ലോകത്തിന്റെ ഒരു തട്ടില്‍ നിന്ന് മറ്റൊന്നിലേയ്‌ക്ക് ഊര്‍ന്നിറങ്ങുന്നു.
ശരീരത്തിന്റെ ഭാരമില്ലാതെ, ഒരു തൂവല്‍ പോലെ പറന്ന് പറന്ന്..
മരണത്തെ
നിര്‍വ്വചിക്കാന്‍ ആര്‍ക്കാണിഷ്ടം?
അവ്യക്തമായ കാഴ്‌ച്ചകള്‍ക്കപ്പുറം
യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക് നടന്നു വരുമ്പോള്‍ മരണമെന്നാല്‍ ഉടല്‍ കൊടുത്ത് ഉയിരു
വാങ്ങുന്ന വാതിലുകളാണ്. ദുഖങ്ങളില്ലാത്ത, സന്തോഷമില്ലാത്ത, ആശകളും
നിരാശകളുമില്ലാത്ത ഹൃദയം നിറഞ്ഞിരിക്കുന്നവരുടെ മാത്രം ഇടം. അവിടേയ്‌ക്കുള്ള
യാത്രകളില്‍ കൈവിട്ടു പാതിവഴിയില്‍ തനിച്ചാക്കിയവരെ ഓര്‍ക്കാനാകില്ല.
ഞാന്‍
കാണുന്നത് എന്‍റെ ഭൂമി. എന്‍റെ കണ്ണില്‍ ഞാന്‍ നിങ്ങളെ കാണുന്നു, പൂക്കള്‍
വാസനിക്കുന്നു, ഇലകളെ തൊടുന്നു, പ്രണയിക്കുന്നു, ഭക്ഷിക്കുന്നു, ശരീരത്തെ
അറിയുന്നു.. ഇതൊക്കെ ഞാന്‍ കാണുന്നു. എന്നില്‍ നിന്നാണ്, ഓരോ പക്ഷിയും
ചിലയ്‌ക്കുന്നതെന്ന തോന്നലുണ്ടാകുന്നു. എന്നില്‍ നിന്നാണ്, ഓരോ അറിവുകളും
പുറപ്പെടുന്നതെന്ന് തോന്നുന്നു. ലോകം ചുരുങ്ങി ചുരുങ്ങി ഞാന്‍ മാത്രമായി മാറുന്നു.
അതൊരു നിത്യ സത്യവുമായിരിക്കേ മരണത്തിന്‍റെ റോള്‍ എന്താണ്?
ഇല്ലാതാകുക
എന്നത് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ്?
ഞാനായി ചുരുങ്ങിയിരിക്കുന്ന
ലോക്കത്തിന്‍റെ ഭാഷകള്‍ എനിക്കു മനസ്സിലാകും. പക്ഷേ അതിനപ്പുറം ലോകത്തിന്‍റെ
നിശബ്ദമായ നിഗൂഢമായ ഭാഷകള്‍ എനിക്കജ്ഞാതം. കാഴ്‌ച്ചകള്‍ കൃഷ്‌ണമണികള്‍ക്ക്
പ്രാപ്യമല്ല. പക്ഷേ ഉടല്‍ വെടിഞ്ഞവന്, ഈ കാഴ്‌ച്ചകള്‍ മാത്രമേ ഉള്ളൂ. ശരീരത്തെ
വേദന കൊണ്ട് നിറച്ചവന്‍ ആയിരുന്നാലും അജ്ഞാത രോഗത്താല്‍ വിഷമിച്ചവനായിരുന്നാലും
ഉയിര്, വെട്ടിത്തിളങ്ങും വൈഡൂര്യം പോലെ.
മരിക്കാന്‍ പോകുമ്പോള്‍ നിങ്ങള്‍
ആനന്ദത്തിലായിരിക്കുക. മരണത്തിന്, ഒരു നിമിഷം മുന്‍പെങ്കിലും അത് ശരീരത്തിനും
മനസ്സിനും സൂചനങ്ങള്‍ നല്‍കുന്നു. ആ സൂചനകളില്‍ പ്രകൃതിയുടെ നിഗൂഢതകളുണ്ട്. അതൊരു
ഉന്‍മാദമാണ്. പ്രകൃതിയെ അറിയുക, അതിന്‍റെ നിശബ്ദമായ ഭാഷയറിയുക, അതില്‍
ആനന്ദത്തിലായിരിക്കുക.
മരണമേ നീയൊരു തുറന്നിട്ട വാതില്‍ മാത്രം. ഞാനും
നിങ്ങളുമിരിക്കുന്ന ഇരുണ്ട ഗുഹയ്‌ക്കുള്ള വാതില്‍. അതിനപ്പുറം നിങ്ങള്‍ ലോകമായി
പരിണമിക്കപ്പെടുന്നു. ഒരു മഞ്ഞു തുള്ളി പോലെ തണുപ്പും സൂര്യനേ പോലെ ചൂടും നിങ്ങള്‍
തൊട്ടെടുക്കുന്നു. അദൃശ്യമായ ആ ലോകത്ത് ഇതൊന്നും പുതുമയേ അല്ല. അരൂപികളായ
ആത്മാക്കളുടെ ലോകമാണത്.