Image

വൈശാഖപൌര്‍ണമി ഭാഗം മൂന്ന് (കഥ)

സുനില്‍ എം.എസ്‌ Published on 25 March, 2014
വൈശാഖപൌര്‍ണമി  ഭാഗം മൂന്ന് (കഥ)

 
'ഭ്രാന്തുണ്ടോ' എന്ന്.

'കോന്‍' എന്നോ 'ആരാണ്' എന്നോ ഉള്ള ചോദ്യമാണു പ്രതീക്ഷിച്ചിരുന്നത്. പകരം തീരെ പ്രതീക്ഷിയ്ക്കാത്ത ചോദ്യമാണു കേട്ടത്. 'ഭ്രാന്തുണ്ടോ' എന്ന്!

ഭ്രാന്തുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു: ആളെ തിരിച്ചറിഞ്ഞിരിയ്ക്കുന്നു. പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യം ഒഴിവായിരിയ്ക്കുന്നു.

സദാനന്ദ് വിശാഖത്തിന്റെ കണ്ണുകളിലേയ്ക്കു നിര്‍ന്നിമേഷനായി നോക്കി നിന്നു. വിശാഖം കണ്ണുകളടച്ചു. കണ്ണുനീര്‍ ധാരധാരയായൊഴുകി.

'ഈ കവിളത്ത് കണ്ണുനീരിനി വേണ്ട.' സദാനന്ദ് കൈത്തലം കൊണ്ട് വിശാഖത്തിന്റെ കവിളുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു.

'സര്‍…' നഴ്‌സ് എഴുന്നേറ്റ് അടുത്തു വന്നു. 'ഉസ്‌കോ ഛുവോ മത്, സര്‍. ഡോണ്ട് ടച്ച് ഹെര്‍.' സദാനന്ദ് വിശാഖത്തിന്റെ കവിളത്തുനിന്ന് കൈത്തലം പിന്‍വലിച്ചു. നഴ്‌സ് വിട്ടില്ല. സാനിറ്റൈസര്‍ കൊണ്ടുവന്ന് ഇരു കൈത്തലങ്ങളും സാനിറ്റൈസ് ചെയ്തു. നഴ്‌സിന്റെ വെപ്രാളം കണ്ട് സദാനന്ദിനു ചിരി വന്നു.

വിശാഖം വീണ്ടും കണ്ണുകളടച്ചിരിയ്ക്കുന്നു.

ഭ്രാന്തുണ്ടോ ? വിശാഖത്തിന്റെ ചോദ്യം.

സദാനന്ദ് എഴുന്നേറ്റ് ജനലിനു സമീപം ചെന്നു. വെനീഷ്യന്‍ ബ്ലൈന്റ് വിടര്‍ത്തി.

പകല്‍വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മുംബൈ നഗരം. വിവിധതരം കാറുകളൊഴുകുന്ന തെരുവുകള്‍, മാനംമുട്ടുന്ന കെട്ടിടസമുച്ചയങ്ങള്‍. രണ്ടു കോടി ജനങ്ങള്‍ ആ തെരുവുകളില്‍, കാറുകളില്‍, രമ്യഹര്‍മ്മ്യങ്ങളില്‍ മരുവുന്നു. താനും അവരിലൊരാള്‍ തന്നെ.

അവരും താനും തമ്മില്‍ ഒരു വ്യത്യാസം മാത്രം. അവരില്‍ മിയ്ക്കവരും കാമാഠിപുരയിലെ കോണിച്ചുവട്ടിലെ ദയനീയചിത്രം കാണാന്‍ ഒരുമ്പെട്ടുകാണില്ല.

പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങള്‍, പീള കെട്ടിയ കണ്ണുകള്‍, ദുര്‍ഗന്ധം വമിയ്ക്കുന്ന, എല്ലിന്‍ കൂടു മാത്രമായിത്തീര്‍ന്ന ശരീരം...മുംബൈ നഗരചിത്രങ്ങളിലെ വൈരുദ്ധ്യങ്ങള്‍ എത്ര വലുത്!

വാസ്തവത്തില്‍ ഭ്രാന്തുണ്ടായിരിയ്ക്കണം. അല്ലെങ്കില്‍ മുംബൈയിലെ ജനം ചവച്ചുതുപ്പിയ ഒരു കരിമ്പിന്‍ ചണ്ടിയെ മാറോടടക്കിപ്പിടിച്ച് പ്രസിദ്ധമായ ബ്രീച്ച് കാന്റി ഹോസ്പിറ്റലില്‍ വന്നു കയറുകയില്ലായിരുന്നു. ഒരു തരം ഭ്രാന്തുള്ളവര്‍ക്കേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ.

ഈ അവസ്ഥയിലുള്ള രോഗികളെ അഡ്മിറ്റു ചെയ്യാറില്ല എന്ന് രോഗിണിയുടെ ഭീകരമുഖം കണ്ടയുടന്‍ കാഷ്വാലിറ്റിയിലെ ചെറുപ്പക്കാരനായ ഡോക്ടര്‍ പറഞ്ഞു. ഇത്ര വെറുക്കപ്പെട്ട രോഗം ബാധിച്ചിരിയ്ക്കുന്ന, ഈ സ്ഥിതിയിലെത്തിയിരിയ്ക്കുന്ന രോഗികളെ അഡ്മിറ്റു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്നായിരിയ്ക്കണം അര്‍ത്ഥം.

മടങ്ങിപ്പോകാനുള്ള ഭാവമില്ലെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ സീനിയര്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്യാന്‍ ജൂനിയര്‍ ഡോക്ടര്‍ പോയി. ഉടന്‍ തിരികെ വന്ന് രോഗിണിയെ സ്‌ട്രെച്ചറില്‍ അദ്ദേഹത്തിന്റെ മുറിയിലെത്തിച്ചു. രോഗിണിയെ ഒന്നു നോക്കിയതേയുള്ളു, സീനിയര്‍ ഡോക്ടറും ജൂനിയര്‍ ഡോക്ടറുടെ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു. അഡ്മിറ്റു ചെയ്യുക ബുദ്ധിമുട്ടാണ്.

വിശാഖം സ്‌ട്രെച്ചറില്‍ ബോധമറ്റു കിടന്നു.

ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു, രോഗിണി അത്യാസന്നനിലയിലാണ്. അഡ്മിറ്റു ചെയ്താല്‍ രോഗിണി രക്ഷപ്പെടും. ഇല്ലെങ്കില്‍...

ഡോക്ടര്‍ ഒരു മിനിറ്റ് ആലോചിച്ച ശേഷം പറഞ്ഞു, 'ഇവിടുത്തെ ചാര്‍ജ്ജുകള്‍ നിങ്ങള്‍ക്കു താങ്ങാനാകുമോ എന്നു സംശയമാണ്. മുറി ബുക്കു ചെയ്യാനായി എഴുപതിനായിരം രൂപ അടയ്ക്കണം. സാധിയ്ക്കുമോ?'

സിഫിലിസും പനിയും ബാധിച്ചു മരിയ്ക്കാറായ ഈയൊരു നിസ്സാരസ്ത്രീയ്ക്കു വേണ്ടി അത്രയും വലിയ തുക അടയ്ക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നായിരുന്നിരിയ്ക്കണം, ഡോക്ടറുടെ ചിന്ത. ബ്രീച്ച് കാന്റിയിലെ കാഷ്വാലിറ്റിയില്‍ സിഫിലിസ് ബാധിച്ചു മരിയ്ക്കാറായ ഒരു രോഗിണിയെ പൊതുജനം കാണാനിട വരുന്നത് ആശുപത്രിയ്ക്കു ഗുണകരമാവില്ലെന്ന ശങ്കയുമുണ്ടായിരുന്നിരിയ്ക്കും. പണമടയ്ക്കാനില്ലെങ്കില്‍ ഭാരമൊഴിവായ്‌ക്കോളുമല്ലോ.

രോഗിണിയെ രക്ഷിയ്ക്കാന്‍ എത്ര തുക തരാനും തയ്യാര്‍. ഇവളെ രക്ഷിയ്ക്കുക. പ്ലീസ്. ഡോക്ടറോട് അഭ്യര്‍ത്ഥിച്ചു.

എങ്കില്‍ പണമടച്ചിട്ടു വരിക.

കാമാഠിപുര അപകടം പതിയിരിയ്ക്കുന്നൊരു സ്ഥലമായതുകൊണ്ട് അങ്ങോട്ടു തിരിയ്ക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമൊന്നും കൈയ്യിലെടുത്തിരുന്നില്ല. കുറേ രൂപ പോക്കറ്റുകളിലുണ്ടായിരുന്നെങ്കിലും അത് എഴുപതിനായിരത്തിന്റെ അടുത്തെങ്ങും എത്തുമായിരുന്നില്ല.

ഇന്റര്‍നെറ്റുള്ള ഒരു കമ്പ്യൂട്ടര്‍ ഏതാനും മിനിറ്റു നേരത്തേയ്ക്കു കിട്ടിയാല്‍ തുക ഓണ്‍ലൈനായി ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നു പറഞ്ഞു. കമ്പ്യൂട്ടര്‍ കിട്ടാനില്ലെങ്കില്‍ ഹ്യാട്ട് റീജന്‍സിയില്‍ നിന്ന് സ്വന്തം ലാപ്‌ടോപ്പ് വരുത്തിയ്ക്കാം എന്നും കൂട്ടിച്ചേര്‍ത്തു.

ഹ്യാട്ട് റീജന്‍സിയെന്നു കേട്ടപ്പോള്‍ ഡോക്ടര്‍ പുതിയൊരു താത്പര്യത്തോടെ നോക്കി. സിഫിലിസ് രോഗിണിയെ കൊണ്ടുവന്നിരിയ്ക്കുന്നത് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിയ്ക്കുന്ന സമ്പന്നനോ!

ഉടന്‍ കമ്പ്യൂട്ടര്‍ കിട്ടി. എഴുപതിനായിരത്തിനു പകരം രണ്ടു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു.

ചോദിച്ചതിന്റെ ഇരട്ടിയിലേറെ കൊടുത്തതിനു കാരണമുണ്ട്. ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തിയത് റിസര്‍വ്വ് ബാങ്കിന്റെ ആര്‍ ടി ജി എസ് സിസ്റ്റം വഴിയായിരുന്നതുകൊണ്ട് തുക രണ്ടു ലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു. ആശുപത്രിയുടെ അക്കൌണ്ടില്‍ തുക ഉടന്‍ തന്നെ വരവുവച്ചു കിട്ടണമെങ്കില്‍ ആര്‍ ടി ജി എസ് വഴി തന്നെ അയയ്ക്കുകയും വേണ്ടിയിരുന്നു. പണം കിട്ടാതെ ചികിത്സയൊട്ടു തുടങ്ങുകയുമില്ല.

പണത്തിന്റെ കുറവുകൊണ്ട് ചികിത്സയില്‍ താമസമരുത്.

ഭ്രാന്തില്ലായിരുന്നെങ്കില്‍ രണ്ടു ലക്ഷം രൂപ അഡ്വാന്‍സായി അടച്ച് രാജകീയമായ മുറി ബുക്കു ചെയ്യുമായിരുന്നോ?

ഈയൊരാത്മാവു കുടികൊള്ളുന്ന ശരീരം എത്രയൊക്കെ മലീമസമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും, ആ ആത്മാവിനെ ഏതുവിധേനയും സ്വന്തമാക്കണമെന്ന ഉത്കടമായ മോഹം ഒരു ഭ്രാന്തായി പരിണമിച്ചു കഴിഞ്ഞിരുന്നു. വിവേകരഹിതം എന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഐകകണ്‌ഠ്യേന വിശേഷിപ്പിയ്ക്കാന്‍ വഴിയുള്ള, ഭ്രാന്തമായ തീരുമാനം.

അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴെന്തു പറയുമായിരുന്നു?

രണ്ടു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തുകഴിഞ്ഞതിനുള്ള തെളിവ് കമ്പ്യൂട്ടറില്‍ കാണിച്ചുകൊടുത്തപ്പോള്‍ ഡോക്ടര്‍ ഉഷാറായി. അല്‍പ്പസമയത്തിനുള്ളില്‍ ആശുപത്രിയുടെ അക്കൌണ്ടില്‍ തുക വരവു വച്ചുകിട്ടിക്കഴിഞ്ഞുവെന്ന് ഡോക്ടര്‍ അക്കൌണ്ട്‌സ് വകുപ്പില്‍ വിളിച്ച് സ്വയം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

മരണവക്ത്രത്തില്‍ കിടക്കുന്ന ഈ സിഫിലിസ് രോഗിണിയെ രക്ഷിയ്ക്കാന്‍ വേണ്ടി സമ്പന്നനായ സുമുഖനായ ഈ ചെറുപ്പക്കാരനെടുത്തിരിയ്ക്കുന്ന പ്രതിജ്ഞയെപ്പറ്റി ഡോക്ടര്‍ ആശ്ചര്യപ്പെട്ടതുകൊണ്ടായിരിയ്ക്കണം, അദ്ദേഹം ചോദിച്ചു, 'ഈസ് ഷി സംബഡി ഫോര്‍ യു?' ഇവള്‍ നിങ്ങളുടെ ആരെങ്കിലുമാണോ?

വാസ്തവത്തില്‍ ആ ചോദ്യത്തിന്നൊരുത്തരം തയ്യാറാക്കിയിരുന്നില്ല. രോഗിണിയുടെ വികൃതമായ മുഖത്തേയ്ക്കും എല്ലുന്തിയ ശരീരത്തിലേയ്ക്കും നോക്കിനിന്നപ്പോള്‍ ചോദ്യത്തിനുള്ള ഉത്തരം പകല്‍വെളിച്ചത്തിലെന്ന പോലെ തെളിഞ്ഞു വന്നു. 'ഷി ഈസ് മൈ എവ്‌രിബഡി നൌ.' ലളിതമായിപ്പറഞ്ഞു. 'ഡോക്ടര്‍, പ്ലീസ് റെസ്‌ക്യൂ ഹെര്‍. വാട്ടെവര്‍ ബി ദ കോസ്റ്റ്.' ഇവളെന്റെ എല്ലാമാണിപ്പോള്‍. ദയവായി അവളെ രക്ഷിയ്ക്കൂ. ചെലവൊരു പ്രശ്‌നമല്ല.

ആ ഉത്തരം മതിയായിരുന്നു, ഡോക്ടര്‍ക്ക്. 'ഗെറ്റ് മി എ റൂം.....നൌ!' ഡോക്ടര്‍ ഫോണിലൂടെ അലറി. അടുത്ത നിമിഷം ഫോണ്‍ താഴെ വച്ച്, ഡോക്ടര്‍ അറ്റന്‍ഡര്‍മാരോട് കല്‍പ്പിച്ചു: 'ടേക്ക് ഹെര്‍ ടു റൂം നമ്പര്‍ ട്രിപ്പിള്‍ ഫോര്‍. കമോണ്‍. ക്വിക്ക്!'

വ്രണങ്ങള്‍ പൊട്ടിയൊലിച്ച് എത്രയെത്ര വനിതകള്‍ കാമാഠിപുരയിലെ കോണിച്ചുവട്ടിലും തെരുവോരങ്ങളിലും കിടന്നു മരിയ്ക്കുന്നുണ്ടാകും. അവരെപ്പറ്റി ആരു വേവലാതിപ്പെടുന്നു! അങ്ങനെയിരിയ്‌ക്കെ അവരിലൊരുവളെ 'എല്ലാമെല്ലാം' ആക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നത് ഭ്രാന്തല്ലെങ്കില്‍ മറ്റെന്താണ്?

ഓരോ മോഹവും ഭ്രാന്തു തന്നെ. മോഹം കൂടുമ്പോളതു ഭ്രാന്തായിത്തീരുന്നു.

പ്രണയം ഒരു ഭ്രാന്താണ്. പ്രണയത്തിനു വേണ്ടി ആളുകള്‍ പലതും കാട്ടിക്കൂട്ടുമെന്നു വായിച്ചിട്ടുണ്ട്. എന്നാല്‍ പ്രണയനൈരാശ്യവും മറ്റൊരു ഭ്രാന്തിലേയ്ക്കു നയിയ്ക്കുമെന്നറിഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണ്. രണ്ടുവര്‍ഷം മുന്‍പ് ആ ഭ്രാന്തിന്നടിമപ്പെട്ടു. അതു ഭ്രാന്തമായ മറ്റൊരു മോഹമായി പരിണമിച്ചു, മരിയ്ക്കാനുള്ള മോഹം.

ഒരു വനിതയെ ഭ്രാന്തമായി പ്രണയിച്ചിരുന്നു. സ്വന്തം ഭാര്യ സാവിത്രിയെ. സാവിയായിരുന്നു, സര്‍വ്വസ്വവും. ജീവിച്ചിരുന്നതു തന്നെ അവള്‍ക്കു വേണ്ടിയായിരുന്നു. അങ്ങനെയിരിയ്‌ക്കെ പരപുരുഷനുമൊത്തു സാവി രതിക്രീഡയിലേര്‍പ്പെട്ടിരിയ്ക്കുന്നതു കണ്ട നിമിഷം ജീവിച്ചതു പോരേ എന്നു സ്വയം ചോദിച്ചു പോയി. സ്‌നേഹിച്ചതൊക്കെ പാഴ്വേലയായിപ്പോയി. ജീവിച്ചതൊക്കെ പാഴ്വേലയായിപ്പോയി. ജീവിതത്തിന് അര്‍ത്ഥമില്ലാതായിപ്പോയി. ആര്‍ക്കു വേണ്ടിയായിരുന്നോ ഇതുവരെ ജീവിച്ചത്, ആ ആള്‍ക്ക് തന്നെ വേണ്ടാതായി. ഇനിയാര്‍ക്കു വേണ്ടി ജീവിയ്ക്കണം? സ്‌നേഹിയ്ക്കാനൊരാളില്ലാതായി. മതി, ജീവിച്ചതു മതി.

സ്വന്തം പണം മുടക്കി വാങ്ങിയിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ആ നിമിഷം ഇറങ്ങിപ്പോന്നു. ജീവിതം തന്നെ ഉപേക്ഷിച്ചാലോ എന്നാലോചിച്ചുകൊണ്ടിരിയ്‌ക്കെ, ജീവനില്ലാത്ത ഫ്‌ലാറ്റിനും കട്ടിലിനും മേശയ്ക്കും കസേരയ്ക്കുമൊക്കെ എന്തു പ്രസക്തി!

വഞ്ചിച്ച ഭാര്യയേയും കാമുകനേയും ഭര്‍ത്താവു വെടിവച്ചു കൊന്നു എന്നൊക്കെ പത്രങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും, സാവിയെ നോവിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പോലും സാദ്ധ്യമായിരുന്നില്ല. വഞ്ചകിയെന്ന നിലയ്ക്ക് അവളെ കാണുകയും പ്രയാസം. പരസ്പരം സ്‌നേഹിയ്ക്കുക മാത്രമല്ല, ആരാധിയ്ക്കുക തന്നെയായിരുന്നു, മുന്‍പുള്ള വര്‍ഷങ്ങളില്‍. അതെങ്ങനെ മറക്കും. പക്ഷേ, അതെല്ലാം അവളെങ്ങനെ മറന്നു?

അതെല്ലാം വീണ്ടുമോര്‍ത്ത് സാവി മാപ്പു ചോദിച്ചുകൊണ്ടു വരുമെന്നു കരുതി. അവള്‍ മാപ്പു ചോദിച്ചുകൊണ്ടു വന്നിരുന്നെങ്കില്‍ അവളെ സ്വീകരിച്ചേനേ. അവള്‍ വരാതിരിയ്ക്കില്ല, ആശിച്ചു. പക്ഷേ, അവള്‍ വന്നില്ല.

അങ്ങോട്ടുണ്ടായിരുന്ന സ്‌നേഹത്തിന്റെ ഒരംശമെങ്കിലും ഇങ്ങോട്ടുണ്ടായിരുന്നെങ്കില്‍ അവള്‍ വരുമായിരുന്നു. പക്ഷേ, അവള്‍ വന്നില്ല. അവള്‍ക്ക് തന്നോടുണ്ടായിരുന്ന സ്‌നേഹം വറ്റി വരണ്ടുപോയിരുന്നു. അതു താനറിഞ്ഞുമില്ല. തന്നെ ജീവനുതുല്യം സ്‌നേഹിയ്ക്കുന്നു എന്നു വിശ്വസിച്ചിരുന്ന വ്യക്തി വാസ്തവത്തില്‍ തന്നെ സ്‌നേഹിച്ചിരുന്നില്ലെന്ന തിരിച്ചറിവ് ഒരശനിപാതത്തിനു സമാനമായിരുന്നു.

ഒടുവിലെത്തിയത് അവളായിരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള കടലാസ്സുകളായിരുന്നു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഒരു വക്കീലിനെ ഏര്‍പ്പാടു ചെയ്യാതെ, അവളാവശ്യപ്പെട്ടിരിയ്ക്കുന്നത് എന്തെല്ലാമെന്നു നോക്കുക പോലും ചെയ്യാതെ, കടലാസ്സുകള്‍ കണ്ണടച്ച് ഒപ്പിട്ടുകൊടുത്തു. അവള്‍ക്കു വേണമെങ്കില്‍ എല്ലാമെടുത്തോട്ടെ. ജീവിതത്തില്‍ വിരക്തി വ്യാപിച്ചു കഴിഞ്ഞിരുന്നു. ജീവിതം അധികകാലമില്ല എന്നൊരു തോന്നല്‍ ബലപ്പെട്ടിരുന്നു.

സാവി ഇന്നലെവരെ ജീവന്റെ വലിയൊരംശമായിരുന്നു. ആ അംശം ഇന്നാരോ പറിച്ചെടുത്ത പോലെ. അവശേഷിച്ച അംശത്തിന് അസ്തിത്വത്തിനുള്ള, അതിജീവനത്തിനുള്ള കെല്‍പ്പില്ലാതായ പോലെ. ചിന്തകളില്‍ ആത്മഹത്യ തുടരെത്തുടരെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് അപ്പോഴാണ്.

എവിടെയാണു പിഴച്ചത്? ഒരു കോടി രൂപയ്ക്കു തുല്യമായ ഡോളര്‍ കൊടുത്തു ഫ്‌ലാറ്റ് വാങ്ങിയിരുന്നത് സാവിയുടെ പേരിലായിരുന്നു. അവള്‍ക്കു മാത്രമായി ഒരു കാറും വാങ്ങിക്കൊടുത്തിരുന്നു. അവളാവശ്യപ്പെട്ടപ്പോഴൊക്കെ തനിഷ്‌ക്കിന്റെ ആഭരണങ്ങളും. അവള്‍ പറഞ്ഞതെന്തും സാധിച്ചു കൊടുക്കുന്നതില്‍ സംതൃപ്തി കണ്ടെത്തി. സദാസമയവും അവളെ പ്രണയിച്ചുകൊണ്ടിരുന്നു, ഒരു കുഞ്ഞിനെയെന്നപോലെ അവളെ ഓമനിച്ചുകൊണ്ടിരുന്നു.

എന്നിട്ടും അവള്‍ക്കെങ്ങനെ തന്നോടു വെറുപ്പു തോന്നി? വെറുപ്പു തോന്നത്തക്ക വിധത്തില്‍ താനെന്തു തെറ്റാണു ചെയ്തത്? അവള്‍ക്ക് തന്നോടു വെറുപ്പുണ്ടായിരുന്നെങ്കില്‍, അതേപ്പറ്റി എന്തുകൊണ്ടവള്‍ അറിയിച്ചില്ല, ഒരു സൂചന പോലും തന്നില്ല?

കെട്ടുറപ്പുണ്ടായിരുന്ന ബന്ധങ്ങള്‍ ദുര്‍ബ്ബലപ്പെട്ടെന്നും അവ പൊട്ടാറായിരുന്നെന്നും മുന്‍കൂട്ടി അറിയുന്നതില്‍ അമ്പേ പരാജയപ്പെട്ടുപോയിരുന്നു.

സാവി പുനര്‍വിവാഹം കഴിയ്ക്കാന്‍ പോകുന്ന വാര്‍ത്ത അറിയുന്നതു വരെ, അവള്‍ എന്നെങ്കിലുമൊരു ദിനം തിരികെ വരുമെന്നായിരുന്നു, വിശ്വാസം. വേര്‍പിരിഞ്ഞ എത്ര ഭാര്യാഭര്‍ത്താക്കന്മാര്‍ വീണ്ടും ഒന്നായിത്തീര്‍ന്നിരിയ്ക്കുന്നു! അവള്‍ വരും, വരാതിരിയ്ക്കില്ല എന്നാശിച്ചു, വിശ്വസിച്ചു, ഓരോ ദിവസവും അവളുടെ ഫോണ്‍ കാള്‍ പ്രതീക്ഷിച്ചു.

ആ പ്രതീക്ഷകളെയെല്ലാം സാവിയുടെ പുനര്‍വിവാഹവാര്‍ത്ത തകര്‍ത്തു തരിപ്പണമാക്കി.

കുറച്ചുനാളായി ഉറക്കം കുറഞ്ഞിരുന്നു. അതുകൊണ്ട് ഉറക്കഗുളികകള്‍ സംഘടിപ്പിയ്ക്കാന്‍ പ്രയാസമുണ്ടായില്ല. ഒരു കുപ്പി നിറയെ ഗുളികകള്‍ വാങ്ങി. പന്ത്രണ്ടര ഗ്രാം വീതമുള്ള മുപ്പതു ഗുളികകള്‍. അനന്തമായ ഉറക്കത്തിന്, ജീവിതവിരാമത്തിന് ഈ മുപ്പതു ഗുളികകള്‍ ധാരാളമായിരിയ്ക്കണം.

വാസ്തവത്തില്‍ ജീവിതത്തില്‍ അനുഭവിയ്ക്കാവുന്ന എല്ലാ സുഖങ്ങളും അനുഭവിച്ചു കഴിഞ്ഞു. പണത്തിനുവേണ്ടിയാണ് മിയ്ക്കവരും ബുദ്ധിമുട്ടാറ്. ആ ബുദ്ധിമുട്ട് ഒരിയ്ക്കലുമുണ്ടാകാനിടയില്ലാത്ത വിധം സമ്പാദ്യം വളര്‍ന്നിരിയ്ക്കുന്നു, വീണ്ടും, അതിവേഗം, വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു. സമ്പാദ്യം ആദ്യമായി ഒരു കോടി കവിഞ്ഞപ്പോള്‍ വലുതായ ആഹ്ലാദമുണ്ടായതോര്‍ക്കുന്നു. അതു രണ്ടു കോടി കടന്നപ്പോഴും ആഹ്ലാദമുണ്ടായി. പക്ഷേ കോടികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ മനസ്സിലായി, അതിന്നനുസരിച്ചുള്ള വര്‍ദ്ധന ആഹ്ലാദത്തില്‍ ഉണ്ടാകണമെന്നില്ലെന്ന്. പിന്നീടുണ്ടായ കോടികള്‍ കേവലം സ്ഥിതിവിവരക്കണക്കു മാത്രമായി മാറി. ഇപ്പോള്‍ കോടികള്‍ കടക്കുന്നതു ശ്രദ്ധിയ്ക്കപ്പെടാറു പോലുമില്ല.

സമ്പത്തിലെ വളര്‍ച്ചയില്‍ നിന്നുണ്ടായ തൃപ്തി സാവിയുമൊത്തുള്ള ദാമ്പത്യസുഖത്തിന്റെ സമീപത്തൊന്നും വന്നിരുന്നില്ല. പരസ്പരപ്രണയത്തില്‍ നിന്നുള്ള സുഖമാണ് യഥാര്‍ത്ഥസുഖമെന്നു തിരിച്ചറിഞ്ഞു. രണ്ടു വ്യക്തികള്‍ പരസ്പരം ജീവനുതുല്യം സ്‌നേഹിയ്ക്കുക. അതാണു ജീവിതം. മില്യനും ബില്യനുമൊന്നും ആ സുഖത്തോളം വരില്ല. ആ സുഖത്തിന്റെ പോരായ്മ നികത്താന്‍ മില്യനും ബില്യനും സാധിയ്ക്കില്ല.

സത്യം പറഞ്ഞാല്‍ ആ ജീവിതസുഖമനുഭവിച്ചു മതിയായിരുന്നില്ല. ഒരിയ്ക്കലും മതിയാകുന്ന സുഖമായിരുന്നുമില്ല, അത്. മറ്റു സുഖങ്ങളെല്ലാം കുറേക്കഴിയുമ്പോള്‍ മടുപ്പിയ്ക്കും. എന്നാല്‍ ഈ സ്‌നേഹസുഖം  അതൊരിയ്ക്കലും മടുക്കുകയില്ല.

അങ്ങനെയിരിയ്‌ക്കെ...പെട്ടെന്നിങ്ങനെ...

സ്‌നേഹിയ്ക്കാനും സ്‌നേഹിയ്ക്കപ്പെടാനുമായി ആരെങ്കിലുമൊക്കെയില്ലാതെ മനുഷ്യനെങ്ങനെ ജീവിയ്ക്കും! മാന്‍ ഈസ് എ സോഷ്യല്‍ ആനിമല്‍. പൊയ്‌പ്പോയ സുഖം വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കിയാലോ എന്നാലോചിച്ചിരുന്നു. ആ ആലോചന ഉടന്‍ തന്നെ ഉപേക്ഷിയ്ക്കുകയും ചെയ്തു. കിട്ടാവുന്നതിലേറ്റവും മുന്തിയ തരം ഭാര്യയെയാണു കിട്ടിയിരുന്നത്. സുന്ദരി, എഞ്ചിനീയര്‍, വന്‍തുക സ്വന്തവരുമാനമുള്ളവള്‍. സാവി ഒരു സിനിമാതാരത്തെപ്പോലെ ആകര്‍ഷകയായിരുന്നു.

ഇനി പരീക്ഷണം വേണ്ട. ഒരു പരീക്ഷണം കൊണ്ടുതന്നെ പരിക്ഷീണനായിരിയ്ക്കുന്നു. ഈ ജന്മത്തിലിനി പരീക്ഷണമില്ല. പരീക്ഷണങ്ങളൊക്കെ പരാജയപ്പെടും. അനുഭവം പഠിപ്പിച്ചിരിയ്ക്കുന്നു. അനുഭവമാണ് ഏറ്റവും വലിയ ഗുരു. ജീവിതത്തിന് ലക്ഷ്യമില്ലാതായി. ലക്ഷ്യമില്ലാതെ ജീവിയ്ക്കുന്നതിനു പകരം ജീവിയ്ക്കാതിരിയ്ക്കുകയാണു നല്ലത്.

ഇനി ഗുളികകള്‍ മതി. മുപ്പതു ഗുളികകള്‍ ഒരുമിച്ച് അകത്താക്കുക. അതാണ് ഇനിയുള്ള ലക്ഷ്യം. ഗുഡ്‌ബൈ ലോകമേ.

കുപ്പി കയ്യിലെടുത്തു.



(തുടരും)

(ഈ കഥ സാങ്കല്‍പ്പികം മാത്രമാണ്.)
 

വൈശാഖപൌര്‍ണമി  ഭാഗം മൂന്ന് (കഥ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക