7. ദാഹേ, വല്ലാത്ത ദാഹം!
ഇളംപച്ചനിറമുള്ള ആ സില്‍ക്കുസാരിയും കടുംചെമപ്പുനിറമുള്ള സില്‍ക്കു ബ്ലൗസ്സും ധരിച്ചുകൊണ്ടാണു പുറമ്പോക്കിലെ മേരി പിറ്റേ ഞായറാഴ്ച പോയത്. അവളെ നോക്കാത്ത പെണ്ണുങ്ങളില്ല. ആണുങ്ങളുമില്ല. ആരെയും കൊതിപിടിപ്പിക്കത്തക്കവിധം അവള്‍ക്കു പ്രത്യേകമായ ഒരഴകുണ്ട്. കടഞ്ഞെടുത്തതുപോലെ ഉയര്‍ന്നു നില്‍ക്കുന്ന മാര്‍വ്വിടം. നന്നേ ഒതുങ്ങിയ വയറ്. നല്ല ചേലുള്ള കണ്ണുകള്‍. പനംങ്കുല പോലത്തെ തലമുടി. അവള്‍ ആഭരണങ്ങള്‍കൂടെ അണിഞ്ഞിരുന്നെങ്കില്‍! പണക്കാരുടെ വീടുകളിലെ കോങ്കണികള്‍ക്കും കോന്ത്രപ്പല്ലികള്‍ക്കും കാക്കക്കറമ്പികള്‍ക്കും അവളോട് എന്തുമാത്രം കുശുമ്പു തോന്നിയെന്നോ? പള്ളിയില്‍പോയി മടങ്ങുന്ന പെണ്ണുങ്ങള്‍ പറഞ്ഞ ദൈവകാര്യങ്ങള്‍ ഇങ്ങനെയായിരുന്നു.
“അവളേതാ ആ പൂവാലി?”
“ആ ഞാനറിയേലാ.”
“നല്ല ചേലുള്ള ഒരു പെണ്‍കൊച്ച്.”
“അയ്യോ നിങ്ങളറിഞ്ഞില്ലേ പുറമ്പോക്കില്‍ ഈയിടെ വന്ന ഒരു പുതിയ പൊറുതിക്കാരിയാ.”
“പട്ടണത്തീന്നു കുറ്റീംപിഴുതോണ്ടു പോന്നിരിക്യാ, ഈ കരേലൊള്ള ചെറുപ്പക്കാരെ ഒക്കെ പെഴപ്പിക്കാന്‍.”
“അവളു ചീത്തയാണെന്നു നിങ്ങള്‍ക്കെന്നാ ഇത്ര നിശ്ചയം? ഓ, ഓരോ പുണ്യവാളത്തികള്‍ നടക്കുന്നു! വല്ലോരെടേം കുറ്റംപറയാതെ ഓരോരുത്തര്‍ക്കും ഒള്ള കുറ്റോം കൊറവും ഒക്കെ പറയിന്‍.” അയലത്തെ കടുക്കാമറിയ ഏറ്റുപിടിച്ചു.
“ഓ, ഒരു ഉറിയേപ്പുണ്യാളത്തി! നിങ്ങളതു ചെല്ലന്നേ.”
“ആ ഇക്കോച്ചനും കുഞ്ഞമ്മുവുമൊക്കം രാത്രിയില്‍ അവിടാണെന്നാ കേള്‍വി.”
“യ്യോ! എങ്കിലവളെ ഈ കരേന്നോടിക്കണം. അല്ലെങ്കില്‍ ദൈവം തമ്പിരാന്‍ തീയും ഗന്ധകോം എറക്കി ഈ കര നശിപ്പിക്കും.”
“എന്നാല്‍ നിങ്ങള്‍ കേള്‍ക്കിന്‍ പെണ്ണുങ്ങളേ, ഒരു വിശേഷം. എങ്ങാണ്ടത്തുകാരന്‍ ആ യൂക്കാലിക്കച്ചോടക്കാരനൊണ്ടല്ലോ. എന്തോന്നാ അവന്റെ പേര്..”
“പണ്ടന്‍കറിയാ അവന്റെ പെമ്പളയല്ലേ ഇന്നാളു കോളറാവന്നു ചത്തത്.”
“അതുതന്നെ. ഈ പെണ്ണിനെ അവന്‍ കെട്ടാന്‍പോവാണെന്നു കേട്ടു.”
“ഉള്ളതാണോടീ? കഷ്ടം, ആ കറിയായുടെ പെമ്പള ചത്തിട്ട് നാല്പതടിയന്തിരംപോലും കഴിയാതെയോ അയ്യേ! ഇതു കേക്കുന്നതുതന്നെ പാപമാ.”
“പാപമാണേല്‍ നിങ്ങളുപോയി കുമ്പസാരിക്കിന്‍.” കടുക്കാമറിയ പറഞ്ഞു.
“എന്നാല്‍ അങ്ങനെയൊന്നുമല്ല, സംഗതി നടക്കാന്‍ പോകുന്നത്.”
“പിന്നെങ്ങനാടീ മറിയേ?”
പിന്നെങ്ങനാണെന്നു ചോദിച്ചാല്‍, കൊടനന്നാക്കുകാരന്‍ തളന്തന്‍ പീലിപ്പായി ഇല്ലേ, അയാടെ ഒരു മോന്‍ പട്ടാളത്തിപ്പോയിട്ടുണ്ടല്ലോ. “എന്തോന്നാ അവന്റെ പേര്,?”
“ഓ, പേരെന്തുകുന്തമെങ്കിലും ആകട്ടെ, നീ സംഗതി എന്താന്നു വച്ചാല്‍ പറഞ്ഞുകഴുവേറ്റ്…”
“ഈ പെണ്ണും ആ ചെക്കനും തമ്മിലുള്ള കല്യാണം ഉറപ്പിച്ചിരിക്ക്യാ.”
“നിന്നോടിതാരു പറഞ്ഞെടീ?”
“ആരുപറഞ്ഞാല്‍ ഒക്കും. എന്നാല്‍ പറഞ്ഞതു ചെറുക്കന്റെ തള്ള തന്നെയാ.”
“അക്കച്ചേടത്തിയോ”
“അവരു ചത്തിട്ടില്ലല്ലോ, നിങ്ങളുതന്നെ ചോദിച്ചുനോക്കിന്‍.”
“അതിനവര്‍ക്കു സ്ത്രീധനം കൊടുക്കാന്‍ വല്ലതുമുണ്ടോ?”
“കാശോണ്ടാക്കാനുള്ള വിദ്യേം പടിച്ചോണ്ടല്ലേ അവളിങ്ങോട്ടു കേറീരിക്കുന്നത്.” കപ്യാരുടെ പെമ്പിള മാമ്മി പറഞ്ഞു.
“പള്ളീല്‍പോയി കുറുബാന കൈകൊണ്ട ഒരുത്തി പറേന്ന വര്‍ത്തമാനം! നീയൊക്കെ എന്തിനാടീ ഇങ്ങനെ പള്ളീല്‍ പോകുന്നത്? കടുക്കാമറിയ എതിര്‍ത്തു. അവര്‍ മേരീയുടെ വക്കാലത്തു പിടിച്ചിരിക്കുകയാണെന്നു തോന്നും.”
“നിങ്ങളെന്തിനാ പോകുന്നത്?... ആ കുഞ്ഞന്‍ നായരെന്തിനാടീ നിന്റെ വീട്ടില്‍ കേറീം എറങ്ങീം നടക്കുന്നത്? എന്നെക്കൊണ്ടൊന്നും പറേപ്പിക്കരുത്. ഓ അവളൊരു പൊത്തുവരുത്തം പറേണു!”
“കുഞ്ഞപ്പന്‍നായര്‍ എന്റെ വീട്ടില്‍ വരുന്നെങ്കില്‍ അതെന്റെ ഇഷ്ടമാ. നെനക്കു ചേതമൊന്നുമില്ലല്ലോടീ.”
“എനിക്കൊരു തൊഴേം ഇല്ല. പക്ഷേ, എന്റടത്തു നിങ്ങളു പുണ്യാളത്തം ഒന്നും പറഞ്ഞോണ്ടു വരണ്ടാ”
“നീ അത്ര ചെടിക്ക്വേം ഒന്നും വേണ്ട, നിന്റെ വിശേഷവും ചേഷം പേര്‍ക്കൊക്കെ അറിയാം. തൂശീ തന്നേച്ചു തൂമ്പാ വാങ്ങിക്കരുത്, ഞാന്‍ പറഞ്ഞേക്കാം.”
“നിങ്ങടെ മറ്റവന്‍ വന്നാല്‍ എന്നെപ്പറ്റി ഒന്നും പറയാനൊക്കുകേലാ.”
“എടീ നെനക്കു മൂന്നുമാസം വയറ്റിലൊള്ളപ്പളല്ലേടീ നിന്റെ മാപ്പിള നിന്നെ കെട്ടിയത്?”
“നിന്റെ മൂത്തമോളപ്പോലെ ഞാനാരടേം കൂടെ ഒളിച്ചോടിപ്പോയിട്ടില്ലെടീ. ഫൂ…!”
“എടീ പള്ളീല്‍ അച്ചന്‍ എന്തോന്നാ പ്രസംഗിച്ചേ, മറ്റുള്ളോരെപ്പറ്റി നൊണേം തുന്തിരിം ഒന്നും പറേരുതെന്നല്ലേ?” എന്നായി ഒരു മദ്ധ്യ വയസ്‌ക.
“ഓ അച്ചന്‍ കൊറെ വിശേഷമാ. എന്നെക്കൊണ്ടൊന്നം പറയിപ്പിക്കാതിരിക്കുന്നതാ നല്ലത്…” മറിയ ചൊടിച്ചു.
ആ സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങള്‍ മേരി കേട്ടു. അവള്‍ക്കു സങ്കടമുണ്ടായി. മനസാ വാചാ കര്‍മ്മണാ അവളിന്നുവരെ ഒരു പാപവും ചെയ്തിട്ടില്ല. ഒരന്യപുരുഷന്‍ ഇന്നോളം അവളെ തൊട്ടിട്ടില്ല. എത്രയോ കൊടുങ്കാറ്റുകളുണ്ടായി. ആ പുല്‍ക്കൊടി വീണില്ല. ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ക്കിടന്നുവെന്തുരുകിയിട്ടും പച്ചനോട്ടുകള്‍ അവളെ പ്രലോഭിപ്പിച്ചിട്ടില്ല. മനുഷ്യര്‍ എന്തെങ്കിലും പറയട്ടെ, അവള്‍ക്കെന്തു ചേതം? എല്ലാം കാണുന്ന ദൈവമുണ്ടല്ലോ!
