Image

പടച്ചോന്റെ ചോറ്‌ (കഥ: അഷ്‌ടമൂര്‍ത്തി)

Published on 08 August, 2014
പടച്ചോന്റെ ചോറ്‌ (കഥ: അഷ്‌ടമൂര്‍ത്തി)
തലക്കെട്ട്‌ എന്റേതല്ല. ഉറൂ ിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയുടേതാണ്‌. ആ കഥയേപ്പറ്റിത്തന്നെയാണ്‌ ഇപ്പോള്‍ പറയാന്‍ പോവുന്നതും.

കഥയിലെ `ഞാന്‍' അല്‍പസ്വല്‍പം സാമൂഹ്യസേവനവുമൊക്കെയായി നടക്കുന്ന ആളാണ്‌. അങ്ങനെയിരിയ്‌ക്കെയാണ്‌ ഒരു ജോലി തരപ്പെടുന്നതും അയാള്‍ പട്ടണത്തില്‍ വണ്ടിയിറങ്ങുന്നതും. പ്ലാറ്റ്‌ ഫോമില്‍നിന്നു പുറത്തിറങ്ങുന്നതിനു മുമ്പേ തന്നെ സ്വന്തം നാട്ടുകാരനായ മൗലവി അയാളെ പിടികൂടുന്നു. താമസം എവിടെ വേണമെന്ന അയാളുടെ ബേജാറിന്‌ ഉടനെ പരിഹാരമായി. മൗലവി അയാളെ സ്വന്തം താമസസ്ഥലത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോവുന്നു. അവിടെ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്‌. ഒരു രാഷ്ട്രീയനേതാവും മുഹമ്മദും. രാഷ്ട്രീയനേതാവ്‌ വല്ലപ്പോഴുമൊക്കെയേ വരൂ. മുഹമ്മദ്‌ എന്ന ചെറുപ്പക്കാരന്‍ മൗലവിയുടെ ബന്ധുവാണെന്ന്‌ തെറ്റിദ്ധരിച്ചെങ്കിലും അയാള്‍ മൗലവിയുടെ ആരുമായിരുന്നില്ല. കൈതക്കൂമ്പു പോലത്തെ ആ ചെറുപ്പക്കാരന്‍ `ഒരു മുഷിഞ്ഞ വെള്ളഷര്‍ട്ടുമായി ഒരു ചാരുകസേരയില്‍ കിടന്ന്‌ മനോരാജ്യം വിചാരിയ്‌ക്കും. ആരോടും അധികമൊന്നും സംസാരിയ്‌ക്കില്ല. ജീവിതത്തിന്റെ തിരക്കു കുറഞ്ഞ പ്രദേശങ്ങളിലൂടെ കൂനിക്കൂടി അങ്ങു കടന്നു പൊയ്‌ക്കളയാം' എന്നു കരുതുന്ന ആളാണ്‌.

മൗലവി പക്ഷേ കണിശക്കാരനാണ്‌. കുളിയ്‌ക്കാനും നിസ്‌കരിയ്‌ക്കാനും പത്രം വായിയ്‌ക്കാനും മുഹമ്മദിനെ നിര്‍ബ്ബന്ധിയ്‌ക്കും. പത്രം വായിച്ചുവോ എന്ന്‌ ചോദ്യങ്ങള്‍ കൊണ്ട്‌ പരീക്ഷിയ്‌ക്കുകയും ചെയ്യും. അതൊന്നും സഹിയ്‌ക്കാനായില്ല മുഹമ്മദിന്‌. ജീവിയ്‌ക്കാന്‍ പണിയൊന്നുമെടുക്കേണ്ട എന്നാണ്‌ അവന്റെ നിലപാട്‌. `എല്ലാം പടച്ചോനാ തരുന്നത്‌, ചോറും പടച്ചോന്‍ തന്നെ' എന്ന്‌ അവന്‍ പറഞ്ഞത്‌ ഒരിയ്‌ക്കല്‍ മൗലവി കേള്‍ക്കുകയും ചെയ്‌തു. മൗലവി മുഹമ്മദിനെ ഒരു മുറിയിലിട്ടു പൂട്ടി:`ജ്ജ്‌ അബടെ കെടക്ക്‌. അനക്ക്‌ പടച്ചോന്‍ ചോറു കൊണ്ടുവന്നു തരുന്നത്‌ ഞമ്മളൊന്നു കാണട്ടെ. എന്നാല്‍ അന്റെ കണക്കില്‌ ഞമ്മക്കും പടച്ചോനെ ഒന്നു കാങ്ങാലോ.' അടച്ചിട്ട മുറിയില്‍ക്കിടന്ന്‌ വിശപ്പു സഹിയ്‌ക്കാന്‍ വയ്യാതായപ്പോള്‍ മുഹമ്മദ്‌ പാഠം പഠിച്ചു. `ഇക്കയ്യോണ്ട്‌ ഈ ദുനിയാവുമ്പില്‌ പണിയെടുത്താലേ ചോറുണ്ടാവുള്ളു' എന്നതായിരുന്നു ആ പാഠം.

ഈ കഥയ്‌ക്ക്‌ ഇക്കഴിഞ്ഞ ദിവസം ഒരു രംഗപാഠമുണ്ടായി. `നാടകസൗഹൃദ'ത്തിന്റെ ബാനറില്‍ എം. വിനോദ്‌ ആണ്‌ ഇത്‌ സംവിധാനം ചെയ്‌ത്‌ അവതരിപ്പിച്ചത്‌. ജയചമ്പ്രന്‍ മൗലവിയായിനിറഞ്ഞാടി.

ഈ മൗലവിയെ ചില ഭേദങ്ങളോടെ ഉറൂബിന്റെ രണ്ടു കഥകളില്‍ക്കൂടി കാണാം. `പൊന്നുതൂക്കുന്ന തുലാസ്‌' എന്ന കഥയിലെ മൗലവി ലോകത്തോടു മുഴുവന്‍ മുഷിഞ്ഞ്‌ നടക്കുന്ന കഥാ നായകനെ കയ്യോടെ പിടികൂടി ചായക്കടയില്‍ കൈപിടിച്ചു കയറ്റി ചായ വാങ്ങിക്കൊടുക്കുന്നു. വിശപ്പിനും പണത്തിനും മൗലവിയ്‌ക്ക്‌ പരിഹാരമുണ്ട്‌. പത്തിന്റെ അഞ്ചു നോട്ടുകള്‍ കൊടുത്ത്‌ പണം ഇനിയും വേണമെങ്കില്‍ ആവശ്യപ്പെടാനാണ്‌ മൗലവി പറയുന്നത്‌. ഒപ്പം ഈ പണം വന്ന വഴിയും. ഒരു കച്ചവടം തുടങ്ങാന്‍ താന്‍ പണം കൊടുത്തു സഹായിച്ച പോക്കര്‍ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ മൗലവിയെ പറ്റിച്ച്‌ കടന്നുകളഞ്ഞു. സ്വയം കടത്തില്‍ മുങ്ങിയ മൗലവി എത്ര അപേക്ഷിച്ചിട്ടും പോക്കര്‍ പണം തിരിച്ചുകൊടുത്തില്ല. ഒടുവില്‍ ഒരു കഠാരി എളിയില്‍ തിരുകി മൗലവി പോക്കറുടെ വീട്ടിലെത്തുന്നു. ആ കഠാരിയുടെ പിടിയില്‍ നിന്ന്‌ മൗലവിയെ പിന്‍തിരിപ്പിച്ചത്‌ അകത്തുനിന്നുള്ള ഒരു കുഞ്ഞിന്റെ കരച്ചിലാണ്‌. ആ കുഞ്ഞു തന്നെയാണ്‌ പോക്കറുടെ മരണത്തിനു ശേഷം പണം തിരിച്ചുകൊടുക്കാന്‍ മൗലവിയുടെ അടുത്തെത്തുന്നത്‌. മൗലവിയുടെ താല്‍ക്കാലിക സമ്പത്തിന്റെ രഹസ്യം അതായിരുന്നു.

`പതിന്നാലാമത്തെ മെമ്പര്‍' എന്ന കഥയിലെ മൗലവി തന്നെ കൂട്ടാതെ കടന്നു പോവുന്ന പന്ത്രണ്ടു മെമ്പര്‍മാരുള്ള ജാഥയില്‍ കേറിച്ചെന്ന്‌ പതിമ്മൂന്നാമത്തെ മെമ്പറായി കൂടുകയും പതിന്നാലാമത്തെ മെമ്പറായി ഒരു പെണ്ണിനെ കൂട്ടുകയും ചെയ്യുന്നു. ഒക്കത്ത്‌ ഒരു കുഞ്ഞുള്ള ആ പെണ്ണ്‌ ജാഥാംഗങ്ങളില്‍ വലിയ മുറുമുറുപ്പും അസ്വരസവും ഉണ്ടാക്കുന്നു. സ്വന്തം ചോറു കൂടി ഉപേക്ഷിച്ചാണ്‌ അയാള്‍ അവള്‍ക്കും കുഞ്ഞിനുമുള്ള ഭക്ഷണം കൊടുക്കുന്നത്‌. ഈ കരുതലിനുള്ള കാരണം അന്വേഷിച്ചപ്പോഴോ, മൗലവിയ്‌ക്കും ആ പെണ്ണിന്റെ പേരറിയില്ല. പക്ഷേ അയാള്‍ക്ക്‌ അവളുടെ ഊരറിയാം: `ഇന്ത്യാരാജ്യം - ഞമ്മടെ ഭാരതം.' അവള്‍ക്ക്‌ ഒരു വീട്ടുജോലി ശരിയാക്കിക്കൊടുത്തതിനു ശേഷമാണ്‌ സൈനബ എന്ന ആ പെണ്ണിന്റെ ഭര്‍ത്താവ്‌ അന്തമാനിലാണെ ന്നും പത്തു വര്‍ഷമായി തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മൗലവി അറിയുന്നത്‌. ഭര്‍ത്താവ്‌ പത്തു വര്‍ഷമായി വിട്ടുനില്‍ക്കുന്നവള്‍ക്ക്‌ എങ്ങനെ രണ്ടു വയസ്സുള്ള കുട്ടിയുണ്ടായി എന്നത്‌ മൗലവിയെ സംബന്ധിച്ചിടത്തോളം ഒരു വേവലാതിയേ അല്ല.

വിശക്കുന്നവന്‌ അന്നമായും ദരിദ്രന്‌ പണമായും ആരുമില്ലാത്തവള്‍ക്ക്‌ നാഥനായും വരുന്ന ഈ മൗലവി വായനക്കാരിലുണ്ടാക്കുന്ന നിറവ്‌ ചില്ലറയല്ല. `പടച്ചോന്റെ ചോ'റിലെ മൗലവിയില്‍ ഈ മൂന്നു ഭാവങ്ങളും ഒത്തുചേരുന്നുണ്ട്‌. മുഹമ്മദിനും കഥാനായകനും തന്റേതു പോലുമല്ലാത്ത വീട്ടില്‍ (ആ വീട്‌ കഥയിലെ രാഷ്ട്രീയനേതാവ്‌ എടുത്ത വാടകവീടാണ്‌.) അഭയം കൊടുക്കുന്നു.കൂടെയുള്ളവര്‍ക്ക്‌ ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. (`മൗലവി ഉണ്ണുമ്പോള്‍ അത്‌ ലോകമറിയും; പട്ടിണി കിടക്കുമ്പോള്‍ താന്‍ തന്നെ അറിയാതിരിയ്‌ക്കാന്‍ ശ്രമിയ്‌ക്കും.') കൂടെ താമസിയ്‌ക്കുന്നവരുടെവിഴുപ്പുകള്‍ അലക്കിക്കൊടുക്കുന്നതടക്കമുള്ള കരുതലാണ്‌ മൗലവി കാട്ടുന്നത്‌. പരുക്കന്‍ വാക്കുകളാല്‍ വലിയ ഒരു മനസ്സാണ്‌ അയാള്‍ പൊതിഞ്ഞുവെച്ചിരിയ്‌ക്കുന്നത്‌.

`പടച്ചോന്റെ ചോറു' തീര്‍ന്നപ്പോള്‍ അടുത്ത നാടകത്തിന്റെ ചില്ലറ രംഗസജ്ജീകരണത്തിനു വേണ്ടി തെളിഞ്ഞ നേരിയ വെളിച്ചത്തില്‍ സദസ്സിനെ കാണാറായി. നാട്യഗൃഹം നിറഞ്ഞിരിയ്‌ക്കുന്നു. തൃശ്ശൂരില്‍ നാടകം കാണാന്‍ ഇപ്പോഴും ആളുകള്‍ ഉണ്ടെന്നത്‌ ഒരത്ഭുതമല്ല. ഇവിടെ നടക്കാറുള്ള ഓരോ അന്താരാഷ്ട്രനാടകോത്സവവും തെളിയിച്ചിട്ടുള്ളതാണല്ലോ അത്‌.

വേദി പിന്നീട്‌ `നനഞ്ഞ സായാഹ്ന'ത്തിലേയ്‌ക്കും `പന്തിരണ്ടാം അദ്ധ്യായ'ത്തിലേയ്‌ക്കും എത്തിയപ്പോഴും എന്റെ മനസ്സ്‌ `പടച്ചോന്റെ ചോ'റില്‍ത്തന്നെ ഉടക്കിനിന്നു. നാടകം തീര്‍ന്ന്‌ നാട്യ ഗൃഹത്തില്‍ വിളക്കുകള്‍ തെളിഞ്ഞപ്പോള്‍ കാണികളെ നിറവെളിച്ചത്തില്‍ത്തന്നെ കണ്ടു. ഒരു കൗതുകത്തില്‍ ഞാന്‍ പരതിനോക്കി: ഉറൂബിന്റെ ഈ നന്മയുടെ പാഠത്തിന്‌ വിനോദ്‌ രചിച്ച രംഗപാഠം ഉള്‍ക്കൊള്ളാന്‍ എത്തിയവര്‍ ആരൊക്കെയാണ്‌?

അവരില്‍ ചെറുപ്പക്കാര്‍ നന്നേ കുറവാണ്‌. അത്‌ തികച്ചും സ്വാഭാവികമാണ്‌. നാടകത്തിന്‌ചലച്ചിത്രത്തിന്റെ പകിട്ടില്ലല്ലോ. പണവും പദവിയും പ്രശസ്‌തിയും ചലച്ചിത്രത്തിലാണ്‌. നൂറു നാടകം ചെയ്‌തവനേക്കാളും ആദരിയ്‌ക്കപ്പെടുന്നത്‌ ഒരു ചലച്ചിത്രം ചെയ്‌ത ആളാണ്‌. അതുകൊണ്ടു തന്നെ നാടകം പഠിയ്‌ക്കുന്ന ഭൂരിഭാഗത്തിന്റേയും അവസാനലക്ഷ്യം ചലച്ചിത്രമായിട്ടുണ്ട്‌. മലയാളത്തില്‍ നാടകം ദുര്‍ബ്ബലമാവാനുള്ള പ്രധാനകാരണം പക്ഷേ ഇതൊന്നുമല്ല. നല്ല നാടകങ്ങളുടെ അഭാവം തന്നെയാണ്‌. ഒരു സാഹിത്യരൂപം എന്ന നിലയില്‍ നമ്മുടെ ഭാഷയില്‍ നാടകത്തിന്റെ നില വളരെ പരുങ്ങലിലാണ്‌. അതുകൊണ്ടു കൂടിയാണല്ലോ ചെറുകഥകളെ അവലംബിച്ച്‌ നാടകങ്ങള്‍ ചെയ്യാന്‍ വിനോദിനേപ്പോലുള്ളവര്‍ നിര്‍ബ്ബന്ധിതരായിത്തീരുന്നത്‌. ഉറൂ ിന്റെ ഈ രചനകള്‍ തന്നെ പന്ത്രണ്ടു ചെറുകഥകള്‍ രംഗത്ത്‌ അവതരിപ്പിയ്‌ക്കാനുള്ള `നാടകസൗഹൃദ'ത്തിന്റെപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.

ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടുകൊണ്ടിരിയ്‌ക്കുകയാണ്‌ എന്ന മുറവിളിഉയരുന്ന കാലമാണ്‌ നമ്മുടേത്‌. നല്ലതൊന്നും കേള്‍ക്കാനില്ല. നിവര്‍ത്തിനോക്കാന്‍ പോലും മടുപ്പുണ്ടാക്കുന്ന ഇരുണ്ട വാര്‍ത്തകളേക്കൊണ്ട്‌ പത്രങ്ങള്‍ നിറഞ്ഞിരിയ്‌ക്കുന്നു. വീട്ടിലിരിയ്‌ക്കുന്നവര്‍വിടാതെ കാണുന്ന പരമ്പരകളാവട്ടെ പരസ്‌പരവിദ്വേഷത്തിന്റെ വിഷം മാത്രം വമിപ്പിയ്‌ക്കുന്നവയാണ്‌. ചലച്ചിത്രങ്ങളിലും കൂട്ടിക്കൊടുപ്പും കുതികാല്‍വെട്ടും കള്ളക്കടത്തുമാണ്‌ പ്രധാനവിഷയങ്ങള്‍.നന്മയുടെ കഥകള്‍ നമുക്ക്‌ എത്ര വേഗമാണ്‌ അന്യം നിന്നു പോയത്‌!

`നാടകസൗഹൃദ'ത്തിന്‌ ചാരിതാര്‍ത്ഥ്യത്തിനു വകയുണ്ട്‌. ഒരു മൗലവിയെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട്‌ മങ്ങിയ മനസ്സുകളിലേയ്‌ക്ക്‌ വെളിച്ചം പകരാന്‍ അവര്‍ക്കു കഴിഞ്ഞിരിയ്‌ക്കുന്നു. കഥ അതേപടി പകര്‍ത്തുകയല്ല അവര്‍ ചെയ്യുന്നത്‌. മനോധര്‍മ്മം കലര്‍ത്തി കഥയ്‌ക്ക്‌ ചൈതന്യംഏറ്റുകയാണ്‌. മൂലകഥയെ അതിശയിച്ചുനില്‍ക്കുന്ന നിരവധി സമ്പര്‍ഭങ്ങളുണ്ട്‌ ഈ രംഗപാഠങ്ങളില്‍. പടച്ചോന്റെ ചോറ്‌ എന്ന കഥയിലില്ലാത്ത സംഭാഷണങ്ങളിലൂടെ മുഹമ്മദ്‌ എന്ന കുഴിമടിയന്‌ തെളിച്ചം കിട്ടിയിട്ടുണ്ട്‌. അനൂപ്‌ വാദ്ധ്യാന്‍ എന്ന നടന്‍ ഹാവഭാവാദികളിലൂടെ പൂര്‍ണ്ണമായി മുഹമ്മദായി മാറിയതും കാണികള്‍ക്ക്‌ ഉത്സവമായി.

അദ്ധ്വാനത്തിന്റെ മഹത്വം ഉദ്‌ഘോഷിയ്‌ക്കുന്നതാണ്‌ പടച്ചോന്റെ ചോറ്‌ എന്ന കഥ. ഇത്‌വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന ധാരാളം കഥകളും കവിതകളും നമുക്കുണ്ട്‌. അന്നം ദൈവംതന്നെയാണ്‌. അത്‌ അലസന്മാര്‍ക്ക്‌ അര്‍ഹതപ്പെട്ടതല്ല. `വിയര്‍പ്പിന്റെ വില' എന്ന പേരില്‍ ഒരുസിനിമ തന്നെ നമുക്കുണ്ടായിരുന്നു. ഇന്നാവട്ടെ വിയര്‍പ്പ്‌ അറപ്പുണ്ടാക്കുന്നതെന്തോ ആയി മാറിയിരിയ്‌ക്കുകയാണ്‌. ശരീരത്തിന്‌ നറുമണം നല്‍കുമെന്ന്‌ അവകാശപ്പെടുന്ന ഒരു സോപ്പിന്റെ പരസ്യംതുടങ്ങുന്നത്‌ തന്റെ അടുത്തെത്തുന്ന കാമുകനില്‍ നിന്ന്‌ `ഓ, വിയര്‍പ്പുനാറ്റം' എന്നു പറഞ്ഞ്‌മൂക്കു ചുളിച്ച്‌ കാമുകി എഴുന്നേറ്റു പോവുന്നതോടെയാണ്‌. ആ സോപ്പു തേച്ചു കുളിയ്‌ക്കുന്നതോടെ കാമുകന്റെ ശരീരത്തില്‍നിന്ന്‌ നറുമണം വഴിയുന്നു. കാമുകി വീണ്ടും അടുത്തുവന്ന്‌അയാളെ ആശ്ലേഷിയ്‌ക്കുന്നതോടെയാണ്‌ ആ പരസ്യം അവസാനിയ്‌ക്കുന്നത്‌. ആലസ്യത്തിന്റെവിജയഗാഥ!

മണ്ണിലും മഴയിലും യന്ത്രങ്ങളിലും പണിയെടുക്കാതെ ജീവിയ്‌ക്കാന്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു. ശരീരത്തില്‍ അഴുക്കു പറ്റുന്ന പണികളും നമുക്കുള്ളതല്ല. അത്തരം മ്ലേച്ഛമായ പണികള്‍ചെയ്യാന്‍ നമുക്കു മറുനാട്ടുകാരുണ്ട്‌. മേലനങ്ങാതെ പണം സമ്പാദിയ്‌ക്കുന്നതാണ്‌ ഇന്നത്തെ മാന്യത. ആ കപടമാന്യതയ്‌ക്കെതിരെ ഒരു കാര്‍ക്കിച്ചു തുപ്പലാണ്‌ ഈ കഥ. അര നൂറ്റാണ്ടു മുമ്പ്‌ എഴുതപ്പെട്ട ഈ കഥ ഇപ്പോഴും പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌.

ഉറൂബിന്റെ `മൗലവിയും ചങ്ങാതിമാരും' എന്ന കഥാസമാഹാരത്തിലേതാണ്‌ ഈ കുറിപ്പില്‍ആദ്യം പരാമര്‍ശിച്ച മൂന്നു കഥകള്‍. നാട്യഗൃഹം വിട്ടിറങ്ങിയപ്പോഴും മൗലവി കൂടെയുണ്ടായിരുന്നു. അത്‌ മനസ്സിന്‌ ഒരുണര്‍വ്വായി. ഒരു കാലത്ത്‌ നമ്മുടെ സാഹിത്യത്തില്‍ നിറഞ്ഞുനിന്നതാണ്‌ഇത്തരം കഥാപാത്രങ്ങള്‍. ഉറൂ ിന്റേയും പൊറ്റെക്കാടിന്റേയും എം. ടി. വാസുദേവന്‍ നായരുടേയുമൊക്കെരചനകളില്‍. നന്മയുടെ പ്രതീകങ്ങളായിരുന്നു അവര്‍. പഠിപ്പും പണവും പദവിയുമൊന്നും ഇല്ലാത്തവര്‍. പക്ഷേ ജീവിതമറിഞ്ഞവര്‍. ജാതിമതപരിഗണനകളില്ലാതെ എപ്പോഴും മനുഷ്യപക്ഷത്തു നിന്നവര്‍. ഉപാധികളില്ലാതെ ആരിലും സ്‌നേഹം ചൊരിഞ്ഞവര്‍.

ഏതു ഘട്ടത്തിലാണ്‌ നമ്മുടെ സാഹിത്യത്തില്‍നിന്ന്‌ അവര്‍ പടിയിറങ്ങിപ്പോയത്‌? ഇന്ന്‌അവയില്‍ നിറയുന്നത്‌ അവരുടെ വിപരീതരൂപങ്ങള്‍ പോലുമാണ്‌. ഇത്‌ സാഹിത്യത്തില്‍ സംഭവിച്ചതോ സമൂഹത്തില്‍ സംഭവിച്ചതോ? അന്വേഷിയ്‌ക്കേണ്ടതാണ്‌.
പടച്ചോന്റെ ചോറ്‌ (കഥ: അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക