വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും എത്രയോ കഥകള്‍. ഒരാള്‍ മറ്റൊരാളെ വിശ്വസിക്കുക എന്നാല്‍ അയാളില്‍ സ്വയം സമര്‍പ്പിക്കുക എന്നതു തന്നെയാണ്. പരസ്പരം ഈ വിശ്വാസം നിലനിര്‍ത്തുന്നവരോളം സ്‌നേഹിക്കപ്പെടുന്നവര്‍ ഈ ലോകത്ത് വേറെ ഉണ്ടോ? അവരോളം ഭാഗ്യം ചെയ്തവര്‍ ഉണ്ടോ?
വിശ്വസിക്കുക, വിശ്വസിക്കപ്പെടുന്നവരാവുക... രണ്ടും രണ്ടാണെന്ന് തോന്നാം. എല്ലാവരേയും വിശ്വാസം ഉള്ള ഒരാളെ യാതൊരാളും വിശ്വസിക്കണമെന്നു തന്നെയില്ല.വിശ്വാസം എന്നത് രക്തബന്ധത്തിലല്ല ഉണ്ടാവുക. എത്ര ആഗ്രഹത്തോടെയാണ്, ഒരാളോട് എന്നെ വിശ്വസിക്കൂ എന്ന് പറയുന്നത്.. പക്ഷേ ഞാനറിയാതെ അവര്‍ അരുത്, എന്നു പറഞ്ഞതു ചെയ്താല്‍... മുറിവേല്‍ക്കുക തന്നെ ചെയ്യും. അതുകൊണ്ടെന്താ വിശ്വാസത്തെ കുറിച്ച് പഠിക്കാം.
മുകളില്‍ നിന്ന് താഴേയ്ക്ക് വെറുതേ വീഴുമ്പോള്‍ കൈപിടിച്ച് ഏറ്റവും സ്‌നേഹമുള്ളയാള്‍ നില്‍പ്പുണ്ടെന്ന വിശ്വാസം. നഷ്ടപ്പെട്ടു പോയത് നിനക്ക് മാത്രമേ തിരികെ നേടി തരാന്‍ കഴിയൂ എന്ന മട്ടില്‍ കണ്ണുകളിലേയ്ക്ക് നോക്കുമ്പോള്‍ പ്രതീക്ഷയുടെ തിളക്കം. ചേര്‍ത്തു പിടിച്ച കുഞ്ഞിനെ പോലും ധൈര്യത്തില്‍ കയ്യില്‍ വച്ചു തരുന്ന വിശ്വാസം... തൊട്ടാല്‍ എന്തസുഖവും മാറുമെന്ന വിശ്വാസം, ചേര്‍ന്നിരുന്നാല്‍ വിഷാദങ്ങളൊക്കെ പെയ്‌തൊഴിയുമെന്ന വിശ്വാസം...
ഞാന്‍ കണ്ണടച്ചു വിശ്വസിക്കുന്നവര്‍ .. അവര്‍ എന്നെയും വിശ്വസിക്കുന്നു.....
ഒന്നു ചേര്‍ത്തു പിടിക്കട്ടെ എന്റെ സ്‌നേഹത്തെ... വിശ്വാസത്തെ...