Image

മുന്‍മൊഴിയ്‌ക്കൊരു പിന്‍മൊഴി (അഷ്‌ടമൂര്‍ത്തി)

Published on 26 May, 2014
മുന്‍മൊഴിയ്‌ക്കൊരു പിന്‍മൊഴി (അഷ്‌ടമൂര്‍ത്തി)
മൊബൈലില്‍ രവീന്ദ്രനാഥന്‍ നായരുടെ പേരു തെളിഞ്ഞപ്പോള്‍ രണ്ടു നിമിഷം ശങ്കിച്ചു: എടുക്കണോ, വേണ്ടേ? പിന്നെ രണ്ടും കല്‍പ്പിച്ച്‌ എടുക്കാനുള്ള ബട്ടണ്‍ ഞെക്കി. രണ്ടു ദിവസത്തിനുള്ളില്‍ കാണാന്‍ വരുന്നുണ്ടെന്നും വിളിച്ചത്‌ ആപ്പീസില്‍ ഉണ്ടാവുമോ എന്നുറപ്പിയ്‌ക്കാനാണെന്നും അറിയിച്ചു. ഒരു യാത്രയുണ്ടെന്നും കുറേ പണികള്‍ തീര്‍ക്കാനുണ്ടെന്നും തിരിച്ചറിയിച്ചു. അപ്പോള്‍ തനിയ്‌ക്ക്‌ രണ്ടു മിനിട്ടു മതി എന്ന്‌ രവീന്ദ്രനാഥന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

രവീന്ദ്രനാഥന്‍ നായര്‍ ഇതാദ്യമായല്ല ആപ്പീസില്‍ വരുന്നത്‌. ഫോണില്‍ സമയം തീരുമാനിച്ച്‌ കൃത്യസമയത്തു തന്നെ എത്തുക എന്ന മര്യാദ പാലിച്ചു തന്നെയായിരുന്നുവരവെല്ലാം. വളരെ അടുത്താണ്‌ അദ്ദേഹം ഇരിയ്‌ക്കുക. മുഖം നമ്മുടെ മുഖത്തോട്‌ മുട്ടാതിരിയ്‌ക്കാന്‍ നമ്മള്‍ ശ്രദ്ധിയ്‌ക്കണം. കുറച്ച്‌ ഉന്തിയ പല്ലായതുകൊണ്ട്‌ അതിനുള്ള സാധ്യത ധാരാളമുണ്ട്‌. ആദ്യത്തെ തവണ വന്നത്‌ ഒരു കയ്യെഴുത്തുപ്രതിയുമായാണ്‌. ഭാര്യയുടെ അച്ഛന്‍ ധാരാളം കവിതയെഴുതിവെച്ചിട്ടുണ്ട്‌. ഇതുവരെ പുസ്‌തകരൂപത്തില്‍ ആയി ട്ടില്ല. അറുപതാം പിറന്നാളാണ്‌ വരുന്നത്‌. അന്ന്‌ മക്കളൊക്കെക്കൂടി ഒരുപഹാരം കൊടുക്കുന്നു. മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ കവിതാസമാഹാരം. കവിതകളൊക്കെ അദ്ദേഹമറിയാതെ തപ്പിയെടുത്തിട്ടുണ്ട്‌. ഇനി വേണ്ടത്‌ ഒരവതാരികയാണ്‌. അദ്ദേഹം കയ്യെഴുത്തു പ്രതി എന്റെ നേരെ നീട്ടി. വാങ്ങാന്‍ മടിച്ചപ്പോള്‍ മറ്റൊരു ചോയ്‌സ്‌ അവതരിപ്പിച്ചു. അറുപതാം പിറന്നാളിനു വന്ന്‌ സദ്യയുണ്ടതിനു ശേഷം അദ്ദേഹത്തിന്റെ കവിതകളേക്കുറിച്ച്‌ സംസാരിച്ചാലും മതി. ഉണ്ട ചോറിന്‌ നമ്പി എന്നൊന്നുണ്ടല്ലോ. ഭേദം വല്ലതും എഴുതിക്കൊടുക്കുകയാണെന്നു തോന്നി. രവീന്ദ്രനാഥന്‍ നായര്‍ സ്ഥലം വിട്ടതിനു ശേഷമാണ്‌ പുസ്‌തകം തുറന്നു നോക്കിയത്‌. ഞാന്‍ വിയര്‍ത്തു. നാലാം ക്ലാസ്സില്‍ പഠിയ്‌ക്കുന്ന കുട്ടികള്‍ കൂടി ഇതിലും നല്ല കവിതകളെഴുതും. രവീന്ദ്രനാഥന്‍ നായരെ വിളിച്ച്‌ അവതാരികയെഴു താന്‍ ബുദ്ധിമുട്ടുണ്ട്‌ എന്നറിയിച്ചു. കവിതകളുടെ നിലവാരത്തേപ്പറ്റി അദ്ദേഹത്തിനും നല്ല ബോധ്യമുണ്ട്‌. വീണ്ടും വന്ന്‌ മാറ്റര്‍ തിരിച്ചുകൊണ്ടുപൊയ്‌ക്കോളാം എന്ന്‌ സമ്മതിച്ചു. പക്ഷേ മാറ്റര്‍ തിരിച്ചുകൊണ്ടുപോവാന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. `ബുദ്ധിമുട്ടില്ലെങ്കില്‍ എന്തെങ്കിലും രണ്ടു വരി എഴുതിത്തന്നാല്‍ സന്തോഷമാണ്‌. മക്കള്‍ അത്രയേറെ മോഹിച്ചുപോയി.' രവീമ്പ്രനാഥന്‍ നായരുടെ മുഖം കണ്ടപ്പോള്‍ വിശ്വസ്‌തനായ ഒരു മരുമകന്റെ ദുഃഖം എന്താണെന്നു മനസ്സിലായി. മാറ്റര്‍ തുറന്നുവെച്ച്‌ കണ്ണടച്ചു പിടിച്ച്‌ കഷ്ടിച്ച്‌ഒരു പേജ്‌ വരുന്ന അവതാരിക എഴുതിക്കൊടുത്തു.

ഷഷ്ടിപൂര്‍ത്തിയാഘോഷം കഴിഞ്ഞ്‌ പുസ്‌തകത്തിന്റെ പ്രതി തരാന്‍ അദ്ദേഹം വീണ്ടും വന്നു. `എനിയ്‌ക്ക്‌ രണ്ടു മണിക്കൂര്‍ വേണം,' ഞാന്‍ പുസ്‌തകം മറിച്ചു നോക്കുന്നതിനിടയില്‍ ഒരു രഹസ്യം പറയുന്നതു പോലെ രവീന്ദ്രനാഥന്‍ നായര്‍ ആവശ്യപ്പെട്ടു.`ഒഴിഞ്ഞ ഒരു മുറിയും വേണം.' എന്താണ്‌ ഭാവം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം സഞ്ചിയില്‍നിന്ന്‌ ഒരു കടലാസ്സു കെട്ട്‌ പുറത്തെടുത്തു. `ഖണ്‌ഡകാവ്യം,' അദ്ദേഹം പറഞ്ഞു. `എനിയ്‌ക്ക്‌ ഇതൊന്നു നിങ്ങളെ വായിച്ചു കേള്‍പ്പിയ്‌ക്കണം.' എല്ലാം യോഗം എന്ന്‌ സ്വയം സമാധാനിപ്പിച്ച്‌ ഒരൊഴിഞ്ഞ മുറിയിലേയ്‌ക്ക്‌ നീങ്ങി. ഓരോ വരി കഴിയുമ്പോഴും `കേമമായിട്ടില്ലേ?' എന്ന മട്ടില്‍ എന്റെ മുഖത്തു നോക്കി ചിരിച്ചും സ്വന്തം തുടയില്‍ അഭി നന്ദിസൂചകമായി അടിച്ചും കടുത്ത ഭാഗങ്ങളില്‍ വിശദമായ ടിപ്പണിയുമായി രവീന്ദ്രനാഥന്‍ നായര്‍ മുന്നേറി. മുഖത്ത്‌ ഒരു ചിരി ഫിറ്റ്‌ ചെയ്‌ത്‌ ഇരിയ്‌ക്കേണ്ടി വന്ന ആരണ്ടു മണിക്കൂര്‍ ഞാന്‍ മരിയ്‌ക്കുന്നതു വരെ മറക്കുകയില്ല. എല്ലാം കഴിഞ്ഞ്‌ രവീന്ദ്രനാഥന്‍ നായര്‍ യാത്ര പറഞ്ഞപ്പോള്‍ സന്തോഷം സഹിയ്‌ക്ക വയ്യാതെ ഞാന്‍ ചെറുതായി ഒന്നു ചൂളം വിളിച്ചു. എന്നാലും അവതാരിക എഴുതിക്കൊടുക്കാന്‍ പറഞ്ഞില്ലല്ലോ.

സ്ഥലം അവതാരികക്കാരന്‍ ആയിപ്പോയത്‌ എങ്ങനെയെന്നറിയില്ല. ഏകദേശം രണ്ടു പതിറ്റാണ്ടു മുമ്പ്‌ ഒരു നോവലിന്‌ അവതാരിക എഴുതിക്കൊണ്ടായിരുന്നു തുടക്കം. കുറേ എഴുതിയിട്ടുള്ള ആളാണ്‌ നോവലിസ്റ്റ്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ബൃഹത്തായ ഒരു നോവലെഴുതിയിട്ടുണ്ടെന്നും അവതാരിക വേണമെന്നും ആവശ്യപ്പെട്ടു വന്നപ്പോള്‍ അടക്ക വയ്യാത്ത സന്തോഷം തോന്നി. അവതാരിക എഴുതിക്കൊടുക്കാന്‍ മാത്രം ഞാനും വലിയ ഒരെഴുത്തുകാരനായല്ലോ. പുതിയ കണ്ണടയെടുത്ത്‌ മുഖത്തു വെച്ച്‌ വായിയ്‌ക്കാനിരുന്നു. വായിച്ചുതീര്‍ന്നപ്പോഴാണ്‌ ദുര്‍ഘടം മനസ്സിലായത്‌. രണ്ടു വാക്കെങ്കിലും നല്ലതു പറയാനുള്ള സ്‌കോപ്പില്ല. അവതാരികകളില്‍ ചീത്തയൊന്നും പറയരുതെന്നുള്ള നാട്ടുനടപ്പ്‌ അറിയാമായിരുന്നു. പക്ഷേ യുവത്വത്തിന്റെ ചോരത്തിളപ്പുള്ള കാലമായിരുന്നതുകൊണ്ട്‌ ചട്ടങ്ങളൊക്കെ മാറ്റിയെഴുതാന്‍ തീരുമാനിച്ചു. പുതുമയുള്ള അവതാരിക. ഖണ്‌ഡനവിമര്‍ശനം. സംതൃപ്‌തി തോന്നി. അവതാരിക വായിച്ച നോവലിസ്റ്റിന്റെ മുഖം പക്ഷേ മങ്ങുകയാണുണ്ടായത്‌. എന്നാലും അദ്ദേഹം അത്‌ പുസ്‌തകത്തില്‍ ചേര്‍ത്തു. പക്ഷേ എഴുതിക്കൊടുത്ത രൂപത്തില്‍ ആയിരുന്നില്ല. ഒറ്റ വായനയില്‍ ഭേദപ്പെട്ട നോവല്‍ എന്നു തോന്നിയ്‌ക്കുന്ന വിധത്തില്‍ രസികന്‍ ഒരവതാരിക.

അവതാരികകളില്‍ വിപ്ലവം നടക്കില്ല എന്ന്‌ ബോധ്യമായതോടെ ഇനി അവതാരികയെഴുത്ത്‌ ഇല്ല എന്ന്‌ ശപഥം ചെയ്‌തു. പക്ഷേ വേണ്ട സമയത്ത്‌ ഇല്ല എന്നും വയ്യഎന്നുമുള്ള രണ്ടു വാക്കുകള്‍ നാക്കിന്‍ തുമ്പത്ത്‌ വരാത്ത ശാപം അന്നേ കിട്ടിയിരുന്നു.ഒരു പത്രാധിപരുടെ പുസ്‌തകത്തിനാണ്‌ പിന്നീട്‌ എഴുതേണ്ടി വന്നത്‌. അദ്ദേഹത്തിന്റെകൊച്ചുമാസികയില്‍ എന്റെ രണ്ടു രചനകള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ പത്രാധിപസമിതിയില്‍കലാപം ഉണ്ടാക്കിയ ആളാണ്‌. അപ്പോള്‍ ഇതൊരു മധുരപ്രതികാരമാവുമല്ലോഎന്നു വിചാരിച്ച്‌ സുദീര്‍ഘമായ ഒരെണ്ണം എഴുതി. മുഴുസ്‌തുതി. ആ കഥാകാരന്‍ രണ്ടാമതൊരുപുസ്‌തകം പ്രസിദ്ധീകരിച്ചതായി കേട്ടിട്ടില്ല. പക്ഷേ അതോടെ ഭേദപ്പെട്ട അവതാരികയെഴുത്തുകാരന്‍ എന്ന പേര്‌ സിദ്ധിച്ചു എന്നു തോന്നുന്നു. അതാണ്‌ രവീന്ദ്രന്‍ നായരേ പ്പോലുള്ളവര്‍ ഇപ്പോള്‍ സമീപിയ്‌ക്കാനുള്ള കാരണം.

ആദ്യമാദ്യം `ഞാന്‍ ഒരു സാധനം എഴുതിയിട്ടുണ്ട്‌, വായിച്ചു നോക്കി എന്തെങ്കിലുംനാലു വാക്ക്‌ എഴുതിത്തന്നാല്‍ സന്തോഷമാണ്‌' എന്നൊക്കെ ആവശ്യപ്പെടുന്നതായിരുന്നുപതിവ്‌. എഴുതിക്കൊടുത്താല്‍ വായിച്ചു നോക്കുക പോലും ചെയ്യാതെ സന്തോഷത്തോടെവാങ്ങിക്കൊണ്ടു പോവും. അവതാരിക വിശേഷമായിട്ടുണ്ട്‌ എന്ന്‌ പലരും പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ്‌ സന്തോഷിപ്പിയ്‌ക്കും. പുസ്‌തകം ഇറങ്ങിയാല്‍ കോപ്പി തരും. പ്രകാശനച്ചടങ്ങിലേയ്‌ക്കു ക്ഷണിയ്‌ക്കും. ഈയിടെയായി അങ്ങനെയൊന്നുമില്ല. മാറ്റര്‍ എത്തിച്ചുതരും. കഥ, കവിത, നോവല്‍, നാടകം, പ്രബന്ധം, തിരക്കഥ - എന്തുമാവാം. എത്രദിവസം കൊണ്ട്‌ എഴുതിത്തരും എന്നു മാത്രമാണ്‌ ചോദ്യം. രണ്ടു ദിവസം വൈകിയാല്‍വിളിയ്‌ക്കാന്‍ തുടങ്ങും. അവതാരികയൊന്നുമില്ലാതെ `എന്തായി?' എന്ന്‌ നേരിട്ടു ചോദിച്ചാണ്‌ തുടങ്ങുക. പുസ്‌തകത്തിന്റെ അച്ചടി തീര്‍ന്ന ശേഷം അവതാരികയ്‌ക്കുള്ള മാറ്റര്‍എത്തിയ്‌ക്കുന്ന ആളുകളും ഉണ്ട്‌. അധികം വലിപ്പം വേണ്ട, രണ്ടു പേജേ വിട്ടിട്ടുള്ളു എന്ന്‌നിര്‍ദ്ദേശിയ്‌ക്കും. ഒരദ്ധ്യാപിക പുസ്‌തകപ്രകാശനത്തിനുള്ള തീയതി നിശ്ചയിച്ച്‌ ഹാളുംകൂടി ബുക്‌ ചെയ്‌ത ശേഷമാണ്‌ കഥാസമാഹാരവുമായി വന്നത്‌. അതിലെ ബുദ്ധിമുട്ട്‌ചൂണ്ടിക്കാണിച്ചപ്പോള്‍ `അയ്യോ, ഞാന്‍ തുടക്കക്കാരിയല്ലേ, എനിയ്‌ക്കിതിന്റെ രീതിയൊന്നും അറിയില്ല' എന്ന്‌ ക്ഷമാപണം. പരീക്ഷാത്തീയതി തീരുമാനിയ്‌ക്കുന്നതുപോലെയാണ്‌പുസ്‌തകപ്രകാശനവും എന്ന്‌ അവര്‍ ധരിച്ചുവത്രേ. പിന്നെ ഉറക്കമൊഴിച്ചിരുന്നു പഠിയ്‌ക്കുകയല്ലാതെ മറ്റു മാര്‍ക്ഷങ്ങളൊന്നുമില്ലല്ലോ.

മിനിക്കഥകളുടെ ഒരു സമാഹാരം കൊണ്ടുവന്നു തന്നത്‌ ഒരു ബസ്സ്‌ കണ്‌ഡക്ടര്‍.ഓരോ സ്റ്റോപ്പിലും നിര്‍ത്തുന്നതു പോലെയാണ്‌ കഥകള്‍. ഏഴു മിനിട്ടു കൊണ്ട്‌ പുസ്‌തകംവായിച്ചു തീര്‍ന്നു. അത്രയും സമയമെടുത്ത്‌ ഉടനെ ഒരു അവതാരിക എഴുതിക്കൊടുത്താല്‍ മതിയായിരുന്നു. എന്നിട്ടും രണ്ടു മാസം കയ്യില്‍ വെച്ചിരുന്നത്‌ എന്തിനാണെന്ന്‌എനിയ്‌ക്കു തന്നെ അറിയില്ല. `തീര്‍ന്നോ, തീര്‍ന്നോ' എന്ന്‌ ഇടയ്‌ക്കിടെ വിളിച്ച്‌ അന്വേഷിയ്‌ക്കുമ്പോഴെങ്കിലും എഴുതിക്കൊടുത്താല്‍ മതിയായിരുന്നു. അതുമുണ്ടായില്ല. ഒടുവില്‍പ്രകാശനത്തീയതി അറിയിച്ചുകൊണ്ട്‌ വിളിച്ചപ്പോഴാണ്‌ ഒറ്റയിരിപ്പിന്‌ എഴുതിത്തീര്‍ത്തത്‌.മിനിക്കഥകള്‍ക്ക്‌ മിനി അവതാരികയാണല്ലോ ഉചിതം എന്ന്‌ ന്യായീകരണവും കണ്ടെത്തി.കഥാകൃത്തിനെ വിളിച്ച്‌ സംഗതി തയ്യാറായിട്ടുണ്ടെന്ന്‌ അറിയിച്ചു. വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു. രാവിലെ നേരത്തെ ഇറങ്ങും, അതുകൊണ്ട്‌ പൂമുഖത്ത്‌ വെച്ചുപോവാം,സൗകര്യം പോലെ എടുത്തുകൊണ്ടു പൊയ്‌ക്കോളൂ എന്ന്‌ വിളിച്ചു പറഞ്ഞു. പൂമുഖത്തുനിന്ന്‌ അവതാരിക എടുത്ത്‌ മടങ്ങിപ്പോവുമ്പോള്‍ കഥാകൃത്തിന്റെ വിളി. `സാധനം എടുത്തു. പൂമുഖത്ത്‌ ഒരു പൊതി വെച്ചിട്ടുണ്ട്‌.' എന്താണ്‌ കാര്യമെന്നു ചോദിച്ചപ്പോള്‍ `അല്ലഇത്രയും വൈകിച്ചപ്പോള്‍ സാറിന്‌ എന്തെങ്കിലും ഉദ്ദേശ്യമുണ്ടെന്നു തോന്നി' എന്ന്‌ മറുപടി. സര്‍ക്കാര്‍ ഉദ്യോഗമല്ലാത്തതു കൊണ്ട്‌ അതൊന്നും ശീലമുണ്ടായിരുന്നില്ല. അവതാരികപിന്‍വലിയ്‌ക്കുക എന്ന പരിഷ്‌കാരവും അന്നു തുടങ്ങിയിരുന്നില്ല. അതുകൊണ്ട്‌ മിനിക്കഥാകാരനെ ഉറക്കെ ചീത്തവിളിച്ച്‌ പൊതി തിരിച്ചെടുപ്പിച്ചു. സങ്കടം തീര്‍ക്കാന്‍ മറ്റൊരവതാരികാകാരനെ ചെന്നുകണ്ടു. പക്ഷേ അദ്ദേഹം അത്‌ നിസ്സാരമായി തള്ളി. `അതൊക്കെഇപ്പോള്‍ നടപ്പാണ്‌,' ഒരു പുസ്‌തകത്തിന്‌ അവതാരിക എഴുതുന്നതിനിടയില്‍ മുഖമുയര്‍ത്തി അദ്ദേഹം പറഞ്ഞു.`കാപ്പിപ്പൊടി മുതല്‍ കാട്ടുതേന്‍ വരെ ഇത്തരത്തില്‍ പ്രതിഫലമായി എനിയ്‌ക്കു കിട്ടിയിട്ടുണ്ട്‌.'

അത്രയ്‌ക്കു പോകാന്‍ വയ്യ എന്നു തോന്നിയതുകൊണ്ട്‌ അവതാരിക പെട്ടെന്ന്‌എഴുതിക്കൊടുക്കുക, കഴിയുന്നതും നല്ലതു മാത്രം പറയുക എന്നീ നയങ്ങള്‍ പിന്‍തുടരാന്‍ഞാന്‍ തീരുമാനിച്ചു. `കളിയില്‍ പ്രാണരക്ഷയ്‌ക്കും ഗോബ്രാഹ്മണഹിതത്തിനുംവൃത്തിയ്‌ക്കും വേളിരക്ഷയ്‌ക്കും പൊളി നിമ്പിതമല്ലെടോ' എന്നതില്‍ അവതാരിക എന്നഐറ്റം കൂടി ചേര്‍ക്കാന്‍ വ്യാസന്‍ വിട്ടുകളഞ്ഞത്‌ അദ്ദേഹത്തിന്‌ അവതാരിക എഴുതേണ്ടിവരാത്തതുകൊണ്ടാണെന്ന്‌ തീര്‍ച്ച.

സ്ഥിരമായി ലേഖനങ്ങള്‍ എഴുതി അതു സ്വയം സമാഹരിച്ച്‌ പുസ്‌തകം സ്വയംകൊണ്ടുനടന്നു വില്‍ക്കുന്ന ഒരെഴുത്തുകാരുനുണ്ട്‌ തൃശ്ശൂരില്‍. സാഹിത്യ അക്കാദമിയുടെവളപ്പില്‍ സ്ഥിരമായി കണ്ടുമുട്ടും. എപ്പോള്‍ കാണുമ്പോഴും പുതിയ ഒരു ബൃഹത്‌ ഗ്രന്ഥംഉണ്ടാവും കയ്യില്‍. ഇരുന്നൂറോ മുന്നൂറോ വില വരും. `ഇത്‌ എന്റെ അരിക്കാശാണ്‌,'സഞ്ചിയില്‍ നിന്ന്‌ പുസ്‌തകം എടുത്തു നീട്ടിക്കൊണ്ട്‌ അദ്ദേഹം പറയും. അപ്പോള്‍ എന്റെകണ്ണു നിറയും. സ്വന്തം അരിക്കാശു മുടക്കിയാണെങ്കിലും സന്തോഷം നടിച്ച്‌ വാങ്ങും.പുസ്‌തകങ്ങളുടെ എണ്ണം കൂടിയപ്പോള്‍ സഞ്ചിയില്‍ കൊള്ളാതായി. സമ്മേളനവേദിയുടെസമീപത്ത്‌ ചെറിയ ഒരു ബെഞ്ച്‌ ഇട്ട്‌ പുസ്‌തകം നിരത്തി വെയ്‌ക്കാന്‍ തുടങ്ങി. മോശമല്ലാത്ത വില്‍പനയുണ്ടത്രേ. അങ്ങനെയിരിയ്‌ക്കുമ്പോള്‍ ഒരു തവണ അദ്ദേഹം തുന്നിക്കുത്തിയ ഒരു പുസ്‌തകം എന്റെ നേരെ നീട്ടി. ഇതിന്റെ പണി തീര്‍ന്നിട്ടില്ലല്ലോ എന്ന്‌ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം `പൂര്‍ണമായിട്ടില്ല, നാലു പേജ്‌ വിട്ടിട്ടുണ്ട്‌, അത്‌ താങ്കളുടെ അവതാരികയ്‌ക്കാണ്‌' എന്ന്‌ പറഞ്ഞു. ഇത്തവണ ലേഖനങ്ങളല്ല. കഥയിലാണ്‌ കൈവെച്ചിരിയ്‌ക്കു
ന്നത്‌. വായിച്ചപ്പോള്‍ മാറ്റര്‍ തരക്കേടൊന്നുമില്ല. ബുദ്ധിമുട്ടില്ലാതെ അവതാരിക എഴുതി.(അതിനിപ്പോള്‍ അല്ലെങ്കില്‍ത്തന്നെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതായിരിയ്‌ക്കുന്നു.) ഇനിപുസ്‌തകപ്രകാശനത്തിനു വിളിയ്‌ക്കുമോ എന്നുഭയപ്പെട്ടാണ്‌ അവതാരിക കൈമാറിയത്‌.അങ്ങനെയും ഒരു നാട്ടുനടപ്പുണ്ട്‌. അവതാരിക എഴുതിയ ആളേത്തന്നെ ചടങ്ങില്‍ അദ്ധ്യക്ഷനാക്കും. തടവും പിഴയും ഒന്നിച്ചനുഭവിയ്‌ക്കുന്നതുപോലെയാണത്‌. അവതാരികയില്‍നിര്‍ലോഭം വാരിച്ചൊരിഞ്ഞ പ്രശംസ വേദിയില്‍ക്കയറി നേരിട്ടു വിളമ്പണം. ഏതായാലുംപ്രസ്‌തുതസാഹിത്യകാരന്‍ അതിനൊന്നും തുനിയാത്തതു ഭാഗ്യമായി. ടൗണ്‍ ഹാളില്‍ഒരു നാടകം കാണാന്‍ ചെന്നപ്പോള്‍ ഗേറ്റിനടുത്ത്‌ ഒരു ബെഞ്ചില്‍ പുസ്‌തകം നിരത്തിവെച്ച്‌ നില്‍ക്കുന്നു. കണ്ടപ്പോള്‍ പുതിയ പുസ്‌തകം എടുത്തുതന്നു. അവതാരികയുണ്ട്‌.അരിക്കാശിന്റെ കാര്യം ഓര്‍മ്മിപ്പിയ്‌ക്കുമോ എന്ന്‌ പേടിച്ചാണ്‌ പുസ്‌തകം കയ്യില്‍ വാങ്ങിയത്‌. അങ്ങനെയാണെങ്കില്‍ സ്വന്തം അവതാരികയുള്ള പുസ്‌തകം കാശുകൊടുത്തുവാങ്ങുന്ന ലോകത്തിലെ ആദ്യത്തെ ആളായേനെ ഞാന്‍. അതേതായാലും ഉണ്ടായില്ല.`നാടകം കാണാന്‍ വരുന്നോ' എന്നു ചോദിച്ചപ്പോള്‍ `ഇല്ല, ഇതെന്റെ അരിക്കാശാണല്ലോ' എന്നു പറഞ്ഞ്‌ അദ്ദേഹം പിന്‍വാങ്ങി.

അത്‌ ഞാനെഴുതിയ ഇരുപത്തഞ്ചാമത്തെ അവതാരികയായിരുന്നു. എന്നിട്ടുംഅവതാരികയുടെ ലോകത്ത്‌ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്നത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.ഈയിടെ ഒരെഴുത്തുകാരന്‍ തന്റെ പുസ്‌തകത്തിന്റെ ഡി ടി പി പ്രതിയുമായി എന്റെഅടുത്തു വന്നു. മറിച്ചു നോക്കിയപ്പോള്‍ അതിന്‌ അവതാരികയുണ്ട്‌. പുസ്‌തകം ആശ്വാസത്തോടെ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: `എനിയ്‌ക്ക്‌ ഇതിനൊരു പിന്‍കുറി വേണം' അത്തരം ഒരു കുറിയേപ്പറ്റി വിവരമില്ലാത്തതിനാല്‍ അതെന്താണെന്ന്‌ അന്വേഷിച്ചു. കഷ്ടം, ഇതുപോലും അറിയില്ലേ എന്ന ഭാവത്തില്‍ അദ്ദേഹം പറഞ്ഞുതന്നു. `പുസ്‌തകത്തിന്‌ ഇപ്പോള്‍ത്തന്നെ മുന്‍മൊഴി എഴുതിക്കിട്ടിയിട്ടുണ്ട്‌. അതാണ്‌ താങ്കള്‍ കണ്ടത്‌.പുസ്‌തകത്തിന്റെ തുടക്കത്തില്‍ എന്റെ മുഖമൊഴിയുമുണ്ട്‌. അതും ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നുകരുതുന്നു. ഇനി വേണ്ടത്‌ പിന്‍കുറിയാണ്‌. പിന്‍മൊഴി എന്നും പറയും.' പിന്‍മൊഴിഎന്നു വെച്ചാല്‍ പിന്‍ചട്ടയില്‍ വരേണ്ട വരികളല്ലേ എന്ന്‌ അറിയാതെ ഞാന്‍ ചോദിച്ചുപോയി.`അത്‌ പുറമൊഴി അഥവാ ബ്ലര്‍ബ്ബ്‌,' പുച്ഛം പുറത്തു കാണിയ്‌ക്കാതിരിയ്‌ക്കാന്‍ പണിപ്പെട്ട്‌ അദ്ദേഹം തുടര്‍ന്നു. `പിന്‍മൊഴി എന്നു വെച്ചാല്‍ പുസ്‌തകത്തേക്കുറിച്ചുള്ള ഗൗരവതരമായ ഒരു വിലയിരുത്തലാണ്‌. പഠനം എന്നതിന്റെ മറുമൊഴി.' ഇപ്പോള്‍ ഇത്തരം മൊഴികളില്ലാതെ ഇപ്പോള്‍ ഒരു പുസ്‌തകവും ഇറങ്ങാറില്ല എന്ന്‌ അദ്ദേഹം എനിയ്‌ക്കു പറഞ്ഞുതന്നു. `മുഖമൊഴി, മുന്‍മൊഴി, പിന്‍മൊഴി, പുറമൊഴി, പറ്റുമെങ്കില്‍ ഒരു നടുമൊഴിയും.ഓരോ ലേഖനത്തിന്റേയോ കഥയുടേയോ തുടക്കത്തിലുള്ള മേല്‍മൊഴി കൂടിയായാല്‍വിശേഷമായി. ഇതാണ്‌ ഇപ്പോഴത്തെ ട്രെന്റ്‌. ഏതു പ്രസാധകരെ സമീപിച്ചാലും അവര്‍ആദ്യം ആരായുക ആരുടെയാണ്‌ മുന്‍മൊഴിയെന്നാണ്‌. മുഖചിത്രത്തില്‍ത്തന്നെ എന്തെങ്കിലും മൊഴി ആവാം എന്നും പറയുന്നുണ്ട്‌. 2014-ലെ ഏറ്റവും മികച്ച നോവല്‍ എന്നമട്ടില്‍ ഒറ്റ വാചകം. അതിന്‌ മുതല്‍മൊഴി എന്നു പറയും.'ഒരുപന്യാസത്തിന്റെ ഉപസംഹാരംപോലെ അദ്ദേഹം ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. ഇനി അവതാരിക എഴുതുമ്പോള്‍ ഇതൊക്കെ മനസ്സില്‍ കരുതണം എന്ന്‌ ഞാന്‍ ഉറപ്പിച്ചു.

പറഞ്ഞുറപ്പിച്ചതു പോലെ രവീമ്പ്രനാഥന്‍ നായര്‍ വന്നു. വന്ന ഉടനെ ഞാന്‍ അദ്ദേഹത്തിന്റെ കയ്യിലേയ്‌ക്കാണ്‌ നോക്കിയത്‌. കയ്യില്‍ സഞ്ചിയൊന്നുമില്ല. പുസ്‌തകവുമില്ല.ആശ്വാസം തോന്നി. കസേര അല്‍പം അകത്തിയിട്ട്‌ ഞാന്‍ അദ്ദേഹത്തോട്‌ ഇരിയ്‌ക്കാന്‍പറഞ്ഞു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം മുഖം അടുപ്പിച്ച്‌ രവീന്ദ്രനാഥന്‍ നായര്‍ പറഞ്ഞു:`ഞാന്‍ വന്നത്‌ അവതാരികയുടെ കാര്യം പറയാനാണ്‌. ചെറിയതൊന്നു മതി. അറുന്നൂറ്‌-അറുനൂറ്റമ്പതു വാക്ക്‌. മറ്റന്നാളത്തേയ്‌ക്കു കിട്ടുമോ?'

അന്നു വായിച്ചു കേട്ട ഖണ്‌ഡകാവ്യം വേണ്ടത്ര മനസ്സിലായിരുന്നില്ല. ഇനിഅതിനേപ്പറ്റി എഴുതണമെങ്കില്‍ വീണ്ടും വായിയ്‌ക്കേണ്ടി വരും. രവീന്ദ്രനാഥന്‍ നായര്‍അത്‌ കയ്യില്‍ വെയ്‌ക്കാന്‍ മറന്നതാവണം. `കൃതി എവിടെ,' മുഖം കഴിയുന്നത്ര അകത്തിപ്പിടിച്ച്‌ ഞാന്‍ ചോദിച്ചു.

`എഴുതിയിട്ടില്ല,' മുഖം ഒന്നുകൂടി അടുപ്പിച്ച്‌ രവീന്ദ്രനാഥന്‍ നായര്‍ പറഞ്ഞു.

`അവതാരിക തയ്യാറായിട്ട്‌ എഴുതിയാല്‍ മതി എന്നു വെച്ചു. മാറ്റര്‍ എന്താണെന്ന്‌ പിന്നീടു തീരുമാനിച്ചാല്‍ മതിയല്ലോ.'
മുന്‍മൊഴിയ്‌ക്കൊരു പിന്‍മൊഴി (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക