വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: മന്ത്രിയും എം.പിയും എം.എല്‍.എയുമൊക്കെ
ഉണ്ടായിട്ടും ഫോമാ കണ്‍വന്‍ഷനിലെ താരം കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസ്
ആയിരുന്നു. പ്രവാസി മലയാളിയുടെ മനസ് തൊട്ടറിഞ്ഞ ബ്രിട്ടാസിന് കണ്‍വന്‍ഷന്റെ
പൂര്‍ണ്ണ പിന്തുണയും ലഭിച്ചു. ഇന്ത്യയുടേയും കേരളത്തിന്റേയും നാനാ ഭാഗത്തുള്ള
വളര്‍ച്ചയെക്കുറിച്ച് രാഷ്‌ട്രീയ നേതാക്കള്‍ ഊറ്റംകൊണ്ടപ്പോള്‍ കേരളം
തളരുകയാണെന്നും അതിനുകാരണം രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തി
ഇല്ലായ്‌മയാണെന്നും ബ്രിട്ടാസ് തുറന്നടിച്ചു.
ഇടതു-വലത് സര്‍ക്കാരുകള്‍
കാണിച്ച അനാസ്ഥയുടെ പട്ടിക നിരത്തിയപ്പോള്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി സംസാരിച്ച
ബ്രിട്ടാസിന് കൈയ്യടി സ്വാഭാവികം. `കഴിഞ്ഞ പത്തുവര്‍ഷക്കാലം
കേരളത്തില്‍ ഒരു റോഡോ, ഒരു യൂണീറ്റ് വൈദ്യുതിയോ പുതുതായി ഉണ്ടായിട്ടില്ല'. ഈ
പോക്ക് പോയാല്‍ ഏറ്റവും പിന്നോക്ക സംസ്ഥാനമായി കേരളം മാറും.
പ്രതിച്ഛായയ്‌ക്കുവേണ്ടി വികസന പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ വൈമുഖ്യം
കാണിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ കേരളത്തിന് ശാപമാണ്. `ഭാവി കേരളം അവരെ
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും.' ബ്രിട്ടാസ്
കത്തിക്കയറിയപ്പോള്‍ ഫോമാ പ്രതിനിധികളിലും ആവേശത്തിന്റെ വേലിയേറ്റം.
തന്റെ
വര്‍ഗ്ഗത്തിലുള്ളവരേയും ബ്രിട്ടാസ് വെറുതെവിട്ടില്ല. കപട പരിസ്ഥിതിവാദികളെ
തോളിലേറ്റി നടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ രാഷ്‌ട്രീയ നേതാക്കളെപ്പോലെ തന്നെ
കുറ്റക്കാരാണ്. എക്‌സ്‌പ്രസ് ഹൈവേ വന്നാല്‍ കേരളം രണ്ടായി പിളര്‍ന്ന്
പോകുമെന്ന് മുഖപസംഗം എഴുതിയവരാണ് നമ്മുടെ മാധ്യമങ്ങള്‍.
വേദിയിലിരുന്ന മന്ത്രി
കെ.സി ജോസഫും, കെ.വി. തോമസ് എം.പിയും, തോമസ് ചാണ്ടി എംഎല്‍എയും, ജോസഫ്
വാഴയ്‌ക്കന്‍ എം.എല്‍എയ്‌ക്കുമൊക്കെ എങ്ങനെയെങ്കിലും തലയൂരിയാല്‍ മതിയെന്ന
സ്ഥിതിയിലായെന്ന് കണ്‍വന്‍ഷന്‍ തിരിച്ചറിഞ്ഞു. `തിരുവനന്തപുരത്തു നിന്നും
കൊച്ചിയിലേക്ക് റോഡ് മാര്‍ഗ്ഗം എത്താന്‍ എത്ര സമയം വേണം മാഷേ' എന്ന
ബ്രിട്ടാസിന്റെ ചോദ്യത്തിന് കെ.വി. തോമസ് കൈമലര്‍ത്തി. രാവിലെ പുറപ്പെട്ടാല്‍
രാത്രി എത്തിയാലായി എന്നല്ലേ മാഷ് ഉദ്ദേശിച്ചതെന്ന് തുടര്‍ന്ന് ചോദിച്ചപ്പോള്‍
`അതെ' എന്ന് തലകുലുക്കാന്‍ മാത്രമേ കെ.വി. തോമസിനായുള്ളൂ. അടുത്തത് കെ.സി
ജോസഫിനുള്ള ഊഴമായിരുന്നു. `കെ.സി ജോസഫ് എന്റെ എം.എല്‍എ ആണ്. നല്ല പട്ടുപോലൊരു
മനുഷ്യന്‍. എന്നാല്‍ അദ്ദേഹം വിചാരിച്ചാല്‍ അവിടെ ഒന്നും നടക്കില്ലെന്ന്
അദ്ദേഹത്തിന് തന്നെ അറിയാം'.
ഇപ്പോള്‍ കേരളത്തിലെ പ്രശ്‌നം ബാറിലിരുന്ന്
കുടിക്കണോ, അതോ പുറത്തുനിന്ന് കുടിക്കണോ എന്നതാണ്. പൈസ കൊടുത്ത് സര്‍ക്കാരിന്റെ
ഉത്‌പന്നം വാങ്ങുന്നവരോട് അല്‌പമെങ്കിലും മര്യാദ കാണിക്കണം. ഒരു ദിവസം മുഴുവന്‍
ക്യൂവില്‍ നിന്നാണ് ഒരാള്‍ക്ക് ഒരു കുപ്പി വാങ്ങുവാന്‍ സാധിക്കുന്നത്. തെരുവു
നായ്‌ക്കളോട് കാണിക്കുന്ന മര്യാദ പോലും ഖജനാവിലേക്ക് കോടികള്‍
ഒഴുക്കിക്കൊടുക്കുന്ന നമ്മുടെ സഹജീവികളോടില്ല. വാഴയ്‌ക്കന്റെ മണ്‌ഡലത്തിലാണ്
ഏറ്റവും അധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യമറിഞ്ഞാല്‍ ജനങ്ങള്‍
വാഴയ്‌ക്കനെ മണല്‍ മാഫിയയെന്ന് വിളിക്കും. തട്ടുകട നടത്തുന്നവരെപ്പോലും തട്ടുകട
മാഫിയ എന്നു വിളിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ കല്ലും മണലുമില്ലാതെ
റോഡും വീടും പണിയാന്‍ കഴിയില്ല. തന്റെ നേതാവിന്റെ പ്രതിച്ഛായയ്‌ക്കുവേണ്ടി കേരളത്തെ
തടവിലിടരുതെന്ന് അമേരിക്കന്‍ മലയാളികളെങ്കിലും ഉപദേശിക്കണം.
കേരളത്തിലെ
പാവപ്പെട്ട കുട്ടികള്‍ പഠിച്ച് വിദേശത്ത് ജോലി തേടി ഡോളറും, ദിര്‍ഹവും
നാട്ടിലേക്ക് അയയ്‌ക്കുന്നതിന്റെ ക്രെഡിറ്റ് എടുക്കാനാണ് വാഴക്കന്മാര്‍
ശ്രമിക്കുന്നത്. വിദേശ മലയാളികള്‍ നാട്ടിലെ ബാങ്കുകളിലേക്ക് അയയ്‌ക്കുന്ന
ആയിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യത്തെക്കുറിച്ച് എല്ലാവരും വാചാലരാകും.
എന്നാല്‍ ഈ തുക നാടിന്റെ വികസനത്തിന് വിനിയോഗിക്കാനുള്ള ഭാവനാസമ്പന്നമായ ഒരു
പദ്ധതി പോലും വിദേശ മലയാളിക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ കേരളത്തിന്
കഴിയുന്നില്ല. ഫ്‌ളാറ്റ് വാങ്ങലും വീട് ഉണ്ടാക്കലും മാത്രമാണ് ഇപ്പോഴത്തെ
പദ്ധതി. വിദേശ മലയാളികളുടെ നിക്ഷേപം നമ്മുടെ ബാങ്കുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ
വികസന പ്രക്രിയയയ്‌ക്ക് വഴിതിരിച്ച് വിടുമ്പോള്‍ കൈയ്യും കെട്ടിയരിക്കുകയാണ്
നമ്മുടെ ഭരണകര്‍ത്താക്കള്‍. ഭരിക്കാന്‍ ഏല്‍പിച്ച ജനത്തിനെ നോക്കി കൊഞ്ഞനം
കുത്തുന്നത് ആദ്യം നിര്‍ത്തുക. പരക്കംപാച്ചില്‍ ഒഴിവാക്കി കേരളത്തിന്റെ
വികസനത്തിനുവേണ്ടി ചാനല്‍ ക്യാമറകളെ നോക്കാതെ ഭരിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും
സമുദായ പ്രമാണി തുമ്മുമ്പോള്‍ കര്‍ചീഫ് എടുത്തു കൊടുക്കാന്‍ കാണിക്കുന്ന
ഔത്സുക്യത്തിന്റെ പത്തിലൊന്ന് താത്‌പര്യം പൊതുജനത്തിന്റെ കാര്യത്തില്‍ കാണിക്കുക.
ഇവിടെ വന്ന് പ്രവാസി മലയാളിക്ക് ഉപദേശം നല്‍കുന്ന നേതാക്കളെ ഒന്ന്
ഗുണദോഷിക്കാനെങ്കിലും ബ്രിട്ടാസ് പറഞ്ഞപ്പോള്‍ ഫോമാ കണ്‍വന്‍ഷന്‍ ഹാളില്‍
നിലയ്‌ക്കാത്ത ആരവം.
ബിസിനസ് മീറ്റിംഗില്‍ രാഷ്‌ട്രീയ
നേതാക്കള്‍ക്ക് നല്ലൊരു ഡോസ് ബ്രിട്ടാസ് കൊടുത്തു. നിക്ഷേപം നടത്താന്‍ ധൈര്യമായി
വന്നോളൂ എന്ന മന്ത്രി കെ.സി ജോസഫിന്റേയും സഹപ്രവര്‍ത്തകരുടേയും ആഹ്വാനത്തെയാണ്
ബ്രിട്ടാസ് പഞ്ചറാക്കിയത്. `ഇവിടെയിപ്പോള്‍ നിങ്ങള്‍ കഞ്ഞികുടിച്ച്
പോകുന്നുണ്ട്. ഇവര്‍ തേനും പാലും ഒഴുക്കാമെന്ന് ഇവിടെ പറയും. നാട്ടില്‍
തിരിച്ചെത്തിയാല്‍ ഇവരുടെ രൂപം മാറും. അദ്ധ്വാനിച്ചുണ്ടാക്കിയ പൈസ
നിക്ഷേപിക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കണം. ഗ്യാരണ്ടി നല്‍കാന്‍
തയാറുണ്ടെങ്കില്‍ മാത്രമേ പണം മുടക്കാവൂ. ബ്രിട്ടാസിന്റെ ശബ്‌ദത്തെ
അനുകൂലിച്ചുകൊണ്ട് ശ്രോതാക്കള്‍ നീണ്ട ആരവം മുഴക്കിയപ്പോള്‍ അതില്‍ പങ്കുചേരാന്‍
മാത്രമേ മന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞുള്ളൂ.
അപ്പോഴേയ്‌ക്കും
ബ്രിട്ടാസിന്റെ നിലപാടില്‍ ആവേശംകൊണ്ട് തോമസ് ചാണ്ടിയും വാചാലനായി. കേരളത്തിന്റെ
ഭരണരീതി മാറാതെ സംസ്ഥാനത്തിന് രക്ഷയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇച്ഛാശക്തിയുള്ള ഒരു ഭരണകര്‍ത്താവിന് മാത്രമേ കേരളത്തെ ഇന്നത്തെ നിശ്ചലാവസ്ഥയില്‍
നിന്ന് കരകയറ്റാന്‍ കഴിയൂ എന്ന ബ്രിട്ടാസിന്റെ പ്രതികരണത്തിനും വലിയ പിന്തുണ
ലഭിച്ചു. സമ്മേളനത്തിന് ബ്രിട്ടാസിന്റെ ഇടപെടലുകള്‍ വ്യക്തമായ
ദിശാബോധം നല്‍കി.