നേതാജി സുഭാഷ് ചന്ദ്രബോസ്. ഒറീസസ്സയിലെ കട്ടക്കില്‍ വേരുകള്‍ താണ്ടി കല്‍ക്കത്തയുടെ ആകാശങ്ങളില്‍ പന്തലിച്ച കുടുംബം. 1897 ജനുവരി 23ന് കട്ടക്കില്‍ ജനിച്ചു. കട്ടക്ക് അന്ന് ബ്രിട്ടീഷ് ഇന്‍ഡ്യയുടെ കീഴിലുള്ള ബംഗാള്‍ പ്രൊവിന്‍സിലെ ഒറീസ്സ ഡിവിഷനിലായിരുന്നു. ബാല്യവും യൗവ്വനവും കടന്ന് കല്‍ക്കത്തയുടെ മേയറും പിന്നീട് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായി. സ്വതന്ത്ര ഇന്‍ഡ്യയിലായിരുന്നു നേതാജിയുടെ ലക്ഷ്യം. വെറും മോഹമല്ലായിരുന്നു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ ആത്മദാഹമായിരുന്നു. അതിന് വേണ്ടിയുള്ള ഗാന്ധിജിയുടെ സമരമാര്‍ഗ്ഗത്തോടും കോണ്‍ഗ്രസ് ഹൈക്കാമാന്റിന്റെ നിലപാടിനോടും യോജിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നേതാജി നേതൃത്വനിരയില്‍ നിന്നും പിന്‍തിരിഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 'Release me or I shall refuse' എന്ന മുദ്രവാക്യം ഉയര്‍ത്തി ബോസ് ജയിലില്‍ തുടങ്ങിയ നിരാഹാരസത്യാഗ്രഹം അദ്ദേഹത്തിന്റെ ജീവനെടുക്കും എന്ന സ്ഥിതി വന്നപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബോസിനെ കല്‍ക്കത്തയില്‍ എല്‍ജിന്‍ റോഡിലെ തന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് മാറ്റി വീട്ടുതടങ്കലിലാക്കി.
രണ്ടാം ലോകമഹായുദ്ധകാലഘട്ടം. നിരാഹാരം കൊണ്ടും പലവിധ രോഗങ്ങളാലും ആ 43കാരന്‍ ശാരീരികമായി തകര്‍ന്നിരുന്നു. ഗാന്ധിജിയുടെ സമരമാര്‍ഗ്ഗവുമായി അദ്ദേഹം മാനസികമായി അകന്നു കഴിഞ്ഞു. വിശാലമായ തന്റെ വീട്ടിലെ കിടപ്പുമുറിയുടെ, തന്റെ പിതാവ് ജാനകിനാഥ് ബോസ് കിടന്നു മരിച്ച അതെ മുറിയുടെ, നാല് ഭിത്തികള്‍ക്കുള്ളില്‍ കിടന്നും നടന്നും അച്ഛന്റെ ആത്മാവിനെ സാക്ഷി നിറുത്തി ഇന്‍ഡ്യയുടെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുത്തന്‍ വഴികള്‍ തേടുകയായിരുന്നു നേതാജി. തന്റെ കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയാല്‍ തെരുവിനപ്പുറം ഉറങ്ങാത്ത കണ്ണുകളുമായി കാവല്‍ മാടം, തോക്കേന്തിയ പോലീസുകാര്‍. പരസഹായത്തിന് അമ്മയെ കൂടാതെ തന്റെ കസിന്‍ ശര്‍മ്മിളബോസും സഹോദരപുത്രനും കോളേജ് വിദ്യാര്‍ത്ഥിയുമായ ശിശിര്‍കുമാര്‍ ബോസും.
തീപിടിച്ച ചിന്തകളോടെ മാസങ്ങള്‍ കടന്നുപോയി. പുറത്തു കടക്കുവാനുള്ള പദ്ധതി ശിശിര്‍കുമാറിലൂടെ ആസൂത്രണം ചെയ്തു. ഒരു ദിവസം മുറിലേക്ക് മിയാന്‍ അക്ബര്‍ ഷാ എന്ന് പേരുള്ള ഒരു അഫ്ഗാന്‍കാരന്‍ കടന്നു വന്നു. പാക്കിസ്ഥാനിലൂടെ കാബൂളിലെത്തി അവിടെനിന്നും റഷ്യയിലേക്ക് കടക്കുവാനുള്ള പദ്ധതിയുമായിട്ട്. മിയാന്‍ അക്ബര്‍ ഷാ ബോസിന് യാത്രാ പദ്ധതികള്‍ വിവരിച്ചുകൊടുത്തു. അക്ബര്‍ ഷായുടെ നിര്‍ദേശപ്രകാരം ബോസ് ഒരു മുസല്‍മാനെപ്പോലെ താടിവളര്‍ത്തി. അഫ്ഗാന്‍ ആചാരമര്യാദകള്‍ പഠിപ്പിച്ചു. കല്‍ക്കത്ത മാര്‍ക്കറ്റില്‍ പോയി പഠാണികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങികൊണ്ടുവന്നു. തീയതിയും നിശ്ചയിച്ചു. മുഹമ്മദ് സിയ ഉദിന്‍ എന്ന പേരാണ് അക്ബര്‍ ഷാ നേതാജിക്ക് നല്‍കിയത്. പുകയുന്ന മനസ്സുമായി ദിവസങ്ങള്‍ തള്ളിനീക്കി.
1941 ജനുവരി 17ന് പുലര്‍ച്ചെ 1.35ന് ആയിരുന്നു ആ പലായനം. വിവരം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. സഹോദരപുത്രനും സഹയാത്രികനും ആയിരുന്ന ശിശിര്‍കൂമാര്‍ ബോസും കസിന്‍ ശര്‍മ്മിളയും മാത്രമാണ് എല്ലാ മറഞ്ഞിരുന്നത്. അന്ന് പതിവിന് വിപരീതമായി എല്ലാവരുമൊത്ത് അത്താഴം കഴിച്ചു. അമ്മ പ്രഭാവതി മകന്‍ സുഭാഷിന് വിളമ്പികൊടുത്തത് അമ്മ മകന് നല്‍കിയ അവസാന അത്താഴമായിരുന്നു എന്ന് ആ പാവം അമ്മ അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ 1.35ന് വീട് മുഴുവന്‍ ഉറങ്ങിയപ്പോള്‍, തെരുവിനപ്പുറത്തെ കാവല്‍ മാടത്തിലെ കാവല്‍പട്ടാളം ഒന്ന് കണ്ണു ചിമ്മിയപ്പോള്‍ മുറ്റത്ത് കിടന്നിരുന്ന വാണ്ടറര്‍ കാര്‍-BLA 7169 പുറത്തേക്ക് പോയി. അതിന്റെ പിന്‍സീറ്റില്‍ മുഹമ്മദ് സിയഉദ്ദിനായി നേതാജി ഇരുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെട്ട് കുറെദൂരം കഴിയുന്നതുവരെ നേതാജി കാറിന്റെ വാതില്‍ അടക്കാതെ തുറന്നു പിടിച്ചിരുന്നു. ഇത് എന്തിനാണ് എന്ന് ചോദിച്ച ശിശിറിനോട് അദ്ദേഹം പറഞ്ഞു: “കാര്‍ പോകുന്ന ശബ്ദം ആരെങകിലും കേട്ടാല്‍തന്നെ വാതില്‍ രണ്ടുതവണ അടക്കുന്നത് കേള്‍ക്കരുത്. ഒരു തവണമാത്രം അടഞ്ഞ ശബ്ദം കേട്ടാല്‍ നീ തനിച്ച് പോയതാണെന്ന് കരുതിക്കോളും.”
ഉറങ്ങിക്കിടന്ന ചൗരംഗി തെരുവിലൂടെ കാലം പല ഭാവത്തില്‍ വഴി നടന്ന ഹൗറപ്പാലവും കടന്ന് ചരിത്രപ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡിലേക്ക് കയറി ബിര്‍ഭൂമിന്റെ ഇരുളിലൂടെ കാര്‍ ഗോമോവ് റയില്‍വേസ്റ്റേഷനിലെത്തി. അവിടെനിന്നും കല്‍ക്കത്ത- ഡല്‍ഹി മെയിലില്‍ കയറി അദ്ദേഹം മറഞ്ഞു. പിന്നീട് രാജ്യം അദ്ദേഹത്തെ ജീവനോടെയൊ അല്ലാതെയൊ കണ്ടിട്ടില്ല.
ഇന്‍ഡ്യയുടെ പൂര്‍ണ്ണ സ്വാതന്ത്രയത്തിന് വേണ്ടി ഏത് ചെകുത്താനുമായും കൈ കോര്‍ക്കുക എന്ന ദൃഢനിശ്ചയത്തോടെ ഇന്‍ഡ്യന്‍ നാഷ്ണല്‍ ആര്‍മി(INA)യിലേക്കുള്ള പ്രവേശനവും പ്രവര്‍ത്തനവും, 1945 ഓഗസ്റ്റ് 18-#ാ#ം തീയതി തൈവാനില്‍ വച്ചുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് അവിടത്തെ ജാപ്പനീസ് മിലിട്ടറി ഹോസ്പിറ്റലില്‍ വച്ചുള്ള മരണവും, ടോക്യോയിലുള്ള റെന്‍കോളി(Renkoji) ടെമ്പിളില്‍ ഇന്നും സൂക്ഷിക്കുന്ന ശരീരാവിഷ്ടങ്ങളും എല്ലാം പിന്നീടുള്ള ചരിത്രം, നേതാജി മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന അഥവാ ആ ഗര്‍ജ്ജിക്കുന്ന സിംഹംമരിച്ചു എന്ന് വിശ്വസിക്കാന് ഇഷ്ടപ്പെടാത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന ഭാരതത്തില്‍ നമുക്കും വിശ്വസിക്കാം നേതാജി സുഭാഷ് ചന്ദ്രബോസിന് മരണമില്ല എന്ന്.