11. വീണ്ടും വിരുന്നു വരുന്ന മധുരക്കിനാവുകള്‍
റബര്‍തോട്ടത്തില്‍ എവിടെയോ ഇരുന്ന് ഒരു മൂങ്ങാ മൂളുന്നു. മേരി ഭയന്നുപോയി. മേഘങ്ങളുടെ മറവില്‍ നില്‍ക്കുന്ന ചന്ദ്രക്കല ഏതോ ഭൂതത്താന്റെ പല്ലിളിയാണെന്നു തോന്നിപ്പോയി.
“മേരി ഞാനിവിടുണ്ട്.” ശ്വാസം അടക്കിക്കൊണ്ടുള്ള കറിയായുടെ മന്ത്രണം. ഏതാനും ചുവടുകള്‍കൂടി മതി അവള്‍ അവന്റെ നീട്ടപ്പെട്ട കൈകളില്‍ എത്താന്‍.
“ചേച്ചീ ചേച്ചീ!” അവളുടെ മണ്‍കുടിലില്‍വനിന്നു ദീനദീനമായ വിളി അയ്യോ, അതമ്മിണിയാണ്! അവളുണര്‍ന്നിരിക്കുന്നു. മേരി പിന്നീട് ആലോചിച്ചുനിന്നില്ല. അവള്‍ തിരികെ ഓടി. പര്യത്തു വച്ചിരുന്ന ഒരു മണ്‍കുടം അവളുടെ കാലില്‍തട്ടി ളരുണ്ടു ചുവരില്‍ ചെന്നടിച്ചു ഭീകരമായി ശബ്ദത്തോടെ പൊട്ടി. മേരി കമിഴ്ന്നിടച്ചു വീഴാന്‍ തുടങ്ങി. ചുവരില്‍ തടഞ്ഞു രക്ഷപ്പെട്ടു… വല്യമ്മച്ചി എന്തോ പിറുപിറുക്കുന്നു.
മേരി പയ്യെ ചെറ്റപൊക്കി. അപ്പന്‍ വെട്ടുകത്തി ഓങ്ങിക്കൊണ്ട് തിണ്ണയിലെ ഇരുട്ടത്തു നില്‍ക്കുകയാണെന്ന് അവള്‍ക്കു തോന്നി. കൈസര്‍ കുരയ്ക്കുന്നു. പാതിരാത്രി നേരത്ത് പട്ടി ഓലിയാന്‍ കൂവുന്നത് പിശാചുക്കളെ കണ്ടിട്ടാണെന്നു പഴയ ആളുകള്‍ പറയാറുണ്ട്. ആലിലപോലെ വിറയ്ക്കുകയാണ് മേരിയുടെ ശരീരം.
“ചേച്ചീ…” വീണ്ടും അമ്മിണിയുടെ ഞരങ്ങിയ സ്വരം.
“മോളെ… അമ്മിണി” മേരി അവളുടെ പായില്‍ എത്തിക്കഴിഞ്ഞു. ദൈവമേ! ഹാവു… രക്ഷപ്പെട്ടല്ലോ.
“മോളെ… അമ്മിണീ!” മേരി അമ്മിണിയെ തട്ടി വിളിച്ചു. അനക്കമില്ല. ശബ്ദമില്ല. കുലുക്കിവിളിച്ചു. അനക്കമില്ല. അമ്മിണിയുടെ ശരീരം തണുത്തിരിക്കുന്നു.
“അമ്മേ! അയ്യോ… അമ്മേ… അപ്പാ വിളിക്കു കത്തിച്ചേ… വിളക്കു കത്തിച്ചേ” മേരി ഉച്ചത്തില്‍ നിലവിളിച്ചു. നിലവിളി കേട്ട് തോമ്മായും തറതിയും വല്യമ്മച്ചിയും ഞെട്ടിയുണര്‍ന്നു. “എന്നോടീ… മോളേ… മേരീ! കര്‍ത്താവേ എന്നാടീ?” തോമ്മായും തറതിയും ഉച്ചത്തില്‍ വിളിച്ചു. 'ആരാടീ പൊരയ്ക്കാത്തു വല്ലോനും കേറിയോടീ നിന്നെ വല്ലോനും പിടിച്ചോടീ… വെട്ടരിവാളെവിടെ?'
“അയ്യോ വിളക്കുകത്തിക്കോ!” മേരി വീണ്ടും ഉച്ചത്തില്‍ നിലവിളിക്കുകയാണ്. അടുക്കളയില്‍ എന്തൊക്കെയോ മറിയുന്നു….. പൊട്ടുന്നു…. ഉടയുന്നു….തോമ്മാ ഓടി മേരിയുടെ അടുത്തെത്തുന്നു….കൂട്ടനിലവിളി…. തറതി തീപ്പെട്ടിയുരച്ചു വിളക്കുകത്തിക്കുന്നു.
മേരി അമ്മിണിയെ എടുത്തുകൊണ്ടു നില്‍ക്കുന്നു. വാടിയ ചേമ്പുതാളുപോലെ അമ്മിണിയുടെ ശരീരം തളര്‍ന്നിരിക്കുന്നു. അവളുടെ കണ്ണുകള്‍ മറിയുന്നു….. അടയുന്നു…. ശ്വാസം നിന്നിട്ടില്ല.
“മോളെ! അയ്യോ! എന്റെ പൊന്നുംകൊടത്തു പൊന്നുമോളെ!” തോമ്മാ അമ്മിണിയെ കയ്യിലെടുത്തുംകൊണ്ടു നിലവിളിച്ചു.
“എന്റെ പുണ്യാളച്ചന്മാരെ! എന്റെ കുഞ്ഞിനെ തായോ…. അയ്യോ…. എനിക്കു വയ്യായേ…” കാസരോഗിണിയായ തറതി നെഞ്ചത്തടിച്ചു പതം പറഞ്ഞു കരഞ്ഞു.
“നീ കരയാതെടീ! ദൈവം തന്നു ദൈവം എടുത്തു” അന്നത്തള്ള സമാധാനിച്ചു. മേരിയുടെ നിലവിളി ഏറ്റവും ദയനീയമായിരുന്നു. കറിയാ ഓടിവന്നു. കൊല്ലന്‍ വന്നു, കൊല്ലത്തി വന്നു, പണ്ടാരത്തി വന്നു, ഞൊണ്ടിഞൊണ്ടി പീലിപ്പായിയും പുറകെ അക്കത്തള്ളയും വന്നെത്തി. പട്ടി അപ്പോഴും ഓലിയാന്‍കൂവിക്കൊണ്ടിരുന്നു.
“മരിച്ചിട്ടില്ല.” അമ്മിണിയുടെ നാഡി പിടിച്ചുനോക്കിയിട്ടു കറിയാ പറഞ്ഞു: “ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോകണം.”
അതു കേള്‍ക്കാത്ത പാതി കേട്ടതുപാതി, അമ്മിണിയേയും കൊണ്ടു തോമ്മാ കൂരിരുട്ടിലേക്ക് എടുത്തുചാടി ഓടുകയായിരുന്നു. പുറകെ തന്നെ മേരിയും നിലവിളിച്ചുകൊണ്ടു പാഞ്ഞെത്തി. എത്രപേര്‍ പുറകെ വന്നെന്ന് അറിഞ്ഞില്ല. തറതി വഴിക്കെത്രയിടത്തു വീണെന്നറിഞ്ഞില്ല. മണ്‍കുടിലില്‍ അന്നത്തള്ള മാത്രം അവശേഷിച്ചു. അവര്‍ പഴയ കൊന്തയെടുത്തു തെരുതെരെ പ്രാര്‍ത്ഥിക്കുകയായി.
ആശുപത്രി ഗേറ്റടച്ചിട്ടിരുന്നു. വാച്ചറെ വിളിച്ചിട്ടു കേള്‍ക്കുന്നില്ല. കൊട്ടി നോക്കി, ഇടിച്ചുനോക്കി. തൊഴിച്ചുനോക്കി ആരും വരുന്നില്ല കതകുതുറക്കാന്‍. മേരിയുടെ കൈയില്‍ അമ്മിണിയെ ഏല്‍പിച്ചിട്ടു തോമ്മാ പൊക്കമുള്ളതും മുകളില്‍ കൂര്‍ത്ത കമ്പികളുള്ളതുമായ ആ ഗേറ്റില്‍ വലിഞ്ഞുകേറി അപ്പുറത്തു ചാടി. കമ്പികൊണ്ട് അയാളുടെ ദേഹം മുഴുവന്‍ എവിടെയെല്ലാം മുറിഞ്ഞെന്നറിഞ്ഞില്ല. വീണവഴി എവിടെയെല്ലാം ചതഞ്ഞെന്നറിഞ്ഞില്ല, അയാള്‍ കൊളുത്തൂരി, ഗേറ്റു തുറന്നു, അമ്മിണിയെ ഏറ്റുവാങ്ങി… ആശുപത്രിക്കുള്ളിലേക്കു പാഞ്ഞു. വാച്ചര്‍ കണ്ണും തിരുമ്മി ഓടിയെത്തി.
“അമ്മേ… എന്റെ കുഞ്ഞിനെ രക്ഷിക്കണേ!” അയാള്‍ ഉറക്കെ വിളിച്ചു. ആശുപത്രിയിലുള്ള സകലമാനപേരും ഉണര്‍ന്നിരിക്കണം ആ വിളി കേട്ട്. പാതിരാത്രിയുടെ മൂകതയില്‍ ആ വിളി വളരെ ദൂരെ കേട്ടിരിക്കണം.
രാത്രി ഡ്യൂട്ടിയില്‍നിന്ന നേഴ്‌സമ്മമാര്‍ അമ്മിണിയെ പരിശോധിച്ചു…. ഒരു മരുന്നു കൊടുത്തു. മുഖത്തു വെള്ളം തളിച്ചു. വായിലേക്ക് ഊതി. ഒരു നേഴ്‌സ് ഓടിച്ചെന്നു ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം ഏതോ ഒരു മരുന്ന് ഇഞ്ചക്റ്റ് ചെയ്തു. അമ്മിണി കണ്ണു തുറന്നു.
“മോളെ! എന്റെ പൊന്നുമോളെ!” തോമ്മാ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“എന്താ ഈ കൊച്ചിന്റെ ദേഹത്തീ പാടുകള്‍?” നേഴ്‌സ് ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല.
“എല്ലാവരും അകന്നു നില്‍ക്കണം.” ഡോക്ടര്‍ ആജ്ഞാപിച്ചു. പേടിക്കാനൊന്നുമില്ല, കുറെദിവസം ഈ കുട്ടി ആശുപത്രിയില്‍ കിടക്കട്ടെ.”
“എന്റെ പൊന്നേമാനേ! എത്ര ദെവസിവേണേലും കിടന്നോട്ടെ.” തോമ്മാ സമ്മതിച്ചു. “എന്റെ കുഞ്ഞു രക്ഷപ്പെട്ടാല്‍ മതി.”
“അക്കാര്യം ഞങ്ങളേറ്റു.” ഡോക്ടര്‍ പറഞ്ഞു. തോമ്മാ ആ നല്ല ഡോക്ടറുടെ കാല്‍ക്കല്‍ കുമ്പിട്ടു. ആ കാലില്‍ ചുംബിച്ചു. പക്ഷേ, ഡോക്ടര്‍ അയാളെ പെട്ടെന്നു പിടിച്ചെണീല്പിച്ചു.
“ഇവിടെ ആരും നില്‍ക്കണമെന്നില്ല.” ഒരു നേഴ്‌സമ്മ പറഞ്ഞു: “ഞങ്ങള്‍ നോക്കിക്കൊള്ളാം. നിര്‍ബന്ധമാണെങ്കില്‍ സ്ത്രീകളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കു നില്‍ക്കാം. ബാക്കിയുള്ളവരെല്ലാം പൊയ്‌ക്കൊള്ളിന്‍.”
“ഞാന്‍ നിന്നോളാമപ്പാ.” മേരി ഏറ്റു. “ഞാന്‍ നിന്നോളാം…. നിങ്ങളുപൊയ്‌ക്കോ.”
അമ്മിണി മരിച്ചില്ലെന്നും മരിക്കുകയില്ലെന്നും അറിഞ്ഞപ്പോള്‍ എല്ലാവരും സത്യമായും സന്തോഷിച്ചു. സര്‍വ്വശക്തനായ ദൈവത്തിനു നന്ദി പറഞ്ഞു. അവര്‍ വീടുകളിലേക്കു മടങ്ങി.
“വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും യക്ഷിപകര്‍ച്ചയൊണ്ട് ഇവിടെ.” താടകഗൗരി പറഞ്ഞു.
“പട്ടി ഓലിയന്‍കൂവിയപ്പോഴേ ഞാന്‍ വിചാരിച്ചതാ യക്ഷി എവിടെയെങ്കിലും കേറീട്ടൊണ്ടെന്ന്.” അക്കച്ചേടിത്തി നിര്‍ദ്ദേശിച്ചു.
“ഞാന്‍ പാറേമാതാവിന് എന്റെ കുഞ്ഞിനെ അടിമകൊടുക്കാമെന്നു നേര്‍ന്നു.” തന്റെ നേര്‍ച്ചയുടെ ഫലം കൊണ്ടാണു കുഞ്ഞു രക്ഷപ്പെട്ടതെന്നു തറതി വിശ്വസിക്കുന്നു.
അമ്മിണിയെ മലയാറ്റൂര്‍ മല കേറിച്ചേക്കാമെന്നായിരുന്നു തോമ്മായുടെ നേര്‍ച്ച. അയാളുടെ ഉള്ളില്‍ പശ്ചാത്താപം ഉണ്ടായി. അവള്‍ മരിച്ചുപോയിരുന്നെങ്കില്‍ അതിനുത്തരവാദി അയാള്‍തന്നെ ആയിരുന്നേനെ. കാരണം അത്ര ഭയങ്കരമായിട്ടാണു അയാള്‍ അവളെ തല്ലിയത്.
“അയ്യോ! ആ ഡോക്കിട്ടര്‍ക്ക് എന്തുകൊടുത്താല്‍ മതിയാവും?” കടുക്കാമറിയ പറഞ്ഞു. ഒരു പത്തുരൂപായെങ്കിലും നാളെ രാവിലെത്തന്നെ ഡോക്ടര്‍ക്കു കൊടുക്കണമെന്നു ഉണ്ടാവുകയില്ലെന്നും വച്ചുവാണിഭക്കാരനായ കാതര്‍ മുതലാളി അഭിപ്രായപ്പെട്ടു.
“ക്രിസ്ത്യാനിക്കു മന്ത്രവാദോം കൂടോത്രോം പാടില്ല മുതലാളീ.” തോമ്മാ പറഞ്ഞു. എങ്കിലും അയാളുടെ ഉള്ളിന്റെ ഉള്ളില്‍ കാതറുടെ അഭിപ്രായത്തോടു അനുകൂലമാണുള്ളത്. തകിടെഴുതിക്കെട്ടുന്നതില്‍ തെറ്റില്ല. അതു മറ്റുള്ളവര്‍ അറിയുന്നതാണു പിശക്.
ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ചതുപോലുള്ള സന്തോഷമാണു തറതിക്ക്. തോമ്മായുടെ മണ്‍കുടിലില്‍ അയല്‍ക്കാരെല്ലാം കൂടി.
പാതിരാക്കോഴി കൂവുന്നു. എല്ലാവര്‍ക്കും കാപ്പി അനത്തിക്കൊടുക്കാനാണു തറതിയുടെ ശ്രമം. ചക്കര പോരാഞ്ഞ്, കടുക്കാമറിയ തന്നെചെന്ന് ഒരു ചക്കരയുടെ പകുതി എടുത്തുകൊണ്ടുവന്നു.
യക്ഷിഗന്ധര്‍വ്വഭൂത പിശാചുപ്രേതാദികളെപ്പറ്റിയായിരുന്നു അവര്‍ മുഖ്യമായും സംസാരിച്ചത്. പിശാചുക്കളില്ല എന്ന അഭിപ്രായം തളന്തന്‍ പീലിപ്പായി മാത്രമേ പറഞ്ഞൊള്ളൂ.
“ ഒണ്ടെങ്കില്‍ പിന്നെ അവറ്റകളെന്താ പകല്‍ വരാത്തത്?” എന്നതാണ് അയാളുടെ വാദത്തിലെ തുറുപ്പുചീട്ട്.
“പിശാചുക്കള്‍ക്കും സത്യമുണ്ട്….. പാമ്പുകളെപ്പോലെ.” അക്കച്ചേടിത്തി എതിര്‍പക്ഷം പിടിച്ചു. “ഓരോന്നിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്…. അപ്പഴേ എറങ്ങത്തൊള്ളൂ.”
“എന്നാല്‍ പകലു മനുഷ്യേരെ പിശാചു കണ്ണുകെട്ടിക്കുന്നതോ?”
ഗൗരി ആധികാരികമായി സമര്‍ത്ഥിച്ചു. “എന്റെ അച്ചനെ ഒരു പിശാച് ഒരു പകല്‍നേരത്ത് ഒരു മൈതാനത്തു പതിനഞ്ചു പ്രാവശ്യം കറക്കിയതാ.”
“നെറ്റിയില്‍ മൂന്നു പ്രാവശ്യം കുരിശുവരച്ചോണ്ടു കെടന്നാല്‍ ഒരു പിശാചും അടുക്കുകേല.” വല്യമ്മച്ചി സമര്‍ത്ഥിച്ചു.
“ജിന്നുകളും ഇബിലീസുകളും രണ്ടും രണ്ടാ പെങ്ങളേ.” കാതര്‍ പറഞ്ഞു. “ജിന്നുകളെ കെട്ടാന്‍ മന്ത്രവാദത്തിനുമാത്രമേ കഴിയൂ.”
തിന്നാനൊന്നുമില്ല ഇതു കുടിക്കിന്‍. ഇരുനാഴി അരി വേകുന്ന കഞ്ഞിക്കലം നിറയെ കാപ്പി അനത്തി ഏതാനും കുടുവന്‍ ചട്ടികളും കുടുവന്‍ പിഞ്ഞാണങ്ങളുമായി തറതി ആ സദസ്സില്‍ എത്തി. ആദ്യം അവള്‍ ഒരു പിഞ്ഞാണങ്ങളുമായി തറതി ആ സദസ്സില്‍ എത്തി. ആദ്യം അവള്‍ ഒരു പിഞ്ഞാണത്തില്‍ കാപ്പി പകര്‍ന്നു വല്യമ്മച്ചിക്കു കൊടുത്തു. പിന്നത്തെ വിളമ്പുകാരി കടുക്കാമറിയ ആയിരുന്നു. അവള്‍ ആദ്യം ഊറ്റിക്കൊടുത്തതു തോമ്മായ്ക്കായിരുന്നു. എന്നാല്‍ തോമ്മാ അതു വാങ്ങി കാതര്‍ മുതലാളിക്കു കൊടുത്തു. വിവരം അന്വേഷിച്ചു റിക്ഷക്കാരന്‍ രാമനും കുഞ്ഞപ്പന്‍ നായരും കാളയറപ്പുകാരന്‍ കുഞ്ഞന്‍ പറയനും ആശുപത്രി വേലക്കാരന്‍ റപ്പായിയും വന്നെത്തിയിരിക്കുന്നു.
കാപ്പികുടി തീരുന്നതിനുമുമ്പുതന്നെ യൂക്കാലിപ്‌സ് കച്ചവടക്കാരന്‍ കറിയാ ഓടിച്ചെന്ന് ഒരു വലിയ കടലാസുപൊതി കൊണ്ടുവന്ന് ആ സദസ്സിന്റെ മദ്ധ്യത്തില്‍ വച്ചു. അതില്‍ ഒരു കേക്കും ബിസ്‌ക്കറ്റുകളും ചോക്ക്‌ളേറ്റുകളും ഓറഞ്ചുകളും മുന്തിരിപ്പഴങ്ങളും ഉണ്ടായിരുന്നു.
“ഇതൊക്കെപ്പറഞ്ഞാലും നമ്മുടെ കൂട്ടത്തില്‍ നല്ലവന്‍ കറിയാച്ചനാ.” കടുക്കാമറിയ അഭിനന്ദിച്ചു. അവള്‍തന്നെ ആ സാധനങ്ങള്‍ ആളെണഅണം നോക്കി പക്ഷഭേദം കൂടാതെ എല്ലാവര്‍ക്കും വീതിച്ചു.
പക്ഷേ, കറിയായെ അങ്ങനെ പരസ്യമായി പുകഴ്ത്തിയത് അക്കച്ചേടിത്തിക്കു പിടിച്ചില്ല. അവര്‍ ചുറുക്കെചെന്ന് ഒരു തകരടിന്‍ നിറയെ അച്ചപ്പങ്ങളും അവലോസ് ഉണ്ടകളും കൊണ്ടുവന്നു വിതരണം ചെയ്തു.
അക്കാമ്മയും വാശിക്കാരിയാ തോമ്മാച്ചാ. മറിയ പ്രശംസിച്ചു.
“വേണ്ടടീ, നിന്റെ ഓചാരമൊന്നും എനിക്കു വേണ്ട.” അക്കാമ്മ പറഞ്ഞു: “എന്റെ മോന്‍ മാത്തുക്കുട്ടി വരുന്നേനു ഞാന്‍ ഒണ്ടാക്കി വച്ചതാ.”
“ഇതു നല്ലതാണല്ലോ മൂത്ത പെമ്പ്‌ളേ.” പഞ്ചസാരയില്‍ വിളയിച്ച ഒരച്ചപ്പം തിന്നുകൊണ്ട് കുഞ്ഞപ്പന്‍ നായരും അഭിപ്രായം പാസ്സാക്കി.
“എന്റെ മാത്തുക്കുട്ടിയുടെ കല്യാണത്തിനാട്ടെ പിള്ളേച്ചാ, ഞാന്‍ ഒണ്ടാക്കിത്തരാമല്ലോ ഇഷ്ടംപോലെ.”
“എങ്കില്‍ കറിയാച്ചാ, നീയും പെണ്ണുകെട്ടണം.” രസികത്തിയായ മറിയ പറഞ്ഞു: “പലഹാരത്തില്‍ ഈ അമ്മാമ്മേ തോല്‍പ്പിക്കണം.”
“ഇങ്ങനെ കൊതി പറയാതെടീ മറിയേ.” തറതി തമാശ പറഞ്ഞു.
“ഇവളല്ലേലും കൊതിച്ചിയാ.” അതു സ്വല്പം കൊള്ളിച്ചാണു അക്കച്ചേടിത്തി പറഞ്ഞത്. ഒരുപക്ഷേ, തടാകഗൗരിക്കും മറിയയ്ക്കും മാത്രമേ അതു മനസ്സിലായിക്കാണുകയുള്ളൂ.
“കൊതിയൊന്നും പറഞ്ഞു ഞാനാരടേം വീട്ടില്‍ക്കേറി നടക്കുന്നില്ല തള്ളേ.” മറിയ കാര്യമായി പറഞ്ഞു: “എന്റെ ദൈവംതമ്പുരാന്‍ എനിക്ക് ഒന്നിനും ഇതേവരേ മുട്ടുവരുത്തീട്ടില്ല.”
“പെണ്ണുങ്ങളു വര്‍ത്തമാനം പറയാതിരിക്കിന്‍”. പല്ലില്ലാത്ത പീലിപ്പായി അവലോസുണ്ട കടിച്ചിറക്കാന്‍ പാടുപെട്ടുകൊണ്ടു പറഞ്ഞു. “ഏതായാലും യക്ഷി വന്നതുകൊണ്ട് ഓര്‍ക്കാപ്പുറത്തൊരു തീറ്റകിട്ടിയല്ലോ….” പീലിപ്പായിയുടെ നേരമ്പോക്കു കേട്ട് എല്ലാവരും ചിരിച്ചു. “എന്തെടാ കറിയാപ്പിയേ, നെനക്കുതന്നെ തിന്നാനാണോടാ ഈ പലഹാരമൊക്കെ മേടിച്ചുവച്ചത്?”
“പിന്നല്ലാതെന്തുചെയ്യും അപ്പായി?” കറിയാ ഒരു ശകലം അര്‍ത്ഥം വച്ചു പറഞ്ഞു.
“നീ പോയൊരു പെണ്ണിനെ കെട്ടെടാ കൊച്ചനേ.” കാതര്‍ മുതലാളി അഭിപ്രായപ്പെട്ടു. നീ ചെറുപ്പമല്ലേ?”
