Image

കരകാണാക്കടല്‍ -17 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 30 May, 2014
കരകാണാക്കടല്‍ -17 (നോവല്‍: മുട്ടത്തുവര്‍ക്കി)
17. തുടിക്കുന്ന ഹൃദയവും നനയാത്ത കണ്ണുകളും

ഒരമ്മയുടെ സൗമ്യതയും സ്‌നേഹസാന്ദ്രതയും ആ ഡോക്ടറുടെ മുഖത്തു മേരിക്കു കാണാന്‍ കഴിഞ്ഞു.
മേരി ഓരോന്നായി അവളുടെ രോഗവിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ചു.
ലേഡി ഡോക്ടര്‍ മൂളികേട്ടുകൊണ്ടിരുന്നു.
“വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?” ഡോക്ടര്‍ ചോദിച്ചു. മേരിക്കു ചിരിവന്നു.
“കല്യാണം കഴിഞ്ഞില്ല, ആലോചനയുണ്ട്.” അവള്‍ പറഞ്ഞു. താന്‍ വിവാഹിതയായിക്കാണാന്‍ തോമ്മായെപ്പോലെ ആ ഡോക്ടറും ആഗ്രഹിക്കുന്നുണ്ട്. അതായിരിക്കാം അവരങ്ങനെ ചോദിച്ചത്.
ഡോക്ടര്‍ അവളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. ആ ഗ്രാമീണകന്യകയുടെ നിഷ്‌കളങ്കത അവരില്‍ എന്തോ ഒരു സംശയം ഉളവാക്കിയതുപോലെ തോന്നി.
ഡോക്ടര്‍ നേഴ്‌സിനെ വിളിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം മേരി ഡ്രസ്സുകള്‍ അഴിച്ചുമാറ്റി. അവള്‍ക്കു വല്ലാത്ത നാണം തോന്നി. അവള്‍ ചുറ്റും നോക്കി. ജന്നലും കതകുകളും എല്ലാം അടച്ചിരിക്കുകയാണ്. അവളുടെ നഗനതയെ പെണ്ണുങ്ങള്‍ മാത്മേ കാണുന്നുള്ളല്ലോ. സമാധാനമായി. ആണുങ്ങളായിരുന്നെങ്കില്‍ അവള്‍ നാണംകൊണ്ടു മരിച്ചുപോയേനെ.
ഡോക്ടര്‍ അവളെ ഒരു ബഞ്ചിന്മേല്‍ കിടത്തി. എന്നിട്ടു ദേഹം പരിശോധിച്ചു.
“നീ എന്തിനാണീ തകിട് അരിയില്‍ കെട്ടിയിരിക്കുന്നത്?” ഡോക്ടര്‍ ചോദിച്ചു.
“യക്ഷിബാധയില്‍നിന്ന് രക്ഷപെടാന്‍ കണിയാന്‍ മന്ത്രം ജപിച്ചു തന്നതാ.” മേരി പറഞ്ഞു. അവള്‍ പെട്ടെന്നു ഡ്രസ്സ് ചെയ്തു.
“നിനക്കു സുഖക്കേടൊന്നുമില്ല. യക്ഷിബാധയും ഇല്ല.”
ഡോക്ടറുടെ മുഖത്തേക്ക് അവള്‍ സംശയത്തോടെ നോക്കി.
“മരുന്നൊന്നും കഴിക്കണ്ടാ, ധാരാളം വെള്ളം കുടിക്കണം, കഠിനമായ ജോലി ഒന്നും ചെയ്യരുത്.” ഡോക്ടര്‍ ഗുണദോഷിച്ചു: “കഴിയുന്നതും വേഗം കല്യാണം കഴിക്കാന്‍ നോക്കണം.”
“കല്യാണം ഏതാനും ദിവസങ്ങള്‍ക്കകം നടക്കും.”
“നിങ്ങളുടെ വീട്ടില്‍ പ്രായംചെന്ന സ്ത്രീകളാരുമില്ലേ?”
“ഒണ്ട്. അമ്മച്ചിയൊണ്ട്, വല്യമ്മച്ചിയൊണ്ട്.”
“അവരാരും പ്രസവിച്ചവരല്ലേ?”
എന്തൊരു ചോദ്യമാണിത്! മേരിക്കു ചിരിയാണുണ്ടായത്.
“എന്നാല്‍ നിന്നെ ആരോ ചതിച്ചു.” ഡോക്ടര്‍ തുടര്‍ന്നു.
“ഇല്ല ഡോക്ടര്‍, ഇല്ല എന്നെ ആരും ചതിച്ചിട്ടില്ല.”
“നീ ഗര്‍ഭിണിയാണ്.”
“ങേ?”
“വേഗം വിവാഹം കഴിക്കാന്‍ നോക്ക്.”
ഒരു വെള്ളിടി. ഹൃദയം പിളരുകയാണോ? ആകാശത്തിലെയും ഭൂമിയിലെയും അന്ധകാരങ്ങള്‍ വന്ന് അവളെ മൂടുന്നുവോ? കുതിച്ചു ചാഞ്ഞൊഴുകുന്ന കഴുക്കൂത്തും നിലയും ഇല്ലാത്ത പ്രളയനദിയിലൂടെ ഒഴുകിയൊഴുകി അവളുടെ അന്തരാത്മാവ് അഗ്നിസാഗരത്തില്‍ ചെന്നു നിപതിച്ചു പിടയുന്നുവോ? അവള്‍ ആരുമാരും കാണാതെ, അറിയാതെ, നട്ടുനനച്ച് താലോലിച്ചു വളര്‍ത്തിക്കൊണ്ടുവന്ന പ്രത്യാശയുടെ പൂച്ചെടിയില്‍ പൂത്ത ഒരായിരം മധുരപ്രതീക്ഷകളുടെ പൂക്കളത്രയും വാടിക്കരിഞ്ഞു ഞെട്ടറ്റു നിലംപതിച്ചു. വെന്തെരിഞ്ഞു ചാമ്പലാകുന്നുവോ? ഭാവിയും ഭൂതവും വര്‍ത്തമാനവും എല്ലാം ലോപിച്ചു ലോപിച്ച് ഒരു ബിന്ദുവായി, ആ ബിന്ദുവും അപ്രത്യക്ഷമാകുന്നുവോ? ഇനി എന്തെന്ന ചോദ്യചിഹ്നം സര്‍പ്പത്തെപ്പോലെ അവളെ ദംശിക്കാന്‍ അവളുടെ ജീവിതത്തിന്റെ നേരെ വളഞ്ഞുകുത്തുന്നുവോ? മരണം എന്ന മൂന്നക്ഷരം അവളെ കൈമാടി വിളിക്കുന്നുവോ? ഭൂമി പിളര്‍ന്ന് അവളെ വിഴുങ്ങാത്തതെന്ത്? കൊടുങ്കാറ്റുകളേ ഓടിവരൂ…. അപ്പനറിയുമ്പോള്‍…. ദൈവമേ! ഹോ….
ഒരു നേഴ്‌സ് വന്നു. അവളെ വാതില്‍ കടത്തിവിട്ടു.
“കടുക്കാമറിയ അവിടെ അക്ഷമം കാത്തുനില്‍ക്കുകയായിരുന്നു.
മരുന്നു കിട്ടിയോ മേരിമ്മേ?” അവര്‍ മേരിയുടെ കൈയിലിരിക്കുന്ന വെറും കുപ്പി കണ്ടിട്ടു ചോദിച്ചു.
“ഇല്ല.” ഒരു യന്ത്രംപോലെ മേരിയുടെ നാവു ശബ്ദിച്ചു. ഹൃദയത്തില്‍ കൊടുങ്കാറ്റായിരുന്നു.
“കുറിപ്പും തന്നില്ലേ?”
“ഇല്ല.”
“കൈമടക്കു കൊടുക്കാഞ്ഞിട്ടായിരിക്കും…. ഏതാവളടീ നിന്നെ നോക്കിയത്? ഞാന്‍ കാശുകൊണ്ടാടി വന്നത്.”  അകത്തിരിക്കുന്ന ഡോക്ടര്‍ കേള്‍ക്കത്തക്കവിധം മറിയ ഉറക്കെയാണു പറഞ്ഞത്. “പിന്നെന്തിനാ അവളു ഡോക്കിട്ടരാണെന്നു പറഞ്ഞു സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നത്…”
“കൂടുതല്‍ സംസാരിക്കരുത് ഇവിടെ നിന്ന്.” വാതില്‍ക്കലേക്കു തലനീട്ടിക്കൊണ്ടു നേഴ്‌സ് നിര്‍ദ്ദേശിച്ചു: അങ്ങു പുറത്തേക്കു കടന്നിട്ടു പറഞ്ഞോണം.”
“ഓ, അതിനു നിന്റെ ഓചാരം ഒന്നും വേണ്ടടീ. വാ മോളെ നമ്മക്കു പോകാം.” അവര്‍ മേരിയെക്കൂട്ടിക്കൊണ്ടു വരാന്തയുടെ പടികള്‍ ഇറങ്ങി. “കര്‍ത്താവേ! പട്ടി ചന്തയ്ക്കു പോയതായല്ലോ?... ആരെ ശകുനം കണ്ടോണ്ടാടീ നമ്മളെറങ്ങിയത്?”
“എനിക്കു സുഖക്കേടൊന്നും ഇല്ലെന്നു ഡോക്ടര്‍ പറഞ്ഞു ചേടിത്തീ.”
“എന്നു പറഞ്ഞോ? അവളു ചികിത്സിക്കാനല്ലെടീ, വേറെ ഏതാണ്ടിന് ഇരിക്ക്യാ… ഞാനൊന്നും പറേന്നില്ല.”
“ഇല്ല ചേടിത്തീ, അവര്‍ നല്ല ഒരു ഡോക്ടറാണ്. എന്നെ പരിശോധിച്ചു…. എനിക്കൊരു രോഗവുമില്ല…. എനിക്കറിയാം ചേടിത്തി എനിക്ക് സുഖക്കേടൊന്നുമില്ലെന്ന്….”
“എന്നാ താടകഗൗരീം പണ്ടാരിത്തിപാറും ഒക്കെ പറേന്നതുതന്നെയാ ശരി… ബാദയാ.”
“എനിക്കൊരു ബാധയുമില്ല….” അവള്‍ പൊട്ടിപ്പോയി. മറിയയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് മേരി ഏങ്ങിയേങ്ങിക്കരഞ്ഞു. എന്താണു കാര്യമെന്ന് ഇടഞ്ഞിടഞ്ഞു ചോദിച്ചിട്ടും മറുപടിയില്ല. നിര്‍ത്തുന്നില്ല ഏങ്ങലടി…. നിര്‍വചിക്കാനാവാത്ത ഹൃദയവേദന. അതെങ്ങനെ മറിയ അറിയും! മേരി അതെങ്ങെനെ പറയും! അവളുടെ നാവു പൂട്ടപ്പെട്ടിരിക്കുന്നു…. അവളുടെ ഉദരത്തില്‍ ഒരു ശിശു രൂപംകൊള്ളുകയാണ്. ഭാഗ്യംകെട്ട കുഞ്ഞേ! നീ അറിയുന്നുണ്ടോ നിന്റെ അമ്മയുടെ  ആത്മാവിന്റെ നൊമ്പരങ്ങള്‍ നിന്നെച്ചൊല്ലി? ദുഃഖത്തിന്റെതുള്ളികള്‍…. മിറയയുടെ തോളിനെ നനയ്ക്കുകയായിരുന്നു.
മറിയയുടെ ചിന്തകള്‍ മറ്റുവഴിക്കാണു തിരിഞ്ഞത്… മേരിയുടെ ദേഹത്തുണ്ടായിരുന്ന പിശാചുക്കളെ പട്ടക്കാരനും കണിയാനുംകൂടി പുറത്താക്കിവിട്ടു. കാശുരൂപവും ചെമ്പുതകിടുംകൊണ്ട് ആ ദുഷ്ടരൂപികള്‍ക്കെതിരായി അവര്‍ അവളുടെ ശരീരത്തില്‍ കോട്ടകള്‍ കെട്ടി…. പക്ഷേ, ആശുപത്രി…. എത്രയോ പേര്‍, വയറ്റോടെ ചത്തവര്‍…. അവരുടെ പ്രേതങ്ങളെല്ലാം അവിടെ കുടികൊള്ളുന്നുണ്ടാവും… ചോരയും നീരും, സാമാന്യത്തിലേറെ അഴകും ഉള്ള ഒരു പെങ്കൊച്ചിനെ കണ്ടാല്‍  അവറ്റകള്‍ വിടുമോ?.... മന്ത്രത്തകിടിനെയും കാശുരൂപത്തെയും മറികടന്ന് അവറ്റകള്‍ അവളുടെ ദേഹത്ത് കേറിപ്പറ്റിയതാവും….
“കര്‍ത്താവേ! ഇനി ഏതച്ചനെയാ ഏതു മന്ത്രവാദിയെയാ കാണേണ്ടത്?” മറിയ നിരാസ പ്രകടിപ്പിച്ചു.
“ആരെയും കാണണ്ടാ ചേടിത്തീ.” മേരി സാരിത്തുമ്പുകൊണ്ടു കണ്ണുനീര്‍ തുടച്ചിട്ടു പറഞ്ഞു: “എനിക്കൊന്നുമില്ല…. നമുക്കു വീട്ടില്‍പ്പോകാം.”
അവര്‍ ആശുപത്രിപ്പടി കടന്നു താറിട്ട വഴിയില്‍ എത്തി. നേരം ഉച്ചതിരിയാറായിരിക്കുന്നു. ആകാശം പ്രസന്നമായിരുന്നു.
“നെനക്കു വെശക്കുന്നില്ലേടി മേരീമ്മേ?”
“ഇല്ല നമുക്കു വീട്ടില്‍പോകാം.”
“ഏതായാലും കറിയാച്ചന്‍ ചോറും കറികളുമായി നമ്മളെ കാത്തിരിക്യാ… എനിക്കാണേല്‍ വെശക്വേം ചെയ്യുന്നു…. നമുക്കവിടെ കേറീട്ടു പോകാം… വാ.”
“വേണ്ട ചേടിത്തീ, വേണ്ട, നമുക്കു വീട്ടില്‍പോകാം… എനിക്കു വീട്ടില്‍ പോകണം….”
“ശ്യെടീ ആ ലൂക്കാലിക്കറിയാച്ചന്‍ എന്നാ വിചാരിക്കും…”
“എന്തും വിചാരിക്കട്ടെ…. നമക്കു പോകാം.”
“ഈ പെണ്ണിന് ഇതെന്നാപറ്റി?”
 മറിയയ്ക്കു ഗത്യന്തരമില്ലാതെയായി.
അവര്‍ നേരെ ബസ്റ്റാന്‍ഡിലെത്തി.
ബസ്സില്‍ പോകുന്നവഴി മറിയ ലൂക്കാലിപ്‌സ് കച്ചവടക്കാരനായ പണ്ടന്‍ കറിയായെ കണ്ടു. അവന്‍ പടിക്കല്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നു. അവന്റെ വിരുന്നു കഴിച്ചില്ലെങ്കിലും അവനോട് ഒരുവാക്കെങ്കിലും പറയേണ്ടതായിരുന്നു. പെണ്ണു സമ്മതിക്കുകയില്ലെങ്കില്‍ പിന്നെന്തുചെയ്യും? മേരി ആ ഭാഗത്തേക്കു നോക്കിയതു പോലുമില്ല… നോക്കിയാലും കാണുകയില്ലായിരുന്നു. അവളൊന്നും കാണുന്നില്ല. ബസ്സ് ഓടുന്നതുപോലും അവള്‍ അറിയുന്നില്ല… അവ കാണുന്നില്ല. ബസ്സ് ഓടുന്നതുപോലും അവള്‍ അറിയുന്നില്ല…. അവളുടെ കാവല്‍മാലാഖയെപ്പോലെ അടുത്തിരിക്കുന്ന മറിയ എന്തോ അവളോടു ചോദിച്ചു. അവളൊന്നും പറഞ്ഞില്ല. കാരണം, അവളൊന്നും കേള്‍ക്കുന്നില്ല. അത്രകണ്ട് ചിന്തകള്‍ അവളുടെ മനസ്സില്‍ പാലാഴി മഥനം നടത്തുകയായിരുന്നു…. ആ മനസ്സിന്റെ അഗാധതയില്‍ അമൃതവും കാളകൂടവും സ്ഥിതിചെയ്യുന്നുണ്ട്.
എന്താണിനി ചെയ്യേണ്ടത്? ഡോക്ടറുടെ മൊഴികള്‍ 'ആരോ നിന്നെ ചതിച്ചു. നീ ഗര്‍ഭിണിയാണ്… വേഗം കല്യാണം നടത്തിക്കൊള്ളൂ…'അവളുടെ പ്രിയപ്പെട്ട ജോയി അവളെ ചതിക്കുകയില്ല…. ഇല്ല… ഒരിക്കലുമില്ല…. അവന്‍ ആണയിട്ടു പറഞ്ഞതാണ്… എങ്കിലും അന്ന് ആ മഴയും കാറ്റുമുണ്ടായ, ആ ദിവസം അവന് വഴങ്ങിക്കൊടുക്കരുതായിരുന്നു…. അവന്റെ ചൂടുള്ള ചുംബനങ്ങളില്‍ അവള്‍ എല്ലാം മറന്നുപോയി….. സ്വപ്നത്തില്‍ മയങ്ങിപ്പോയി…. പരമാനന്ദത്തില്‍ മറന്നുപോയി… എല്ലാം നീതിശാസ്ത്രങ്ങളെയും സാമൂഹ്യാചാരങ്ങളെയും വെല്ലുവിളിക്കാന്‍ ധൈര്യമുണ്ടായ നിമിഷങ്ങളായിരുന്നു…. രണ്ടു ഹൃദയങ്ങള്‍ പയ്യെപയ്യെ പരസ്പരം അലിഞ്ഞുചേര്‍ന്ന് അത്യനര്‍ഘമായ മുഹൂര്‍ത്തമായിരുന്നു…. ഓര്‍ക്കുമ്പോള്‍പ്പോലും കോരിത്തരിക്കുന്നു.
“മണ്ടിപ്പെണ്ണേ! നീ എന്തിനു ദുഃഖിക്കുന്നു?” അവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുവോ? നിന്റെ ഉദരത്തില്‍ രൂപം കൊള്ളുന്ന ശിശുവിന്റെ പിതാവു തന്റെ കഴുത്തില്‍ മാലയിടാന്‍ കാത്തുകാത്തിരിക്കുമ്പോള്‍ നീ സന്തോഷിക്കുക. ഈ വിവരം അറിയുമ്പോള്‍ അവന്‍ എന്തുമാത്രം ആഹ്ലാദിക്കും…. അവന്‍ ചുംബനങ്ങള്‍ക്കൊണ്ടു നിന്നെ അഭിഷേകം ചെയ്യുകയില്ലേ? എന്നിട്ട് എന്തുകൊണ്ട് ഇത്രനാളായിട്ടും മിന്നുമാലയുമായി അവന്‍ വന്നില്ല. ശുദ്ധഗതിക്കാരനായ അവന്‍ അതിന്റെ ഗൗരവം ഇനിയും മനസ്സിലാക്കിയിട്ടില്ലായിരിക്കും. വിവാഹത്തിനുള്ള സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങാന്‍ അവന്‍ കാത്തിരിക്കുകയാവും…. പുറമ്പോക്കുകാരിപ്പെണ്ണിനെ മാനമുള്ള വലിയവീട്ടിലെ കൊച്ചന്‍ കല്യാണം കഴിക്കുന്നതിന് ഇട്ടിച്ചന്‍ മുതലാളി എതിരുപറഞ്ഞാല്‍ എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ചുകൊണ്ട് അവന്‍ അവളെ സ്വീകരിക്കും…. കഴിയുമെങ്കില്‍ ഒരു അപസ്വരം കൂടാതെ കഴിക്കുകയല്ലേ നല്ലത്…. ബുദ്ധിയുള്ളവനാണ് ജോയി… അവളുടെ പ്രിയപ്പെട്ട ജോയിച്ചന്‍…. അവളുടെ മണവാളന്‍!
അവനോട് അവള്‍ക്കുള്ള സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഗര്‍ഭിണിയാകുമ്പോഴാണല്ലോ ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുക. ഭര്‍ത്താവിന്റെ സ്‌നേഹത്തിനു മാറ്റുകൂട്ടുന്നതും ആ ഘട്ടത്തിലാണ്. കാരണം, അവരുടെ രണ്ടു ശരീരങ്ങളുടെയും രണ്ടു ഹൃദയങ്ങളുടെയും സംയോജനത്തില്‍, ഒന്നിച്ചു ചേരലില്‍നിന്ന് ഒരു പുതിയ മനുഷ്യജീവന്‍ ഉടലെടുക്കുന്നു. ഒരു ജീവന്റെ ഉത്ഭവം… അനവദ്യവും അനര്‍ഘവുമായ പ്രേമത്തിന്റെ പുഷ്പിക്കല്‍…. ഉത്ഭവം…. അനവദ്യവും അനര്‍ഘവുമായ പ്രേമത്തിന്റെ പുഷ്പിക്കല്‍….. ഉത്ഭവം… അനവദ്യവും അനര്‍ഘവുമായ പ്രേമത്തിന്റെ പുഷ്പിക്കല്‍…. ഉത്ഭവം…. അനവദ്യവും അനര്‍ഘവുമായ പ്രേമത്തിന്റെ പുഷ്പിക്കല്‍…..
എങ്കിലും കഴിഞ്ഞിട്ടു മതിയായിരുന്നു…
വരണമാല്യവുമായി തപസ്സുചെയ്യുന്ന വേറെ രണ്ടുപേര്‍…. ആ സൗന്ദര്യദേവതയുടെ സന്നിധിയില്‍…. അവരോട് എന്തു സമാധാനം പറയും?
എല്ലാവരോടും പറയാം. ദൈവമേ എല്ലാവരോടും പറയാം, ദൈവത്തോടുപോലും പറയാം. അപ്പനോട് എങ്ങനെ പറയും…. അപ്പനറിഞ്ഞാല്‍?
ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം അറിയുകയില്ലേ? നാളെത്തന്നെ ജോയി അവളെ വിവാഹംകഴിച്ചാല്‍ത്തന്നെയും അദ്ദേഹം പിന്നീടറിയും. വിവാഹത്തിനുമുമ്പ് അവള്‍ പാപംചെയ്‌തെന്ന്, വിലക്കപ്പെട്ട കനി ഭക്ഷിച്ചുവെന്ന്. അപമാനം സഹിക്കവയ്യാതെ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചുപോകും. മാനം എന്ന രണ്ടക്ഷരം മാത്രം കൈമുതലായുള്ള ആ ശുദ്ധഹൃദയനെ രക്ഷിക്കുന്നതെങ്ങനെ?
ഒരു പോംവഴിയും കാണുന്നില്ലല്ലോ…. ദൈവമേ! പാപികളോടു കരുണചെയ്യുന്നവനായ കര്‍ത്താവേ! നിന്റെ നീതിയുടെ ഖഡ്ഗം അവളുടെമേല്‍ ഓങ്ങരുതേ… ആ പാപം ദൈവം പൊറുക്കുമോ? പുരോഹിതന്റെ മുമ്പാകെ മുട്ടുകുത്തി നിന്ന് അവളെങ്ങനെ കുമ്പസാരിക്കും? കര്‍ത്താവിന്റെ തിരുസ്വരൂപത്തിലേക്ക് അവളിനി എങ്ങനെ നോക്കും?... എങ്ങനെ നോക്കും? പാപം അവളുടെ നേരേ ഇരിക്കുമ്പോള്‍ ദൈവത്തോട് ഇനി എങ്ങനെ പ്രാര്‍ത്ഥിക്കും? ചെയ്ത പാപം തുടച്ചുമാറ്റാതെ മനുഷ്യാത്മാവിന്റെ പ്രാര്‍ത്ഥനകളെ ദൈവം ചെവിക്കൊള്ളുകയില്ല. ദൈവത്തിന്റെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമായിരിക്കുന്ന ഈ വേളയില്‍ അവള്‍ ദൈവത്തിന്റെ വിശുദ്ധതയുടെ വിശുദ്ധതയില്‍ നിന്നും പുറതള്ളപ്പെട്ടല്ലോ.
എങ്കിലും പാപികള്‍ക്കുവേണ്ടി കാല്‍വരിക്കുന്നില്‍ ജീവബലി അര്‍പ്പിച്ച കാരുണ്യമൂര്‍ത്തി അവളെ തീര്‍ത്തും കൈവെടിയുകയില്ല. കണ്ണീരിന്റെ കാസായുമായി അവള്‍ ആ തൃപാദത്തിങ്കല്‍ എത്തും….മഗ്ദലനമറിയത്തെപ്പോലെ അവള്‍ ആ തൃച്ചേവടികളെ കെട്ടിപ്പിടിച്ചു കരയും…. കണ്ണുനീര്‍കൊണ്ട് ആ പാദങ്ങളെ അവള്‍ കഴുകും… കുന്തളങ്ങള്‍ക്കൊണ്ട് ആ പാദങ്ങളെ തുവര്‍ത്തും.. സുഗന്ധതൈലംകൊണ്ട് അഭിഷേകം ചെയ്യും… ചുംബിക്കും…. യാചിക്കും…. കര്‍ത്താവേ! ഞാനറിയാതെ അങ്ങേക്കെതിരായി പാപം ചെയ്തുപോയി. എന്നോടു പൊറുക്കുമോ?... പൊറുക്കുമോ എന്റെ കര്‍ത്താവേ!
മേരി വിമ്മിപ്പൊട്ടി കരഞ്ഞുപോയി.
“മോളെ…. മേരിമ്മേ….എന്താമ്മാ ഇത്?” മറിയ അവളുടെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു.
“എന്താ ഇത്… ആ കൊച്ചിനിതെന്തുപറ്റി?” ബസ്സിലെ മറ്റു യാത്രക്കാര്‍ എണീറ്റുനിന്നു ചോദിച്ചു. എല്ലാവരുടെയും കണ്ണുകള്‍ അവളുടെ നേര്‍ക്കു തിരിഞ്ഞു. ഡ്രൈവറുപോലും തലതിരിച്ചു നോക്കിപ്പോയി.
മേരി കൈപ്പത്തികള്‍കൊണ്ടു മുഖം മറച്ച് ഏങ്ങലടിച്ചു കരയുകയാണ്.
“ശെടാ, പോക്കണംകേടാല്ലോ മേരിമ്മേ! കൊച്ചുകുഞ്ഞുങ്ങളെപ്പോലെ കരയാതെടീ… ബസ്സിലിരുന്നോണ്ട്…. കഷ്ടം! തേ ആളുകളൊക്കെ നോക്കുന്നു.”
“ഏതാ ഈ പെണ്ണ്…. ഇതിനെന്തുപറ്റി?” പിന്നെയും യാത്രക്കാരുടെ ചോദ്യങ്ങള്‍.
മറുപടിയില്ല.
“പെണ്ണിനെ കെട്ടിക്കാഞ്ഞായിരിക്കും.” പുറകിലിരുന്ന ഒരു രസികന്‍ കമന്റടിച്ചു.
“ആ പറഞ്ഞവന്റെ അമ്മേപ്പോയി കെട്ടിക്കട്ടെ.” നാക്കിന് എല്ലില്ലാത്ത മറിയ തിരിച്ചടിച്ചു.
അതൊരു ബഹളത്തില്‍ കലാശിച്ചേനെ. സമചിത്തരായ മറ്റു യാത്രക്കാര്‍ യഥാകാലം ഇടപെട്ടതുകൊണ്ട് അനിഷ്ടസംഭവമൊന്നുമുണ്ടായില്ല.
മേരിയുടെ തേങ്ങിക്കരച്ചില്‍ ക്രമേണ ക്രമേണ ശാന്തമായി ശമിച്ചു. എന്നിട്ടും അവള്‍ക്കൊന്നും കാണാനും കേള്‍ക്കാനും കഴിയുന്നില്ല.
എല്ലാം ദൈവത്തെ ഭാരമേല്‍പിക്കുക…. വരുന്നതുപോലെ വരട്ടെ…. പ്രായശ്ചിത്തവും പരിഹാരവുമില്ലാത്ത പാതകമാണ് അവള്‍ ചെയ്തിരിക്കുന്നത്…. എത്രയെത്ര കണ്ണീരൊഴുക്കിയാലും ആ പാപം വളര്‍ന്നു കൊണ്ടേയിരിക്കും…. വളര്‍ന്നു വലുതാകും… ലോകമായ ലോകമെല്ലാം കാണും…..ലോകം അവളെ കല്ലെറിയും…
ഇല്ല… അതിനൊന്നും ഇടവരുകയില്ല…. ജോയി അവളെ വിവാഹം കഴിക്കും. പിന്നീടു ലോകം അറിഞ്ഞാലെന്താണ്…. അവളുടെ വയറ്റില്‍ക്കിടക്കുന്ന ശിശു മറ്റാരുടെയുമല്ല…. അവളുടെ ഭര്‍ത്താവിന്റേതാണ്… അവന്‍ അവളുടെ കഴുത്തില്‍ മിന്നുകെട്ടാന്‍ ഇത്തിരി താമസിച്ചു പോയെന്നേയുള്ളൂ. അതിനെന്താണ്? ആ മിന്നുചരടിന് എന്തു വിലയുണ്ട്? ലോകം പരിഹസിക്കുമായിരിക്കും; പരിഹസിക്കട്ടെ; ആര്‍ക്കുണ്ടു ചേതം? അവളുടെ ജോയിയുടെ കരുത്തുള്ള കൈകളില്‍ അവള്‍ സുരക്ഷിതയായിരിക്കും.
ചെന്നാലുടനെതന്നെ അദ്ദേഹത്തെ കാണണം. കണ്ടു വിവരം പറയണം. പറയുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മറുപടി? അവളെ അദ്ദേഹം മാറോടുചേര്‍ത്തുപിടിച്ചു ചുംബിക്കും. സമാധാനത്തിന്റെ വാക്കുകള്‍ അവളുടെ കാതുകളില്‍ അദ്ദേഹം മന്ത്രിക്കും. ആ വാക്കുകള്‍ അവളുടെ ചേതനകളെ തട്ടിയുണര്‍ത്തും. അവളുടെ കണ്ണുനീര്‍ അവസാനിക്കും.
സമയമായില്ല എന്നു പറഞ്ഞാലോ? അവന്റെ കാല്‍ക്കല്‍ കെട്ടിപ്പിടിച്ച് അവള്‍ കരയും. അവളുടെ കണ്ണുനീരു കാണാന്‍ അവനു ശക്തിയുണ്ടാവില്ല. അവന്‍ വേണ്ടിവന്നാല്‍ അപ്പനെയും അമ്മയെയും ഉപേക്ഷിക്കും. തന്റെ പ്രിയതമയ്ക്കുവേണ്ടി സാമ്രാജ്യകിരീടങ്ങള്‍ വലിച്ചെറിഞ്ഞിട്ടുള്ള രാജാക്കന്മാരുടെ കഥകള്‍ അവള്‍ കേട്ടിട്ടുള്ളതാണ്.
അദ്ദേഹം അവളെ ഉപേക്ഷിച്ചാലോ? നിന്നെ ഞാന്‍ അറിയുന്നില്ല എന്നു ദുഷ്യന്തന്‍ ശകുന്തളയെ തള്ളിപ്പറഞ്ഞതുപോലെ അദ്ദേഹവും പറഞ്ഞാലോ? പറയുകയില്ല. പറഞ്ഞാലും അദ്ദേഹത്തെ അവള്‍ ദ്വേഷിക്കുകയില്ല. ജീവിതത്തിന്റെ രത്‌നങ്ങളായ നിമിഷങ്ങളെ അവള്‍ക്കു നല്‍കിയ ആ സ്‌നേഹാദാരനോട് അവള്‍ ഒരിക്കലും പരിഭവിക്കുകയില്ല. അവള്‍ കുറേനാള്‍ കഴിഞ്ഞു പ്രസവിക്കും. ആ ഓമനകുഞ്ഞിനെ ആണാകട്ടെ, പെണ്ണാകട്ടെ അവള്‍ പാലൂട്ടി താരാട്ടുപാടി വളര്‍ത്തും… കുടുംബത്തില്‍നിന്ന് അവള്‍ ബഹിഷ്‌കൃതയാകുമായിരിക്കും…. എന്നാലും അവള്‍ ആ കുഞ്ഞിനുവേണ്ടി ജീവിക്കും…. അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകളുമായി അവള്‍ ജീവിക്കും. ജീവിതകാലം മുഴുവനും. അവള്‍ക്ക് ആരോഗ്യമുണ്ട്. വേലയെടുത്ത് കാലക്ഷേപം കഴിക്കും. ആരും അവളെ അത്രയൊന്നും തോല്‍പ്പിക്കാനില്ല. ലോകം വളരെ വിശാലമാണ്. പുറമ്പോക്കില്‍ താമസിച്ചെങ്കിലേ മനുഷ്യന്‍ പരിഹസിക്കുകയുള്ളല്ലോ. നാടുവിട്ടു പോകണം.
ബസ്സ് ഓടിക്കൊണ്ടിരുന്നു. അവളൊന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല.
കാരണം, ചിന്തകള്‍ കാടുകയറുകയായിരുന്നു.
ജീവിതത്തിന്റെ മറുവശത്തിന്റെ അങ്ങേയറ്റംവരെ അവള്‍ ചിന്തിച്ചു. ഒരിക്കലും അത്രത്തോളം അവള്‍ പോകേണ്ടിവരികയില്ല. കുറേ കടന്നു ചിന്തിച്ചെന്നേയുള്ളൂ.
ജീവിക്കണം. കാരണം, ജീവിതം സുന്ദരമാണ്. തന്റെ ഉദരത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന ശിശുവിനെ അവള്‍ കണ്ടില്ല. ഉണ്ടെന്നു ഡോക്ടര്‍ പറഞ്ഞു-അതുകൊണ്ട് അവള്‍ വിശ്വസിക്കുന്നു. അതു പിറക്കുന്നതിനുമുമ്പുതന്നെ അവള്‍ കണ്ണീര്‍ കുടിക്കേണ്ടിവന്നല്ലോ. ഇനി അവള്‍ സഹിക്കാനിരിക്കുന്ന അപമാനങ്ങളെപ്പറ്റി ഓര്‍ത്തപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അലസിപ്പിച്ചു കളഞ്ഞാല്‍? പണ്ടാരത്തി പാറുവിന് അതിന്റെ വിദ്യ അറിയാമെന്നു കേട്ടിട്ടുണ്ട്. അതു സാധിച്ചാല്‍ അവള്‍ ജയിച്ചു. തലനിവര്‍ന്നു നടക്കാം. പാപമല്ലേ? എന്താണു പാപം? ഒരു പാവം ചെയ്തു മറ്റൊരു പാപംകൊണ്ട് അതു പൂര്‍ത്തിയാക്കപ്പെടട്ടെ. നിര്‍ഭാഗ്യവശാല്‍ പട്ടാളക്കാരനോ യൂക്കാലിപ്‌സ് കച്ചവടക്കാരനോ അവളെ കല്യാണം കഴിച്ചാല്‍തന്നെയും എന്താണു തരക്കേട്? കുറേനാള്‍ കഴിഞ്ഞു ജോയി വിസ്മൃതനാകും. അവള്‍ക്കു വീണ്ടു മക്കളുണ്ടാകും. ആ മക്കളെ വളര്‍ത്തി അവള്‍ സുഖമായി ജീവിക്കും. പഴയ കഥകളെല്ലാം മറവിയില്‍ താണുപോകും.
വെയിലും നിഴലും ഭൂമിയില്‍ 'കണ്ണാംപൊത്താരെ കാട്ടിലൊളിച്ചാരെ'  എന്ന കളി കളിച്ചുകൊണ്ടിരുന്നു. ബസ്സ് ഓടിക്കൊണ്ടേയിരുന്നു. എവടൊക്കെ അതു നിന്നു. ആരെല്ലാം ഇറങ്ങി, ആരെല്ലാം കയറി എന്ന് അവള്‍ അറിഞ്ഞില്ല.
എന്തെല്ലാമോ ചിന്തിച്ചു. ഒരു മൂടല്‍മഞ്ഞുപോലെ തോന്നുന്നു. ആ മൂടല്‍മഞ്ഞിലും 'ജോയി' എന്ന ഭദ്രദീപം അവളുടെ മുമ്പില്‍ പ്രകാശിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഭാസുരപ്രകാശത്തില്‍ മറ്റെല്ലാ വിചാരങ്ങളും അലിഞ്ഞലിഞ്ഞില്ലാതായി.
അവളും ആ ദീപവും.
ചെന്നാലുടനെ അദ്ദേഹത്തെ കാണുക.
 നേരം സായാഹ്നത്തിലേക്കു കാലൂന്നുംമുമ്പുതന്നെ അവര്‍- മേരിയും കടുക്കാമറിയയും-വീട്ടിലെത്തി.
അന്നത്തള്ള ആ പഴയ ചാക്കുകട്ടിലില്‍  കിടന്നുറങ്ങുകയായിരുന്നു. അവരുടെ രണ്ടാമത്തെ ശൈശവമാണ്. കൂടക്കൂടെ ഉറങ്ങണം. കുഞ്ഞുങ്ങളെപ്പോലെതന്നെ. അമ്മിണി വടക്കേ വാഴച്ചോട്ടിലുള്ള പരന്ന പാറക്കല്ലില്‍ അവളുടെ പുള്ളിപ്പാവാട അലക്കുന്നു. വല്യമ്മച്ചിയെപ്പോലെ തന്നെ കൈസറും ഉറങ്ങുകയാണ്; കിടപ്പ് കട്ടിലിനുതാഴെയാണന്നേയുള്ളൂ. മേരിയെക്കണ്ടപ്പോള്‍ അവന്‍ വാലാട്ടി അഭിവാദനം ചെയ്തു.
തറതി ഒരു മീന്‍ചട്ടിയിലേക്കു കപ്പ പുഴുങ്ങിയതു കുടഞ്ഞിടുകയായിരുന്നു. ചട്ടിയില്‍നിന്ന് ആവി പൊങ്ങുന്നു.
“എന്റെ ചേടിത്തീ വല്ലോം ഒണ്ടേല്‍ ഇങ്ങോട്ടുതാ.” മറിയ അവളുടെ പുടവയുടെ ഞൊറിച്ചില്‍ മടക്കിവച്ചിട്ട് അടുക്കളയിലെ  ഒരു കുരണ്ടിപ്പുറത്തിരുന്നു. എന്നിട്ട് ഒരു ചവുണ്ട തോര്‍ത്തെടുത്ത് അവള്‍ ചട്ടയുടെ അടിവസ്ത്രം പൊക്കി ദേഹത്തെ വിയര്‍പ്പു തുടച്ചു. മേരി ഇങ്ങേ മുറിയില്‍നിന്നു ഡ്രസ്സ് മാറുകയായിരുന്നു.
“നിങ്ങളു പോയിട്ടെന്തായെടീ മറിയേ, വിശേഷം?” അടച്ചൂറ്റിയില്‍ പച്ചമുളുകും ഉള്ളിയും ഉപ്പുനീരും വച്ചു തവിക്കണയുടെ പുറംകൊണ്ടരച്ച് ഒരു ചമ്മന്തി തയ്യാര്‍ ചെയ്യുന്നതിനിടയ്ക്കു തറതി ചോദിച്ചു.
“നല്ലവിശേഷംതന്നെ!” ഒരു കപ്പക്കഷണം എടുത്തു ചൂടുപോകാന്‍ കൈവെള്ളയിലിട്ടു ചെറുതായി അമ്മാനമാട്ടിക്കൊണ്ടു മറിയ പറഞ്ഞു: “കറിയാച്ചനെ കണ്ടു ചേടിത്തീ…. നല്ല ഒന്നാന്തരം ഒരു പൊര…. നിങ്ങള്‍ക്കു നല്ലകാലം വരുമ്പം എന്നെക്കൂടെ ഓര്‍ത്തോണ്ടാല്‍ മതി.”
“അതെങ്ങനാടീ പട്ടാളക്കാരനെന്നും പറഞ്ഞ് അതിയാന്‍ പോയിരിക്കുമ്പം?”
“ഇപ്പോഴും ഞാന്‍ പറേന്നതു കറിയാ മതിയെന്നാ… പിന്നെ നിങ്ങടെ ഇഷ്ടം…. ഇപ്പറഞ്ഞേന്റെ കൂട്ട്…. മീന്റെ തരിയെങ്കിലും ഇല്ലേ ചേടിത്തീ…. മൊളകുകൂട്ടിയെങ്ങനാ ഈ ചെണ്ടമുറിയന്‍ തിന്നുന്നത്? ചൊവ്വിനു വെന്തിട്ടുപോലുമില്ല.”
“മീന്‍ ഈ ബവനത്തു കേറ്റീട്ട് ഇന്നു ദവസി എത്രയായെന്നോ…. എന്നിട്ട് കല്യാണത്തീയതു മാറ്റുന്ന കാര്യംവല്ലോം അവനോടു പറഞ്ഞോടീ?”
“എന്റെ തെര്‍ത്ത്യാമ്മേ, അവന്‍തന്നെ  ഇങ്ങോട്ടു പറഞ്ഞെന്ന്…. ഒരു മാസംകൂടി വേണമത്രെ അവന്റെ കെട്ടിടംപണി തീരാന്‍….അതുവരേക്കും കല്യാണം ഒന്നു മാറ്റിവച്ചാല്‍ കൊള്ളാമെന്ന്….ചേടിത്തീ, കുടിക്കാന്‍ കാപ്പി ഒന്നുമില്ലേ, ചെണ്ടമുറിയന്‍ തൊണ്ടേലിരിക്കുന്നല്ലോ.”
“കട്ടന്‍കാപ്പി വേണേല്‍ അനത്തിത്തരാം. ചക്കരയില്ല…. ശകലം കാപ്പിത്തൊലിയൊണ്ട്. അതൊന്നു വറുക്കട്ടെ…. ഇപ്പം ശകലം പച്ചവെള്ളം കുടിക്ക്…. എടീ മേരിപ്പെണ്ണേ….ഇങ്ങോട്ടുവന്ന് ഈ കാപ്പിത്തൊലി ഒന്നു വറുത്തേ…. ഇവളുപോയിട്ട് മരുന്നു കിട്ടിയില്ലേ?”
എനിക്ക് സുഖക്കേടൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞമ്മേ.” ഞൊറിച്ചിലിട്ട് ഒറ്റമുണ്ടും ഇറുക്കമുള്ള ചട്ടയും ധരിച്ച് തലമുടി കെട്ടിക്കൊണ്ടു മേരി അടുക്കളയിലെത്തി. അപ്പോഴേക്കും ഒരു കോപ്പച്ചട്ടിയില്‍ തറതി കൊടുത്ത പച്ചവെള്ളം മറിയ ഒറ്റവീര്‍പ്പിനു കുടിച്ചുകഴിഞ്ഞിരുന്നു. മേരി അവരുടെ അടുത്തുവന്നിരുന്നു കപ്പതീറ്റയില്‍ പങ്കുകൂടി.
“എന്നിട്ടു കറിയാ നിങ്ങള്‍ക്കൊന്നും തന്നില്യോ?” വട്ടയിലയില്‍ പൊതിഞ്ഞിരുന്ന കാപ്പിത്തൊലി അടുപ്പത്തെ വറച്ചട്ടിയിലേക്ക് ഇട്ടു കൊണ്ടു തറതി ചോദിച്ചു.
“ഇനീം എന്റെ ചേടിത്തീ, ഇവളേംകൊണ്ടു ഞാനൊരു വഴീക്കും പോകുവേലാ…. പാവം യൂക്കാലി എറച്ചീം മീന്‍ വറുത്തതും എല്ലാംകൂട്ടി ചോറുമായി കാത്തിരുന്നതാ…. പെണ്ണു ജന്മം ചെയ്താല്‍ സമ്മതിക്കേണ്ടേ?”
“അതെന്താടീ ചോറുണ്ണാതെ പോന്നെ?”
“ഓ, നാണമില്ലേ അമ്മച്ചീ?”
“നിന്റെ ഒരു നാണം…. അതെങ്ങനാ അപ്പന്റെ മോളല്ലേ…. കേളിക്കു നല്ല ചാണ്ടിമാപ്ല. ഉള്ളീം ജീരകോം കച്ചോടം എന്നു പറഞ്ഞ കൂട്ടാ ഇവള്‍ടേം അപ്പന്റേം മാനം…. വയറു വെശന്നാല്‍ ഓശാരം ഒന്നും നോക്കണ്ടടീ.”
“മേരിമ്മേ, നിന്റെ ചട്ട ഇപ്പം പൊട്ടുമല്ലോടീ.” മേരിയുടെ നെഞ്ചത്തേക്കു നോക്കിക്കൊണ്ട് മറിയ പറഞ്ഞു: “ശ്വാസം മുട്ടത്തില്ലേ പെണ്ണേ…. വെറെ ചട്ടയൊണ്ടേലെടുത്തിട്.”
“ആ കുറിയാണ്ടെടുത്തു മാറു മറയ്ക്ക് പെണ്ണേ.” മറിയ പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം തറതിക്കു മനസ്സിലായി. കരിപോലെ  കറുത്ത ആ കുറിയോണ്ടെടുത്ത് അവള്‍ തോളത്തിട്ടു. അപ്പോഴേക്കും അടുക്കളമൂലയില്‍  ഒരു പൊട്ടച്ചട്ടിയില്‍, ഉമ്മിയുടെ മുകളില്‍ പാകിയിരിക്കുന്ന  പതിമൂന്നു മുട്ടകളുടെ പുറത്തു പൊരുന്നിയിരുന്ന ചാരനിറമുള്ള ഒരു പിടക്കോഴി പുറത്തേക്കു ചാടി. തുള്ളപ്പനി പിടിച്ചതുപോലെ തൂവലുകള്‍ പൊന്തിച്ച് ഒരു അട്ടഹാസത്തോടെ ഇറങ്ങിയോരോട്ടം.
മേരി പൊരുന്നവച്ചിരിക്കുന്ന  ആ പതിമൂന്നു മുട്ടകള്‍ വിരിയാന്‍ ഇനി നാലഞ്ചു ദിവസങ്ങള്‍ക്കൂടി മതി. പുതിയ ജീവന്റെ സ്പന്ദനങ്ങള്‍ മാതിരി. പതിമൂന്നു കോഴിക്കുഞ്ഞുങ്ങള്‍ 'കീയക്കീയ' എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടു ഭൂമിയിലേക്കു പ്രവേശിക്കും.
“മേരിമ്മേ, എനിക്കു രണ്ടു കോഴിക്കുഞ്ഞുങ്ങളെ തരണം.” മറിയ ആവശ്യപ്പെട്ടു. “നല്ലയിനം കോഴിയാണെന്നു തോന്നുന്നു.”
“തരാം ചേടിത്തീ.” മേരി വാഗ്ദാനം ചെയ്തു.
“എന്റെമ്മച്ചീ… ഞാന്‍ പോന്നു.” മേരിയുടെ തോളത്തു കിടക്കുന്ന കുറിയോണ്ടിന്റെ മുഖം തൂത്തുംകൊണ്ടു മറിയ എണീറ്റു. പിള്ളാരു തനിച്ചേ ഉള്ളൂ… പശൂനു പിണ്ണാക്കും തവിടും കൊടുത്തോ ഇല്യോ.”
“മറിയേ, എനിക്ക് അടുത്ത ഞായറാഴ്ചയെങ്കിലും ഒന്നു പള്ളീല്‍ പോണം.” മുറ്റത്തേക്കിറങ്ങിയ മറിയയോട് തിണ്ണയില്‍നിന്നുകൊണ്ടു തറതി ആവശ്യപ്പെട്ടു. “നിന്റെ ആ നേര്യത് എനിക്കിങ്ങോട്ടൊന്നു തരണം കേട്ടോ. പള്ളീലോരുകൂടു മെഴുകുതിരി കത്തിക്കണം.”
“തരാം തെര്‍ത്ത്യാമ്മേ.” മറിയ വേഗം നടന്നു.
മേരി കാപ്പിത്തൊലി വറത്തുകൊണ്ട് അടുപ്പിന്‍മൂട്ടില്‍ത്തന്നെ ഇരുന്നു. വല്ല സ്ത്രീകളുടെയും നേര്യതു വായ്പവാങ്ങി അവളുടെ അമ്മ പള്ളിയില്‍ പോകേണ്ട ഗതികേടുവന്നല്ലോ.
കാപ്പിത്തൊലി വറുത്തുകഴിഞ്ഞിട്ടു വലിയവീട്ടിലേക്കു പോകണം. ജോയിയെ കാണണം. വിവരം പറയണം. വൈകീട്ട് അപ്പന്‍ വരുമ്പോള്‍ ആ സന്തോഷവാര്‍ത്ത അറിയിക്കണം. എന്തൊരു സന്തോഷമായിരിക്കും!
അവള്‍ വേഗം കാപ്പിത്തൊലി വറുത്തു മുറത്തിലിട്ടു നിരത്തി. അപ്പോഴേക്കും പൊരുന്നക്കോഴി അതിന്റെ മുട്ടകളുടെ പുറത്തുതന്നെയിരുന്ന് പെണ്ണു തുടര്‍ന്നു. ഒരു മൂടുപോയ മുപ്പറക്കൊട്ടക്കൊണ്ട് മേരി ആ കോഴിയെ മൂടിവെച്ചു.
അവള്‍ കാപ്പിത്തൊലി ഇടിച്ചു. അപ്പോള്‍ അവളുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു. തോളത്തുകിടന്ന കറുത്ത കുറിയോണ്ടുകൊണ്ട് അവള്‍ മുഖം തുടച്ചു. അതു ദേഹത്തിട്ടുംകൊണ്ടെങ്ങനെയാണു വലിയവീട്ടിലേക്കു പോകുന്നത്? അമ്മിണി പള്ളിയില്‍ പോകുമ്പോള്‍ തലയില്‍ പുതയ്ക്കാറുള്ള നെറ്റ് എടുത്തു അവള്‍ തോളത്തിട്ടു. മാറിനെ മറ്റുള്ളവരുടെ കണ്ണുകളില്‍നിന്നു മറയ്ക്കാന്‍ ലോലമായ ആ നെറ്റിനു ശക്തിയില്ല. എങ്കിലും അതു നെഞ്ചു മറച്ചുകിടക്കുന്നതു കാണാന്‍ ഒരു ചേലുണ്ട്. അവള്‍ തലചീകിക്കെട്ടിവച്ചു.
തറതി കപ്പത്തൊലികള്‍ കൈയില്‍ വാരി പര്യത്തു കൊണ്ടു ചെന്നെറിഞ്ഞിട്ടു തിണ്ണയിലേക്കു കേറിവരികായിരുന്നു. അമ്മിണിയുടെ തുണിഅലക്കു കഴിഞ്ഞിട്ടില്ല. വല്യമ്മച്ചി ഉണര്‍ന്നില്ല.
“എങ്ങോട്ടാടീ ചമഞ്ഞൊരുങ്ങി?” തറതി ചോദിച്ചു.
“ഞാന്‍ വല്യവീട്ടിലോട്ട് ഒന്നു പോയേച്ച് ഓടി വരാമമ്മേ.”
“എന്തിനാടീ?”
“എനിക്ക്…. ആ സൂ…സനെ ഒന്നു കാണാനാ.”
“ഓ സൂസനേം കീസനേം…ഇനീം നീ കല്യാണം കഴിഞ്ഞിട്ടു പൊറത്തോട്ടൊക്കെ എറങ്ങ്യാ മതി…. നിന്നെക—ണ്ടാല്‍ വല്ലോരും കണ്ണു വയ്ക്കും…. പെണ്ണേ… കല്യാണം കഴിഞ്ഞിട്ടു നിന്നേം കൂട്ടിക്കൊണ്ട് എനിക്ക് എത്രപള്ളീല്‍ പോകാനുണ്ടന്നോ നേര്‍ച്ചക്കടം വീട്ടാന്‍….ഏഴു പള്ളിലേക്കാ നേര്‍ച്ച.”
“അമ്മേ…” മേരി അമ്മയുടെ തൊട്ടടുത്തുവന്നു ചെവിയില്‍ മന്ത്രിച്ചു:
“ഞാനൊരു കാര്യം പറഞ്ഞാല്‍ അമ്മച്ചി…. ആരോടും പറയാതിരിക്കാമോ?”
“എന്തുവാടീ?”
“ആരോടും പറേത്തില്ലെന്ന് അമ്മച്ചി ആണയിട്ടു പറഞ്ഞാലേ ഞാന്‍ പറയത്തൊള്ളൂ.”
“ഞാനാരോടും പറഞ്ഞില്ലെടീ…. എന്താന്നുവച്ചാല്‍ കേക്കട്ടെ.”
“വലിയവീട്ടിലെ…”
“വലിയ വീട്ടിലെ?”
“ജോയിച്ചനൊണ്ടല്ലോ.”
“ഉം.”
“എന്നെ കല്യാണം കഴിച്ചോളാമെന്നു പറഞ്ഞിരിക്യാ.”
“മൊതലാളിപ്പിള്ളേരങ്ങനെയൊക്കെപ്പറയും. പാവപ്പെട്ട പെണ്ണുങ്ങളോട്; അവന്മാരുടെ കാര്യം കാണാന്‍വേണ്ടി.”
“ഇതങ്ങനെയൊന്നുമല്ലമ്മേ, ഈ അമ്മച്ചിക്കെന്നാ അറിയാം.”
എനിക്കൊന്നുമറിയാമ്മേലാ. കല്യാണം കഴിക്കാമെന്നും പറഞ്ഞ് അവന്‍ നിന്നെ തൊടുകോ പിടിക്ക്വോ വല്ലോം ചെയ്‌തോടീ?
“തൊട്ടാലെന്നാ, കല്യാണം കഴിക്കുമ്പം അതിന്റെ കേടൊക്കെ തീരുകേലെ?”
“നീ ചെന്നു കഞ്ഞിക്കു വെള്ളംവയ്ക്ക്. അതിയാനിപ്പം വരും.”
“അമ്മേ, അമ്മേ ഇതപ്പനോടു പറേല്ലേ, പറേമോ?”
“എന്ത്വാ പെണ്ണേ?”
“എനിക്കു മനംമറിച്ചിലും ഛര്‍ദ്ദിയും ഒക്കെ ഒണ്ടായതെന്തുകൊണ്ടാണെന്നറിയാമോ?”
“ആ ഞാനെങ്ങനെ അറീന്നത്?”
“ഡോക്ടറു പറഞ്ഞപ്പഴാ എനിക്കും മനസ്സിലായത്….അമ്മച്ചിയിതാരോടും പറയാന്‍ പോകണ്ട….അതിനാ ഞാന്‍ ജോയിച്ചനെ കാണാന്‍ പോണത്…. സൂസമ്മയെ കാണാനെന്നു പറഞ്ഞതു കള്ളമായിരുന്നു…. അമ്മച്ചീ എനിക്കു വയറ്റിലൊണ്ട്.”
“ങെ!.... എന്റെ പൊന്നുമോളെ….എന്റെ ദൈവമായ കര്‍ത്താവേ….എന്റെ പാറേമാതാവേ….എന്റീശോ…” കടപുഴക്കപ്പെട്ട പാഴ്മരംപോലെ അവര്‍ നിലത്തുവീണു. മേരി നിലവിളിച്ചു…ഉച്ചത്തില്‍ “അമ്മേ” എന്നു വിളിച്ചു. അമ്മ വിളികേട്ടില്ല. അമ്മ ഇനി വിളികേള്‍ക്കുകയില്ല.
ആളുകള്‍ അങ്ങുനിന്നും ഇങ്ങുനിന്നും ഓടിക്കൂടി. ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ആവശ്യമില്ലായിരുന്നു.
ആ അമ്മയുടെ ശുഷ്‌കിച്ച ശരീരത്തില്‍നിന്ന് ആത്മാവ് രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞിരുന്നു.
ആ ഹൃദയം ഇനി തുടിക്കുകയില്ല; ഒരിക്കലും.
കട്ടിലിന്റെ തലയ്ക്കല്‍ ഒരു കുരിശുരൂപവും ഇരുവശത്തും രണ്ടു മെഴുകുതിരികളും ഉയര്‍ന്നു.
റബ്ബര്‍മരങ്ങളുടെ അപ്പുറത്തെ ചക്രവാളത്തില്‍ ചെഞ്ചായം തേച്ചിട്ടു പകലവന്‍ കടന്നുകളഞ്ഞു.
 ആ കട്ടിലില്‍ പൂത്തേടത്തു തറതിയുടെ മൃതദേഹം കുളിപ്പിച്ചു കിടത്തപ്പെട്ടു. അലക്കിത്തേച്ച ചട്ടയും മുണ്ടും ധരിക്കപ്പെട്ടു. ആ മൃതദേഹത്തെ പുതപ്പിച്ചതു മറിയയുടെ നേര്യതായിരുന്നു. അതു മറിയയുടെ കസവുമന്ത്രകോടിയായിരുന്നു. മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി അവര്‍ സൂക്ഷിച്ചുവച്ചിരുന്നതാണ്. തറതിയുടെ മന്ത്രകോടി ആറേഴുകൊല്ലം മുമ്പ് കസവുകീറി വിറ്റുകിട്ടിയ ഒന്നേമുക്കാല്‍ രൂപാ കൊടുത്തു വാങ്ങിച്ചതാണ് ഇന്നും അവര്‍ കാപ്പി അനത്തുന്ന ചെമ്പുകലം.
പാറക്കുഴിയില്‍ച്ചെന്നു കുഞ്ഞപ്പന്‍നായരാണു വിവരം അറിയിച്ചത്, തോമ്മാ ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞെത്തി.
ഒന്നു നോക്കി തന്റെ പ്രിയപ്പെട്ടവളുടെ നിശ്ചലമായ മുഖത്തേക്ക്, ആ തണുത്ത നെറ്റിയില്‍ ചുംബിച്ചുംകൊണ്ട് അയാള്‍ ഏങ്ങലടിച്ചു കരഞ്ഞുപോയി. അതുകണ്ടപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. അമ്മിണി അവളുടെ തള്ളയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു മോഹാലസ്യപ്പെട്ടു വീണുപോയി. അവളുടെ മുഖത്തു മറിയ വെള്ളം തളിച്ചു. അവള്‍ കണ്ണുതുറന്നു. അവളെ കെട്ടിപ്പിടിച്ചുംകൊണ്ടു മറിയ കട്ടിലിന്‍ചുവട്ടില്‍ത്തന്നെ ഇരുന്നു. കട്ടിലിന്റെ ഇഴുകയില്‍ കൈമുട്ടുകള്‍ മടക്കിവച്ച് അതിന്മേല്‍ മുഖംതാങ്ങി നിലത്തു മുട്ടുകുത്തി മേരി ഇരിക്കുന്നു. അവളുടെ കണ്ണുകള്‍ മാത്രം നനഞ്ഞിട്ടില്ല. അവള്‍ അമ്മയുടെ മുഖത്തേക്കു മാത്രം ഇമകൂട്ടാതെ നോക്കിക്കൊണ്ടു നിശ്ചലം ഇരിക്കുകയാണ്; ഒരു വിഗ്രഹം മാതിരി.
അക്കത്തള്ള അടുത്തിരുന്നു. കൊന്തനമസ്‌കാരം എത്തിക്കുന്നു. എല്ലാവരും ഏറ്റുചൊല്ലുന്നുണ്ട്…മറിയയുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു….അയല്‍ക്കാരായ പലരും കൂടിയിട്ടുണ്ട്.
തോമ്മാ തിണ്ണയില്‍ ചുമരുംചാരി കിഴക്കോട്ടു നോക്കിക്കൊണ്ടു ചിന്താമൂകനായി ഇരുന്നതേയുള്ളൂ. അയാളുടെ കൂട്ടുകാരി പോയി. അയാള്‍ ഒറ്റയ്ക്കായി. മരുഭൂമിയിലെ  ഒറ്റയടിപ്പാതയിലൂടെ അയാള്‍ ഇനി തനിച്ചു സഞ്ചരിക്കണം; എടുക്കാനാവാത്ത ചുമടും പേറിക്കൊണ്ട്. കരകാണാക്കടലില്‍ ഏകാകിയായി അയാള്‍ കൊതുമ്പുതോണി തുഴയണം.
അയാളെ ഉപേക്ഷിച്ചിട്ട് അയാളുടെ കാവല്‍ മാലാഖ പോയി; ഒരുവാക്കുപോലും ഉരിയാടാതെ. എത്രനാള്‍ കേണുപറഞ്ഞതാണ് ഒരു വിലകുറഞ്ഞ നേരിയെതെങ്കിലും അവള്‍ക്കു വാങ്ങിക്കൊടുക്കണമെന്ന്….എന്തുമാത്രം കഷ്ടപ്പെട്ടു! അവളെ അയാള്‍ എന്തുമാത്രം വഴക്കുപറഞ്ഞിട്ടുണ്ട്; ദേഷ്യപ്പെട്ടിട്ടുണ്ട്! ഒരിക്കലും പരിഭവിച്ചിട്ടില്ല. ദൈവമേ നീ ഇത്ര കരുണയില്ലാത്തവനായിപ്പോയല്ലോ…ആര്‍ക്കും ഒരു ദ്രോഹവും ഒരിക്കലും ചെയ്തിട്ടില്ലാത്ത ആ പാവപ്പെട്ടവളെ ഒരു ദിവസമെങ്കിലും ഒന്നു സന്തോഷിപ്പിക്കാന്‍ സാധിച്ചിട്ട് അങ്ങു വിളിക്കാമായിരുന്നല്ലോ…
കറിയാ വന്നു. മേരിയും മറിയച്ചേടിത്തിയും ആശുപത്രിയില്‍ പോയിട്ടു മടങ്ങുവഴി അവന്റെ പുത്തന്‍വീട്ടില്‍ കയറാമെന്നു പറഞ്ഞിട്ടു കയറാതെ പൊയ്ക്കളഞ്ഞതെന്തെന്ന് അന്വേഷിക്കാനാണ് അവന്‍ വന്നത്. വരാന്‍ സൗകര്യമുണ്ടായിട്ടല്ല. പക്ഷേ, പുറമ്പോക്കിലെത്തിയപ്പോള്‍ അവന്‍ കേട്ട വാര്‍ത്തയും, കണ്ട കാഴ്ചയും….
അവന്‍ കട്ടിലിനു സമീപം മുട്ടുകുത്തി തലകുനിച്ചുനിന്നു പരേതാത്മാവിന്റെ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
വലിയവീട്ടില്‍നിന്നു കുഞ്ഞേലിയാമ്മയും ജോയിയും സൂസനും വന്നു അവരും മുട്ടുകുത്തിനിന്ന് ഒന്നുരണ്ടു നിമിഷം പ്രാര്‍ത്ഥിച്ചു.
കുഞ്ഞേലിയാമ്മ തോമ്മായെ കൈകൊട്ടി വിളിച്ചു. തോമ്മാ അടുത്തുചെന്നു.
“എന്തായാരുന്നു തോമ്മാ, സുഖക്കേട്?”
“പെട്ടെന്നായിരുന്നു. പെണ്ണിനോടു വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കുകയായിരുന്നു.”
“എന്തുചെയ്യാം…നല്ലൊരു പെണ്ണുംപിള്ളയായിരുന്നു….എപ്പഴാ ശവമടക്ക്?”
“തീരുമാനിച്ചിട്ടില്ല. നാളെ രാവിലെതന്നെ നടത്തണമെന്നാ.”
കുഞ്ഞേലിയാമ്മ മണിപ്പേഴ്‌സ് തുറന്നു പത്തിന്റെ രണ്ടു നോട്ടുകള്‍ എടുത്തു തോമ്മായെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു. “ചടങ്ങു വേണ്ടപോലെ നടത്തു കേട്ടോ…” കുഞ്ഞേലിയാമ്മയും സൂസനും പോയിക്കഴിഞ്ഞും ജോയി അവിടെ കുറേനേരം കൂടി നിന്നു.
ശവപ്പെട്ടി വാങ്ങണം. പള്ളിയില്‍ അച്ചനെ അറിയിക്കണം. മിഖായേല്‍ ചേട്ടന്‍ അടുത്തുതന്നെയുണ്ട്. കുഴിവെട്ടുന്ന കാര്യം അയാളേറ്റു. പൊന്നുംകുരിശും വെള്ളിക്കുരിശും കറുത്ത മുത്തുക്കുടകളും വേണം. കറിയാ, വലിയവീട്ടില്‍ ജോയി, കുഴിവെട്ടുകാരന്‍ മിഖായേല്‍ ചേട്ടന്‍, തളന്തന്‍ അപ്പായി, കടുക്കാമറിയ എന്നിവര്‍  ആലോചനകളില്‍ പങ്കുകൊണ്ടു!
“ബാന്‍ഡ് വേണം, തോമ്മാച്ചേട്ടാ.” മറിയ അഭിപ്രായപ്പെട്ടു. “അതിനു കാശില്ലേല് ഞാന്‍ ചെലവാക്കിക്കൊള്ളാം.”
“തോമ്മാച്ചേട്ടാ.” ജോയി പറഞ്ഞു. “ശവസംസ്‌ക്കാരം ഭംഗിയായിത്തന്നെ നടക്കട്ടെ… പട്ടിണിക്കഞ്ഞിയുള്‍പ്പെടെ ഇനി എത്രരൂപാകൂടെ വേണ്ടിവരുമെന്ന് എന്നെ ഒന്നറിയിച്ചേക്ക്…. രൂപാ ഞാന്‍ തരാം.”
“അതാ ഞാന്‍ പറഞ്ഞത്.” മറിയയ്ക്കു ധൈര്യമായി. “രണ്ടുസെറ്റു ബാന്‍ഡ് വേണം.”
ശവസംസ്‌കാരം എത്ര മോടിയാക്കിയാലും മതിയാവില്ല തോമ്മായ്ക്ക്. പൂത്തേടത്തുകാര്‍ അന്തസ്സുള്ള കുടുംബക്കാരാണ്.
മറിയയും മിഖായേല്‍ചേട്ടനും കുഞ്ഞപ്പന്‍നായരും കൊല്ലപ്പണിക്കനും മറ്റു ചേര്‍ന്ന് ആ ഇടുങ്ങിയമുറ്റത്ത് ഒരു ചെറിയ പന്തിലിട്ടു. കുഞ്ഞന്‍പറയനെ അയച്ചു പെട്രോമാക്‌സ് വരുത്തിച്ചതും കറിയായാണ്. അവന്‍തന്നെ കുഞ്ഞന്‍ പറയനെ കൂട്ടിക്കൊണ്ടുപോയി, രാത്രിയില്‍ത്തന്നെ ശവപ്പെട്ടി കൊണ്ടുവരികയും ശവം പെട്ടിയിലാക്കുകയും ചെയ്തു.
പന്തലില്‍ കട്ടില്‍ പിടിച്ചിട്ടു ശവപ്പെട്ടി അങ്ങോട്ടു മാറ്റി. തളന്തന്‍ പീലിപ്പായി അനുതാപത്തിന്റെ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും വ്യാകുലപ്രസംഗം വായിക്കുകയും ചെയ്തു.
രാത്രി പത്തുമണിയായപ്പോള്‍ വലിയവീട്ടിലായ കേറ്റത്തിലെ ഇട്ടിച്ചന്‍ മുതലാളി വന്നു. പരേതാത്മാവിനുവേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ജോയി രാത്രിയില്‍ ഒരിക്കല്‍ക്കൂടെ  വേലക്കാരനുമൊരുമിച്ചു വന്നു.
എല്ലാവരെയും ആകര്‍ഷിച്ച ഒരു കാഴ്ച ഒറ്റക്കൈയെന്‍ ഇക്കോച്ചന്‍ വന്നു ശവത്തിനടുത്തു മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചതാണ്.
പാതിരാ കഴിഞ്ഞപ്പോള്‍ എല്ലാവരും അങ്ങിങ്ങായി വീണുറങ്ങി. വല്യമ്മച്ചി തന്റെ മരുമകനുവേണ്ടി പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു മയങ്ങിപ്പോയി. അകത്തെ മുറിയില്‍ ചുവരുംചാരിയിരുന്നു മറിയ ഉറങ്ങുന്നു. അവളുടെ മടിയില്‍ തല വച്ച് അമ്മിണിയും ഉറക്കംപിടിച്ചിരിക്കുന്നു.
മെഴുകുതിരികളുടെ നാളങ്ങള്‍ നിശ്ചലം എരിഞ്ഞുകൊണ്ടേയിരുന്നു. തോമ്മാമാത്രം പഴയപടി തിണ്ണയില്‍ ഉറങ്ങാതെ ഇരിപ്പുണ്ട്. എന്തു കൊണ്ടെന്നാല്‍ കാവല്‍ക്കാരന്‍ ഉറങ്ങുന്നില്ല; ഉറക്കം തൂങ്ങുന്നില്ല.
ഉറങ്ങാത്തതായി ഒരാള്‍ക്കൂടി ഉണ്ടായിരുന്നു. മേരി- അവള്‍ പന്തലില്‍ ശവക്കട്ടിലിന്റെ തലയ്ക്കല്‍ അമ്മയുടെ മുഖത്തേക്കു നോക്കിക്കൊണ്ടുതന്നെ ഇരുന്നു. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നില്ല. ഹൃദയം പിളരുമ്പോള്‍ കണ്ണുനീരിന് എന്തു വിലയാണുള്ളത്.
അമ്മച്ചി ഉറങ്ങിക്കോ…. ഇനി ഒരിക്കലും അമ്മയെ ആരും ദുഃഖിപ്പിക്കുകയില്ല…. ഉറക്കത്തില്‍ വിളിച്ചുണര്‍ത്തുകയുമില്ല. അവളുടെ ഹൃദയം തന്നെത്താന്‍ പറയുകയാണെന്നു തോന്നി. അവളുടെ അധനങ്ങള്‍ ചലിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ പറയുന്നതെന്തെന്ന് അവള്‍ കേള്‍ക്കുന്നില്ലായിരുന്നു…. അവളുടെ സുബോധം നശിച്ചിരുന്നു…. “അമ്മച്ചിയുടെ പൊന്നുമോളെ ഇട്ടേച്ചു പോവുകയാണോ? എന്നെ ഇനി ആരുനോക്കുമമ്മേ? ഒന്നു പറഞ്ഞേ…. കോഴിക്കുഞ്ഞിനെ തള്ളക്കോഴി അതിന്റെ ചിറകിന്‍കീഴില്‍ രക്ഷിക്കുന്നതുപോലെ എന്നെ കാക്കയും പരുന്തും പുള്ളും റാഞ്ചിക്കൊണ്ടുപോകാതെ രാപ്പകല്‍ സൂക്ഷിച്ച എന്റെ പൊന്നമ്മച്ചീ… ഒന്നു പറഞ്ഞേ, ഇനി ഞങ്ങള്‍ക്കാരുണ്ട്… എന്റെ പാവപ്പെട്ട അപ്പനെ രക്ഷിക്കാനാരുണ്ട്? അപ്പനെത്രവഴക്കുപറഞ്ഞാലും കെറുവിക്കാത്ത അമ്മച്ചി… അമ്മച്ചി കാണുന്നില്ലേ അപ്പനിരിക്കുന്ന ഇരുപ്പ്…. അമ്മച്ചിയുടെ സുഖക്കേടിന് അപ്പന്‍ മരുന്നുവാങ്ങാന്‍ പോകുന്നപോള്‍ തടഞ്ഞിട്ട്, 'എനിക്കു മരുന്നുവേണ്ട…. ആ കാശുംകൂടിട്ട് എന്റെ കുഞ്ഞിന് ഒരു മാല തീര്‍പ്പിക്കണം' എന്നു പറയുമായിരുന്ന അമ്മച്ചീ… എന്റെ കഴുത്തില്‍ ഒരു മിന്നു വീഴുന്നതുകാണാന്‍, ജീവിതത്തിലെ ആ ഒരേ ഒരു സന്തോഷത്തിനുവേണ്ടി, നോമ്പുനോറ്റു കാത്തു കാത്തിരുന്ന അമ്മച്ചീ…. എന്തിനാണിത്ര പെട്ടെന്ന്, ഒരു വാക്കു പറയാതെ, ഒരു ദിവസംപോലും സുഖക്കേടായി കിടക്കാതെ, ഇത്ര നേരത്തേ പൊയ്ക്കളഞ്ഞതെന്തിന്? എന്നോടു കെറീച്ചാണോ…. ആണോ? എന്നോട് എന്റെ അമ്മച്ചി ഒരിക്കലും കെറീച്ചിട്ടില്ലല്ലോ… അമ്മേ…. എന്നെ ഒന്നു നോക്കിക്കേമ്മേ…. ഒന്നുമാത്രം…. പിന്നൊരിക്കലും  നോക്കണ്ടാ….. ഒന്നു കണ്ണുതുറന്നേമ്മേ….. അമ്മേ….ഓ…. അമ്മച്ചീ മിണ്ടുകയില്ല…. കണ്ണുതുറക്കുകയില്ല….. ഒന്നും പറഞ്ഞാല്‍ കേള്‍ക്കുകയില്ല…. എന്റെ അമ്മച്ചി കെറീച്ചാണ്. മറിയച്ചേടിത്തിയുടെ കവണീം പുതച്ചു പള്ളീല്‍പ്പോവാണോ? അമ്മച്ചിക്കെന്തു കൊതിയായിരുന്നു പള്ളീല്‍ പോകാന്‍…അമ്മച്ചി അങ്ങങ്ങ് ആകാശമോക്ഷത്തിലെ പള്ളിയില്‍ കര്‍ത്താവിന്റെ പെരുന്നാളുകൂടാന്‍ പോവുകയാണ്…ഇപ്രവാശ്യംമാത്രം ആരെയും കൂടെ കൊണ്ടുപോവുകയില്ല. ഒറ്റയ്ക്കു പോവുകയാണ്….അങ്ങങ്ങു ദൂരെ..വിളികേള്‍ക്കാത്തിടത്ത്….നോട്ടം എത്താത്തിടത്ത്… ഒരു പേടിയും ഇല്ലല്ലോ ഈ അമ്മച്ചിക്ക്..ഉം പൊയ്‌ക്കോ….ആര്‍ക്കു ചേതം? എനിക്കുവേണ്ടി അമ്മച്ചി നേര്‍ന്ന നേര്‍ച്ചകള്‍ കൊടുക്കാന്‍ എന്നെ കൂട്ടിക്കൊണ്ട് ഏഴു പള്ളികളില്‍ പോകാമെന്നു പറഞ്ഞിട്ട്….അമ്മച്ചിപൊയ്ക്കളയുകയാണ്…ഇല്ലേ! പൊയ്‌ക്കോ എല്ലാം മറന്നിട്ട്…എന്റെ കല്യാണം കൂടാതെ…അമ്മേ…ഒന്നു വിളികേട്ടേമ്മേ…”
“മോളെ…മേരിമ്മേ..” മകളുടെ പതംപറച്ചില്‍ കേട്ട് ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ട് ഇളംതിണ്ണയിലിരിക്കുന്ന തോമ്മാ വിളിച്ചു.
“എന്റെ അമ്മച്ചി എന്നോടു കെറുവിക്കരുത്… ഞാനൊരു തെറ്റും ചെയ്തിട്ടില്ല. സ്വര്‍ഗ്ഗത്തിലിരുന്ന് അമ്മ സന്തോഷിക്കും…”
“മോാളെ!” തോമ്മാ കുറെക്കൂടെ ഉച്ചത്തില്‍ വിളിച്ചു.
“അപ്പാ!” ഉറക്കത്തില്‍ നിന്നു പെട്ടെന്ന് ഉണര്‍ത്തിയിട്ടെന്നപോലെ മേരി വിളികേട്ടു. “അപ്പാ…എന്നെ വിളിച്ചോ?”
മതി മോളെ പതം പറഞ്ഞത്…മതി… എനിക്കു സഹിക്കവയ്യ…നീ കിടന്നുറങ്ങിക്കോ…ഇങ്ങനെ ഒറക്കെളച്ചിരുന്നാല്‍ എന്റെ മോക്കു വല്ല സൂഖക്കേടും ഒണ്ടായേക്കും…പോയി ശകലം വെള്ളം എടുത്തോണ്ടുവാ. “അപ്പനു വയറ്റിലൊരുപരവേശംപോലെ.”
മേരി എണീറ്റു. അടുക്കളയിലെ മണ്‍കുടത്തില്‍ തറതി വെള്ളം നിറച്ചു മൂടിവച്ചിട്ടുണ്ടായിരുന്നു…അപ്പനു കുളിക്കാന്‍…കുടുവന്‍ ചട്ടിയില്‍ വെള്ളവുമായി അവള്‍ അപ്പന്റെ അടുത്തെത്തി. അയാളതു വാങ്ങി ഒറ്റമോന്തിനു കുടിച്ചു.
അവള്‍ മുട്ടുകുത്തി അപ്പന്റെ അടുത്തിരുന്നു- അവള്‍ അപ്പന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. മുമ്പൊരിക്കലും കരഞ്ഞിട്ടില്ലാത്തവിധം.
“അപ്പാ! അപ്പനെന്നോടു കെറുവിക്കുമോ?”
“ഞാനോ?”
അവള്‍ നരച്ചമീശയുള്ള ആ മുഖം അവളുടെ കൈപ്പത്തികള്‍കൊണ്ടു തിരിച്ചിട്ടു പറഞ്ഞു: “എന്റെ കണ്ണിലേക്കൊന്നു നോക്കിക്കേ അപ്പാ…അപ്പനെന്നെ കണ്ടിട്ട് എത്രനാളായി…അപ്പന്‍ കൊച്ചുന്നാളില്‍ എനിക്കെന്തുമാത്രം ഉമ്മതന്നിട്ടുണ്ട്…എനിക്കൊരുമ്മതരില്ലേ അപ്പാ ഒരു പൊന്നുമ്മ….കുഞ്ഞുനാളിലെക്കൂട്ട്….അപ്പാ…”
അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ചു. അപ്പോള്‍ അവളുടെ കണ്ണുകളില്‍നിന്നും ആറുപോലെ കണ്ണുനീര്‍ കുടുകുടെന്നൊഴുകി. അയാളുടെ കണ്ണുകളും നിറഞ്ഞു. അപ്പന്റെയും മകളുടെയും കണ്ണുനീര്‍ത്തുള്ളികള്‍ ഒന്നിച്ചു ചേര്‍ന്ന് ആ നരച്ചമുഖത്തെ നനച്ചു...അവള്‍ പയ്യെ തളര്‍ന്നുതളര്‍ന്ന് അയാളുടെ കൈകളില്‍ വീണു….അവളുടെ ശിരസ് അയാളുടെ മടിയില്‍ വന്നു…മുഖത്തു വെള്ളം തളിച്ചു….അവള്‍ കണ്ണു തുറന്നു…
“മോളേ!”
“അപ്പാ, നമ്മുടെ അമ്മച്ചിയെന്തിയേ?”
മാലാഖമാരുടെ നാട്ടിലേക്കു പോയി…. അവളുടെ ദുഃഖം തീര്‍ന്നു…..നീ കരയാതെ…നീ കരഞ്ഞാല്‍ ഞാനും കരയും…”
പക്ഷേ, മേരി ഒന്നുകൂടെ ഉറക്കെ കരയുകയാണ് ചെയ്തത്.
“ഒരൊറ്റ സങ്കടമേ ഉള്ളൂ മോളെ.” അയാള്‍ പറഞ്ഞു: “നിന്റെ കഴുത്തില്‍ ഒരു ചരടു വീഴുന്നതു കണ്ടേച്ചു മരിക്കാന്‍…അവള്‍…എന്റെ തറതി എന്തുമാത്രം ആശിച്ചിരുന്നു….എന്നോട് അവള്‍ ഇതുപറയാത്ത രാത്രികളില്ല…”
മേരിയുടെ കരച്ചില്‍ കേട്ടു മറിയ ഉണര്‍ന്നു. കുറിയോണ്ടു നിലത്തു വിരിച്ച് അതിന്മേല്‍ അമ്മിണിയെക്കിടത്തിയിട്ട് അവള്‍ തിണ്ണയിലേക്കു വന്നു. മേരിയെ പിടിച്ചെണീല്പിച്ചു.
“നമ്മളെല്ലാം മരിക്കും മോളെ.” അവര്‍ പറഞ്ഞു: “തെര്‍ത്ത്യാമ്മ പാവം നേരത്തെപോയി എന്നേയുള്ളൂ… എത്ര കരഞ്ഞാലും മോടെ അമ്മ ഇനി തിരിച്ചുവരില്ല…. ദൈവം തമ്പുരാന്‍ നിന്റെ മനസ്സിനു സമാധാനം തരട്ടെ….വാ. വന്നു കിടക്ക്…”
“ഞാനിന്നുംകൂടെ എന്റെ അമ്മച്ചിയുടെ കൂടെ ഇരിക്കട്ടെ.” മേരി പറഞ്ഞു. അവള്‍ വീണ്ടും പന്തലില്‍ ചെന്ന് ആ ശവക്കട്ടിലില്‍ കൈകളും മുഖവും അര്‍പ്പിച്ചുകൊണ്ടിരുന്നു. ഇരുന്നു മയങ്ങിക്കാണും.
നേരംപുലര്‍ന്ന് എട്ടുമണിക്കുമുമ്പേ കുരിശുകളും കുടകളും മറ്റു പള്ളി സാമാനങ്ങളും ബാന്‍ഡുസെറ്റുകാരും വന്നു. പാവം കറിയാ വളരെ പാടുപെട്ടു. അവന്‍ ആ മൃതദേഹത്തില്‍ ഒരു പുഷ്പചക്രം അര്‍പ്പിച്ചു.
ആ ശവസംസ്‌കാരഘോഷയാത്രയില്‍ വലിയവീട്ടിലെ ജോയിയും ഉണ്ടായിരുന്നു. ശവമഞ്ചം ചുമന്നവരില്‍ കറിയായും ഒറ്റക്കൈയന്‍ ഇക്കോച്ചനും ഉള്‍പ്പെട്ടു. വളരെയേറെ ആളുകള്‍ ആ ശവമഞ്ചത്തെ അനുഗമിച്ചു. വൈദികന്‍  കാര്‍മ്മികവേഷങ്ങളെല്ലാം അണിഞ്ഞു മുമ്പേ നടന്നു. അദ്ദേഹം വേദമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടിരുന്നു. പിമ്പേ നടന്നവര്‍ ഉച്ചത്തില്‍ ജപമാലചൊല്ലി. ഇടയ്ക്കിടയ്ക്ക് മരണബാന്‍ഡുകാര്‍ ശോകനിര്‍ഭരങ്ങളായ ട്യൂണുകള്‍ ആലപിച്ചു.
വളരെ സുന്ദരമായ പ്രഭാതമായിരുന്നു. ആകാശത്തില്‍ അങ്ങിങ്ങായി വെള്ളിമേഘങ്ങള്‍ ശവക്കച്ചകള്‍മാതിരി കാണപ്പെട്ടിരുന്നു. നാട്ടുമ്പുറം ശാന്തവും സ്വച്ഛവുമായിരുന്നു.
മിഖായേല്‍ ചേട്ടന്‍ നേരത്തേ കുഴിച്ചിരുന്ന കുഴിയുടെ  വക്കത്തു മഞ്ചം വയ്ക്കപ്പെട്ടു. വൈദികന്‍ അന്തിമമായ പ്രാര്‍ത്ഥന ചൊല്ലി. തോമ്മാ തന്റെ തറതിയുടെ മൃതമായ മുഖത്ത് അവസാനത്തെ ചുംബനം അര്‍പ്പിച്ചു കണ്ണുനീര്‍ത്തുള്ളികള്‍ക്കൊണ്ടാണ് അയാള്‍ അവള്‍ക്കു റീത്തു സമര്‍പ്പിച്ചത്.
ശവമഞ്ചം കയറില്‍ക്കെട്ടി നാലഞ്ചടി താഴ്ചയുള്ള  കുഴിയിലേക്ക് ഇറക്കപപെട്ടു. 'മനുഷ്യാ നീ പൊടിയാകുന്നു, പൊടിയിലേക്കു പിന്തിരിയും' എന്ന വേദവാക്യം ഉച്ചരിക്കപ്പെട്ടു.
ആ കുഴി മൂടപ്പെട്ടു. ഒരു മണ്‍കൂന ഉയര്‍ന്നു.
അവള്‍ നശ്വരതയില്‍നിന്ന് അനശ്വരതയിലേക്കു പ്രവേശിച്ചു.
ഇതുപോലൊരു പ്രഭാതത്തിലായിരുന്നു പണ്ട് പണ്ട്, സുന്ദരിയായ ഒരു യുവതിയായിരുന്ന അവളുടെ കഴുത്തില്‍ അയാള്‍ മിന്നുകെട്ടിയത്. 'ദയാപരനായ കര്‍ത്താവേ!' അയാളുടെ ഹൃദയം മന്ത്രിച്ചു. 'സ്വര്‍ഗ്ഗത്തിലെ പുറമ്പോക്കിലെങ്കിലും എന്റെ തറതിക്ക് ഒരിടം കൊടുക്കണേ…. ഞാന്‍ മരിച്ചുകഴിഞ്ഞ് വീണ്ടും എന്റെ തറതിയുടെ അടുത്തെത്തും… അന്നു സ്വര്‍ഗ്ഗത്തില്‍ എന്റെ തറതി ഇല്ലെങ്കില്‍, അവളില്ലാത്ത സ്വര്‍ഗ്ഗം എനിക്കുവേണ്ട… എന്റെ കര്‍ത്താവേ!'
അങ്ങനെ തോമ്മായുടെ ജീവിതത്തിലെ ഒരദ്ധ്യായംകൂടെ അവസാനിച്ചു. തന്റെ മകന്റെ പുറപ്പെട്ടുപോക്ക്. അത് അതിനുമുമ്പത്തെ അദ്ധ്യായമായിരുന്നു. അതിനുശേഷമാണ് തോമ്മാ ഇത്രകണ്ടു വൃദ്ധനായത്.
പൂര്‍ത്തിയാവാന്‍ ഇനിയും കിടക്കുന്നു അദ്ധ്യായങ്ങള്‍. അവയെയും കൂടി മുഴുമിപ്പിക്കണം. കടമകള്‍ അവസാനിക്കുന്നില്ല. വിയര്‍പ്പുതുള്ളികള്‍ ഇനിയും അവശേഷിക്കുന്നു.
തറതിയുടെ കാര്യം ഓര്‍ത്തിട്ട് അയാള്‍ക്കു അസൂയതോന്നിപ്പോയി…. അവളിനി ക്ലേശിക്കേണ്ട… പാവപ്പെട്ടവര്‍ക്ക് ഏകശരണം മരണമാണല്ലോ. അതുവരെ കുരിശുകള്‍ ചുമക്കണം. ഒരിക്കലും വിശ്രമമില്ല.
പിറ്റേന്നു വെളുപ്പിനേതന്നെ പാറതല്ലുന്ന ചുറ്റികയുമായി അയാള്‍ ജോലിസ്ഥലത്തേക്കു പോയി. ഓര്‍മ്മകളുമായി ഒരിടത്തിരുന്നു കരയാന്‍ അയാള്‍ക്ക് അനുവാദമില്ല. എങ്കിലും പൊള്ളുന്ന വെയിലത്തിരുന്ന് അയാള്‍ തല്ലിപ്പൊട്ടിക്കുന്ന ചെറിയ പാറക്കഷണങ്ങളില്‍ ഇടയ്ക്കിടയ്ക്ക് അയാളുടെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ത്തുള്ളികള്‍ ഉരുണ്ടുവീണ് ക്ഷണനേരംകൊണ്ട് അപ്രത്യക്ഷങ്ങളായിക്കൊണ്ടിരുന്നു.
പുറമ്പോക്കു കോളനിയില്‍ മരണം, പ്രസവം, അടിപിടി, ഗര്‍ഭച്ഛിദ്രം, കൊലപാതകം ഇവയൊന്നും അത്രവലിയ  സംഭവങ്ങളല്ല.
ജീവിതചക്രം പഴയപടി, ഉരുണ്ടുകൊണ്ടേയിരുന്നു.
യൂക്കാലിസ്പ് കറിയായും കടുക്കാമറിയയും തള്ളയില്ലാത്ത ആ കുഞ്ഞുങ്ങളെ മേരിയേയും അമ്മിണിയേയും-ആവുംവിധം ആശ്വസിപ്പിച്ചു…. അക്കച്ചേടിത്തിയും അവര്‍ക്കു വേണ്ടുന്ന ഉപകാരങ്ങളെല്ലാം ചെയ്തു. വല്യമ്മച്ചിക്കു കറിയാ പിന്നെയും കറുപ്പു വാങ്ങിക്കൊണ്ടു കൊടുത്തു. ആ വൃദ്ധ ഒരിക്കല്‍കൂടി ആ നല്ല സമരിയാക്കാരനെ ഹൃദയപൂര്‍വ്വം അനുഗ്രഹിച്ചു.
“മേരീ, ഞാന്‍ നമ്മുടെ കെട്ടിടം പൂര്‍ത്തിയാക്കിയിട്ടേ ഇനി വരൂ.” കറിയാ മേരിയോടു പറഞ്ഞു. “സമാധാനമായിരിക്ക്. നിനക്ക് ഞാനുണ്ട്. നിങ്ങളെ എല്ലാവരേയും ഈ പുറമ്പോക്കിലെ അടിമത്തില്‍ നിന്ന് അങ്ങോട്ടു കൊണ്ടുപോകുവാനാണുദ്ദേശിക്കുന്നത്, ഞാന്‍ പോയിവരട്ടെ.”
“ഉം.” അവള്‍ മൂളി.
അവന്‍ സമാധാനമായി പോയി.
ദിവസങ്ങള്‍ നീങ്ങി.
എല്ലാം മറന്നുപോയി. ജോയിയെ ഇതുവരെ കണ്ടില്ല. ദുഃഖിച്ച് എത്ര നാളെന്നുവച്ചാണിരിക്കുന്നത്? ഒളിക്കാനാവാത്തവിധം അവളുടെ ഉദരം വളരുന്നതിനുമുമ്പ് അദ്ദേഹത്തെ കാണണം. അവളുടെ അമ്മയുടെ ശവസംസ്‌കാരകര്‍മ്മത്തില്‍ പദവിയും അന്തസ്സും നോക്കാതെ ജോയിയും അദ്ദേഹത്തിന്റെ അപ്പനും അമ്മയും എല്ലാം ആത്മാര്‍ത്ഥമായി സഹകരിച്ചു. സഹായിച്ചു.
അവളുടെ രഹസ്യം  അദ്ദേഹം ഇനിയും അറിഞ്ഞിട്ടില്ല. അറിയിക്കാന്‍ ഇനി അമാന്തിച്ചുകൂടാതാനും.
മുറ്റത്തെ കൊച്ചു പന്തല്‍ പൊളിച്ചിട്ടില്ല.
തറതി മരിച്ചതിന്റെ എട്ടാംപക്കം രാവിലെ അക്കത്തള്ള വന്ന് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. മേരി കേള്‍ക്കെ തോമ്മായോട് അവരുടെ മകന്‍ മത്തായിക്കുഞ്ഞ് നാളെ രാവിലെ  ഇവിടെ എത്തുമെന്ന്.
“അതിനെന്താ വരട്ടെ.” തോമ്മാ പറഞ്ഞു. “കല്യാണം നടത്തണം.”
“അതു കേട്ടാ മതി.” അക്കത്തള്ളയ്ക്കു തൃപ്തിയായി.
തോമ്മാ ചുറ്റികയുമായി പണിസ്ഥലത്തേക്കുപോയി.
നാളെ മാത്തുക്കുട്ടി വരുമെന്ന്. ഇനി താമസിക്കാന്‍ പാടില്ല.
ഉച്ചതിരിയാന്‍വേണ്ടി മേരി അക്ഷമയോടെ കാത്തിരുന്നു.
ഉച്ചതിരിഞ്ഞനേരം സായാഹ്നത്തിലേക്കു നീങ്ങുകയായിരുന്നു. അവള്‍ അമ്മിണിയുടെ നെറ്റു തോളത്തിട്ടുകൊണ്ടു പുറപ്പെട്ടു. വലിയ വീട്ടിലേക്ക്. ജോയിച്ചനെ കാണാന്‍ ആ രഹസ്യം അറിയിക്കാന്‍
മനോഹരമായ സായാഹ്നമായിരുന്നു.



കരകാണാക്കടല്‍ -17 (നോവല്‍: മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക