Image

കരകാണാക്കടല്‍- 15 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 09 May, 2014
കരകാണാക്കടല്‍- 15 (നോവല്‍: മുട്ടത്തുവര്‍ക്കി)
15. കൊടുങ്കാറ്റുകള്‍ കാവല്‍നിന്ന സ്വര്‍ഗ്ഗീയനിമിഷങ്ങള്‍

കാര്‍മേഘങ്ങള്‍ പെയ്യുന്ന മഴത്തുള്ളികളുടെ ഇടയില്‍ക്കൂടി നീന്തിത്തുടിക്കുകയാണ് പിശറന്‍ കാറ്റ്! ഒരു ലക്കും ലഗാനുമില്ലാതെ തെമ്മാടിക്കാറ്റ്.
മഴത്തുള്ളികള്‍ ജന്നല്‍കണ്ണാടികളെ തെരുതെരെ ചുംബിച്ചു. കാപ്പിച്ചെടികളില്‍ സീല്‍ക്കാരത്തോടെ കാറ്റുകള്‍ ഓടിനടന്നു.
“ആരെങ്കിലും ഇങ്ങോട്ടു വന്നെങ്കില്‍?”  മേരി പറയുന്നു.
“ആരും വരുകയില്ല…. വന്നാലും ഒന്നുമില്ല.” ജോയിയുടെ സ്വരം.
“ഉം, പിന്നെ.”
“എന്റെ മേരീ! നീ എന്റെ സ്വപ്നത്തിന്റെ ദേവതയാണ്…”
“ഞാനും ജോയിയെ എന്നും സ്വപ്നം കാണുമായിരുന്നു.”
“നീയില്ലാത്ത ഒരു ജീവിതത്തെപ്പറ്റി എനിക്കുപോലും സാദ്ധ്യമല്ല…. ഈ ചെമന്ന അധരങ്ങള്‍….. ഈ പവിഴപ്പൂങ്കവിളുകള്‍….. ഈ നീലക്കണ്ണുകള്‍…. ഈ നുണച്ചുഴികള്‍… ഈ തഴച്ചുചുരുണ്ടതലമുടി….. ഈ കഴുത്ത്…. ഈ…”
മഴയ്ക്കു ശക്തികൂടിക്കൂടിവരുന്നു. ആകാശത്തില്‍ കുടുകുടു കളിക്കുന്നതാരാണ്? കൊള്ളിയാന്‍ മിന്നുണ്ടാവും.
മഴയുടെ വക്ഷസ്സില്‍ മാരിവില്ല് അപ്പോഴും തെളിഞ്ഞുനിന്നിരുന്നു…. കറുത്ത മേഘങ്ങളുടെ  പുന്നാരപ്പൂംപൈതല്‍… സായാഹ്നത്തിന്റെ സൂര്യനെവിടെയാണ്? ആകാശവും ഭൂമിയും എവിടെയാണ്?
“ഈ കഴുത്തില്‍ ഞാന്‍ മിന്നുകെട്ടും…. ഈ കഴുത്തില്‍ ഞാന്‍ രത്‌നമാലകള്‍ അണിയിക്കും…. രത്‌നമാലകള്‍…. എന്റെ ഓമനയുടെ വക്ഷസ്സില്‍ തിളങ്ങും….”
“എന്നെ മറക്കാതിരുന്നാല്‍ മതി.”
“എന്നെ ഞാന്‍ മറന്നാലും നിന്നെ എനിക്കു മറക്കാന്‍ സാധിക്കുകയില്ല.”
“എന്നാണ് എന്റെ കഴുത്തില്‍ മിന്നുകെട്ടുന്നത്.”
“ഒരു നല്ല പ്രഭാതത്തില്‍ ദേവാലയത്തില്‍വച്ച്.”
“അതെന്നായിരിക്കും?”
“അധികം താമസിക്കുകയില്ല. എന്റെ അഴകേ! നിന്റെ ഈ ശരീരത്തെ ഞാന്‍ പട്ടുവസ്ത്രങ്ങള്‍ക്കൊണ്ടു പൊതിയും.”
“ഞാന്‍ എല്ലാം മറന്നു പോകുന്നു…. ജോയിയെ എനിക്കിഷ്ടമാണ്.”
ജീവിതം പുഷ്പിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍.
പ്രപഞ്ചകടാഹം മുഴുവനും വിസ്മൃതിയില്‍ ലയിക്കുന്നു…. മഴത്തുള്ളികളാണോ ജന്നല്‍ക്കണ്ണാടിയില്‍ കൊട്ടിവിളിക്കുന്നത്? കാപ്പിച്ചെടികളില്‍  കാറ്റു ചൂളംവിളിക്കുന്നതെന്തിന്? ആകാശത്തില്‍ മാലാഖമാരാവും കുടുകുടു കളിക്കുന്നത്… ദൂരെയെവിടെയോ ഇടിവെട്ടിയതും അവര്‍ അറിഞ്ഞില്ല.
ജോയിയും മേരിയും… ദീര്‍ഘനാളത്തെ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം….
അനുരാഗത്തിന്റെ തൃക്കോവില്‍ തുറക്കപ്പെടുന്ന ദിവ്യദിവ്യമായ മുഹൂര്‍ത്തം…. ലോകത്തിലെ എല്ലാ തത്ത്വശാസ്ത്രങ്ങളും നിഷ്പ്രഭങ്ങളാകുന്ന ഗംഭീരമുഹൂര്‍ത്തം…. അപ്പനും അമ്മയും കൂടപ്പിറപ്പുകളും വിസ്മൃതരാകുന്ന മാന്ത്രിക മുഹൂര്‍ത്തം. പണ്ടന്‍ കറിയായും പട്ടാളക്കാരനും പള്ളിയും പട്ടക്കാരനും വേദപ്രമാണങ്ങളും എല്ലാം കാറ്റത്തു പറന്നുപറന്ന് അനന്തതയില്‍ അപ്രത്യക്ഷമാകുന്ന അത്ഭുതത്തിന്റെ മുഹൂര്‍ത്തം…. ജീവിതം മന്ദ്രമധുരമായ ഒരു സംഗീതമായി രൂപാന്തരപ്പെടുന്ന മനോഹരമുഹൂര്‍ത്തം!
രോമാഞ്ചങ്ങളുടെ ആ പറുദീസയില്‍…
മാദകയൗവനത്തിന്റെ മാസ്മരികലഹരിയില്‍…
ഹൃദയത്തുടിപ്പുകളുടെ സംഗമത്തില്‍….
കിനാവുകളുടെ മണിയറയില്‍.
നാവുകളുടെ നിശ്ശബ്ദതയില്‍….
അവള്‍ മന്ത്രിച്ചു: “എന്നെ ചതിക്കുമോ?”
“എന്നെ വിശ്വസിക്കൂ….”
“എനിക്കു വിശ്വാസമാണ്.”
താഴ് വാരത്തില്‍ നാണിച്ചു നാണിച്ചുനിന്ന പുല്‍ക്കൊടിയും ആകാശത്തിന്റെ  കൊടുമുടിയില്‍നിന്ന് വിശാഖനക്ഷത്രവും.
മേരിയും ജോയിയും….
ജലബിന്ദുവും മഴവില്ലും…
ക്ഷണികതയിലെ അനശ്വരത….
മേരിക്കു രൂപാ വേണോ?.... ഹോ കെറുവിച്ചോ?”
“എന്തിനാണ് എന്നോട് അങ്ങനെ ചോദിച്ചത്?”
“ഞാന്‍ ചുമ്മാ തമാശിനു ചോദിച്ചെന്നേയുള്ളൂ.”
“ഞാന്‍ നിമിഷങ്ങള്‍ എണ്ണിയെണ്ണി കാത്തിരിക്കും.”
“നാളെയും ഈ നേരത്ത്.”
പയ്യെപയ്യെ മഴവില്ലു മാഞ്ഞു… കാറ്റു ശാന്തമായി. മഴ പെയ്തുതീര്‍ന്നു…
മേരി ജാലകം തുറന്നു. തണുത്ത കാറ്റ് രോമാഞ്ചം പകരുന്നു…. പടിഞ്ഞാറേ ആകാശത്തില്‍ മേഘങ്ങളുടെ ഉള്ളില്‍ നിന്നു കര്‍മ്മസാക്ഷിയായ സൂര്യന്‍ അവളെ മുഖം ചെമപ്പിച്ചു നോക്കുന്നതുപോലെ തോന്നി. അവള്‍ക്കു നാണം വന്നു. പേടി തോന്നിയില്ല.
കതകു തുറന്നു…. ചുറ്റും നോക്കി…. ആരുമില്ല….  മുറ്റത്തേക്കിറങ്ങി…. വേഗം നടന്നു.
കടുക്കാമറിയ പശുവിനു തീറ്റകൊടുക്കുന്നു. കുഞ്ഞപ്പന്‍നായര്‍ മുറ്റത്ത് ഓവുവച്ചു വെള്ളം ഒഴുക്കുന്നു.
ലോകത്തിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. പലരും അവളെക്കണ്ടു. ആരും അവളെ  ചോദ്യരൂപത്തില്‍ നോക്കിയില്ല. അവളുടെ വീടിനും മാറ്റമൊന്നും സംഭവിച്ചില്ല.
“കറിയാച്ചേട്ടന്‍ ഇതേവരെ വന്നില്ല ചേച്ചീ.” പാലും മൊന്തയുമായി തിണ്ണയിലേക്കു കയറിയ മേരിയെ അമ്മിണി അറിയിച്ചു. അവളുടെ ജീവിതത്തില്‍ ഇനി കറിയായ്ക്കു സ്ഥാനമില്ല. പാവം, അമ്മിണിക്ക് ഒന്നും അറിഞ്ഞുകൂടാ.
“അപ്പന്‍ വന്നില്ലേ അമ്മിണീ?”
“ഇല്ല.”
മേരിക്ക് അറിയേണ്ടത് അതുമാത്രമാണ്. കുറെമുമ്പു വിസ്തൃതമായ ലോകത്തില്‍ അവളുടെ അപ്പന്‍ പ്രിയപ്പെട്ട അപ്പന്‍, ഭയങ്കരനായ അപ്പന്‍, ഉയര്‍ന്നുയര്‍ന്ന് ആകാശത്തോളം പൊക്കത്തില്‍ നില്‍ക്കുന്നുവോ! അദ്ദേഹത്തിന്റെ മുമ്പില്‍ അവള്‍ വെറും ഒരു കരടുമാത്രം. എല്ലാം തിരിച്ചുവരുന്നു. സ്വപ്നങ്ങളുടെ മായാപ്രപഞ്ചത്തില്‍നിന്നു യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലേക്ക്. അയയിന്മേല്‍ കറിയായുടെ മരിച്ചുപോയ ഭാര്യയുടെ സില്‍ക്കുസാരി കിടക്കുന്നു…. ഒരു സ്വര്‍ണ്ണ സര്‍പ്പം മാതിരി. അതു കൊത്തുമോ…. അവളൊന്നുഞെട്ടു…. അവന്‍ അവളെ വിശ്വസിക്കുന്നുണ്ടാവും…. ആ പട്ടാളക്കാരന് ഇപ്പോള്‍ എവിടെ ആയിരിക്കും? തമ്പേറുകൊട്ടിക്കൊണ്ട് അവസാനമില്ലാത്ത പാഞ്ഞുപോകുന്ന തീവണ്ടിയുടെ ഒരു മുറിയില്‍ ഒരു കോണില്‍ പാവം ഇരുന്ന് അവളെ ഓര്‍ക്കുകയാവും.
അടുപ്പിന്റടുത്ത് ഒരു കുരണ്ടിപ്പുറത്തു തറതി ഇരുന്നു. തീയൂതുന്നു…. അമ്മയുടെ മുഖം വിളറിയിരിക്കുന്നു. വായുമുട്ടലുണ്ട്. അവരുടെ ആ ഇരുപ്പു കണ്ടപ്പോള്‍ മേരിക്കു സങ്കടം തോന്നി.
“അമ്മേ!”
“എന്നാടീ?”
“അമ്മ തീരെ ക്ഷീണിച്ചുപോയല്ലോ?”
“ക്ഷീണിക്കാതെന്തെടുക്കും മോളെ… മഴയത്തു നീ എവിടാരുന്നു?”
“ഞാ…. ഞാന്‍ വലിയവീട്ടില്‍…”
“അവരു പാലിന്റെ കാശു ചോദിച്ചോടീ?”
“ഇല്ല…. അമ്മേ!”
“ഉം.”
“അമ്മിണിയുടെ ക്ഷീണമൊക്കെ പോയമ്മേ… അവളിപ്പം നല്ലതുപോലെ നന്നായിട്ടുണ്ട്… അമ്മച്ചി ഈ പാലു കാച്ചിക്കുടിച്ചോമ്മേ.”
“ഞാനോ?” തറതിയുടെ മുഖത്തു മ്ലാനമായ ഒരു പുഞ്ചിരിയുണ്ടായി.
“അമ്മച്ചി എന്തെങ്കിലും മരുന്നു കഴിക്കണം… അല്ലെങ്കില്‍, എനിക്കു സത്യമായും പോടി തോന്നുന്നു അമ്മച്ചിയെ കണ്ടിട്ട്!”
“എന്റെ മോടെ കല്യാണം കഴീമ്പം അമ്മച്ചി തന്നെത്താന്‍ നന്നായിക്കൊള്ളും.”
മേരി എന്തോ പറയാന്‍ നാവോങ്ങി…. പറഞ്ഞില്ല…. വലിയവീട്ടിലെ ജോയി അവളെ കല്യാണം കഴിക്കാമെന്നു പറഞ്ഞ ആ മംഗളവാര്‍ത്ത അമ്മയെ അറിയിക്കണമോ വേണ്ടയോ? വേണ്ട. ഇപ്പോള്‍ പറഞ്ഞാല്‍ എങ്ങനെയെങ്കിലും പരസ്യമാകും… പരസ്യമാക്കരുതെന്നാണ് ജോയി പറഞ്ഞിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിലയേറിയ ആ രഹസ്യം ഹൃദയത്തില്‍ ഭദ്രമായി സൂക്ഷിക്കുക… ഒരു ദിവസം അത് പരസ്യമാകും…. അന്ന്…. ആ 'അന്ന് ഒന്ന് ഓടിവന്നെങ്കില്‍…. ഓടിയോടി…. ലോകം അവളെ അത്ഭുതത്തോടെ നോക്കുന്ന ആ ദിവസം…. അവളെ ആക്ഷേപിച്ചു പറഞ്ഞവര്‍ ലജ്ജിച്ചു തലതാഴ്ത്തുന്ന ആ മംഗളദിവസം….
മഴ പെയ്തുതീര്‍ന്നെങ്കിലും ചുളുചുളുപ്പന്‍ കാറ്റടിക്കുന്നുണ്ട്… നേരം എരിഞ്ഞടങ്ങിയില്ലെങ്കിലും…. ആ അടുക്കള മുറിയില്‍ അടുപ്പിന്റെ ചുറ്റും ഒഴിച്ചുള്ള ഭാഗത്തെല്ലാം മങ്ങിയ ഇരുട്ടു കാലേക്കൂട്ടി വന്നു നില്‍ക്കുന്നു.
തറതി എണീറ്റപ്പോള്‍  ആ സ്ഥാനത്തു മേരി ഇരുന്നു. അടുപ്പില്‍ തീ കത്തുന്നുണ്ട്… ഒരു കോണില്‍ മഴ നനഞ്ഞു കേറിയ കോഴികള്‍… അടുത്തടുത്തുനിന്ന് എന്തോ സ്വകാര്യങ്ങള്‍ പറയുന്നു… ഏഴു കോഴി മുട്ടകള്‍ മേരി സൂക്ഷിച്ചുവച്ചിട്ടുണ്ട്… ഏഴു മുട്ടകൂടെ ആകുമ്പോള്‍ പൊരുന്നു വയ്ക്കണമെന്നതാണു പ്ലാന്‍…. പതിനാലു കോഴിക്കുഞ്ഞുങ്ങളെ അവള്‍ക്കു വളര്‍ത്തണം… പരുന്തും കാക്കയും പുള്ളും കുറക്കനും കൊണ്ടുപോകാതെ അവള്‍ അവയെ വളര്‍ത്തും.
അമ്മിണി അവളുടെ തൊട്ടടുത്തു വന്നിരുന്നു….
“തണുക്കുന്നു ചേച്ചീ!”
മേരിയുടെയും അമ്മിണിയുടെയും മുഖത്ത് അടുപ്പിലെ അഗ്നിജാലകള്‍ വെളിച്ചം വീശി.
“ഞാന്‍ കറിയാച്ചേട്ടനെ നോക്കിയിരുന്നു മടുത്തു ചേച്ചീ… എനിക്കാച്ചേട്ടനെ വല്യ ഇഷ്ടമാ, ചേച്ചിക്കോ?”
“ഞാനെന്തിനാ ഇഷ്ടപ്പെടുന്നത്? നിനക്കല്ലേ ചേട്ടന്‍ മിഠായി വാങ്ങിത്തരുന്നത്?”
“ചേട്ടനു ചേച്ചിയെ വല്യ വല്ല്യ ഇഷ്ടമാ.”
“നിന്നോടു പറഞ്ഞോ?”
“എന്നോട് ഒത്തിരി പ്രാവശ്യം പറഞ്ഞു… ചേച്ചിയെ ഒരു നല്ല മണം.”
“എന്നിട്ടു നീ എന്നാ പറഞ്ഞു?”  മണത്തിന്റെ പ്രശ്‌നത്തില്‍നിന്ന് അമ്മിണിയുടെ ശ്രദ്ധ തിരിച്ചുവിടാന്‍ അവള്‍ ചോദിച്ചു. വാസ്തവമാണ്, ഏതോ ഒരു സൗരഭ്യം അവളിലുണ്ട്.
“ഞാന്‍ പറഞ്ഞു ചേച്ചിക്കും ഇഷ്ടമാണെന്ന്. ചേച്ചിയുടെ ചിറി എന്താ മുറിഞ്ഞിരിക്കുന്നെ?”
മേരി പെട്ടെന്ന് വായ് പൊത്തിക്കളഞ്ഞു…. അവള്‍ തിരിഞ്ഞുനോക്കി. തറതി തിണ്ണയിലേക്കു പോയിക്കഴിഞ്ഞിരിക്കുന്നു.
“എന്തു പറ്റിയതാ ചേച്ചീ… പൂച്ചമാന്തിയതാണോ?”
“അതോ? അതെ, പയറിന്റെ വള്ളി കൊണ്ടതാ.”
“ഇപ്പഴെവ്ടാ ചേച്ചീ പയറിക്കുന്നത്? ചേച്ചീ പയറിന്റെ വള്ളിയെ എന്തിനാ കടിച്ചത്? അതോ പറയറിന്റെ വള്ളി ചേച്ചിയെ കടിച്ചോ?”
“എന്നിട്ടു കറിയാച്ചേട്ടന്‍ നിന്നോട് എന്തൊക്കെപ്പറഞ്ഞു മോളെ?”
“ചേച്ചിയെക്കൊണ്ടുപോകുമ്പം എന്നെക്കൂടെ കൊണ്ടുപോകാമെന്നു പറഞ്ഞു…. എന്നിട്ട് എന്നെ പള്ളിക്കൂടത്തില്‍ വിട്ടു പഠിപ്പിക്കാമെന്നുമൊക്കെപ്പറഞ്ഞു…”
“എന്റെ ചിറി മുറിഞ്ഞെന്നു നീയാരോടും പറേരുത്, കേട്ടോ?”
“പറയാതെ കാണുമല്ലോ എല്ലാവരും… പറഞ്ഞാലെന്നാ ചേച്ചീ?”
“ഓ, വേണ്ട.”
കറിയാച്ചേട്ടന്‍ കണ്ടാല്‍ സങ്കടം തോന്നുമായിരിക്കും അല്ലേ?
“അതുതന്നെ.”
പതുക്കെപ്പതുക്കെ നേരം ഇരുട്ടി. പുറമ്പോക്കിലെ കുടിലുകളിലെല്ലാം മണ്ണെണ്ണ വിളക്കുകള്‍ കൊളുത്തപ്പെട്ടു. പലതരത്തിലുള്ള സന്ധ്യാ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു…. പല നിറങ്ങളിലുള്ള  പൂക്കള്‍ പോലെ ആ പ്രാര്‍ത്ഥനകളെല്ലാം സര്‍വ്വശക്തമായ ദൈവത്തിന്റെ  തൃച്ചേവടികളില്‍ച്ചെന്നു ലയിക്കുമായിരിക്കും…. പല നദികളൊഴുകി സമുദ്രത്തില്‍ വിലയം പ്രാപിക്കുംപോലെ. പാപങ്ങളെ പൊറുക്കുന്നവനും പാപികളോടു കരുണയുള്ളവനുമായ ദൈവം.
നിത്യസഹായമാതാവിന്റെ തിരുമുമ്പില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥനചൊല്ലിയപ്പോള്‍ മേരിയുടെ ചിന്തകള്‍ എവിടൊക്കെയോ സഞ്ചരിച്ചു. എന്തൊരു ദിവസമായിരുന്നു ആ ദിവസം!.... ജീവിതത്തിന്റെ ലഹരി എന്തെന്ന് ആദ്യമായി അറിഞ്ഞ ദിവസം…. അതോര്‍ത്തപ്പോള്‍ കുളിരു കോരിയിട്ടു ദേഹത്തെല്ലാം. എങ്കിലും അവള്‍ വാക്കുകളും ഈണങ്ങളും തെറ്റിക്കാതെ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടേയിരുന്നു.
പാവം… തോമ്മാ… പാറപൊട്ടിക്കുന്ന ചുറ്റികയുമായി അയാള്‍ വടക്കുനിന്നും വന്നു. വഴിയില്‍ ഇരുട്ടായിരുന്നു. മഴ ചാറുന്നുണ്ടായിരുന്നു. ആകാശത്തില്‍ ഒന്നുരണ്ടു കൊള്ളിയാനുകള്‍ മിന്നിപ്പൊലിഞ്ഞു.
കടുക്കാമറിയയുടെ വീടിന്റെ മുമ്പിലുള്ള വഴിയില്‍ ഇരുട്ടത്ത് അയാള്‍ കുറെനേരം നിന്നു. എത്രയോ നാളുകളായി ആ നല്ല സ്ത്രീ അയാളെ ക്ഷണിക്കുന്നു… ജീവിതത്തില്‍ ഒരിക്കലും ഒരു പാപവും ചെയ്തിട്ടില്ലാത്ത അയാളെ മാത്രം ദൈവം  കഷ്ടപ്പെടുത്തുന്നതെന്തിന്? മറിയയുടെ പക്കല്‍ ചാരായമുണ്ട്… അവള്‍ സ്‌നേഹം വച്ചുനീട്ടുന്നു.
വേണ്ട, ഇനി ഒരിക്കലാവട്ടെ. നിരാശയില്‍നിന്നാണു തെറ്റുകള്‍ പലതും ഉറവെടുക്കുന്നത്. അയാള്‍ നിരാശയുടെ നെല്ലിപ്പലകയിലായിരിക്കുന്നു…. ഇരുളിന്റെ കരകാണാക്കടലില്‍ കൊതുമ്പുവള്ളം ഊന്നി കൈ കുഴഞ്ഞല്ലോ… മേരിയെ കെട്ടിച്ചയച്ചിരുന്നെങ്കില്‍ ഒരു ദ്വീപിലെത്താമായിരുന്നു… പിന്നീട് അമ്മിണിയാണ്! അതിനു ധൃതിയില്ല…. സാവധാനം തുഴഞ്ഞാല്‍ മതി.
അയാള്‍ നടന്നു.
“അതാരാ, തോമ്മാച്ചനാണോ?” വേലിക്കരുകില്‍ നിന്നു മറിയ അയാളെ അടക്കിസ്വരത്തില്‍ വിളിച്ചു.
“എന്താ മറിയേ? ഞാനാ.”
“കേറിയേച്ചു പോ… മഴ തുവരട്ടെ.”
“പോയിട്ടു വരാം മറിയെ.”
“വരണം… ഇന്നാളു പറഞ്ഞതു വച്ചിട്ടുണ്ട്.”
“ഉം.”
അയാള്‍ വീട്ടിലെത്തിയപ്പോള്‍ മേരിയും അമ്മിണിയും പ്രാര്‍ത്ഥന കഴിഞ്ഞു സ്തുതി ചൊല്ലാന്‍ കൈക്കുമ്പിളുമായി തിണ്ണയില്‍ കാത്തുനില്‍ക്കുകയായിരുന്നു…. മേരിയുടെ സ്തുതി ചൊല്ലുന്ന കൈക്കുമ്പിള്‍ ചിറികളോടു ചേര്‍ത്തുപിടിച്ചിരുന്നു.
എന്തുകൊണ്ടെന്നറിഞ്ഞില്ല, അപ്പന്റെ മുഖത്തേക്കു നോക്കാന്‍ മേരിക്കു നാണമായിരുന്നു…. പേടിയായിരുന്നു. എങ്കിലും ഇരുട്ടത്തു നിന്ന് അവള്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. അപ്പന്‍ കൂടുതല്‍ ക്ഷീണിതനും കുറെക്കൂടെ വൃദ്ധനും ആയിരിക്കുന്നു. മുഖത്തെ മീശയില്‍ പകുതിയിലധികം നരച്ചുപോയി. അപ്പന് എന്തെങ്കിലും സംഭവിച്ചാല്‍…. ഹൊ അതു ചിന്തിക്കാന്‍ പോലും സാദ്ധ്യമല്ല.
അപ്പനു കുളിക്കാന്‍ അവള്‍ വെള്ളം അനത്തി.
അന്നു പാറതല്ലാന്‍ പോയിട്ടു കിട്ടിയതു രൂപാ രണ്ട്.
“കര്‍ത്താവേ! ഇതുകൊണ്ട് ഞാനെന്തുചെയ്യും?” ആ നോട്ടുകള്‍ വാങ്ങി കൈപ്പത്തിക്കുള്ളില്‍ വച്ചുകൊണ്ടു തറതി പരാതിപ്പെട്ടു. “ഏതും പോരാത്ത പാറുവിനോടാ എട്ടണ വാങ്ങി ഇന്ന് ഉപ്പും മുളകും മേടിച്ചത്. എന്നും കുന്നും  എങ്ങനെയാ ആ മറിയയോടു കടം ചോദിക്കുന്നത്? അവള്‍ക്കിപ്പം എത്രരൂപാ കൊടുക്കാനുണ്ടെന്നു ദൈവത്തിനറിയാം. അരിയില്ല… ഉപ്പില്ല… മണ്ണെണ്ണയില്ല… ഉടുക്കാനാണെങ്കില്‍ അരേച്ചുറ്റീരിക്കുന്നതേയുള്ളൂ…. അതുതന്നെ ഒന്നു കുത്തിപ്പിഴിയാന്‍ ശകലം കാരമില്ല…. നാളെ നല്ലൊരു ഞായറാവ്ച…. എത്രനാളയി ഞാന്‍ പള്ളീല്‍  പോയിട്ട്. ഒരു പെലക്കവണിയെങ്കിലും ഒണ്ടാരുന്നേല്‍…”.
“നീ ഇങ്ങനെ പറഞ്ഞിരുന്നാല്‍ വല്ല കൃതോം ഒണ്ടോ? പാറതല്ലാന്‍ പോയിട്ടു കിട്ടിയത് ഒരു രൂപയാ…. ഒരു രൂപാ കടവും…. മുട്ടുമഴേത്തിരുന്ന് എങ്ങനെ പാറതല്ലും? എന്നിട്ടും മഴ പകുതീം നനഞ്ഞു... നിനക്കൊരു നേരിയതു മേടിച്ചുതരണമെന്ന് എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല…. ഓര്‍മ്മയില്ലാഞ്ഞിട്ടുമല്ല… ദൈവത്തെക്കൊണ്ടല്ലാതെ ഇതിനൊന്നും പോംവഴി ഞാന്‍ കാണുന്നില്ല.”
“ദൈവം എങ്ങനെ പോംവഴി ഉണ്ടാക്കും?”
“ദൈവത്തോടു ചെന്നു ചോദിക്ക്…”
തോമ്മായ്ക്കു ദേഷ്യമാണുണ്ടായത്.
“മോനെ കറുപ്പു മേടിച്ചോടാ?” കയറ്റുകട്ടിലിലെ സ്ഥിരം താമസക്കാരിയായ അന്നത്തള്ള എന്ന കടല്‍ക്കിഴവി വിളിച്ചുചോദിക്കുന്നു.
“അരിയാണോ കറപ്പാണോ ഇപ്പോള്‍ അത്യാവശ്യം?” തോമ്മാ ആ കട്ടിലിനെ ലക്ഷ്യമാക്കി ചോദിച്ചു.
തറതി ചുമയ്ക്കുന്നു. അവരെന്തോ പിറുപിറുക്കുന്നു.
ക്ഷീണപരവശനായി തോമ്മാ തിണ്ണയില്‍ തല കുമ്പിട്ടിരുന്നു പോയി. “ആ കറിയാച്ചെറുക്കനേം കാണുന്നില്ലല്ലോ.”  മുതുക്കി പറയുകയാണ്: “അവന്‍ വന്നിരുന്നേല്‍…. ശകലം കറുപ്പു തിന്നേച്ചു ചാകാരുന്നു… കേട്ടോടാ തോമ്മാചെറുക്കാ… ഞാന്‍ ചാകുന്ന അന്ന് ഒരു റാസചൊല്ലിച്ചേക്കണം, കേട്ടോടാ പൊട്ടാ!”
“എന്റെ പൊന്നമ്മച്ചീ… ദൈവത്തെയോര്‍ത്ത് ഒന്നു മിണ്ടാതിരിക്ക്.” തറതി അഭ്യര്‍ത്ഥിച്ചു.

“ഞാന്‍ ചാകുമ്പം എന്റെ ഈ കുണുക്കുരുണ്ടും  എടുത്ത് അമ്മിണിപ്പെണ്ണിന് ഒരു മാല തീര്‍ത്തു കൊടുക്കണം, കേട്ടോടാ തോമ്മാച്ചെറുക്കാ.”
“ഹൊ കര്‍ത്താവേ!” തോമ്മാ രണ്ടുകൈകൊണ്ടും തന്റെ സ്വന്തം തലയില്‍ അടിച്ചിട്ട് മുറ്റത്തേക്കിറങ്ങി നിന്നു. സഹിക്കവയ്യ! അപമാനവും ദാരിദ്ര്യവും നിരാശയും അയാളെ ഒരു ഭ്രാന്തനാക്കുമെന്നു തോന്നി.
“കറിയാച്ചേട്ടന്‍ എനിക്കൊരു മാലമേടിച്ചുതാരമെന്നു പറഞ്ഞിട്ടൊണ്ടു വല്യമ്മച്ചീ.” അമ്മിണിയുടെ സ്വരം.
“എന്തുചെയ്യാം! അനുബവിക്കാനൊള്ളതൊക്കെ അനുബവിക്കാതൊക്കുമോ?” കരിന്തിരിയായിത്തുടങ്ങിയ മണ്ണെണ്ണ വിളക്കിന്റെ മുമ്പിലിരുന്നു തറതി തന്നെത്താനെന്നപോലെ പറഞ്ഞു. “എന്തൊരു നല്ല ചെറുക്കനാരുന്നു! കന്യാദാനക്കാരനെ തെരക്കിപ്പോയി! ഇപ്പം തേ കടിച്ചതുമില്ല. പിടിച്ചതുമില്ല…”
ആകാശത്തില്‍ ഇടിമിന്നുന്നു. തോമ്മായുടെ ഹൃദയത്തിലും.
റബറിന്റെ ഇലയിട്ട് അനത്തിയ വെള്ളത്തില്‍ അല്‍പം ശമനം കിട്ടി. പക്ഷെ, മനസ്സിലെ നൊമ്പരം കൂടിക്കൂടിവരികയാണ്.
വെറ്റമുറുക്കി ചുണ്ടുകള്‍ ചെമപ്പിച്ച സുന്ദരിയും ആരോഗ്യവതിയുമായ മറിയ കണ്ണിലെണ്ണയും ഒഴിച്ച്  അയാളെ കാത്തിരുന്നു. ജീവിതത്തില്‍ ആനന്ദിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിവച്ചുകൊണ്ട്. ജീവിതത്തിന്റെ പൊള്ളുന്ന മരുഭൂമിയില്‍ കണ്ടെത്തിയ ഈ ഈന്തത്തണല്‍ അകലെയല്ലതാനും. അകാലവാര്‍ദ്ധക്യത്തെ പ്രാപിച്ച കാസരോഗിണിയായ ഒരസ്ഥിപജ്ഞരം… തറതി.
അയാള്‍ ഈന്തത്തണലിലേക്കു പോയില്ല. പിന്നൊരിക്കലാവട്ടെ.
കിഴി ചൂടാക്കി അയാള്‍ തറതിയുടെ നെഞ്ചു തിരുമ്മി.
“തറതീ നിനക്കു ഞാനൊരു കസവുനേരിയതു മേടിച്ചു തരുന്നുണ്ട്.”
ആ ഒട്ടിയ കവിളില്‍ ചുംബിച്ചുകൊണ്ടു തോമ്മാ പറഞ്ഞു. തന്റെ ഉള്ളില്‍ ഏതാനും നിമിഷംമുമ്പ് അങ്കുരിച്ച പാപവിചാരത്തിനു പ്രായശ്ചിത്തമായി അവലുടെ മുഖം അയാള്‍ തന്റെ വക്ഷസ്സോടെ ചേര്‍ത്തു പിടിച്ചു. ഇടയ്ക്കിടയ്ക്കു നരച്ച തലമുടിയില്‍ അയാള്‍ തഴമ്പുള്ള വിരലുകള്‍ പാകി, കാമുകി കാമുകന്മാരെക്കൂട്ട്. പാവം! തോമ്മായുടെ കണ്ണുകള്‍ നിറഞ്ഞു.
സിംഹപരാക്രമിയായ തന്റെ ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം തറിതിക്ക് ആശ്ചര്യകരമായിത്തോന്നി.
“എനിക്കു നേര്യതും വേണ്ട ഒന്നും വേണ്ട.” അവര്‍ അയാളുടെ നരച്ച മുഖത്തു തലോടിക്കൊണ്ടു പറഞ്ഞു: “ആ കറിയാച്ചനെക്കൊണ്ടു നമ്മുടെ പെണ്ണിനെയങ്ങു കെട്ടിക്ക്… ദൈവം നമ്മളെ അനുഗ്രഹിക്കും…. അല്ലെങ്കില്‍ അവന്റെ  പിരാക്കു നിന്നു ഫലിക്കും… നിങ്ങളൊന്നു മൂളിക്കേ.”
“കറിയായെക്കൊണ്ടുതന്നെ കെട്ടിക്കാം.” ഒടുവില്‍ തോമ്മാ പറഞ്ഞു.
അമ്മച്ചിയോടിതാരു പറഞ്ഞമ്മേ? ഇരുട്ടത്തു മറഞ്ഞുനിന്ന് അപ്പന്റെയും അമ്മയുടെയും സംസാരം കേട്ടുകൊണ്ടുനിന്ന  മേരി എതിര്‍ത്തു: “എനിക്കയാളോടു സ്‌നേഹിമില്ല.”
“സ്‌നേഹമില്ലേല്‍ വേണ്ട.” തറതി പറഞ്ഞു: “എന്നാല്‍ നിന്നെ അവനെക്കൊണ്ടു കെട്ടിക്കാന്‍ പോവാ.”
“വേണ്ട.” മേരി തീര്‍ത്തു പറഞ്ഞു.
“വേണ്ട, ങേ? എന്നാ നിന്നെ  ആ വലിയവീട്ടിലെ ജോയിച്ചനെക്കൊണ്ടു കെട്ടിക്കാമെടീ… എന്താ?”
“അമ്മേ!” മേരിയുടെ ഹൃദയത്തിലൊരു ഞെട്ടലുണ്ടായി.
“അല്ല, അവടെ ഒരു ധിക്കാരം കേട്ടില്ലേ…. നിങ്ങള്?”
“ഞാന്‍ കേട്ടു.” തോമ്മാ ശാന്തസ്വരത്തില്‍ പറഞ്ഞു. കറിയായെക്കൊണ്ടു തന്റെ മകളെ കെട്ടിക്കുന്നത് അയാള്‍ക്കും ഇഷ്ടമില്ല. ഇപ്പോള്‍ ഗത്യന്തരമില്ലാതെ വന്നിരിക്കുന്നു. അതുകൊണ്ടാണ് മനസ്സില്ലാമനസ്സോടെ അയാള്‍ സമ്മതം മൂളിയത്. ദൈവനിശ്ചയം അതായിരിക്കും. എങ്കില്‍ അങ്ങനെതന്നെയങ്ങു നടക്കട്ടെ. കറിയായും തന്റെ മകളും തമ്മില്‍ സ്‌നേഹത്തിലാണെന്ന് അയാള്‍ ഭയപ്പെട്ടിരുന്നു. അല്ല എന്നറിഞ്ഞതില്‍ അയാള്‍ക്കു സന്തോഷമുണ്ട്.
“ഇന്നാളത്തേതില്‍പ്പിന്നെ അവനിങ്ങോട്ടു കേറീട്ടില്ലല്ലോ.” തറതി പറഞ്ഞു: “നാളെത്തന്നെ നിങ്ങളുപോയി അവനെ ഒന്നു തെരക്കണം…. ഇങ്ങുവിളിച്ചോണ്ടുവാ കേട്ടോ?”
“ഉം.”
പിറ്റേന്നു ഞായറാഴ്ച മേഘങ്ങളുടെ ഇടയില്‍ക്കൂടി പ്രഭാതസൂര്യന്‍ പ്രത്യക്ഷപ്പെട്ട് വിശുദ്ധമായ ആ ദിവസത്തെ ഉദ്ഘാടനം ചെയ്തു.
“ഞാന്‍ പള്ളിയില്‍ പോയേച്ച് ആ വഴി കറിയായെ ഒന്നു തിരക്കിപ്പോകും.” തോമ്മാ മുറ്റത്തേക്കിറങ്ങിനിന്നുകൊണ്ടു പറഞ്ഞു.
“കൂട്ടിക്കൊണ്ടു പോരണം. ഒടനേതന്നെ കല്യാണം നടത്തണം.” തറതി ഓര്‍മ്മിപ്പിച്ചു.
അതുകേട്ടപ്പോള്‍ മേരിക്കു പരിഭ്രമമായി. അപ്പനും സമ്മതിച്ചിരിക്കുന്നു. ഉടനെതന്നെ കല്യാണം നടത്തണമെന്ന്. എങ്ങും ആരെയും അന്വേഷിക്കാന്‍ പോകണ്ട, വലിയ വീട്ടിലെ ജോയി അവളെ കല്യാണം കഴിക്കാമെന്നു സമ്മതിച്ചിട്ടുണ്ട് എന്ന് അപ്പനോടങ്ങു തുറന്നുപറയുകയല്ലേ വേണ്ടത്? പറയരുതെന്ന് ജോയി വിലക്കിയസ്ഥിതിക്ക് എങ്ങനെ പറയും?
ദൈവമേ! ഇതെന്തൊരു പരീക്ഷയാണ്! ഉള്ളില്‍ തീയാണ് ആളിക്കത്തുന്നത്. തീയ്!
നേരിയതില്ലാത്തതുകൊണ്ട് ആ ഞായറാഴ്ചയും തറതി പള്ളിയില്‍ പോയില്ല. ചെമന്ന പുള്ളികളുള്ള പട്ടുടുപ്പിട്ടു നെറ്റും പുതച്ച് വല്യമ്മച്ചിയുടെ കൈയ്ക്കുപിടിച്ചുകൊണ്ട് അമ്മിണി പള്ളിയില്‍പ്പോയി രാവിലത്തെ കുര്‍ബ്ബാനയ്ക്ക്.
ഉച്ചകുര്‍ബ്ബാനയ്ക്കാണു മേരി പോയത്. ജോയിയും ഇട്ടിച്ചനും കുഞ്ഞേലിയാമ്മയും കാറില്‍ കയറി പള്ളിയില്‍ പോകുന്നതു മേരി കണ്ടു. ഉടനെതന്നെ ജോയിയോടു വിവരം പറയണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞേക്കും. കാരണം, കറിയായെ കൂട്ടിക്കൊണ്ടുവാരാണ് അപ്പന്‍ പോയിരിക്കുന്നത്. നാളെ തിങ്കളാഴ്ചയാണ്. നാളെത്തന്നെ കല്യാണം നടന്നാല്‍ എന്തുചെയ്യും? കറിയാ അവളുടെ കഴുത്തില്‍ മിന്നുചരട് കെട്ടിപ്പോയാല്‍ അതു പൊട്ടിച്ചുമാറ്റാന്‍ ജോയിക്കെന്നല്ല ലോകത്തില്‍ ഒരു ശക്തിക്കും സാധിക്കുകയില്ല.
പള്ളിയുടെ വടക്കേ ചുവരുചേര്‍ന്നു ജോയി നില്‍ക്കുന്നതു മേരി കണ്ടു. പുരോഹിതന്‍ പ്രസംഗിച്ചത് അവള്‍ കേട്ടില്ല. വേദവാക്യങ്ങള്‍ ഉച്ചരിച്ചതും കേട്ടില്ല. വിശുദ്ധ കുര്‍ബാന ഉയര്‍ത്തിയിതും കണ്ടില്ല. ആശീര്‍വദിച്ചതും കണ്ടില്ല. അവളുടെ കണ്ണുകളും അവളുടെ ഹൃദയവും ചുവരിനടുത്തുനില്‍ക്കുന്ന സുഭഗനായ ആ കുബേരനില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നു. എങ്കിലും അവള്‍ സര്‍വ്വശക്തനായ  ദൈവത്തോട് ഒന്നുരണ്ടു കാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചു. അപ്പന്‍ കറിയായെ കാണരുത്. ഉടനെതന്നെ ജോയി കല്യാണക്കാര്യം അപ്പനെ അറിറയിക്കുകയും വേണം.
പള്ളി പിരിഞ്ഞപ്പോള്‍ ജോയി മേരിയെക്കണ്ടു. അവനെ സൈ്വരമായി കണ്ടു വിവരം  അിറയിക്കുന്നതെങ്ങനെ?
ജോയി അവളുടെ അടുത്തെത്തി.
'ഇന്നുച്ചതിരിഞ്ഞ്.' മറ്റാരും കേള്‍ക്കാതെ അവന്‍ പറഞ്ഞിട്ട് വേഗം കാറിന്റെ അടുക്കലേക്കു പോയി.
ദൈവം അവളുടെ പ്രാര്‍ത്ഥനകളെ കേട്ടതുപോലെ തോന്നി.
“ഇന്നുച്ചതിരിഞ്ഞ്.” അതായത് ഇന്നലത്തെ നേരത്ത്. ഇന്നലെ മഴയുണ്ടായിരുന്നു. ഇന്നു മഴ പെയ്തില്ലെങ്കില്‍ എന്തുചെയ്യും? അവള്‍ ആകാശത്തേക്കു നോക്കി. വടക്കേ ആകാശം നിറയെ മഴക്കാറുണ്ടായിരുന്നു. പെയ്യുമായിരിക്കും, ദൈവമേ പെയ്യണേ, ഇടിയുംവെട്ടി.
ഉച്ചതിരിഞ്ഞിട്ടും തോമ്മാ വന്നില്ല.
പതിവുപോലെ മേരി അലൂമിനിയം മൊന്തയുമായ് വലിയവീട്ടില്‍ പോയി. ഉച്ചയ്ക്ക് ഊണും കഴിഞ്ഞു കുഞ്ഞേലിയാമ്മ ഉറങ്ങാന്‍  പോയിട്ട് ഇതേവരെ ഉണര്‍ന്നില്ല. താമസിയാതെതന്നെ മേരിയുടെ കൊച്ചുനാത്തൂനാകാനുള്ള സൂസനാണ് പാല് അളന്നു കൊടുത്തത്.
“മേരി കല്യാണം കഴിക്കാന്‍ പോവാണോ?” സൂസന്‍ ചോദിച്ചു.
“ആ എനിക്കറിയാമ്മേല.”
“മേരിയെ എനിക്കു വല്യ ഇഷ്ടമാ… എന്തൊരു ശേലാണെന്നോ മേരിയെക്കാണാന്‍… ഞങ്ങള്‍ക്കെല്ലാം മേരിയെ ഇഷ്ടമാ.”
“എനിക്കും ഇഷ്ടമാ… ഞാന്‍ പോട്ടെ…”
ഹൃദയം പ്രത്യാശകളും പ്രതീക്ഷകളുംകൊണ്ടു തുടിക്കുന്നു. അവളുടെ ഭാഗ്യത്തിന്റെ വലിയ ഇഷ്ടമാണെന്ന്…. ജോയി എന്തെങ്കിലും സൂചിപ്പിച്ചുകാണും…. അവന്റെ അപ്പനും അമ്മയും എതിരൊന്നും പറഞ്ഞിരിക്കുകയില്ല… എങ്കില്‍ ഇനി ഉടനെതന്നെ ജോയി അപ്പനെക്കണ്ടു വിവരം പറയുമല്ലോ….
ചരിത്രം സൃഷ്ടിച്ച കിണറ്റിന്‍കര. വടക്കേ ആകാശത്തു കണ്ട മേഘങ്ങള്‍ പെയ്യാത്തതെന്തേ?
കച്ചിത്തുറുവിന് അപ്പുറത്തുള്ള കൊച്ചു മണിമന്ദിരത്തിന്റെ  വരാന്തയില്‍ ജോയി നില്‍പ്പുണ്ടായിരുന്നു. അവന്‍ അവളെ കൈകൊട്ടി വിളിക്കുന്നു…. ഇന്ന് അവള്‍ക്കു ഭയമില്ല. എങ്കിലും ചങ്കിടിക്കുന്നു… പ്രേമത്തിന്റെ ആ മാണിക്യക്കൊട്ടാരത്തിലേക്ക് അവള്‍ നടന്നടുത്തു.
“മേരീ വേഗം അകത്തേക്കു കയറൂ… വല്ലവരും കണ്ടെങ്കില്‍!” വരാന്തയില്‍ ജോയി നില്‍പ്പുണ്ടായിരുന്നു…. അവന്‍ അവളെ കൈകൊട്ടി വിളിക്കുന്നു… ഇന്ന് അവള്‍ക്കു ഭയമില്ല…. എങ്കിലും ചങ്കിടിക്കുന്നു….പ്രേമത്തിന്റെ ആ മാണിക്യക്കൊട്ടാരത്തിലേക്ക് അവള്‍ നടന്നടുത്തു.
“മേരീ വേഗം അകത്തേക്കു കയറൂ…. വല്ലവരും കണ്ടെങ്കില്‍!” വരാന്തയില്‍നിന്നു ജോയി അടക്കിയ സ്വരത്തില്‍ അറിയിച്ചു. അവള്‍ വരാന്തയിലേക്കു കയറി.
“ഇന്നുതന്നെ അപ്പനോടു പറയുമോ?” മേരി ഉദ്വേഗത്തോടെ ചോദിച്ചു.
“പറയാം…മേരീ… ഉടനെ പറയാം, വരൂ.” അവന്‍ പെട്ടെന്നു മുറിക്കുള്ളിലേക്കു കയറി. അവള്‍ വാതില്‍ക്കല്‍വരെ ചെന്നിട്ട് ഇടിവെട്ടേറ്റപോലെ സ്തംഭിച്ചുനിന്നു… ആ മുറിയില്‍ സുഭഗനായ മറ്റൊരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
“ഇതെന്റെ ഒരു കൂട്ടുകാരനാണ് മേരീ. നീ ഇങ്ങു കയറിപ്പോരൂ. എന്നിട്ടു കതകടച്ചേക്ക്.” ജോയി വെപ്രാളത്തോടെ പറഞ്ഞു.
മേരിക്കു നാണം തോന്നി. അവള്‍ അകത്തേക്കു കയറിയില്ല. പെട്ടെന്ന് ഓടിപ്പൊയ്ക്കളഞ്ഞു. അവള്‍ക്കു ജോയിയോടു വെറുപ്പാണു തോന്നിയത് എന്തിനാണഅ ആ ചെറുപ്പക്കാരന്‍ ഇരിക്കെ അവളെ അവന്‍  അകത്തേക്കു വിളിച്ചത്? മനസ്സിലാകുന്നില്ല. കല്യാണക്കാര്യം ആദ്യം കൂട്ടുകാരോടായിരിക്കുമോ പറയുന്നത്? ഇപ്പോഴത്തെ പരിഷ്‌കാരരീതി അങ്ങനെ ആയിരിക്കുമോ?” എന്തായാലും മറ്റൊരാളുടെ മുമ്പില്‍വച്ച് എങ്ങനെയാണു രഹസ്യം പറയുന്നത്? സംഗതികളുടെ ഗൗരവം എന്തെന്നു ജോയി ഒന്നു മനസ്സിലാക്കിയാല്‍ മതിയായിരുന്നു. അവനെപ്പറ്റി അവള്‍ക്കു സംശയമില്ല. അവന്‍ കൈയടിച്ചു വാക്കു തന്നിട്ടുള്ളതാണ്, അപ്പനോടു പറയാം എന്ന്. അവന്‍ സമ്മതിച്ചല്ലോ അതുമതി. ആ കൂട്ടുകാരനാരാണ്?
ഏതായാലും കല്യാണത്തിനുമുമ്പ് ഇനി ആ കൊച്ചു മന്ദിരത്തിലേക്ക് അവള്‍ പോവുകയില്ല. അവള്‍ ഓടിപ്പോന്നതില്‍ അദ്ദേഹം പരിഭവിച്ചിരിക്കുമോ ഇനി കാണുമ്പോള്‍ അദ്ദേഹത്തോട് അതിനു ക്ഷമ ചോദിക്കണം. നാണമായിട്ടാണ് ഓടിപ്പോന്നതെന്നു പറയണം.
ആകാശത്തില്‍ കണ്ട കാര്‍മേഘങ്ങള്‍ പെയ്തില്ല എന്നുതന്നെയല്ല, ആകാശത്തിന്റെ മിക്കഭാഗങ്ങളും തെളിയുകയും ചെയ്തിരിക്കുന്നു. സായാഹ്നത്തിന്റെ പടിഞ്ഞാറെ ആകാശത്തു സ്വര്‍ണ്ണപ്പൊടികളും സിന്ദൂരവും തൂവിയിരിക്കുന്നതു റബ്ബര്‍മരങ്ങളുടെ ഇടയില്‍ക്കൂടി കാണാന്‍  എന്തൊരു ചേലായിരുന്നെന്നോ!
ജോയിയും കൂട്ടുകാരനും കാറില്‍ കയറി ആ വഴി പോകുന്നതു മേരി കണ്ടു. കാറിന്റെ കിളിവാതിലിലൂടെ ജോയി തലനീട്ടി അവളെ നോക്കി ചിരിക്കുന്നതുകണ്ടപ്പോള്‍ അവള്‍ക്കു സ്വര്‍ഗ്ഗം കിട്ടിയതു പോലെയായി. അവളുടെ  എല്ലാ സംശയങ്ങലും നീങ്ങി. ഹൃദയം സ്വച്ഛമായി. ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് ഇന്നതാണെന്നു കാണിക്കാനായിരുന്നിരിക്കണം അദ്ദേഹം കൂട്ടുകാരനെ കൂട്ടിക്കൊണ്ടുവന്നത്. മുറിയിലേക്കു കയറിചെല്ലേണ്ടതായിരുന്നു എന്ന് അവള്‍ക്ക് ഇപ്പോള്‍ തോന്നുന്നു.
രാത്രിയായി തോമ്മാ തിരിച്ചുവന്നപ്പോള്‍. കറിയായെ അന്വേഷിച്ചിട്ടു കണ്ടില്ലെന്ന്.
“അവന്‍ പുതിയ വീടുവയ്ക്കുന്നിടത്തു നിങ്ങളുപോയില്ലേ?” തറതി ചോദിച്ചു.
“അവന്‍ കച്ചവടത്തിനുപോയിട്ടു ഇതേവരെ മടങ്ങിവന്നിട്ടില്ല…. ഞാന്‍ അയല്‍പക്കത്ത് ഒരു വീട്ടില്‍കേറി ചോദിച്ചു.” തോമ്മാ പറഞ്ഞു.
“വന്നാലൊടനേ ഇങ്ങോട്ടു പറഞ്ഞുവിടണമെന്ന് അവരോടു പറയാന്‍ മേലായിരുന്നോ?”
“പറഞ്ഞു. നല്ല ഒന്നാംക്ലാസ്സ് ഒരു വീട്!”
“അതാ ഞാന്‍ പറഞ്ഞത്…. കര്‍ത്താവേ, അവന്‍ തിരിച്ചുവരേണേ… വന്നു കേറിയ മഹാലക്ഷ്മിയെ ഈ മനിഷേന്‍ തൂത്തുകളയുകയല്ലേ ചെയ്തത്….”
അന്നു ഞായറാഴ്ച രാത്രിയെങ്കിലും കറിയാ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. വന്നില്ല. വരാത്തതില്‍ മേരിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ പ്രാര്‍ത്ഥന ദൈവം നിരസിച്ചില്ല.
പിറ്റേന്നു തിങ്കളാഴ്ച നേരം വെളുത്തു.
തോമ്മാ പാറതല്ലുന്ന ചുറ്റികയുമായി വേലസ്ഥലത്തേക്കു പോകാനിറങ്ങിയപ്പോള്‍ തറതി തിണ്ണയില്‍നിന്നു രണ്ടുംകൈയുംകൂട്ടി തന്നാത്താന്‍ നെഞ്ചത്തു രണ്ടിടി. “എന്റെ കര്‍ത്താവേ, ഇന്നു തിങ്കളാഴ്ച എന്റെ കുഞ്ഞിന്റെ കല്യാണം നടക്കേണ്ടതായിരുന്നല്ലോ…. എന്റെ കര്‍ത്താവേ! ഞങ്ങളുടെ കണ്ണുനീരു കാണാന്‍ നിനക്കു കണ്ണില്ലേ…”
തോമ്മാ ഓടിച്ചെന്ന് അവളുടെ രണ്ടുകൈയും ബലമായി പിടിച്ചില്ലായിരുന്നെങ്കില്‍ വീണ്ടും അവര്‍ നെഞ്ചത്തിടിച്ചേനെ. തറതിയുടെ നിലവിളി കേട്ട് മേരിയും അമ്മിണിയും വലിയ വായിലെ കരഞ്ഞു പോയി. അമ്മ മരിച്ചുപോകുമെന്നായിരുന്നു അവരുടെ ഭീതി.
അപ്പുറത്തെ തളന്തന്‍ പീലിപ്പായിയുടെ കിളവി അക്കത്തള്ള പര്യമ്പ്രത്തുനിന്നു നോക്കി. അങ്ങോട്ടു കേറിച്ചെല്ലാന്‍ അവര്‍ക്കൊരു മടി.
കടുക്കാമറിയ ഓടിവന്നു. അവള്‍ തറതിയുടെ നെഞ്ചുതിരുമ്മി.
“ഈ തെര്‍ത്ത്യാമ്മയ്ക്കന്നാ കിറുക്കുണ്ടോ?” ബുദ്ധിമതിയായ മറിയ ഗുണദോഷിച്ചു.
“അമ്മച്ചിയങ്ങനെയാ ചെലപ്പം, തന്നെത്താന്‍ ഓര്‍ത്തിരുന്നു പൊട്ടിക്കരയും.” മേരി പറഞ്ഞു.
“കര്‍ത്താവേ! ഞാന്‍ വിചാരിച്ചു ഇവിടാരാണ്ടു ചത്തെന്ന്.” മറിയ എണീറ്റു. “മേരിക്കുട്ടിക്കു പത്തുതൊണ്ണൂറു വയസ്സൊന്നുമായില്ലല്ലോ ചേടിത്തീ. മൂത്തു മൊരങ്ങടിച്ച് എത്രയോ പെണ്ണുങ്ങളു നില്‍ക്കുന്നു. വലിയ വീടുകളിലൊക്കെ അവിളിവിടെ നില്‍ക്കട്ടെ. അഞ്ചെട്ടു കൊല്ലം കൂടി കഴിഞ്ഞിട്ടു കെട്ടിച്ചാമതി…. ആഹാ… ഇത്ര ചാകാന്‍ വല്ലോം ഒണ്ടോ…. തോമ്മാച്ചേട്ടന്‍ വരുന്നോ…. ഹോ…. തളന്തനപ്പായിയുടെ പെമ്പിളേ കല്ലേല്‍വച്ച് അരയ്ക്കാനുള്ള ദേഷ്യമുണ്ടെനിക്ക്…”
“മോളേ, മേരിമ്മേ…. നീ എങ്ങുംപോകരുത്. ഇവളിനീം തന്നത്താനടിക്യോ നിലവിളിക്യോ ചെയ്യുന്നോന്നു നോക്കിക്കോണം.” തോമ്മാ ഗുണദോഷിച്ചു.
“എനിക്കങ്ങനെ കിറുക്കൊന്നുമില്ല.” തറതി പറഞ്ഞു.
രംഗം ശാന്തമായി.
മറിയയും തോമ്മായും ഒന്നിച്ചാണു പോയത്.
“വരുമെന്നു വിചാരിച്ചു ഞാന്‍ ഒരു പോള കണ്ണടച്ചില്ല.” മറിയ വഴിയില്‍വച്ചു പതുക്കെ പറഞ്ഞു.
“ഒരു ദിവസം ഞാന്‍ വരും. എന്റെ മനസ്സൊന്നു സ്വസ്ഥമാകട്ട, മറിയേ”
ആ മനസ്സ് എന്നാണിനി സ്വസ്ഥമാവുക?
അന്നു രാത്രിയില്‍ കറിയാ വന്നു. അവന് സ്വല്പം കുടിച്ചിട്ടുണ്ടായിരുന്നു. കണ്ണുകള്‍ ചെമന്നിരുന്നു.
“അമ്മേ, കറിയാച്ചേട്ടന്‍ വന്നു.” അമ്മിണിയാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. കറിയാ വാതിലിനടുത്തു മുറ്റത്തു നിന്നു.
“തോമ്മാച്ചേട്ടാ, നിങ്ങളെന്നെ അവമാനിച്ചു….” അവന്‍ നിന്നു വിറയ്ക്കുകയാണ്. അവന്റെ ഭാവപ്പകര്‍ച്ചകണ്ട് എല്ലാവരും അമ്പരന്നു. “ഞാനിന്നു രണ്ടും നിശ്ചയിച്ചുകൊണ്ടുതന്നെയാണ് വന്നിരിക്കുന്നത്. ദാ, ഇതുകണ്ടോ?” അവന്‍ എളിയില്‍നിന്ന് ഒരു പുത്തന്‍ കഠാരി വലിച്ചൂരി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അതു ഭീകരമായി വെട്ടിത്തിളങ്ങി. മേരി ഭയന്നു വിറച്ചുപോയി. ആര്‍ക്കും  ഒന്നും പറയാന്‍  തോന്നിയില്ല. ഒരു ഭ്രാന്തനെപ്പോലെ  ആയിരുന്നു കറിയാ. “ഇതു തീര്‍പ്പിക്കാന്‍ വേണ്ടിയാണു ഞാനിത്രയും ദിവസം താമസിച്ചത്.”
“കറിയാച്ചാ, കേറി ഇരിക്ക്, നമുക്ക് സാവധാനം വര്‍ത്തമാനം പറയാമല്ലോ.” ഒടുവില്‍ തോമ്മാ തിണ്ണയിലേക്കുവന്നു നിന്നുകൊണ്ടു സൗമ്യമായ സ്വരത്തില്‍ പറഞ്ഞു.
“നിങ്ങളിങ്ങോട്ടു മാറിപ്പോരീന്‍.” അകത്തുനിന്നു തറതി വിളിച്ചറിയിച്ചു. അവരടെ ശരീരം അങ്ങനെ പൂക്കുലപോലെ വിറയ്ക്കുകയാണ്. എന്താണു സംഗതി? എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഒരു രൂപവുമില്ല.
“ഞാന്‍ തന്ന ആഭരണങ്ങളും സാരികളും എല്ലാം ഇങ്ങുതന്നേക്കണം….' അവന്‍ അട്ടഹസിച്ചു. “ഇതൊരു വ്യഭിചാരശാലയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല..”
“കറിയാ…” തോമ്മ ഗര്‍ജ്ജിച്ചു. അയാള്‍ മുറ്റത്തേക്കു ചാടാന്‍ ഭാവിച്ചു. തറതി അയാളുടെ കൈയ്ക്കുകയറി ബലമായി പിടിച്ചു. അപ്പോഴേക്കും അകത്തുനിന്നു സാരികളും ബ്ലൗസ്സുകളും പാവാടകളും ഒക്കെയെടുത്തു മേരി കറിയായുടെ മുമ്പിലേക്ക് എറിഞ്ഞു. “ഈ തെമ്മാടിയെ ഇവിടെനിന്നു പറഞ്ഞുവിടപ്പാ..” അവള്‍ ഉറക്കെപ്പറഞ്ഞു. അവള്‍ പെട്ടിതുറന്ന് ആഭരണപ്പെട്ടിയും എടുത്തുകൊണ്ടു വന്നു സാരികളുടെ പുറത്തേക്കെറിഞ്ഞു. “എടുത്തോണ്ടു പൊയ്‌ക്കോടോ… ഞങ്ങളെ അത്രയൊന്നും പിടിപ്പിക്കേണ്ട, കേട്ടോ…”
മേരിയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ കറിയയുടെ ലഹരി ഇറങ്ങി. അവനത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ക്രുദ്ധനായ അവന്‍ അവളെ ഒന്നുനോക്കി. എങ്കിലും അവളുടെ സൗന്ദര്യത്തില്‍ അവന്റെ കണ്ണുകള്‍ ശാന്തങ്ങളായി.
“കറിയാ, നിന്റെ കഠാരി എനിക്കു പുല്ലാണ്.” തോമ്മാ ലാഘവത്തോടെ പറഞ്ഞു: “പക്ഷേ, നീ പറഞ്ഞതു കുറേ കടന്നുപോയി…. ഇതെന്റെ വീടല്ലായിരുന്നുവെങ്കില്‍ നീ ഇപ്പോള്‍ ജീവിച്ചിരിക്കുകയില്ലായിരുന്നു…. ഞാന്‍ ഭൂമിയോളം ക്ഷമിക്കുന്നു…”
കഠാരിക്കും മദ്യത്തിനും കറിയായുടെ ധൈര്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിഞ്ഞില്ല… അവന്‍ തളര്‍ന്നു…. കൈയില്‍നിന്നു കഠാരി താഴെവീണു.
“ഇതാ, കഠാരി കിടക്കുന്നു…. എടുത്ത് എന്നെ കൊന്നേക്കണം… ഞാന്‍ ഇനി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആശിച്ചത് എനിക്ക് കിട്ടിയില്ല. ഇനി ഞാനെന്തിനു ജീവിക്കണം?”
“നീ ആശിച്ചതു നിനക്കു തന്നെ തരാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. നിന്നെ തിരിക്കി ഞാനിന്ന് അവിടെവന്നിരുന്നു.”
“ഞാനറിഞ്ഞു…. ഞാന്‍ വിചാരിച്ചു എന്നെ തല്ലാനായിരുന്നു തോമ്മാച്ചേട്ടന്‍ വന്നതെന്ന്… മേരിയുടെ കല്യാണം കഴിഞ്ഞു എന്നു ഞാന്‍ കേട്ടു… നിങ്ങളെ ഒന്നു കണ്ടിട്ടു മേരിയോട് ഒന്നു യാത്ര ചോദിച്ചിട്ട് ആത്മഹത്യ ചെയ്യാനാണ് സത്യമായും ഞാന്‍ ഈ കഠാരി പണിയിച്ചത്…നിരാശകൊണ്ട് ഞാനെന്തൊക്കെയോ പറഞ്ഞുപോയി…. തോമ്മാച്ചേട്ടന്‍ എന്നോടു ക്ഷമിക്കണം….” അവന്‍ തിണ്ണയിലേക്കു കയറി തോമ്മായുടെ കാല്‍ക്കല്‍ വീണു കാലുപിടിച്ചു നാടകീയമായി പൊട്ടിക്കരഞ്ഞുപോയി. തോമ്മാ അവനെ പിടിച്ചെണീല്പിച്ചു.
“മേരീ എന്നോടു ക്ഷമിക്കൂ…” കറിയാ അകത്തെ മുറിയിലേക്കു നോക്കിക്കൊണ്ടു യാചിച്ചു: “ഈ സാരികളും ആഭരണങ്ങളും എടുത്തുകൊണ്ടു വയ്ക്കൂ.”
“എനിക്കുവേണ്ടാ.” മേരി പറഞ്ഞു.
“മേരീ… എടുത്തുകൊണ്ടുപോകാന്‍.”  തോമ്മാ ആജ്ഞാപിച്ചു. എന്നിട്ടും മേരി മടിച്ചു നിന്നതേയുള്ളൂ.
“മേരീ!”  തോമ്മായുടെ സ്വരം കുറെക്കൂടി ഉയര്‍ന്നു.
മേരി പെട്ടെന്നു തിണ്ണയിലേക്കുവന്നു. ദേഷ്യപ്പെട്ടു സാരിയും മറ്റും വലിച്ചു വാരിക്കൊണ്ടുപോയി.
“കറിയാ, നാളെ നിന്റെയും മേരിയുടെയും കല്യാണം… നീ സമാധാനമായി പൊയ്‌ക്കോ.”  തോമ്മാ പറഞ്ഞു.
അതു കേട്ടു കറിയാ അന്തിച്ചുനിന്നുപോയി.
“നിങ്ങളെന്തോന്നു കിറുക്കാ ഇപ്പറേന്നത്?”  തറതിക്കും നാവുണ്ടായി: “പള്ളീലെ അച്ചന്‍ സമ്മതിക്കുമോ?”
“പള്ളി സമ്മതിച്ചില്ലെങ്കില്‍ അമ്പലത്തില്‍ കൊണ്ടുപോയി ഞാന്‍ കല്യാണം നടത്തും.” തോമ്മാ പറഞ്ഞു. കുറേനേരത്തേക്ക് ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. അതിനുള്ള ധൈര്യമില്ലായിരുന്നു.
“വേണ്ട തോമ്മാച്ചേട്ടാ, വേണ്ട.” ഒടുവില്‍ കറിയാതന്നെ പറഞ്ഞു. “തോമ്മാച്ചേട്ടന്റെ ഈ ഒരു വാക്കുമതി. എത്രവര്‍ഷങ്ങള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കാം. ഒട്ടും ധൃതിവേണ്ട…. എനിക്കിപ്പോള്‍ സമാധാനമായി.”
“കൂട്ടിച്ചോദ്യേം മൂന്നു ഞായറാഴ്ച വിളിച്ചുചൊല്ലും.”  തറതി പറഞ്ഞു: “ഒരു മാസം കഴിഞ്ഞു കല്യാണം നടത്തിയാല്‍മതി…. കറിയാ പട്ടാളത്തിലെങ്ങും പോണില്ലല്ലോ…”
“ഒന്നോ രണ്ടോ മാസം കഴിഞ്ഞോട്ടു ചേടത്തീ.” കറിയാ സമ്മതിച്ചു.
“എടുപീടീന്നൊന്നും വേണ്ട… നാലുപേരറിഞ്ഞിട്ടുമതി. എന്റെ പെണ്ണ് ഇങ്ങനെ ആയിരം വര്‍ഷം നിന്നാലും ഇങ്ങനെതന്നെ നില്‍ക്കും കറിയാച്ചാ.” അഭിമാനപൂര്‍വ്വം തറതി അറിയിച്ചു.
കല്യാണം തീരുമാനിക്കപ്പെട്ടു. കല്യാണത്തിന്റെ സര്‍വ്വചെലവുകളും കറിയാതന്നെ നിര്‍വഹിച്ചുകൊള്ളാമെന്നു സമ്മതിച്ചു. പുറമ്പോക്കിലും പരിസരപ്രദേശത്തുമുള്ള സകലമാനപേരെയും വിളിച്ചു ഗംഭീരമായ സദ്യനടത്തണം.
കല്യാണം കഴിഞ്ഞ് അന്നുതന്നെ കുടുംബസഹിതം കറിയാച്ചന്റെ പുതിയ കെട്ടിടത്തിലേക്കു പോവുക. പുറമ്പോക്കിലുള്ള ആ സ്ഥലം ആര്‍ക്കെങ്കിലും വില്‍ക്കുക. പുതിയ വീടു ശരിപ്പെടാന്‍ ഒന്നുരണ്ടു മാസംകൂടെയെങ്കിലും വേണം.
അതിനിടയ്ക്കു ജോയി തീര്‍ച്ചയായും അപ്പനെക്കണ്ടു വിവരം പറയും. അതുകൊണ്ടു മേരി എതിരൊന്നും പറഞ്ഞില്ല. എങ്കിലും ഉള്ളിലൊരു ഭീതി. ഒരു തീയ്! അാസം ഒന്നുകഴിഞ്ഞു. അവള്‍ ജോയിയെക്കണ്ടിട്ട്.
ഒരു വ്യാഴാഴ്ചദിവസം കറിയായുടെയും മേരിയുടെയും മനസ്സുചോദ്യം പള്ളിയില്‍വച്ചു യഥാവിധി നടന്നു. കൂടെ തോമ്മായുടെ ഉണ്ടായിരുന്നു.
“ഇക്കല്യാണമെങ്കിലും നടക്കുമോ തോമ്മാ?” പള്ളിയിലെ വൃദ്ധനായ വികാരിയച്ചന്‍ ചോദിച്ചു.
“ഇതു നടക്കുമച്ചാ.” തോമ്മാ തീര്‍ത്തു പറഞ്ഞു: “ഇതു നടക്കും.”
“നടക്കുകയില്ല” എന്നു പറയാന്‍ മേരിക്കു തോന്നിയതാണ്. പറഞ്ഞില്ല. അവള്‍ക്കറിയാം അവളെ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ ജോയിയാണെന്ന്.
അടുത്ത ഞായറാഴ്ച പള്ളിയില്‍ വിളിച്ചുചൊല്ലി.
ഇണ്ടാമത്തെ ഞായറാഴ്ചയും പള്ളിയില്‍ വിളിച്ചുചൊല്ലി. ഇനി ഒരു ഞായറാഴ്ചകൂടി മതി. അതിന്റെ പിന്നത്തെ തിങ്കളാഴ്ച കല്യാണം.
ദൈവമേ!
“അപ്പാ, വലിയവീട്ടിലെ ജോയിച്ചന്‍ അപ്പനോടു വല്ലതും പറഞ്ഞോ?” ഒരു ദിവസം തോമ്മായോടു മേരി ചോദിച്ചു.
“ഇല്ല, ഒന്നു പറഞ്ഞില്ല.” തോമ്മാ പറഞ്ഞു. എന്തോ ജോലിക്കാര്യം ആയിരിക്കുമെന്നേ തോമ്മാ വിചാരിച്ചുള്ളൂ. ഇട്ടിച്ചന്‍ വാക്കു ലംഘിച്ചതിനുശേഷം തോമ്മാ ആ വീട്ടില്‍ കയറിയിട്ടില്ല.
പിറ്റേന്നു മേരിക്ക് ഒരു തലചുറ്റലും മനംമറിച്ചിലും ഓക്കാനവും ചര്‍ദ്ദിയുമുണ്ടായി.
“നീ എന്നാ കഴിച്ചു മോളേ, ശര്‍ത്തിക്കാന്‍?” മേരിയുടെ പുറം തിരുമ്മിക്കൊണ്ടു തറതി ചോദിച്ചു.
“എനിക്കറിയാമ്മേലമ്മേ.” മേരി പറഞ്ഞു: “മീനിന്റെ മണം കേക്കുമ്പം മനംമറിയുകാ.”

കരകാണാക്കടല്‍- 15 (നോവല്‍: മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക