ഓടു മേഞ്ഞ ഞങ്ങളുടെ വീടിന് അനുന്ധമായി ഒരു തൊഴുത്തുണ്ടായിരുന്നു. അതിനോടൊപ്പം
ഉരല്‍പ്പുരയും. ആവശ്യമില്ലാതായപ്പോള്‍ രണ്ടും അടച്ചുറപ്പുള്ള മുറികളാക്കി. രണ്ടും
നിറയ്‌ക്കാന്‍ മരസ്സാമാനങ്ങളും മറ്റ് ആവശ്യമില്ലാത്ത ഉരുപ്പടികളും ധാരാളം
ഉണ്ടായിരുന്നതുകൊണ്ട്‌മുറികള്‍ ഐശ്വര്യമായി നിലകൊണ്ടു. തലങ്ങും വിലങ്ങും
കൂട്ടിയിട്ടിരിയ്‌ക്കുന്ന സാധനങ്ങളില്‍നിന്ന് ആവശ്യം തോന്നുന്ന എന്തെങ്കിലും
തപ്പിയെടുക്കുന്നത് പക്ഷേ എളുപ്പമായിരുന്നില്ല.അവയ്‌ക്കിടയില്‍
ഇഴന്തുക്കളുണ്ടാവുമോ എന്ന പേടിയുമുണ്ട്.
വലിയൊരു മാവും രണ്ടു കടപ്ലാവുകളും
ഈ പുരയ്‌ക്കു കുടപിടിച്ച് നില്‍പ്പുണ്ട്. ഓട്ടുമ്പുറത്ത് മാമ്പഴവും കടച്ചക്കയും
വീണുവീണ് മേച്ചിലോടുകള്‍ പൊട്ടുന്നത് പതിവായി. പല പ്രാവശ്യംഇളക്കിമേഞ്ഞതാണ്.
ഇപ്പോള്‍ വീണ്ടും ചോര്‍ന്നൊലിയ്‌ക്കാന്‍ തുടങ്ങിയിരിയ്‌ക്കുന്നു. ഓടുകള്‍കുറച്ചു
വാങ്ങണം. ഇത്തവണ പട്ടികകളും മാറ്റേണ്ടിവരും. പലതും ചിതലു വന്ന്
നശിച്ചിരിയ്‌ക്കുന്നു. വാങ്ങാന്‍ ചെല്ലുമ്പോഴാണ് മരത്തിന്റെ വിലയറിയുക.
ആശാരിയ്‌ക്ക് ആയിരം ഉറുപ്പികയാണ് നിലവിലുള്ള കൂലി. തരക്കേടില്ലാത്ത ഒരു
സംഖ്യയ്‌ക്കുള്ള വകുപ്പുണ്ട്.
അപ്പോഴാണ് ഷീറ്റു മേയുന്ന കാര്യം
ആലോചിച്ചത്. ചിതലിന്റെ പ്രശ്‌നം ഇല്ലല്ലോ. ഇടയ്‌ക്കുള്ള ഇളക്കിമേയലും വേണ്ട. പക്ഷേ
ചില്വാനം കുറച്ചികം വേണ്ടി വരും. നാല്‍പതിനായിരം എന്നായിരുന്നു സുജിത്തിന്റെ
എസ്റ്റിമേറ്റ്. അത്ര അത്യാവശ്യമല്ലാത്ത കാര്യത്തിന് ഇത്രയ്‌ക്കു പണം ചെലവാക്കണോ?
ഓടു മേഞ്ഞ വീടിന്റെ അരികെ ഷീറ്റു മേഞ്ഞ പുര നില്‍ക്കുന്നതിന്റെ അഭംഗി വേറെ.
കാലവര്‍ഷം വേറെ വഴിയ്‌ക്കു പോയതോടെ ഉടനെ ഒന്നും ചെയ്‌തില്ലെങ്കിലും കുഴപ്പമില്ല
എന്നും തോന്നി. സുജിത്തിനോട് ഒരാഴ്‌ച കഴിഞ്ഞു വരാന്‍ പറഞ്ഞ് തല്‍ക്കാലം
മടക്കിയയച്ചു.
തൊഴുത്തില്‍ പശു മുളഞ്ഞിരുന്ന കാലം. അഞ്ചേമുക്കാലിന്
ആമ്പല്ലൂര്‍ വിളി കേട്ടാണ് മാധവി എഴുന്നേല്‍ക്കുക. അക്കരെനിന്ന് തോണി കടന്ന്
കണ്ടു അപ്പോഴേയ്‌ക്കും എത്തിയിരിയ്‌ക്കും. പശുവിനെ കറക്കാനാണ് കണ്ടുവിന്റെ വരവ്.
കണ്ടുവിന് പാലിനുള്ള പാത്രവും വെള്ളവുംഎടുത്തു കൊടുത്ത് മാധവി അടുപ്പില്‍
തീക്കൂട്ടാനിരിയ്‌ക്കും. തീപ്പിടിപ്പിച്ച അടുപ്പ് അമ്മയെഏല്‍പ്പിച്ച്
കുറ്റിച്ചൂലുമെടുത്ത് മുറ്റത്തേയ്‌ക്കിറങ്ങും. മാധവിയുടെ ദിവസം തുടങ്ങുകയാണ്.
മാധവിയെ മാത്രമല്ല, എന്റെ നാട്ടുകാരെ ഒന്നടങ്കം വിളിച്ചുണര്‍ത്തുന്നത് ഈ
വിളിയാണ്. കൃത്യം ആറേമുക്കാലിനാണ് രണ്ടാമത്തെ വിളി. അതു കേട്ടാണ് ഞാന്‍
എഴുന്നേല്‍ക്കുക.
എന്റെ ഓര്‍മ്മകള്‍ തെളിയുന്ന കാലത്ത് ഒരു ദിവസം അച്ഛന്‍
മണ്ടേമ്പാടത്തിനക്കരേയ്‌ക്ക്‌നോക്കിനില്‍ക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.
അവിടെ ഒരു ഇഷ്ടികച്ചൂള ആകാശത്തേയ്‌ക്കുതലയുയര്‍ത്തിയത് നോക്കിയാണ് അച്ഛന്‍
നിന്നത്. അത് കൊച്ചൂട്ടന്റെ ഓട്ടുകമ്പനി എന്നു നാട്ടുകാര്‍ പില്‍ക്കാലത്ത്
അരുമയോടെ വിളിച്ചു പോന്ന അരവിമ്പാ ടൈല്‍ ഫാക്ടറിയുടെ ചൂളയായിരുന്നു. അരവിമ്പന്‍
കൊച്ചൂട്ടന്റെ ഒറ്റമകനാണ്. ഓട്ടുകമ്പനി വന്നതോടെ നാട്ടുകാരുടെ നാവോറുപാട്ടിലെ
ഓമനയുണ്ണിയായി അരവിമ്പന്‍. ഒരിയ്‌ക്കല്‍ എനിയ്‌ക്കും അരവിമ്പനെ കാണാനുള്ള
ഭാഗ്യമുണ്ടായി. രണ്ടാം ക്ലാസ്സില്‍ പഠിയ്‌ക്കുന്ന കാലത്ത് കുറച്ച് ഓടു വാങ്ങാന്‍
കണ്ടുവിന്റെ കൂടെ കമ്പനിയില്‍ പോയപ്പോഴാണത്. സൈക്കിളിന് കാറ്റടിയ്‌ക്കുന്ന പമ്പു
വാങ്ങാന്‍ വേണ്ടി തൃശ്ശൂരില്‍പോയ അരവിമ്പന്‍ കമ്പനിയില്‍ തിരിച്ചെത്തിയ
മുഹൂര്‍ത്തത്തിലാണ് ഞാന്‍ അവിടെ എത്തിയത്.`ഇതു കിട്ടാന്‍ വേണ്ടി ഞാന്‍
എവിടെയൊക്കെ പോയീന്നോ,' തന്നെ കണ്‍നിറയെകണ്ടുനില്‍ക്കുന്ന ആരാധകരെ നോക്കി
അരവിമ്പന്‍ പറഞ്ഞു. `കൊക്കാല, ചെട്ടിയങ്ങാടി, കുറുപ്പംറോഡ്. എവിടെയെങ്കിലും
ഉണ്ടാവണ്ടേ? ഒടുവില്‍ പോസ്റ്റാപ്പീസ് റോട്ടില്‍നിന്നാണ് കിട്ടീത്.' അരവിമ്പന്‍
എല്ലാവര്‍ക്കും കാണാന്‍ തക്കവണ്ണം പമ്പ് ഉയര്‍ത്തിക്കാണിച്ചു.
അയല്‍രാജ്യങ്ങളിലൊക്കെപോയി തിരിച്ചുവന്ന അരവിമ്പനെ ഞാനും ആരാധനയോടെ നോക്കി.
ജീവിതത്തില്‍ ഏറ്റവുംഭാഗ്യം ഒരോട്ടുകമ്പനിയുടമസ്ഥന്റെ മകനാവുന്നതാണ് എന്ന്
ഞാനുറപ്പിച്ചു. സ്വന്തമായിസൈക്കിള്‍, അതില്‍ കാറ്റടിയ്‌ക്കാന്‍ സ്വന്തമായി
എയര്‍പ്പമ്പ്, കൊക്കാലേയ്‌ക്കും ചെട്ടിയങ്ങാടിയിലേയ്‌ക്കുമുള്ള യാത്ര. എന്തു
സുഖസമൃദ്ധമായ ജീവിതം!
ലോകത്തില്‍ കൊച്ചൂട്ടന്റെ ഓട്ടുകമ്പനി മാത്രമല്ല
ഉള്ളതെന്ന് പിന്നീടാണ് അറിയുന്നത്.നേരം വെളുക്കും മുമ്പ് വീടിന്റെ വടക്കു
ഭാഗത്ത് പാടവും പുഴയും വേര്‍തിരിയ്‌ക്കുന്ന വഴിയിലൂടെപണിക്കാര്‍ കയ്യില്‍
തൂക്കൂപാത്രവുമായി തിരക്കിട്ടു നടന്നു പോവുന്നത് അളഗപ്പ ടൈല്‍
ഫാക്ടറിയിലേയ്‌ക്കാണെന്നും അപ്പോഴാണ് അറിയുന്നത്. ആമ്പല്ലൂര്‍വിളിയുടെ രഹസ്യം
അറിയുന്നതുംഅപ്പോഴാണ്. അളഗപ്പ ടൈല്‍ ഫാക്ടറിയിലെ ജോലിക്കാര്‍ക്കുള്ള സൈറണായിരുന്നു
അത്.
ഓട്ടുകമ്പനികളുടെ നാടാണ് ഞങ്ങളുടേതെന്ന് പിന്നീട് അറിഞ്ഞു.
കരുവന്നൂര്‍, ഒല്ലൂര്‍,എടക്കുന്നി, മണലി, പുതുക്കാട്, ആമ്പല്ലൂര്‍, നമ്പിക്കര,
കൊടകര എന്നിവിടങ്ങളില്‍ ധാരാളം ഓട്ടുകമ്പനികളുണ്ടായിരുന്നു. രണ്ടു തരത്തിലുള്ള
ജോലിയാണ് നാട്ടിലുണ്ടായിരുന്നത്. കൂലിപ്പണിയുംകമ്പനിപ്പണിയും. കമ്പനിപ്പണി എന്നു
വെച്ചാല്‍ ഓട്ടുകമ്പനിയിലെ ജോലി തന്നെ. എന്റെഅയല്‍വാസിയായ മണി ഭാര്യ ഓമനയോടും മകള്‍
ദിനുവിനോടും ഒപ്പമാണ് രാവിലെ പൂച്ചിന്നിപ്പാടത്തെ ഓട്ടുകമ്പനിയിലേയ്‌ക്കു
പോവുന്നത്.
ഓട്ടുകമ്പനികള്‍ വ്യാപകമായതോടെ കൃഷി നടക്കുന്ന
പാടങ്ങളില്‍നിന്ന് മണ്ണ് കുഴിച്ചെടുക്കുന്നത് സ്ഥിരം കാഴ്‌ചയായി. കൃഷിയേക്കാള്‍
ലാഭം മണ്ണു വില്‍ക്കുന്നതാണ് എന്ന് ഞങ്ങളുടെനാട്ടിലെ കൃഷിക്കാരും കണ്ടുപിടിച്ചു.
ഞങ്ങളുടെ മണ്ടേമ്പാടവും കുണ്ടും കുഴിയുമായി. അതോടെകൃഷിക്കാരും ഓട്ടുകമ്പനിക്കാരും
ഒന്നോടെ കയ്യൊഴിഞ്ഞു. കൃഷി നിലച്ചതോടെ മണ്ടേമ്പാടത്തുനിന്ന് കിളികളും തവളകളും
ഒഴിഞ്ഞുപോയി. മണ്ടേമ്പാടം തരിശുഭൂമിയായി.ഓട്ടുകമ്പനികള്‍ പിന്നേയും
മുളച്ചുകൊണ്ടിരുന്നു. ബോംബെയില്‍നിന്ന് വരുംവഴി അതിരാവിലെ തൃശ്ശൂരില്‍
വണ്ടിയിറങ്ങി വീട്ടിലേയ്‌ക്കുള്ള വഴിയില്‍ എത്തിയപ്പോള്‍ വഴിയോരത്തു കൂറ്റന്‍ചൂള
കണ്ട് വഴി തെറ്റിയോ എന്ന് ശങ്കിച്ചിട്ടുണ്ട്. അത് പുതുതായി തുടങ്ങിയ പാര്‍വതി
ക്ലേ പ്രോഡക്‌റ്റ്‌സിന്റെചൂളയായിരുന്നു. ടെലഫോണ്‍ സര്‍വ്വവ്യാപിയാവുന്നതു വരെ
ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ബൂത്തും അതായിരുന്നു. നാട്ടുകാര്‍ പലര്‍ക്കും ഫോണ്‍
വന്നിരുന്നത് അവിടേയ്‌ക്കാണ്.പാര്‍വ്വതി ക്ലേ പ്രോഡക്‌റ്റ്‌സ് പ്രതിസന്ധി
നേരിടുകയാണെന്ന് അതിന്റെ ഉടമസ്ഥന്മാര്‍ മാറിമാറിവരുന്നതില്‍നിന്ന് ഊഹിച്ചിരുന്നു.
കുറേ കാലം വലിയ കുഴപ്പമില്ലാതെ നടത്തിയ വാസുവേട്ടന്റെ കയ്യില്‍നിന്ന് ഒരു
തെലുങ്കനാണ് അതു വാങ്ങിയത്. ഒരു ദിവസം രാവിലെ ജോലിയ്‌ക്കുപോവുമ്പോള്‍ എന്റെ
ബസ്സ് വഴിമുടങ്ങി നിന്നുപോയി. എതിരെ തമിഴ്‌നാട് രജിസ്റ്റ്രേഷനുള്ള പതിനെട്ടു
ലോറികള്‍ വരിവരിയായി നില്‍ക്കുന്നു. പാര്‍വ്വതിയിലേയ്‌ക്കു കൊണ്ടുവന്ന
മണ്ണുലോറികളായിരുന്നു. പച്ചക്കറിയ്‌ക്കും പുറമേ മണ്ണും ഇപ്പോള്‍ തമിഴ്‌നാട്ടില്‍
നിന്നു വരണമല്ലോ എന്ന് തമാശയായിഞാന്‍ ചിന്തിച്ചുപോയി.
അത്
തമാശയായിരുന്നില്ലെന്നറിഞ്ഞത് കഴിഞ്ഞ ആഴ്‌ച മാധ്യമം പത്രത്തില്‍ വന്ന `ഓടുവ്യവസായം
സര്‍ക്കാരിനും വേണ്ട' എന്ന കെ. ആര്‍. ഔസേഫിന്റെ സ്റ്റോറി
വായിച്ചപ്പോഴാണ്.തൃശ്ശൂര്‍ ജില്ലയില്‍ കളിമണ്ണ് കിട്ടാതായതോടെ അയല്‍ജില്ലയായ
പാലക്കാട്ടുനിന്ന് മണ്ണെത്തിയ്‌ക്കാന്‍ ശ്രമിച്ചുവത്രേ. പല കാരണങ്ങള്‍കൊണ്ടും അതു
തടസ്സപ്പെട്ടപ്പോള്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചു നോക്കി. `കര്‍ണാടകയില്‍ ഓടു
വ്യവസായത്തിനു മണ്ണെടുക്കുന്ന മാളൂരില്‍നിന്ന്‌മണ്ണ് ഉണക്കി കൊണ്ടുവരാനായിരുന്നു
ശ്രമം. എന്നാല്‍ ലോറി തമിഴ്‌നാട് ചെക്‌പോസ്‌റ്റ് കടന്ന്‌കേരളത്തിലെത്തിയതോടെ
നിയമങ്ങളുടെ നൂലാമാലകളുമായി വീണ്ടും പോലീസും ഉദ്യോഗസ്ഥരുമെത്തി. അമിതഭാരം
കയറ്റിയെന്ന പേരില്‍ വാഹനങ്ങള്‍ തടഞ്ഞു. മതിയായ രേഖകള്‍ കാണിച്ചശേഷവും
നിസ്സാരകാരണങ്ങള്‍ പറഞ്ഞ് പോലീസ് വന്‍തുക ഫൈനടപ്പിച്ചു.'അധികം പറയേണ്ടതില്ലല്ലോ.
മണ്ണു കിട്ടാനുള്ള അവസാനശ്രമവും പാഴായി.
അധികം താമസിയാതെ ഓട്ടുകമ്പനികള്‍
ക്ഷയിച്ചു തുടങ്ങി. ഒരു കാലത്ത് ഓലയെ മാറ്റിആഢ്യത്തത്തോടെ മേഞ്ഞുവന്ന ഓടിന്
കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കു വഴിമാറിക്കൊടുക്കേണ്ടിവന്നതു തന്നെയാണ് പ്രധാനകാരണം.
കെ. ആര്‍. ഔസേഫിന്റെ വാക്കുകള്‍ കുറച്ചുകൂടിചേര്‍ക്കട്ടെ: `സംസ്ഥാനത്തെ ഓടുവിപണി
മാമ്പ്യത്തിലായതോടെ അയല്‍സംസ്ഥാനത്തുനിന്ന് ഓട്‌ഉപയോഗിച്ചുള്ള മറ്റു വസ്‌തുക്കള്‍
എത്തിത്തുടങ്ങി. തറയോടിന്റെ വിപണി സജീവമായി. നിര്‍മ്മാണസാമഗ്രികള്‍ കിട്ടാതായതോടെ
വിലക്കയറ്റമുണ്ടായി. ഇതോടെ വിപണിയുടെ പ്രയോജനം ഉടമകള്‍ക്ക് ലഭിച്ചില്ല.
സമാന്തരഉല്‍പ്പന്നങ്ങള്‍ വിപണിയിെത്തിയതും ഓടുവ്യവസായത്തിന്റെതകര്‍ച്ചയ്‌ക്കു
കാരണമായി. അലങ്കാര ഓടുകളുടെ വിപണിയും കേരളത്തിലെ പരമ്പരാഗതനിര്‍മ്മാണശൈലിയുമാണ്
ഒരു പരിധി വരെ ഇപ്പോള്‍ കേരളത്തിന് സാദ്ധ്യത നല്‍കുന്നത്.'
അരവിന്ദാ ടൈല്‍
വര്‍ക്‌സിന്റെ കഥയും അതായിരുന്നു. കൊച്ചൂട്ടന്റേയും അരവിമ്പന്റേയുംകാലശേഷം അത്
അവസാനിച്ചു. അരവിമ്പന്റെ മക്കള്‍ അത് വേറെ ചിലര്‍ക്കു കൈമാറി. അവരാവട്ടെ അതിനെ
ക്ലേ ഫിംഗേഴ്‌സ് എന്ന ഒരാധുനികസ്ഥാപനമാക്കി മാറ്റി. അതിഭംഗിയുള്ള ഭരണികളും
ചട്ടികളും കൂജകളും മേത്തരം കളിമണ്ണുപയോഗിച്ചു നിര്‍മ്മിയ്‌ക്കാന്‍ തുടങ്ങി.
സായിപ്പന്മാര്‍വിഹരിയ്‌ക്കുന്ന ആ സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ അധികവും
കയറ്റുമതിയ്‌ക്കു വേണ്ടിയാണ്.അവിടെത്തന്നെ താമസിച്ച് നമുക്കിഷ്ടമുള്ള രൂപത്തില്‍
പാത്രങ്ങളും കൗതുകവസ്‌തുക്കളും ഉണ്ടാക്കിയെടുക്കാനുള്ള സൗകര്യവുമുണ്ട്.
കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുള്ള നവീകരണമാണ് അവര്‍ നടത്തിയത്.
പഴയ
രീതിയില്‍ നിര്‍മ്മാണം തുടര്‍ന്നവയാവട്ടെ പിടിച്ചു നില്‍ക്കാന്‍
പാടുപെടുകയാണ്.പകുതിയിലധികം കമ്പനികളും പൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവയില്‍ത്തന്നെ
പലതും ആഴ്‌ചയില്‍മൂന്നു ദിവസമാണ് പ്രവര്‍ത്തിയ്‌ക്കുന്നത്. മണിയെ ഇപ്പോള്‍
വല്ലപ്പോഴുമേ ബസ്സില്‍ കാണാറുള്ളു.പണി കുറവാണെന്ന് അയാള്‍ പറഞ്ഞു. ഓമനയേയും
ദിനുവിനേയും എന്നും കാണാം. ഓട്ടുകമ്പനിയില്‍ ഇപ്പോള്‍ അധികവും പെണ്ണുങ്ങളാണത്രേ
പണിയെടുക്കുന്നത്. ചൂളപ്പണിയ്‌ക്കു പോലുംഇപ്പോള്‍ പെണ്ണുങ്ങളാണ്. എന്നാലും എത്ര
കാലം ഉണ്ടാവും ഈ ജോലി എന്ന് ഓമനയ്‌ക്കും ഉറപ്പില്ല. `ദിനൂന്റെ കല്യാണം കൂടി കഴിയണ
വരെ കമ്പനി ഉണ്ടാവണേ എന്നാണ് എന്റെ പ്രാര്‍ത്ഥന,'ഓട്ടുകമ്പനിയുടെ സ്ഥിതി ആരാഞ്ഞ
ഒരാളോട് ഒരു ദിവസം ഓമന പറയുന്നതു കേട്ടു.ഒരു കാലത്ത് ഒരു നാടിനെ മുഴുവന്‍
വിളിച്ചുണര്‍ത്തിയിരുന്നത് ഒരോട്ടുകമ്പനിയുടെസൈറണ്‍ ആയിരുന്നു എന്ന് ഇന്ന്
ആലോചിയ്‌ക്കുമ്പോള്‍ രസം തോന്നുന്നു. പണിയെടുക്കാനുള്ളവിളിയായിരുന്നു അത്.
ആലസ്യത്തില്‍നിന്ന് എഴുന്നേല്‍ക്കാനുള്ള ആഹ്വാനം. ആമ്പല്ലൂര്‍ വിളിഇപ്പോഴുമുണ്ട്.
പക്ഷേ അത് ഞങ്ങളുടെ കാതില്‍ എത്താറില്ല. അതിലും മുമ്പേ ഞങ്ങളുടെ
നാട്‌ശബ്‌ദമുഖരിതമാവും. ഞങ്ങളെ ഉണര്‍ത്തുന്നത് ഇപ്പോള്‍ അമ്പലങ്ങളില്‍ നിന്ന്
അലമുറയിടുന്നഭക്തിഗാനങ്ങളാണ്. അദ്ധ്വാനത്തിലേയ്‌ക്കല്ല അമ്പലത്തിന്റെ
ആലസ്യത്തിലേയ്‌ക്കുള്ള വിളിയാണ്‌അത്.
ഇക്കൊല്ലം മഴ കുറവാണ്.
മകീരം-തിരുവാതിര ഞാറ്റുവേലകളില്‍ കാര്യമായി പെയ്‌തില്ല.പുണര്‍തമായപ്പോള്‍ മഴ
വീണ്ടും പെയ്‌തു തുടങ്ങി. തൊഴുത്തുപുര ഇപ്പോള്‍
നല്ലവണ്ണംചോര്‍ന്നൊലിയ്‌ക്കുന്നുണ്ട്. അത് എങ്ങനെയും നേരെയാക്കണമെന്നു
തീര്‍ച്ചയായി. ഇളക്കിമേയണോ ഷീറ്റ് ഇടണോ എന്നു മാത്രമേ
തീരുമാനിയ്‌ക്കാനുള്ളു.മരത്തിന്റെ വില, ആശാരിയുടെ കൂലി, വീണ്ടും വരാവുന്ന
ചിതലുകള്‍. അതിനും പുറമേ
ഓട്. നിര്‍മ്മാണം കുറഞ്ഞതില്‍പ്പിന്നെ ഇപ്പോള്‍ ഓടിനും
നല്ല വിലയാണ്. മൊബൈല്‍ ഫോണെടുത്ത് ഞാന്‍ സുജിത്തിന്റെ നമ്പര്‍ തപ്പാന്‍ തുടങ്ങി.