“കെട്ടണമെന്നു വിചാരിച്ചിരിക്യാ മൊതലാളി.” കറിയാ പറഞ്ഞു. വാസ്തവത്തില്‍ അന്നു വൈകീട്ട് അവന്‍ പോയി പലഹാരങ്ങളും മറ്റും വാങ്ങിക്കൊണ്ടുവന്നത് അവനു തനിച്ചു തിന്നാന്‍ വേണ്ടി ആയിരുന്നില്ല. മേരിക്കു സമ്മാനിക്കാനായിരുന്നു. മേരിയുടെ കൂടെയിരുന്ന് അവനും ആ വിരുന്നില്‍ പങ്കുകൊള്ളണമെന്നുണ്ടായിരുന്നു. എന്തുചെയ്യാം? വിധിവിലാസം! പ്രതീക്ഷകളെല്ലാം അലസിപ്പോയി. എങ്കിലും അവന്‍ നിരാശനല്ല. മേരി അവനെ സ്‌നേഹിക്കുന്നുണ്ട് എന്നു ബോദ്ധ്യമായിരിക്കുന്നു. അതുമതി. ഒരു പാതിരാത്രികൊണ്ടു ജീവിതം അവസാനിക്കുന്നില്ല. ആ സൗന്ദര്യത്തിടമ്പിനുവേണ്ടി യുഗങ്ങളോളം ക്ഷമാപൂര്‍വ്വം കാത്തിരിക്കാന്‍ അവന്‍ തയ്യാറാണ്. യൗവനത്തിന്റെ എടുത്തുചാട്ടക്കാലമെല്ലാം പോയി. വികാരങ്ങളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാന്‍ അവനിന്നു കഴിയും. ഏതായാലും ആര്‍ക്കുംതന്നെ, പ്രത്യേകിച്ചു തോമ്മാച്ചേട്ടനും തറതിച്ചേടിത്തിക്കും തന്നെപ്പറ്റി യാതൊരു സംശയവുമില്ലെന്നു ബോദ്ധ്യമായിരിക്കുന്നു.
“കറിയാച്ചനാ എന്റെ കുഞ്ഞിനെ രക്ഷിച്ചത്.” തോമ്മാ ഒടുവില്‍ നന്ദി പ്രകടിപ്പിച്ചു.
ചേതമില്ലാത്ത ഉപകാരങ്ങള്‍ നമ്മള്‍ അങ്ങോട്ടുമിങ്ങോട്ടും ചെയ്യേണ്ടിവരില്ലേ തോമ്മാച്ചേട്ടാ? കറിയ പറഞ്ഞു. ആ വാചകത്തില്‍ അടക്കം ചെയ്തിരുന്ന ഗൂഢാര്‍ത്ഥം ശുദ്ധഗതിക്കാരനായ തോമ്മായ്ക്കു മനസ്സിലായിക്കാണുകയില്ല.
ഏതായാലും കാറ്റു തനിക്ക് അനുകൂലമായി വീശിത്തുടങ്ങുന്നു എന്നു കറിയായ്ക്കു തോന്നി. ഇനി വളരെ കരുതലോടെ നീങ്ങിയാല്‍ മതി. മേരി തന്റേതാകും.അതില്‍ സംശയമില്ല. വെളുപ്പാന്‍കോഴി കൂവിയപ്പോഴാണ് എല്ലാവരും പിരിഞ്ഞത്. കിഴക്കു വെള്ളക്കാല്‍ വീശിയില്ല. പെരുമീനുദിച്ചുമില്ല. എങ്കിലും കടുക്കാമറിയ പാലപ്പം ഉണ്ടാക്കുന്ന പണിയില്‍ ഏര്‍പ്പെട്ടു. ഗൗരി പോയിക്കിടന്നുറങ്ങിയെങ്കിലും ഒറ്റക്കണ്ണന്‍ നാരായണന്‍ ആലയില്‍ കരിക്കൂട്ടി തീ കത്തിച്ചു. റിക്ഷാക്കാരന്‍ രാമന്‍ റിക്ഷായുംകൊണ്ടു കവലയിലേക്കു പോയി. പണ്ടാരത്തിപാറു ഉഴുന്നിടിക്കുന്ന ശബ്ദം കേള്‍ക്കാം.
അന്നത്തള്ള ഒരു അമ്പത്തിമൂന്നുമണിജപംകൂടി ചൊല്ലി. തറതി വെളുപ്പടുത്തപ്പോള്‍ മയങ്ങിപ്പോയി. തോമ്മാ കുത്തിയിരുന്നുതന്നെ നേരം വെളുപ്പിച്ചു.
ഭൂമിയില്‍ വെട്ടം വീണപ്പോള്‍ അയാള്‍ ആശുപത്രിയിലെത്തി.
അമ്മിണി കിടക്കയില്‍ മയങ്ങിക്കിടക്കുന്നു. മേരി അടുത്തുതന്നെ നില്‍പ്പുണ്ട്. അവളുടെ കണ്ണുകള്‍ ചെമന്നരിക്കുന്നു.
“മോളെ…. കുഞ്ഞിനെങ്ങനെയിരിക്കുന്നു?” അമ്മിണിയെത്തന്നെ നോക്കിക്കൊണ്ട് മേരിയോട് തോമ്മാ ചോദിച്ചു.
“കുറവുണ്ടപ്പാ” മേരി പറഞ്ഞു: എടയ്‌ക്കെടയ്ക്ക് എന്തോ പിച്ചും പോയും ഒക്കെ പറയുന്നു…. പനിയുണ്ട്.”
“മോളെ! അമ്മിണീ!” തോമ്മാ വിളിച്ചു.
അമ്മിണി മെല്ലെ കണ്ണുതുറന്നു. അപ്പനെ അവളൊന്നു നോക്കി. ആ കണ്ണുകള്‍ വീണ്ടും താനേ അടഞ്ഞു.
തോമ്മായും മേരിയും അവളുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ട് നിന്നു. “ഞാനാരോടും പറേഞ്ഞില്ല ചേച്ചീ.” അമ്മിണി ഉറക്കത്തില്‍ പറയുകയാണ്: “സത്യമായിട്ടും പറേത്തില്ല… എഴുത്തിലെന്നാ എഴുതീരിക്കുന്നെ….”
നിശ്ശബ്ദത.
“എന്തോന്നാ മോളെ ഇവളീപ്പറേന്നത്?” തോമ്മാ ചോദിച്ചു.
“ആ എന്തോന്നാണോ, എനിക്കറിയാമ്മേലാ.” മേരി പറഞ്ഞു. വാസ്തവത്തില്‍ അവള്‍ക്കറിയാമായിരുന്നു. ആ എഴുത്തിന്റെ കഥ. ഉല്‍ക്കണ്ഠനിറഞ്ഞ നിമിഷങ്ങള്‍!
“അപ്പൂപ്പന്റേം അമ്മൂമ്മേടേം എന്നാ കതയാ?” അമ്മിണി പിന്നെയും പറയുന്നു…. “മീശകൊണ്ട് എന്റെ മൊകം നോകുന്നു ചേട്ടാ…. ചേട്ടനോടു വല്യ ഇഷ്ടമാ ചേച്ചിക്ക്….”
മേരിയുടെ മുഖത്തേക്ക് തോമ്മാ വര്‍മ്മിച്ചൊന്നു നോക്കി.
“ഈ പെണ്ണെന്തൊക്കെയാണ് ഈ പറേന്നത് കര്‍ത്താവേ.” മേരിക്കു ഭീതിയായി.
“മോളെ… അമ്മിണീ!” തോമ്മാ അവളെ ഉണര്‍ത്തി.
“അപ്പാ എന്നെ തല്ലരുതേ… ഇനീം ഞാന്‍ കണ്‍മഷി മോട്ടിക്കേലാ.” അമ്മിണി ഭയവിഹ്വലയായി പ്രലപിക്കുന്നു.
“ഇല്ല മോളെ… ഇല്ല…. അപ്പന്‍ ഇനി ഒരിക്കലും എന്റെ മോളെ തല്ലുകേലാ.” തോമ്മാ അവളെ സമാധാനിപ്പിക്കാന്‍ പറഞ്ഞു. അമ്മിണി വീണ്ടും കണ്ണടച്ചു.
“മോളെ, നീ ഇന്നലെ ഒട്ടും ഉറങ്ങീല്യോ” മേരിയുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ടു തോമ്മാ ചോദിച്ചു.
“അമ്മിണി എപ്പഴുമെപ്പഴും ഞെട്ടിയുണരും.”
“നീ പൊയ്‌ക്കോ… ഒന്നു കുളിച്ചിട്ടു വല്ലോം കഴിച്ചിട്ടു പോയിക്കിടന്നൊറങ്ങിക്കോ… അല്ലേല്‍ നിന്നേക്കൂടെ ചികിത്സിക്കേണ്ടിവരും. പൊയ്‌ക്കോ മോളെ… അല്ലേല്‍ നിന്നേക്കൂടെ ചികിത്സിക്കേണ്ടിവരും. പൊയ്‌ക്കോ മോളെ…. ഞാനിവിടെ നിന്നോളാം.”
മേരി ആശുപത്രി ഗേറ്റു കടന്നപ്പോള്‍ പണ്ടന്‍ കറിയാ അവിടെ നില്‍പ്പുണ്ടായിരുന്നു.
“കുഞ്ഞിനെങ്ങനെയിരിക്കുന്നു?” അവന്‍ ചോദിച്ചു.
“കൊറവുണ്ടു ചേട്ടാ.” മേരി പറഞ്ഞു. അവള്‍ നടക്കുകയാണ്. കറിയായും കൂടെ നടന്നു. വഴിയില്‍ ആരുമില്ലായിരുന്നു.
“വിവരമറിയാന്‍ ഞാന്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു.”
“അപ്പനവിടൊണ്ട്”
“മേരീ!”
“ഉം.”
“നീ എന്നെ സ്‌നേഹിക്കുന്നു എന്ന് എനിക്കു മനസ്സിലായി… എന്റെ ജീവിതം ധന്യമായി….”
“വല്ലോരും കാണും നമ്മളിങ്ങനെ ഒന്നിച്ചു നടക്കുന്നത്…. ചേട്ടന്‍ പൊയ്‌ക്കോ.”
“എനിക്കു സമാധാനമായി പോകാമോ?”
“ഉം!”
“നമ്മുടെ വിവാഹം കഴിഞ്ഞു നമുക്ക് അങ്ങു പട്ടണത്തിലേക്കു പോകണം… അവിടെ ഞാന്‍ ഒരുവീടും പുരയിടവും വിലപറഞ്ഞു വച്ചിരിക്കുകയാണ്… എന്റെ മേരിയുടെ അനുവാദത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്…. എന്നിട്ടേ ഞാന്‍ അതു വാങ്ങിക്കൂ… എന്റെ മേരി ഇല്ലെങ്കില്‍ എനിക്കെന്തിനു വീടും പുരയിടവും…അപ്പോള്‍ ഞാനതു വിലയ്ക്കു വാങ്ങിക്കട്ടെ?”
“ഉം. അപ്പോനോടും അമ്മയോടും ഇപ്പോഴിക്കാര്യമൊന്നും പറയണ്ട.”
“ഇല്ല എന്റെ മേരി പറയുമ്പോള്‍ മാത്രമേ ഞാനവരോട് ഇക്കാര്യം സൂചിപ്പിക്കുകയുള്ളൂ… എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കാന്‍ ഒരുക്കമാണ്… അപ്പോള്‍ ഞാന്‍ നാളെത്തന്നെ പോകും… ആ പുര ഒരു ചെറിയ പുരയാണ്… മൂന്നു മുറികളും അടുക്കളയും വരാന്തയുമുണ്ട്. മൊത്തമൊന്നു നന്നാക്കണം. വൈറ്റുവാഷും പെയിന്റും ചെയ്യണം… പിന്നെ നമുക്കു വേണ്ടുന്ന കട്ടിലുകളും മറ്റ് ഉപകരണങ്ങളും എല്ലാം പുതുതായി വാങ്ങിക്കാനാണുദ്ദേശിക്കുന്നത്…”
“അയ്യോ! ചേട്ടന്‍ പൊയ്‌ക്കോ… അതാ അങ്ങു ദൂരേന്ന് ആരാണ്ടൊക്കെ വരുന്നു….” മേരി വേഗം നടക്കയാണ്. എങ്കിലും കറിയാ പിന്തിരിഞ്ഞില്ല. അവന്‍ കൂടെനടന്നു.
“എന്റെ ഓമനയ്ക്കുവേണ്ടി ഇന്നലെ ഞാന്‍ എന്തെല്ലാം ഒരുക്കിയിരുന്നെന്നോ….” അവന്‍ പറഞ്ഞു.
“ഇനിയുമുണ്ടല്ലോ ദിവസങ്ങള്‍…. അമ്മിണിക്കു സുഖമാകട്ടെ…. കേട്ടോ…. ചേട്ടന്‍ പൊയ്‌ക്കോ.”
“എന്റെ കരളേ!...” കറിയായുടെ കണ്ഠമിടറി. “നിന്നെപ്പോലെ അഴകുള്ള ഒരു യുവതിയെ ഞാന്‍ കണ്ടിട്ടില്ല… മേരീ!... എന്റെ മേരീ, സത്യമായും നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?”
“ഒണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ… ചേട്ടന്‍ പോയ്‌ക്കോ.” മേരി പറഞ്ഞു. അവള്‍ക്കു പേടിയായി. അവള്‍ പണ്ടാരത്തിപ്പാറുവിന്റെ കുടിലിനു മുമ്പില്‍ എത്തിയപ്പോള്‍ ഓടിക്കളഞ്ഞു. കുറെ ഓടിക്കഴിഞ്ഞ് ഒന്നു തിരിഞ്ഞുനോക്കി. വഴിയിറമ്പില്‍ അവളെ നോക്കിക്കൊണ്ടുതന്നെ പ്രണയഭിക്ഷുവായ കറിയ നില്‍ക്കുന്നതു കണ്ടു. ഉഷസ്സിന്റെ പൊട്ടി വിരിയുന്ന സ്വര്‍ണ്ണപ്രഭയില്‍ അവള്‍ സത്യമായും ഒരു ദേവസുന്ദരിയാണെന്ന് അവനു തോന്നി. അവലെ മറ്റാരും തട്ടിക്കൊണ്ടുപോകരുതേ എന്ന് അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അവള്‍ തന്റെ മണവാട്ടിയാകുന്ന ആ ആദ്യത്തെ രാത്രിയെ സ്വപനംകണ്ട് അവന്‍ തിരികെ നടന്നു.
മണ്‍കുടത്തില്‍ തറതി കോരിവച്ചിരുന്ന വെള്ളംകൊണ്ടു മറപ്പുരയില്‍നിന്നു മേരി കുളിച്ചു. അവളുടെ കണ്ണുകളിലെ കണ്‍മഷി നിശ്ശേഷം പോയിരുന്നു. അമ്മയ്ക്കും വല്യമ്മയ്ക്കും പുറമേ അയല്‍ക്കാരൊക്കെ വന്നു. വിവരം ചോദിക്കാന്‍. അവള്‍ പറഞ്ഞു. അവള്‍ക്ക് ഉറക്കം വരുന്നു. രാത്രിയില്‍ ഒരുപോള കണ്ണടച്ചിട്ടില്ല. മറിഞ്ഞുവീഴുമെന്നു തോന്നി. പഴങ്കഞ്ഞി ഉണ്ടായിരുന്നു. ഉണക്കമത്തി വറ്റിച്ചതും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയില്‍ ആരും അത്താഴം കഴിച്ചിരുന്നില്ലല്ലോ. അവള്‍ വയറുനിറെ പഴങ്കഞ്ഞി കുടിച്ചു. എന്നിട്ടു കട്ടന്‍ കാപ്പിയും കുടിച്ചു. പാലൊഴിച്ച കാപ്പി കുടിച്ചിട്ടുള്ള കാലമേ മറന്നിരിക്കുന്നു.
വല്യമ്മച്ചിയുടെ മുറിയില്‍ നിലത്തു തഴപ്പായ വിരിച്ചു കതകടച്ചിട്ട് അവള്‍ കിടന്നു. എല്ലാം അവള്‍ ചെയ്ത പാപത്തിന്റെ ശിക്ഷയായിരിക്കും. ഇന്നലെ രാത്രി എല്ലാവരേയും ഒളിച്ച് അന്യപുരുഷന്റെ വീട്ടിലേക്ക് അവള്‍ പോകാന്‍ തുനിഞ്ഞതു പാപമല്ലേ? ദൈവപ്രമാണത്തിന്റെ ഘനമായ ലംഘനമല്ലേ? പാപം ചെയ്യാന്‍ ഉദ്ദേശിച്ചല്ല അവള്‍ പോയത്. പക്ഷേ, ഒരു പുരുഷന്‍ തനിച്ചുള്ള ഒരു മുറിയില്‍ പാതിരാത്രിയുടെ ഏകാന്തതയില്‍ അവള്‍ സുന്ദരിയായ അവള്‍ പ്രവേശിച്ചാല്‍ ആ മനുഷ്യനു പാപവിചാരം ഉണ്ടാവുകയില്ലേ? അവള്‍ പാപം ചെയ്യാന്‍ ആഗ്രഹിച്ചില്ലെങ്കിലും മറ്റൊരാളെ പാപകര്‍മ്മത്തിന് അവള്‍ പ്രേരിപ്പിക്കുമായിരുന്നില്ലേ? പാപത്തേക്കാള്‍ ശിക്ഷാര്‍ഹമാണു പാപത്തിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്. ഏതൊരു പാപവും ശിക്ഷിക്കപ്പെടും. അമ്മിണിക്ക് ഇന്നലെയുണ്ടായ സുഖക്കേടു ദൈവശിക്ഷയായിരുന്നു എന്നു തന്നെ മേരി വിശ്വസിക്കുന്നു. ഇനി ഒരിക്കലും അങ്ങനെയൊരു പ്രവൃത്തിക്ക് അവള്‍ ഉരുങ്ങുകയില്ല. വിവാഹം കഴിഞ്ഞല്ലാതെ അവളിനി ഒരിക്കലും കറിയായുടെ പക്കല്‍ പോവുകയില്ല. വിവാഹം കഴിഞ്ഞുളള ആദ്യത്തെ രാത്രി എങ്ങനെയായിരിക്കും?
മേരി പെട്ടെന്നുറങ്ങിപ്പോയി.
ഒരു പത്തുമണിയായിക്കാണും. വലിയവീട്ടിലെ ജോയി ആ മണ്‍കുടിലില്‍ വന്നു. കാറിലല്ല നടന്നാണ് ആ പ്രഭുകുമാരന്‍ വന്നത്. അവന്‍ മുറ്റത്തുനിന്നു. തറതി വാതിക്കല്‍നിന്നു.
“തോമ്മാച്ചേട്ടനിന്നു ജോലിക്കു വന്നില്ലല്ലോ ചേടത്തീ.” അവന്‍ ചോദിച്ചു.
“അതിയാന്‍ ആശുപത്രീപ്പോയിരിക്യാ… എളേകൊച്ചിന് ഇന്നലെ രാത്രീല്‍ ഒരു കോട്ടും ബോതക്കേടും ഉണ്ടായി. കുഞ്ഞിങ്ങോട്ടു കേറിയിരുന്നാട്ടെ.” തിണ്ണയില്‍ ഒരു തടുക്കുപായ് തൂത്തിട്ടുകൊണ്ടു തറതി പറഞ്ഞു. “ചത്തുപോകുമെന്നു ഞങ്ങളെല്ലാം വിചാരിച്ചതാ പാറേമാതാവു രക്ഷിച്ചു.”
“വീട്ടിലാരോ പറയുന്നതുകേട്ടു.”
തിണ്ണയിലേക്കു കേറിനിന്നുകൊണ്ടു ജോയി പറഞ്ഞു “അമ്മച്ചി പറഞ്ഞു ഒന്നന്വേഷിച്ചേച്ചു വരാന്‍, ഇപ്പോഴെങ്ങനെയിരിക്കുന്നു?”
“കൊറവൊണ്ട്. മേരി ഇപ്പം രാവിലെയാ വന്നത്.”
“മേരി എന്ത്യേ?”
“ഇവിടൊണ്ട്. മേരീ, എടീ പെണ്ണേ!” തറതി കതകുതുറന്നു.
മേരി വിളികേട്ടു. എങ്കിലും കണ്ണുതുറന്നില്ല. ഒന്നു തിരിഞ്ഞു കിടന്നതേയുള്ളൂ.
ജോയി ആ മങ്ങിയവെളിച്ചത്തില്‍ ആ ഉറങ്ങുന്ന സൗന്ദര്യത്തെ കണ്ടു. അവന്റെ ഹൃദയത്തില്‍ വേലിയേറ്റമുണ്ടായി.
“നല്ല ഉറക്കമാ.” തറതി പറഞ്ഞു: “മേരീ… എടീ പെണ്ണേ എണീല്‍ക്കാന്‍.”
“എന്നാല്‍ കിടന്നുറങ്ങിക്കൊളളട്ടെ.” ജോയി പറഞ്ഞു.
മേരി ഉണര്‍ന്നു. അവള്‍ കണ്ണുതിരുമ്മി നോക്കി. അവള്‍ ജോയിയെക്കണ്ടു. ആ പുഞ്ചിരിക്കുന്ന മുഖം. മേരിക്കു നാണം തോന്നി. അവള്‍ പെട്ടെന്നെണീറ്റു. കാര്‍മേഘപാളികള്‍പോലെ അഴിഞ്ഞുലഞ്ഞുകിടന്ന തലമുടി അവള്‍ ഒതുക്കിക്കെട്ടി, കടമിഴിക്കോണുകള്‍കൊണ്ട് അവള്‍ അവനെ ഒന്നുനോക്കി. എന്നിട്ടു കതകിനു മറഞ്ഞുനിന്നുകളഞ്ഞു.
“മോളെ, അമ്മിണിക്കെങ്ങനെയിരിക്കുന്നു എന്നറിയാന്‍ വന്നതാ ജോയിച്ചന്‍.” തറതി അറിയിച്ചു.
“അമ്മിണിക്കു കുറവുണ്ട്.” അവള്‍ മറവില്‍നിന്നുകൊണ്ടുതന്നെ പറഞ്ഞു.
“ആ ഞാന്‍ ആശുപത്രിയിലേക്ക് ഒന്നു പോകുവാ.” ജോയി പറഞ്ഞു: “ഇങ്ങനെയൊരു സംഭവമുണ്ടായിട്ടും എന്താ മേരീ വീട്ടിലൊന്നറിയിക്കാഞ്ഞത്?” മേരി എന്താണു ബംഗ്ലാവിലെ പറമ്പിലേക്ക് ഈയിടെയെങ്ങും വരാത്തത് എന്നതായിരുന്നു ആ കാമുകന്റെ ചോദ്യത്തിന്റെ അര്‍ത്ഥം. മേരിക്കതു മനസ്സിലായി. അവളൊന്നും പറഞ്ഞില്ല. തറതിക്കു മനസ്സിലായില്ല.
“ആ വെപ്രാളത്തിനിടയ്ക്ക് ആരോടു പറയാനാ കുഞ്ഞേ?” അവര്‍ പറഞ്ഞു.
“മേരിയെ അമ്മയ്ക്കു വല്യ ഇഷ്ടമാണ്.” ജോയി പറഞ്ഞു. “ഈയിടെയായി അങ്ങോട്ടു കാണുന്നില്ലല്ലോ?”
“ഞാന്‍ വെള്ളംകോരാന്‍ വരുന്നുണ്ടു ജോയിച്ചാ.” മേരി പറഞ്ഞു.
മേരിയുടെ ഉറക്കത്തിന്റെ കുടിശ്ശിക തീര്‍ന്നില്ല. അവള്‍ പിന്നെയും കിടന്നുറങ്ങി. അവളുടെ സ്വപ്നങ്ങളില്‍നിന്നു രണ്ടാംകെട്ടുകാരനായ കറിയായുടെ മുഖം മാഞ്ഞു. ആ സ്ഥാനത്തു കോമളനായ ജോയിയുടെ മുഖം തെളിഞ്ഞുവന്നു.
ഒരാഴ്ചത്തേക്കു തോമ്മാ എങ്ങും ജോലിക്കു പോയില്ല. പകലന്തിയോളം അയാള്‍ അമ്മിണിയുടെകൂടെ കഴിച്ചുകൂട്ടും. രാത്രിയില്‍ മേരിയുടെ തവണയാണ്. അമ്മിണിയുടെ പനി നിശ്ശേഷം നീങ്ങി. കുഞ്ഞു തീരെയങ്ങു ക്ഷീണിച്ചുപോയി. എല്ലും തൊലിയും മാത്രമായി എന്നുതന്നെ പറയാം. പിന്നെയും ഒരാഴ്ചകൂടെ അവള്‍ അവിടെ താമസിക്കേണ്ടി വന്നു. വിലയേറിയ മരുന്നുകളും ടോണിക്കുകളുമാണ് ഡോക്ടര്‍ അവള്‍ക്കു കൊടുത്തത്. രണ്ടാഴ്ചയായപ്പോള്‍ അവള്‍ക്കു നടക്കാമെന്നായി സുഖക്കേടു നിശ്ശേഷം നീങ്ങിയെന്നും ഇനി വീട്ടിലേക്കു കൊണ്ടുപോകാമെന്നും ഡോക്ടര്‍ പറഞ്ഞു. കുറച്ചുനാളത്തേക്ക് അവള്‍ക്കു പാലും മൊട്ടയും കൊടുക്കണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
മൊത്തം ഇരുന്നൂറ്റമ്പതുരൂപയായി ആശുപത്രിയിലെ ബില്ല്. തറതിയുടെ സമ്പാദ്യവും ചിട്ടിപ്പണംകിട്ടിയ അമ്പതുരൂപായും പണ്ടന്‍കറിയായോടു വായ്പ വാങ്ങിയ ഇരുപത്തഞ്ചുരൂപായും ഉള്‍പ്പെടെ ഒരു പ്രകാരത്തില്‍ തറതി ഇരുനൂറുരൂപാ ഒപ്പിച്ചു. മേരിയുടെ കൈയിലാണ് രൂപാ കൊടുത്തയച്ചത്. ബാക്കി അമ്പതുരൂപാ ഒരു മാസത്തിനകം ഏല്‍പിച്ചുകൊള്ളാമെന്ന വ്യവസ്ഥയിന്മേല്‍ അവള്‍ അമ്മിണിയെയും കൂട്ടിക്കൊണ്ടുപോന്നു. തോമ്മായും ഉണ്ടായിരുന്നു അവളുടെകൂടെ. എങ്കിലും വ്യവസ്ഥ പറഞ്ഞതു മേരിയായിരുന്നു.
സര്‍ക്കാരാശൂത്രിലാരുന്നേില്‍ ഒരു കാശും ചെലവാകത്തില്ലായിരുന്നു. വിവരം അറിഞ്ഞ പണ്ടാരത്തി പാറു പറഞ്ഞു.
“രൂപായേക്കാള്‍ വലതാ പാറു എനിക്കെന്റെ കുഞ്ഞ്.” അമ്മിണിയെ വാരിപ്പുണര്‍ന്നുകൊണ്ടു തറതി പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും ആറ്റുനോറ്റ് അരിച്ചുപെറുക്കി പാറ്റിക്കൊഴിച്ച് അവര്‍ സമ്പാദിച്ചുവച്ചിരുന്ന പണം മുഴുവന്‍ പോവുകയും ഒരു കടക്കാരിയാവുകയും ചെയ്തതില്‍ അവരുടെ ഉള്ളു വേദനിക്കുന്നുണ്ട്. മേരിക്കിനി എന്ന് ഒരു മാല തീര്‍പ്പിച്ചു കൊടുക്കാന്‍ സാധിക്കും? ഉം. എല്ലാം കാണുന്ന ദൈവമുണ്ടല്ലോ. അവിടത്തെ തിരുച്ചിത്തത്തിനു കീഴ് വഴങ്ങുക, അതേ തരമുള്ളൂ.
വലിയവീട്ടിലെ കണ്ടത്തിലെ ചിറപ്പണി തീര്‍ന്നു. പുരയിടങ്ങളിലും അങ്ങനെ പറയത്തക്ക പണിയൊന്നുമില്ല. ഒടുവില്‍ കുഞ്ഞപ്പന്‍ നായരുടെ ശുപാര്‍ശയില്‍ ഒരു റോഡുവെട്ടുകണ്‍ട്രാക്ടരുടെ പാറപൊട്ടിക്കല്‍പ്പണി തോമ്മായ്ക്കു കിട്ടി. ദിവസം മൂന്നുരൂപായെ കൂലിയുള്ളൂ. കാഠിന്യമേറിയ പണിയാണ്. കുടുംബത്തെ പുലര്‍ത്തണ്ടേ? തോട്ടപ്പണിപോലും ചെയ്യാന്‍ തോമ്മാ ഒരുക്കമാണ്. എന്നും പണികിട്ടിയാല്‍ മതിയായിരുന്നു. മൂന്നുരൂപാകൊണ്ടു ചെലവുകള്‍ക്കു തികഞ്ഞു പറ്റുന്നില്ല. കടുക്കാമറിയയുടെ കടയില്‍നിന്നു കടം മേടിച്ചു രൂപാ പതിനേഴായി.
ഏതായാലും വലിയവീട്ടിലെ കുഞ്ഞേലിയാമ്മ ഒരു പുണ്യകൃത്യം ചെയ്തു. അമ്മിണിക്കുവേണ്ടി ഇരുനാഴിപ്പാലുവീതം കൊടുക്കാമെന്നു സമ്മതിച്ചു. രൂപാ ഒന്നിച്ചു രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ കൊടുത്താല്‍ മതിയെന്ന്. നാലോ അഞ്ചോ വലിയ കറവപ്പശുക്കളുണ്ട് വലിയ വീട്ടില്‍. അവരുടെ വീട്ടിലെ ആവശ്യത്തിനുകഴിഞ്ഞു ബാക്കി മുഴുവനും ആശുപത്രിയില്‍ വില്‍ക്കുകയാണു പതിവ്.
മേരിയാണു പാലുവാങ്ങാന്‍ പോകുന്നത്. കുഞ്ഞേലിയാമ്മയ്ക്കും പിള്ളേര്‍ക്കും അവലെ വലിയ കാര്യമാണ്. അവധി ദിവസം സൂസന്‍ അവളെ വിടുകയില്ല.
“മേരീ, ഇത്രേം തലമുടി എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനെത്ര സുന്ദരിയായിരുന്നേനേ!”മേരിയുടെ തലമുടിയെ കണ്ണുവച്ചുകൊണ്ടു പറഞ്ഞു.
“ഞാന്‍ വേണേല്‍ വെട്ടിത്തന്നേക്കാം സൂസമ്മേ.” മേരി ചിരിച്ചുകൊണ്ടു പറഞ്ഞു. ഒന്നാമത് ഇത്രേം തലമുടിയില്‍ പെരട്ടാന്‍ വീട്ടില്‍ വെളിച്ചെണ്ണയില്ല.”
“മേരിക്കു വേണമെങ്കില്‍ ഞാന്‍ ഒരു കുപ്പി എയാര്‍ ഓയില്‍ തരാമല്ലോ, വേണോ?”
“അയ്യോ വേണ്ട. എന്തെങ്കിലും സെന്റു ഞാന്‍ പുരട്ടീന്നറിഞ്ഞാല്‍ അപ്പനെന്റെ തല വീശിക്കളേം.”
“ഓ മേരിയുടെ അപ്പൊനൊരു കാടനാ!”
അപ്പനെ ആ പെണ്ണ് അങ്ങനെ കുറ്റം പറഞ്ഞതു മേരിക്ക് ഇഷ്ടമായില്ല. മറുപടി പറയാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. അവള്‍ പറഞ്ഞില്ലെന്നേയുള്ളൂ.
ഒരു ദിവസം, ഒരു സന്ധ്യാവേളയില്‍ മേരി പാലും വാങ്ങിക്കൊണ്ടു പോകുമ്പോള്‍ ജോയി അവളെക്കാത്ത് മുന്‍വശത്തുള്ള വഴിയില്‍ നില്‍ക്കുകയായിരുന്നു.
“മേരീ!” അവന്‍ വിളിച്ചു.
“എന്താ ജോയിച്ചാ?”
“നിനക്കെന്നോട് ഒട്ടും സ്‌നേഹമില്ലേ?”
“ജോയിച്ചനാ സ്‌നേഹമില്ലാത്തെ.”
“നിന്നെ ഒന്നു കാണാന്‍ ഞാന്‍ എത്ര നാളായി കൊതിക്കുന്നു! നീ അിറയുണ്ടോ? നിന്നെ ഞാനൊന്നും സ്വപ്നം കാണുന്നുണ്ടെന്ന്.”
“ഞാനും കാണുന്നുണ്ട്.”
“ആരെ?”
അവള്‍ മറുപടി പറഞ്ഞില്ല. മുഖം കുനിച്ചു നിന്നതേയുള്ളൂ. നാണം കലര്‍ന്ന പുഞ്ചിരിയുടെ ശോണിമ അവളുടെ കപോലങ്ങളില്‍ പ്രതിഫലിച്ചു.
“നമ്മുടെ രണ്ടുപേരുടെയും സ്വപ്നങ്ങള്‍ എന്നാണു യാഥാര്‍ത്ഥ്യമാകുന്നത്?” അവള്‍ ചോദിച്ചു. അവന്‍ കുറേക്കൂടെ അവളുടെ അടുക്കലേക്കു നീങ്ങി. അവള്‍ തിക്കുംപൊക്കും നോക്കിയിട്ട് അല്‍പം പുറകോട്ടു മാറിനിന്നു.
“അയ്യോ…. വല്ലോരു കണ്ടാല്‍ ഇന്നാളത്തെപ്പോലെ.”
“ഞാന്‍ ചോദിച്ചതിനു മറുപടി പറഞ്ഞില്ലല്ലോ!”
“ഞാനെന്താണു പറയേണ്ടത്? ഞാന്‍ പാവപ്പെട്ടവള്‍… ജോയിച്ചനല്ലേ പറയേണ്ടത്.”
“നിന്റെ തീരുമാനം ആണ് അറിയിക്കേണ്ടത്.”
“ജോയിച്ചന്‍ അപ്പനോടു പറയണം. അപ്പന്‍ പറയുന്നതുപോലല്ലേ. എനിക്കു പ്രവര്‍ത്തിക്കാനൊക്കൂ.”
“അപ്പനോടും അമ്മയോടും ഒക്കെ പറയുന്നതു പിന്നല്ലേ?”
“അല്ല ആദ്യം അവരോടാ പറേണ്ടത്.”
“നീ ഒരു മണ്ടിയാണ്. പ്രേമം എന്താണെന്നു നിനക്കറിഞ്ഞുകൂടാ.”
“നാം ആദ്യം പ്രേമബദ്ധരാകണം. അതാണു പരിഷ്‌കാരരീതി.”
“എനിക്കതൊന്നും അറിയാമ്മേലാ.”
“അത് എന്താണെന്നു നിന്നെ മനസ്സിലാക്കാന്‍ ഒരവസരം കിട്ടണ്ടേ?”
“എന്നാല്‍ ഇപ്പം പറയാമല്ലോ.”
“ഈ വഴിക്കുവച്ചങ്ങനെയാണു പ്രേമം പറയുന്നത്?”
“പന്നെവിടെവച്ചാ പറേണത്?”
“നീ വെള്ളം കോരിയ കിണറില്ലേ?”
“ഉം.”
“അതിനടുത്ത് കച്ചിപ്പുരയുടെ അപ്പുറത്തിരിക്കുന്ന ഒരു കൊച്ചു കെട്ടിടം കണ്ടിട്ടുണ്ടല്ലോ?”
“പിന്നില്ലേ?”
“ഉം.”
“അതിനടുത്ത് കച്ചിപ്പുരയുടെ അപ്പുറത്തിരിക്കുന്ന ഒരു കൊച്ചുകെട്ടിടം കണ്ടിട്ടുണ്ടല്ലോ?”
“പിന്നില്ലേ?”
“ഞാന്‍ പകലെപ്പോഴും അവിടെയാണ്. നീ അവിടെ വരണം. മറ്റാരും കാണുകയില്ല. ആ ഭാഗത്തേക്ക് ആരും വരരുതെന്നു ചട്ടംകെട്ടിയിരിക്കുകയാണ്.”
“അതെന്താ?”
“എന്റെ പഠിത്തത്തിനു ശല്യം ഉണ്ടാകാതിരിക്കാന്‍.”
“അപ്പോള്‍ ഞാന്‍ വന്നാലോ.”
“സ്്‌നേഹമുള്ളവര്‍ വരുന്നത് പഠിത്തതിനു നല്ലതാണ്.”
“എന്നാ കുഞ്ഞേലിയാമ്മേം സൂസമ്മേം ഒക്കെ അവിടെ വന്നിരിക്കാന്‍ പറയാത്തതെന്താണ്?”
ജോയിയുടെ മുഖം വിളറി. നിര്‍ദദോഷമായ ഒരു നേരംപോക്കാണു മേരി പറഞ്ഞത്. പക്ഷേ, അത് അവന്റെ ചങ്കിനാണ് കൊണ്ടത്.
“ആട്ടെ, നീ വരുമോ മേരീ?” അവന്‍ മുതലാളിത്തത്തിന്റെ നേരിയ ഹുങ്കോടെ ചോദിച്ചു.
“വരാം.” അവള്‍ സമ്മതിച്ചു.
“വരണം, നിനക്കൊരു സമ്മാനം ഞാന്‍ കരുതിവച്ചിട്ടുണ്ട്.”
“എന്നാ സമ്മാനമാ?”
“പറഞ്ഞാല്‍ അതിന്റെ പുതുമ പോകും.”
“എങ്കിലും കേക്കട്ടെ അതെന്താണെന്ന്.”
“പിന്നീടറിഞ്ഞാല്‍ മതി.”
“എന്നാല്‍ ഞാന്‍ വരികയില്ല.”
“എങ്കില്‍ പറയാം… എന്റെ ഹൃദയം.” അവന്‍ പുഞ്ചിരിച്ചു. അവളും പുഞ്ചിരിച്ചു.
“ഞാന്‍ പോട്ടെ.” അവള്‍ നടക്കുകയാണ്.
“വരണം കേട്ടോ.”
അവള്‍ മൂളി. എന്നിട്ടു തിരിഞ്ഞുനോക്കാതെ നടന്നു.
അവന്റെ വര്‍ത്തമാനം അവള്‍ക്കിഷ്ടമായിരുന്നു. അവന്‍ പ്രേമത്തെപ്പറ്റി പറഞ്ഞു. അതെന്താണെന്ന് അവള്‍ക്കറിഞ്ഞുകൂടാ. അറിയാന്‍ ആഗ്രഹമുണ്ട്. കേട്ടിട്ടേയുള്ളൂ. അറിഞ്ഞിട്ടില്ല. അിറയണം. അവന്‍ തനിച്ചു താമസിക്കുന്ന ആ കൊച്ചുവീട് ചെടികളുടെ ഇടയില്‍ക്കൂടി അവള്‍ക്കുകാണാം. അവിടെ അവന്‍ അവള്‍ക്കുവേണ്ടി കാത്തിരിക്കുമെന്ന്. പോകണം. കറിയായോടും അവളങ്ങനെ പറഞ്ഞതല്ലേ? പക്ഷേ കറിയായെ അവള്‍ക്കു സ്‌നേഹിക്കാന്‍ സാധിക്കുന്നില്ല? എത്ര ശ്രമിച്ചിട്ടും. അവന്‍ കൂടക്കൂടെ അവളുടെ ചിന്തയില്‍നിന്ന് അകന്നു പോകുന്നു. എന്നാല്‍ സുഭഗനായ ജോയിയാകട്ടെ അവളുടെ ഹൃദയത്തില്‍ അപ്പോഴും നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.
വീണ്ടും മധുരസ്വപ്നങ്ങള്‍ അവളുടെ ഹൃദയത്തിന്റെ മണിയറയില്‍ വിരുന്നിനുവന്നു.
പോകണം. ആരുമാരും കാണാതെ, ആരുമാരും അറിയാതെ.
പ്രേമം എന്താണെന്നറിയണം. അവള്‍ തീരുമാനിച്ചുറച്ചു. കറിയാ അകന്നകന്ന് അങ്ങു ചക്രവാളസീമയില്‍ മാഞ്ഞു.