Image

കരകാണാക്കടല്‍ -18 (നോവല്‍: മുട്ടത്തുവര്‍ക്കി)

മുട്ടത്തുവര്‍ക്കി Published on 09 June, 2014
കരകാണാക്കടല്‍ -18 (നോവല്‍: മുട്ടത്തുവര്‍ക്കി)
18. സ്വപ്നങ്ങളുടെ വെണ്ണക്കല്‍പ്പടവിങ്കല്‍
കടുക്കാമറിയ ഒരു പഴുത്ത കൈതചക്ക ചെത്തിക്കൊണ്ടു മുറ്റത്തു നില്‍ക്കുകയായിരുന്നു. അവള്‍ മേരിയെ കണ്ടു.
“മേരിമ്മേ എങ്ങോട്ടു പോണു? വാ കേറിവാമ്മാ.” തള്ളയില്ലാത്ത ആ പെണ്ണിനോട് മറിയയ്ക്ക് എന്തു സ്‌നേഹമാണെന്നോ! മേരിയുടെ ഒരു രണ്ടാനമ്മയാകാന്‍ അവള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു കൊച്ചുകിനാവു സൂക്ഷിക്കുന്നുണ്ട്. ഇണയറ്റ പക്ഷിയെപ്പോലെ വേദനതിന്നുകൊണ്ടു നടക്കുന്ന ആ മനുഷ്യനോട് എങ്ങനെ ആ രഹസ്യം പറയും? പറയണം വരട്ടെ, മേരിയുടെ കല്യാണം കഴിയട്ടെ.
മേരി കയറിച്ചെന്നു. കൈതച്ചക്കയുടെ ഒരു കോന്ത് അവള്‍ മേരിക്കു കൊടുത്തു. നല്ല മധുരമായിരുന്നു. കുറെനാളായി മധുരം അവള്‍ക്കിഷടമാണ്. മുമ്പു പുളിയോടായിരുന്നു പ്രിയം.
“എങ്ങോട്ടു പോവാടീ?”
“വലിയവീടുവരെ.”
“പോകണം. തെര്‍ത്ത്യാമ്മയുടെ ശവമടക്കിന് അവര്‍ വീടടച്ചുവന്നില്ലേ… വല്യകാശുകാരാണെന്ന ഒരു പൊണ്ണക്കാര്യോം അവര്‍ക്കില്ല കേട്ടോ…. ശകലംകൂടെ വേണോ മോളെ! ഇന്നാ….” ഒരു കഷണം കൈതച്ചക്ക കൂടെ മേരിക്കു കൊടുത്തുകൊണ്ടു മറിയ തുടര്‍ന്നു: “പുളിയന്‍ മാങ്ങായൊണ്ട്, വേണോടീ?”
“വേണ്ട ചേടിത്തീ.” കൈതച്ചക്ക ആര്‍ത്തിയോടെ തിന്നുകൊണ്ടു മേരി പറഞ്ഞു. മറിയയും ഒരു പൂളു തിന്നുന്നുണ്ടായിരുന്നു. കൈതച്ചക്കയുടെ നീരും അവളുടെ ചട്ടയില്‍ വീണു. അറിഞ്ഞില്ല.
“കേട്ടോ അവര്‍ക്കു പത്തുമുപ്പതു രൂപാ ആയിക്കാണും.” മറിയ തുടര്‍ന്നു. “അവര്‍ക്കതു വല്യകാര്യമല്ലേലും, നമുക്കു വലുതല്ലേ മോളെ. വേറെ ഏതു മുതലാളിയാ പാവങ്ങള്‍ക്കിങ്ങനെ ഒരുപഹാരം ചെയ്യുന്നത്…. അതുകൊണ്ടു നീ പോകണം…. എന്തു മോളെ, നാളെ പട്ടാളക്കാരന്‍ വരുന്നെന്നു കേട്ടല്ലോ.”
“വരട്ടെ. അതിനെന്താണ്?”
“എന്റെ അവിപ്രായം നിനക്കു പട്ടാളക്കാരന്‍ മതിയെന്നാ.” മറിയ പറഞ്ഞു. തറതി മരിക്കുന്നതിനുമുമ്പുവരെ അവള്‍ക്ക് “ലൂക്കാലിക്കറിയാ”യോടായിരുന്നു ചായ്‌വ്. പെണ്ണുങ്ങളുടെ മനസ്സുമാറുന്ന മാറ്റം മേരിയെ കറിയാ കല്യാണംകഴിച്ചാല്‍ തോമ്മാച്ചേട്ടനുള്‍പ്പെടെ ആ കുടുംബം മുഴുവനും പുറമ്പോക്കില്‍നിന്നു സ്ഥലം വിട്ടുപോകുമെന്നതു തീര്‍ച്ചയാണ്. പിന്നീടു തോമ്മായെ അവള്‍ക്കു കാണാന്‍ സാധിക്കുകയില്ല, അയാളെ അവള്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം, അവളിന്നും യുവതിയാണ്. ജീവിതത്തിന്റെ ആശകള്‍ ഇപ്പോഴും അവളില്‍ പുഷ്പിച്ചു നില്‍ക്കുകയാണ്. തോമ്മായുടെ ധീരതയും കരുത്തേറിയ  ശരീരവും ആണ്, ആ രണ്ടാംതരം പ്രേമത്തിന് ആ വിധവയെ പ്രേരിപ്പിക്കുന്നത്. പക്ഷേ, തറതി മരിക്കണമെന്നു മറിയ ഒരിക്കലും ആശിച്ചിരുന്നില്ല. മരിച്ച സ്ഥിതിക്ക് നീങ്ങികിട്ടി എന്നേയുള്ളൂ. ഭയങ്കരനായ ആ മനുഷ്യനോട് ആ വിവരം ഒന്നു പറയാന്‍ അവള്‍ക്കൊരു മടി.
“ചേടിത്തീ!” മേരി തിക്കുംപൊക്കും നോക്കിക്കൊണ്ടു പറഞ്ഞു. “എനിക്കു പട്ടാളക്കാരനേം വേണ്ട…. യൂക്കാലിപ്‌സ്‌കാരനെയും വേണ്ട. ആ വിവരം എനിക്ക് അപ്പനോടു പറയാനൊരു പേടി.”
“നീ ചുമ്മാ വല്ലോമൊക്കെ പറയാതെടീ മേരിക്കുട്ടി. ദൈവനിശ്ചയത്തെ തടുക്കാനൊക്കുമോ?”
“ദൈവനിശ്ചയം വേറെയാ.”
പടിഞ്ഞാറുവശത്തെ റബ്ബര്‍മരങ്ങളുടെ ഇടയില്‍ക്കൂടി വരുന്ന മയമുള്ള രശ്മികള്‍ അവളുടെ തലയിലും കവിളത്തും വയറ്റത്തും ചുട്ടികള്‍ കുത്തി. ഇളംകാറ്റത്ത് അവളുടെ അളകങ്ങള്‍ നെറ്റിയില്‍ക്കിടന്ന് ഓളം തല്ലി.
“നീ ഇന്ന് എന്നാ തിന്നെടി?” മേരിയുടെ ചട്ട പൊക്കി വയറ്റിലേക്ക് നോക്കിക്കൊണ്ടു മറിയ ചോദിച്ചു.
“എന്നാ ചേടിത്തീ, ഉച്ചയ്ക്കു കഞ്ഞികുടിച്ചു.”
“അടിവയറ്റില്‍ ഒരു തടിപ്പുപോലെ.”
മേരി ഒന്നു ഞെട്ടി. അതെന്താണെന്ന് അവള്‍ക്കേ അറിഞ്ഞുകൂടൂ. ആശുപത്രിയിലെ ഡോക്ടര്‍ക്കറിയാം. പിന്നാര്‍ക്കും ഈ ലോകത്തില്‍ ഈ അടിവയറുതടിപ്പിന്റെ രഹസ്യം  അറിഞ്ഞുകൂടാ. പിന്നാര്‍ക്കും ഈ ലോകത്തില്‍ ആ അടിവയറുതടിപ്പിന്റെ രഹസ്യം  അറിഞ്ഞുകൂടാ.  ഒരാള്‍ അറിഞ്ഞു. അവളുടെ അമ്മ, പാവപ്പെട്ട അമ്മ, ആ അമ്മ ഒന്നും അറിയാത്തഭാവത്തില്‍ പള്ളിസിമിത്തേരിയിലെ കുഴിമാടത്തില്‍ കിടക്കുന്നു. അവളുടെ കല്യാണത്തിന് ഒരു ദിവസത്തേക്കു മാത്രം ആ അമ്മ എണീറ്റുവന്നിരുന്നെങ്കില്‍ മരിച്ചുപോയ ലാസറെ പുനരുജ്ജിവിപ്പിച്ചവനായ കര്‍ത്താവ് ഒരുത്ഭുതംകൂടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍!
മേരി വയറു കഴിവതും ചൊട്ടിക്കാന്‍ ശ്രമിച്ചു. വയറു ചൊട്ടിയെങ്കിലും ആ തടിപ്പു ചൊട്ടിയില്ല.
മേരിയെ മറിയ ആപാദചൂഡം ഒന്നുനോക്കി. പുതിയ കണ്ണുകള്‍ക്കൊണ്ടു നോക്കുന്നതുപോലെ.
“മോളെ, നിനക്കു വല്ലോം ഒണ്ടോടീ…. ഈ ചേടിത്തിയോടു നേരു തൊറന്നു പറഞ്ഞേക്ക്…. എന്റെ മോളൊന്നും പേടിക്കേണ്ട…”
“എനിക്കൊന്നുമില്ല ചേടിത്തീ.”
“നീയും ആ കറിയായും തമ്മില്‍ വേണ്ടാതീനം വല്ലോം കാണിച്ചിട്ടൊണ്ടൊ… മോളം… ഒണ്ടെങ്കിപ്പറ… ആണുങ്ങളു മറികടന്നാ മതിയെന്നാ പറേന്തു പെണ്ണുങ്ങള്‍ക്കു വയറ്റിലൊണ്ടാവാന്‍… എനിക്കിപ്പം ഒരു സംശയം… നിന്റെ ഓക്കാനോം… ശര്‍ത്തീം…. വ്യാക്കൂണുമൊക്കെ….മേരിമ്മേ….”
“എന്നെ ആ കറിയാ തൊട്ടിട്ടുപോലുമില്ല. സത്യമായും തൊട്ടിട്ടില്ല.” മേരി ആണയിട്ടു പറഞ്ഞു. മറിയയ്ക്ക് അതു വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. എങ്കിലും സംശയം അങ്ങനെതന്നെ തറച്ചു നില്‍ക്കുകയാണ്.
“ചേടിത്തീ, ഞാന്‍ പറേന്നത് ആരോടും പറയാതിരിക്കാമോ?”
“ഇല്ലെടി, എന്റെ കുഞ്ഞുങ്ങളാണെ ഞാന്‍ പറയത്തില്ല.”
“എന്നാല്‍ എന്റെ കൈയില്‍ കുരുശിട്.”
മറിയ അവളുടെ കൈവെള്ളയില്‍ കുരിശടയാളം വരച്ച് അതിന്മേല്‍ അടിച്ചിട്ട് ആണയിട്ടു. അത്തരം സത്യങ്ങള്‍ ലംഘിക്കപ്പെടുന്നതു മഹാപാപമാണെന്നാണു വയ്പ്.
“വലിയവീട്ടിലെ ജോയിച്ചന് എന്നെ വല്യ ഇഷ്ടമാ…”
“ആണോ.?”
“എനിക്കും വല്യ ഇഷ്ടമാ… എന്നെ കല്യാണം കഴിച്ചോളാമെന്നു സത്യം ചെയ്തു പറഞ്ഞിട്ടുണ്ട്…ഇപ്പം ചേടത്തിക്കു മനസ്സിലായോ പട്ടാളക്കാരനേം യൂക്കാലിക്കാരനേം എനിക്കു വേണ്ടെന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന്.” മേരി പറഞ്ഞതുകേട്ടു മറിയ മൂക്കത്തു വിരല്‍ വച്ചുകൊണ്ട് അത്ഭുതത്തിന്റെ പ്രതീകം മാതിരി മിഴിച്ചു നിന്നുപോയി.
“അപ്പനോട് ഇക്കാര്യം ഒന്നു പറയാന്‍ എന്റെ പൊന്നുചേടിത്തീ സത്യമായും എനിക്കു പേടിയാ…. ജോയിച്ചന്‍തന്നെ നേരിട്ടപ്പനോടു പറയാമെന്നും പറഞ്ഞിരിക്യാ… എന്താ പറയാനിത്ര താമസിക്കുന്നതെന്നറിഞ്ഞില്ല….. ഞാന്‍ ജോയിയെക്കണ്ട് അതൊന്നു ചോദിക്കാന്‍ പോവുകയാണ്.”
“എന്റെ പൊന്നു മേരിമ്മേ അവന്‍ നിന്നെ വല്ലോം ചെയ്‌തോടീ?” ഉല്‍ക്കണ്ഠയോടെ മറിയ ചോദിച്ചു. “നിന്റെ ഈ പരുവം കണ്ടിട്ട് എനിക്കു പേടിയാകുന്നു…. നെനക്കു വല്ലോം ഒണ്ടെങ്കില്‍ അതിനു മരുന്നൊണ്ടെടീ പാറൂന്റെ കൈയില്‍…. അല്ലെങ്കില്‍ വേറെ ആളൊണ്ട്.”
“എനിക്കൊന്നുമില്ല ചേടിത്തീ.” മേരി കള്ളം പറഞ്ഞു. ഉണ്ടെന്ന് അവള്‍ക്കറിയാം. ഇത് ഇല്ലാതാക്കേണ്ട ആവശ്യം ഇല്ല. കാരണം, ആ 'ഉള്ള' തിന്റെ ഉടമസ്ഥന്‍തന്നെ അതിനെ സ്വീകരിച്ചുകൊള്ളും. അതിനെ ഇല്ലാതാക്കാന്‍ അദ്ദേഹം ഒരിക്കലും സമ്മതിക്കുകയില്ല. ദൈവം തരുന്ന നിധിയാണത്, ആ നിധി വളര്‍ന്നുകൊള്ളട്ടെ.
“എന്റെ മോളെ, നീ സത്യമാണോടീ പറേന്നത്?”
“അതെ, ചേടിത്തീ, ഞാനങ്ങോട്ടു ചെല്ലട്ടെ, ഏതായാലും അപ്പനോട് ഈ വിവരമൊന്നും ചേടിത്തി പറയണ്ട. ഞാന്‍ പോയേച്ചു വരട്ടെ.”
“ഉം!” മറിയ നെടുവീര്‍പ്പിട്ടു.
മേരി നടന്നു. അവളുടെ നിഴലുകള്‍ കിഴക്കോട്ട് അവളേക്കാള്‍ നീളത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. നേരം പോയി, അവള്‍ ചുറുക്കെ നടന്നു.
ആകാശത്തിലൊത്തിരിയൊത്തിരി നുറുങ്ങുമേഘങ്ങളുണ്ടായിരുന്നു. കാണാന്‍ ചേലായിരുന്നു. മാലാഖമാരുടെ കുട്ടിയുടുപ്പുകള്‍ ഉണങ്ങാന്‍ ഇട്ടിരിക്കുകയാണെന്നു തോന്നി. അവളുടെ വയറ്റില്‍ ഒരു കുഞ്ഞു മാലാഖകുഞ്ഞു കിടപ്പുണ്ട്. അതു വളരും. അപ്പോള്‍ അവളുടെ വയറു വലുതാകും. ആറേഴുമാസം കഴിഞ്ഞ് അവള്‍ പ്രസവിക്കും. പ്രസവവേദന എങ്ങനെയിരിക്കും അറിഞ്ഞുകൂടാ. പിറന്നു വീഴുന്ന ഓമനക്കുഞ്ഞിനെ കാണുമ്പോള്‍ അമ്മമാരുടെ വേദനകള്‍ പമ്പകടക്കുമെന്നാണു പ്രസവിച് പെണ്ണുങ്ങളൊക്കെ പറയുന്നത്. നേരായിരിക്കും. പ്രസവനേരത്തു ഡോക്ടര്‍മാരും നേഴ്‌സുമാരും ഒക്കെ ഉണ്ടായിരിക്കും. അപ്പോള്‍ അവളുടെ അമ്മയുംകൂടെ ഉണ്ടായിരുന്നെങ്കില്‍! അവള്‍ക്കെന്തു സന്തോഷമായിരുന്നേനെ!... അമ്മയ്‌ക്കെന്തു സന്തോഷമായിരുന്നേനെ...
അമ്മയുടെ ആത്മാവ് ആകാശമോക്ഷത്തിലിരുന്ന് അവളെ കാണുന്നുണ്ടാവും… അവള്‍ ഒരിക്കല്‍ക്കൂടി ആകാശത്തിലേക്കു നോക്കി. മാലാഖമാരുടെ പട്ടുടുപ്പുകള്‍…പട്ടുടുപ്പുകള്‍….അതിലൊന്നു താഴോട്ടു വീണിരുന്നെങ്കില്‍!... അവളെടുത്തു സൂക്ഷിച്ചുവച്ചേനെ അവളുടെ കുഞ്ഞിനെ അവള്‍ ആ പട്ടുടുപ്പ് അണിയിക്കുമല്ലോ…. അദ്ദേഹം ഒത്തിരി പട്ടുടുപ്പുകള്‍ കുഞ്ഞിനു വാങ്ങിക്കൊണ്ടുവരും… സൂസനും മറ്റും ആ കുഞ്ഞിനെ എടുത്തുകൊണ്ടു നടന്നു കളിപ്പിക്കും. ഉമ്മവയ്ക്കും…. എത്ര നാത്തൂന്മാരുണ്ടെങ്കിലും അവളുടെ അമ്മിണി കഴിഞ്ഞിട്ടേ ഉള്ളൂ അവരൊക്കെ….
അവള്‍ കിണറ്റിന്‍കരയിലെത്തി. ചെടികളെല്ലാം സായാഹ്നത്തെ കുളിര്‍കാറ്റത്തു കോരിത്തരിച്ചുനിന്നു. ഇലകളായ ഇലകളെല്ലാം അവളെ കൈമാടി വിളിക്കുന്നതുപോലെ തോന്നി. കൊച്ചു കുരുകില്‍പ്പറവകള്‍ അവള്‍ക്കു സ്വാഗതഗാനം ആശംസിക്കുന്നതുപോലെയും തോന്നി.
സ്വപ്നങ്ങളുടെ ആ വെണ്ണക്കല്‍പ്പടവിങ്കല്‍, അവളുടെ ജീവിത്തിലെ പുതിയ യുഗത്തിന്റെ രത്‌നഗോപുരനടയില്‍, അവളുടെ ഹൃദയത്തിന്റെ രാജകുമാരന്റെ കൊട്ടാരത്തിന്റെ സ്വര്‍ണ്ണകവാടത്തിങ്കല്‍ അവള്‍ നിന്നു… സ്‌നേഹത്തിന്റെ മദുബഹായില്‍, വിശുദ്ധതയുടെ വിശുദ്ധതയില്‍….
ബംഗ്ലാവിന്റെ മുറ്റത്ത് കുഞ്ഞേലിയാമ്മ നില്‍ക്കുന്നതു മേരി കണ്ടു. മേരിയെ ആ അമ്മയും കണ്ടു. ജോയിയും മേരിയുംകൂടി ആയിരിക്കും അമ്മയോടു സന്തോഷവാര്‍ത്ത അറിയിക്കുന്നത്….കുഞ്ഞേലിയാമ്മയെ അവളിനി 'അമ്മേ' എന്നു വിളിക്കും…. അവര്‍ അവളെ 'മകളേ' എന്നും. ജോയിച്ചന്‍  അ്‌വളുടെ അപ്പനെ അപ്പനെന്നു വിളിക്കുന്ന വിളി അവളുടെ കാതുകളില്‍ തേന്‍മഴചൊരിയും.
അവള്‍ തുടിക്കുന്ന ഹൃദയത്തോടും പുഞ്ചിരിക്കുന്ന മുഖത്തോടും ലജ്ജപുരണ്ട കണ്ണുകളോടുംകൂടി ആ കൊച്ചുകമന്ദിരത്തിന്റെ വരാന്തയിലേക്കു കയറിച്ചെന്നു. ദൈവഗത്യാ ജോയിച്ചന്‍ അവന്റെ മുറിയിലുണ്ടായിരുന്നു. കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ വരാന്തയിലേക്കു ചെന്നു.
അവളെ കണ്ടപ്പോള്‍ അവന്‍ പുഞ്ചിരിച്ചു.
“മേരീ! നീ ഇപ്പോള്‍ വരണ്ടായിരുന്നു…. അമ്മ ചിലപ്പോള്‍ ഇങ്ങോട്ടു വന്നേക്കും. അതുകൊണ്ട് നീ പൊയ്‌ക്കോ… കുറേക്കൂടി നേരത്തേ വരാന്‍ മേലായിരുന്നോ? പൊയ്‌ക്കോ നാളെ വന്നാല്‍ മതി… നേരത്തേ വരണം…. ഉച്ചതിരിഞ്ഞാലുടനെ...”
“ജോയിച്ചാ…ഇന്നു രാത്രീലോ… നാളെരാവിലെയോ ആ പട്ടാളക്കാരന്‍ വരും…”
“വരട്ടെ, നീ പൊയ്‌ക്കോ.”
“അതിനുമുമ്പ് ജോയിച്ചന്‍ അപ്പനോടു പറയുമോ?”
“പറയാമെന്ന്….എന്റെ മേരീ…ഇനി നീ ഇവിടെ നില്‍ക്കണ്ടാ?”
“ജോയിച്ചാ.” അവള്‍ നിലത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു. നാണിച്ചു നാണിച്ചു അവളുടെ മുഖം കുനിഞ്ഞുപോയി.
“മേരീ…. നാളെ നേരത്തെ വരാമെങ്കില്‍ നമുക്ക് ഒത്തിരിനേരം വര്‍ത്തമാനം പറയാം.”
“ഇന്നാളു ഞാന്‍ ഈ മുറീലോട്ടു കേറാഞ്ഞതു നാണം കൊണ്ടായിരുന്നു, ജോയിച്ചനെന്നോടു കെറുവുതോന്നീട്ടുണ്ടോ?”
“ഇല്ല മേരീ….ഇല്ല…ഉം…ഇനി പൊയ്‌ക്കോ…”
“എനിക്കു നാണമാ പറയാന്‍.”
“അതല്ലേ പറഞ്ഞത് നാളെപ്പറഞ്ഞാല്‍ മതിയെന്ന്.”
“നമ്മക്കൊരു കഞ്ഞുണ്ടാകാന്‍ പോകുന്നു. എനിക്കു വയറ്റിലൊണ്ട് ജോയിച്ചാ…” അവള്‍ കൈകള്‍ നീട്ടിക്കൊണ്ട് അവന്റെ പക്കലേക്കു ചെന്നു… അവന്റെ വക്ഷസ്സില്‍ മുഖംമറച്ചു നില്‍ക്കാന്‍….
പക്ഷേ, പാമ്പുകടിയേറ്റതുപോലെ അവന്‍ അന്ധാളിച്ചു പുറകോട്ടു മാറിക്കളഞ്ഞു. അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു…
“മേരീ! നീ എന്നെ അപമാനിക്കരുത്… നിനക്കു ഞാനെത്ര രൂപാ വേണമെങ്കിലും തരാം… പൊയ്‌ക്കോ…:”
“എന്തിനാ ജോയിച്ചാ രൂപാ?”
“ദൈവമേ! ഇതു കഷ്ടമായല്ലോ… ഗര്‍ഭമുണ്ടെന്നറിഞ്ഞിട്ടു നീ എന്തുകൊണ്ട് ആരെക്കൊണ്ടെങ്കിലും അതു കളയിച്ചില്ലാ? ഞാന്‍ രൂപാ തരാമായിരുന്നല്ലോ….”
“വേണ്ട ജോയിച്ചാ…. നമ്മുടെ കുഞ്ഞ്…”
“മിണ്ടരുത്… നമ്മുടെ കുഞ്ഞോ?...തരക്കേടില്ലല്ലോ.”
“അയ്യോ…ജോയിച്ചാ, എന്താണിങ്ങനെയൊക്കെപ്പറേന്നത്? വേണ്ട ഇങ്ങനെത്തെ തമാശയൊന്നും പറേണ്ട…” മേരിക്കു കരച്ചില്‍ വന്നു. “എന്നെ ഒടനെ കല്യാണം കഴിക്കാമെന്ന് ജോയിച്ചന്‍ ആണയിട്ടു പറഞ്ഞിട്ടല്ലേ, അന്നു ഞാനതിനു സമ്മതിച്ചത്…”
“നീയതു വിശ്വസിച്ചിരിക്കുകയായിരുന്നോ?”
“അയ്യോ ജോ…യി…ച്ചാ…” അവള്‍ അവന്റെ കാല്‍ക്കല്‍ വീണു. കാലില്‍ കെട്ടിപ്പിടിച്ചു. ഏങ്ങിയേങ്ങിക്കരഞ്ഞു. അവന്‍ കുതറി പിന്മാറിക്കളഞ്ഞു.
“നിന്നോട് ഇതിനുമുമ്പ് അതുപോലെ എത്രപേര്‍ പറഞ്ഞിട്ടുണ്ട്…” അവന്‍ വിറച്ചുകൊണ്ടു ചോദിച്ചു.
“ജോയിച്ചാ….” അവള്‍ എണീറ്റ് അവന്റെ വായ്‌പൊത്താന്‍ ശ്രമിച്ചു. അവന്‍ ശക്തിയായി അവളെ തള്ളി. അവള്‍ വേച്ചുവേച്ചു വീണുപോയി.
“ഇതിനുമുമ്പു എത്രയോ പ്രാവശ്യം നീ ഗര്‍ഭം അലസിപ്പിച്ചിട്ടുണ്ട്! ഹും. പട്ടണത്തിലെ തട്ടിപ്പുംകൊണ്ടു വന്നിരിക്കുന്നോ? ഇവിടെ ചെലവാകയില്ല…. എന്റെ പേരെങ്ങാന്‍ പുറത്തു മിണ്ടിപ്പോയാല്‍ കൊന്നുകളയും പറഞ്ഞേക്കാം.. പരസ്യവേശ്യയായ നീ എന്നെ കുടുക്കില്‍ ചാടിക്കാമെന്നാണു വ്യാമോഹിച്ചത്. കൊള്ളാം… വേഗം പൊയ്‌ക്കോ എണീറ്റ്…. ഇനീം ഈ പറമ്പില്‍ കേറിപ്പോകരുത്….” അവന്‍ വേഗം ആ കെട്ടിടത്തില്‍ നിന്നറങ്ങിപ്പൊയ്ക്കളഞ്ഞു…
“യ്യോ…ജോയിച്ചാ…എന്റെ പൊന്നു ജോയിച്ചാ…” സര്‍വ്വപ്രപഞ്ചത്തോടും എന്നപോലെ അവള്‍ ദയനീയമായി… ആ വരാന്തയില്‍ മുട്ടുകുത്തിനിന്ന്…. കൈകള്‍ രണ്ടും ദൈവത്തോടെന്നപോലെ അവന്റെ നേരെ നീട്ടിക്കൊണ്ട് നിലവിളിച്ചു… പക്ഷേ, അവന്‍ കാപ്പിച്ചെടികളുടെ ഇടയില്‍ക്കൂടി വേഗം നടന്ന് അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.
എന്നാല്‍ ഒരാള്‍ പര്യത്തു മറഞ്ഞുവീണ് ആ രംഗം സൂക്ഷിക്കുന്നുണ്ടായിരുന്നു.
കുഞ്ഞേലിയാമ്മ.
മേരി പയ്യെ എണീറ്റു. അവള്‍ക്ക്  കണ്ണുകാണാന്‍ പാടില്ലായിരുന്നു. അവളുടെ അധരങ്ങള്‍ 'ജോയിച്ചാ…!' എനന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. പക്ഷേ, ആ വിളികേട്ട് ചക്രവാളങ്ങള്‍ നടുങ്ങിയില്ല. സൂര്യന്‍ താഴെ വീണില്ല. ഭൂമി പിളര്‍ന്നില്ല….
കാപ്പിയുടെയും വട്ടയുടെയും മറ്റും ഇലകള്‍ കുലുകുലെ ചിരിച്ചതേയുള്ളൂ…
“മേരി.” പുറകില്‍ കൈയുംകെട്ടിക്കൊണ്ട് കുഞ്ഞേലിയാമ്മ ആ വരാന്തയിലേക്കു കയറിച്ചെന്നു. മേരി ആ ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നു. പ്രേതലോകത്തുനിന്നു മടങ്ങിയെത്തിയതുപോലെ അവളുടെ മുഖം വിളറിയിരുന്നു.
“ചേടിത്തീ!”
“നീ എന്തിനിവിടെ വന്നു? എന്തെടി… തേവിടിശ്ശി…എന്റെ മോനെക്കൂടെ പെഴപ്പിക്കാന്‍? ഇല്ലേടീ… ആരാണ്ടേപ്പിടിച്ചു വയറ്റിലൊണ്ടാക്കിയേച്ച് അത് എന്റെ മോന്റെ തലേല്‍ കെട്ടിവയ്ക്കാമെന്ന്… ഇറങ്ങടീ പുറത്ത്!” ആ സ്ത്രീ കൈനിവര്‍ത്തു മേരിയുടെ കരണക്കുറ്റിക്ക് ഒരടിയടിച്ചു. ഹൃദയത്തിന്റെ  വേദനകൊണ്ട് മേരി ആ അടിയുടെ നൊമ്പരം അറിഞ്ഞിരിക്കുകയില്ല. അവള്‍ക്കൊന്നും പറയാനില്ലായിരുന്നു. എല്ലാം കാണുന്ന സര്‍വ്വശക്തനായ ദൈവം മാത്രം അറിയട്ടെ…. അവള്‍ പയ്യെ പടിയിറങ്ങി. അവളുടെ ഒരു കരണം നന്നേ ചെമന്നിട്ടുണ്ട്.
“അമ്പടീ… ഇതിനാണു നീ പാലുവാങ്ങിക്കാന്‍ വന്നത്, ഇല്ലേടീ?” കുഞ്ഞേലിയാമ്മ കലിതുള്ളുകയാണ്. “ഹോ! കണ്ടാല്‍ പച്ചപ്പാവം…പട്ടണത്തില്‍ കിടന്ന് ഒള്ള ചെരുപ്പക്കാരെ എല്ലാം പെഴപ്പിച്ചേച്ച് നാട്ടുംപുറത്തേക്കു വന്നിരിക്കുന്നു… കാശൊള്ള ആമ്പിള്ളേരെ പിടിക്കാന്‍… ഹോ ഇവളെയൊക്കെ വേണം മഹറോന്‍ ചെല്ലേണ്ടത്. ആരാടീ നിനക്കീ പുത്തിവച്ചുതന്നത്? അതും എന്റെ ചെറുക്കനു നാളെ കല്യാണം ഒറപ്പിക്യാണെന്ന് അറിഞ്ഞോണ്ട്? ഇനീം ആ അടിച്ചേനാത്തു കേറിപ്പോയാലൊണ്ടല്ലോ, തല്ലിക്കൊന്നു വല്ല മരത്തേലും കൊണ്ടു കെട്ടിത്തൂക്കിക്കളേം, പറഞ്ഞേക്കാം…വെളുത്ത ചെമന്ന ചുണ്ടപ്പഴം പോലെ ഞെളിഞ്ഞുനടന്നത് ഇതിനാണെന്നു നേരത്തേ ഞാനറിഞ്ഞിരുന്നെങ്കി…അമ്പടീ… അമ്പടീ… ഇവളാണു പെണ്ണ്!”
 ആ സ്ത്രീ പറയുന്നതെന്തെന്നു മേരി ശ്രദ്ധിച്ചില്ല. ഉറക്കത്തില്‍ ശബ്ദം കേള്‍ക്കുകയില്ല; മണം അറിയുകയില്ല: ഒന്നും കാണുകയില്ല; സ്വപ്നമല്ലാതെ.
അവള്‍ ആകാശത്തിലേക്കു നോക്കി… ജോയി എന്ന വഞ്ചകനെ നശിപ്പിക്കുന്നതിനു തീവാളുകളുമായി ദൈവം സ്വര്‍ഗ്ഗീയദൂതന്മാരെ ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ടോ എന്നറിയാന്‍, ആകാശത്തിലെ മേഘങ്ങള്‍ക്ക് പുതിയ നിറങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു… മേരി ആ കിണറിന്റെ അരികത്തുകൂടെ സാവധാനം നടന്നു വഴിയിലേക്കിറങ്ങി… അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നില്ല... അവള്‍ കരഞ്ഞില്ല.
അവള്‍ പോയിക്കഴിഞ്ഞു കുഞ്ഞേലിയാമ്മ ജോയിയെ വിളിച്ചു. അവന്‍ അടുത്തുവന്നു. അവന്റെ കണ്ണുകളില്‍ പരിഭ്രമം അപ്പോഴും അലതല്ലുന്നുണ്ടായിരുന്നു.
“എന്തിനാടാ ആ പെണ്ണു നിന്നെ തിരക്കിവന്നത്?”
“എനിക്കറിഞ്ഞുകൂടാ.”
“നിനക്കറിഞ്ഞുകൂടാ…ഇല്ലേ?” ആ തള്ളയുടെ കൈപ്പത്തി അവന്റെ മുഖത്തു ശക്തിയായി പതിച്ചു. “നിനക്കറിഞ്ഞുകൂടാ, ഇല്ലേടാ മഹാപാപി! വേഗംചെന്ന് എന്താണുവച്ചാല്‍ സമാധാനം ഉണ്ടാക്ക്… അല്ലെങ്കില്‍ അവളിവിടെവന്നു സത്യാഗ്രഹം ഇരിക്കും…”
“അതിനു ഞാനെന്തു വേണമ്മേ?”
“ഒന്നും വേണ്ടടാ… ഒന്നും വേണ്ട…. ഈ പെണ്ണിപ്പോള്‍ ഈ വിവരം  ഈ കരയൊട്ടുക്കു നടന്നു നാറ്റിക്കുകയില്ലേ? കര്‍ത്താവേ നാളെ കല്യാണം ഒറപ്പിക്കാന്‍ എങ്ങാണ്ടത്തുകാരു വരുകേം ചെയ്യും… ഈ അറിഞ്ഞാല്‍ ലോകത്തില്‍ മാനമൊള്ളോര് ആരെങ്കിലും നിനക്കു പെണ്ണു തരുമോടാ? എന്തെടാ ദ്രോഹീ… നിനക്കൊന്നും അറിഞ്ഞുകൂടാ ഇല്ലേ? നിനക്കു മനസ്സാക്കീന്ന് ഒന്നുണ്ടോടാ… എടാ, നീ അന്തസ്സുള്ളവനാണെങ്കില്‍ അവളെത്തന്നെ കെട്ടണം…. നീ ആ പാവപ്പെട്ട പെണ്ണിന്റെ ജീവിതം പാഴാക്കിയില്ലേ?”
“അവളു ചീത്തയാമ്മേ…. അമ്മ ഇത്ര കിടന്നു തുള്ളണ്ട ആവശ്യമൊന്നുമില്ല… അവളെ ഉടനെതന്നെ വല്ലോനും കെട്ടിക്കൊണ്ടുപോയ്‌ക്കൊളും… പട്ടാളക്കാരനും ആ യൂക്കാലിപ്‌സ് കച്ചവടക്കാരനും മനസ്സുചോദ്യച്ചടങ്ങു നടത്തിയേച്ചിരിക്ക്യാ.”
“അവള്‍ക്കു ഗര്‍ഭം ഉണ്ടെന്നറിഞ്ഞാല്‍ ഏതു പട്ടി കെട്ടുമെടാ അവളെ… ചിട്ടി നിന്റെ തലേല്‍ത്തന്നെവന്നുവീഴും. വരാന്‍പോണ സംഗതി ഞാന്‍ നേരത്തേ പറഞ്ഞേക്കാം… ഞാനതില്‍ കൈകഴുകിയിരിക്കുന്നു… കേട്ടോ…” കുറെനേരത്തെ മൗനത്തിനുശേഷം അവര്‍ തന്നത്താനെന്നപോലെ പറഞ്ഞു. “അപ്പന്റെ മോന്‍തന്നെ നീയും…. അപ്പന്‍ എത്ര പെമ്പിള്ളേരെ ഇതുപോലെ പെഴപ്പിച്ചു വഴിയാധാരമാക്കി! എത്രപേരെ തല്ലിക്കൊന്നു കെട്ടിത്തൂക്കി… ദൈവം തീയും ഗന്ധകവും ഇറക്കി ഈ വീടു ചുട്ടുചാമ്പലാക്കുന്നതെന്നറിഞ്ഞില്ല….മോനെ, എനിക്കു വയ്യ, ഈ അപമാനം സഹിച്ചുകൊണ്ടു ജീവിക്കാന്‍… എന്റെ കര്‍ത്താവേ! ഇതെന്തൊരു പരീക്ഷ… ദൈവം മനുഷ്യനു സൊത്തും പ്രതാപോം കൊടുക്കുന്നത് ആപത്താ… ജോയി!”
“എന്താമ്മേ?”
“നിന്റെ നാക്കെറങ്ങിപ്പോയോടാ… എന്താടാ ഇതിനൊരു മറുക്രിയ?”
“എനിക്കറിയാമ്മേലാ… പോലീസിനെവരുത്തി നാളെത്തന്നെ പുറമ്പോക്കിലെ അലവലാതികളെ എല്ലാം തല്ലിയെറക്കി വിടണം… ഞാന്‍ പറഞ്ഞാല്‍ പോലീസുകാരു വരും…”
“അതുകൊണ്ടു നിന്റെ പാപം എങ്ങനെ തീരുമെടാ?”
“എന്റെ പാപം ഞാന്‍ കുമ്പസാരത്തില്‍ പറഞ്ഞോളാം.”
“മോനെ. ദൈവം പൊട്ടക്കണ്ണനല്ല, ഓര്‍മ്മവേണം.”
“പിന്നെ ഞാനെന്തു ചെയ്യണമെന്നാണ് അമ്മ പറയുന്നത്? അവളൊരു വേശ്യയാണമ്മേ.”
“വേശ്യയായാലും എന്തായാലും അവളുടെ വയറ്റില്‍ കിടക്കുന്ന ശിശു നിന്റേതുതന്നെയാ…. അല്ലെങ്കില്‍ ഒരു സ്ത്രീയും ഇത്ര ധൈര്യമായി പറയുകയില്ല…. നിങ്ങളുടെ സംസാരം മുഴുവനും ഞാന്‍ മറഞ്ഞു നിന്നു കേട്ടു…. പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നതുപോലെയായിരുന്നു നിന്റെ പണി… ഇന്നാള് വലിയ മഴയും കാറ്റുമുണ്ടായ ഒരു പകല് നിന്റെ ഈ മുറീന്ന് ഒരു പെണ്ണ് എറങ്ങിപ്പോണതു കണ്ടെന്ന് വേലക്കാരെന്നോടു പറഞ്ഞിരുന്നതാ… പക്ഷേ, അത് ഇവളാരുന്നെന്നു ഞാന്‍ സ്വപ്നത്തില്‍പ്പോലും നിനച്ചിരുന്നില്ല കേട്ടോ… നിന്റെ ഒരു സൊകാര്യ പഠനക്കെട്ടിടം… രണ്ടിനേംകൂടെ ഈ തീയിലിട്ടു ദഹിപ്പിക്കണം…”
“അമ്മേ! ദയവുചെയ്ത് അപ്പച്ചനോട് ഇക്കാര്യം പറയരുത്… എന്നെ കൊന്നുകളയും.”
“നിന്നെ കൊല്ലട്ടെ… നിന്നെ കൊല്ലണമെടാ മഹാപാപീ…മഹാപാപീ.” ആ തള്ളയുടെ കണ്ഠമിടറി. ആ പാവപ്പെട്ട പെണ്ണിനെ തല്ലിയതില്‍ അവര്‍ക്കു സങ്കടമുണ്ട്…. അത്രയുമൊക്കെ പറഞ്ഞിട്ടും അവളൊരക്ഷരം ഉരിയാടാതെ പൊയ്ക്കളഞ്ഞതെന്ത്? അവള്‍ ചീത്തയായിരുന്നെങ്കില്‍ മറുപടി പറഞ്ഞേനെ... അവളെന്തു നിശ്ചയിച്ചുകൊണ്ടാണു പോയതെന്ന് ആര്‍ക്കറിയാം? മോനേ ജോയീ! രൂപാ എത്രയായാലും തരക്കേടില്ല…കുടുംബത്തെ ഈ മാനക്കേടില്‍നിന്നു നീയാണു രക്ഷിക്കേണ്ടത്…ഉപ്പു തിന്നുന്നവനാണു വെള്ളം കുടിക്കേണ്ടത്…. ഒന്നുകില്‍ നീ ആ പെണ്ണിനെ കെട്ടണം….അല്ലെങ്കില്‍ അവള്‍ക്കു പണം കൊടുക്കണം… അവളൊരക്ഷരം മിണ്ടിപ്പോയാല്‍ ഈ കുടുംബം നശിക്കും…. നിന്റെ അപ്പന്‍ ചെയ്ത ക്രൂരപ്രവൃത്തികളുടെ മാനക്കേടു തേഞ്ഞുമാഞ്ഞു പോയപ്പോള്‍ അപ്പന്റെ തൊഴില്‍ത്തന്നെ മകനും ഏറ്റെടുത്തിരിക്കുന്നു. എനിക്കിതു സഹിക്കാന്‍ നിവൃത്തിയില്ല…സഹിക്കുന്നതിനും ഇല്ലേ ഒരതിര്… ആ പെണ്ണിന്റെ അപ്പന്‍ ഭയങ്കരനാണ്, ഞാന്‍ പറഞ്ഞേക്കാം.
“എന്റെ കൈയില്‍ കൈത്തോക്കുണ്ട്.”
“എപ്പോഴും പകിട പന്ത്രണ്ടായിരിക്യേല മോനേ... നീ ഒരു കാര്യം ചെയ്യ്….”
“ഉം”
“മര്യാദയ്ക്ക് ആ തോമ്മയെക്കണ്ടു കാലുപിടിക്ക്… രൂപാ എത്ര വേണമെങ്കിലും ഞാന്‍ തരാം…. എന്നെ ഈ മാനക്കേടില്‍നിന്നു രക്ഷിച്ചാമതി…”
“അയാള് വല്യ അഭിമാനിയാണ്. അയാളുടെ മുമ്പില്‍ ചെല്ലാന്‍ എനിക്കു പേടിയാമ്മേ…. അതുകൊണ്ട് അമ്മച്ചിതന്നെ അയാളെ വിളിച്ചു സൂത്രത്തില്‍ പറഞ്ഞുനോക്ക്… വേണമെങ്കില്‍ നമ്മുടെ ഒരേക്കര്‍ സ്ഥലം അയാള്‍ക്ക് എഴുതിക്കൊടുത്തേക്കാം.”
“എടാ മുടിഞ്ഞവനേ! നിന്റെ അപ്പനറിയാതെ വസ്തു എഴുതിക്കൊടുക്കാനൊക്ക്വോ… അപ്പനറിയാതെ രൂപാ എങ്ങനെയെങ്കിലും ഒപ്പിക്കാം.”
“എന്നാല്‍ അമ്മച്ചിതന്നെ അയാളോട്…”
“വേണ്ട, ഈ നാണംകെട്ട ഏര്‍പ്പാടിനു ഞാനില്ല…. ഇക്കാര്യത്തില്‍ ഞാന്‍ നിന്റെ അമ്മയല്ലെന്നു കരുതിക്കോ…ഞാന്‍ തേ പോണു… എസ്സേറ്റില്‍നിന്ന് നിന്റെ അപ്പന്‍ എത്തുന്നതിനുമുമ്പ് എന്തെങ്കിലും പോംവഴി കണ്ടുപിടിക്കൂ..” അവര്‍ അരയില്‍ തൂക്കിയിട്ടിരിക്കുന്ന താക്കോല്‍ക്കൂട്ടം എടുത്ത് അവന്റെ നേര്‍ക്ക് എറിഞ്ഞുകൊടുത്തിട്ടു പറഞ്ഞു: “രൂപാ എത്രയാ വേണ്ടെന്നുവച്ചാല്‍ നീതന്നെ ചെന്നെടുത്തോ… എനിക്കെന്തിനാണു രൂപാ…” അവര്‍ നടക്കുകയാണ്.
“അമ്മേ!” അവന്‍ വിളിച്ചു.
“എന്നെ വിളിക്കണ്ടാന്നു പറഞ്ഞില്ലേ!” പുറകോട്ടു തിരിഞ്ഞുനോക്കാതെ നടന്നുകൊണ്ട് കുഞ്ഞേലിയാമ്മ പറഞ്ഞു.
താക്കോല്‍ക്കൂട്ടം കുനിഞ്ഞെടുത്തുംകൊണ്ടു ജോയി അതേപടി നിന്നു. അവന്റെ മനസ്സാക്ഷി അവനെ വല്ലാതെ കുത്തുന്നുണ്ട്. അമ്മ പറഞ്ഞ വാക്കുകള്‍…. ഓരോന്നും ഓരോ അസ്ത്രമായിരുന്നു.
'നീ അന്തസ്സുള്ളവനാണെങ്കില്‍ അവളെത്തന്നെ ചെന്നു കെട്ടടാ.' എന്താണു കെട്ടിയാല്‍! അവളേക്കാള്‍ അഴകുള്ള ഒരു പെണ്ണിനെ ഏതായാലും അവനു ഭാര്യയായി ലഭിക്കാന്‍ പോകുന്നില്ല. അവന്‍ അവനെ എന്തുമാത്രം ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു…. അവളുടെ ജീവിതം പാഴായിപ്പോകുവല്ലോ…അവളങ്ങനെ വേശ്യയല്ല…വേശ്യകളെ അവനു പരിചയമുണ്ട്… പാവപ്പെട്ടവളെങ്കിലും അവള്‍ പണത്തെ ആഗ്രഹിച്ചിട്ടില്ല; എത്രയോ പ്രാവശ്യം അവന്‍ അവളുടെ നേരെ പച്ചനോട്ടുകള്‍ വച്ചു നീട്ടിയതാണ്. ഒരഭിസാരിക ഒരിക്കലും പണത്തെ നിഷേധിക്കുകയില്ല. എങ്കിലും, അവന്‍  അ്‌വളെ കല്യാണം കഴിക്കുമെന്ന് അവള്‍ വ്യാമോഹിച്ചത് കുറെ കടന്നുപോയി. സമാന്യത്തിലേറെ സൗന്ദര്യമുണ്ടെന്നല്ലാതെ, അവന്റെ ഭാര്യാപദം അലങ്കരിക്കത്തക്ക യോഗ്യത എന്താണ് അവള്‍ക്കുള്ളത്?
എങ്കിലും അവനെ പൂര്‍ണ്ണമായി വിശ്വസിച്ച്, അവളുടെ ശരീരവും ഹൃദയവും ചാരിത്ര്യവും അവനു കാണിക്കയര്‍പ്പിച്ച ആ മാടപ്രാവിനെ ദുഃഖിപ്പിക്കുന്നതു പാപമാണ്. അതു പാപമല്ലെങ്കില്‍ പിന്നെയീ ലോകത്തില്‍ പാപം എന്നൊന്നില്ല. ദൈവനീതിയുടെ ഇടിവാളില്‍നിന്ന് ഒളിക്കുക അവനു സാദ്ധ്യമല്ല.
എന്തു വേണമെങ്കിലും അവള്‍ക്കു കൊടുക്കാന്‍ അവന്‍ തയ്യാറാണ്. പക്ഷേ, വിവാഹം കഴിക്കുകമാത്രം സാദ്ധ്യമല്ല. അവനിലെ മുതലാളിത്തം അവന്റെ മനസ്സാക്ഷിയുടെ കഴുത്തു ഞെരിക്കുകയായിരുന്നു.
എത്രയും വേഗം ആ പെണ്ണിന്റെ  വിവാഹം നടക്കട്ടെ. ഉടനെ നടന്നാല്‍ പിന്നെ മറ്റേത് ഒരു പ്രശ്‌നമാവില്ല. അല്ലെങ്കില്‍ കുറേ രൂപാ മുടക്കിയാല്‍ ഭ്രൂണഹത്യ നിസ്സാരമായി സാധിക്കാം… അതിനിത്ര കോലാഹലത്തിന്റെ ആവശ്യം എന്തിരിക്കുന്നു?
ചിലപ്പോള്‍ സന്ധ്യക്കായിരിക്കാം, മിക്കപ്പോഴും നേരം കുറേ ഇരുട്ടിയിട്ടാവും തോമ്മാച്ചേട്ടന്‍ പണിസ്ഥലത്തുനിന്നും വീട്ടിലേക്കു മടങ്ങുന്നത്.
ഏതായാലും അവന്‍ ഗേറ്റിങ്കല്‍ കാത്തുനിന്നു. അവന്റെ പോക്കറ്റില്‍ പച്ചനോട്ടുകളുണ്ടായിരുന്നു. എളിയില്‍ ഒരു റിവോള്‍വറും.
നേരം എരിഞ്ഞടങ്ങാറായില്ല. ആകാശത്തില്‍ മുഴുവനും ഓറഞ്ചിന്റെ  നിറം വ്യാപിച്ചിരിക്കുന്നു. ആ നിറം ഭൂമിയിലും പ്രതിഫലിച്ചു. ആകാശവും ഭൂമിയും മനോഹരമായിരുന്നു.
അയാള്‍ വന്നു. പുറമ്പോക്കിലെ ആ വരത്തന്‍ തോമ്മാ!... മേരിയുടെ അപ്പന്‍. കൂലിവേലക്കാരന്‍. അയാളെ കണ്ടപ്പോള്‍ ഉള്‍ക്കിടിലം ഉണ്ടായി ജോയിക്ക്. എളിയില്‍ തപ്പി, കൈത്തോക്കു സുരക്ഷിതമായിരുന്നു.
“ഏയ് തോമ്മാച്ചേട്ടാ!” അടഞ്ഞുകിടന്ന ഇരുമ്പു ഗേറ്റിന്റെ ഇപ്പുറത്തു നിന്നുകൊണ്ടു ജോയി വിളിച്ചു. തോമ്മാ വിളികേട്ടു. അയാളുടെ കൈയില്‍ പാറപൊട്ടിക്കുന്ന ചുറ്റിക ഉണ്ടായിരുന്നു. ഒരു കീറിയ മുണ്ടു മടക്കിക്കുത്തി ഉടുത്തിരിക്കുന്നു. തോളത്ത് ഒരു മുഷിഞ്ഞ കുറിയോണ്ടു കിടപ്പുണ്ട്. മുണ്ടിന്റെ മടിയില്‍ എന്തോ ഉണ്ട്. വയറ് ഒട്ടിക്കിടന്നു, വെളുത്തതും കറുത്തതും ആയ മീശ മുഖത്തെ ആച്ഛാദനം ചെയ്തിരിക്കുന്നു. രണ്ടാഴ്ചയെങ്കിലും ആയിക്കാണും അയാള്‍ മുഖം വടിച്ചിട്ട്. കഴുത്തില്‍ ഒരു കറുത്ത ചരടിന്റെ അറ്റത്തു തൂങ്ങുന്ന അലുമിനിയം കാശു രൂപം നെഞ്ചത്തെ നരച്ച രോമക്കാട്ടില്‍  വിരാജിക്കുന്ന മുഴുച്ചന്ദ്രനാണെന്നു തോന്നും. നക്ഷത്രങ്ങളുടെ പടലങ്ങള്‍ മാതിരി അയാളുടെ ദേഹത്തെല്ലാം വിയര്‍പ്പുപറ്റി ഉണങ്ങിയ  ഉപ്പുകള്‍ കാണപ്പെടുന്നു.
“എന്താ ജോയിച്ചാ?” അയാള്‍ ഗേറ്റിങ്കലേക്കു കുറെ അടുത്തുവന്നു. ആട്ടിന്‍കുട്ടിയായിത്തീര്‍ന്ന സിംഹമാണ് അയാളെന്നു ജെയിക്കു തോന്നി. ശാന്തവും വിനീതവും ആയ അയാളുടെ പ്രകൃതം കണ്ടപ്പോള്‍ ജോയിയുടെ ഭീതിയെല്ലാം അകന്നു.
“ഇങ്ങു വന്നെ, ചോദിക്കട്ടെ.” അവന്‍ ഗേറ്റു തുറന്നു. തോമ്മാ അകത്തേക്കു കേറിവന്നു. വലിയവീട്ടുകാരോടു തോമ്മായ്ക്കു നേരത്തേ അമര്‍ഷമുണ്ടായിരുന്നു. ആ രൂപാക്കേസ്! പക്ഷേ, അതെല്ലാം തീര്‍ന്നു. തന്റെ തറതിയുടെ ശവമടക്കിന് അവരെല്ലാം വന്നിരുന്നു. രൂപാ തന്നു സഹായിച്ചു. ആ നന്ദി അയാള്‍ മരിച്ചാലും മറക്കുകയില്ല. ദൈവം ആ വലിയവീട്ടുകാരെ അനുഗ്രഹിക്കട്ടെ.
“തോമ്മാച്ചേട്ടന്‍ വല്ലാതെ ക്ഷീണിച്ചുപോയല്ലോ.” അയാളുടെ തോളത്തു തട്ടിക്കൊണ്ടു ജോയി പറഞ്ഞു.
“എന്തു ചെയ്യാം കുഞ്ഞേ, അവള്‍ തന്റെ തറതി, പോയതോടെ എന്റെ ചെറകൊടിഞ്ഞുപോയി കുഞ്ഞേ…ഇനീം എന്റെ കുഞ്ഞുങ്ങള്…. മനുഷ്യരെക്കൊണ്ട് ഒന്നു പറേപ്പിക്കാനിടയാക്കാതെ, അതുങ്ങളെ കെട്ടിച്ചയ്ക്കണം….പിന്നെ ഞാനും എന്റെ കെളവിത്തള്ളയും…. എന്റെ അമ്മയ്ക്കുവേണ്ടി പിന്നെയും എനിക്കു ജീവിക്കണം…. അവരുടെ കണ്ണടച്ചുകഴിഞ്ഞ് എനിക്കുപോകണം.”
“എങ്ങോട്ട്?”
“എന്റെ തറതീടെ അടുക്കലേക്ക്… അവളു നരകത്തിലായാലും മോക്ഷത്തിലായാലും അവളൊള്ളടത്തേക്കേ ഞാന്‍ പോകത്തൊള്ളൂ.”
“തറതിച്ചേടിത്തി സ്വര്‍ഗ്ഗത്തിലും തോമ്മാച്ചേട്ടന്‍ നരകത്തിലും ആയാല്‍ എന്തു ചെയ്യും?” ജോയി ചിരിച്ചുകൊണ്ടു ചോദിച്ചു.
“എന്റെ തറതിയെക്കൂടെ നരകത്തിലേക്കു വിട്ടേക്കാന്‍ ഞാന്‍ ദൈവത്തോടപേക്ഷിക്കും. ഞാന്‍ നരകത്തിലാണെന്നറിഞ്ഞാല്‍ എന്റെ അവള്‍ സ്വര്‍ഗ്ഗത്തില്‍ ജീവിക്കത്തില്ല മോനേ.... അവളെന്റെ അടുത്തെത്തും…” തോമ്മായുടെ കുഴിഞ്ഞ കണ്ണുകളില്‍ അശ്രുകണികകള്‍ വന്ന് എത്തിനോക്കി.
“വരൂ തോമ്മാച്ചേട്ടാ!” ജോയി ക്ഷണിച്ചു. അയാള്‍ അനുസരിച്ചു. അവന്‍ അയാളെ അവനന്റെ സരസ്വതീ മന്ദിരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അതേ മുറിയില്‍, അയാളുടെ മകളെ, അവന്‍ വ്യഭിചരിച്ചു ഗര്‍ഭിണിയാക്കിയ അതേ മുറിയില്‍, കുഷനിട്ട കസേരയില്‍ അയാളെ അവന്‍ ബലാല്‍ക്കാരമായി പിടിച്ചിരുത്തിയിട്ടും അയാള്‍ ഇരുന്നില്ല. അയാള്‍ ആ മേനിത്തറയില്‍ ഇരുന്നതേയുള്ളൂ.
ബ്രാണ്ടിയായിരുന്നു. ഒറഞ്ചുക്രഷ് ഒഴിച്ച്, ഒരു ഗ്ലാസ് നിറയെ. കേക്കുണ്ടായിരുന്നു അലമാരിയില്‍, ബിസ്‌ക്കറ്റുണ്ടായിരുന്നു. പഴങ്ങളുണ്ടായിരുന്നു. പൂത്തേടത്തു തോമ്മായുടെ വായില്‍ ഉമിനീരുണ്ടായി. ഒരിക്കലും അയാള്‍ ശീമമദ്യം കുടിച്ചിട്ടില്ല. അതിന്റെ രുചി എന്തെന്നറിയാന്‍ അയാള്‍ക്കു കൊതിയുണ്ടായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം പട്ടച്ചാരായം കുടിച്ചിട്ടുണ്ട്. എന്നും ശകലം കള്ളു കുടിച്ചാല്‍ കൊള്ളാമെന്നു തോന്നു. കള്ളുഷാപ്പിന്റെ പടിവരെ പോയിട്ട് കയറാതെ മടങ്ങിയിട്ടുള്ള ദിവസങ്ങളുണ്ട്. കുഞ്ഞുങ്ങളെപ്പറ്റി ഓര്‍ക്കും. പാവപ്പെട്ട തറതിയെ ഓര്‍ക്കും. മടങ്ങിപ്പോരും. കടുക്കാമറിയ ചാരായവുമായി അയാളെ കാത്തിരിക്കും. പടിക്കല്‍വരെ ചെല്ലും കാസരോഗിണിയായ തറതിയെ ഓര്‍ക്കും മടങ്ങിപ്പോരും.
ആ തറതി പോയി… പോകട്ടെ. ലോകത്തിലെ ദുരിതങ്ങളില്‍ നിന്നെല്ലാം അവള്‍ നേരത്തേ രക്ഷപ്പെട്ടല്ലോ. അവള്‍ ഭാഗ്യവതിയാണ്. തോമ്മായുടെ യാതനയുടെ ദിവസങ്ങളും അവസാനിക്കാറായിരിക്കുന്നു. ഇന്നോ നാളെയോ പട്ടാളക്കാരന്‍ മാത്തുക്കുട്ടി വരും. സ്ത്രീധനം ഒന്നും വേണ്ടാതെ അവന്‍ അവളെ കെട്ടിക്കൊണ്ടു പോകും. മേരിയുടെ കല്യാണം കഴിഞ്ഞ് ഒന്നു വിസ്തരിച്ചു കുടിക്കണമെന്നു തോമ്മാ തീരുമാനിച്ചിരിക്കുകയാണ്. അതുകഴിഞ്ഞ് അന്നു രാത്രി അയാള്‍ കടുക്കാമറിയയുടെ വീട്ടില്‍പോകും. ഇത്രയും നാളായിട്ടും മറിയയെ സുന്ദരിയായ മറിറയയെ, സ്‌നേഹമുള്ള മറിയയെ, അയാള്‍ തൊട്ടിട്ടുപോലുമില്ല. പാപമോ? എന്താണു പാപം? മണ്ണാങ്കട്ട! ദാരിദ്ര്യദുഃഖം എന്തെന്ന് അിറഞ്ഞിട്ടില്ലാത്ത ആരോ എഴുതിവെച്ചതാണു പാപവും പുണ്യവും…. അതു സംബന്ധിച്ചുള്ള ചട്ടങ്ങളും. വയറിന്റെ പ്രശ്‌നം തീര്‍ക്കാന്‍ ചട്ടമുണ്ടാകട്ടെ. എന്നിട്ട് അതേപറ്റി ആലോചിക്കാം.
കുടിച്ചു. സുഖമായിരുന്നു തിന്നു, വയറുനിറയെ. ജീവിതത്തിലൊരിക്കലും അയാള്‍ ഇത്രകണ്ടു സന്തോഷിച്ചിട്ടില്ല. മുതലാളിമാരൊക്കെ ദുഷ്ടന്മാരാണെന്നാണ് അയാള്‍ സങ്കല്പിച്ചിരുന്നത്. ആ തെറ്റിദ്ധാരണ നീങ്ങി.
“മേരിയുടെ കല്യാണം എന്നാ തോമ്മാച്ചേട്ടാ?” നിലത്തിരുന്നുകൊണ്ട് കേക്ക് ആര്‍ത്തിയോടെ തിന്നുന്ന തോമ്മായെ സൂക്ഷിച്ചുനോക്കിക്കൊണ്ടു ജോയി ചോദിച്ചു.
“ഒത്തെങ്കില്‍ മൂന്നാലു ദെവസിക്കുള്ളില്‍ എന്റെ കുഞ്ഞിന്റെ കല്യാണം നടക്കും.” തോമ്മാ സ്വല്പം ബ്രാണ്ടികൂടെ കുടിച്ചുംകൊണ്ടുപറഞ്ഞു: “അവളുടെ കഴുത്തോലൊന്നു മിന്നുവീണാല്‍ ഞാന്‍ രക്ഷപ്പെട്ടു മോനേ.”
“എന്തോന്നാ സ്ത്രീധനം?”
“എന്റെ പെണ്ണിനോ? അവള്‍ക്ക് ഇങ്ങോട്ടു രൂപാ കിട്ടണം. തരാമെന്നും പറഞ്ഞിരിക്യാ തളന്തന്‍ പീലിപ്പായി. എന്റെ കുഞ്ഞിന്റെ ഒരു രോമത്തിന്റെ സൗന്ദര്യം ഉള്ള പെമ്പിള്ളേര് ഈ നാട്ടിലില്ല. അറിയാമോ? എന്നാല്‍ അവളേക്കാള്‍ മിടുക്കിയായിട്ടു വരും എന്റെ അമ്മിണിയും. പക്ഷേങ്കി, തോമ്മാ ചീത്തയാ, കേട്ടോ കുഞ്ഞേ? എന്റെ പെണ്‍പിള്ളേരു ചീത്തയാകത്തില്ല. ചീത്തയാണെന്ന് ഒരൂഹം കിട്ടിയാമതി… തലവീശിക്കളേം…അതു ഞായം വേറെ…പുത്തേടത്തു തറവാട്ടില്‍ ജനിച്ചവനാ ഈ തോമ്മാ…. ദാരിദ്ര്യവാസിയാണേലും…”
ജോയി ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. ആ ഭയങ്കരസത്യം അയാള്‍ ഇതേവരെ അറിഞ്ഞിട്ടില്ല. അവളത് ആരോടും പറഞ്ഞിട്ടില്ല. അവളെ അവന്‍ സ്‌നേഹിക്കുന്നതുപോലെ തോന്നി. സാമൂഹ്യവ്യവസ്ഥിതിയോടുപോലും അവനു വെറുപ്പുണ്ടായി. അവനും അവളെപ്പോലെ പാവപ്പെട്ടവനായിരുന്നെങ്കില്‍ അല്ലെങ്കില്‍ അവളും തന്നെപ്പോലെ ധനികയായിരുന്നെങ്കില്‍ അവര്‍ തമ്മിലുള്ള വിവാഹം നടന്നേനെ. എന്തിനാണു ദൈവം കുറേപ്പേരെ സമ്പന്നരും, ബാക്കിയുള്ളവരെ നിര്‍ദ്ധനരും ആക്കുന്നത്? മനസ്സിലാകുന്നില്ല. ദൈവം നീതിമാനാണോ സംശയമുണ്ട്. ദൈവം പാപികളെ ശിക്ഷിക്കുമത്രേ. എന്നിട്ടും അവനെ ശിക്ഷിച്ചില്ലല്ലോ. പണക്കാരെ ദൈവത്തിനുപോലും പേടിയായിരിക്കും.
ജോയിക്കു ചിരിവന്നു. രണ്ടുമൂന്നുലക്ഷം രൂപായുടെ സ്ത്രീധനവുമായി വരുന്ന സുന്ദരിയായ ഒരു ബി.എസ്സ്‌സിക്കാരിയെ അവന്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്.
“തോമ്മാച്ചേട്ടന്‍ ഇന്നാളൊരിക്കല്‍ അപ്പനോടു രൂപാ ചോദിച്ചിട്ടു തരാത്തതില്‍ പരിഭവം കാണും.” ജോയി പറഞ്ഞു: “പക്ഷേ, ഇന്ന് അപ്പന്റെ കൈയില്‍ രൂപാ ഇല്ലാഞ്ഞിട്ടായിരുന്നു അങ്ങനെ പറഞ്ഞത്. തോമ്മാച്ചേട്ടന് അതിലൊന്നും തോന്നരുത്.”
“എനിക്കു വിരോദമുണ്ടാരുന്നു കേട്ടോ. പക്ഷേങ്കി, എന്റെ തറതി മരിച്ചപ്പം നിങ്ങളെല്ലാം വന്നത്, നിങ്ങളെനിക്ക് ഒരു നൂറു പവന്‍ തരുന്നപോലായിരുന്നു കേട്ടോ.”
ജോയി പോക്കറ്റില്‍നിന്നു നൂറിന്റെ രണ്ടു നോട്ടുകളെടുത്തു. ആ കറന്‍സിനോട്ടുകള്‍ തോമ്മായുടെ വലത്തേ കൈപ്പത്തിക്കുള്ളില്‍ വച്ചുകൊടുത്തിട്ട് അവന്‍ പറഞ്ഞു: “ഇതു പോരെങ്കില്‍ ഞാന്‍ ഇനിയും തരാം.”
തോമ്മാ തന്റെ കൈപ്പത്തിക്കുള്ളിലിരിക്കുന്ന വലിയ നോട്ടുകളിലേക്കു നോക്കി. അയാള്‍ അമ്പരന്നുപോയി. നൂറുരൂപാ നോട്ട് അയാള്‍ ഇതിനുമുമ്പു കണ്ടിട്ടുണ്ട്. ഒരിക്കലും അത്തരത്തിലുള്ള ഒരു നോട്ട് അയാളുടെ സ്വന്തമായിട്ടില്ല. ഒന്നല്ല, രണ്ട്. ഇരുനൂറു രൂപാ!
“യ്യോ ഇതെന്തിനാ കുഞ്ഞേ?”
“ഇരിക്കട്ടെ, മേരിയുടെ ആവശ്യത്തിന്.” മേരിയുടെ ഗര്‍ഭം അലസിപ്പിച്ചു കളയുന്നതിനുള്ള ചെലവിനെന്ന് അവന്‍ തെളിച്ചു പറഞ്ഞില്ലെന്നേയുള്ളൂ. പക്ഷേ, ശുദ്ധഗതിക്കാരനായ തോമ്മായ്ക്ക് അങ്ങനെ ഒന്നുചിന്തിക്കേണ്ട ആവശ്യം ഇതേവരെ നേരിട്ടിട്ടില്ല. മേരിയുടെ കല്യാണാവശ്യത്തിലേക്കാണെന്നേ അയാള്‍ക്കും തോന്നിയുള്ളൂ.
“ഇതു തരികെ തരികയും മറ്റും വേണ്ടാ കേട്ടോ തോമ്മാച്ചേട്ടാ. ഒരുപകരാം മാത്രം ചെയ്താല്‍ മതി… ഞാനീ രൂപാ തന്നെന്ന് ആരോടും പറയരുത്.”
“എടത്തുകൈ കൊടുക്കുന്നതു വലത്തുകൈ അറിയരുതെന്നല്ലേ വേദപൊത്തകത്തീപ്പറേന്നത്.” തോമ്മാ പിന്താങ്ങി. വീണ്ടും അയാള്‍ ആ നോട്ടിലേക്കുതന്നെയാണു നോക്കിയത്. അയാളുടെ കണ്ണുകള്‍ ആശ്ചര്യംകൊണ്ടു തിളങ്ങി. ജോയി ഒരു പത്രക്കടലാസ്സു കീറിക്കൊടുത്തു. തോമ്മാ ആ നോട്ടുകള്‍ അതില്‍ പൊതിഞ്ഞു. എന്നിട്ട് എളിയില്‍ തിരുകി.
അയാള്‍ എണീറ്റു. “കുഞ്ഞിനു ദൈവംതമ്പുരാന്‍ ഒരു ദോഷോം വരുത്തുകേലാ.” അയാള്‍ അവനെ ആശീര്‍വദിച്ചു.
പക്ഷേ, അയാളുടെ എളിയില്‍ ചുരുണ്ടു കൂടിയിരിക്കുന്ന ആ രണ്ടു നോട്ടുകള്‍ രണ്ടു ക്രൂരസര്‍പ്പങ്ങളാണെന്ന് അയാള്‍ അറിയുന്നില്ല. തന്റെ ജീവന്റെ ജീവനായ മകളുടെ ചാരിത്ര്യത്തിന്റെ വിലയാണതെന്ന്, തന്റെ മകളുടെ മാംസം വിറ്റുകിട്ടിയ കാശാണതെന്ന് അയാള്‍ അറിയുന്നില്ല… ദൈവമേ! അറിയാതിരിക്കട്ടെ…. അറിയാതിരിക്കട്ടെ…
ഒരു രാജ്യം പിടിച്ചടക്കിയ ഗമയോടെയാണ് അയാള്‍ കിണറ്റിന്‍കര വഴി നടന്നു വഴിയിലെത്തുന്നത്. പാവപ്പെട്ട പൂത്തേടത്തു തോമ്മാ ഇന്ന് ധനികനായിരിക്കുന്നു…
പടിഞ്ഞാറേ ആകാശം ചെമന്ന ചോരക്കുടംപോലെ കാണപ്പെട്ടു. ആകാശത്തിലെല്ലാം ഒരപാടു കസവുനേരിയതുകള്‍ മന്ത്രകോടികള്‍ നിവര്‍ത്തിയിട്ടിരിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. ഒരു പാപവും ചെയ്തിട്ടില്ലാത്ത തറതിയുടെ കൊതി തീര്‍ക്കാന്‍ ദൈവം അവള്‍ക്കു വേണ്ടി വാങ്ങിച്ചതാവും ആ പുതുകവണികള്‍!
ജോയി ഊറ്റിക്കൊടുത്ത ബ്രാണ്ടി അയാളുടെ ക്ഷീണിച്ച ഞരമ്പുകളെ ഉത്തേജിപ്പിച്ചു; വിജൃംഭിപ്പിച്ചു; ജീവിതം സുഖിക്കാനുള്ളതാണെന്ന് അയാള്‍ക്കു തോന്നിപ്പോയി. വേദനിപ്പിക്കുന്ന ഓര്‍മ്മകളും, നൊമ്പരം കൊള്ളിക്കുന്ന ചിന്തകളും അയാളുടെ ഹൃദയത്തില്‍നിന്നും തല്‍ക്കാലം കുടിയിറക്കപ്പെട്ടു.
പരമാനന്ദകരമായ വിസ്മൃതി ജീവിതം വിയര്‍പ്പുചിന്താല്‍ മാത്രമല്ല സുഖിക്കാനും ഉള്ളതാണെന്ന് അയാള്‍ക്കു തോന്നിപ്പോയി.
കുളിച്ച് ഈറനായ തലമുടി കോതിക്കൊണ്ട്, വെളുത്ത ചട്ടയും മുണ്ടും ധരിച്ച്, മുറുക്കിചെമപ്പിച്ച ചുണ്ടുകളില്‍ മാദകമായ പുഞ്ചിരി ഒളിച്ചുവച്ച്, മുറ്റത്തിന്റെ അരികില്‍ സായംസന്ധ്യയുടെ കനകവെളിച്ചത്തില്‍ നില്‍ക്കുകയായിരുന്നു മദാലസയായ മറിയ. താന്‍ വെറും പാപ്പരല്ല എന്ന് അവളെ ഒന്നറിയിക്കേണ്ടേ? തോമ്മാ അങ്ങോട്ടു കേറിച്ചെന്നു. വേശ്യയുടെ പുഞ്ചിരിക്കു മാസ്മരികമായ ഒരു  ശക്തിയുണ്ട്;  അതിരൂക്ഷമായ ഒരു വശ്യത; ഒരു സൗന്ദര്യം!
“മറിയേ, ഞാന്‍ കാശുകാരനായ കഥ നീയറിഞ്ഞോ?” അയാള്‍ പുരയ്ക്കകത്തേക്കു കേറി കട്ടിലില്‍ ഇരുന്ന്, എളിയില്‍ നിന്ന് അയാള്‍ കടലാസുപൊതിയെടുത്തു. നൂറിന്റെ രണ്ടു പച്ചനോട്ടുകള്‍?
“ഇതെവിടെക്കിട്ടു തോമ്മാച്ചാ!” മറിയയ്ക്ക് അത്ഭുതം ഉണ്ടായി. അവള്‍ അയാളുടെ അടുത്തുചെന്നുനിന്നു. ആ നോട്ടുകള്‍ വാങ്ങിനോക്കി.
“അതു മാത്രം എന്നോടു ചോദിക്കരുത്.” തോമ്മാ പറഞ്ഞു. കല്യാണാവശ്യത്തിനു വല്ലവരോടും കടംവാങ്ങിയതായിരിക്കും എന്നു മറിയ ഊഹിച്ചു. അവള്‍ ആ നോട്ടുകള്‍ തിരികെക്കൊടുത്തു.
“ഓ! ഇന്നു ബ്രാണ്ടി കുടിച്ചോ? ആഹാ!” അവള്‍ പയ്യെ കതകുചാരി. എല്ലാത്തരം മദ്യങ്ങളുടെ മണങ്ങളും തിരിച്ചറിയാന്‍ മറിയയ്ക്കു കഴിയും. അവള്‍ കുടിക്കുന്നവളല്ലെങ്കില്‍ത്തന്നെയും. ബ്രാണ്ടിയുടെ മണം നല്ലതാണ്.
“ഇന്നെങ്കിലും ഇങ്ങോട്ടൊന്നു കേറാന്‍ തോന്നിയല്ലോ.” അയാളുടെ മുഖത്തെ മീശകള്‍ അവളുടെ മുഖത്തു സ്പര്‍ശിച്ചപ്പോള്‍ അവള്‍ക്കു രോമാഞ്ചമുണ്ടായി. വികാരങ്ങള്‍ ഉറവെടുത്തു. വാസനയുള്ള സോപ്പിന്റെ മണവും എണ്ണമയവും ഉള്ള അവളുടെ തണുത്ത തലമുടി ബ്രാണ്ടി മണവും എണ്ണമയവും ഉള്ള അവളുടെ തണുത്ത തലമുടി ബ്രാണ്ടിയുടെ ലഹരിയെ വര്‍ദ്ധിപ്പിച്ചു. “നല്ല മണം!”  തോമ്മാ പറഞ്ഞു. അത്തരം പ്രശംസകള്‍ കേള്‍ക്കുന്നത് അവള്‍ ആദ്യമായിട്ടല്ല. വലിയവീട്ടിലെ ഇട്ടിച്ചന്‍തൊട്ടു കുഞ്ഞമ്മുവരെ അവളുടെ തലമുടിയെ പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അവള്‍ അവരുടെ കാശിനെമാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ. തോമ്മായോടുള്ള അവളുടെ സ്‌നേഹം ഹൃദയത്തില്‍നിന്ന ഉല്‍പന്നമായതാകുന്നു.
അയാളെ സംബന്ധിച്ചിടത്തോളം അവള്‍ പണം മോഹിച്ചില്ല. വാസവദത്ത ഉപഗുപ്തനില്‍ അനുരക്തയായതുപോലെയായിരുന്നു. ആ ഉപഗുപാതനാകട്ടെ ഏപ്പോഴുമെപ്പോഴും 'സമയമായില്ല…സമയമായില്ല' എന്നു പറഞ്ഞ് ഒഴിയുകയും ചെയ്യുന്നു.
പാപത്തിന്റെ വക്കുവരെ അയാള്‍ എത്തിയതാണ്. എവിടെയോ തന്റെ തറതി ഒളിഞ്ഞുനിന്ന് ആ രംഗം കാണുന്നു എന്ന് അയാള്‍ക്കു പെട്ടെന്ന് ഒരു മിന്നല്‍പോലെ തോന്നിപ്പോയി.
നോട്ടുകള്‍ ഒന്നുകൂടി എണ്ണി എളിയില്‍ ഭദ്രമായി വച്ചിട്ട്, അയാള്‍ പുറത്തേക്കു വേഗം ഇറങ്ങി. മറിയ അമ്പരന്നുപോയി.
“ഇതിയാനു കിറുക്കുണ്ടോ?” മറിയയ്ക്ക് ദേഷ്യമാണുണ്ടായത്.
“ഞാന്‍ പോയി വരാം മറിയേ…”
“ഉം വരും.”  അവള്‍ പരിഭവം പറഞ്ഞു.
അയാള്‍ വഴിയിലേക്കിറങ്ങിപ്പോകാന്‍ ഭാവിച്ചപ്പോള്‍ മറിയ പറഞ്ഞു. “തോമ്മാച്ചനോട് എനിക്കൊരുപാടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അത്യാവശ്യമായിട്ട്!”
“ഞാന്‍ പോയിവന്നിട്ടു പറയാം മറിയേ.”
“മേരിമ്മേടെ കാര്യമാ…. ആ പട്ടാളക്കാരന്‍ വന്നാലൊടനേതന്നെ കല്യാണം നടത്തണം. ഒട്ടും ഇനി നീട്ടിവയ്ക്കരുത്… അതിനു കാര്യമുണ്ട്.”
“ഒടനെതന്നെ നടത്തണമെന്നാ മറിയേ ഞാനും വിചാരിക്കുന്നത്… ആ കറിയായുടെ സാധനങ്ങളെല്ലാം തിരിച്ചുകൊടുക്കണം. പണയം നാളെത്തന്നെ എടുപ്പിക്കണം… ഇതുമാറി അമ്പതുരൂപാ ഇന്നുതന്നെ ഏല്‍പിക്കണം…” അയാള്‍ നടക്കുകയാണ്.
“പോയിട്ടു വരുമോ തോമ്മാച്ചാ?”
“വരും… കൊറേ ഇരുട്ടും…. ഞാനൊരിടംവരെ ഒന്നു പോവുക.”
“എവിടാ?”
“വന്നിട്ടു പറയാം.”
“ഞാന്‍ കാത്തിരിക്കണോ, അതോ?”
“ഇന്നു നീ കാത്തിരിക്കണം….” അയാള് പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചുവന്നു.  എളിയില്‍നിന്നു പൊതിയെടുത്തു. അതില്‍ നിന്ന് ഒരു നൂറുരൂപാ നോട്ട് മറിയയുടെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: “അമ്പതുരൂപാ പണയത്തിന്റെ, ബാക്കി അമ്പതുരൂപാ ആശുപത്രിയിലെ കടം വീട്ടണം. എന്റെ കൈയിലിരുന്നു ചെലവായിപ്പോകും….ഞാന്‍ പോയേച്ചുവരാം… മറിയേ…”
അയാള്‍ നടന്നു. ഇന്ന് അയാള്‍ പറഞ്ഞ വാക്കുകള്‍ അവള്‍ക്കു വിശ്വസിക്കാന്‍ തോന്നി.
മറിയയുടെ വീട്ടില്‍നിന്നു തോമ്മാ ഇറങ്ങിവരുന്നതും മറിയയ്ക്ക് തോമ്മാ നൂറിന്റെ ഒരുനോട്ടു കൊടുക്കുന്നതും തമ്മില്‍ രഹസ്യം പറയുന്നതും ഒക്കെ അപ്പുറത്തെ കുഞ്ഞപ്പന്‍നായരുടെ വീടിന്റെ മുറ്റത്തുനിന്നു പപ്പടക്കാരി പാറു കാണുന്നുണ്ടായിരുന്നു. അവള്‍ വിറകും വാങ്ങിക്കൊണ്ടു തിരികെ വരുംവഴി മറിയയുടെ വീട്ടില്‍ കയറി; രണ്ട് ഉണക്കമത്തി വാങ്ങി.
“മറിയാമ്മേ, ഞാന് പറേന്നതില്‍ മറ്റൊന്നും വിചാരിക്കരുത്.” പാറു വട്ടയിലയില്‍ പൊതിഞ്ഞ ഉണക്കമീന്‍ മടിക്കുത്തില്‍ വച്ചുകൊണ്ടു പറഞ്ഞു.
“എന്തോന്നാടീ പാറൂ, ഈ തിരസന്ധ്യയ്ക്കു നീ നൊണയുംകൊണ്ടു വന്നിരിക്കുന്നെ? കേക്കട്ടെ.”
“മറിയാമ്മ എന്നോടു കെറുവിക്കരുത്.”
“എന്താണുവച്ചാല്‍ പറഞ്ഞു കഴുവേറ്റെടി, വെളക്കുവച്ചു കുരിശു വരയ്ക്കാന്‍ നേരമായി.”
“എന്തിനാ മനുഷ്യേരെക്കൊണ്ട് അതുംമിതും പറേപ്പിക്കുന്നത്…. നിങ്ങളു രണ്ടുംകൂടി പള്ളീപ്പോയി ആ ചടങ്ങങ്ങു  നടത്തിയേക്ക്.”
“ആരാ രണ്ടുകൂടെ?  എന്തോന്നാടീ ഇപ്പറേന്നത്? തേ അടിച്ച് അണപ്പൂട്ട് തകര്‍ത്തുകളേം പോക്രിത്തരം പറഞ്ഞാല്‍…. ഞാനും പൂത്തേടത്തു അതിയാനും മാപ്പളേം പോക്രിത്തരം പറഞ്ഞാല്‍…. ഞാനും പൂത്തേടത്തു അതിയാനും മാപ്പളേം പെമ്പളേം ആയിട്ടാ ജീവിക്കുന്നേ…. അതു ഞങ്ങടെ ഇഷ്ടമാ. അതിനേതവക്കാടീ ഇത്ര ദെണ്ണം തോന്നാന്‍…”
“മറിയാമ്മ എന്തിനാ എന്നെ തോന്നെ പറേന്നത്… ഞാന്‍ കേട്ടതു പറഞ്ഞന്നേയുള്ളൂ…”
“ഓ, നിന്റെ വിശേഷം എനിക്കറിയാമെടീ. എല്ലാരുടേം വിശേഷം അറിയാം…. ആരും ആരേം അത്ര കൊച്ചാക്കാനൊന്നും പോരണ്ട കേട്ടോ…”
“ഞാന്‍ പറഞ്ഞത് ഇങ്ങെടുത്തിരിക്കെപ്പാ.” പാറു വിറകുകെട്ടും ചുമ്മിക്കൊണ്ട് അവളുടെ പാട്ടിനുപോയി.
“എന്തോന്നാ മറിയാപ്പെമ്പ്‌ളെ, പാറുവായിട്ട് വഴക്ക്?” ഉഴവുകാളകളെ എരുത്തിലില്‍ കൊണ്ടുചെന്നു കെട്ടുന്നതിനിടയ്ക്കു കുഞ്ഞപ്പന്‍നായരു വിളിച്ചുചോദിച്ചു.
“അല്ല കുഞ്ഞപ്പച്ചാരെ, ഓരോ അവളുമാര് എന്നേം പൂത്തേടത്തു തോമ്മാച്ചനേംകൊണ്ട് അനാവശ്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു… എന്തോന്നാ ഇതിന്റെയൊക്കെ ചേഴം പറേണ്ടത്?”
“അത് അനാവശ്യമൊന്നുമല്ല മിറയപ്പെമ്പ്‌ളേ.” കുഞ്ഞപ്പന്‍നായര്‍ മറിയ കേള്‍ക്കത്തക്കവിധം തന്നെത്താനെന്നപോലെ പറഞ്ഞു. അല്പം കൊള്ളിച്ചാണ് അയാളും പറഞ്ഞത്.
എങ്കിലും മറിയ അതിനു മറുപടി ഒന്നും പറയാന്‍ പോയില്ല. അഭിമാനമുള്ള ഒരു അപമാനമാണ് അവള്‍ കേട്ടത്. അതിലവള്‍ക്ക് ഉള്ളാലെ സന്തോഷമേ ഉള്ളൂ. നാലുപേരറിയട്ടെ; പത്തുപേര്‍ പറയട്ടെ. അതു നല്ലതാണ്. തോമ്മാച്ചനും അറിയട്ടെ മനുഷ്യരുടെ ഇടയില്‍ ഇങ്ങനെ ഒരു സംസാരമുണ്ടെന്ന്. അഭിമാനിയായ അയാളെ പ്രേരിപ്പിക്കാന്‍ അതേ മാര്‍ഗ്ഗമുള്ളൂ. അവളുടെ ആഗ്രഹമെന്തെന്ന് അയാളോടു നേരേ പറഞ്ഞിട്ടില്ലെങ്കിലും, അത് എന്തെന്ന് അയാള്‍ മനസ്സിലാക്കിക്കാണുമെന്നതു തീര്‍ച്ചയാണ്. തറതിയെപ്പറ്റിയുള്ള ഓര്‍മ്മ അയാളുടെ മനസ്സില്‍ ഇപ്പോഴും  പച്ചയായി നില്‍ക്കുന്നു. മേരിയുടെ കല്യാണം കഴിയട്ടെ; തറതി മരിച്ചതിനുശേഷം ആ പിള്ളേരുടെ തള്ളയെപ്പോലെയാണ് അവള്‍ പെരുമാറിപ്പോരുന്നത്. എന്നാല്‍ ശാരീരികമായി ഇതേവരെ ഒരു ബന്ധവും അവളും അയാളും തമ്മില്‍ ഉണ്ടായിട്ടില്ലതാനും.
ഇന്നു രാത്രി അയാള്‍ വരും.
തോമ്മാ വീട്ടിലെത്തിയപ്പോള്‍ മേരി പതിവുപോലെ റബ്ബറിന്റെ ഇടയിട്ടു വെള്ളം അനത്തിവച്ചിരുന്നു. തോമ്മാ വേഗം കുളിച്ചു. പള്ളിയില്‍ പോകുന്നതിനു കാല്‌പെട്ടിയില്‍ വച്ചിരുന്ന അലക്കിയ മുണ്ടും തോര്‍ത്തും എടുത്തപ്പോള്‍ തറതിയുടെ കീറിയ ഒരു ചട്ട ആ പെട്ടിയില്‍ ഇരിക്കുന്നതു കണ്ടു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. പെമ്പിള്ളേര്‍  കാണാതെ അയാള്‍  കണ്ണുനീര്‍ തുടച്ചു.
“മോളേ! മേരീ! ഞാന്‍ പട്ടണം വരെ  ഒന്നു പോയേച്ചുവരട്ടെ.” അയാള്‍ ഡ്രസ്സുമാറി മുറ്റത്തേക്കിറങ്ങിയിട്ടു പറഞ്ഞു. അന്നു കിട്ടിയ വേലക്കൂലി അയാള്‍്് മേരിയെ ഏല്പിച്ചു.
“എന്തിനാപ്പാ ഈ സന്ധ്യയ്ക്ക്?...”  മേരി ചോദിച്ചു: പോയേച്ചു വരുമ്പം നേരം ഒത്തിരി ഇരുട്ടുമല്ലോ?”
“ഞാന്‍ പിടീന്നു വരാം മോളേ…അതാ പള്ളീല്‍ സന്ധ്യമണി അടിക്കുന്നു… വെളക്കു കത്തിച്ചു മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിക്ക്…നിങ്ങടെ അമ്മച്ചിക്കുവേണ്ടി പ്രത്യേകം അന്വേഷിക്കണം കേട്ടോ…”
“തോമ്മാച്ചാ!” തേമ്മാ വഴിയിലേക്കിറങ്ങിയപ്പോള്‍ അക്കത്തള്ള വിളിച്ചു. “മാത്തുക്കുട്ടി ഇന്നു രാത്രീലോ നാളെ രാവിലെയോ വരും.”
“വരട്ടെ ചേടിത്തീ.” വര്‍ത്തമാനം പറയാന്‍ നേരമില്ലായിരുന്നു. വേഗം നടന്നു.
സന്ധ്യാപ്രാര്‍ത്ഥനയ്ക്കുള്ള മണികള്‍ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. റബ്ബര്‍മരങ്ങളുടെ അപ്പുറത്ത് ആകാശത്തില്‍ രാജകീയമായ പ്രതാപത്തോടെ അന്തിഭാനുമാന്‍ അസ്തമിക്കുകയായിരുന്നു.
അപ്പോഴേക്കും ആകാശത്തിലൊരു ആയിരം കോടി നക്ഷത്രങ്ങള്‍ പൂത്തിറങ്ങുകയായി; പോരാഞ്ഞ് ഒരു വെള്ളിമേഘത്തിന്റെ കൊമ്പത്ത് ഒരു പൂന്തിങ്കളും.

കരകാണാക്കടല്‍ -18 (നോവല്‍: മുട്ടത്തുവര്‍ക്കി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക