10. ഈ എഴുത്ത് മറ്റാരെയും കാണിക്കരുത്
മേരി തുറന്നുനോക്കി.
“എന്താ ചേച്ചീ അയാള് എഴുതിയിരിക്കുന്നത്?” അമ്മിണിക്കു ജിജ്ഞാസയായി. മേരിക്കു പേടിയും.
“ഒന്നു പതുക്കെപ്പറ് മോളേ.” മേരി ശാസിച്ചു: “ഇവിടെ വെട്ടമില്ല, ഞാനിതു പുറത്തുകൊണ്ടുപോയി വായിച്ചിട്ടുവരാം.”
“ഞാന്‍കൂടെ വരാം ചേച്ചീ.”
“വേണ്ട, വായിച്ചിട്ടു ഞാന്‍ വന്നു പറയാം. നീ ഇവിടിരുന്നോ.”
“മിഠായി മേടിച്ചുതരാവോ?”
“നോക്കട്ടെ.” മേരി എണീറ്റു പര്യമ്പ്രത്തെ മറപ്പുരയുടെ അടുത്തുചെന്നു നിന്നു. അവള്‍ സിനിമാപ്പാട്ടുപ്പുസ്തകത്തിന്റെ ഉള്ളില്‍ ആ എഴുത്തു വച്ചിട്ടു വായിച്ചു. ആരെങ്കിലും കണ്ടാല്‍ അവള്‍ വായിക്കുന്നത് എഴുത്തല്ലെന്നു തോന്നണം. ആ കത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
“പ്രിയമുള്ള മേരിക്ക്.
ഈ എഴുത്തു മറ്റാരെയും കാണിക്കരുത്. അറിയിക്കയുമരുത്. മേരിയുടെ മനോഹരമായ രൂപം എന്റെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വാസ്തവത്തില്‍ അന്നു രാത്രിയില്‍ നീ ആ സാരിയണിഞ്ഞു നിന്നപ്പോള്‍ നീ ഒരു മാലാഖയാണെന്ന് എനിക്കു തോന്നിപ്പോയി. നിന്നെപ്പോലെ സുന്ദരിയായ ഒരു യുവതിയെ ഞാന്‍ കണ്ടിട്ടില്ല. സ്‌നേഹിക്കാന്‍ അറിയാവുന്ന ഒരു ഹൃദയം എനിക്കുണ്ടു മേരീ. എന്റെ വേദനിക്കുന്ന ഹൃദയത്തിന് ആശ്വാസം നല്‍കുന്നതിന് ഈ ലോകത്തില്‍ നിനക്കുമാത്രമേ കഴിയൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. നീ എന്നെ ഉപേക്ഷിച്ചാല്‍ ഞാന്‍ മരിക്കും. അതു തീര്‍ച്ചയാണ്.”
“നിന്നോടു നേരിട്ടു കാര്യങ്ങള്‍ പറയാനായിരുന്നു ഞാന്‍ വന്നത്. നീ എന്നെ തെറ്റിദ്ധരിച്ചിരിക്കും. എന്റെ ഹൃദയം എന്തെന്ന് അറിഞ്ഞിരുന്നെങ്കില്‍ നീ പുറത്തേക്ക് ഓടിപ്പോയ്ക്കളയുകയില്ലായിരുന്നു.”
“ഞാന്‍ ഈയിടെയായി എന്നും നിന്നെ സ്വപ്നം കാണുന്നു. എന്റെ സ്വപ്നം എന്നെങ്കിലും ഫലിക്കുമോ? ഞാന്‍ കുബേരനല്ല. എങ്കിലും നിര്‍ദ്ധനനല്ല. നിന്നെ ഒരു രാജകുമാരിയെപ്പോലെ ഭാഗ്യവതിയാക്കാന്‍ എനിക്കു കഴിയും. എനിക്കു ബാങ്കില്‍ നിക്ഷേപമുണ്ട്. നിന്നെ ഞാന്‍ പട്ടുവസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളുംകൊണ്ട് അലങ്കരിക്കും. ഒരു ചെറിയ സ്ഥലം വാങ്ങി ഒരു വീടുവച്ചു നിന്നെ ഞാന്‍ അതിലെ രാജ്ഞിയായി വാഴിക്കും. നിന്റെ ഒരു അടിമയായി ജീവിതകാലം മുഴുവനും നിന്നെ പരിചരിക്കുന്നതില്‍ ഞാന്‍ അഭിമാനംകൊള്ളും. എന്റെ എല്ലാ സ്വത്തുക്കളും നിന്റെ പേരില്‍ ഞാന്‍ എഴുതിത്തരും. നിന്റെ അപ്പനെയും അമ്മയെയും വല്യമ്മയെയും ഞാന്‍ സംരക്ഷിച്ചുകൊള്ളാം. അമ്മിണിയെ ഞാന്‍ സ്വന്തം മകളെയോ കുഞ്ഞുപെങ്ങളെയോ പോലെ ലാളിച്ചു വളര്‍ത്തി പഠിപ്പിച്ചു മിടുമിടുക്കിയാക്കും.”
“ഞാനൊരു രണ്ടാംകെട്ടുകാരനായതുകൊണ്ടു നിനക്കെന്നോടു വെറുപ്പുണ്ടായിരിക്കാം. എന്നാല്‍ എന്റെ ഹൃദയം എന്തെന്നറിയുമ്പോള്‍ നീ എന്നെ സ്‌നേഹിക്കും. എനിക്കു മുപ്പതുവയസ്സേ ആയിട്ടുള്ളൂ. ഞാന്‍ പുനര്‍വിവാഹത്തിനു ആഗ്രഹിച്ചിരുന്നില്ല. ഏതൊരു യുവതിയും എന്റെ ഭാര്യാപദത്തിന് ആഗ്രഹിക്കും എന്നും എനിക്കറിയാം. എന്റെ ഭാര്യ മരിച്ചപ്പോള്‍ സ്ഥലംവിട്ടു പോകണം എന്നതയിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ, നീ എന്നെ ആകര്‍ഷിച്ചു. അതുകൊണ്ടാണു ഞാന്‍ ഇവിടെത്തന്നെ താമസിക്കുന്നത്.”
“നിന്റെ അനുകൂലമായ മറുപടിക്കുവേണ്ടി ഞാന്‍ നിമിഷങ്ങള്‍ എണ്ണിയെണ്ണി കാത്തിരിക്കുകയാണ്. നീ സമ്മതിച്ചാല്‍ മതി. തോമ്മാച്ചേട്ടനേയും തറതിച്ചേടത്തിയേയും ഞാന്‍ സമ്മതിപ്പിച്ചുകൊള്ളാം. എനിക്കിങ്ങനെ ഒരാഗ്രഹം ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ സസന്തോഷം സമ്മതിക്കും. എനിക്കൊരു കാശുപോലും സ്ത്രീധനം വേണ്ടാ. പത്തോ രണ്ടായിരമോ രൂപാ വേണമെങ്കില്‍ ഞാന്‍ അങ്ങോട്ടുതരാം. ആഭരണങ്ങളും.”
“ഒരു കാര്യംകൂടെ. ഞാന്‍ തൊട്ടടുത്താണു താമസിക്കുന്നത്. രാത്രിയില്‍ എല്ലാവരും ഉറക്കംപിടിച്ചുകഴിഞ്ഞു നിനക്ക് എന്റെ വീട്ടിലേക്കു വരാമോ? ഇന്നു രാത്രിയില്‍ ഞാന്‍ കതകു തുറന്നിട്ടു നിനക്കുവേണ്ടി ഉറക്കമിളച്ചു വടക്കേ വേലിക്കല്‍ കാത്തിരിക്കും. തനിച്ചു തമ്മില്‍ ഒന്നു കാണാന്‍ സാധിച്ചാല്‍ നീ എന്നെ സ്‌നേഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ എഴുത്തിന്റെ കൂടെ എന്റെ പ്രേമത്തിന്റെ ചുംബനവും ഉണ്ട്.”
“എന്റെ മേരീ! നീ എന്റെ ദേവതയാണ്… എന്റെ മാലാഖയാണ്….എന്റെ ആത്മാവിന്റെ ആത്മാവാണ്… നിനക്കുവേണ്ടി എന്റെ ഹൃദയം ദാഹിക്കുകയാണ്. ദാഹിച്ചു ചാമ്പലാകുംമുമ്പു നീ വരുമോ? രാത്രി നീ വരണം… തീര്‍ച്ചയായും വരണം… ജീവിതത്തില്‍ നിനക്കിതേവരെ ലഭിച്ചിട്ടില്ലാത്ത ഒരു സമ്മാനം നിനക്കായി ഞാന്‍ സൂക്ഷിക്കുന്നുണ്ട്….”
“അമ്മിണിയുടെ കൈവശം മറുപടി കൊടുത്തയ്ക്കണം…. എഴുതാന്‍ വയ്യാത്ത പല കാര്യങ്ങളും ഉണ്ട്. അതു തമ്മില്‍ കാണുമ്പോള്‍ പറയാം. ഇന്നു രാത്രി.
എന്ന്, എന്റെ ഓമനയുടെ
സ്വന്തം സക്കറിയാസ്.”
മേരി ആ എഴുത്തു രണ്ടാവര്‍ത്തികൂടെ വായിച്ചു. ആരെങ്കിലും കണ്ടോ? ഇല്ല. ചുറ്റും നോക്കി. ആരുമില്ല. റബ്ബര്‍ മരങ്ങളുടെ അങ്ങേപ്പുറത്തു സൂര്യന്‍ നില്‍പ്പുണ്ട്. കണ്ടുകാണും. റബ്ബര്‍ മരങ്ങള്‍ തലയാട്ടുന്നു. ഉച്ചയുടെ ചൂടു കുറഞ്ഞിരിക്കുന്നു. അമ്മവരും. അവള്‍ എഴുത്തുകീറി പല കഷ്ണങ്ങളാക്കി. വാഴച്ചുവട്ടില്‍ കാലുകൊണ്ടുതന്നെ അവള്‍ മണ്ണിളക്കി. എന്നിട്ട് ആ കഷ്ണങ്ങള്‍ മണ്ണിലിട്ടു മൂടിക്കളഞ്ഞു. കാലുകൊണ്ടുതന്നെ ആ മണ്ണ് അവള്‍ ചവുട്ടി ഉറപ്പിച്ചു. ഒരു പ്രേമലേഖനത്തിന്റെ ശവസംസ്‌കാരമായിരുന്നു അത്.
നേരത്തേ അവള്‍ ഊഹിച്ചിരുന്നതാണ്. കറിയായുടെ നേട്ടങ്ങളും പെരുമാറ്റങ്ങളും എല്ലാം അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ സ്‌നേഹം അവന്‍ നേരത്തെ ഒരു സ്ത്രീക്ക്, അവന്റെ ആദ്യത്തെ ഭാര്യയ്ക്ക്, നല്‍കി കഴിഞ്ഞു. ആ സ്‌നേഹത്തില്‍നിന്ന് അവനു രണ്ടു സന്താനങ്ങള്‍ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. ആ പ്രേമത്തിന്റെ എച്ചിലിനുവേണ്ടി അവന്‍ അവളെ ക്ഷണിക്കുന്നു. ആ കൈയില്‍ സ്വല്പം കാശുണ്ടെന്നുവച്ച്, അതുകൊണ്ട് ഒരു ഹൃദയത്തെ വിലയ്ക്കു വാങ്ങാനൊക്കുമോ? അവന്റെ ജഡികമായ ഉപയോഗത്തിനുവേണ്ടി അവളെ വിലയ്ക്കുവാങ്ങാന്‍ വന്നിരിക്കുന്ന കശാപ്പുകാരന്‍! അവള്‍ യുവതിയും സുന്ദരിയും ആയതുകൊണ്ടുമാത്രം അവന്‍ കച്ചവടത്തിനു തയ്യാറായി എന്നേയുള്ളൂ.
ആ എഴുത്തു വലിച്ചുകീറി ആ കാമഭ്രാന്തന്റെ മുഖത്ത് എറിയേണ്ടതായിരുന്നു. അതൊടൊപ്പം ആ സാരികളും ആ ആഭരണപ്പൊതിയും. അവന്റെ പ്രേമം!... ആ കത്തില്‍പറഞ്ഞിരിക്കുന്നതിനേക്കാള്‍ മധുരോദാരങ്ങളായ വാര്‍ത്തകള്‍ അവന്‍ അവന്റെ ആദ്യത്തെ ഭാര്യയുടെ കാതുകളില്‍ മന്ത്രിച്ചിരിക്കുകയില്ലേ?
ആ എഴുത്തിന്റെ വിവരം അപ്പനോടു പറഞ്ഞാലോ? അപ്പന്‍ അവനെ അടിക്കും. പറപ്പിക്കും അവിടെനിന്ന്. അതുവേണ്ട. കറിയാ ഒരു മനുഷ്യനാണ്. അവള്‍ സുന്ദരിയാണ്. അവളെ അവന്‍ മോഹിക്കുന്നു. അതിന് അവനവകാശമുണ്ട്. അവന്റെ അഭിലാഷത്തെ നിഷേധിക്കാന്‍ മേരിക്കും അവകാശമുണ്ട്. അത്രയും മതി. അയാളെ ആ ദിവാസ്വപ്നത്തില്‍ നിന്നുയര്‍ത്തി യാഥാര്‍ത്ഥ്യത്തിന്റെ പകല്‍വെളിച്ചത്തിലേക്ക് ഇറക്കി വിടാന്‍ അവള്‍ ബാദ്ധ്യസ്ഥയായിരിക്കുന്നു. അയാള്‍ പണക്കാരനല്ലേ? ലോകത്തില്‍ വേറെ എത്രയോ പെണ്ണുങ്ങളുണ്ട്. പോയി ഒന്നിനെ കെട്ടട്ടെ. അയാള്‍തന്നെ എഴുത്തില്‍ പറയുന്നുണ്ടല്ലോ. പെണ്ണുങ്ങളായ പെണ്ണുങ്ങളെല്ലാം അയാളെ അങ്ങനെ കാത്തിരിക്കുകയാണെന്ന്.
മറുപടി കൊടുത്തയയ്ക്കണമത്രേ. ഉടനെ കൊടുത്തയയ്ക്കാമല്ലോ. “ആ വെള്ളം അങ്ങു വാങ്ങിവച്ചേക്ക്” എന്ന് ഒരു കടലാസ്സില്‍ എഴുതി അമ്മിണിയുടെ കൈയില്‍ കൊടുത്തുവിടുക.
മേരി ആ മറപ്പുരയില്‍നിന്നു പിന്‍വാങ്ങി. വടക്കുവശത്തെ ചെറിയ വാതില്‍ക്കല്‍ വന്നുനിന്ന് അവള്‍ ഒന്നുകൂടി ചിന്തിച്ചു. സ്വയംവരത്തിനു മൂന്നുപേര്‍ തയ്യാറാണ്. വലിയവീട്ടിലെ സുഭഗനായ ജോയി, പട്ടാളക്കാരന്‍ മാത്തുക്കുട്ടി, യൂക്കാലിപ്‌സ് കച്ചവടക്കാരനെ കൈയോടെ തഴയുക. കാരണം, അവള്‍ക്കു രണ്ടാംകെട്ടുക്കാരന്റെ ഭാര്യയാകണ്ട. പിന്നെ ശേഷിക്കുന്നതു പട്ടാളക്കാരനും ജോയിയുമാണ്. അവരില്‍ ജോയിയെയാണ് അവള്‍ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്നത്. പട്ടാളക്കാരന്റെ ഫോട്ടോയെ കണ്ടിട്ടുള്ളൂ. തെറ്റില്ല. ആള്‍ യോഗ്യനാണ്. പക്ഷേ, ജോലി പട്ടാളത്തിലാണല്ലോ. ഇഷ്ടംപോലെ വരാനോ പോകാനോ രാജിവയ്ക്കാനോ വയ്യാത്ത ഒരു ജോലിയാണത്. അവളുടെ കഴുത്തില്‍ മിന്നുകെട്ടിയിട്ടു കുറെനാള്‍ ഒന്നിച്ചു താമസിച്ചിട്ടു തിര്യെപ്പൊയ്ക്കളയും അങ്ങങ്ങു ദൂരെ. വിളിച്ചാല്‍ വിളികേള്‍ക്കാത്ത നാട്ടില്‍, യുദ്ധക്കളത്തില്‍ അവന്‍ പടവെട്ടാന്‍ പോകും. ചിലപ്പോള്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ചെന്നുവരാം. അവന്‍ മരിച്ചാല്‍ അവള്‍ വിധവയാകും. ഒരു വിധവയെ വിവാഹം കഴിക്കാന്‍ ആരും ഉണ്ടാവുകയില്ല. വിഭാര്യനു വേറെ പെണ്ണുങ്ങളെ കിട്ടും. വിധവയ്ക്ക് ആണുങ്ങളെ കിട്ടാന്‍ വിഷമമാണ്. അതാണു ലോകഗതി, ലോകനീതി.
സ്ത്രീധനം വേണമെന്നത് അക്കച്ചേടത്തിക്കു നിര്‍ബന്ധമാണുതാനും. അവളുടെ അപ്പന്‍ പാവം! എങ്ങിനെയുണ്ടാക്കും സ്ത്രീധനപ്പണം. അദ്ദേഹം രാപ്പകല്‍ എല്ലുനുറുങ്ങെ പണിയെടുത്തിട്ടാണ് ആ കുടംബം പട്ടിണികൂടാതെ ഇരുണ്ടും വെളുത്തും മുന്നോട്ടു നീങ്ങുന്നതുതന്നെ. കടന്നാലോചിച്ചാല്‍ ആ പട്ടാളക്കാരനുമായുള്ള വിവാഹത്തിനു സമ്മതം മൂളാന്‍ നിവൃത്തിയില്ല. അവനെ വിവാഹം കഴിച്ചാല്‍ കണ്ണീരായിരിക്കും അവളുടെ ജീവിതത്തിലെ നീക്കിബാക്കി. വേണ്ട, അതുവേണ്ട.
ജോയിയോടണവള്‍ക്കിഷ്ടം. അവന്‍ സുന്ദരനാണ്. അവന്‍ അവളെ സ്‌നേഹിക്കുന്നുണ്ട്. അവന്‍ നല്‍കിയ ചുംബനത്തിന്റെ മധുരിമ ഹൃദയത്തില്‍ ഊറിയൂറി നില്‍ക്കുന്നു. അതോര്‍ത്തപ്പോള്‍ കോരിത്തരിക്കുകയാണ്. സ്ത്രീ സൗന്ദര്യത്തിനുമുമ്പില്‍ ചക്രവര്‍ത്തിമാര്‍പോലും മുട്ടുമടക്കിയിട്ടുള്ള കഥകള്‍ അവള്‍ കേട്ടിട്ടുണ്ട്. വെറും കെട്ടുകഥകളല്ല. നടന്ന സംഭവങ്ങള്‍! ജോയി അവളെ സ്‌നേഹിക്കുന്നത് അവളെ അവന്റെ മണവാട്ടിയാക്കാന്‍വേണ്ടിയാകുന്നു. അവള്‍ അദ്ദേഹത്തിന്റെ മണവാട്ടിയായാല്‍… ഹോ… അതിനപ്പുറത്തേക്കു ചിന്തിക്കുകകൂടി സാദ്ധ്യമല്ല… എന്തായിരിക്കും അവളുടെ പദവി… എന്തൊരു ഭാഗ്യമായിരിക്കും അത്… പണ്ടൊരു കാക്കാത്തി അവളുടെ കൈയ് നോക്കി പറഞ്ഞിട്ടുണ്ട് വല്യവല്യ ഒരു പണക്കാരനായിരിക്കും അവളെ കല്യാണം കഴിക്കുന്നതെന്ന്… അവള്‍ക്ക് അഞ്ചു മക്കളുണ്ടാകുമെന്ന്…. മൂന്നാണും രണ്ടു പെണ്ണും…. എന്നിട്ട് എണ്‍പതു വയസ്സുവരെ ജീവിച്ചിരിക്കുമെന്ന്…. കൈരേഖ ഫലിക്കുന്നതാണ്. അല്ലെങ്കില്‍ പാവപ്പെട്ട അവളെ ആ പ്രഭുകുമാരന്‍ സ്‌നേഹിക്കുന്നു എന്നുപറഞ്ഞത് എന്തിന്? പറയുകമാത്രമല്ല… സ്‌നേഹത്തിന്റെ മുദ്ര അവളില്‍ അദ്ദേഹം പതിക്കുകയും ചെയ്തിരിക്കുന്നു…. യാതൊരു പാപവും അവള്‍ ചെയ്തിട്ടില്ല. അതുകൊണ്ടു ദൈവം അവളെ അനുഗ്രഹിക്കുമെന്ന് അവള്‍ക്കു വിശ്വാസമുണ്ട്… അവള്‍ ജോയിയുടെ ഭാര്യയായിക്കഴിഞ്ഞാല്‍പ്പിന്നെ, അവളുടെ അപ്പനും അമ്മയും കഷ്ടപ്പെടേണ്ടി വരുകയില്ല… അവര്‍ക്കും അവളോടൊപ്പംതന്നെ നല്ലകാലം ഉണ്ടാകും. എങ്കിലും ഒരു സംശയം അവശേഷിക്കുന്നുവല്ലോ… അവളെ വിവാഹം കഴിക്കാനാണു ജോയി ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹം എന്തുകൊണ്ടു ആ വിവരം അവളുടെ അപ്പനോടും അമ്മയോടും പറഞ്ഞില്ല?....അവള്‍ക്കു സമ്മതമാണെന്ന് അദ്ദേഹത്തിനു ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു!... എന്തുകൊണ്ട് അദ്ദേഹം ഒളിക്കുന്നു?... അതു മാത്രമാണു മനസ്സിലാകാത്തത്. ഒരു പക്ഷേ, അവളെ വ്യഭിചരിച്ചു തൃപ്തിയടയാനായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം. എങ്കില്‍ അതു നടപ്പുള്ള കാര്യമല്ല…. മേരിയുടെ മുഖത്തു സംശയങ്ങള്‍ നിഴല്‍ വീശി. അവള്‍ക്കു ഭയംതോന്നി… ജോയി അവളെ ചതിക്കാനായിരിക്കും വട്ടംകൂട്ടുന്നത്. അങ്ങനെത്തന്നെ തട്ടിപ്പുകളിലൊന്നിലും വീഴുന്നവളല്ല പൂത്തേടത്തു തോമ്മായുടെ മകള്‍ മേരി.
പാവം പണ്ടന്‍ കറിയാ…. അയാള്‍ അവളുടെ മറുപടിക്കത്തിനുവേണ്ടി കാത്തിരിക്കുകയാണ്… ജീവിതകാലം മുഴുവനും അവളുടെ അടിമയായിക്കഴിയുക എന്നതായിരിക്കുമത്രേ അയാളുടെ ജീവിതസൗഭാഗ്യം… അവളെ അയാള്‍ രാജകുമാരിയാക്കുമെന്ന്…. അവളുടെ കുടംബത്തെ അയാള്‍ രക്ഷിച്ചുകൊള്ളാമെന്ന്… അമ്മിണിയെ അയാള്‍ പഠിപ്പിച്ചു മിടുമിടുക്കിയാക്കാമെന്ന്…. അമ്മിണിയെ അയാള്‍ പഠിപ്പിച്ചു മിടുമിടുക്കിയാക്കാമെന്ന്… സ്ത്രീധനം ഒന്നും കൊടുക്കണ്ടാ എന്ന്…. പത്തോ രണ്ടായിരമോ ഇങ്ങോട്ടു തരാമെന്ന്…. പണ്ടാരത്തിപ്പാറു പറഞ്ഞവാക്കുകള്‍ മേരി ഓര്‍ത്തു. അവന്റെ സ്വഭാവം നല്ലതാണെന്ന്…. രണ്ടാംകെട്ടുകാരനായതുകൊണ്ട് അവള്‍ക്കെന്തു ചേതം? അദ്ദേഹം ചെറുപ്പക്കാരനാണ്…. ജോയിയോളം, മാത്തുക്കുട്ടിയോളം അയാള്‍ അത്രസുന്ദരനല്ലെങ്കിലും കാണാന്‍ വര്‍ക്കത്തുള്ളവനാണ്. എന്താണ് അയാള്‍ക്കു കുറ്റം? ഒന്നുമില്ല. യോഗ്യനാണ്. പാകതവന്നവനാണ്. അവളുടെ ചൊല്‍പ്പടിക്കു നിന്നുകൊള്ളും. എത്രയോ രണ്ടാംകെട്ടുകാര്‍ കന്നിപ്പെണ്ണുങ്ങളെ കെട്ടുന്നു! അവള്‍ക്കും അതിനു സമ്മതിച്ചാലെന്താണ്! ഒന്നുമില്ല.
അവള്‍ അകത്തേക്കു കയറി.
അമ്മിണി തറയിലിരുന്നു നോട്ടുബുക്കില്‍ പെന്‍സില്‍കൊണ്ട് എന്തോ പടങ്ങള്‍ വരയ്ക്കുകയായിരുന്നു.
“എന്താ ചേച്ചീ, എഴുത്തില്‍?” അമ്മിണി ചോദിച്ചു.
“ഒന്നുമില്ല മോളെ.” മേരി പറഞ്ഞു. അവള്‍ നോട്ടുബുക്കിന്റെ ഒരു എഴുതാത്ത താളില്‍നിന്ന് ഒരു ശകലം വലിച്ചുകീറി.
“ഒത്തിരി എഴുതീട്ടൊണ്ടാരുന്നല്ലോ?” അമ്മിണി ചോദിച്ചു.
“അതൊരു കഥയായിരുന്നു മോളെ.”
“എന്നാ കതയാ?”
“ഒരപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ.”
“നമ്മുടെ പിലീയപ്പൂപ്പന്റേം അമ്മൂമ്മേടേം കതയാണോ?”
“അല്ല വേറൊരു അപ്പൂപ്പനും അമ്മൂമ്മേം.”
“എന്നോടാക്കതയൊന്നു പറേത്തില്ല ചേച്ചീ?”
“പറയാം പിന്നെ.”
“പിന്നെപ്പറേമാ?”
“പറയാം.”
“പറഞ്ഞില്ലെങ്കില്‍ ഞാന്‍ എല്ലാരോടും പറേം, ചേച്ചിക്കു കറിയാച്ചേട്ടന്‍ എഴുത്തു തന്നെന്ന്.”
“പറഞ്ഞാല്‍ ദോഷംകിട്ടും, നീ പറയത്തില്ലെന്നു മുമ്പെ ആണയിട്ടതല്ലേ? പറഞ്ഞാല്‍ നീ ചത്തു കഴിഞ്ഞു പിശാചുക്കള്‍ വന്നു നിന്നെ എടുത്തോണ്ടു നരകത്തിലെ തീക്കക്തതു കൊണ്ടുചെന്നിടും.”
“നരകത്തില്‍ മുഴുവനും തീയാണോ ചേച്ചീ?”
“പിന്നല്ലേ? ഭയങ്കരമായ തീയ്.”
“യ്യോ!... എന്നാല്‍ പറേത്തില്ല.”
“നീ എഴുത്തുകൊണ്ടുചെന്നു കറിയാച്ചേട്ടനു കൊടുക്കാമോ?”
മേരി ആ കടലാസു തുണ്ടില്‍ മറുപടി എഴുതി.
“എന്തു ചേച്ചീ, അപ്പൂപ്പന്റേം അമ്മൂമ്മേടേം കതയാണെങ്കില്‍ ആരോടും പറേല്ലന്നു പറഞ്ഞതെന്തിനാ?”
“എല്ലാം അറിഞ്ഞാല്‍ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒക്കെ ഇവിടെ വടിയുംകുത്തിവന്നു നിന്നെ തല്ലും, അതുകൊണ്ടാ.” മേരി പറഞ്ഞു.
“ആണോ!” പാവം അമ്മിണി അതു വിശ്വസിച്ചു.
മേരി ആ കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു: 'വരാം' ഇന്നു രാത്രി… എന്നു മേരി. അവള്‍ ആ കടലാസ് മടക്കി അമ്മിണിയെ ഏല്പിച്ചു.
“ഇതും അപ്പൂപ്പന്റേം അമ്മൂമ്മേടേം കതയാണോ ചേച്ചീ?” അമ്മിണി എഴുത്തും വാങ്ങിക്കൊണ്ടു ചോദിച്ചു. ഇതു തീരെ കൊച്ചുകതയാ… തീരെക്കൊച്ച് അപ്പൂപ്പന്റേം അമ്മൂമ്മേടേം കതയായിരിക്കും ഇല്ലേ ചേച്ചീ?”
“നീ ഇതുകൊണ്ടുചെന്നു കറിയാച്ചേട്ടനു കൊടുത്തേച്ച് ഓടിവാ. ആരും കാണരുത് കേട്ടോ, അമ്മച്ചി ഇപ്പ വരും…”
“ചേച്ചീ കതപറേണം കേട്ടോ. ഞാനാരോടും പറേത്തില്ല.” അമ്മിണി എഴുത്തുംകൊണ്ടു കറിയായുടെ വീട്ടിലേക്ക് ഓടിപ്പോയി.
മേരി ഓലച്ചെറ്റയുടെ പഴുതില്‍ക്കൂടി നോക്കി. കറിയാ അയാളുടെ വീടിന്റെ തിണ്ണയില്‍ ജിജ്ഞാസയോടെ കാത്തുനില്‍ക്കുകയായിരുന്നു. അമ്മിണി കയറിച്ചെന്ന അയാള്‍ക്ക് എഴുത്തുകൊടുക്കുന്നതും അയാളതു വായിക്കുന്നതും, അമ്മിണിയെ ചുംബിക്കുന്നതും അകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നതും കണ്ടു.
വഴിയിലോ അപ്പുറത്തെ കൊല്ലന്റെ ആലയിലോ കിണറ്റുങ്കരയിലോ ഉള്ളവര്‍ ആരുതന്നെ ആ രംഗം കണ്ടില്ല.
അമ്മിണി വല്ലതും പറഞ്ഞുപിടിപ്പിക്കുമോ? എഴുത്തിന്റെ കാര്യമെങ്ങാന്‍ അപ്പനറിഞ്ഞാല്‍ അവളുടെ തല വീശിക്കളയും.
ഏതായാലും ഇന്നുരാത്രി, എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ അവള്‍ ആ മനുഷ്യന്റെ വീട്ടിലേക്കു പോകും. അയാള്‍ അനാവശ്യം വല്ലതു പറഞ്ഞെങ്കില്‍, അനാശാസ്യമായി അവളെ തൊടുവാനോ പിടിക്കുവാനോ ശ്രമിച്ചെങ്കില്‍ എന്തുചെയ്യും? എന്തുചെയ്യണം? അവളുടെ വീട്ടില്‍ വച്ചാണെങ്കില്‍ അവള്‍ക്കു വിളിച്ചുപറയാം. രാത്രിയില്‍ ഒറ്റയ്ക്ക് അവള്‍ അങ്ങേവീട്ടില്‍, അതും ഒരു പുരുഷന്‍ തനിച്ചു താമസിക്കുന്നിടത്തു പോകുന്നത് ആരെങ്കിലും കണ്ടാല്‍? അറിഞ്ഞാല്‍? അതോടെ അവളുടെ ജീവിതം അവസാനിച്ചതുതന്നെ. അപ്പീലില്ലാത്ത കാര്യമാണ്.
പോകണമോ, വേണ്ടയോ?
എഴുത്തു കൊടുത്തുപോയി! ഇനി പോകാതെ തരമുണ്ടോ? ഓ! പോയില്ലെങ്കില്‍ എന്താണു തരക്കേട്? പക്ഷേ, തന്റെയും തന്റെ കുടുംബത്തിന്റെയും നല്ലൊരു ഭാവിക്കുവേണ്ടിയുള്ള ഒരു തുടക്കം ആയിരിക്കില്ലേ അത്?
തറതി വന്നു.
“എന്ത്യേടീ അമ്മിണി?” അവര്‍ ചോദിച്ചു.
“ആ ഇവിടെങ്ങാണ്ടൊണ്ടാരുന്നു.” മേരി പറഞ്ഞു.
“നീ ഇവിടെന്തെടുത്തോണ്ടിരിക്യാരുന്നെടീ? എന്തെടീ കെട്ടാമറിയേ, ങെ?” അടുക്കളയിലേക്കു കയറിക്കൊണ്ട് അവര്‍ ശകാരിച്ചു.
“എന്താടീ അടുപ്പില്‍ തീകത്തിക്കാത്തത്? നോക്കിക്കെ അടുപ്പുകെടക്കുന്ന ഒരു കെടപ്പ്!” കോഴികള്‍ കയറി അടുപ്പിലെ ചാരം ചികഞ്ഞു തറയിലെല്ലാം വിതറി എന്നുതന്നെയല്ല, നാലഞ്ചുണക്കച്ചില്ലാന്‍ ചട്ടിയിലിട്ടു വച്ചിരുന്നതു കൊത്തിവിഴുങ്ങുകയും ചെയ്തിരിക്കുന്നു.
കുപിതയായ ആ തള്ള ഒരു ഈര്‍ക്കലിച്ചൂലുമായി തിണ്ണയിലേക്കു പാഞ്ഞു. മേരി മുറ്റത്തേക്കു ചാടിക്കളഞ്ഞു.
“ചുമ്മാണ്ടല്ല നീ ഇരിക്കുന്നിടത്ത് ഉപ്പം കുരുക്കുന്നത്.” തറതി ചൂലുകെട്ടും കുലുക്കിക്കൊണ്ടു പറഞ്ഞു: “കെട്ടാമറിയാ… ചുമ്മാണ്ടല്ലെടീ നെനക്കു മങ്ങല്യയോകം ഒണ്ടാകാത്തത്… അല്ല അവള് ആത്തേരമ്മ ചമഞ്ഞ്, ഇരുന്ന ഇരുപ്പ്… അതിയാനിങ്ങു വരട്ടെ. എന്റെ കര്‍ത്താവേ! ഇതാര്‍ക്കു വച്ചിരുന്ന പാട്! എടീ മേരിപ്പെണ്ണേ, ഇങ്ങോട്ട് വാ, അടുപ്പിലെ തീയൊന്നു കത്തിക്കാന്‍…”
“അമ്മച്ചിയെന്നെ തല്ലാതിരിക്കാമോ?” മേരി വടക്കെ പര്യത്തൂടെച്ചെന്ന് അടുക്കളയിലേക്കു കയറിക്കൊണ്ട് അഭ്യര്‍ത്ഥിച്ചു.
“ഓ നിന്നെത്തള്ളി… എന്നെക്കാള്‍ നാലെരട്ടിയൊള്ള നിന്നെ ഞാനെന്നാ തള്ളാനാ…” തറതി ദേഷ്യപ്പെട്ടു ചൂലുവലിച്ചെറിഞ്ഞു. ഇറയത്ത് ഒരു ഇറമ്പു ചേര്‍ന്ന് ചുരുണ്ടുകൂടിക്കിടന്നിരുന്ന കൈസറിന്റെ പള്‌ലയ്ക്കാണ് ഏറു കൊണ്ടത്. അത് 'ഹയ്യോ ഹയ്യോ' എന്നു കരഞ്ഞുകൊണ്ടു ചെറ്റയ്ക്കിടയില്‍ക്കൂടി നുഴഞ്ഞു പുറത്തേക്കു ചാടിക്കളഞ്ഞു.
“എന്തോന്നാടി തറീ, നീ പെണ്ണിനെ വഴക്കുപറേന്നത്?” അന്നത്തള്ള കട്ടിലിലിരുന്നുംകൊണ്ടു ചോദിച്ചു: “നീ പീടിയേല്‍ പോയിട്ടു പോല ഞെട്ടു മേടിച്ചാണ്ടു വന്നില്ലേടീ?”
“ഓ മുതുക്കി തൊടങ്ങി. കര്‍ത്താവേ! ഇതെന്തൊരു കുരിശ്… നിങ്ങളെന്തോന്നിനാ ഈ കട്ടിലേത്തന്നെ ഇങ്ങനെ കുത്തിയിരിക്കുന്നത്? പെറ്റുകെടക്ക്വാണോ… എന്നെക്കാളാരോക്യമുണ്ടു മുതുക്കിക്ക്… കള്ളത്തീറ്റി തിന്നാന്‍ അങ്ങനെയിരിക്കുന്നു….” തറതി അങ്ങനെ തുള്ളുകയാണ്. പക്ഷേ, ഇത്രകണ്ടു കലികയറുന്നതിനുമാത്രം അവിടെ ഒന്നും സംഭവിച്ചിരുന്നില്ലതാനും.
“നിന്റെ കഴുത്തേല്‍ മിന്നുകെട്ട്യേപ്പിന്നെയാടീ എന്റെ ചെറുക്കന്‍ മുടിഞ്ഞത്…” കിഴവിയും ചൊടിച്ചു.
“ഓ, അല്ലേല്‍ ഇവരെന്തു മാടമ്പിമാരാരുന്നെന്നറിഞ്ഞില്ലേ?” തറതി പറഞ്ഞു: “നിങ്ങടെ അഹങ്കാരമാ കുടുംബത്തെ മുടിപ്പിച്ചത്… ദൈവം തമ്പിരാന്‍ ഒരിക്കലും പൊറുക്കാത്ത പാപമാ നെഗളം.. അല്ല, നിങ്ങക്കും ആകുവാരുന്നല്ലോഅടുപ്പിലെ തീയൊന്നു കത്തിക്കാന്‍… ഉവ്വാവൊന്നുമില്ലല്ലോ…”
“എന്തോന്നാടീ തറതീ വഴക്ക്?” അക്കച്ചേടത്തി ബഹളം കേട്ടു കയറി വന്നു.
“ഒന്നുമില്ലെന്റെ തള്ളേ!” തറതിക്കു വലിവും കിതപ്പും തുടങ്ങി. അവര്‍ ചുവരില്‍ ചാരി തിണ്ണയില്‍ വെറും നിലത്തിരുന്നു. അക്കത്തള്ള മുറ്റത്തേക്കു കാലിട്ടുംകൊണ്ട് ഇളംതിണ്ണയില്‍ സ്ഥാനം പിടിച്ചു.
“പെണ്ണു വളര്‍ന്നാല്‍ പാണ്ടിപ്പറേനും പിടിച്ചുകൊടുക്കണമെന്നാ പഴമക്കാരു പറേന്നത്.” തറതി തന്റെ പരാധീനതയുടെ ഭാണ്ഡം അഴിച്ചു.
“അതിനിപ്പം ഇവിടെന്തുപറ്റിയെടീ? അവലെ പാണ്ടിപ്പറേനും കോന്തിപ്പറേന്നും ഒന്നും കൊടുക്കണ്ട.” എപ്പോഴും മേരിയുടെ പക്ഷക്കാരിയാണ് “അക്കത്തള്ള. അവളെ നല്ല ആമ്പിള്ളേരു കെട്ടിക്കൊണ്ടുപോകും. നീ നോക്കിക്കോ.”
“ മാത്തുക്കുട്ടി എന്നു വരും അമ്മാമ്മേ?” തറതിയുടെ അരിശം തണുത്തു തുടങ്ങിയിരിക്കുന്നു.
“അവന്‍ അഞ്ചാറുദേവസിക്കകം വരുമെന്നാ എഴുത്ത്. കേട്ടോടീ തറതിയെ, ഒത്തെങ്കില്‍, അവന്‍ വന്നേച്ചു പോകുന്നേനുമുമ്പു കല്യാണം…. നീ തോമ്മായോട് അക്കാര്യം ഒന്നു ശൂര്‍മ്മയായിപ്പറയണം കേട്ടോ.”
“ഞാനെന്നും പറഞ്ഞോണ്ടാ ഇരിക്കുന്നെ എന്റെ തള്ളേ… എടീ മേരിപെണ്ണേ!”
“എന്താമ്മേ?” അടുപ്പിലെ വിറകുകൊള്ളികളിന്മേല്‍ മണ്ണെണ്ണ ഒഴിച്ചാണു മേരി തീ കത്തിച്ചത്. തീ ഊതിയൂതി അവളുടെ മുഖം ചെമന്നിരിക്കുന്നു. അടുപ്പിലെ ചാരം പറന്ന് അവളുടെ തലമുടിയിലും ചട്ടയിലും എല്ലാം വീണിരിക്കുന്നു.
“ആ കറിയാ ഒണ്ടോടീ അവിടെ? തറതി ചോദിച്ചു.”
“മേരി ഞെട്ടിപ്പോയി. ആ എനിക്കറിയാമ്മേലാ.” അവള്‍ പറഞ്ഞു.
“സ്വര്‍ണ്ണത്തിന്റെ വെലയൊന്നു തെരക്യേച്ചു പോരണമെന്ന് അവനോട് ഞാന്‍ പറഞ്ഞതു മറന്നുപോയാരിക്കും.”
“എന്തിനാ തറതി സ്വര്‍ണ്ണത്തിന്റെ വെല തെരക്കുന്നെ? മേരിയമ്മയ്ക്കു മാലതീര്‍പ്പിക്കാനാണോ? അക്കമ്മ ചോദിച്ചു. നമ്മുടെ പഴേരീതിയിലൊള്ള ചെയിന്‍മാല മതി. കേട്ടോടീ തറതിയെ. ഇപ്പോഴത്തെ ഓര പരിഷ്‌ക്കാരിപ്പെണ്ണുങ്ങളു കഴുത്തേല്‍ തൂക്കിയിട്ടോണ്ടു നടക്കുന്ന സാദനം കാണണം. കാര്‍ക്കിച്ചു തുപ്പും. ഞങ്ങടെയൊക്കെ കൊച്ചുനാളില്‍ കന്നാലിയുടെ കഴുത്തേല്‍ കെട്ടിത്തൂക്കുന്ന കൊട്ടിപോലിരിക്കും.”
അമ്മയും അക്കത്തള്ളയുംകൂടെയിരുന്നു പറയുന്ന കല്യാണക്കാര്യം മുഴുവനും കേള്‍ക്കാന് മേരിക്കു സാധിച്ചില്ല. കാരണം, പടിഞ്ഞാറെ പരിമ്പ്രത്തുകൂടെ അമ്മിണി അപ്പോഴേക്കും ചുറ്റിവളഞ്ഞു വടക്കേ വാതിലില്‍ക്കൂടെ ഒച്ചയുണ്ടാക്കാതെ അകത്തു കേറി. അവളുടെ കൈയില്‍ ഏതാണ്ടൊക്കെ സാധനങ്ങളുണ്ടായിരുന്നു.
“ചേട്ടന്‍ എന്തു പറഞ്ഞു മോളേ?” മേരി അവളുടെ ചെവിയില്‍ ചോദിച്ചു.
“വല്യ സന്തോഷമാരുന്നു.” അമ്മിണിയും സ്വരം പുറത്തുകേള്‍പ്പിക്കാതെ പറഞ്ഞു: “എന്നോടു വല്യഇഷ്ടമാരുന്നു. പട്ടുടുപ്പു മേടിച്ചു തരാമെന്നു പറഞ്ഞു.”
“നിനക്കൊത്തിരി ഉമ്മ തന്നോ?”
“ഇല്ല.” അമ്മിണി പറഞ്ഞു.
ദൈവമേ! അവള്‍ കൊച്ചിലേ കള്ളം പറഞ്ഞുതുടങ്ങിയല്ലോ. എങ്കിലും അക്കാര്യത്തെപ്പറ്റി കൂടുതലൊന്നും ചോദിക്കാന്‍ മേരി ധൈര്യപ്പെട്ടില്ല.അമ്മിണിയുടെ ചുണ്ടുകള്‍ ചെമന്നിരുന്നു.
“ആരാടീ അവിടെ കുശുകുശുക്കുന്നെ?” തറതി അടുക്കളയിലേക്കു കയറിച്ചെന്നു. അതിനുമുമ്പുതന്നെ അമ്മിണി അവളുടെ കടലാസുപൊതി വീഞ്ഞപ്പെട്ടിയുടെ പുറകില്‍ മറച്ചുവച്ചു.
“നീ എവിടാരുന്നെടീ അമ്മണീ ഇത്രേം നേരം?” തറതി ചോദിച്ചു.
“ഞാന്‍ പിള്ളേരുടെകൂടെ കളിക്യാരുന്നമ്മച്ചീ.” അമ്മിണി വീണ്ടും കള്ളം പറഞ്ഞു. എഴുത്തിന്റെ രഹസ്യം അവള്‍ ആരോടും പറയുകയില്ല എന്നു മേരിക്കു ബോദ്ധ്യമായി. അവളുടെ ഉല്‍ക്കണ്ഠയ്ക്കു ശമനമുണ്ടായി. എങ്കിലും അമ്മിണി കുഞ്ഞാണെങ്കിലും ഭയങ്കരിതന്നെ.
കാപ്പി അനത്തിക്കഴിഞ്ഞു.
അത്താഴത്തിന് അടുപ്പില്‍ വെള്ളംവച്ചു.
ആകാശത്തില്‍ പടിഞ്ഞാറെയറ്റത്തു മാത്രമേ അല്പം പ്രകാശമുണ്ടായിരുന്നുള്ളൂ. ഇരുട്ടിന്റെ സന്തതികളെക്കൂട്ടു വാവലുകള്‍ പറ്റം ചേര്‍ന്നും ഒറ്റയായും കിഴക്കോട്ടു പറന്നുകൊണ്ടേയിരിക്കുന്നു.
“നീയൊന്നു പോയി കുളിക്കൂ പെണ്ണേ!” മേരിയുടെ മുഷിഞ്ഞ വേഷം കണ്ടു തറതി പറഞ്ഞു. വാസ്തവമാണ്. കുളിക്കണം. അമ്മ പറഞ്ഞ കുത്തുവാക്കുകള്‍ അവളുടെ ഹൃദയത്തില്‍ തങ്ങിനില്‍പ്പുണ്ട്… അവള്‍ കെട്ടാമങ്കയാണെന്ന്… പെണ്ണു പുരനിറഞ്ഞു നിന്നാല്‍ പാണ്ടിപ്പറയനായാലും പിടിച്ചുകൊടുക്കണമെന്ന്. അവളുടെ വര്‍ക്കത്തുകൊണ്ടാണ് ഇത്രയും പ്രായമായിട്ടും അവളൈ ആരും കെട്ടിക്കൊണ്ടുപോകാത്തതെന്ന്… എന്നാല്‍ അവളെ കല്യാണം കഴിക്കാന്‍ ഇതാ സ്‌നേഹോദാരനായ ഒരു ചെറുപ്പക്കാരന്‍ കാത്തിരിക്കുന്നു. ആരും എങ്ങും ആലോചിച്ചു നടക്കേണ്ട. ഇന്നുരാത്രി അവള്‍ അദ്ദേഹത്തെ കാണും….കല്യാണക്കാര്യം ഉറപ്പിക്കും… ഭാവിയെപ്പറ്റി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കും…മതി. അദ്ദേഹം മതി… പട്ടാളക്കാരനും വേണ്ട, പണക്കാരനും വേണ്ട.
അവള്‍ തലയില്‍ വെളിച്ചെണ്ണ പുരട്ടി, സോപ്പുതേച്ചു മറപ്പുരയില്‍ നിന്നു കുളിച്ചു… മങ്ങിയ ഇരുട്ടത്ത് അപ്പുറത്തെ ജാലകത്തിലൂടെ യൂക്കാലിപ്‌സ് കച്ചവടക്കാരന്‍ കറിയായ്ക്ക് അവളുടെ മുഖം കാണുമായിരുന്നു. കുളികഴിഞ്ഞു മേരി മുണ്ടും ചട്ടയും മാറി. തലമുടി ചീകി പുറകിലേക്കു പിന്നിയിട്ടു. വെള്ളംകോരാന്‍ പോയപ്പോള്‍ കൊല്ലന്റെ കിണറ്റുംകരയില്‍നിന്ന് അവള്‍ പറിച്ചുകൊണ്ടുവന്ന കൊങ്ങിണിപ്പൂവ് തലമുടിയില്‍ തിരുകി. അമ്മിണി പുറകില്‍ക്കൂടിവന്ന് അവളുടെ തലമുടിയില്‍ ഇളം ചുവപ്പു നിറമുള്ള എന്തോ മണമുള്ള ദ്രാവകം പുരട്ടി. നല്ല സുഗന്ധം ഒരു ചെറിയ കുപ്പിയില്‍ ഇളം ചുവപ്പു നിറമുള്ള എന്തോ ഓയിലായിരുന്നു.
“ഇതെവിടുന്നാടീ അമ്മിണീ?”
“ചേട്ടന്റെ വീട്ടിന്ന്.” അമ്മിണി പറഞ്ഞു: നല്ല മണം! ഇല്ലേ ചേച്ചീ?”
“ഉം… ഇതു ചേട്ടന്‍ നിനക്കു തന്നതാണോ?”
“പിന്നല്ലേ, തേ ഇതുകണ്ടോ?” അമ്മിണി അവളെ വൃത്തത്തിലുള്ള ഒരു ചെമന്ന ഡപ്പി കാണിച്ചു.
“കണ്‍മഷിയോ? നോക്കട്ടെടീ.”
പര്യത്ത് സന്ധ്യയുടെ വെളിച്ചത്തിനെതിരായിനിന്നു പൊട്ടക്കണ്ണാടിയില്‍ നോക്കി ചെറുവിരലിന്റെ അറ്റത്ത് ആ മഷി പുരട്ടി അവള്‍ കണ്ണെഴുതി. കണ്ണാടിയില്‍ കണ്ട തന്റെ മുഖത്തില്‍ മേരി അഭിമാനം കൊണ്ടു. ഏറ്റവും സുന്ദരിയായിത്തന്നെ കറിയാ അവളെ കണ്ടു കൊള്ളട്ടെ. അവന്‍ എന്തെങ്കിലും അനാവശ്യത്തിനു മുതിര്‍ന്നാല്‍ ഓടിക്കളയും.
“എന്തോന്നാ പെണ്ണേ ഒരു മണം?” മേരി മണ്ണെണ്ണ വിളക്കു കത്തിച്ചു നടവാതില്‍ക്കല്‍ വച്ചപ്പോള്‍ തറതി ചോദിച്ചു.
“പൂവിന്റെ വാസനയാമ്മേ.” അമ്മിണിയെ കണ്ണിറുക്കിക്കാണിച്ചു കൊണ്ടു മേരി പറഞ്ഞു.
“നല്ല വാസനയാണല്ലോ മോളെ.” തറതി അഭിനന്ദിച്ചു. ആരാണു സുഗന്ധം ഇഷ്ടപ്പെടാത്തത്?
മേരിയും അമ്മിണിയും കണ്ണില്‍ക്കണ്ണില്‍ നോക്കി പുഞ്ചിരിച്ചു. കള്ളികള്‍! അമ്മിണി വളര്‍ന്നുവരുമ്പോള്‍ മേരിയേക്കാള്‍ സുന്ദരിയായിരിക്കും. ആ കണ്ണുകളുടെ അഴകും പുഞ്ചിരിയുടെ ഓമനത്തവും നുണച്ചുഴികളും വെളുത്ത ചെമന്ന നിറവും!
അന്നു നന്നേ ഇരുട്ടിയാണു തോമ്മാ വന്നത്. അയാളുടെ മടിയില്‍ ഏഴുരൂപായുടെ നോട്ടുകളും കുറേ ചില്ലറകളും ബീഡികളും ഉണ്ടായിരുന്നു.
“ചെറുക്കാ പോല മേടിച്ചോടാ?” അന്നത്തള്ള ചോദിച്ചു.
“മറന്നുപോയമ്മേ, ഇപ്പം മേടിപ്പിക്കാം. അമ്മിണീ!” തറതിയുടെ കൈയില്‍നിന്ന് ഇരുപതു പൈസായെടുത്ത് അമ്മിണിയുടെ കൈയില്‍ കൊടുത്തിട്ടു തോമ്മാ പറഞ്ഞു: “പതിനഞ്ചു പൈസായ്ക്കു പോല, അഞ്ചു പൈസ മോളു മിഠായി മേടിച്ചോ.”
“മിഠായി കറിയാച്ചേട്ടന്‍ തന്നപ്പാ, അഞ്ചുപൈസാ ഞാന്‍ എയര്‍പിന്‍ മേടിച്ചോട്ടെ!” അമ്മിണി ചോദിച്ചു.
“ങെ? എന്തോന്നാടി?” തോമ്മായ്ക്ക് അതിശയം തോന്നി.
“അപ്പാ തലേ കുത്തുന്നത്.” വാതില്‍ക്കല്‍നിന്നു മേരി വിശദീകരിച്ചു.
“ഉം മേടിച്ചോ. അവക്കു സുന്ദരിചമയാന്‍ മോഹം. എന്താ ചെയ്ക!” തോമ്മാ നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു.
പൈസായുംകൊണ്ട് അമ്മിണി കാതര്‍കാക്കായുടെ കടയിലേക്കോടി.
“അവളും വളന്നുവരികയല്യോ,” തറതി പറഞ്ഞു: “ഇപ്പഴേ വല്ലോം കരുതിക്കോ”
“തറതീ! പുറമ്പോക്കീന്ന് എല്ലാരെയും അടിച്ചിറക്കിവിടാന്‍ പോവാണെന്നു പറേന്ന കേട്ടു.” തോമ്മാ പറഞ്ഞു.
“ആര്? എന്തോന്നിന്?”
“നിന്റെ തന്ത. അല്ലാണ്ടാരാ? എടീ സര്‍ക്കാരു വഴിക്കു വീതി കൂട്ടാന്‍പോണത്രേ, എന്നിട്ടു താറിടാനോ ഏതാണ്ട് എന്ത്രം വലിച്ചോണ്ടു പോകാനോ!”
“എന്റെ കര്‍ത്താവേ! ഈ സര്‍ക്കാരുകാര്‍ക്കു കണ്ണിച്ചോരയില്ലേ!” തറതിക്കു നിരാശയുണ്ടായി. ഈ പാവങ്ങളെമാത്രം ഇങ്ങനെ ഊദ്രവിക്കുന്നതെന്തിനാ?”
“ആ വരുന്നേടത്തുവച്ചു കാണാം. മേരി, ശകലം ചൂടുവെള്ളം ഇങ്ങെടുത്തോണ്ടുവന്നേ.” തോമ്മാ ആവശ്യപ്പെട്ടു.
“കാപ്പിയൊണ്ടപ്പാ, ചൂടുപോയിക്കാണും.” മേരി പറഞ്ഞു.
“ആ കൊണ്ട്വാ.”
മേരി ഒരു കുടുവന്‍ പിഞ്ഞാണത്തില്‍ കാപ്പി പകര്‍ന്നു കൊണ്ടുവന്നു തോമ്മായുടെ മുമ്പില്‍ വച്ചു. തോമ്മാ അവളുടെ മുഖത്തേക്കൊന്നു നോക്കി. സൂക്ഷിച്ചുനോക്കി. ആ നോട്ടം കണ്ടപ്പോള്‍ മേരിക്കു പേടി തോന്നി. അവള്‍ പെട്ടെന്ന് അകത്തേക്ക് പൊയ്ക്കളഞ്ഞു. തറതി അടുക്കളക്കോണിലെ കാല്‍പെട്ടിയുടെ അരികില്‍ മുട്ടുകുത്തിയിരുന്ന് നോട്ടുകള്‍ എണ്ണി മുന്‍സമ്പാദ്യത്തിന്‌റെ കൂടെ വയ്ക്കുകയായിരുന്നു.
“മേരീ!” തോമ്മാ വിളിച്ചു.
“എന്തോ!” അകത്തുനിന്നു മേരി വിളികേട്ടു.
“ഇങ്ങു വന്നേടീ… ഇങ്ങോട്ടു വരാന്‍.”
മേരി വാതില്‍ക്കല്‍ വന്നു മറഞ്ഞുനിന്നു.
“എടീ ഇങ്ങു തിണ്ണയിലോട്ടു വരാന്‍…”
“ എന്തിനാപ്പാ?” അവള്‍ പതുക്കെ അദ്ദേഹത്തിന്റെ മുമ്പിലേക്കു ചെന്നു. എന്താണു കാര്യമെന്ന് അവള്‍ക്ക് ഒരു പിടിയും കിട്ടിയില്ല.
“കണ്ണെഴുതിയോ?” അയാള്‍ ചോദിച്ചു.
മേരി ഉത്തരം പറഞ്ഞില്ല.
“എന്തോന്നാ നിന്റെ തലേല്‍ പുരട്ടിയിരിക്കുന്ന സുഗന്ധതൈലം?”
കൊങ്ങിണിപ്പൂവാണെന്നു പറഞ്ഞാല്‍ തോമ്മാ വിശ്വസിക്കുകയില്ലെന്ന് അവള്‍ക്കറിയാം. അവള്‍ മിണ്ടിയില്ല. ഭയം തോന്നി.
എന്തെടീ മിണ്ടാതെ നില്‍ക്കുന്നെ? ങെ? രാത്രിയില്‍ ആരെക്കാണിക്കാനാ നീ ഇത്ര സുന്ദരി ചമഞ്ഞു നില്‍ക്കുന്നെ? എന്തെടീ?” തോമ്മാ എണീറ്റു.
“പെണ്ണേ, നീയിങ്ങു കേറിപ്പോരെടീ.” അകത്തുനിന്നു തറതി ഉപദേശിച്ചു. “ അവളു സുന്ദരിയായെന്ന്… പിന്നെന്നാ അവളു കോലംകെട്ടു നില്‍ക്കണോ?” അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ നിവൃത്തിയില്ലാതെ മേരി വിഷമിച്ചു. തോമ്മാ കൈനിവര്‍ത്ത് അവളുടെ കരണക്കുറ്റിക്ക് ഒരടിവച്ചുകൊടുത്തു.
“നിന്നോടു പണ്ടേ പറഞ്ഞിട്ടില്ലേ ഇവിടെ സുന്ദരത്തം ചമേണ്ടാന്ന് ങേ?”
“എന്തെടീ! എന്തെടീ!” വീണ്ടും അവളെ തല്ലാന്‍ അയാള്‍ കൈയോങ്ങി. പക്ഷേ, തറതി ഓടിവന്നു തടഞ്ഞു.
“നിങ്ങക്കിന്നെന്താ? കിറക്കുപിടിച്ചോ?... പോടീ മേരിപ്പെണ്ണേ അകത്ത്!”
“ ആ കറിയാച്ചേട്ടന്റെ വീട്ടിന്ന് അമ്മിണി കൊണ്ടുവന്ന് എന്റെ തലേല്‍ പെരട്ടിയതാ.” മേരി അകത്തേക്കു കേറിനിന്നുകൊണ്ടു കരഞ്ഞു.
“ പോല കൊണ്ടുവന്നോടാ, ചെറുക്കാ?” അന്നത്തള്ള അമ്പേഷിച്ചു.
“മാങ്ങാത്തൊലി കൊണ്ടുവന്നു.” തോമ്മാ ആക്രോശിച്ചു. “കാലം കെട്ട കാലം… തെമ്മാടികളുടെ കൂട്ട്!.... ചോദിക്കാനും പറയാനും സഹായിക്കാനും ഒരു പൂതരും ഇല്ലാത്ത ദിക്ക്!... തീ തിന്നുകൊണ്ടാ ഞാന്‍ നടക്കുന്നത്… അവളു രാത്രീല്‍ കണ്ണെഴുതി സെന്റു പുരട്ടി ഉടുത്തു ചമഞ്ഞു നില്‍ക്കുന്നു. വേശ്യാവീട്ടിലേക്കൂട്ട്…. കൊന്നു കുഴിച്ചിട്ടുകളേം പറഞ്ഞേക്കാം… അസത്ത്!”
“ഇന്നാപ്പാ പോല.” അമ്മിണി കടയില്‍നിന്നു വന്നു.
“അമ്മിണീ, നിനക്കാരുതന്നെടീ സെന്റ്.” തോമ്മാ ചോദിച്ചു.
“അത്… ആ… ആ… കറിയാച്ചേട്ടന്‍ തന്നതാപ്പാ. അപ്പനു വേണോ?” അമ്മിണി ചോദിച്ചു.
“അമ്മിണീ…” മേരി അവള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കി.
“കറിയായ്ക്ക് എന്താ കാര്യം പെമ്പിള്ളാര്‍ക്കു സെന്റും കണ്‍മഷീം പൗഡറും ഒക്കെ കൊടുക്കാന്‍…. ങെ?” തോമ്മാ മുറ്റത്തേക്കിറങ്ങി.
“കറിയാച്ചനുണ്ടോ അവിടെ?” അയാള്‍ വിളിച്ചുചോദിച്ചു.
“ഒണ്ട്. എന്താ തോമ്മാച്ചേട്ട?” കറിയാ വിളികേട്ടു. അവന്‍ അടുത്തെത്തി.
“കറിയാച്ചന്‍ എന്തോ ഉദ്ദേശിച്ചാ ഈ പെമ്പിള്ളേര്‍ക്കു സെന്റും കണ്‍മഷിയും ഒക്കെ കൊടുത്തയച്ചത്? ങേ? ഞാന്‍ ആളുചീത്തയാ. അറിയാമല്ലോ.” തോമ്മാ കയര്‍ത്തു.
“ഞാന്‍ കൊടുത്തയച്ചില്ല തോമ്മാച്ചാ.” കറിയാ പരുങ്ങി. അവന്റെ സ്വരത്തില്‍ ഭീതി കലര്‍ന്നിരുന്നു.
“അമ്മിണിക്കുട്ടി അവിടെ വന്നിരുന്നു. ഞാന്‍ മിഠായി മാത്രമേ കൊടുത്തൊള്ളൂ.”
“അമ്മിണീ!” തോമ്മാ ഒരു കാട്ടുച്ചെടിയില്‍നിന്ന് ഒരു കമ്പൊടിച്ചു. അമ്മിണി വിറച്ചുകൊണ്ടു തിണ്ണയുടെ കോണില്‍ നില്‍ക്കുകയായിരുന്നു. തോമ്മാ കയറിച്ചെന്ന് അവളുടെ കൈയ്ക്കു പിടിച്ചിട്ട് വടി ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു: “നീയെന്തിനാടീ കറിയായുടെ വീട്ടില്‍ നിന്നും സെന്റും കണ്‍മഷീം മോട്ടിച്ചത്?”
“അപ്പാ, ഇനീം ഞാന്‍ കക്കത്തില്ല. എന്നെ തല്ലരുത്…” അമ്മിണി ദയനീയമായി യാചിച്ചു. പക്ഷേ, തോമ്മായ്ക്ക് കലികയറിയതുപോലെ ആയിരുന്നു. ഘനമുളള വടികൊണ്ട് അവളെ അയാള്‍ കഠിനമായി മര്‍ദ്ദിച്ചു. മേരിയും തറതിയും തടസ്സം പിടിക്കാന്‍ ചെന്നു. അവനെ അയാള്‍ തട്ടിമാറ്റി. അമ്മിണി ദയനീയമായി നിലവിളിച്ചു. മേരിയും തറതിയും വാവിട്ടു കരഞ്ഞുപോയി. അമ്മിണിയെ അയാള്‍ കൊല്ലുമെന്നു തോന്നി. കറിയാ ഇടപെട്ടു. പക്ഷേ, കറിയായെ അയാള്‍ തള്ളിമാറ്റി. “ഇവളെ കൊല്ലണം… എല്ലാം ഞാന്‍ സഹിക്കും….കളവു ഞാന്‍ സഹിക്കുകയില്ല… ഇവള്‍ ചാകണം…” വീണ്ടും അവളെ അയാള്‍ ചപ്രം ചിപ്രം അടിക്കുകയാണ്.
“അയ്യോ ഓടിവരീനോ…. തല്ലിക്കൊല്ലുന്നേ!” തറതി ഉറക്കെ നിലവിളിച്ചു പോയി.
“എടാ തോമ്മാച്ചാ മതിയെടാ കുഞ്ഞിനെ തല്ലിയത്… എടാ മതിയെന്ന്… ഞാനാ പറഞ്ഞത്.” അന്നത്തള്ള കട്ടിലില്‍നിന്ന് ഉരുണ്ടുപിടഞ്ഞെണീറ്റു വന്നു തോമ്മായുടെ കൈക്കു കയറിപ്പിടിച്ചു. തോമ്മാ കുതറിയില്ല. വടി താഴെയിട്ടു.
“നീ എന്നാ ചെയ്ത്താടാ ഈ ചെയ്തത് എന്റെ കുഞ്ഞിനെ? എന്തെടാ ചെകുത്താനെ?” കിഴവി ആ ഒടിഞ്ഞ വടിയെടുത്തു തോമ്മായെ നലഞ്ചടി അടിച്ചു. തോമ്മാ ഒന്നും പറഞ്ഞില്ല. അയാള്‍ തിണ്ണയില്‍ ചെന്നു തല കുമ്പിട്ടിരുന്നു.
നിലവിളിയും ബഹളവും കേട്ടിട്ടും അയല്‍ക്കാര്‍ ആരും ഓടിവന്നില്ല. അതൊക്കെ അവിടെ നിത്യസംഭവങ്ങളാണ്. ആരും ഗൗനിക്കാറില്ല.
“എന്താടീ തറതീ അവിടെ ബഹളം?” മുറ്റത്തേക്കിറങ്ങിനിന്ന് അക്കച്ചേടത്തി മാത്രം ചോദിച്ചു. “പ്രാര്‍ത്ഥനയെത്തിക്കാന്‍ സമ്മതിക്ക്യേലല്ലോ…”
പീലിപ്പായിയും അക്കത്തള്ളയും വീണ്ടും പ്രാര്‍ത്ഥനയില്‍ വ്യാപൃതരായി.
അമ്മിണിയുടെ പുറവും തുടകളും പൊട്ടി ചോരയൊലിക്കുന്നു.
“ മുടിഞ്ഞ അടിയാരുന്നു.” ഏങ്ങലടിക്കുന്ന അമ്മിണിയെ കോരിയെടുത്തുംകൊണ്ടു പോകുന്നവഴി തരറതി പിരാകി. “പത്തുമാതം ചൊമന്നു നൊന്തു പെറ്റത് ഉമ്മിണി ദണ്ണമുണ്ടു കേട്ടോ, ഇങ്ങനെ ഉടുമ്പിനെ തല്ലിച്ചതയ്ക്കുന്നതുപോലെ എന്റെ കുഞ്ഞിനെ തല്ലാന്‍…” തറതി വിങ്ങിപ്പൊട്ടിക്കരഞ്ഞുപോയി. അവര്‍ ആ കുഞ്ഞിന്റെ ദേഹത്ത് എണ്ണ പുരട്ടി വെള്ളം അനത്തിത്തിരുമ്മി.
അന്നു രാത്രിയില്‍ അന്നത്തള്ളയും അമ്മിണിയും മാത്രമേ അത്താഴം കഴിച്ചുള്ളൂ. എല്ലാവരും നേരത്തെതന്നെ കേറിക്കിടന്നു.
അമ്മിണിയെ കെട്ടിപ്പിടിച്ചുകൊണ്ടു മേരി കിടന്നു. അമ്മിണി ഏങ്ങലടിച്ചുകൊണ്ടു കിടന്നു. ക്രമേണ ഉറങ്ങി.
മേരിക്ക് ഉറക്കം വന്നില്ല. അവളുടെ കരണം നോവുന്നു. അപ്പനോട് അവള്‍ക്കു വൈരാഗ്യം തോന്നി.
നേരം പാത്രിരാത്രിയോട് അടുത്തുകാണും. വിധിനിര്‍ണ്ണായകമായ രാത്രി. ഒന്നുകില്‍ ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക. ജീവിതം ഒന്നിനൊന്നു ഭീകരവും ദുഷ്‌കരവും ആയിക്കൊണ്ടിരുന്നു. അന്തമില്ലാത്ത ആഴത്തിലേക്കു താണുപോകുന്നതുപോലെ. എങ്ങും അന്ധകാരം മാത്രം. ആ ആഴത്തില്‍നിന്നും അവളെ കരകേറ്റാനുള്ള കൈകള്‍, ആ അന്ധകാരത്തില്‍ അവള്‍ക്കു കൈത്തിരികാണിച്ചുതരാനുള്ള കൈകള്‍ ഏതാനും വാര അപ്പുറത്ത് അവള്‍ക്കുവേണ്ടി നീട്ടപ്പെട്ടിരിക്കുന്നു. ദൈവം തന്ന ആ അവസരത്തെ പാഴാക്കിയാല്‍ പിന്നൊരിക്കലും അതു മടങ്ങി വന്നില്ലെന്നിരിക്കും. ഇന്നു രാത്രി എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ ചെല്ലാമെന്ന് അദ്ദേഹത്തെ അവള്‍ അറിയിച്ചിട്ടള്ളതാണ്. കറിയാ, സ്‌നേഹസമ്പന്നനായ കറിയാ… അവനില്‍ അവളുടെ രക്ഷകനെ അവള്‍ പ്രതീക്ഷിക്കുന്നു.
മേരി പയ്യെ എണീറ്റു. അല്പനേരം തഴപ്പായയില്‍ ഇരുന്നു ചെവിയോര്‍ത്തു. അപ്പന്റെയും വല്യമ്മച്ചിയുടെയും കൂര്‍ക്കംവലി കേള്‍ക്കാം.
“അമ്മേ!” അവള്‍ പയ്യെ വിളിച്ചു. തറതി വിളികേട്ടില്ല. അമ്മയും നല്ല ഉറക്കമാണെന്നു ബോദ്ധ്യമായി.
അവളെണീറ്റു.
ശ്വാസം അടക്കിക്കൊണ്ട് അവള്‍ അന്ധകാരത്തില്‍ അതാനും നിമിഷംനിന്നു. ചെവിയോര്‍ത്തു. കാറ്റത്തു റബ്ബറിന്‍ തലപ്പുകള്‍ ഇളകുന്ന ശബ്ദംപോലും ഭീകരമായിരുന്നു.
സമസ്തധൈര്യങ്ങളും സംഭരിച്ചുകൊണ്ട്… സമസ്ത പുണ്യവാന്മാരോടും പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ പയ്യെ ചെറ്റനീക്കി മുറ്റത്തിറങ്ങി. എന്നിട്ട് ചെറ്റ പഴയപടി അടച്ചു.
ഭയങ്കരമായ കൂരിരുട്ട്.
പ്രപഞ്ചകടാഹം മുഴുവനും നിശ്ശബ്ദമായിരിക്കുന്നു. ആകാശത്തില്‍ മേഘങ്ങളുടെ ഇടയ്ക്ക് അങ്ങിങ്ങായി ഏതാനും നക്ഷത്രങ്ങള്‍ നില്‍പ്പുണ്ടായിരുന്നു. അവള്‍ പര്യത്തുകൂടെ പയ്യെപയ്യെ നടന്നു. തെക്കേവശത്തുനിന്ന് അവള്‍ നോക്കി. വേലിക്കല്‍ ഒരാള്‍ നില്‍ക്കുന്നുണ്ട് എന്ന് അവള്‍ക്കു മനസ്സിലായി.
അവളുടെ ഹൃദയം ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു.
ഓരോ ചുവടും ഓരോ സമുദ്രം കടക്കുന്നതുപോലെയായിരുന്നു. ശരീരമാകെ ഭീതികൊണ്ടു വിറയ്ക്കുന്നു.
അവള്‍ വേലിക്കലെ കടമ്പയുടെ ഭാഗത്തേക്കു മെല്ലെ മെല്ലെ നടന്നു.