Image

കരകാണാക്കടല്‍- 6 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 21 February, 2014
 കരകാണാക്കടല്‍- 6 (നോവല്‍: മുട്ടത്തുവര്‍ക്കി)
6. തെക്കുനിന്നും വടക്കുനിന്നും കാറ്റുകള്‍ വീശുന്നു

യൂക്കാലിപ്‌സ് കച്ചവടക്കാരന്‍ കറിയായുടെ നില വളരെ ദയനീയമായി. ഒരു ദിവസം അവന്‍ അവന്റെ കുഞ്ഞിനെ അനാഥശാലയില്‍ കൊണ്ടുചെന്നാക്കിക്കളഞ്ഞു.
അന്ന് അവന്‍ തോമ്മായുടെ വീട്ടില്‍ വന്നു.
“അവളെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളായിരുന്നല്ലോ.” മേരി പറഞ്ഞു. അവള്‍ക്കു കറിയാച്ചന്റെ അനാഥത്വം ഓര്‍ത്തു സഹതാപം തോന്നി.
കുറെനാള്‍ അവിടെ നില്‍ക്കട്ടെ. കറിയാ പറഞ്ഞു. ഇവിടെ നിന്നാല്‍ അവളെപ്പഴും അമ്മയെ വിളിച്ചു കരയും. അവന്റെ കണ്ണുകള്‍ നിറയുന്നതു മേരി കണ്ടു.
“ഒള്ളതാ എന്റെ കറിയാച്ചാ. അക്കച്ചേടത്തി പറഞ്ഞു. “കൊച്ചുകുഞ്ഞല്ലേ, അനാദശാലേലെ അമ്മമാര് അവളെ പൊന്നുപോലെ നോക്കിക്കോളും.”
“എന്റെ കുഞ്ഞേ, എന്നെക്കൂടെ ആ അനാദശാലേല്‍ എങ്ങാന്‍ കൊണ്ടുചെന്നാക്കുമോ?”  കട്ടിലില്‍ ഇരുന്നുകൊണ്ട് അന്നത്തള്ള ചോദിച്ചു.
“എന്റെ പൊന്നുവല്യമ്മച്ചി ഒന്നു ചുമ്മാതിരിക്ക്.”  മേരിക്കു വല്യമ്മച്ചിയുടെ വര്‍ത്തമാനം മാനക്കേടായി തോന്നി.
“എന്നേയ്, തള്ളേ! അത് അനാദക്കുട്ടികളെ മാത്രം എടുത്തു വളര്‍ത്തുന്ന സലമാ.” തറതി പറഞ്ഞു. അവര്‍ക്കിവിടത്തെ തീറ്റി പോരാ, അതിനുള്ള കെടുതിയാ.”
“എടീ നിന്റെ മാപ്പിലെ പത്തുമാതം ചൊമന്നു പെറ്റു വളര്‍ത്തിയെടുത്തതു ഞാനാ, നീയല്ല കേട്ടോ.” വല്യമ്മയ്ക്കു ശുണ്ഠികയറി:  “എന്നെക്കൊണ്ടു വര്‍ത്തമാനം ഒന്നും പറേപ്പിക്കരുത്. ഞാന്‍ പറഞ്ഞേക്കാം.”
“എത്രയോ പേരു ചാകുന്നു! മുതുക്കി…” തറതിക്ക് ആ വാചകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനുമുമ്പ് മേരി തടഞ്ഞു.
“വല്യമ്മച്ചിയേക്കാള്‍ കഷ്ടമാണല്ലോ അമ്മച്ചി. ഒന്നു മിണ്ടാതിരിക്കമ്മേ, ദൈവത്തെയോര്‍ത്ത്.” അവള്‍ പറഞ്ഞു.
“ഇവിടെ നിന്നെ കെട്ടാനാരും വന്നിരുപ്പില്ല, നെനക്കിത്ര മാനക്കേടുതോന്നാന്‍.” തറതിക്ക് മൂക്കിന്റെ അറ്റത്താണു ദേഷ്യം. “ചുമ്മാതല്ല നീയിങ്ങനെ കെട്ടാമറിയയായി നില്‍ക്കുന്നെ.”
“തറതി മിണ്ടാതെടീ.” അക്കച്ചേടിത്തി വിലക്കി.
“അല്ലമ്മാമ്മേ, അവളമ്മേ കുറ്റംപറായന്‍ വന്നിരിക്കുന്നു.” തറതി മേരിയെ ഒന്നു വര്‍മ്മിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “പോടീ അപ്രത്ത്. പോകാന്‍. ആണുങ്ങളു വന്നിരിക്കുന്നിടത്തു നെനക്കെന്താടീ കാര്യം?”
മേരി ദേഷ്യപ്പെട്ടു മുറ്റത്തേക്കിറങ്ങിപ്പോയ്ക്കളഞ്ഞു. എങ്കിലും അകത്തെ വര്‍ത്തമാനം കേള്‍ക്കത്തക്കവിധം അവള്‍ അടുത്തുനിന്നു.
“ഓ! കൊണം വന്നുപോകാനുള്ള മൂട്ട…” അന്നത്തള്ള അവരുടെ ശുഷ്‌കിച്ച കാലു ചൊറിഞ്ഞുംകൊണ്ടു പറഞ്ഞു.
“എന്റെ കുഞ്ഞേ! ഈ മൂട്ടേക്കൊല്ലാനുള്ള വല്ല മരുന്നും ഒണ്ടാടാ നിന്റെ കൈയില്‍?”
“മൂട്ടേക്കൊല്ലാനുള്ള മരുന്നുതരാം വല്യമ്മച്ചീ.”  കറിയാ പറഞ്ഞു: “ഞാന്‍ കൊന്നുതരാം.”
“എന്നാ നെനക്കു നൂറു പുണ്യം കിട്ടും.” ആ തള്ള അവനെ അനുഗ്രഹിച്ചു.
“നിന്റെ പേരെന്താടാ കൊച്ചനേ? എനിക്കു ശകലം കറുപ്പു മേടിച്ചു തരാമോ?” കിളവി നാണമില്ലാതെ ആവശ്യങ്ങളുടെ പട്ടിക നിരത്തുകയായി.
“വാങ്ങിക്കൊണ്ടുവരാം വല്യമ്മച്ചീ.” കറിയ അക്കാര്യവും ഏറ്റു.
കറിയായുടെ ആ ഭാരമേല്‍ക്കലില്‍ തറതിക്ക് എതിരില്ലതാനും. അമ്മായിയമ്മയാണെങ്കിലും ആ കിഴവിയെ സ്വന്തം തള്ളയെപ്പോലെ തന്നെ അവര്‍ സ്‌നേഹിക്കുന്നുണ്ട്. വര്‍ത്തമാനം ചിലപ്പോള്‍ കടുമൂര്‍ച്ചയിലായിരിക്കുമന്നേയുള്ളൂ.
“നീ ഉത്ത്യോകത്തിനെങ്ങും പോണില്ല കറിയാച്ചാ?” തറതി ചോദിച്ചു.
“പോകണം, എന്റെ മനസ്സിന്റെ ദുഃഖങ്ങള്‍ ഒട്ടൊന്നു ശമിക്കാതെ ഇനി എങ്ങനെ പുറത്തേക്കിറങ്ങും?  എന്റെ കുഞ്ഞിനുവേണ്ടിയെങ്കിലും എനിക്കു ജീവിക്കണം. ഈ സ്ഥലം-അഗതികളുടേതായ ഈ പുറമ്പോക്ക് എനിക്കൊരു പുണ്യഭൂമിയാണു ചേടത്തീ… എന്റെ പ്രിയപ്പെട്ട റോസലിന്റെ അന്തിമശ്വാസം അവിടത്തെ വായുക്കളില്‍ തങ്ങിനില്‍ക്കുന്നു…. ഈ സ്ഥലംവിട്ട് ഞാന്‍ പോവുകയില്ല”
“നീ ചെറുപ്പമല്ലേ കുഞ്ഞേ!” അക്കമ്മ അഭിപ്രായപ്പെട്ടു. “പെണ്ണുകെട്ട്, നിനക്കു നല്ല 'കന്യദാന'ക്കാരു പെണ്ണുങ്ങളെക്കിട്ടും.”
“അക്കാര്യം ചിന്തിക്കാന്‍ എന്റെ മനസ്സിപ്പോള്‍ അനുവദിക്കുന്നില്ല മ്മാമ്മേ…” കറിയ പറഞ്ഞു: “പക്ഷേ, കുഞ്ഞിനുവേണ്ടി…” അവന്‍ ആ വാചകം പൂര്‍ത്തിയാക്കിയില്ല. “തോമ്മാച്ചേട്ടനില്ലേ ഇവിടെ?”
“അതിയാന്‍ രാവിലെ വല്യവീട്ടില്‍ വേലയ്ക്കു പോയതാ.” തറതി പറഞ്ഞു.
പണ്ടന്‍കറിയാ അവന്റെ പോക്കറ്റില്‍നിന്ന് ഒരു പൊതിയെടുത്തു. എന്നിട്ട് അതിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഓരോന്നായി എടുത്തു. രണ്ടു പവന്‍ വരുന്ന ഒരു ചെയിന്‍ മാല, നാലു സ്വര്‍ണ്ണവളകള്‍, കല്ലു വച്ച രണ്ടു കമ്മലുകള്‍, ഒരു മോതിരം.
“ഇതിവിടിരിക്കട്ടെ ചേടിത്തീ.” അവന്റെ കണ്ഠം ഇടറി. “എന്റെ പുരയില്‍ വച്ചിരുന്നാല്‍ വല്ല കള്ളന്മാരും വന്നു തട്ടിക്കൊണ്ടുപോയെങ്കിലോ, ഞാനെപ്പോഴും ഇവിടെക്കാണുകയില്ലല്ലോ അവളുടെ ഓര്‍മ്മയ്ക്ക് ഇതെനിക്കു സൂക്ഷിക്കണം… ഞാനെത്ര ദരിദ്രനായാലും ഇതു വില്‍ക്കുകയില്ല…. എന്റെ റോസലിന്…”
“നീ ഇനീം കെട്ടിക്കൊണ്ടുവരുന്ന പെണ്ണിനു വേറെ ആബരണങ്ങളൊന്നും അന്നേഴിക്കണ്ടല്ലോ.” തറതി ആ പൊതി വാങ്ങിക്കൊണ്ടു പറഞ്ഞു.
“എല്ലാം ദൈവനിശ്ചയംപോലല്ലേ നടക്കൂ. ഞാന്‍ പോണു ചേടത്തീ.” അവന്‍ എണീറ്റു മുറ്റത്തേക്കിറങ്ങി.
“നീ എവിടുന്നാ കുഞ്ഞേ വല്ലോം കഴിക്കുന്നെ?” തറതി ചോദിച്ചു.
“വല്ല ഹോട്ടലില്‍നിന്നും…. അല്ലാണ്ടു പിന്നെന്തുചെയ്യും?” അവന്‍ വഴിയിലേക്കിറങ്ങി. വടക്കുവശത്തു നില്‍ക്കുന്ന മേരിയെ അവനൊന്നു നോക്കി. അവന്‍ നോക്കുന്നതു മേരി കണ്ടു. യാചനാരൂപത്തിലുള്ള ആ നോട്ടത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ക്കു മനസ്സിലായി. പക്ഷേ, അവള്‍ക്ക് അവനോടു വെറുപ്പുതോന്നിയില്ല.
ആഭരണപ്പൊതി മേരിയെ തറതി കാണിച്ചു. അവളത് ഓരോന്നും എടുത്തു നോക്കി.
“ഇത്രേം ആഭരണങ്ങള്‍ മതിയാരുന്നു എനിക്ക്.” മേരി ആ മാല കഴുത്തിലണിഞ്ഞു. കൈയ്ക്ക് ഇറുക്കമായിരുന്നു എങ്കിലും ആ വളകള്‍ അവള്‍ കൈയിലിട്ടു നോക്കി. നല്ല ഇണക്കമായിരുന്നു മേരിക്ക് ആ ആഭരണങ്ങള്‍. അവള്‍ക്ക് കൊതിതോന്നി. വാസ്തവത്തില്‍ തന്റെ മകള്‍ക്ക് അത്രയും ആഭരണങ്ങള്‍ കിട്ടിയാല്‍ കൊള്ളാമെന്നു തറതിയും ആഗ്രഹിച്ചു.
“വല്ലവന്റെയും കലത്തിലെ പഴങ്കഞ്ഞിവെള്ളം കണ്ടോണ്ടു പട്ടിയെ വളര്‍ത്തിയാലൊക്കുമോടീ, ഇങ്ങൂരിവെയ്ക്ക്. ഇത് ഇട്ടോണ്ടിരിക്കുന്നതു കണ്ടാല്‍ മതി മനുഷേരു കൊട്ടിഘോഷിക്കാന്‍.”
“എന്തോന്നു കൊട്ടിഘോഷിക്കാനാമ്മേ?” മേരി പറഞ്ഞു. എങ്കിലും അവള്‍ ആ ആഭരണങ്ങള്‍ ഊരി അമ്മയെത്തന്നെ ഏല്‍പിച്ചു.
“അമ്മേം മോളുംകൂടെ ആ പാവം കറിയാച്ചന്റെ മൊതലെല്ലാം തട്ടിയെടുത്തെന്ന്, അത്രതന്നെ.” കാല്‍പ്പെട്ടിയുടെ അടിയില്‍ ആ സ്വര്‍ണ്ണാഭരണങ്ങള്‍ നിക്ഷേപിച്ചുകൊണ്ട് തറതി പറഞ്ഞു.
ഏതായാലും ആ അമ്മയുടെയും മകളുടെയും ഉള്ളില്‍ ഒരു പുതിയ ആശയം ഉറവെടുക്കുകയായിരുന്നു. ആരും ആരും അതെന്തെന്നു വെളിപ്പെടുത്തിയുമില്ല.
പിറ്റേന്ന് ഉച്ചതിരിഞ്ഞും കറിയാ തോമ്മായുടെ വീട്ടില്‍ വന്നു. മൂട്ടയെ കൊല്ലുന്നതിനുള്ള മരുന്നുംകൊണ്ടാണ് അവന്‍ വന്നത്. ഒരു ചെറിയ കുപ്പിക്കകത്ത് എന്തോ ഒരു ദ്രാവകം. “വലിയ വിഷമാണ്, ഇതില്‍ രണ്ടു തുള്ളി കുടിച്ചാല്‍ മതി ഉടന്‍ ചത്തുപോകും.” അവനത് എല്ലാവരും കാണ്‍കെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു. അസ്സല്‍ യൂക്കാലിപ്‌സ് കച്ചവടക്കാരന്റെ ഫാഷനില്‍ത്തന്നെ.
കറിയാതന്നെ ആ പഴഞ്ചന്‍ കട്ടില്‍, എടുത്തു പര്യമ്പ്രത്തിട്ടു. അവന്‍ അവന്റെ വീട്ടില്‍നിന്നു അരക്കുപ്പി മണ്ണെണ്ണ എടുത്തുകൊണ്ടുവന്ന് ഒരു ടിന്നില്‍ ഒഴിച്ചു. മരുന്നില്‍നിന്ന് ഏതാനും തുള്ളി അതിലോഴിച്ചു കലക്കി കട്ടിലിന്റെ എല്ലാ ഭാഗങ്ങളിലും തളിച്ചു.
“ഇന്ന് ഈ കട്ടിലില്‍ വല്യമ്മച്ചി കെടക്കണ്ട.”  കറിയാ പറഞ്ഞു.
“എന്റെ മോനേ, എനിക്കു നെലത്തു കെടന്നാല്‍ വാതം പിടിച്ചു ഞാന്‍ ചത്തുപോകും.”  കിഴവിക്കു ചാകാന്‍ ഒട്ടും ഇഷ്ടമില്ല.
“ഒരു കാര്യംചെയ്യ്, വല്യമ്മച്ചി ഇന്നത്തേക്ക് എന്റെ വീട്ടില്‍ കെടന്നോ.” കറിയാ ക്ഷണിച്ചു. “അവിടെ രണ്ടു കട്ടിലുണ്ട്.”
“നീയെനിക്കു കറുപ്പു മേടിച്ചുതരാമെന്നു പറഞ്ഞിട്ട് എന്ത്യേടാ കൊച്ചനേ?”
“എന്റെ വല്യമ്മച്ചീ, ഇങ്ങനെ നാണംകെട്ട ചോദ്യം ചോദിക്കാതെ.” അന്നത്തള്ളയെ മേരി കുറ്റപ്പെടുത്തി.
“അതില്‍ മാനക്കേടുന്നുമില്ല മേരിമ്മേ.” കറിയാ പറഞ്ഞു: “നാളെയാട്ടെ, വല്യമ്മച്ചീ, ഞാന്‍ ജീവനോടെ ഇരിക്കുകയാണെങ്കില്‍ കറുപ്പുകൊണ്ടേ ഇങ്ങോട്ടു വരികയുള്ളൂ… ഇന്നാ ചേടത്തീ, ഈ മരുന്നിവിടെ ഇരിക്കട്ടെ, മൂട്ട മുഴുവന് ചത്തില്ലെങ്കില്‍ ഒന്നുകൂടിത്തളിക്കണം. പക്ഷേങ്കി, പിള്ളേരാരും കാണാത്തിടത്തു സൂക്ഷിച്ചുവെച്ചേക്കണം.”
തറതി അവന്റെ കൈയില്‍നിന്ന് ആ ചെറിയ കുപ്പി വാങ്ങി. അവനെ ചാരായം മണക്കുന്നുണ്ടോ എന്നൊരു ശങ്ക. പക്ഷേ, തറതി ഒന്നും പറഞ്ഞില്ല. ആ ചെറിയ കുപ്പിയും അവള്‍ കാല്‍പ്പെട്ടിയുടെ അടിയില്‍ ആഭരണപ്പൊതിയൊടു ചേര്‍ത്തുതന്നെ നിക്ഷേപിച്ചു.
 “കറിയാച്ചാ ഇരിക്കൂ, കാപ്പി കുടിച്ചിട്ടു പോയാല്‍ മതി.” അവര്‍ ക്ഷണിച്ചു.
“എനിക്കൊന്നും വേണ്ട ചേടത്തീ, നിങ്ങളുടെയൊക്കെ സ്‌നേഹം മാത്രം മതി.” അവന്‍ പറഞ്ഞു. “കാരണം എന്താന്നു ചോദിച്ചാല്‍ എന്റെ റോസിലിന്‍ കോളറാവന്നു മരിച്ചപ്പം ആദ്യം ഓടിവന്നത് ഇവിടത്തെ തോമ്മാച്ചേട്ടനാരുന്നു. ആ നന്ദി ഞാനൊരികക്ലും മറക്കുകയില്ല ചേടത്തീ. നാളെ ശനിയാഴ്ചയാണ്, ഞാന്‍ നാളെത്തൊട്ടു മരുന്നു വില്പനയ്ക്കു പോവുകയാണ്. എനിക്ക് ആരുവോരുമില്ല ചേടത്തീ, എന്നെയും നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കരുതിയാല്‍ മതി.”
“എനിക്കൊരാണ്‍മോനുണ്ടായിരുന്നു.” തറതി സങ്കടപൂര്‍വ്വം പറഞ്ഞു: “അവനെക്കൊണ്ടു കഴിക്കാന്‍ ദൈവം തമ്പുരാന്‍ എനിക്കെടവരുത്തീല്ല, നിന്നെ എനിക്കു ദൈവം തന്ന ഒരു മോനായിട്ടേ ഞാന്‍ വിചാരിക്കുന്നുള്ളൂ.”
“ചേടത്തിയേ എങ്കില്‍ ഞാന്‍ ഇനീംതൊട്ട് അമ്മച്ചി എന്നേ വിളിക്കൂ.” കറിയാ പറഞ്ഞു. 'അമ്മച്ചിയതിന് എതിരുപറയാതിരുന്നാല്‍ മതി.'
“എല്ലാം ദൈവത്തിന്റെ നിശ്ചയംപോലെ നടക്കട്ടെ.” ആ അമ്മ എന്തോ ചിന്തിച്ചുകൊണ്ടു പിറുപിറുത്തു.
അന്നു രാത്രിയില്‍ അന്നത്തള്ളയെ കറിയാതന്നെ വന്ന് അവന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. രണ്ടു നല്ല മുറികളും ഒരടുക്കളയുമുള്ള ഒരു വീടാണത്. ഒരു മുറിയില്‍ രണ്ടു കട്ടിലുകള്‍ കിടക്കുന്നു. കട്ടിലില്‍ മെത്തയും മേശവിരിപ്പും കമ്പിളിപ്പുതപ്പും തലയണകളും ഉണ്ടായിരുന്നു. അന്നത്തള്ള അവരുടെ ജീവിതത്തില്‍ ഇത്ര സുഖമായി ഉറങ്ങിയിട്ടില്ല.
അമ്മിണിയും മേരിയും ഉറക്കം പിടിച്ചപ്പോള്‍ തോമ്മായോടു തറതി ഒരു സ്വകാര്യം പറഞ്ഞു.
“നമ്മടെ മേരിയെ ആ കറിയാച്ചനെക്കൊണ്ടങ്ങു കെട്ടിച്ചു കളഞ്ഞാലെന്താ?”
“ഛെ, രണ്ടാംകെട്ടുകാരനെക്കൊണ്ട് എന്റെ മോളെ കെട്ടിക്കാനോ?” തോമ്മാ പറഞ്ഞു: “പൂത്തേടത്തു കുടുംബത്തിന് ഒരന്തസ്സുണ്ടെടീ.”
“അവന്‍ തങ്കപ്പെട്ട ചെറുപ്പക്കാരനാ.”
“അതുകൊണ്ടു മാത്രം കാര്യമായില്ല, അവന്‍ വല്ല വേടനോ ഉള്ളാടനോ മാര്‍ക്കംകൂടിയതാണോന്ന് എങ്ങനെ അറിയാം?”
“ഓ, ഇപ്പോഴങ്ങനെവല്ലോം നോക്കാനൊണ്ടോ? നമ്മടെ പെണ്ണിനെ പൊന്നേലെ പൂപോലെ രക്ഷിച്ചോളും. എന്നുതന്നേമല്ല, സ്ത്രീദനം ഒന്നും കൊടുക്കേം വേണ്ട, അവന്റെ കൈയില്‍ ഒത്തിരി രൂപാ ഒണ്ടെന്നാ മനിഷേരു പറേന്നത്, നമ്മക്ക് അവനൊരു തണലായിരിക്കും. നിങ്ങളൊരു ദെവസി കെടപ്പിലായാല്‍ എന്തു ചെയ്യും? അമ്മിണീം വളര്‍ന്നു വരികയല്ലേ. ഇരുന്നേച്ച് എണീക്കുംപോലാ പെമ്പിള്ളേരു വളരുന്നത്. ദൂരത്തെ വഴി നേരത്തേ നോക്കണം. ഞാന്‍ പറയാനൊള്ളതു പറഞ്ഞു. ഇനിപ്പിന്നെ നിങ്ങടെ ഇഷ്ടംപോലെ.”
“ഉം വരട്ടെ നമുക്കാലോചിക്കാം.”
“എന്നാ ഇനി ആലോചിക്കുന്നെ? തൊട്ടാല്‍പ്പൊട്ടുന്ന പ്രായമാ പെണ്ണിന്. അതും ഞാന്‍ പറഞ്ഞേക്കാം.”
“പൂത്തേടത്തു തോമ്മായുടെ മോള്‍ അമ്പതുവയസ്സുവരെ കെട്ടിക്കാതെ നിന്നാലും അങ്ങനെതന്നെ നില്‍ക്കും, നെനക്കറിയാമോ? പെഴച്ചുപോകത്തില്ല.”
“അങ്ങനെ നിന്നാല്‍ കൊള്ളാം എന്നേ ഞാന്‍ പറേന്നൊള്ളൂ. അതുപോലെതന്നെ ആ പീലിപ്പായുടെ മോന്‍ ഈയിടെ വരുന്നുണ്ടത്രേ, ഒത്തെങ്കില്‍ ഈ വരവിനുതന്നെ കല്യാണം നടത്തണമെന്നാ അവരു പറേന്നത്, ഒടനെ ഒത്തില്ലെങ്കില്‍ പിന്നത്തെ അവതിക്കു വരുമ്പം. ആരെക്കൊണ്ടായാലും പെണ്ണിനെ കെട്ടിക്കണം എന്നേ ഞാന്‍ പറേന്നൊള്ളൂ. എനിക്കു സത്യം പറഞ്ഞാല്‍ അവളെക്കാണുമ്പം പേടിയാ. അവളാ കറിയാടെ പെമ്പളേടെ മാലേം വളേം ഒക്കെം ഇട്ടപ്പം എന്തൊരു യോഗ്യത്തിയായിരുന്നെന്നോ?”
“എന്റെ മോമക്ക് ആഭരണം ഒന്നുമില്ലെങ്കിലും അവളെ ആരും കെട്ടികൊണ്ടുപോകും.” തോമ്മാ പറഞ്ഞു: പക്ഷേങ്കി, ഞാന്‍ അവക്ക് ആഭരണം ഒണ്ടാക്കിക്കൊടുക്കുമെടീ. സ്ത്രീധനം കൊടുത്ത് 'കന്യാദാന' ക്കരാനെക്കൊണ്ടുതന്നെ കെട്ടിക്കുകയും ചെയ്യും. നീ പെടയ്ക്കാതെ..”
തോമ്മായുടെ അഭിപ്രായത്തോടു തറതിക്കു ചായ് വുണ്ട്, ഒരു രണ്ടാംകെട്ടുകാരനെക്കൊണ്ടു മേരിയെ കെട്ടിക്കുന്നതില്‍ അവര്‍ക്കും അത്ര തൃപ്തിയില്ല. ഗതികേടുകൊണ്ട് അങ്ങനെ പറഞ്ഞുപോയതാണ്. പക്ഷേ, പെണ്ണിനു സ്ത്രീധനത്തിനെവിടെപ്പോകും?
പിറ്റേന്നു ശനിയാഴ്ച രാത്രി വളരെ ഇരുട്ടിയാണു കറിയാ വന്നത്. തോമ്മായുടെ വീട്ടില്‍ എല്ലാവരും കിടന്നുകഴിഞ്ഞു.
അവന്‍ മുറ്റത്തുവന്നു വിളിച്ചു: “ഏയ് വീട്ടുകാരെ!”
ഏതവനാടാ മുതുപാതിരായ്ക്ക്?  തോമ്മാ ചോദിച്ചു. പക്ഷേ അതു കറിയാ ആണെന്നറിഞ്ഞപ്പോഴേക്കും അയാളുടെ സ്വരം ശാന്തമായി. മുറ്റത്തു നല്ല നിലാവുണ്ടായിരുന്നു.
നേര്‍മ്മയുള്ള കന്നിനിലാവ്.
“ഞാനാ തോമ്മാച്ചാ.”  അവന്‍ പോക്കറ്റില്‍നിന്ന് എന്തോ സാധനം എടുത്തുകൊണ്ടു പറഞ്ഞു: “ഇവിടത്തെ വല്യമ്മച്ചി ഒരു കാര്യം എന്നോടു പറഞ്ഞയച്ചാരുന്നു… ശകലം കറപ്പ്…”
“എന്റെ കറിയാച്ചാ, വല്യ ഉപകാരം.” തോമ്മാ അതു രണ്ടു കൈയും നീട്ടി നിധിപോലെ വാങ്ങി: “അമ്മോ അമ്മച്ചിയേ!” അവന്‍ വിളിച്ചു.
അപ്പോഴേക്കും തറതി വിളക്കുകത്തിച്ചു.
വിളക്കിന്റെ വെളിച്ചത്തില്‍ കറിയായ്ക്കു മേരിയെ കാണാമായിരുന്നു. നല്ല ഉറക്കമാണ്. ഉറങ്ങിക്കിടക്കുന്ന ആ അര്‍ദ്ധനഗ്നസൗന്ദര്യത്തെ കണ്ടപ്പോള്‍ കറിയായുടെ ഉള്ളില്‍ മിന്നല്‍പ്പിണറുകളുണ്ടായി.
“നോക്കണേ, ഒരു പെണ്ണിന്റെ കെടപ്പ്!” മേരിയുടെ കണങ്കാലുകളുടെ നഗ്നതയെ അവളുടെ ഉടുതുണിയുടെ അറ്റംകൊണ്ടുതന്നെ തറതി മറച്ചു. അവളുടെ പുടവകുത്ത് അഴിഞ്ഞിരുന്നു. അതും ആ തള്ള മുറുക്കിക്കുത്തി. എന്നിട്ട് എതിര്‍വശത്തേക്കു തിരിച്ചുകിടത്തി. അവളുടെ സമൃദ്ധമായ തലമുടിയുടെ കെട്ട് അഴിഞ്ഞു തുളുമ്പിക്കിടന്നിരുന്നു. തറതി അതും ഒന്ന് ഒതുക്കി വച്ചു.
മേരി പെട്ടെന്നുണര്‍ന്നു.
“എന്നാമ്മേ?” അവള്‍ അന്ധാളിച്ചു.
“ഒന്നുമില്ല, കെടന്നൊറങ്ങിക്കോ പെണ്ണേ.”  തറതി ആ ഭാഗത്തു നിന്നു ബുദ്ധിപൂര്‍വ്വം വിളക്കു പിന്‍വലിച്ചു.
“നാളെ വെളുപ്പിനേ എനിക്കു പോകണം.” കറിയാ ക്ഷമാപണപൂര്‍വ്വം പറഞ്ഞു: “അതുകൊണ്ടാ ഇപ്പഴേ ഇതിങ്ങ് ഏല്പിച്ചേക്കാമെന്നു വിചാരിച്ചത്. രാത്രിയില്‍ വിളിച്ചുണര്‍ത്തിയതില്‍ മറ്റൊന്നും തോന്നല്ലേ.”
“ഏതായാലും എന്റച്ചാ വല്യ ഉപകാരമായി.”  തറതി നന്ദി പ്രകാശിപ്പിച്ചു.
“അമ്മച്ചിയെ വിളിച്ചു കൊടുത്തേക്കെടീ.”  മാതൃഭക്തനായ തോമ്മാ നിര്‍ദ്ദേശിച്ചു.
“അമ്മച്ചി പതിവില്ലാതെ ഇന്നു നല്ല ഉറക്കമാ.” തറതി പറഞ്ഞു: “ഒണത്തണ്ട, നേരം വെളുക്കട്ടെ.”
“എന്റെ മരുന്നു ഫലിച്ചെന്നു തോന്നുന്നു.” കറിയാ അഭിമാനിച്ചു. ആ വെളിച്ചം വീണ്ടും പഴയസ്ഥാനത്തെത്തിയാല്‍ക്കൊള്ളാമെന്ന് അവന്‍ ആശിക്കാതിരുന്നില്ല.
“ആ മരുന്നേതായാലും വല്യ അച്ചട്ടാ. ഒറ്റ മൂട്ടപോലുമില്ല.” തറതിയുടെ വാക്കുകള്‍ കൃതജ്ഞതാനിര്‍ഭരങ്ങളായിരുന്നു.
“ഈ കറപ്പിന് എന്നാ വെലയായി കറിയാച്ചാ?” തോമ്മാ ചോദിച്ചു.
“എന്റെ തോമ്മാച്ചേട്ടാ, സ്വര്‍ണ്ണത്തിനിത്രേം വെലയില്ല. മൂന്നര രൂപയാ അതിന്.”
“എടീ മൂന്നരരൂപാ എടുത്തു കറിയാച്ചനു കൊടേ.”
കാശൊന്നും വേണ്ടാ തോമ്മാച്ചാ. എന്റെ വല്യമ്മച്ചിക്കു ഞാന്‍ കൊടുത്തതുപോലെ അതു കണക്കാക്കിയാല്‍ മതി. കറിയാ പറഞ്ഞു:
“ഞാന്‍ പോണൂ.”
കറിയാ അവന്റെ വീട്ടിലേക്കു പോയി.
“അവന്‍ പറഞ്ഞേച്ചുപോയതിന്റെ അര്‍ത്തം വല്ലതും നിങ്ങക്കു മനസ്സിലായോ?” തിരികെ കിടക്കയിലെത്തി വിളക്കൂതിയതിനുശേഷം തറതി ചോദിച്ചു. “മനസ്സിലായി, പക്ഷേങ്കി അവന്‍ ഇവിടെ കൂടെകൂടെ വരാതിരിക്കാന്‍ നോക്കണം.” തോമ്മാ അര്‍ത്ഥംവച്ചു പറഞ്ഞു.
പുറമ്പോക്കില്‍ താമസമാക്കിയതില്‍ തറതിക്കിപ്പോള്‍ കുണ്ഠിതമില്ല. തോമ്മായ്ക്കു വല്യവീട്ടില്‍ എന്നും ജോലിയുണ്ട്. ജോലികഴിഞ്ഞു വന്ന് അവന്‍ മണ്ണുകുഴച്ച് ഇഷ്ടികയുണ്ടാക്കും. അതിനു വിലകിട്ടും. അങ്ങനെ ചെലവും കഴിഞ്ഞ് ഒന്നൊരരൂപ ദിനശരി മിച്ചംവയ്ക്കാന്‍ തറതിക്കു കഴിഞ്ഞു. എന്നുതന്നെയല്ല അവരുടെ രണ്ടു കോഴികള്‍ മുട്ടയിട്ടുതുടങ്ങിയിരിക്കുന്നു.
കറുപ്പു കിട്ടിയതോടെ അന്നത്തള്ളയ്ക്കും ജീവന്‍ വന്നു. അവരും അടുക്കളയില്‍ കയറി വല്ലതുമൊക്കെ ജോലിചെയ്യും. കീറിപ്പറിഞ്ഞ തഴപ്പായ്കള്‍ അവര്‍ നെയ്തു ശരിപ്പെടുത്തി. അവര്‍ ഒന്നൊന്നരമൈല്‍ അകലെയുള്ള പള്ളിയില്‍ പോയത് എല്ലാവരും ഒരതിശയമാക്കി. അമ്മിണിയും തോമ്മായും പള്ളിയില്‍ പോയി. തറതിക്കു കവണിയില്ല. മേരിക്കു പുടവയില്ല. അതുകൊണ്ട് അവര്‍ക്കു പള്ളിയില്‍പോകാനാന്‍ നിവൃത്തിയില്ലാതിരിക്കുകയാണ്.
ഒന്നുരണ്ടു മാസംകൊണ്ടു തറതി അരിച്ചുണ്ടാക്കിവച്ചിരുന്ന മുപ്പതു രൂപായില്‍നിന്ന് ഏഴുരൂപ തോമ്മാ വാങ്ങിക്കൊണ്ടുപോയി, മേരിക്കും തറതിക്കും ഓരോ കേമ്പിരിമുണ്ടും തറതിക്ക് മന്മല്‍കൊണ്ട് ഒരു ചട്ടയും വാങ്ങിക്കൊണ്ടാണ് അവന്‍ വന്നത്. അന്നത്തള്ളയ്ക്ക് ഒരു മുലക്കച്ചയും ഉണ്ടായിരുന്നു.
മേരി അകത്തുനിന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു: “അപ്പനെനിക്കൊരു സാരി മേടിച്ചുതരാമെന്ന് എത്രനാളായി പറയുന്നു?” അവള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.
 “മേടിച്ചു തരാം മോളെ.” തോമ്മായ്ക്കു വാസ്തവത്തില്‍ സങ്കടം തോന്നി: “കാശുകിട്ടട്ടെ.”
“ഇപ്പം പെലപ്പെണ്ണുങ്ങളുപോലും സാരിയിട്ടോണ്ടാ നടക്കുന്നെ.” മേരിക്കു സങ്കടം സഹിക്കവയ്യെന്നായി.
“സാരിയില്ലേലും ഒരു പുടവയല്ലാണ്ടെങ്ങനെയാ പള്ളിയില്‍ പോണത്? ആറുമാസമായി ഞാന്‍ പള്ളിയില്‍ പോയിട്ട്.”
മേരി ഏങ്ങലടിച്ചു കരയുകയാണ്. അവളുടെ നിവേദനം നൂറുശതമാനം ശരിയാണെന്ന അഭിപ്രായമാണു തറതിക്ക്. അമ്മിണിയും കെറുവിച്ചു മുഖം വീര്‍പ്പിച്ചിരിക്കുന്നു.
കറിയാച്ചന്‍ ആ സമയത്ത് അങ്ങോട്ടു കയറിവന്നു.
“ഇവിടെ ആരോ കരയുന്നതു കേട്ടോണ്ടു വന്നതാ.” അവന്‍ പറഞ്ഞു. “എന്താ മേരി കരയുന്നത്?”
“അവക്കിപ്പം സാരിവേണമെന്ന്.” തറതി പറഞ്ഞു: “വെള്ളമില്ലാത്തേടത്തു മുങ്ങാന്‍ പറഞ്ഞാല്‍ ഒക്കുമോ കറിയാച്ചാ? അന്നന്നേപ്പം കഴിയുന്നതുതന്നെ കഷ്ടിച്ചാ. ദൈവംതമ്പിരാന്‍ ഞങ്ങളെമാത്രം ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണോ? ആര്‍ക്കും ഒരുപദ്രവോം ഞങ്ങളു ചെയ്തിട്ടില്ല… ഒരു പാപോം ചെയ്തിട്ടില്ല… എന്റെ കര്‍ത്താവേ!”
കറിയാ കയറിവന്നതു തോമ്മായ്ക്ക് ഇഷ്ടമായില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. അയാള്‍ താടിക്കു കൈയുംകൊടുത്തു ചിന്താമൂകനായി ഇരുന്നതേയയുള്ളൂ.
കറിയാ ഒന്നും പറയാതെ അവന്റെ വീട്ടിലേക്കുപോയി. അവന്‍ തുകലുകൊണ്ടുള്ള ഒരു ചെറിയ സ്യൂട്ട്‌കേസുമായി തിരിച്ചുവന്നു.
“ഇതു ഞാന്‍ ആരെക്കെങ്കിലും കൊടുക്കണമെന്നു വിചാരിക്കുകയായിരുന്നു.” അവന്‍ അതു തുറന്നുകൊണ്ടു പറഞ്ഞു. “എന്റെ റോസ് ലിന്‍ ഇതു ധരിച്ചുകൊണ്ടു നടക്കുന്നതു കാണാന്‍ എനിക്കു ഭാഗ്യമുണ്ടായില്ല… ഈ രണ്ടു സില്‍ക്കു സാരിയും സില്‍ക്കുബ്ലൗസ്സും പുത്തനാണ്… വിരോധമില്ലെങ്കില്‍ ഇതു മേരിക്കെടുക്കാം… ബ്ലൗസ്സുകള്‍ മേരിക്ക് സ്വല്പം ഇറുക്കമായിരിക്കും. ചേരുന്നില്ലെങ്കില്‍ വേറെ തയ്പിക്കാം.”
മേരി ഓടി അടുത്തെത്തി. രണ്ടു കാഷ്മീര്‍ സാരികള്‍. അവള്‍ കണ്ണുനീര്‍ തുടച്ചു. അവളതു നിവര്‍ത്തു നോക്കി. അവളുടെ കണ്ണുകള്‍ തിളങ്ങി.
“എനിക്കു തന്നേക്കാമോ ഇത്?” അവള്‍ ചോദിച്ചു. “എനിക്കിതു വല്യ ഇഷ്ടമാ. അയ്യ, നല്ല സാരികള്‍!”
“ഹോ! വല്ലോന്റെ മൊതലിനോട് ഇത്ര ആശ പെണ്ണിന്!” തറതി ഉള്ളിലെ സന്തോഷം മറച്ചുവച്ചുകൊണ്ടു പറഞ്ഞു.
“ഇതു രണ്ടും മേരിക്കുള്ളതാണ്.” കറിയാ സന്തോഷപൂര്‍വ്വം സമ്മതിച്ചു.
“അപ്പാ ഞാനിതു രണ്ടും എടുക്ക്വാ.” മേരി പറഞ്ഞു: “ഇതിന്റെ വെല കൊടുത്തേക്കണം കേട്ടോ?”
“നിനക്കു കൊള്ളാമെങ്കില്‍ വാങ്ങിച്ചോ.” തോമ്മാ പറഞ്ഞു: “കറിയാച്ചാ, എന്റെ യതാശക്തി ഇതിന്റെ വെല ഞാന്‍ തരും.”
തന്നാല്‍ വാങ്ങിച്ചുകൊള്ളാം. കറിയാ പറഞ്ഞു: “തന്നില്ലെങ്കിലും എനിക്കു പരിഭവമില്ല… കാരണം എന്താണെന്നുവച്ചാല്‍ ഇത് ആര്‍ക്കെങ്കിലും സംഭാവന കൊടുക്കണമെന്നു ഞാന്‍ വിചാരിച്ചിരിക്കുകയായിരുന്നു. ഇതിന്റെ രണ്ടു പുത്തന്‍ പാവാടകളുമുണ്ട്….” സ്യൂട്ട്‌കേസില്‍ നിന്നു രണ്ടു പാവാടകളും അവന്‍ എടുത്തുകൊടുത്തു.
“മോക്കു സാരി ചുറ്റാനറിയാമോടി!” തോമ്മാ ചോദിച്ചു.
അറിയാമപ്പാ ഞാന്‍ ചുറ്റിക്കൊണ്ടുവരട്ടെ. അവള്‍ അതുംകൊണ്ടു പര്യത്തേക്കു പോയി.
ഏതാനും മിനിറ്റുകഴിഞ്ഞ് അവള്‍ സാരിയും ബ്ലൗസ്സും ധരിച്ചുകൊണ്ടു ആ രംഗത്തു പ്രത്യക്ഷപ്പെട്ടു. അവള്‍ അത്യന്തം സുന്ദരിയായി കാണപ്പെട്ടു. തിളങ്ങുന്ന ലോലമായ ഇളംപച്ച സില്‍ക്കുസാരി.
“വേണ്ടടീ, നീ സാരി ചുറ്റണ്ടാ.” തറതി പറഞ്ഞുപോയി.
“അതെന്താടീ?” തോമ്മാ ചോദിച്ചു. “മോക്കതു നന്നേ ചേരുന്നൊണ്ട്.”
“വേണ്ട, എന്റെ കുഞ്ഞിനെ ആരെങ്കിലും കണ്ണുവെക്കും.”
“ബ്ലൗസ് ശകലം മുറുക്കമാ അല്ലേ?” കറിയാ ചോദിച്ചു. ഗൂഢമായി പുഞ്ചിരിച്ചു.
മേരിക്കു നാണം വന്നു. അവള്‍ പുറകോട്ടു തിരിഞ്ഞുകളഞ്ഞു.
“അഴിച്ചുവെച്ചേക്കു മോളെ.” തറതിക്കു സത്യമായും ഭയം തോന്നി.
അവള്‍ ചുറുക്കെ മകളെ കൂട്ടിക്കൊണ്ടു വടക്കെ പര്യത്തേക്കു പൊയ്ക്കളഞ്ഞു.
വല്യവീട്ടിലെ ജോയി കാറില്‍ ആ വഴി കടന്നുപോകുന്നുണ്ടായിരുന്നു. വളരെ സാവധാനത്തില്‍. അവന്‍ മേരിയെ കണ്ടു.


 കരകാണാക്കടല്‍- 6 (നോവല്‍: മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക