Image

ടെലിവിഷനിലെ തൃശൂര്‍ പൂരം- അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 15 May, 2014
ടെലിവിഷനിലെ തൃശൂര്‍ പൂരം- അഷ്ടമൂര്‍ത്തി
വല്യച്ഛന്റെ കൈപിടിച്ച് തൃശൂര്‍പൂരം കാണാന്‍ വന്നതിനെപ്പറ്റി മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്. അഞ്ചു വയസ്സായിരിക്കുമ്പോഴാണത്. അന്ന് തൃശൂര്‍ എനിക്ക് മഹാനഗരമായിരുന്നു. എവിടെയോ ബസിറങ്ങി പൊരിഞ്ഞ വെയിലില്‍ തൃശൂര്‍ റൗണ്ടിലേയ്ക്ക് നടന്നത് ഓര്‍മ്മയുണ്ട്. എവിടേക്കാണ് നടക്കുന്നത് എന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല. ഊടുവഴിയിലൂടെ പഴയ ഒരു കെട്ടിടത്തിലെത്തി. അവിടെ കുറേയാളുകള്‍ വല്യച്ഛന്റെ വരവും കാത്തിരിക്കുന്നുണ്ടായിരുന്നു. എത്തിയ ഉടനെ ചായ കുടിച്ച് വല്യച്ഛനും കൂട്ടുകാരും ശീട്ടുകളിക്കാനിരുന്നു. അവര്‍ എട്ടുപേരുണ്ടായിരുന്നു. കളി കുറേ നീണ്ടപ്പോള്‍ ഊണുകഴിക്കാമെന്നായി. നാക്കിലയില്‍ ചെറിയ ഒരു സദ്യ കഴിഞ്ഞ് അവര്‍ വീണ്ടും ശീട്ടുകളിയിലേക്ക് തിരിഞ്ഞു. പൂരം കാണിക്കാമെന്നു പറഞ്ഞാണ് വല്യച്ഛന്‍ എന്നെ മറന്നുവെന്നു തോന്നി. വെയിലൊന്നാറിക്കോട്ടെ, കളിക്കിടയില്‍ എന്നെ നോക്കി വല്യച്ഛന്‍ സമാധാനിപ്പിച്ചു.
വെയിലുകൊണ്ടതുകൊണ്ട് എനിക്കു നല്ല ക്ഷീണമുണ്ടായിരുന്നു. എപ്പോഴോ മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍  സന്ധ്യയായിരുന്നു. വല്യച്ഛനും കൂട്ടുകാരും അപ്പോഴും ശീട്ടുകളിയില്‍ മുഴുകിയിരിക്കുകയാണ്. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു. രാത്രി എട്ടുമണി കഴിഞ്ഞപ്പോള്‍ പാവം കുട്ടന് വിശക്കുന്നുണ്ടാവും, ഊണു കഴിച്ചോട്ടെ എന്ന് കളിക്കാരിലൊരാള്‍ സഹതപിച്ചു. ഞാന്‍ ഒറ്റയ്ക്കിരുന്ന് ഊണു കഴിച്ചു. കളി നിര്‍ത്തിയിട്ടും പൂരത്തിനു പോണം എന്ന് ആര്‍ക്കും ഒരു തിടുക്കവുമില്ല. സംശയിച്ച് ഞാന്‍ വല്യച്ഛനോടു ചോദിച്ചു നമുക്ക് വെടിക്കെട്ടു കാണാന്‍ പോവ്വാം, വല്യച്ഛന്‍ സമാധാനിപ്പിച്ചു. ഞാന്‍ എപ്പോഴോ വീണ്ടും ഉറക്കമായി. പിന്നെ ഉണരുന്നത് വെടിക്കെട്ടു കേട്ടാണ്. വല്യച്ഛന്റെ കൂട്ടുകാര്‍ മുറ്റത്തിറങ്ങി നില്‍ക്കുന്നു. ഞാനും മുറ്റത്തേയ്ക്കിറങ്ങി. മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമപ്പുറം വെടിക്കെട്ടിന്റെ വെളിച്ചം കാണാമായിരുന്നു. കെട്ടിടങ്ങള്‍ നിന്നു കിടുങ്ങി. വല്യച്ഛന്‍ കൂര്‍ക്കം വലിച്ച് സുഖമായി ഉറങ്ങുകയാണ. വെടിക്കെട്ടിന്റെ ശബ്ദമൊന്നും വല്യച്ചന്റെ ഉറക്കത്തിനു തടസ്സമായില്ല.  സാരമില്ല, അടുത്ത കൊല്ലം ഞാന്‍ കൊണ്ടുവരാം, മടങ്ങുമ്പോള്‍ വല്യച്ഛന്‍ പറഞ്ഞു. പക്ഷേ ആ വാഗ്ദാനം നിറവേറിയില്ല. അടുത്ത പൂരത്തിനു മുമ്പ് വല്യച്ഛനെ പക്ഷാഘാതം ഭാധിച്ചു. രണ്ടു മാസം കഴിഞ്ഞ് മരിക്കുകയും ചെയ്തു.

പിന്നെ പൂരം കണ്ടത് പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ്. പഠനം ഇരിങ്ങാലക്കുടയിലായിരുന്നതുകൊണ്ട് തൃശൂര്‍പട്ടണം അപ്പോഴും അപരിചിതം. പൂത്തോളിലെ ഒരു ബന്ധുവീട്ടിലാണ് തങ്ങിയത്. കേരളത്തില്‍തന്നെയുള്ള വിവിധ മലയാളം കേട്ടത് അന്നാണ്. പൂരം ശരിക്കു കണ്ടുവെന്നു പറയാന്‍ വയ്യ. വെടിക്കെട്ടു കാണാന്‍ തിക്കിത്തിരക്കി നിന്നു. കാതടഞ്ഞുപോയി, കണ്ണഞ്ചിപ്പോയി. ഭൂതലമാകെ പ്രകമ്പനം കൊള്ളുകയാണ്. ലോകം തകര്‍ന്നു തരിപ്പണമാവുകയാണ്. പൂത്തോളിലേയ്ക്കു നടക്കുമ്പോള്‍ കൈയും കാലും വിറച്ചിരുന്നു.
മറുനാട്ടിലെ നഗരകാന്താരവാസം, കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷമാണ് പിന്നെ പൂരം കാണുന്നത്. മേടമാസത്തിലെ കഠിനമായ ചൂടാണോ അടക്കമറ്റ ആള്‍ക്കൂട്ടമാണോ എന്താണാവോ, തൃശൂര്‍ എനിക്ക് എപ്പോഴൊക്കെ അരക്ഷിതത്വമാണ് ഉണ്ടാക്കിയത്. മേളത്തിലുള്ള ഗ്രാഹ്യക്കുറവുകൊണ്ടാവാം, ആനക്കമ്പമില്ലാത്തതുകൊണ്ടുമാവാം. പൂരം ശരിക്ക് ആസ്വദിക്കാന്‍  എനിക്കു കഴിയാറില്ല. പൂരം കാണുന്നത് ടെലിവിഷനില്‍ ആയാലും മതി എന്നും തോന്നിത്തുടങ്ങി. വെയിലു കൊള്ളണ്ട. കറങ്ങുന്ന ഫാനിന്റെ താഴെയിരിയ്ക്കാം. ഇഷ്ടമുള്ള നേരത്ത് ഊണു കഴിക്കാം. വേണമെങ്കില്‍ ഇടയ്‌ക്കൊന്നു മയങ്ങുകയുമാവാം. പക്ഷേ വെടിക്കെട്ട് നേരിട്ടുതന്നെ കാണണം.
വര്‍ഷങ്ങള്‍ക്കു മുമ്പ് അവിണിശേരിയ്ല്‍ കൂട്ടുകാരന്‍ വാസുദേവന്റെ വീട്ടിലിരുന്ന് പൂരം കണ്ടതിനുശേഷം അലാറംവച്ച് ഉണര്‍ന്ന് വെടിക്കെട്ടിന് തൃശൂരില്‍ എത്തിയപ്പോഴാവട്ടെ ആളുകള്‍ തിരക്കിട്ടു മടങ്ങുന്നതാണ് കണ്ടത് മഴ പെയ്ത് വെടിക്കെട്ടു മാറ്റിവച്ചു എന്ന് ഞങ്ങളെ തിരിച്ചുവിട്ട പോലീസുകാരന്‍ പറഞ്ഞു.

പിന്നെ കഴിഞ്ഞ വര്‍ഷമാണ് പൂരത്തിനു പോയത്. രാത്രിയൂണു കഴിഞ്ഞാണ് പുറപ്പെട്ടത്. പാറമേക്കാവിന്റെ പൂരം കഴിഞ്ഞ് വെടിക്കെട്ടുകൂടി കണ്ട് മടങ്ങാം എന്ന് നിശ്ചയിച്ചു. തെക്കേ റൗണ്ടിലുള്ള പത്തായപ്പുരയില്‍ ഇരിപ്പിടം തരമായി. കഴിഞ്ഞപ്പോഴാവട്ടെ, വെടിക്കെട്ടിനു പണ്ടത്തെ കനമില്ല എന്നു തോന്നി. ഭൂമി കിടുങ്ങുന്നില്ല. പരിസരം പ്രകമ്പനം കൊള്ളുന്നില്ല. നിയമങ്ങള്‍ കര്‍ശനമായതു കൊണ്ട് കനം കുറച്ചതാണോ? അതോ മനസ്സിന്റെ കുതൂഹലങ്ങള്‍ പ്രായത്തിനു വഴി മാറിക്കൊടുത്തതോ?

കുട്ടിക്കാലത്തെ വലതുതെല്ലാം വലുതാവുമ്പോള്‍ വലുതല്ലാതാവുമല്ലോ.


ടെലിവിഷനിലെ തൃശൂര്‍ പൂരം- അഷ്ടമൂര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക