Image

`ഓര്‍മ്മയില്‍ ഒരു താരാട്ട്‌' (കവിത: ബിന്ദു ടിജി)

Published on 28 May, 2014
`ഓര്‍മ്മയില്‍ ഒരു താരാട്ട്‌' (കവിത: ബിന്ദു ടിജി)
മുത്തേ വാവാവോ,
എന്‍ കണ്ണേ തേന്‍ കനിയേ
പൊന്നോമല്‍ കണ്ണുകള്‍ പൂട്ടി വാവുറങ്ങ്‌
ആരും കാണാ പൂവിന്‍ തേന്‍ കണമായുറങ്ങ്‌

പൂമാനം പൂത്തു
തൂമഞ്ഞില്‍ ഭൂമി കുളിര്‍ത്തു
എന്നോമല്‍ മുത്തിനെയൂട്ടാന്‍
പൊന്‍തിങ്കള്‍ പാല്‌ കുറുക്കി
പൊന്നമ്പിളി കാച്ചിയ പാലില്‍
രാപ്പെണ്ണിന്‍ ചേല വെളുത്തു
ആ സ്‌നേഹപാല്‍മഴയില്‍
ധരയാകെ പാല്‍കടലായി.
പൂമ്പാറ്റേ നിന്‍ കയ്യില്‍
സ്‌നേഹത്തേന്‍ കണമുണ്ടോ
എന്‍ മൈനേ നിന്‍ചുണ്ടില്‍
എള്ളോളം പൊന്നുണ്ടോ
എന്നോമല്‍ കുഞ്ഞിന്‍ ചൊടിയില്‍
തെല്ലോളം ചാലിക്കാന്‍.

ഒന്നാനാം കുന്നില്‍
പൊന്നോണ പൂവിളിയായി
ഒരു വട്ടി പൂക്കളിറുക്കാന്‍
ചേലൊത്തൊരു പൈങ്കിളിയെത്തി
മോഹത്തിന്‍ ചിറകു വിടര്‍ന്നു
രാഗത്തിന്‍ ചെപ്പു മറിഞ്ഞു
താരാട്ടിന്നീണമുതിര്‍ന്നു
ഒന്നും മിണ്ടാതെന്‍ പൈങ്കിളി പോയി.
ആരോരും അറിയാതെന്നില്‍ നിറയും
നോവെല്ലാം ചുണ്ടില്‍
താരാട്ടായ്‌ വന്നീടുമോ
എന്‍ മുത്തിന്‍ ചിരിയില്‍ മറഞ്ഞീടുമോ.
സ്വപ്‌നത്തിന്‍ ചിറകുകള്‍ കൊണ്ടൊരു
പൊന്‍തൂവല്‍ മെത്തയൊരുക്കാം
സ്‌നേഹത്തിന്‍ പട്ടു പുതക്കാം
പൂങ്കവിളില്‍ മുത്തവുമേകാം
രാക്കിളി നീ മെല്ലെ പാടൂ
എന്‍ മുത്തേ മിഴികള്‍ പൂട്ടൂ
കൈ വളരാന്‍ കാല്‍ വളരാന്‍ നീ വളരാന്‍
ആരും കാണാ പൂവിന്‍ തേന്‍ കണമായുറങ്ങ്‌.
`ഓര്‍മ്മയില്‍ ഒരു താരാട്ട്‌' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക