അവര്‍ പറയുന്നു പ്രകൃതിയെ കുറിച്ച് നന്നായി അറിയുന്നത് ഗവേഷകര്ക്കാണെന്ന്.
ആര്‍ക്കാണ്, പ്രകൃതിയെ കുറിച്ച് ഇത്ര ആഴത്തില്‍ അറിയുന്നത്? നിഗൂഢവും
ആനന്ദദായകവുമായ പ്രകൃതിയുടെ ഉള്ളിലേയ്ക്ക് ആരൊക്കെ നിരന്തരമായി യാത്ര
നടത്തുന്നു?
എന്റെ ഹൃദയം മൃദുലമായി മിടിക്കുന്നു, ചിലപ്പോഴൊക്കെ അതെനിക്കു
കേള്‍ക്കാനാകുന്നുണ്ട്. ഓരോ മിടിപ്പിലും ഉള്ളറിയുന്ന വായുവിന്റെ ചേതന എന്നെ
ഉത്സാഹിയാക്കുന്നു. വായുവിന്റെ തന്ത്രികള്‍ ഓരോ അണുവിലും നിറയുമ്പോള്‍ തിങ്ങി
നിറയുന്ന പ്രകൃതിയുടെ അറിവ്.
ഒറ്റയ്ക്ക് അവിടെ
പാറപ്പുറത്തിരിക്കുമ്പോള്‍ ഞാനാലോചിക്കുകയായിരുന്നു. ഒരു നിമിഷത്തില്‍ എത്ര
നിശ്വാസങ്ങളാണ്, ഞാനറിയാതെ...
എന്തൊക്കെയറിയാമെന്ന് ഞാനഹങ്കരിക്കുന്നോ
അതിലുമെത്രയോ വലിയ അറിവുകളുണ്ടെന്ന് ഈ ശ്വാസം എന്നെ
ഓര്‍മ്മപ്പെടുത്തുന്നു.
തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും നീയെന്നെ
ശ്രദ്ധിക്കൂ, പ്രകൃതിയെ തിരിച്ചറിയൂ എന്ന് ഓരോ വായുകണങ്ങളും ആവര്‍ത്തിക്കുന്നതു
പോലെ. നിഗൂഡമായ ആനന്ദം വന്ന് പൊതിയുന്നു. പ്രകൃതിയുടെ ഗന്ധം ചുറ്റില്‍ നിന്നും
തിങ്ങി കൂടുന്നു. അവസാനം ഞാനെപ്പൊഴോ ഒരിലയായി ഒരു കുഞ്ഞു കാറ്റില്‍
അലയടിച്ചുയര്‍ന്ന് മരക്കൊമ്പില്‍ പറ്റിപ്പിടിച്ചിരുന്നു. ഇപ്പോള്‍ എനിക്ക്
സ്പന്ദനമറിയാം, നിശ്വാസങ്ങള്‍ അറിയാം. പ്രകൃതിയുടെ ഓരോ
നിഗൂഡതകളുമറിയാം.
ഞാനൊരു ഇലയല്ലേ... ലോകം മുഴുവന്‍ എന്നിലൊതുക്കിയ ഒരു
കുഞ്ഞില.