16. പാണലിന്റെ ഇല തൊട്ടരുമിയാടാതെ….
അന്ന് ഇരുപത്തഞ്ചുപൈസാ കൊടുത്തിട്ടു കിട്ടിയതു പത്തു മത്തിയാണ്. ചീഞ്ഞു തുടങ്ങിയിരുന്നു. ആര്‍ക്കാണ് ഓക്കാനം വരാത്തത്? പക്ഷേ, മേരിയൊഴികെ മറ്റുള്ളവരെല്ലാം ആ മീന്‍ വറ്റിച്ചതു രുചിയോടെ കൂട്ടി.
പിറ്റേന്ന് ആ പെണ്ണിനെച്ചൊല്ലി ആ വീട്ടില്‍ മീന്‍ വാങ്ങിച്ചതേയില്ല. എന്നിട്ടു മേരിക്കു തലകറക്കം ഉണ്ടായി. കുറേനേരം കഴിഞ്ഞ് അതു നീങ്ങി. പക്ഷേ, അടുത്തദിവസം ഓക്കാനവും മനംമറിച്ചിലും ആവര്‍ത്തിക്കപ്പെട്ടു. ഇതെന്തൊരു സുഖക്കേടാണ്.
“കൊതി കിട്ട്യതാ തെര്‍ത്ത്യാമ്മേ.” ഇത്തരം കാര്യങ്ങളില്‍ വിദഗ്ദ്ധനായ കടുക്കാമറിയ സമര്‍ത്ഥിച്ചു. അതിനൊരു കാര്യം ചെയ്താല്‍ മതി. ഏഴരനാഴിക വെളുപ്പുള്ളപ്പം കിഴക്കോട്ടു തിരിഞ്ഞു നൂലുബന്ധമില്ലാതെനിന്നു പാണലിന്റെ പടിഞ്ഞാറുവശത്തെ മൂന്ന് ഏല തൊട്ടുരിയാടാതെ പറിച്ചുകൊണ്ടുവന്ന് മേരിയുടെ തലയ്ക്ക് ചുറ്റു ചുറ്റിയാല്‍ മതി, കണ്ണുംദോഷവും നാവുദോഷവും തീരും.
“അതിനിപ്പം എവിടൊണ്ടെടീ പാണല്?” തറതി ചോദിച്ചു.
റബര്‍പ്പറമ്പിലൊണ്ട്, തെര്‍ത്ത്യാമ്മേ, ഞാന്‍ പറിച്ചോണ്ടു വരാം. നിങ്ങളൊന്നും അറിയണ്ട.”
“പിശാചുബാധയാ.” താടകഗൗരി അഭിപ്രായപ്പെട്ടു: “അമ്പലത്തില്‍ എടങ്ങഴി വെളിച്ചെണ്ണകൊടുത്താമതി.”
“ഓ, ഒന്നും വേണ്ട, കണിയാരെക്കൊണ്ടു ഒരു തകിടെഴുതിച്ച് അരേല്‍ കെട്ടിയാമതി, ഒരു ബാധേം ഒരു യക്ഷീം അടുക്കുകേല.” പപ്പടക്കാരി പാറു നിര്‍ദ്ദേശിച്ചു.
“ഇത് ഒന്നും രണ്ടും മാസം ഗര്‍ഭമൊള്ളപ്പം പെണ്ണുങ്ങക്കൊണ്ടാകുന്ന സൊകക്കേടുപോലിരിക്കുന്നു.” ഗൗരി പറഞ്ഞു: “ഇതിനു കാരണമെന്താന്നു ഞാന്‍ പറയാം…. നിങ്ങളു മറ്റൊന്നും വിചാരിക്കരുത്…”
എല്ലാ പെണ്ണുങ്ങളും മേരിയും അമ്മിണിയും ഉള്‍പ്പെടെ, ജിജ്ഞാസയോടെ ഗൗരിയുടെ വായിലേക്കു നോക്കിക്കൊണ്ടിരുന്നു.
“എന്താണുവച്ചാല്‍ പറേടീ ഗവുരീ.” മറിയ അവളുടെ പക്കലേക്ക് ഒന്നുകൂടി അടുത്തിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ അവരുടെ പൂര്‍വ്വ വൈരാഗ്യങ്ങളും പിണക്കങ്ങളും ഒക്കെ മറക്കുക സ്വാഭാവികമാണല്ലോ.
“എന്നാ മേരിയമ്മയ്ക്ക് ഈ വല്ലായ്മ തുടങ്ങിയത്?” ഗൗരിയുടെ ചോദ്യം.
“വെള്ളിയാഴ്ച.” മേരിതന്നെ പറഞ്ഞു.
“അപ്പോള്‍ അതുതന്നെ. ഈ പുറമ്പോക്കിലുള്ള പലര്‍ക്കും അറിയാമ്മേല. ഞാനാരോടും ഒട്ടു പറഞ്ഞിട്ടുമില്ല. അതായതു പത്തുമുപ്പതു കൊല്ലത്തിനുമുമ്പു മൂന്നുനാലുമാസം ഗെര്‍ഭമുള്ള ഒരു വാലാത്തിപ്പെണ്ണ് ഈ റബ്ബര്‍ത്തോട്ടത്തില്‍…. അന്നിവിടെല്ലാം കാടാരുന്നെന്നുകണ്ടോ…. ഒരു മരത്തില്‍ കയറുകെട്ടി തൂങ്ങിച്ചത്തതാ… പല കഥകളും… വലിയ വീട്ടിലെ മൊതലാളി അന്നു ചെറുപ്പമാരുന്നല്ലോ. ആ പെണ്ണിനെ പൊഴപ്പിച്ചിട്ടു തല്ലിക്കൊന്ന് ഇവിടെ കൊണ്ട്വന്നു കെട്ടിത്തൂക്കിയതാണെന്നും പറച്ചിലൊണ്ടു കേട്ടോ. എന്റെ അച്ഛന്‍ പറഞ്ഞ കഥയാ. ഒള്ളതോ നേരോ ഈശ്വരനറിയാം… ഏതായാലും ഈ പുറമ്പോക്കില്‍ താമസിക്കുന്ന ചോരയും നീരുമുള്ള പെമ്പിള്ളാരെ ആ പ്രേതം…. കൊറെ ഉപദ്രവിച്ചിട്ടുണ്ട്…. എത്രപേരെ അതു കൊന്നെന്നോ!”
എല്ലാവരും ഞെട്ടിപ്പോയി.
“എന്റെ അന്തോനിശ് പുണ്യാളച്ചാ…” തറതിക്കു ഭയമായി. “ഈ നശിച്ചേടത്തൂന്നു പോയാ മതിയാര്‍ന്നു.”
“അതിനൊറ്റ വഴിയേ ഒള്ളൂ…” പാറു പറഞ്ഞപോലെ കണിയാരെക്കൊണ്ടു തകിടെഴുതിച്ച് അരേക്കെട്ടുക…. എന്റെ അരേകെട്ടീട്ടൊണ്ട്…. അതിപ്പിന്നെ എനിക്കൊരു ഉപദ്രവോം ഉണ്ടായിട്ടില്ല കേട്ടോ? ഗൗരി തുടര്‍ന്നു.
“നെനക്കെന്താരുന്നെടീ?” മറിയ ജിജ്ഞാസയോടെ ചോദിച്ചു.
“ഞങ്ങളീ പൊറമ്പോക്കിലോട്ടു താമസം മാറ്റീട്ടു നാലഞ്ചു കൊല്ലമേ ആയൊള്ളൂ… അതിനുമുമ്പ് ഈ റബ്ബര്‍ത്തോട്ടത്തിന്റെ പടിഞ്ഞാറായിരുന്നു ഞങ്ങളു താമസിച്ചോണ്ടിരുന്നത്…. എന്റെ മിറയാമ്മേ…. നല്ല ഒറക്കത്തില്‍ ഒരാളുവന്ന് എന്നെ വിളിച്ചോണ്ടുപോയി. നേരം വെളുത്തൊണരുമ്പം പടിഞ്ഞാറൊരു കൊളമുണ്ട്. ഞാന്‍ അതിന്റെ കരയ്ക്കു കിടക്കുന്നു…. എന്താ!”
“കര്‍ത്താവേ ഒള്ളതാണോടീ?” മറിയ മൂക്കത്തു വിരല്‍വച്ചു.
“എന്നാ കള്ളമാ…. അതാ ഞാനിതാരോടും പറയാത്തത്. ഒടുവില്‍ കണിയാരെക്കൊണ്ടു പ്രശ്‌നം വയ്പിച്ച് പ്രേതത്തെ കൊണ്ടുപോയി അമ്പലത്തിന്റെ ആലേല്‍ തറപ്പിച്ചു. അതില്‍പ്പിന്നെ വല്യ ഉപദ്രവം ഒന്നും ഉണ്ടായിട്ടില്ല. ആലേലെ ആണി വല്ലോരും ഊരിക്കളഞ്ഞിരിക്കാം. പ്രേതത്തിനു കൂട്ടുവന്നതാണെന്നാ. പറേന്നത്, അമ്പലപ്പറമ്പിലെ കരിമ്പനേടെ തുഞ്ചത്തൂന്നു യക്ഷി…. അതു വെള്ളിയാഴ്‌ചേം ചൊവ്വാഴ്‌ച്ചേം പാതിരാത്രിയാകുമ്പം ഒരെറക്കമൊണ്ട്. അമ്മിണിക്കുഞ്ഞിന് അന്നു ബോധക്കേടുണ്ടായതും എല്ലാം ഈ ഒരൊറ്റ സംഗതിയാ…”
“അയ്യോ! നമ്മുടെ റിക്ഷാക്കാരന്‍ രാമന്റെമോളു കല്യാണികളവാണീം അങ്ങനെ പോയതായിരിക്കും.” പാറുവിന് ഒരു സംശയം.
“ഇതിനിപ്പം എന്നതാടീ ഗവുരി, ഒരു മറുക്രിയ?” തറതി ചോദിച്ചു. അവര്‍ക്കു വല്ലാത്ത വേവലാതിയായി.
“തകിടെഴുതിച്ചു കെട്ടിക്കണം.” ഗൗരി പറഞ്ഞു: “പിന്നീടു ബാധഓദ്രവോം ഒണ്ടാകത്തില്ല. എല്ലാംകൂടെ നാലഞ്ചു രൂപായുടെ ചെലവോണ്ട്.”
“കാശെങ്ങനെയെങ്കിലും ഒണ്ടാക്കാം. എന്റെ കുഞ്ഞിനീ ഓദ്രവം ഇനി ഒണ്ടാകാതിരുന്നാല്‍ മതിയാര്‍ന്ന്…. അതിയാനിതറിഞ്ഞാലൊട്ടു സമ്മതിക്ക്യേമില്ല… ഉം.”
“തോമ്മാച്ചേട്ടനെ അറിയിക്കാതെ പറ്റിക്കാം ചേടിത്തീ!” മറിയ പറഞ്ഞു: “നാലഞ്ചു രൂപായുടെ ചെലവല്ലേ ഒള്ളൂ… അതു ഞാനെടുത്തോളാം…. കണിയാരുടെ വീടു ഞാനറീം…. എനിക്കു കൊടിഞ്ഞി വന്നപ്പം ആ കണിയാരല്ലേ നിര്‍ത്തിയത്?”
“എന്തെടീ മറിയേ, ബാധ ഒഴിപ്പിക്കുന്ന ഒരച്ചനൊണ്ടല്ലോ?” തറതിക്കു മന്ത്രവാദമെന്നും കൂടോത്രമെന്നും ഒക്കെ കേള്‍ക്കുന്നത് പേടിയാണ്. അതൊന്നും ചെയ്യിക്കാന്‍ പാടില്ലെന്നാണു പള്ളിയുടെ കല്പന. പാപമാണെന്നാണ്.
“അച്ചനേം കാണാം ചേടിത്തീ. നാളെയാട്ടെ.” മറിയ സമ്മതിച്ചു. “നിങ്ങളീക്കാര്യം ഏതായാലും ആരോടും പറയേണ്ട, മേരിമ്മേടെ അരേല്‍ കണിയാരെക്കൊണ്ടു തകിടെഴുതിച്ചു കെട്ടിച്ചെന്നും ഒക്കെ.”
“ഞങ്ങളു ജീവന്‍ പോയാല്‍ പറേത്തില്ല മറിയാമ്മേ.” പാറുവിനുവേണ്ടിക്കൂടെ ഗൗരി പ്രതിജ്ഞചെയ്തു.
ഏതായാലും പിറ്റേന്നു വെളുപ്പിനെതന്നെ മറിയ പോയി പാണലിന്റെ ഇല തൊട്ടുരിയാടാതെ പറിച്ചുകൊണ്ടുവന്നു മേരിയുടെ തലയ്ക്ക് ഉഴിഞ്ഞു. കൊതികിട്ടിയതാണെങ്കില്‍ അതുകൊണ്ടു പോയ്‌ക്കൊള്ളും, തീര്‍ച്ച.
പാണല്‍പ്രയോഗം തോമ്മാ കേട്ടിട്ടുള്ളതാണ്. അതു പ്രയോഗിച്ചതില്‍ അയാള്‍ക്ക് എതിരൊന്നുമില്ല. എന്നാല്‍ അമ്പലത്തില്‍ എണ്ണനേര്‍ച്ചകൊടുക്കുന്നതും തകിടെഴുതിക്കെട്ടിക്കുന്നതും അയാള്‍ക്കെതിര്‍പ്പുള്ള കാര്യമാണ്. അതുകൊണ്ട് അക്കാര്യം അയാളോട് ആരും പറഞ്ഞില്ല.
തോമ്മാ രാവിലെ പാറക്കുഴിയിലേക്കുപോയ തക്കത്തിനു മറിയ വന്നു. കസവുഡാവണി ചുറ്റിയ മറിയയെക്കാണാന്‍ നല്ല അഴകാണ്. അവര്‍ മേരിയെക്കൂട്ടിക്കൊണ്ടു പുറപ്പെട്ടു. പിശാചുക്കള്‍, ഭൂതപ്രേതാദികള്‍, യക്ഷികള്‍ മുതലായവരുടെ കാര്യങ്ങള്‍ക്കു പോകുന്നവര്‍, പോയ വഴിയേ തിരിച്ചുവരരുതെന്നാണു പ്രമാണം. അതുകൊണ്ടു റബ്ബര്‍ത്തോട്ടത്തില്‍ക്കൂടി അപ്പുറത്തെപ്പാടം കടന്ന് അക്കരക്കേറിയാണ് അവര്‍ വഴിക്കെത്തിയത്. പൂത്തേടത്തെ മേരിക്കുട്ടിയും കടുക്കാമറിയച്ചേടത്തിയുംകൂടെ എങ്ങോട്ടു പോകുന്നു എന്നു പലരും ചോദിച്ചു. മറിയ ആരോടും സത്യം പറഞ്ഞില്ല.
മൂന്നു മൈല്‍ നടന്നശേഷമാണ് അവര്‍ക്കു ബസ്സുകിട്ടിയത്. പിശാചുക്കളെ ഒഴിപ്പിക്കുന്ന അച്ഛന്‍ താമസിക്കുന്ന പള്ളി പതിനാലുമൈല്‍ അകലെയാണ്. മറിയയ്ക്കറിയാം. അങ്ങേരുകൊടുത്ത ഒരു കാശുരൂപമാണ് അവരിന്നും കഴുത്തില്‍ കെട്ടിക്കൊണ്ടു നടക്കുന്നത്. അതുകെട്ടിയതിനുശേഷം യാതൊരു പിശാചും അവരെ പേടിപ്പിച്ചിട്ടില്ല. അതൊരു സത്യമാകുന്നു. പേക്കിനാവും കണ്ടിട്ടില്ല.
ഒരു കുര്‍ബാനയ്ക്കും ഒരുകൂടു മെഴുകുതിരിക്കും ഉള്ള കാശ് പള്ളിയില്‍ കൊടുത്തശേഷം അച്ചന്‍ വന്നു മേരിയുടെ ശിരസ്സില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. എന്നിട്ടു അദ്ദേഹം ആശീര്‍വദിച്ച വിശുദ്ധജലം ഒന്നു രണ്ടു സ്പൂണ്‍ അവളെക്കൊണ്ടു കുടിപ്പിച്ചു. അപ്പോള്‍ അവള്‍ക്ക് ഓക്കാനമുണ്ടായി. എങ്കിലും ഛര്‍ദിച്ചില്ല. ഒരു കാശുരൂപവും ഒരു കറുത്ത ചരടും കൊടുത്തു കഴുത്തില്‍ കെട്ടുന്നതിന്, മറിയയാണ് അതു മേരിയുടെ കഴുത്തില്‍ കെട്ടിയത്. മണവാളന്‍ മണവാട്ടിയുടെ കഴുത്തില്‍ മിന്നു കെട്ടുന്നതിനുപോലെ.
“ഇനി എന്റെ മോളെ യാതൊരു പിശാചും ഉപദ്രവിക്കുകയില്ല.” അത്ഭുതസിദ്ധിയുള്ള ആ വൈദികന്‍ പറഞ്ഞു. “സമാധാനമായി പൊയ്‌ക്കൊള്ളൂ മകളേ.”
“അച്ചോ, എന്നും വെള്ളിയാഴ്‌ചേം ചൊവ്വാഴ്‌ചേം ഞങ്ങളുടെ അവിടെ യക്ഷിപ്പകര്‍ച്ചയുണ്ട്.” മറിയ സങ്കടം ഉണര്‍ത്തിച്ചു. “അതിനു കൂടി എന്തെങ്കിലും ചെയ്യണം.”
“ഈ കാശുരൂപം മതി.” അച്ചന്‍ പറഞ്ഞു. “യക്ഷിയുടെ ആ വഴിക്കുള്ള പോക്കു നിര്‍ത്താന്‍, മൂന്നു മെഴുകുതിരികള്‍ പാതിരായ്ക്കുമുമ്പു പറമ്പില്‍ എവിടെയെങ്കിലും കത്തിച്ചുവയ്ക്കണം. രണ്ടു ചൊവ്വാഴ്ചയും അതിനിടയ്ക്കുള്ള വെള്ളിയാഴ്ചയും…”
“നമുക്കങ്ങു റബ്ബര്‍തോട്ടത്തില്‍ കത്തിച്ചുവയ്ക്കാം ഇല്ലേ മേരീമ്മേ?” മറിയ മേരിയുടെ ചെവിയില്‍ പറഞ്ഞു. മിറയയ്ക്കു മറ്റെന്തെല്ലാം ദൂഷ്യങ്ങളുണ്ടെങ്കിലും അവള്‍ മേരിയെ തന്റെ മകളെന്നപോലെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുണ്ട്. അവള്‍ക്കൊരു നല്ലകാലം വരാനും അവര്‍ ആഗ്രഹിക്കുന്നു. അതു സത്യമാണ്.
അവര്‍ പള്ളിയില്‍കയറി പ്രാര്‍ത്ഥിച്ചു. മേരി രഹസ്യമായി അവളുടെ ആഗ്രഹം ദൈവത്തെ അറിയിച്ചു. കറിയാ അവളെ കല്യാണം കഴിക്കുന്നതിനു മുമ്പു ജോയി കല്യാണക്കാര്യം അവളുടെ അപ്പനോടു പറയണമേ എന്ന്. അക്കാര്യത്തില്‍ അവള്‍ക്കു സംശയമൊന്നുമില്ല. കാരണം, അത്രകണ്ട് ആത്മാര്‍ത്ഥമായിട്ടാണ്, അന്ന്, ആ ഇടിയും മഴയും ഉണ്ടായ പകലില്‍, ആ കൊച്ചുകെട്ടിടത്തിന്റെ മുറിയിലെ ഏകാന്തതയില്‍വച്ച് അവന്‍ അവളോടു സത്യംചെയ്തു പറഞ്ഞത്. പാവപ്പെട്ട അവളോട് അവന് അങ്ങനെ ഒരു കരുണ തോന്നിയതുതന്നെ ദൈവത്തിന്റെ ഒരനുഗ്രഹമാണ്. ആ ദൈവം അവളെ കൈവടിയുകയില്ല. എങ്കിലും ദൈവം അക്കാര്യം മറന്നുപോയെങ്കിലോ? ദൈവത്തിനു മറവിയുണ്ടോ? ആര്‍ക്കറിയാം! ലോകത്തിലെ എത്രയോകോടി ജനങ്ങളാണു ദൈവത്തോട് എപ്പോഴും ഓരോ കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്! എല്ലാം എങ്ങനെ ഓര്‍ത്തിരിക്കും? അവള്‍ക്കറിഞ്ഞുകൂടാ. ദൈവമേ! പാവപ്പെട്ട എന്റെ കാര്യം അങ്ങു മറക്കരുതേ…. ജോയി ഉടനെതന്നെ വന്ന് അപ്പനോടു പറയേണമേ…” അവന്‍ പറയാതിരുന്നാല്‍…ഹോ അതവള്‍ക്കു ചിന്തിക്കുകപോലും സാദ്ധ്യമല്ല. എത്ര ആഴ്ചകളായി…. ആ ഇടിയും മഴയും ഉണ്ടായ ആ ദിവസം കഴിഞ്ഞിട്ട്…. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ദിവസം. ഹോ! ആ ദിവസം!.... അവള്‍ ജീവിതത്തിന്റെ പറുദീസാ കണ്ടെത്തിയ ആ ദിവസം…. ഓര്‍ത്തിട്ടു കോരിത്തരിക്കുന്നു.
മറിയ പ്രാര്‍ത്ഥനകഴിഞ്ഞ് എണീറ്റു വാതില്‍ക്കല്‍ച്ചെന്നു മേരിക്കുവേണ്ടി കാത്തുനിന്നു. സാരിത്തുമ്പുകൊണ്ടു തലമറച്ചു മുട്ടുകുത്തി നിന്ന് അവള്‍ കര്‍ത്താവിന്റെ തിരുസ്വരൂപത്തിലേക്കു നോക്കി. കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നതും, അവളുടെ കണ്ണുകളില്‍ക്കൂടി അവളറിയാതെ കണ്ണുനീര്‍ മുത്തുകള്‍ ഉരുണ്ട് ആ ഓമനത്തമുള്ള കവിളുകളിലൂടെ ഒഴുകുന്നതും കണ്ടപ്പോള്‍ സത്യമായും മറിയയുടെ ഹൃദയം അലിഞ്ഞുപോയി. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന മാലാഖയാണോ അവള്‍?
മേരിയുടെ ദേഹത്തു പിശാചുക്കള്‍ ഉള്ളതുകൊണ്ട് അവള്‍ പള്ളിക്കകത്തു കേറാന്‍ മടിക്കുമെന്നും അകത്തു കേറിയാല്‍തന്നെ തലമുടി അഴിച്ചിട്ടു തുള്ളുമെന്നും ഒക്കെ മറിയയ്ക്കു പേടിയുണ്ടായിരുന്നു. അച്ചന്റെ പ്രാര്‍ത്ഥനയും കാശുരൂപത്തിന്റെ ദിവ്യശക്തിയും നിമിത്തം പിശാചുക്കളെല്ലാം അവളെ വിട്ടകന്നു പോയിരിക്കണം.
സാരിത്തുമ്പുകൊണ്ടു കണ്ണുനീര്‍ തുടച്ചിട്ടു മേരി പുറത്തേക്കു വന്നപ്പോള്‍ അവളുടെ മുഖം പ്രസന്നമായിരുന്നു. മറിയയ്ക്ക് അവളെ കെട്ടിപ്പിടിച്ച് അവളുടെ റോസാപ്പൂപോലുള്ള ചുണ്ടത്ത് ഒന്ന് ചുംബിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആണുങ്ങളെപ്പോലെ ആര്‍ത്തിയോടെ, ആരും കാണാതെ, അതും ഒരു ചടങ്ങായിരിക്കും എന്നേ മേരിക്കു തോന്നിയുള്ളൂ.
“ഇനീം ഒരു പിശാചും എന്റെ മോളെ തീണ്ടുകയില്ല.” പള്ളിപ്പടിയിറങ്ങുമ്പോള്‍ മറിയ പറഞ്ഞു. അത്രകണ്ടു കടുകട്ടിയായിരുന്നു അവരുടെ വിശ്വാസം.
“എന്തിനാ ചേടത്തീ മനുഷ്യരുടെ ദേഹത്ത് ഈ പിശാചുക്കള്‍ കൂടുന്നത്?” മേരി ചോദിച്ചു.
പാവം മറിയയ്ക്ക് എങ്ങനെ അറിയാം? വാസ്തവമാണം. പിശാചുക്കള്‍ക്ക് എന്തുഗുണം കിട്ടാനാണു മനുഷ്യരെ ഇങ്ങനെ ഉപദ്രവിച്ചിട്ട്?
“മനുഷ്യരോടുള്ള വിരോദംകൊണ്ടായിരിക്കാം, ആ ആര്‍ക്കറിയാം. ഈ കൊഴാമറിച്ചിലൊക്കെ.”
“എന്നാല്‍ ദൈവത്തോടുള്ള വിരോദംകൊണ്ടായിരിക്കാം. മാലാഖമാരാരുന്ന അതുങ്ങനെ ഇങ്ങനെ ശിക്ഷിച്ചതിന്.”
“ശിക്ഷിച്ചതിന് അതുങ്ങള്‍ നരകത്തില്‍ കിടന്നു കഷ്ടപ്പെടുകയില്ലേ വേണ്ടത്?... നരകത്തില്‍നിന്നു പിശാചുകള്‍ക്ക് ഇങ്ങനെ ഇഷ്ടം പോലെ പുറത്തിറങ്ങി നടക്കാമെങ്കില്‍ അവര്‍ക്കു സുഖമാണല്ലോ…”
“ഇങ്ങനെയൊന്നു പറയരുത്… മോളെ…. ചെലപ്പം ദൈവദൂഷണമായിരിക്കും.”
“ഏതായാലും എന്റെ ദേഹത്തു പിശാചുക്കളൊന്നുമില്ലെന്നാ എന്‌റെ വിചാരം.”
“അതു നിനക്കു തോന്നുകാ…. ചുമ്മാ തലചുറ്റലും മനംമറിച്ചിലും ഒക്കെ വരുമോടീ! ഏതാണ്ടോ വൃത്തിക്കെട്ട പിശാചുക്കളാരിക്കും നിന്റെ ദേഹത്തു കേറിയിരിക്കുന്നത്… അല്ലെങ്കില്‍ വയറ്റിലുള്ള പെണ്ണുങ്ങളെപ്പോലെ ഓക്കാനവും ശര്‍ദ്ദിലും ഒണ്ടാകുമോ കെട്ടിക്കാത്ത പെണ്ണുങ്ങള്‍ക്ക്?” മറിയ പറഞ്ഞതു ശരിയായിരിക്കണം.
ബസ്റ്റാന്റ്ഡില്‍ ആ പെണ്ണുങ്ങള്‍ കുറെനേരം കാത്തുനിന്നു….
“ചേടത്തീ ആ മാങ്ങായെ രണ്ടെണ്ണം എനിക്കു മേടിച്ചുതരാമോ?” ഒരു പെമ്പ്രന്നവര്‍ മാങ്ങാ വില്‍ക്കുന്നതു കണ്ടപ്പോള്‍ മേരിക്കു കൊതിതോന്നി.
“അതു പച്ചയാ മോളെ…. പുളിയനായിരിക്കും.”
“അതു മതി ചേടത്തീ!”
മറിയ ചെന്നു വില ചോദിച്ചു. മൂന്നു മാങ്ങാ വാങ്ങി. ആ മാങ്ങാ കണ്ടപ്പോള്‍ മേരിയുടെ വായില്‍ ഉമിനീരിളകി. മറിയ അതിലൊന്നു കടിച്ചുനോക്കി. അവരുടെ മുഖം കോടിപ്പോയി. ഒന്നേ കടിച്ചുള്ളൂ. അവരതു ദൂരെ എറിഞ്ഞു കളഞ്ഞു. “മുടിഞ്ഞ പുളിയാ മേരിമ്മേ… പല്ലു കോടിപ്പോയി…. അങ്ങുകൊടുത്തേക്കട്ടെ?”
“വേണ്ട ചേടത്തീ…. എനിക്കു പുളി വല്യ ഇഷ്ടമാ….. ഇങ്ങുതാ…” മേരി അതു തട്ടിപ്പറിച്ചു കറുമുറെ കടിച്ചിറക്കി…. കല്‍ക്കണ്ടംപോലെ…
“എന്റെ പെണ്ണേ നിന്നെ സമ്മതിച്ചിരിക്കുന്നു!” മറിയ പറഞ്ഞു. പുളിയോടീഷ്ടമുള്ള പിശാചാരിക്കും നിന്റെകൂടെ കൂടീരിക്കുന്നത്?”
“പിശാചുക്കളൊക്കെ പള്ളീല്‍വച്ചു പോയി ചേടത്തീ.” മേരി ചിരിച്ചുംകൊണ്ടു പറഞ്ഞു.
“മുഴുവനും പോയിക്കാണുകേലെടീ.” ആധികാരികമായിത്തന്നെ മറിയ പറഞ്ഞു. പുളിപ്പിശാച്, മധുരപ്പിശാച്, കയ്പുപിശാച് എന്നിങ്ങനെയും പിശാചുക്കളുണ്ടെന്നു മറിയ കേട്ടിട്ടുണ്ട്. ഉണ്ടെന്ന് ഇപ്പോള്‍ ബോദ്ധ്യമായിരിക്കുന്നു. ഒരാളുടെ ദേഹത്തുതന്നെ ഇരുപത്തൊന്നു പിശാചുക്കള്‍വരെ കൂടീട്ടുള്ള കഥ മറിയ കേട്ടിട്ടുള്ളതാണ്.
നേരെ വീട്ടിലേക്കു മടങ്ങാമെന്നായിരുന്നു മറിയ നേരത്തെ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, പുളിപ്രശ്‌നം ആ പ്ലാന്‍ തെറ്റിച്ചു.
അവര്‍ ബസ്സുകേറി കണിയാരുടെ പടിക്കല്‍ ഇറങ്ങി. കണിയാരോടു മറിയ എല്ലാം വിശദമായി സാദരം പറഞ്ഞുകേള്‍പ്പിച്ചു. അമ്മിണിയെ പിശാചു പിടിച്ചതുതൊട്ട് അച്ചനെ കണ്ടതുവരെ.
“അകത്തു കൈവിഷം ഉണ്ടെന്നൊരു സംശയം. കണിയാര്‍ മേരിയെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു. കഷണ്ടിയും കുടവയറും കടുക്കനുകളും ചന്ദനക്കുറികളും സ്വര്‍ണ്ണരുദ്രാക്ഷമാലയുമുള്ള തടിച്ച കറുത്ത ഒരു അറുപതുകാരനാണു കണിയാര്‍. പത്തുപതിനഞ്ചു പെണ്ണുങ്ങളും ആണുങ്ങളും അവിടെ ക്യൂ നില്‍പ്പുണ്ട്.”
“ഇവക്കു കൈവിഷം കൊടുക്കാനാരുമില്ല കണിയാരെ.” മറിയ പറഞ്ഞു. മറിയയുടെ അജ്ഞതയോര്‍ത്തു കണിയാര്‍ക്കു ചിരിവന്നു.
“കൈവിഷമുണ്ടെങ്കില്‍ എറക്കിത്തരാം.” അദ്ദേഹം പറഞ്ഞു. “അതിനു പത്തിരുപതു രൂപ ചെലവുണ്ട്…”
“തകിടു കെട്ടിയാല്‍ മതി കണിയാരെ.”
ചെമ്പുതകിടില്‍ എന്തോ എഴുതി ഒരു കൊച്ചു ചെമ്പുകുഴലിലാക്കി കണിയാര്‍ മേരിയെ ഏല്പിച്ചിട്ടു പറഞ്ഞു.
“ഇതു ദേഹത്തെവിടെയെങ്കിലും കെട്ടാം.”
“അരേല്‍ കെട്ടിയാ മതിയോ?”
“മതി മതി.”
ഒരു വെള്ളിത്തളികയിലെ വെള്ളത്തില്‍ ഏതാനും തുളസിയിലകളിട്ട് എന്തോ മന്ത്രിച്ച് അതില്‍നിന്നു മൂന്നു തുള്ളി വെള്ളം അദ്ദേഹം വിരലില്‍ തൊട്ടു മേരിയുടെ വായില്‍ ഒഴിച്ചുകൊടുത്തു.
ഏഴരരൂപ ആയി.
“മോളേ, അരേല്‍ അരഞ്ഞാണച്ചരടൊണ്ടോ?” മടങ്ങിപ്പോരുംവഴി മറിയ ചോദിച്ചു.
“ഇല്ല ചേടിത്തീ!”
മറിയയ്ക്ക് അതുകേട്ടപ്പോള്‍ അതിശയം തോന്നി.
“പെണ്ണുങ്ങള്‍ അരയില്‍ അരഞ്ഞാണച്ചരടു കെട്ടിയിരിക്കണം” എന്ന മഹനീയതത്ത്വം മറിയ അവളെ അനുസ്മരിപ്പിച്ചു. “ഏതായാലും ഈ തകിടിന്റെ കാര്യം ആരും അറിയണ്ട. ഇപ്പോള്‍ത്തന്നെ അരേല്‍ കെട്ടിക്കോ.” മറിയ അവളുടെ പുടവയുടെ അറ്റത്തുനിന്നു കുറുകെ മുക്കാല്‍ ഇഞ്ചു വീതിയില്‍ തുണി കീറിയെടുത്തു പിരിച്ച് തകിട് അതിന്മേല്‍ കെട്ടി, എന്നിട്ട് ഒരു കുറ്റിക്കാടിന്റെ അടുത്തേക്കു മേരിയെ അവര്‍ വിളിച്ചുകൊണ്ടുപോയി. മേരി അനുസരമയുള്ള ഒരു കുട്ടിയെപ്പോലെ എല്ലാം ചെയ്തു. തകിടുകെട്ടിയ ആ ചരടു മറിയതന്നെ സരിയും പാവാടയും പൊക്കി അവളുടെ അരയില്‍ കെട്ടി. അന്നേരം മേരിക്കു വല്ലാത്ത നാണംതോന്നി.
“കല്യാണരാത്രീല് നിന്റെ മണവാളന്‍ മാത്രമേ ഇതു കാണാവൂ.” മറിയ ചിരിച്ചുംകൊണ്ട് അവളുടെ ചെവിയില്‍ മന്ത്രിച്ചു. മേരിയുടെ ശരീരസൗന്ദര്യത്തെ ആ സ്ത്രീ പുകഴ്ത്തി. “വെണ്ണക്കല്ലുകൊണ്ടു മെനഞ്ഞുണ്ടാക്കിയതുപോലത്തെ മേനിയഴക്.”
“നിന്റെ മണവാളന്‍ ഭാഗ്യവാനായിരിക്കും.” മറിയ പറഞ്ഞു. ആ കാര്യത്തില്‍ മേരിക്കു യാതൊരു സംശയവുമില്ല. വലിയവീട്ടിലെ ജോയിച്ചനെപ്പോലെ സുന്ദരനും ഭാഗ്യവാനുമായ ഒരു ചെറുപ്പിക്കാരനുണ്ടോ ഈ ഭൂമിയില്‍? കല്യാണരാത്രിയില്‍ ആ ചെമ്പുതകിട് അവന്‍ കാണും. അതോര്‍ത്തപ്പോള്‍ അവളുടെ ദേഹത്തു കുളിരുകോരിയിട്ടു.
പോയ വഴിയേ അല്ല അവര്‍ മടങ്ങിയത്.
വീട് അടുക്കുന്നതിനുമുമ്പ് മറിയ രഹസ്യമായി മേരിയോടു ചോദിച്ചു. മേരിമ്മേ നിന്നോടൊരു കാര്യം ചോദിക്കണം ചോദിക്കണം എന്തു വിചാരിച്ചിരിക്കുകയായിരുന്നു. എന്നോടു സത്യം പറയണം- ലൂക്കാലി കറിയാച്ചനും നീയും തമ്മില്‍?
“തമ്മില്‍?”
അല്ല, വല്ല കുസൃതി കാണിച്ചിട്ടൊണ്ടോന്ന്…. എന്നോടു പറേന്നേനെ ഒരു കൊഴപ്പോമില്ല….. എന്റെ ജീവന്‍ പോയാലും ഞാനാരോടും പറേത്തില്ല.”
മേരി മറിയയുടെ മുഖത്തേക്കു രൂക്ഷമായി ഒന്നു സൂക്ഷിച്ചുനോക്കി. പലതും പറയണമെന്നുതോന്നി. ആ നല്ല സ്ത്രീ അവളെ സംശയിക്കുന്നു എന്നല്ലേ ആ ചോദ്യത്തിന്റെ അര്‍ത്ഥം?
“അയാളെന്റെ ദേഹത്തു തൊട്ടിട്ടുപോലുമില്ല ചേടത്തീ.” ഒടുവില്‍ സ്വയം നിയന്ത്രിച്ചുകൊണ്ടു മേരി പറഞ്ഞു: “എന്നുതന്നെയല്ല, ഞാനയാളെ വെറുക്കുകയും ചെയ്യുന്നു.”
“എന്നു പറഞ്ഞാലൊക്കുമോ മോളെ….. ഏതാനും ദവസങ്ങള്‍ക്കകം കല്യാണം നടക്കാന്‍ പോകുവല്ലേ… നീ ഒന്നുകൊണ്ടും വിഷമിക്കണ്ടടീ. ദൈവനിശ്ചയം അതാണെന്നുവച്ച് സമാധാനിക്ക്…. നിന്നെ അവന്‍ ഒരു രാജകുമാരിയെപ്പോലെ കൊണ്ടു നടക്കും. രണ്ടാംകെട്ടുകാരനും കന്യാദാനക്കാരനും തമ്മില്‍ എന്താ വ്യത്യാസം… ഒന്നുമില്ല. കന്യാദാനക്കാരന്‍ എത്ര വേശ്യാപ്പെണ്ണുങ്ങളുടെകൂടെ വേണ്ടാതീനം ചെയ്‌തേച്ചായിരിക്കും വല്ല പെണ്ണിനേം കെട്ടുന്നത്. അതുകൊണ്ടു കറിയാച്ചന്റെ കാര്യത്തില്‍ നീ അങ്ങനെയൊന്നും പേടിക്കേണ്ട…. നമുക്കു പോയവഴി അവന്റെ പുതിയ വീടുകേറി ഒന്നു കാണാമായിരുന്നു. ഞാനതോര്‍ത്തിരുന്നതാ മറന്നുപോയി… അരണേടെ ബുത്തിയാ എന്റേത്… വീടു കേമമാണെന്നാ കേട്ടത്…”
മേരിക്കു അതൊക്കെ കേട്ടിട്ടു യാതൊരു സന്തോഷവുമുണ്ടായില്ല. ഉള്ളില്‍ ഉല്‍ക്കണ്ഠ കൂടിക്കൂടി വരുകയാണ്… അവളുടെ ജോയി. അവളുടെ ആത്മാവിന്റെ നായകന്‍, അവളില്‍നിന്നും അകന്നുപോകുന്നതുപോലെ തോന്നുന്നു…ഇല്ല. അദ്ദേഹം പോവുകയില്ല. അവളുടെ കൈയില്‍ കുരിശു വരച്ച് ആണയിട്ട് അദ്ദേഹം പറഞ്ഞതാണ്… പിന്നെന്തേ ഇത്ര താമസം ഉടനെ പറയാമെന്നു പറഞ്ഞിട്ട് എത്രയോ പകലുകളും രാത്രികളുമായി, ആഴ്ചകളുമായി…. ദൈവമേ! വേദനകളുടെ വിനാഴികയ്ക്ക് ഒരറുതി വരുത്താന്‍, ഹൃദയത്തിന്റെ രാജകുമാരാ…വരൂ.. വേഗം വരൂ…. തേരോടിച്ചു വരൂ…നിത്യദുഃഖത്തിന്റെ നീര്‍ച്ചുഴിയില്‍ വീണു നിലയില്ലാത്ത ആഴത്തിലേക്കു താണു താണു പോകും. മുമ്പെ…വരൂ, പ്രിയമുള്ളവനേ വരൂ… നിത്യദുഃഖത്തിന്റെ നീര്‍ച്ചുഴിയില്‍ വീണു നിലയില്ലാത്ത ആഴത്തിലേക്കു താണു താണു പോകും. മുമ്പെ…വരൂ, പ്രിയമുള്ളവനേ വരൂ… ആരും തൊട്ടിട്ടില്ലാത്ത നിര്‍മ്മലമായ ആ വസന്തപുഷ്പത്തിന്റെ പൂന്തേന്‍ നുകര്‍ന്ന ഭാഗ്യവാനേ.... പുഞ്ചിരിച്ചു പുഞ്ചിരിച്ചു മയക്കിക്കളഞ്ഞ കൊച്ചുകള്ളാ വരൂ… ഇനി എന്തിനാണ് താമസിക്കുന്നത്… എന്തിനാണ് അകന്നു മാറിനില്‍ക്കുന്നത്…. വേഗം വരൂ… നിമിഷങ്ങള്‍ ഓടിയോടിപ്പോകുന്നു…. ഇനി ഒരിക്കലും ഒരിക്കലും മടങ്ങിവരാത്ത നിമിഷങ്ങള്‍….
മേരിയുടെ കണ്ണുകള്‍ നിറയുന്നതു മറിയ കണ്ടു. സായാഹ്നമായിരുന്നു. വെയിലിന് ഇളംമഞ്ഞ നിറം കലര്‍ന്നിരുന്നു. വഴിയിറമ്പുകളിലെ മരങ്ങളുടെ ഇടയില്‍ക്കൂടി നേര്‍മ്മയുള്ള രശ്മികള്‍ ഒഴുകുന്നുണ്ടായിരുന്നു…. കനകപ്പൂഞ്ചോലകള്‍ മാതരി… മേരിയുടെ കരിനീലക്കണ്ണുകളില്‍ മൊട്ടിട്ട ബാഷ്പകണികകളാകട്ടെ, രത്‌നബിന്ദുക്കള്‍പ്പോലെ തിളങ്ങി.
“എന്താ മോളേ നിന്റെ കണ്ണു നിറഞ്ഞിരിക്കുന്നത്?”
“ഒന്നുമില്ല ചേടത്തീ. ഞാന്‍ ഓര്‍ക്കുകാരുന്നു.”
“എന്തോന്നോര്‍ക്കാനാടീ?”
“കല്യാണം കുറച്ചുംകൂടി കഴിഞ്ഞിട്ടുമതീന്ന് അപ്പനോടൊന്നു പറയാമോ? എന്റെ പൊന്നു ചേടിത്തിയില്ലേ… എനിക്കു പറയാന്‍ പേടിയാ…. അപ്പന്റെ മുഖത്തേക്കു നോക്കാന്‍പോലും പേടിയാ.”
“തെര്‍ത്ത്യാമ്മേക്കൊണ്ടു പറേപ്പിക്കാം… പക്ഷേങ്കി എന്തിനാ താമസിപ്പിക്കുന്നത്?”
“എനിക്കൊരു സുഖവുമില്ല… എന്റെ സുഖക്കേടു നീങ്ങട്ടെ… മനസ്സിനകത്തു വല്ലാത്ത ഭീതി.”
“അത് എല്ലാ പെണ്ണുങ്ങള്‍ക്കും തോന്നുതാ, കെട്ടിക്കുന്നതിനുമുമ്പ്…. ആണുങ്ങളു നമ്മളെ അങ്ങു കടിച്ചുതിന്നുകളേമോ എന്നൊക്കെ… വെറും തോന്നലാ മോളെ… നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. കല്യാണമെന്നു പറേന്നതു കല്‍ക്കണ്ടമാടീ പെണ്ണേ.”
പാവം സ്ത്രീ അറിയുന്നുണ്ടോ ആ മാടപ്രാവിന്റെ കരളിന്റെ ഉള്ളിലെ നൊമ്പരങ്ങള്‍! അറിയാതിരിക്കട്ടെ.
തറതിയോടു മറിയ രഹസ്യമായി എല്ലാ വിവരങ്ങളും അറിയിച്ചു. കണിയാരെക്കണ്ടതും തകിടെഴുതിക്കെട്ടിയതും മാത്രം തോമ്മാച്ചേട്ടനോടു പറയരുതെന്ന് അവര്‍ പ്രത്യേകം ചട്ടംകെട്ടി.
തറതി കപ്പ പുഴുങ്ങിയതും കട്ടന്‍കാപ്പിയും വിളമ്പി. കപ്പയ്ക്കു വറ്റല്‍മുളകു പിച്ചിക്കീറി ഉപ്പുനീരും ഉള്ളിയും ചേര്‍ത്ത ഒരു ചമ്മന്തിയും ഉണ്ടായിരുന്നു.
“ഇതിനകത്തു ശകലം വെളിച്ചെണ്ണ ഒഴിച്ചിരുന്നേല്‍ നന്നായിരുന്നേനെ.” ചമ്മന്തി മുക്കി കപ്പ തിന്നുകൊണ്ടു മറിയ ഒരഭിപ്രായം പാസ്സാക്കി.
പക്ഷേ, മേരി ഒരു കഷ്ണം കപ്പയേ തിന്നുള്ളൂ. അവളതു ഛര്‍ദ്ദിച്ചു.
“കര്‍ത്താവേ! ഈ പണിയെല്ലാം ചെയ്തിട്ടും….” തറതിയും മറിയയും ഓടിച്ചെന്നു മേരിയുടെ പുറം തിരുമ്മി. ഇതു കൊതി കിട്ടിയതാടീ മറിയെ.” തറതി പറഞ്ഞു.
“അകത്തു കൈവിഷമുണ്ടെന്നു കണിയാരു പറഞ്ഞതു ചെലപ്പം ഒള്ളതായിരിക്കും.” മറിയ ഓര്‍മ്മിപ്പിച്ചു.
“ഇവക്ക് ആര് എന്തിനു കൈവിഷം കൊടുക്കാനാടീ മറിയേ? എന്റെ കുഞ്ഞ് ഇവിടുന്നല്ലാതെ എങ്ങുന്നൂം പച്ചവെള്ളംപോലും കഴിച്ചിട്ടില്ല…. ഒണ്ടോ മോളെ?”
“ഇല്ലമ്മേ… ഇന്ന് ആ പുളിയന്‍മാങ്ങാ തിന്നതേയുള്ളൂ.” മേരി പറഞ്ഞു.
“അതു പറ…” തറതിക്ക് അല്പം സമാധാനമായി.” പുളിയന്‍മാങ്ങാ ചെലര്‍ക്കു പിടിക്ക്യേലാ… നീ എന്തിനാടീ വെറുംവയറ്റില്‍ മാങ്ങാ തിന്നത്? വ്യാക്കൂണൊള്ള പെണ്ണുങ്ങളെക്കൂട്ട്…. എനിക്കു വയറ്റിലൊളപ്പോള്‍ കേട്ടോടീ മറിയേ, വാളന്‍പുളി വലിയ കൊതിയായിരുന്നു.”
“എനിക്കെന്റെ ചേടിത്തീ…. ഉണ്ണിയപ്പത്തോടായിരുന്നു കമ്പം.” മറിയയുടെ ഭൂതകാലസ്മരണങ്ങള്‍ ഉണര്‍ന്നു: “എന്റെ ആമ്പ്രന്നോന്‍ എനിക്ക് എന്തുമാത്രം ഉണ്ണിയപ്പം കൊണ്ടുവന്നു തന്നിട്ടുണ്ടെന്നോ…” മറിയയുടെ സ്വരം പതറി.
“എനിക്കെന്റേടീ നെയ്യപ്പത്തിനാരുന്നു വ്യാക്കൂണ്.”
അവരങ്ങനെ വര്‍ത്തമാനം പറഞ്ഞുംകൊണ്ടിരിക്കുമ്പോള്‍ തപാല്‍ പ്യൂണ്‍ വന്നു. പി.റ്റി. മേരിക്കുട്ടിക്ക് ഒരെഴുത്തുണ്ടായിരുന്നു. എല്ലാവരും അത്ഭുതപ്പെട്ടു. ജീവിതത്തില്‍ ആദ്യമായിട്ടാണ് മേരിക്ക് ഒരെഴുത്തു കിട്ടുന്നത്.
“തൊറന്നു വായിക്കെടീ….” തറതി പറഞ്ഞു.
മേരിയുടെ കൈ വിറച്ചു ആ എഴുത്തുപൊട്ടിച്ചപ്പോള്‍.
“ആരെഴുതിയാ മോളെ, നോക്കിക്കേയ്…” മറിയയ്ക്കു ജിജ്ഞാസയായി.
“മാത്തുക്കുട്ടിയുടെ.” എഴുത്തിന്റെ അടിയില്‍ ആ പേരുണ്ടായിരുന്നു.
“എന്തോന്നാടീ, വായിക്ക്.”
“ഇന്നാ ചേടത്തീ വായിക്ക്.”
“എനിക്കെഴുത്തറിയാരുന്നേല്‍ നിന്നോടു പറയുമോ?”
“എന്നാ വായിക്കാം: പ്രിയമുള്ള മേരിക്കുട്ടീ….”
“ഓ, അവന്റെ പ്രിയമൊള്ള മേരിക്കുട്ടി!” മറിയയുടെ സംശയം.
“മുഴുവന്‍ വായിക്കട്ടെടീ… വായിക്കു മോളെ.” തറതി ആവശ്യപ്പെട്ടു. മേരി തുടര്‍ന്നു: നീ എന്റെ ആത്മാവിന്റെ സിംഹാസനത്തില്‍ ആരോഹണം ചെയ്തിരിക്കുന്ന രാജകുമാരിയാകുന്നു. നിന്നെയല്ലാതെ ഈ ജീവിതത്തില്‍ മറ്റാരെയും ഞാന്‍ വിവാഹം കഴിക്കുകയില്ല… എനിക്കു സ്ത്രീധനം വേണ്ട… വിവരം ഞാന്‍ വീട്ടിലേക്കും എഴുതീട്ടുണ്ട്… അപ്പനും അമ്മയും ഇനി സ്ത്രീധനത്തിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ അവരുടെ മകനല്ലെന്ന് അറിയിച്ചിട്ടുണ്ട്… അതുകൊണ്ട് ഞാന്‍ ഉടനെ തന്നെ അവധിയെടുത്ത് അങ്ങോട്ടു വരുകയാണ്…. ഇനി ലോകത്തില്‍ ഒരു ശക്തിക്കും നമ്മളെ തമ്മില്‍ അകറ്റാന് സാധിക്കുകയില്ല…. എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ഉടനെ വിവരം അറിയിക്കണം… എന്ന് എന്റെ ഓമനയുടെ മാത്തുക്കുട്ടി.”
തറതിയും മറിയയും പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കി. പക്ഷേ, അവളുടെ മുഖത്ത് അവര്‍ പ്രതീക്ഷിച്ചിരുന്നതുപോലുള്ള ഭാവഭേദങ്ങളൊന്നും കണ്ടില്ല.
“എന്താ മോളെ…. നീ എന്തു പറയുന്നു?” ഒടുവില്‍ തറതി ചോദിച്ചു.
“ഞാന്‍ പറഞ്ഞല്ലോ എനിക്കീ കല്യാണം ഒന്നും വേണ്ടന്ന്. തേ കെടക്കുന്നു എഴുത്ത്.” അവള്‍ തറതിയുടെ മുമ്പിലേക്ക് എഴുത്തിട്ടുകൊടുത്തിട്ട് അകത്തേക്കുകയറി വടക്കെ വാതിലില്‍ക്കൂടി ഇറങ്ങി പര്യത്തെ വാഴച്ചുവട്ടില്‍ ചെന്നു വടക്കോട്ടും നോക്കിനിന്നു.
“പട്ടാളക്കാരന്‍ പോകട്ടെ ചേടിത്തീ.” മറിയ അഭിപ്രായപ്പെട്ടു. “അവന്‍ നിങ്ങളെ ചീത്തപറഞ്ഞവനല്ലേ?”
“അവനൊരനാവശ്യോം പറഞ്ഞില്ല. ആ കെളവിയാ ചീത്തപറഞ്ഞത്…. കറിയായും കൊള്ളരുതാത്ത വാക്കുകള്‍ പറഞ്ഞു… എന്നാലും കറിയാ മതിയെന്നുതന്നെയാ എന്റെയും വിചാരം…. പക്ഷേ, അതിയാന്‍?”
“തോമ്മാച്ചേട്ടനെ ഈ എഴുത്തിലെ കാര്യം അറിയിക്കണ്ടാന്നു വച്ചാലോ?”
“അങ്ങേ വീട്ടിലേക്കും എഴുതീട്ടൊണ്ടന്നല്ലേ അവന്റെ എഴുത്തില്‍ പറേന്നത്? അവരു പറയാതിരിക്കുമോ… ഇവിടെ എഴുത്ത് ഒളിച്ചെന്നെങ്ങാന്‍ അതിയാന്‍ അറിഞ്ഞാല്‍ എല്ലാത്തിനേം പിടിച്ചു കൊന്നുകളേം.”
“അതൊള്ളതാ… എന്നാ തോമ്മാച്ചേട്ടന്‍ വരട്ടെ…. അങ്ങേരു തീരുമാനിക്കട്ടെ…. നമ്മളു പെണ്ണുങ്ങള്‍തമ്മില്‍ പറഞ്ഞതുകൊണ്ടു എന്തു കൃതം? അല്ല നോക്കണേ…. ഭാഗ്യം വന്നപ്പം നാലുവശത്തുംകൂടെയാ.”
ഏതായാലും തറതിക്ക് ഒരു കാര്യം തീര്‍ച്ചയായി; തന്റെ മകളുടെ കഴുത്തില്‍ ഉടനേതന്നെ ചരടുവീഴുമെന്ന്. അക്കാര്യത്തില്‍ ഇനി സംശയമില്ല. എത്രയെത്രയോനാള്‍ കൊതിച്ചിരുന്ന ആ ഭാഗ്യത്തിന്റെ ദിവസം അടുത്തു വരുന്നതുപോലെ അവര്‍ക്കുതോന്നി.
വടക്കേ വഴിയിലേക്കുതന്നെ കണ്ണുംനട്ടു നോക്കിക്കൊണ്ടു നില്‍ക്കുന്ന മേരിയുടെ ചിന്തകള്‍ വളരെ വിഭിന്നങ്ങളും നിഗൂഢങ്ങളും ആയ മേഖലയിലേക്കു സഞ്ചരിച്ചു. അവളുടെ ദേഹത്തു പിശാചുക്കളില്ല. പക്ഷേ, രണ്ടു പിശാചുക്കള്‍…. യൂക്കാലിപ്‌സ് കച്ചവടക്കാരനായ കറിയായും പട്ടാളക്കാരനായ മാത്തുക്കുട്ടിയും തെക്കുനിന്നും വടക്കുനിന്നും രാക്ഷസന്മാരെക്കൂട്ടു വായ്പിളര്‍ന്ന് അവളെ വിഴുങ്ങാന്‍ പാഞ്ഞടുക്കുന്നു! അടുത്തടുത്തു വരുന്നു! അടുത്തെത്താറായി…. ദേവാലയത്തില്‍ ദൈവത്തിന്റെയും പുരോഹിതന്റെയും മുമ്പാകെവച്ച് അവരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കാന്‍ സമ്മതമാണെന്ന് അവള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു…. എങ്കിലും ജോയിയെ അല്ലാതെ മറ്റൊരു പുരുഷനെപ്പറ്റി ഇനി ജീവിതത്തില്‍ അവള്‍ക്കു ചിന്തിക്കുക സാദ്ധ്യമല്ല… പക്ഷേ, അദ്ദേഹം അകന്നകന്നുപോകുന്നുവല്ലോ… കറിയായോടോ മാത്തുക്കുട്ടിയോടോ അവള്‍ക്കു യാതൊരു വിരോധവുമില്ല….അവരോടെന്തിനു വിരോധിക്കുന്നു? അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല….
ജോയിയെക്കണ്ട് ഉടനെ വിവരം അറിയിക്കണം. വലിയവീട്ടില്‍ പോയിട്ട് ആഴ്ചകളായി. കറിയാ പാല്‍പ്പൊടിയുടെ ടിന്നുകള്‍ കൊണ്ടുവന്ന് അമ്മിണിക്കു കൊടുത്തിരിക്കുന്നു. ആ പാല്‍ കുടിച്ച് അമ്മിണി കുറെക്കൂടെ നന്നായിട്ടുണ്ടുതാനും. കറിയായോട് ആ കുടുംബം വളരെ കടപ്പെട്ടിരിക്കുന്നു. എന്താണു വേണ്ടത്? ദൈവമേ ഒരു വഴികാണിച്ചുതരൂ… അവിടെനിന്നാല്‍ അങ്ങു വലിയ വീട്ടിലെ ബംഗ്ലാവു കാണാം,,, അദ്ദേഹം അവളെ അന്വേഷിച്ചു വരാത്തതെന്ത്? വന്ന് അവളുടെ കൈയ്ക്കുപിടിച്ചു കൂട്ടിക്കൊണ്ടു പോകാത്തതെന്തേ? ഒരും… വരാതിരിക്കുകയില്ല…. അവളുടെ ഹൃദയത്തിലെ നൊമ്പരം എന്തെന്നു കാല്‍ക്ഷണം അദ്ദേഹം ഒന്നറിഞ്ഞിരുന്നെങ്കില്‍…. ഒന്നറിഞ്ഞിരുന്നെങ്കില്‍…
മേരിക്ക് എഴുത്തു കൊടുത്ത തപാല്‍ക്കാരന്‍ തളന്തന്‍ അപ്പായിക്കും ഒരെഴുത്തുകൊടുത്തിട്ടാണ് പോയത്. തോമ്മാ പാറക്കുഴിയില്‍നിന്നു വന്നപ്പോള്‍ തളന്തന്‍ പീലിപ്പായിയും അക്കത്തള്ളയും അയാളുടെ വീട്ടിലേക്കു കയറിവന്നു. നേരം മൂന്നുനാഴിക ഇരുട്ടിക്കാണും.
“തെര്‍ത്ത്യാമ്മേ! അന്നത്തെ കാര്യങ്ങളൊക്കെ മറന്നേക്കൂ.” അക്കത്തള്ളതന്നെ മുഖവുരയിട്ടു. “എന്റെ അത്യാര്‍ത്തികൊണ്ടും പുത്തിമോശക്കേടുകൊണ്ടും ഏതാണ്ടൊക്കെ പറഞ്ഞുപോയി…. അത് ഈ കിളവനേം കെളവിയേം ഓര്‍ത്തു നിങ്ങളു ക്ഷമിക്കിന്‍…. കുഴീലോട്ടു കാലും നീട്ടിയിരിക്കുന്ന ഞങ്ങക്ക്….” അക്കത്തള്ള കരയുകയാണ്. “അവനല്ലാതെ ആരുമില്ല, എന്റെ തോമ്മാച്ചാ അതുകൊണ്ടു ദൈവത്തെയോര്‍ത്ത് ആ കല്യാണത്തിനു തോമ്മാ സമ്മതിക്കണം… ഞാന്‍ കാലു പിടിച്ചു പറേവാ.”
തോമ്മാ ധര്‍മ്മസങ്കടത്തിലായി. എന്താണു പറയേണ്ടത്? കറിയായ്ക്ക് അയാള്‍ വാക്കുകൊടുത്തുപോയി. ഒരിക്കലും തോമ്മാ വാക്കുലംഘനം ചെയ്തിട്ടില്ല. പക്ഷെ,….
“ഒന്നും ആലോചിക്കാനില്ല തോമ്മാച്ചാ.” ഒടുവില്‍ തളന്തന്‍ അപ്പായി പറഞ്ഞു: “ഒന്നുമില്ലേലും നമ്മളെല്ലാം തറവാട്ടുകാരാണല്ലോ.”
അതു ശരിയാണ്. മാത്തുക്കുട്ടി തറവാട്ടുകാരനാണ്. യോഗ്യനാണ്, ഒന്നാം കെട്ടുകാരനാണ്, നല്ല ശമ്പളമുള്ള അന്തസ്സുള്ള ഉദ്യോഗമുള്ളവനാണ്. അവന്റെ മനസ്സുചോദ്യമാണ് ആദ്യം നടന്നത്. തോമ്മായ്ക്കു മാത്തുക്കുട്ടിയോടാണിഷ്ടം. പക്ഷേ കറിയാ? അവനോടു കാര്യം പറയണം…. അവന്റെ സാധനങ്ങള്‍ തിര്യെ കൊടുക്കണം…. അവന്‍ ചെലവാക്കീട്ടുള്ള കാശ് എത്രയെന്നുവച്ചാല്‍ അതും കൊടുക്കണം…. അത്രയല്ലേ ഉള്ളൂ?
“തോമ്മാച്ചാ, ഇങ്ങോട്ടു നോക്കൂ.” അക്കത്തള്ള പറഞ്ഞു: “ഇതിയാന്റെ കൈയില്‍ പത്തു രണ്ടായിരം രൂപാ ഇരുപ്പൊണ്ട്. എല്ലാം ചെറുക്കന്‍ അയച്ചുതന്നതാ…. തോമ്മായ്ക്കുവേണേല്‍ രൂപാ എത്രവേണേലും ഞാന്‍ തരാമല്ലോ…. കര്‍ത്താവേ! ഞങ്ങക്കു രൂപായും വേണ്ട, സൊത്തും വേണ്ട…. ഞങ്ങടെ ചെറുക്കനെ ഇങ്ങു കിട്ടിയാ മതി…. ഇക്കല്യാണം നടത്തീല്ലെങ്കില്‍ അവനിനി തിരിച്ചുവരികേലാണ്…. അവന്‍ തിരിച്ചു വന്നില്ലെങ്കില്‍പ്പിന്നെ ഞങ്ങക്ക് ആരുണ്ടു തോമ്മാച്ചാ…. തെര്‍ത്ത്യാമ്മേ….”
“അമ്മാമ്മ വിഷമിക്കേണ്ട പൊയ്‌ക്കോ.” ഒടുവില്‍ തോമ്മ പറഞ്ഞു. “ഇപ്പോള്‍ പടുപിടീന്നാന്നും പറയാന്‍ വയ്യ…. പിന്നെപ്പറയാം… ഞാനൊന്നാലോചിക്കട്ടെ.”
“ആലോചിക്കാനൊന്നുമില്ല തോമ്മാ…. അത് അങ്ങനെതന്നെ നടക്കട്ടെ.” അപ്പായി വടിയുംകുത്തി എഴുന്നേറ്റിട്ടു പറഞ്ഞു: “അതു ദൈവനിശ്ചയമാ, അല്ലെങ്കില്‍ എന്റെ മോന് അങ്ങനെ തോന്നുകേലായിരുന്നു…”
“ഉം.” തോമ്മാ മൂളി.
മിക്കവാറും സമ്മതിച്ചു എന്ന വിശ്വാസത്തോടെയാണു കിഴവനും കിഴവിയും പോയത്.
അവര്‍ പോയിക്കഴിഞ്ഞ് മറിയയും തറതിയും തോമ്മായുംകൂടി തലകൊടുത്താലോചിച്ചു. തോമ്മായുടെ ആഗ്രഹം മാത്തുക്കുട്ടിയെക്കൊണ്ടുതന്നെ മേരിയെ കെട്ടിക്കണമെന്നാണ്. തറതിയുടെയും മറിയയുടെയും ന്യായവാദങ്ങളെ എല്ലാം അയാള്‍ തട്ടിക്കളഞ്ഞു. പൂത്തേടത്തു കുടുംബത്തിലെ പെണ്ണുങ്ങളെ ആരെയും രണ്ടാംകെട്ടുകാരനെക്കൊണ്ടു കെട്ടിച്ചിട്ടില്ല എന്നതാണ് അയാളുടെ യുക്തിവാദത്തിന്റെ തുറുപ്പുചീട്ട്. പിന്നെന്തിനു കറിയായുമായുള്ള വിവാഹത്തിനു സമ്മതിച്ചു? ഗത്യന്തരമില്ലാതെവന്നു സമ്മതിച്ചെന്നേയുള്ളൂ. മനസ്സിലാമനസ്സോടെ. കറിയായോട് എന്തു പറയും? സംഗതികള്‍ ഇങ്ങനെയാണെന്നങ്ങു തെളിച്ചു പറയണം. അവനെന്താ വെടിവയ്ക്കുമോ ഒന്നുമില്ലല്ലോ…. ഒരു പക്ഷേ, അവസാന നിമിഷത്തില്‍ മാത്തുക്കുട്ടി എന്തെങ്കിലും എടങ്ങേടുണ്ടാക്കിയെങ്കില്‍? അങ്ങനെ സംഭവിക്കുകയില്ല. അഥവാ സംഭവിച്ചാല്‍ എന്തുചെയ്യും? പണ്ടത്തേതിന്റെ പിന്നത്തേതാവുകയില്ലേ? അതുകൊണ്ട് ഉടനെ അറിയിക്കണ്ട കറിയായെ… മാത്തുക്കുട്ടി വന്നു കഴിഞ്ഞിട്ടു പറഞ്ഞാല്‍ മതി…. അതുവരെ എന്തെങ്കിലും ഒഴുവുകഴിവു പറഞ്ഞു കല്യാണം നീട്ടിവയ്ക്കണം. പക്ഷേ, കറിയാ സമ്മതിക്കുമോ? കറിയായോട് എന്തു ന്യായം പറയും? പെണ്ണിനു നല്ല സുഖമില്ല… സുഖക്കേടു ഭേദമാകട്ടെ എന്നു പറയണം… പെണ്ണിനു വാസതവത്തില്‍ സുഖക്കേടുണ്ടുതാനും.
“എന്നിട്ടിപ്പോള്‍ പെണ്ണിന്റെ സുഖക്കേടൊക്കെ പോയോ?” തോമ്മാ ചോദിച്ചു.
“പോയിട്ടില്ല.” തറതി പറഞ്ഞു. “ഇവിടെ വന്നതിനുശേഷവും പെണ്ണ് ശര്‍ത്തിച്ചു. പിശാചിന്റെ ഉപദ്രവമാണെന്ന് എങ്ങനെയാ മനുഷേന്റെ വെട്ടത്തു പറേന്നത്?”
“അതൊള്ളതാ തെര്‍ത്ത്യാമ്മ പറഞ്ഞത്.” മറിയയ്ക്ക് അപ്പോഴാണു ബോധം ഉണ്ടായത്. “പെണ്ണിനു പിശാചുബാധയുണ്ടെന്നറിഞ്ഞാല്‍ ഈ കറിയായും കെട്ടുകേലാ. പട്ടാളക്കാരനും കെട്ടുകേലാ. ദൈവം സഹായിച്ച് ആരും അറിഞ്ഞിട്ടില്ല.”
“മേരീ… മോളെ!” തോമ്മാ വിളിച്ചു.
“എന്തോ!” മേരി മറയത്തുനിന്നു വിളികേട്ടു. അന്നത്തെ ആ സംഭവത്തിനുശേഷം മഴയും കാറ്റും ഇടിയും ഉണ്ടായ ആ പകലിനുശേഷം മേരി അവളുടെ അപ്പന്റെ മുമ്പില്‍ നിന്നിട്ടില്ല. ലോകത്തില്‍ ആരെയും അവള്‍ ഭയപ്പെടുന്നില്ല. അവളുടെ അപ്പനെ മാത്രം. മറ്റാരെയും അവളിത്രകണ്ടു സ്‌നേഹിക്കുന്നുമില്ല. അപ്പന്‍ പറഞ്ഞിട്ടുള്ളത് ഇതേവരെ അവള്‍ അനുസരിക്കാതിരുന്നിട്ടില്ല. ഈ കല്യാണക്കാര്യത്തിലും അപ്പന്‍ പറയുന്നത് എതിരുപറയാന്‍ അവള്‍ക്കു സാധിക്കുകയില്ല.
“ നീ ഒരു കാര്യം ചെയ്യ്.” തോമ്മാ പറഞ്ഞു: “ആശുപത്രിയില്‍ചെന്നു വല്ല മരുന്നും വാങ്ങിച്ചുകുടിക്ക്, കേട്ടോ…. തകിടും മന്ത്രോം പിശാചും മണ്ണാങ്കട്ടേം എനിക്കതിലൊന്നും വിശ്വാസമില്ല മറിയേ…. മൂന്നുനേരം വല്ല മരുന്നു കഴിക്കുമ്പം സുഖക്കേടു മാറിക്കൊള്ളും.”
“പിശാചും മന്ത്രോം ഒന്നും ഇല്ലെന്നു തോമ്മാച്ചന്‍ പറേരുത്.” അക്കാര്യത്തില്‍ വിശ്വാസിയായ മറിയ വാദിച്ചു: “പിന്നെന്താന്നുവച്ചാല്‍ എല്ലാം ദൈവം കഴിഞ്ഞേയൊള്ളൂ.”
“ആശുപത്രിയില്‍ രൂപാ കൊടുക്കാനൊണ്ടപ്പാ.” മേരി പറഞ്ഞു: അതുകൊടുക്കാതെ എനിക്കുവയ്യ അങ്ങോട്ടു കേറിച്ചെല്ലാന്‍.”
“സര്‍ക്കാരാശുപത്രിയുണ്ടല്ലോ…. ഒരു കാശും കൊടുക്കണ്ട.” മറിയ പറഞ്ഞു.
“എന്നാ അറിയാനാടീ. വായില്‍ നാക്കല്ലേ കെടക്കുന്നത്.”
“ എന്നാലും എനിക്കുവയ്യ തനിച്ചു പോകാന്‍.”
“മറിയാമ്മ ഇത്രേം ഓകാരമൊക്കെ ചെയ്തല്ലോ…. എന്റമ്മച്ചികൂടെ നാളെ അവടെകൂടൊന്നു പോയിന്‍. എനിക്കു തീരെ വയ്യാഞ്ഞാ… എന്റെ ദെണ്ണോം ദീനോം ആരോടു പറയാനാ…. നെഞ്ചത്തിനാണെങ്കില്‍ ഇരുന്നു ചുളുചുളുക്കുന്നു….” തറതി നെഞ്ചുതിരുമ്മി.
“എന്നാ നീ കൂടെപ്പോടീ ആശുപത്രീല്‍.” എന്നായി തോമ്മാ…
“ഓ, അതിനുതക്ക സുഖക്കേടൊന്നുമില്ല…. കേട്ടോ മറിയാമ്മേ…. വഴിക്കുവച്ച് കറിയായെക്കാണുകാണേല്‍ മേരിക്കു സുഖക്കേടാ… കല്യാണത്തീയതി ഒന്നു മാറ്റിവയ്ക്കണമെന്നു പറഞ്ഞേക്കണം….”
“കണ്ടെങ്കില്‍ പറയാം ചേടിത്തീ… ഏതായാലും നാളെയാട്ടെ.”
കറിയായുടെ പുത്തന്‍ വീടിരിക്കുന്ന സ്ഥലം തോമ്മാ പറഞ്ഞുകൊടുത്തു. മറിയ യാത്രപറഞ്ഞു പിരിഞ്ഞു.
“പാവം പെണ്ണുമ്പിള്ള. നമുക്കുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നു.” മറിയ പോയിക്കഴിഞ്ഞ് തറതി പറഞ്ഞു. സുന്ദരിയായ മറിയയിലേക്കു താന്തോന്നിയായ കുട്ടിയെപ്പോലെ തോമ്മായുടെ മനസ്സു സഞ്ചരിച്ചു. എങ്കിലും അതിനെ അവന്‍ നിയന്ത്രിച്ചു കീഴടക്കി.
പിറ്റേന്നു പത്തുമണിക്കാണു മറിയ വന്നത്. മേരി സാരിയും മാലയും അണിഞ്ഞ് ഉടുത്തൊരുങ്ങി നില്‍ക്കുകയായിരുന്നു. പന്ത്രണ്ടൗന്‍സ് കൊള്ളുന്ന ഒരു കുപ്പിയും മറിയ കരുതീട്ടുണ്ട്.
“കാശൊണ്ടോ ചേടത്തീ?” മേരി ചോദിച്ചു.
“ഒണ്ടെടീ, വാ.” മറിയ ധൈര്യമായിപ്പറഞ്ഞു.
മൂന്നുനാലുമൈലകലെ ഒരു ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയുണ്ട്. അവിടത്തെ ഡോക്ടറെപ്പറ്റി നല്ല അഭിപ്രായമില്ല ജനങ്ങള്‍ക്ക്. വലിയ ഗവണ്‍മെന്റാശുപത്രി പത്തു പന്ത്രണ്ടുമൈലകലെയാണ്. അവിടെ ബഹുമിടുക്കിയായ ഒരു പെണ്‍ഡോക്ടര്‍ വന്നിട്ടുണ്ടത്രേ!
അവര്‍ ബസ്സു കറി. മറിയയ്ക്കു മറ്റൊരുദ്ദേശ്യംകൂടെ ഉണ്ടായിരുന്നു. കറിയാ പുതിയ പുരവയ്ക്കുന്നെന്നു കേട്ടു. അതൊന്നു കാണാം. കല്യാണത്തീയതീം ഒന്നു മാറ്റിവയ്ക്കണമെന്നു സൂത്രത്തില്‍ പറഞ്ഞ് അവനെക്കൊണ്ടു സമ്മതിപ്പിക്കാം. മേരി അറിയണ്ട.
മിടുക്കിയാണ് ആ പെമ്പ്രന്നോര്. ഏകദേശം ഒരു ലക്ഷ്യംവച്ചുംകൊണ്ട് അവര്‍ ഇറങ്ങി. മേരി കേള്‍ക്കാതെ അവര്‍ ഒന്നുരണ്ടുപേരോടു തിരക്കി. കറിയായുടെ പുതിയ കെട്ടിടം എവിടെന്നു മനസ്സിലാക്കി. മേരിയെ അവര്‍ ആ വീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു.
“ഇതാണോ ചേടിത്തീ ആശുപത്രീ?” മേരിക്കു സംശയമായി.
“ഇതും ഒരാശുപത്രിയാ… എടീ പെണ്ണേ ഇതു നമ്മുടെ കറിയാച്ചന്‍ പണിയുന്ന പുതിയ കെട്ടിടം. വാ നമുക്കൊന്നു കണ്ടേച്ചുവരാം.”
“ഓ, ഞാന്‍ വരുന്നില്ല…. ചേടിത്തി വേണമെങ്കില്‍ കേറി കണ്ടേച്ചു വാ… ഞാനിവിടെ നിന്നോളാം.”
“ഓ, നീ വാടീ…” മറിയ അവളുടെ കൈയ്ക്കു പിടിച്ചു നിര്‍ബന്ധിച്ചു; മേരിയും കൂടെപ്പോയി.
നല്ല ഓടിട്ട കെട്ടിടം. ഒരു കൊച്ചു കെട്ടിടം. ഒരു വരാന്ത, മൂന്നു നാലു മുറികള്‍ അഞ്ചാറുപേരു ധൃതിയില്‍ പണിയുന്നു…. ദൈവഗത്യാ കറിയാ അവിടെ ഉണ്ടായിരുന്നു മേരിയെയും മറിയച്ചേടിത്തിയെയും കണ്ടപ്പോള്‍ അവന്‍ കുറെനേരം സ്തംഭിച്ചുനിന്നുപോയി.
“ഞങ്ങളു വീടു കാണാന്‍ വന്നാതാ കറിയാച്ചാ.” മറിയ ചിരിച്ചും കൊണ്ടു പറഞ്ഞു.
“വരണം… വരണം…. സിമന്റ് കിട്ടാന്‍ താമസിച്ചതുകൊണ്ട് സമയത്തിനു പണി തീര്‍ക്കാന്‍ പറ്റീല്ല…. കല്യാണദിവസം ഇങ്ങടുത്തു….. ഒരു മാസംകൂടെ കഴിയാതെ പണി പൂര്‍ത്തിയാകുമെന്നു തോന്നുന്നില്ല…. ഞാനങ്ങനെ വിഷമിക്കുകയാണ്…..”
“നമുക്കൊരുകാര്യം ചെയ്യാം കറിയാച്ചാ.” മറിയ ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. “വേകുവോളം ഇരിക്കാമെങ്കില്‍ പിന്നെ ആറുവോളം ഇരുന്നാലെന്താ. ഒരു മാസംകൂടെ കഴിഞ്ഞിട്ടു കല്യാണം നടന്നാല്‍ മതീന്നു വയ്ക്കണം.”
“എങ്കില്‍ വല്യ ഉപകാരമായിരുന്നു…. പക്ഷേ, തോമ്മാച്ചേട്ടന്‍ അതിനു സമ്മതിക്കുമോന്നറിഞ്ഞില്ല… സത്യം പറഞ്ഞാല്‍ എനിക്കങ്ങരെ പേടിയാ…. എന്നാല്‍ തങ്കപ്പെട്ട മനുഷ്യനാണുതാനും…”
“കറിയാച്ചന്‍ പേടിക്കേണ്ട… ഞാന്‍ തോമ്മാച്ചേട്ടനോടു പരഞ്ഞു സമ്മതിപ്പിച്ചുകൊള്ളാം…. ഞാനേറ്റെന്ന്.”
കറിയാ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. ഞാനുംകൂടെവന്നു പറഞ്ഞോളാം…. ഈ പണിനിമിത്തം ഇവിടെനിന്നു മരുങ്ങുതിരിയാന്‍ നേരമില്ല… മേരിയമ്മേ…. എന്താ ഒന്നും മിണ്ടാത്തത്? അവന്റെ വിശക്കുന്ന കണ്ണുകള്‍ അവളുടെ സൗന്ദര്യമാധുര്യത്തെ നുണയുകയായിരുന്നു.
“ഞാനെന്തു മിണ്ടാനാ ചേട്ടാ?” മേരി പറഞ്ഞു.
“ആട്ടെ മേരിമ്മയ്ക്കു വീട് ഇഷ്ടമായോ?”
“ഇഷ്ടമായി.”
“ഇനി ഇതിന്റെ ഫര്‍ണീച്ചറും അലങ്കാരപ്പണികളുംമൊക്കെ മേരിമ്മ കൂടെ വന്നിട്ട് അഭിപ്രായം അറിഞ്ഞിട്ടേ ഞാന്‍ ചെയ്യുകയുള്ളൂ.” മേരിയെ ഏറുകണ്ണിട്ട് ഒന്നു നോക്കി പുഞ്ചിരിച്ചുകൊണ്ടു കറിയാ പറഞ്ഞു. മേരി മുഖം തിരിച്ചുകളഞ്ഞു.
“ചേടിത്തീ?” മേരി ധൃതികൂട്ടി.
“ഉള്ള സ്ഥലത്തൊക്കെ ഇരിക്ക്.” കറിയായും ധൃതിക്കൂട്ടി. ആ പ്രിയപ്പെട്ട അതിഥികളെ, തന്റെ ജീവിതത്തിന്റെ പങ്കുകാരിയാകേണ്ടുന്ന ആ മനോഹരിയെ സത്കരിക്കേണ്ടത് എങ്ങനെയെന്നറിയാതെ പാവം കറിയാ കുഴഞ്ഞു. “ചായയോ കാപ്പിയോ കൂള്‍ഡ്രിങ്ക്‌സോ എന്താ വേണ്ടതു ചേടത്തീ? വരുത്താം.”
“ഞങ്ങളാശുപത്രീലൊന്നു പോയേച്ചു വരാം കറിയാച്ചാ.” മറിയ പറഞ്ഞു.
“എന്താ, ആര്‍ക്കാ സുഖക്കേട്?”
“മേരിക്കൊരു വയറുവേദന... സാരമില്ല…. ഇവിടെവരെവന്നപ്പം. ആശുപത്രിയില്‍ക്കൂടെ ഒന്നു കേറിക്കളയാമെന്നു വിചാരിച്ചു എന്നേയുള്ളൂ. മിടുക്കിയായ ഒരു പെണ്‍ഡോക്ടര്‍ വന്നിട്ടുണ്ടെന്നു കേട്ടു.”
“ഉള്ളതാ. ഡോക്ടര്‍ മീനാക്ഷിയമ്മ…. ചേടിത്തീ. എന്നാല്‍ ഞാന്‍കൂടെ വരണോ ആശുപത്രിവരെ?”
“ഓ, വേണ്ട ചേട്ടാ… ഞങ്ങളു പോയേച്ചു പിടീന്നുവരാം…” മേരി പറഞ്ഞു.
“എന്നാല്‍ അങ്ങനെയാട്ടെ…. ഞാന്‍ കാത്തിരിക്കും. ഊണു രണ്ടുപേര്‍ക്കും ഇവിടെ എടപാടുചെയ്യാം.”
“എവിടുന്ന്?” മറിയ ചോദിച്ചു.
“ഹോട്ടലീന്ന്….നല് കുത്തരിയുടെ ചോറും മീനും ഇറച്ചിയും….”
“വാ, ചേടിത്തീ… നേരം പോണു.” മേരി ഇറങ്ങിക്കഴിഞ്ഞു.
ആശുപത്രിയില്‍ച്ചെന്നു പേരെഴുതിച്ചുകഴിഞ്ഞ് അവര്‍ക്ക് അധികനേരം വരാന്തയില്‍ കാത്തുനില്‍ക്കേണ്ടിവന്നില്ല.
ഒടുവില്‍ നേഴ്‌സ് വന്ന് പേരുവിളിച്ചു: “പി.റ്റി. മേരിക്കുട്ടി, പത്തൊമ്പതുവയസ്സ്.”
“മേരിമ്മേ, ചെല്ല്, സുഖക്കേടിന്റെ വിവരമെല്ലാം പറയണം കേട്ടോ.” മറിയ ഉപദേശിച്ചു. ഔണ്‍സുകുപ്പിയും അവര്‍ അവളുടെ കൈയില്‍ കൊടുത്തു.
നേഴ്‌സു വന്നു മേരിയെ കൂട്ടിക്കൊണ്ടുപോയി.
അവള്‍ ഒരു ചെറിയ മുറിയില്‍ പ്രവേശിച്ചു. മദ്ധ്യവയസ്‌കയും സൗമ്യയുമായ ഒരു ലേഡിഡോക്ടര്‍ മീനാക്ഷിയമ്മ അവിടെ ഇരിപ്പുണ്ടായിരുന്നു.
നേഴ്‌സ് കതകടച്ചു.