അവള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരുന്നപ്പോള്‍ ദൈവത്തോട് ഏരിവായി പ്രാര്‍ത്ഥിച്ചു. അവള്‍ക്കൊരു ഭര്‍ത്താവുണ്ടാകണമേ എന്ന്, അദ്ദേഹം സ്‌നേഹമുള്ളവനും സുന്ദരനും ആയിരിക്കണമേ എന്ന്.
യൂക്കാലിപ്‌സ് കച്ചവടക്കാരനായ കറിയായോട് അവള്‍ക്കു സഹതാപം ഉണ്ടെന്നല്ലാതെ അവന്‍ തന്റെ മണവാളനാകുന്നത് അവള്‍ക്കിഷ്ടമില്ല. കാരണം അവന്‍ രണ്ടാംകെട്ടുകാരനാണ്. അവന്‍ അവന്റെ ഹൃദയം അവന്റെ ആദ്യത്തെ ഭാര്യയ്ക്കു നല്‍കിക്കഴിഞ്ഞിരിക്കെ കാലാപെറുക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. ആ ഉചിഛിഷ്ടം അവള്‍ക്കു വേണ്ടാ.
വലിയവീട്ടിലെ മനോഹരനായ ജോയിയുടെ രൂപം അവളുടെ ഹൃദയത്തില്‍ ഒട്ടിപ്പിടിച്ചുനില്‍ക്കുന്നു. എങ്കിലും പീലിപ്പായിയുടെ മകന്‍ പട്ടാളക്കാരന്‍ മാത്തുക്കുട്ടിയെ അവള്‍ക്കിഷ്ടമാണ്. അവന്‍ അവളുടെ മണവാളനായാലും മതി. അവന്‍ വേഗം വന്നിരുന്നെങ്കില്‍! അപ്പനും അമ്മയും അവളെച്ചൊല്ലി തീ തിന്നുകയാണ്. അവള്‍ വിവാഹിതയാകുന്നതുവരെ അവരുടെ യാതനകള്‍ ശമിക്കില്ല. അവള്‍ക്കുവേണ്ടി മാത്രമാണ് അപ്പന്‍ രാപ്പകല്‍ പണിയെടുക്കുന്നത്. അമ്മ പ്രാര്‍ത്ഥിക്കുന്നത്.
മിക്ക ദിവസങ്ങളിലും വലിയവീട്ടിലെ പുരയിടങ്ങളില്‍ തോമ്മായ്ക്കു ജോലിയുണ്ട്. കപ്പയ്ക്കു കിളയ്ക്കല്‍, തെങ്ങിന് തടമെടുക്കല്‍, കയ്യാല കുത്തല്‍, വിറകുകീറല്‍, ചന്തയ്ക്കു പോക്ക് ഇങ്ങനെ പലതരത്തിലുള്ള ജോലികളാണ് തോമ്മാ ചെയ്യേണ്ടിയിരിക്കുന്നത്. ഒരു ദിവസം വലിയ വേലക്കാരിക്ക്, എന്തോ അസുഖമായിട്ട് തോമ്മായാണ് രണ്ടു വാര്‍പ്പുനെല്ലു പുഴുങ്ങിയത്. ദൈവം സഹായിച്ച് അവനിന്നോളം ജോലിക്കു ബുദ്ധിമുട്ടു വന്നിട്ടില്ല. ചെയ്യുന്ന ജോലിക്കൊന്നും ആരും കുറ്റം പറഞ്ഞിട്ടുമില്ല. മൂന്നു രൂപയും ഉച്ചഭക്ഷണവും നാലുമണിക്കു കാപ്പിയും കിട്ടും.
ക്രമേണ തറതിയുടെ കൈയില്‍ അമ്പത്തിയേഴുരൂപയോളം മിച്ചമുണ്ടായി. അവളുടെ രണ്ടുകോഴികള്‍കൂടെ മുട്ടയിട്ടുതൊടങ്ങിയിരിക്കുന്നു. എന്നുതന്നെയല്ല, ആഴ്ചയില്‍ ഒരു രൂപാവച്ച് അമ്പതുരൂപായുടെ ഒരു ചിട്ടി കടുക്കാമറിയയുടെകൂടെ അവള്‍ ചേര്‍ന്നിട്ടുണ്ട്. അതു തോമ്മാ അറിഞ്ഞിട്ടില്ല. പെണ്ണിനെ കെട്ടിക്കുന്നതിനുമുമ്പ് അവളുടെ കഴുത്തില്‍ ഒരു പവന്റെയെങ്കിലും ഒരു മാല പണിയിച്ചിടണം എന്നതാണ് ആ തള്ളയുടെ ജീവിതത്തിലെ ഏററവും വലിയ ആശ. ദൈവം സഹായിച്ചാല്‍ അതു സാധിക്കും. ചിട്ടിക്കാര്യം അദ്ദേഹം അറിഞ്ഞാലും അവളെ വഴുക്കുപറയുകയുംമറ്റുമില്ല. കടുക്കാമറിയ നല്ലവളാണ്. അടുത്ത ചിട്ടി തറതിക്കു കൊടുക്കാമെന്നു മറിയ പറഞ്ഞിട്ടുണ്ട്.
അക്കച്ചേടിത്തി കല്യാണക്കാര്യത്തിനു നിര്‍ബന്ധം പിടിക്കുന്നു. രണ്ടായിരം രൂപ ആക്ഷേപം തീര്‍ന്നുകിട്ടുന്ന ചെറുക്കന് ഒരഞ്ഞൂറു രൂപാ കൊടുക്കണമെന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ലതാനും.
ഒരു ദിവസം തോമ്മാ ജോലികഴിഞ്ഞു വരുമ്പോള്‍ സന്ധ്യക്ക് സ്വല്പം മുമ്പ് കുടനന്നാക്കുകാരന്‍ തളന്തന്‍ പീലിപ്പായി തോമ്മായെ അയാളുടെ വീട്ടിലേക്കു വിളിച്ചു. തിണ്ണയില്‍ അക്കച്ചേടിത്തി അവന്‍ ഒരു തടുക്കപായ് വിരിച്ചുകൊടുത്തു.
“എടാ തോമ്മാ, എങ്ങനാ നമ്മുടെ കാര്യം? ചെറുക്കന്‍ ഈയിടെ വരും.” പീലിച്ചേട്ടന്‍ ഒരു പഴഞ്ചന്‍കുട നന്നാക്കിക്കൊണ്ടു ചോദിച്ചു.
“ചെറുക്കന്‍ വന്നു പെണ്ണിനെകാണട്ടെ. നമ്മുക്കു വേണ്ടപോലെ ചെയ്യാമപ്പായി.” തോമ്മാ പറഞ്ഞു.
“ചെറുക്കന്‍ പെണ്ണിനെ കാണുകേം ഒന്നു വേണ്ട.” അക്കച്ചേടത്തി പറഞ്ഞു: “അവന്‍ ഞങ്ങളു പറേന്നതിനു നൂലുവണ്ണം അങ്ങോട്ടും ഇങ്ങോട്ടും പോകുകേലാ. എനിക്കു മേരിപ്പെണ്ണിനെ വല്യ ഇഷ്ടമായി. പക്ഷേങ്കി, അഞ്ഞൂറു രൂപായും സ്വല്പം വല്ലോം പൊന്നും പൊടിയും കിട്ടണം… അതില്‍ അതില്‍ കൊറയ്ക്കാനൊക്കുകേലാ.”
“ഏതായാലും മാത്തുക്കുട്ടി വരട്ടെ.” തോമ്മാ അല്പം ആലോചിച്ച ശേഷം പറഞ്ഞു: “നടത്തിക്കളയാം.”
“ഒത്തെങ്കില്‍ അവന്‍ വരുമ്പം കല്യാണം നടത്തണം.”
നടത്താം അക്കച്ചേടത്തി. തോമ്മാ വാക്കുകൊടുത്തു. എന്തുറപ്പു കണ്ടിട്ടാണ് അവന്‍ അങ്ങനെ വാക്കുകൊടുത്തതെന്നറിഞ്ഞില്ല. എല്ലാം ദൈവത്തിന്റെ കൈയില്‍ ഇരിക്കുന്നു.
പീലിപ്പായിയുടെ മുറിയുടെ മൂലയ്ക്കു കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വീശുവല തോമ്മായുടെ ദൃഷ്ടിയില്‍പെട്ടു.
“പീലിപ്പായി വീശുമോ?” തോമ്മാ ചോദിച്ചു.
“എന്റെ തോമ്മാ, ഞാന്‍ വീശുകേല. ഒരുത്തന്‍ ഇവിടെ പണയം കൊണ്ടുവന്നുവച്ചിട്ട് ഒരുപ്പോക്കു പോയതാ. മാസം മൂന്നായി. നിനക്കു വീശാനറിയാമെങ്കില്‍ എടുത്തോണ്ടു പൊയ്‌ക്കോടാ. വല്ലതും പൊട്ടോ പൊടിയോ ഒക്കെ ഞങ്ങള്‍ക്കും കൂടെ തന്നേച്ചാല്‍ മതി… ഒന്നൊന്നര നാഴിക വടക്കോട്ടുചെന്നാല്‍ ആറൊണ്ട്…”
തോമ്മാ ആ വലയെടുത്ത് പരിശോധിച്ചുംകൊണ്ടിരിക്കുമ്പോള്‍ കടുക്കാമറിയ കരഞ്ഞും കൂവിയും അവിടേക്കു പാഞ്ഞുവന്നു.
“എന്റെ പൊന്നു തോമ്മാച്ചേട്ടാ… അങ്ങോട്ടൊന്ന് ഓടിവന്നേ.” അവള്‍ കിതപ്പോടെ അറിയിച്ചു.
“എന്നാടീ മറിയേ സംഗതീ?” അക്കച്ചേടിത്തി ചോദിച്ചു.
“എന്റെ പശു ചാകാന്‍ തൊടങ്ങുന്നു. ഒന്നുവന്നേ എന്റെ തോമ്മാച്ചേട്ടാ!” അവള്‍ കരയുകയാണ്.
തോമ്മാ ചെന്നപ്പോള്‍ പടിഞ്ഞാറുവശത്തെ റബര്‍തോട്ടത്തില്‍ കടുക്കാമറിയയുടെ പശു കിടന്നു മരണശ്വാസം വലിക്കുന്നു. കാളയറപ്പുകാരന്‍ കുഞ്ഞപ്പന്‍നായരും പണ്ടാരത്തി പാറുവും ഒറ്റക്കണ്ണന്‍ കൊല്ലന്‍നാരായണനും കാതര്‍മേത്തരും എല്ലാം ചുറ്റും കൂടീട്ടുണ്ട്. എണ്ണക്കറമ്പിയായ ഒന്നാന്തരം ഒരു പശു. അതിന്റെ വയറു പുരപോലെ വന്നു വീര്‍ത്തിരിക്കുന്നു. കുഞ്ഞന്‍പറയന്‍ കിഴി അനത്തി ത്തിരുമ്മുന്നു. ചിലര്‍ ചുണ്ണാമ്പും അടയ്ക്കാനീരും കൊടുക്കുന്നു…. പക്ഷേ, പശു ചാകാന്‍ തുടങ്ങുകയാണ്.
തോട്ടത്തില്‍ കേറി പശു റബറിന്റെ ഇല തിന്നു എന്നതാണു കാരണം പറയുന്നത്.
തോമ്മായ്ക്ക് പല തൊഴിലും അറിയാമെങ്കിലും കന്നുകാലി വളര്‍ത്തലും ചികിത്സയും അറിഞ്ഞുകൂടാ.
കുഞ്ഞന്‍പറയന്‍ കൈയൊഴിഞ്ഞു.
“ഓ രക്ഷയില്ല മറിയപ്പെമ്പിളേ” കുഞ്ഞപ്പന്‍നായര്‍ അന്തിമവിധി വാചകം ഉച്ചരിച്ചു. കന്നുകാലികളെ സംബന്ധിച്ചിടത്തോളം ഒരു അഥോറിട്ടിയാണ് കുഞ്ഞപ്പന്‍നായര്‍.
“എന്റെ തോമ്മാച്ചേട്ടാ!” മറിയനിന്നു കന്നുപോലെ കരയുന്നു. “ആണും തൂണും ഇല്ലാത്ത എന്റെ ആകെ സൊത്താരുന്നു തോമ്മാച്ചേട്ടാ. എന്റെ കണ്ണമ്മപ്പശു.” മരണാസന്നയായ ആ പശു അന്ത്യയാത്ര ചോദിക്കുന്നതുപോലെ തന്റെ സ്വാമിനിയുടെ കണ്ണുകളിലേക്കു നോക്കി. മറിയ ഓടിച്ചെന്ന് അതിന്റെ കവിളത്ത് ഉമ്മവച്ചുകൊണ്ടു കരഞ്ഞു. “എന്റെ പൊന്നുമോളെ, നീ എന്നെ ഇട്ടേച്ചു പോവുകയാണോടീ…”
ആ വിധവയുടെ കണ്ണുനീര്‍ കണ്ടപ്പോള്‍ തോമ്മായ്ക്കു സങ്കടം തോന്നി. ഞാന്‍ അടുത്തുചെന്നു പേനാക്കത്തി നിവര്‍ത്തു.
“ഏതായാലും പശു ചാകാന്‍പോവുകയാണ്…” തോമ്മാ പറഞ്ഞു. “ഞാനൊരു മണ്ടന്‍പുത്തി ഒന്നു പരീക്ഷിച്ചുനോക്കട്ടെ.”
അയാള്‍ പേനാക്കത്തികൊണ്ട് പശുവിന്റെ പള്ള കിഴിച്ചു. പൊട്ടിയ ബലൂണ്‍പോലെ പശുവിന്റെ വയറ്റില്‍നിന്നു വായു പുറത്തേക്കു പോയി. വയറു ചൊട്ടി. കുഞ്ഞപ്പന്‍നായര്‍ പെട്ടെന്ന് എന്തോ പച്ചില പറിച്ച് കൈയിലിട്ടുതന്നെ തിരുമ്മി നീരെടുത്തു പശുവിന്റെ മുറുപാടില്‍ പുരട്ടി.
നാലഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ പശു എണീറ്റു.
“ഇനി സാരമില്ലേ മറിയേ.” തോമ്മാ പറഞ്ഞു. “നിന്റെ പശു ചാകുകേല” തോമ്മാ നടക്കുകയാണ്.
തോമ്മായോടു കടുക്കാമറിയയ്ക്കു തോന്നി കൃതജ്ഞതയ്ക്കു അതിരില്ലായിരുന്നു. അവള്‍ അയാളുടെ പുറകെചെന്നു.
“തോമ്മാച്ചേട്ടന്‍ വീട്ടിലോട്ടൊന്നു വരണം.” അവള്‍ ക്ഷണിച്ചു. “ശകലം കാപ്പി…”
“ഒന്നുവേണ്ട മറിയേ.”
“അതൊക്കുകേല, തോമ്മാച്ചേട്ടന്‍ പോയിട്ടു കുറെകഴിഞ്ഞ് അങ്ങോട്ടൊന്നു വരണം.”
“ഉം നോക്കട്ടെ.”
നേരം മയങ്ങിയില്ല.
തോമ്മാ വീശുവലയും എടുത്തുകൊണ്ടുപോയി.
ആറ്റില്‍ ചെന്നു വീശി.
നാലു വാളകളും എട്ടു കരിമീനുകളും കുറെയേറെ കുറുവാപ്പരലുകളും കിട്ടി.
ഒരാള്‍ എല്ലാറ്റിനുംകൂടെ പതിനഞ്ചുരൂപാ വില പറഞ്ഞു. അയാള്‍ കൊടുത്തില്ല.
രണ്ടു വലിയവാളകള്‍ അയാള്‍കൊണ്ടുചെന്നു വലിയവീട്ടിലെ കുഞ്ഞേലിയാമ്മയ്ക്കു സമ്മാനിച്ചു. ഇട്ടിച്ചനും ഉണ്ടായിരുന്നു. കുഞ്ഞേലിയാമ്മ അവന് പത്തുരൂപായുടെ ഒരു നോട്ടു കൊടുത്തു. പക്ഷേ, തോമ്മാ അതു വാങ്ങിയില്ല.
“വേണ്ട കുഞ്ഞേലിയാമ്മച്ചി.” തോമ്മാ പറഞ്ഞു.
“ഞാമ്പിന്നെ വാങ്ങിച്ചോളം.” ഇട്ടിച്ചനും ജോയിയും സൂസനും ഓമനയും ഒക്കെ രംഗത്തെത്തി.
“മുതലാളിം കുഞ്ഞേലിയാമ്മച്ചീംകൂടെ എനിക്കൊരു ഉപകാരം ചെയ്യണം.” തോമ്മാ പറഞ്ഞു. “അതായതു എന്റെ പെണ്ണിന്റെ കല്യാണത്തിനു എനിക്കൊരു അഞ്ഞൂറുരൂപാ വായ്പതരണം…. അതു ഞാന്‍ വേലയെടുത്തു വീട്ടിക്കൊള്ളാം.”
“തരാം തോമ്മാ, കല്യാണം എല്ലാം ഒറച്ചോ?” ഇട്ടിച്ചന്‍ ചോദിച്ചു.
“ഒറച്ചില്ല ആലോചനയിലിരിക്കുന്നു.” തോമ്മാ പറഞ്ഞു: “ചെലപ്പം പെട്ടന്നു നടന്നേക്കും.”
“കഴിയുന്നതും നേരത്തേ നടത്തുന്നതാണു നല്ലത്.” ഇട്ടിച്ചന്‍ പറഞ്ഞു. “കാരണം ഈ കര അത്ര നല്ലതല്ല.”
“പക്ഷേ, പൂത്തേടത്തുതോമ്മായുടെ വീട്ടില്‍ കേറാന്‍ ഒരു തെമ്മാടിയും ധൈര്യപ്പെടത്തില്ല മുതലാളി.” തോമ്മാ ആത്മവിശ്വാസത്തോടെ പറഞ്ഞു: “എന്നുതന്നെയല്ല, അങ്ങനെയൊന്നും പിഴച്ചുപോകുന്നവരുമല്ല പൂത്തേടത്തെ പെണ്ണുങ്ങളും ആണുങ്ങളും.”
“ഞാന്‍ പറഞ്ഞന്നേയുള്ളൂ:” ഇട്ടിച്ചന്‍ പറഞ്ഞു. “നിനക്ക് ഞാന്‍ രൂപാ തരാം. എന്നാ വേണ്ടന്നുവച്ചാല്‍ ഒരു രണ്ടു ദിവസംമുമ്പ് എന്നെ ഒന്നറിയിച്ചേക്ക് കേട്ടോ.”
“ഓ.”
തോമ്മായുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അത്. കേറ്റത്തില്‍ തറവാട്ടുകാരനായ വലിയവീട്ടില്‍ ഇട്ടിച്ചന്‍ മുതലാളി ദുഷ്ടനാണെന്നു ചിലര്‍ പറയുന്നു. അല്ല എന്നു തെളിഞ്ഞിരിക്കുന്നു.
ഇനി ധൈര്യമായി തന്റെ മകള്‍ക്കുവേണ്ടി കല്യാണം ആലോചിക്കും. അവളുടെ കഴുത്തില്‍ ഒരു മിന്നുവീഴുന്ന ആ ദിവസം അന്നുമാത്രമായിരിക്കും അയാളുടെ ജന്മം സഫലമാകുന്നത്. പിന്നത്തെ കാര്യം സാരമില്ല. അവളെ കാണുമ്പോഴൊക്കെയും അയാളുടെ അന്തരാത്മാവില്‍ തീയാളുകയാണ്.
ഒരു വാള പീലിപ്പായിക്കു കൊടുത്തു.
“നാളേം പോണം കേട്ടോടാ തോമ്മായെ.” അക്കച്ചേടത്തിക്കുണ്ടായ ആനന്ദം എന്തെന്നു പറയുക വയ്യ.
“പോകാം ചേടിത്തീ.” തോമ്മാ ഏറ്റു.
ഒരു വാള വീട്ടിലെടുത്തു. കുറെ കരിമീനുകളും, രണ്ടു കരിമീനുകള്‍ കൊല്ലന്‍ നാരായണനു കൊടുത്തു. കാരണം അവനാണ് അവര്‍ക്കു വെള്ളം കൊടുക്കുന്നത്.
“ആ കറിയാച്ചേട്ടന്‍ അവിടൊണ്ട്.” മേരി പറഞ്ഞു. “അയാക്കു കൊടുക്കേണ്ടേപ്പാ?” തനിക്കു സാരികള്‍ സമ്മാനിച്ച ആ നല്ല മനുഷ്യനോട് മേരി നന്ദിയുള്ളവളാണ്.
“ഒരു കാര്യം ചെയ്യ്.” തോമ്മാ പറഞ്ഞു: “ഒരു കരിമീന്‍ വറുത്ത് അവനു കൊണ്ടുചെന്നു കൊടുക്കാം. അല്ലെങ്കില്‍ ഇങ്ങോട്ടു വിളിക്കാം.”
“അപ്പോ കടുക്കാമറിയാമ്മയ്ക്കു ശകലം കൊടുക്കണം.” തറതി പറഞ്ഞു. കാരണം അടുത്തയാഴ്ചയില്‍ അവള്‍ ചിട്ടിപ്പണം തരാമെന്നു പറഞ്ഞിരിക്കുകയാണ്.
“എങ്കില്‍ ആ മണ്ണാനും കുഞ്ഞപ്പന്‍നായര്‍ക്കും കാതറിനു ശകലിച്ചേ കൊടുക്കണം.” തോമ്മാ പറഞ്ഞു.
“നേരം ഇരുട്ടിയല്ലോ എന്നാല്‍ നിങ്ങളുതന്നെ കൊണ്ടെക്കൊടുക്ക്.” തറതി ശേഷിച്ച മീനെല്ലാം ഒരങ്ങാടി വട്ടിയിലാക്കി തോമ്മായെ ഏല്‍പിച്ചു. തറതിയും മേരിയുംകൂടെ ഉടനെതന്നെ മീന്‍ വെട്ടുന്ന യജ്ഞത്തില്‍ ഏര്‍പ്പെട്ടു.
“അതേലിച്ചിരി വറത്ത് എനിക്ക് തരണം, കേട്ടോടി, മേരീ.” അന്നത്തള്ളയ്ക്കു കൊതി കേറി. അവരും അടുത്തുചെന്നിരുന്നു.
“വാ തോമ്മാച്ചാ. ഞാന്‍ എത്രനേരമായി കാത്തിരിക്കുന്നു! മറിയ അയാളെ അകത്തേക്കു ക്ഷണിച്ചു.”
“എന്തിനാ മറിയേ?”
“വാ, തോമ്മാച്ചന് ദാഹിക്കുന്നില്ലേ, കേറിവാന്ന്.” എന്തൊരു അരുമയായ ക്ഷണം!
അവള്‍തന്നെ കാപ്പികുടിക്കാന്‍ ക്ഷണിച്ചിരുന്ന വിവരം അപ്പോഴാണ് അയാള്‍ ഓര്‍ത്തത്. ചെറിയ പുരയാണെങ്കിലും അങ്ങാടിപ്പെട്ടിയുടെ കണ്ണികള്‍പോലെ നാലഞ്ചു കൊച്ചുകൊച്ചു മുറികള്‍.
അയാളെ ഒരു ചെറിയ മുറിയിലേക്കു മറിയ കൂട്ടിക്കൊണ്ടുപോയി. നിലത്ത് ഒരു പായ് വിരിച്ചിരിക്കുന്നു. രണ്ടു കുപ്പി കള്ളും. ഒരു പിഞ്ഞാണത്തില്‍ കോഴിയിറച്ചിക്കറി. ഒരു പിഞ്ഞാണം നിറയെ വെള്ളേപ്പങ്ങള്‍.
“എന്തിനാ മറിയേ, ഇതൊക്കെ?' തോമ്മായ്ക്ക് അത്ഭുതം തോന്നി.
“പത്തുമൂന്നുരൂപാ വെലയുള്ള എന്റെ കണ്ണമ്മയെ രക്ഷിച്ച തോമ്മാച്ചനു ഞാന്‍ എന്തു തന്നാല്‍ മതിയാവും? ഇരുന്നു കുടിക്കൂ തോമ്മാച്ചാ… നല്ല കള്ളാ… ദാഹത്തിനു നല്ലതാണെന്നാ പറയുന്നത്.” മറിയ ചിരിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ മറിയയുടെ ചിരിക്കു പ്രത്യേകമായ ഒരാകര്‍ഷണശക്തി ഉണ്ടായിരുന്നു.
“ഞാന്‍ കുടിച്ചെന്നറിഞ്ഞാല്‍ തറതി വഴക്കുണ്ടാക്കും മറിയേ.” തോമ്മാ പറഞ്ഞു: “അതുകൊണ്ടു കള്ളുവേണ്ട. ഞാനിതു തിന്നോളാം.”
“ഓ, ശകലം കള്ളുകുടിച്ചെന്നുവച്ച് തറത്ത്യാമ്മ എന്നാ വഴുക്കുണ്ടാക്കാനാ?” മറിയ അടുത്തിരുന്ന് ഒരു കുടവന്‍ പിഞ്ഞാണത്തിലേക്കു കള്ളു പകര്‍ന്നുകൊണ്ടു പറഞ്ഞു. ഇപ്പോഴത്തെ ആണുങ്ങളാരാ കുടിക്കാത്തത്? ഇതാ” അവള്‍ കോപ്പ അദ്ദേഹത്തിന്റെ നേര്‍ക്കു നീട്ടി.
മണമുള്ള സോപ്പുതേച്ചു കുളിച്ച് ഈറനായ തലമുടിയോടും മുറുക്കിചുവപ്പിച്ച ചുണ്ടുകളോടും യൗവനത്തിന്റെ അഴകു വിട്ടുമാറാത്ത ശരീരത്തോടുംകൂടി ഏകാന്തമായ ആ മുറിയില്‍, മണ്ണെണ്ണവിളക്കിന്റെ മങ്ങിയവെളിച്ചത്തില്‍ തന്റെ തൊട്ടടുത്തിരുന്നു കള്ളുവച്ചുനീട്ടിയ ആ സ്ത്രീയുടെ അഭ്യര്‍ത്ഥനയെ നിരാകരിക്കാനും മാത്രം കഠിനഹൃദയനായിരുന്നില്ല പൂത്തേടത്തു തോമ്മാ. അയാള്‍ കുടിച്ചു. അവള്‍ പിന്നെയും ഊറ്റിക്കൊടുത്തു. അയാള്‍ പിന്നെയും കുടിച്ചു…. പിന്നെയും… പിന്നെയും…. നല്ല കള്ളായിരുന്നു… ഇറച്ചിക്കറിയും വെള്ളേപ്പവും നല്ലതായിരുന്നു. പതുക്കെപ്പതുക്കെ ലഹരി അയാളെ കീഴടക്കി.
“നിന്റെ പശുവിന് എങ്ങനെയിരിക്കുന്നു മറിയേ?”
“അവളു കച്ചിതിന്നുന്നു… അതിന്റെ ആദ്യത്തെ കിടാവിനെ മാതാവിന് അടിമകൊടുത്തേക്കാമെന്നു ഞാന്‍ നേര്‍ന്നിട്ടുണ്ട്…. ആ അപ്പം കൂടെ തിന്നൂ തോമ്മാച്ചാ.”
“ഇന്നു വീട്ടില്‍ മീന്‍കറിയുണ്ട്.”
“അതിനെന്താ? എത്രനാളായെന്നോ ഞാന്‍ തോമ്മാച്ചനെ ഇങ്ങോട്ടൊന്നു വിളിക്കണമെന്ന് ആഗ്രഹിക്കുന്നു?” അവള്‍ കടക്കണ്ണുകൊണ്ട് അയാളെ ഒന്നു നോക്കി.
“എന്തിന്?”
“ചുമ്മാ.” മറിയ നിഗൂഢമായി ഒന്നു ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം തോമ്മായ്ക്കു മനസ്സിലായി. അവന്റെ ഞരമ്പുകളില്‍ക്കൂടി ലഹരി പായുകയായിരുന്നു.
മറിയയോട് അവന് ഇഷ്ടം തോന്നി. അവന്റെ ഉളളില്‍ പാപവിചാരം ഉണ്ടായി. കന്നിമാസത്തിലെ രാത്രിയായിരുന്നു.
“ഞാന്‍ ഇവിടെ വന്നെന്ന് നീ തറതിയോടെങ്ങും പറഞ്ഞേക്കരുതു കേട്ടോ.” അവന്‍ പയ്യെപ്പറഞ്ഞു.
“തലപോയാലും പറയുന്നവളല്ല ഈ കടുക്കാ മറിയ. തോമ്മാച്ചന്‍ ഇക്കാര്യം പെമ്പിളയോടു പറയാതിരുന്നാല്‍ മതി.”
വിളക്കു കരിന്തിരിയാവുകയും ആ മുറിയില്‍ ഇരുട്ടു പ്രവേശിച്ചു തുടങ്ങുകയും ചെയ്തു. തോമ്മായ്ക്ക് എന്തൊക്കെയോ തോന്നി. എപ്പോഴും വഴക്കു പറയുന്നവളും കാസരോഗിണിയും കണ്ടാല്‍ വര്‍ക്കത്തില്ലാത്തവളുമായ തറതി… സുന്ദരിയും പുഞ്ചിരിക്കുന്നവളും സ്‌നേഹമുള്ളവളുമായ മറിയ… പക്ഷേ,
“മറിയേ!” അയാള്‍ പെട്ടെന്നെഴുന്നേറ്റു.
“എന്നാ തോമ്മാച്ചാ?” അയാളുടെ ഇരുമ്പുപോലത്തെ കൈയ്ക്കു പിടിച്ചുകൊണ്ടു മറിയ പറഞ്ഞു.
“പിന്നൊരിക്കലാകട്ടെ…. ഞാന്‍ പോണു.”
“ഓ, കൊറച്ചുകഴിഞ്ഞിട്ടു പോയാല്‍ മതി.”
ഇല്ല. അവളുടെ കൈപിടിച്ചു മാറ്റിയിട്ടു തോമ്മാ പുറത്തേക്കിറങ്ങി.
ഒരു പാപവും ചെയ്തില്ലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എന്തോ ഇരന്നു. ചെള്ളുകുത്തുന്നതുപോലെ അയാള്‍ക്കു തോന്നി.
നേരം പത്തുമണിയായിക്കാണും തോമ്മാ വീട്ടില്‍ എത്തിയപ്പോള്‍.
വീട്ടില്‍ യൂക്കാലിപ്‌സുകച്ചവടക്കാരന്‍ പണ്ടന്‍ കറിയ ഉണ്ടായിരുന്നു.