്ച് ഞാന്‍ എന്ത് സഹായവും ചോദിച്ചാലും ചെയ്ത് തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ നിന്റെ ഈ ജോലിക്കാര്യം അയാളോട് പറയാതെ തന്നെ അവിടുത്തെ മാനേജറോട് പറഞ്ഞ് ശരിയാക്കാവുന്നതേയുളളൂ”
ടോണി അദ്യ ദിവസം ജോലിക്ക് പോകാന്‍ തയ്യാറായി ഇറങ്ങിയപ്പോള്‍ റൊസാരിയോ പറഞ്ഞു:
“ഇന്നു ഞാനും വരാം നിന്റെ കൂടെ. കുറേ നാളുകൂടി എല്ലാവരേയും ഒന്ന് കാണാല്ലോ”
“റോഡിലൊക്കെ നല്ല മഞ്ഞാ, നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഇപ്പോള്‍ പുറത്ത് വരാതിരിക്കുന്നതാ നല്ലത്.”
“അതുസാരമില്ല നമുക്ക് വര്‍ത്തമാനം പറഞ്ഞ് പതുക്കെ നടക്കാം. നീ ഉണ്ടെങ്കില്‍ നടപ്പ് എനിക്കൊരു ആവേശമാണ്. വേണമെങ്കില്‍ ഞാനീ ഭൂമിയുടെ അറ്റം വരെ നടക്കും.”
അയാള്‍ പറഞ്ഞ് സ്വയം ആസ്വദിച്ചതുപോലെ കുലുങ്ങി ചിരിച്ചു കൊണ്ട് ടോണിയെ നോക്കി നിന്നു.
അയാളുടെ സ്‌നേഹം കണ്ട് വീണ്ടും അയാളെ നിരുത്സാഹപ്പെടുത്താന്‍ ടോണിക്ക് തോന്നിയില്ല.
മഞ്ഞ് വെണ്‍മെത്ത വിരിച്ച റോഡിലൂടെ അവറ് ഓരോ കാല്‍വെപ്പിലും വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി അങ്ങനെ നടന്നു.
മഞ്ഞ് കട്ടി കുറഞ്ഞ ഫുട്പാത്തിന്റെ അരില്‍ ചവിട്ടി ടോണി വീഴാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ താങ്ങി പിടിച്ചിട്ട് പറഞ്ഞു:
“കാലുകള്‍ സംശയിച്ച് വയ്ക്കാതെ ആത്മവിശ്വാസത്തോചെ ഉറക്കെ ചവിട്ട്, അപ്പോള്‍ വീഴില്ല.”
മഞ്ഞിലൂടെയുളള നടത്തത്തില്‍ ഞാനിപ്പോഴും ഒരു കൊച്ചു കുട്ടി തന്നെ.
“മഞ്ഞ് ഇപ്പോള്‍ എനിക്കാരു ബുദ്ധിമുട്ടായിട്ട് തോനുന്നില്ല. ഇപ്പോള്‍ ഒരു ശീലമായിട്ടിട്ടുണ്ട്. ഞാന്‍ ട്രക്ക് ഡ്രൈവറായിരുന്നപ്പോള്‍ യൂറോപ്പ് മുഴുന്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. ഇപ്പോഴും മഞ്ഞ് ഭീതി നിറച്ച താഴ്‌വരകളില്‍ മരണത്തെ മുഖാമുഖം കണ്ട് ഡ്രൈവ് ചെയ്ത നിമിഷങ്ങള്‍ മറക്കാന്‍ കഴിയുന്നില്ല.”
“ഡ്രൈവിങ്ങ് എനിക്കൊരു ഹരമാണ്. ഞാനുമിവിടെ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞാലോ”
“അതു വേണ്ടാ ഭയങ്കര അപകടം പിടിച്ച ജോലിയാ. നീ ഇപ്പോള്‍ ഈ ജോലിയില്‍ ശ്രദ്ധിക്ക്. പിന്നെ വേണമെങ്കില്‍ അതിനെകുറിച്ച് ആലോചിക്കാം.”
ഡ്രൈവിങ്ങിന്റെ ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ കുറേ അനുഭവിച്ചിതിന്റെ തീക്ഷണതയില്‍ അയാള്‍ പറഞ്ഞു.