Image

വലിയ നോമ്പിലെ ചെറിയ ചിന്തകള്‍ (ചെറിയാന്‍ ജേക്കബ്‌)

Published on 03 March, 2014
വലിയ നോമ്പിലെ ചെറിയ ചിന്തകള്‍ (ചെറിയാന്‍ ജേക്കബ്‌)
`എന്റെ മോനെ പോയിക്കിടക്ക്‌, അതിരാവിലെ പള്ളിയില്‍ പോകാനുള്ളതാ' അമ്മയുടെ സ്‌നേഹ രൂപേണയുള്ള ഉപദേശം.

'എന്റെ കര്‍ത്താവേ, നീ കഷ്ടമനുഭവിച്ചത്‌ ഒരു പ്രാവശ്യം, ഇതിപ്പോള്‍ വലിയ പൊല്ലാപ്പായല്ലോ'

വെളുപ്പിനെ ഒരുമണിക്ക്‌ എഴുന്നേക്കണം, അയല്‍പക്കത്തെ മറ്റ്‌ വീട്ടുകളില്‍ പോയി അവരെയും ഉണര്‍ത്തണം. പിന്നെ എല്ലാവരും ചേര്‍ന്ന്‌ ചൂട്ടും കത്തിച്ച്‌ നാല്‌ കിലോമീറ്റര്‍ നടന്ന്‌ പള്ളിയില്‍ എത്തണം, പോര, പള്ളിയിലേക്കുള്ള കടത്തുവള്ളക്കാരന്‍ പിള്ള ചേട്ടനെ വീട്ടില്‍ പോയി ഉണര്‍ത്തണം. എങ്ങനെയൊക്കെ പോയാലും ആദ്യം പള്ളിയില്‍ എത്തുന്ന കാര്യത്തില്‍ ചില വര്‍ഷങ്ങളില്‍ മാത്രമേ തോറ്റിട്ടുള്ളൂ. രണ്ട്‌ മണിക്ക്‌ തുടങ്ങിയാല്‍ പെസഹാ കുര്‍ബാന കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ രാവിലെ 8 മണി. അമ്മ രാത്രിയില്‍ തന്നേ നല്ല കുമ്പിളപ്പമോ കൊഴുക്കട്ടയോ ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടായിരിക്കും അതുകൊണ്ട്‌ രാവിലത്തെ ഭക്ഷണം പ്രശ്‌നമില്ല. ഹോ! ഇനി അടുത്തത്‌ ദുഃഖവെള്ളിയാഴ്‌ച, അത്‌ ഇത്രയും പാടില്ല, ഇടയ്‌ക്കു മൊയ്‌തീന്റെ കടയില്‍ നിന്ന്‌ നാരങ്ങാ വെള്ളവും കാപ്പിയും ഒക്കെ കുടിക്കാന്‍ കിട്ടുന്ന അവസരമാണ്‌, പോരാത്തതിന്‌ നല്ല കഞ്ഞിയും പയറും അവലുവിളയിച്ചതും കടുകുമാങ്ങയും കൂട്ടിയുള്ള `കഞ്ഞികുടി' അതും മണ്‍ചട്ടിയില്‍! പിന്നെ രണ്ടു ദിവസവും കൂടിക്കഴിഞ്ഞാല്‍ ഉയര്‍പ്പായി, വലിയ നോമ്പിനു തിരശ്ശീല വീഴും.

ഇടക്കൊക്കെ ഓര്‍ക്കും, ഇതൊക്കെ ശരിയാണോയെന്ന്‌, പക്ഷെ പ്രായം കൂടി വന്നപ്പോള്‍ മാത്രമാണ്‌ അതില്‍ അന്തര്‍ലീനമായ കുറച്ച്‌ നന്മകള്‍ കാണാന്‍ സാധിച്ചത്‌. അതൊന്നും എഴുതിയിട്ട്‌ ഒരു കാര്യവുമുണ്ടെന്ന്‌ തോന്നുന്നില്ല, വെറുതേ ചില പ്രതികരണങ്ങള്‍ സമ്പാദിക്കാം എന്നതൊഴിച്ച്‌.

ഒരു കാര്യം ഉറപ്പായി, നോമ്പ്‌ എടുക്കുന്നതൊന്നും വൃഥാവല്ല. പക്ഷെ അതൊന്നും നാലുനേരവും വെള്ളമടിച്ച്‌ എല്ലാത്തിലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ആളുകള്‍ക്ക്‌ മനസ്സിലാകണമെന്നില്ല, അല്ല, അവരിത്‌ മനസ്സിലായേ പറ്റൂ എന്ന നമ്മുടെ നിര്‍ബന്ധബുദ്ധിയാണ്‌ മിക്കപ്പോഴും നമ്മളെ വിഷമത്തിലാക്കുന്നത്‌.

നോമ്പെടുക്കുന്നത്‌ അത്ര വലിയ കാര്യമൊന്നുമല്ല, പക്ഷെ നമ്മള്‍ തീരുമാനിച്ചെടുക്കുന്ന നോമ്പ്‌, പലപ്പോഴും നമ്മളെക്കൊണ്ട്‌ മുടക്കം വരാതെ തീര്‍ക്കുവാന്‍ കഴിയില്ല. ആരും നിര്‍ബന്ധിക്കാതെ സ്വയം 50 ദിവസത്തെ വ്രതം എടുക്കുമെന്ന്‌ നമ്മളോട്‌ നാം കൊടുത്ത വാക്ക്‌ നമ്മള്‍ക്ക്‌ പൂര്‍ത്തീകരിക്കാന്‍ പറ്റില്ലെന്നിരിക്കെ, മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തില്‍ തന്ന വാക്കുകള്‍ അവര്‍ പാലിക്കാതെ വരുമ്പോള്‍ നമ്മള്‍ക്ക്‌ അവരോട്‌ ദേഷ്യം തോന്നുന്നതില്‍ എന്ത്‌ കാര്യം? നമ്മള്‍ നമ്മോട്‌ കാണിക്കുന്ന ഈ വിട്ടുവീഴ്‌ച, സമൂഹത്തിന്‌ മൊത്തമായി കൊടുക്കുമ്പോള്‍ മാത്രമാണ്‌ സമൂഹത്തിലെ ചെറിയ ചെറിയ നന്മകളെ നമുക്ക്‌ ആസ്വദിക്കുവാനും അംഗീകരിക്കാനും സാധിക്കുന്നത്‌.

ദൈവപുത്രനായ യേശു ഭൂമിയില്‍ ജനിച്ച്‌ 30 വര്‍ഷത്തോളം ജീവിച്ചിട്ടും ഒരു പ്രശ്‌നവും ഉണ്ടായില്ല. ആര്‍ക്കും യേശു ഒരു വെല്ലുവിളി ആയിരുന്നില്ല. ഒരു നല്ല മനുഷ്യന്‍, കഴിവും പ്രാപ്‌തിയും വിവേകവുമുള്ളവന്‍ എന്ന്‌ മാത്രമേ എല്ലാവരും കരുതിയിരുന്നുള്ളു, തന്റെ വൈരിയായ പിശാചിന്‌ പോലും ഒന്നും മനസ്സിലായില്ല എന്നതാണ്‌ വളരെ ആശ്ചര്യമാകുന്നത്‌. പിശാചിന്‌ യേശു ഒരു പ്രതിയോഗിയായത്‌ താന്‍ യോഹന്നാന്‍ സ്‌നാപകനില്‍ നിന്നും, സ്‌നാനം സ്വീകരിച്ച്‌ തന്റെ പരസ്യ ശുശ്രൂഷക്ക്‌ മുന്‍പ്‌ 40 ദിവസം നൊന്‌പെടുത്തപ്പോള്‍ മാത്രമാണ്‌. അതല്ലെങ്കില്‍ പിശാച്‌ ആരുമറിയാതെ പണ്ടേ യേശുവിനെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയേനെ. യേശുവിന്റെ അടുത്ത നടപടി മാനവരാശിയെ മുഴുവനും പാപത്തിന്റെയും മ്ലേച്ചതയുടെയും ലോകത്തുനിന്ന്‌ മോചിപ്പിക്കാനാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ്‌ പിശാച്‌ തന്റെ സര്‍വ്വ ശക്തിയുമുപയോഗിച്ച്‌ പ്രതിരോധിച്ചത്‌. പക്ഷെ യേശു അതിനെയൊക്കെ അതിജീവിച്ച്‌ പിശാചിന്റെ പരീക്ഷണങ്ങളില്‍ വീഴാതെ അവനെ തോല്‍പ്പിച്ചു എന്നതാണ്‌ യേശുവിന്റെ വിജയം.

നമ്മള്‍ നോമ്പില്‍ ഉപേക്ഷിക്കുന്നതൊക്കെ വെറും താല്‌ക്കാലികം മാത്രം. കള്ള്‌ കുടിക്കില്ല നോമ്പിന്റെ സമയത്ത്‌, പക്ഷെ കര്‍ത്താവിനെ കുരിശില്‍ കയറ്റി കബറടക്കാന്‍ ദുഃഖവെള്ളിയാഴ്‌ച പള്ളിയില്‍ പോകുന്ന പലരും, ദുഃഖ ശനിയാഴ്‌ച കള്ള്‌ കടക്ക്‌ മുന്‍പില്‍ ക്യു നില്‍ക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. അതായത്‌ പണ്ട്‌ നാരാണത്ത്‌ ഭ്രാന്തന്റെ കഥയില്‍ അദ്ദേഹം കല്ലുരുട്ടി കഷ്ടപ്പെട്ട്‌ മല മുകളില്‍ കയറ്റും, എന്നിട്ട്‌ മുകളില്‍ ചെന്നതിനു ശേഷം അത്‌ ഉരുട്ടി താഴോട്ട്‌ വിടും. ആ വീഴ്‌ച കണ്ട്‌ ആര്‍ത്ത്‌ അട്ടഹസിക്കും. ഇതല്ലേ നമ്മുടെ ഇന്നത്തെ നോമ്പുകളുടെ സ്ഥിതി? കുഴപ്പമൊന്നുമില്ല, നമ്മളിലെ നാരാണത്ത്‌ ഭ്രാന്തന്മാരെ ഒന്ന്‌ കാണുവാനും ജീവിതം ഇട്ടുരുട്ടിക്കളിക്കുമ്പോള്‍ അത്‌ നോക്കി ഹൃദയം തുറന്ന്‌ ആസ്വദിക്കാനും സാധിക്കാന്‍ കഴിയുമെങ്കില്‍.

യേശുക്രിസ്‌തു നോമ്പെടുത്തത്‌, മാനവരാശിയെ തങ്ങളുടെ പാപങ്ങളില്‍ നിന്ന്‌ മോചനം കൊടുക്കാനാണ്‌. മഹാത്മാ ഗാന്ധി ഉപവസിച്ചതും നിരാഹാരമിരുന്നതും ഇന്ത്യ എന്ന മഹാ രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കുവാനും അതുവഴി അവര്‍ക്ക്‌ സ്വതന്ത്രിയവും ലോകത്തിന്‌ ഒരു പുതിയ മുഖവും നല്‍കാനായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌, സമരവും പ്രാര്‍ത്ഥനയും നടത്തിയത്‌ അമേരിക്കയില്‍ എല്ലാ ജന വിഭാഗത്തിനും തുല്യ അവകാശം ലഭിക്കാനും ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനും ആയിരുന്നു. ശ്രീ നാരായണ ഗുരു സമൂഹത്തിലെ തൊടീലും തീണ്ടലും നീക്കാനും, എല്ലാവര്‍ക്കും അവരുടെ ദൈവത്തെ ആരാധിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനും വേണ്ടിയാണ്‌ ജീവിതം ഉഴിഞ്ഞുവച്ചത്‌. ഇങ്ങനെ നോക്കിയാല്‍ ഇവരെല്ലാവരും തങ്ങളുടെ ജീവന്‍ പോലും പണയം വച്ചാണ്‌ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്‌. അപ്പോള്‍ നിങ്ങള്‍ ഈ നോമ്പിന്റെ കാലത്ത്‌ എന്തിനുവേണ്ടിയായിരിക്കും ഈ നൊന്‌പെടുക്കുക? ഇന്ന്‌ നിങ്ങളുടെ ജീവന്‍ പകരം കൊടുത്താല്‍ പോലും നഷ്ടമില്ലെന്ന്‌ കരുതുന്ന ആ ഒരു കാര്യം, അതെന്തായാലും അതിനുവേണ്ടി നോന്‌പെടുക്കുക. അത്‌ ലഭിക്കുന്നത്‌ വരെയും കര്‍മനിരതരായിരിക്കുക, ഒരു കാര്യം ഉറപ്പിച്ച്‌ പറയാം. അതെന്ത്‌ തന്നെയായാലും അത്‌ നടന്നിരിക്കും, കാരണം നിങ്ങളുടെ ആത്മാര്‍ഥമായ വിശ്വാസവും, വിശ്വാസത്തിനൊത്ത പ്രവര്‍ത്തനവും അത്‌ നിങ്ങള്‍ക്ക്‌ നേടിത്തരും. പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നുമില്ലാതെ വെറുതേ നോമ്പെടുക്കുന്നത്‌ കൊണ്ട്‌ ആര്‍ക്കും ഒരു പ്രയോജനവുമില്ല. നിനളുടെ ജീവിതത്തിലെ സുപ്രധാന ദിവസങ്ങളായി ഈ നോമ്പുകാലം മാറട്ടേയെന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌...

സ്‌നേഹപൂര്‍വ്വം
ചെറിയാന്‍ ജേക്കബ്‌
വലിയ നോമ്പിലെ ചെറിയ ചിന്തകള്‍ (ചെറിയാന്‍ ജേക്കബ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക