അദ്ധ്യായം-15
ഫോം ഓഫീസീലെ നീണ്ട കാത്തിരിപ്പില്‍ സഹികെട്ട റൊസാരിയോ പല തവണ പുറത്ത് പോയി ചുരുട്ട് വലിച്ച് മടങ്ങി വന്നു.
“ഇനിയും തീര്‍ന്നില്ലേയീ ഇടപാട്. ഈ കാത്തിരിപ്പാണ് മടുക്കുന്നത്.”
“ഇനി രണ്ടു നമ്പര്‍ കൂടി കഴിഞ്ഞാല്‍ നമ്മുടേതാണ്. റൊസാരിയോ, മടുത്തെങ്കില്‍ പുറത്ത് ടൗണിലൊക്കെ പോയി കറങ്ങീട്ടു വാ.”
“അതു വേണ്ട ഞാനിവിടെ വെയ്റ്റ് ചെയ്യാം. നിന്റെ കാര്യം കഴിയട്ടെ അതാണ് പ്രധാനം.”
റോസാരിയോ അങ്ങനെയാണ്.
അയാളിലേക്ക് ഇറങ്ങി ചെന്നാല്‍ സ്‌നേഹത്തിന്റെ ഒരു നദിയാണ്. പരിഭവവും, സ്‌നേഹവും, സ്‌നേഹ നിഷേധവും, കുറ്റബോധവുമൊക്കെയുളള മുകളില്‍ തട്ടില്‍ മുഖം താഴ്ത്തിയാല്‍ അടിത്തട്ട് വരെ കാണുന്ന തെളിഞ്ഞ നദി. വിസയടിച്ച് പുറത്തിറങ്ങിയപ്പോള്‍ റൊസാരിയോ പറഞ്ഞു:
“മാഞ്ചസ്റ്ററിലെത്തിയാല്‍ നമ്മള്‍ നേരെ സ്പാനിഷ് പവ്വിലേക്ക് പോകുന്നു. ഇന്ന് നിന്റെ വിസയുടെ ആഘോഷമാണ്.”
അതു കേട്ട് ടോണി നിസ്സംഗഭാവത്തില്‍ ചിരിച്ചു.
“ഇതിനെന്താണിത്ര സന്തോഷിക്കാന്‍. കുറേ മുമ്പായിരുന്നുവെങ്കില്‍ ഞാനീ വിസ കിട്ടിയ സന്തോഷത്തില്‍ തുളളിചാടിയേനേ. ഇപ്പോള്‍ എന്തോ വലിയ സന്തോഷം തോനുന്നില്ല.”
“എന്തു പറ്റി”
“സത്യം പറയാം റൊസാരിയോ, നിങ്ങള്‍ കാത്തിരിക്കുന്നില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനിത്തവണ തിരിച്ചു വരില്ലായിരുന്നു. എന്തോ എന്റെ പ്രിയപ്പെട്ട പുഴയും ഗ്രാമവും അതിന്റെ വിശുദ്ധിയുമൊക്കെ വിട്ട് അന്യദേശത്തേക്ക് നാട് കടത്തപ്പെട്ടവനെപോലെ ജീവിച്ച് മടുത്തു.”
“ശരിയാണ് പ്രവാസജീവിതം ഒരു തരത്തില്‍ നാട് കടത്തല്‍ തന്നെയാണ്. എനിക്ക് എന്റെ സ്വന്തം പേരില്‍ ഒരു മടങ്ങി പോക്ക് അസാദ്യമാണ്. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞാല്‍ പിന്നെ നെഞ്ചില്‍ കൂട് തകര്‍ക്കുന്ന വെടിയുണ്ട വരാന്‍ അധികം താമസം ഉണ്ടാവില്ല. എനിക്ക് വേണമെങ്കില്‍ ഈ വാര്‍ധക്യത്തില്‍ എന്നെയാരും തിരിച്ചറിയാത്തതു കൊണ്ട് അപരിചിതന്റെ കുപ്പായം അണിഞ്ഞ് എല്ലാം കണ്ടിട്ട് വരാം”
റൊസാരിയോയുടെ കണ്ണുകള്‍ നിറഞ്ഞു.
അവരില്‍ നീണ്ട മൗനം പിടികൂടി.
മാഞ്ചസ്റ്ററിലേക്കുളള ട്രെയിനില്‍ മുഖാമുഖം ഇരിക്കുമ്പോള്‍ റൊസാരിയോ പറഞ്ഞു:
“ഞാനൊരിക്കല്‍ വരുന്നുണ്ട് നിന്റെ നാട്ടില്‍. നിന്റെ വെളളാരം കല്ല് വിരിച്ച പുഴ കാണാന്‍”
“പോരെ, ഞാന്‍ കൊണ്ടുപോകാം”
പവ്വിലെ ഓപ്പണ്‍ സ്വകയറില്‍ ഇരുന്ന് ബിയര്‍ കുടിക്കുന്നതിനിടയില്‍ റൊസാരിയോ പറഞ്ഞു:
“ടോണി, നീയൊരുതരത്തില്‍ ഭാഗ്യവാനാണ്. നിന്നെ കാത്തിരിക്കാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ എന്നെപ്പോലുളള ഒരാള്‍ ജീവിച്ചാലും മരിച്ചാലും എല്ലാം ഒരുപോലെയാണ്. പിന്നെ ഇവിടെ മരിച്ചാല്‍ ഒരു ഗുണം ഫ്യൂണറല്‍കാര്‍ക്ക് ഫീസ് കൊടുക്കുന്നത് കൊണ്ട് അവര്‍ കുറേ കാലി വണ്ടികള്‍ കൂടെവിട്ട് ശവത്തിന് ശ്മശാനം വരെ കമ്പനി തരും.”
റോസാരിയോ പറഞ്ഞിട്ട് ഭ്രാന്തനെപ്പോലെ നിറുത്താതെ കുറെ പൊട്ടിച്ചിരിച്ചു. അവസാനം ശാന്തനായി മനസ്സില്‍ എരിയുന്ന കനലുമായി ചുരുട്ടില്‍ അഭയം തേടി. അപ്രതീക്ഷമായി അന്തരീക്ഷത്തിലേക്ക് ഒഴുകിയെത്തിയ ഒരു ഗാനം റൊസാരിയോയെ പിടിച്ചു കുലുക്കി.
നോ റ്റി ക്യൂറിയോ പെര്‍ഡെര്‍
ക്യൂ ലാ ഡിസ്റ്റന്‍സിയ സി
ഡിവോറ ന്യൂയിസ്ത്രാ മിയില്‍….
ആ ഗാനത്തിന്റെ വരികള്‍ ഹൃദയത്തില്‍ തൊട്ടതുപോലെ അയാളുടെ മുഖം ചുവന്ന് തുടുത്ത്, കണ്ണുകള്‍ നിറഞ്ഞൊഴുകി.
“എന്തു പറ്റീ റൊസാരിയോ”
“ഈ പാട്ട് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ പ്രിയ കാമുകി ലിസയ്ക്ക് ഞാന്‍ എപ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചെവിയില്‍ പാടി കൊടുക്കാറുണ്ടായിരുന്ന പാട്ടാണിത്.”
“കാമുകിയോ?”
“അതെ വശ്യതയാര്‍ന്ന വെളളാരക്കണ്ണുകളും, സ്വര്‍ണ്ണമുടിയുമുളള ഒരു സ്വിസ് സുന്ദരി. അവള്‍ക്കി നഗരത്തില്‍ തന്നെയുളള ഒരു കമ്പനിയിലായിരുന്നു ജോലി. ഞങ്ങള്‍ കുറച്ചു വര്‍ഷം ഒന്നിച്ചു താമസിച്ചു. ഒരിക്കല്‍ എന്തിനോ ഒരു തമാശയ്ക്ക് തുടങ്ങിയ വഴക്ക് അവസാനം കാര്യമായി വലിയ വഴക്കിലെത്തി. ഞാന്‍ ദേഷ്യം സഹിക്കാന്‍ കഴിയാതെ അവളെയന്ന് ആദ്യമായി കുറേ തല്ലി. പക്ഷേ അവളതിന്റെ ദേഷ്യത്തിന് ആ രാത്രി തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിപോയി. എനിക്ക് പിന്നീട് പശ്ചാത്താപം തോന്നി. ഞാന്‍ അവളോട് ക്ഷമ പറഞ്ഞ് കൂട്ടികൊണ്ടു വരാന്‍ അവളുടെ ജോലി സ്ഥലത്ത് ചെന്നപ്പോഴാണ് അറിഞ്ഞത് അവളവിടുന്ന് ജോലി രാജി വെച്ച് അവളുടെ ജന്മനാടായ ലോട്ടര്‍ബേണന് തിരിച്ച് പോയെന്ന്. അവള്‍ തീരുമാനിച്ചുറച്ചാണ് പോയതെന്ന് തോന്നിയപ്പോള്‍ പിന്നെ അവളെ കാണാന്‍ പോയിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. എന്തോ, ഇപ്പഴീ പാട്ട് കേട്ടപ്പോള്‍ എന്റെ മനസ്സ് പഴയ ഓര്‍മ്മകളിലേക്ക് തിരിച്ച് പോയി. പിരിഞ്ഞിട്ട് എത്രയോ വര്‍ഷമായി. എന്നിട്ടും എന്റെ മനസ്സിന്റെ ഒരു കോണില്‍ ഇപ്പോഴും അവളുണ്ട്. വീണ്ടും അവളെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് മനസ്സ് വെറുതെ ആഗ്രഹിച്ചു പോകുന്നു.”
എനിക്ക് നിന്നെ നഷ്ടപ്പെടാന്‍ കഴിയില്ല.
ദൂരം നമ്മുടെ സ്‌നേഹത്തെ വിഴുങ്ങി
വിശ്വാസം നഷ്ടപ്പെടുത്തും.
“നമുക്ക് അവരെ കാണാന്‍ പോകാം.”
അതു കേട്ട് റൊസാരിയോ കുലുങ്ങി ചിരിച്ചു.
“ഞാനീ വൃദ്ധന്റെ ഒരു അതിമോഹം പറഞ്ഞതാണ്. അവളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ എനിക്ക് അിറയില്ല. ലോട്ടര്‍ ബോണന് ഇവിടുന്ന് കുറെ ദൂരമുണ്ട്. അത് സ്വിസ് ആല്‍പ്‌സിലെ ഒരു മനോഹരമായ ഒരു ഗ്രാമമാണ്.”
“നമുക്ക് പോകാന്നേ, ഇവിടുന്ന് അവിടെ വരെയും ട്രയിനുണ്ട്. പിന്നെന്താ കുഴപ്പം”
ടോണി ആത്മാര്‍ത്ഥമായിട്ടാണ്. പറയുന്നതെന്ന് തോന്നിയപ്പോള്‍ റൊസാരിയോ വികാരാധീനനായി.
“നീയിങ്ങനെ ഉറച്ചു പറയുമ്പോള്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു പോകുന്നു.”