കവിഭാവനയില്‍ പറഞ്ഞാല്‍ ഇളംതെന്നലിലും മഞ്ഞുകണങ്ങളിലും പുഷ്പദളങ്ങളിലും പതിയിരിക്കുന്നു മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. അവന്റെ വരവ് അനിവാര്യവുമാണ്- കാലത്തിലായാലും അകാലത്തിലായാലും. ആ സത്യം അംഗീകരിച്ചേ മതിയാകൂ! എന്നാലും നമ്മുടെ നെഞ്ചത്തിരുത്തി പറക്കമുറ്റിച്ച് പ്രതീക്ഷകളുടെ ലോകത്തേക്ക് തുറന്നുവിട്ട നമ്മുടെ പൊന്നുമക്കളുടെ മരണം നമ്മളിലേല്പിക്കുന്ന ആഘാതം അപാരമാണ്, ആ ശൂന്യതയില്‍നിന്ന് വട്ടം തിരിയുന്ന മാതാപിതാക്കള്‍ക്ക് എവിടെയാണ് തെറ്റിയത്? അപകടമരണമാണെങ്കില്‍ നമുക്കത് മനസ്സിലാക്കാം. വഴിതെറ്റിപോയതോ, ചതിക്കുഴികളില്‍ വീണതോ ആയാലോ? വളര്‍ത്തുദോഷമോ വളര്‍ന്ന സാമൂഹ്യസാഹചര്യങ്ങളുടെ ബലക്ഷയമോ? എന്തുതന്നെ ആയാലും മക്കളെപ്പറ്റിയുള്ള അമിത പ്രതീക്ഷകള്‍ ആഘാതത്തിന്റെ ആഴം കൂട്ടും. “മക്കളെ കണ്ടും മാമ്പൂകണ്ടും നിഗളിക്കണ്ട” എന്ന പഴമക്കാരുടെ ചൊല്ലുകള്‍ എത്രയോ പരമാര്‍ത്ഥമാണ്?
ഏകമകന്റെ വേര്‍പാടിന്റെ ദുഃഖം കടിച്ചമര്‍ത്തി പതിറ്റാണ്ടുകള്‍ നീതിക്ക് വേണ്ടി നിയമയുദ്ധം നടത്തിയ ഈച്ചരവാര്യര്‍ എന്ന പിതാവിന്റെ നാട്ടില്‍ ജനിച്ചവരാണ് നാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മകന് മരിച്ചു പോയ സത്യമറിയാതെ, മകന്റെ വരവ് നോക്കി റെയില്‍വേ പ്ലാറ്റ് ഫോമില്‍ എന്നും കാത്ത് നില്ക്കുന്ന വൃദ്ധനായ മറ്റൊരു പിതാവിന്റെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം കണ്ടപ്പോള്‍ ഒരിക്കല്‍ ഈ ലേഖകന്റെയും ഉള്ളൊന്നു പിടഞ്ഞു പോയി. ഈ നഷ്ടപ്പെടലുകള്‍ എല്ലാം വ്യക്തിപരമാണ്. കാലം കാലങ്ങള്‍ക്ക് വഴിമാറുമ്പോള്‍ മറവി എന്ന മാറാല കൊണ്ട് ഗതകാലങ്ങള്‍ മറക്കപ്പെടുന്നു. അല്ലെങ്കില്‍ നേട്ടങ്ങളുടെ വര്‍ണ്ണപ്പൊലിമകളില്‍ അവ മായപ്പെടുന്നു. 50 വര്‍ഷം മുമ്പുള്ള ഒരു സത്യജിത്ത് റേ സിനിമയില്‍ ബംഗാളിലെ ബിര്ഭൂമിയെ പൊടി പാറുന്ന മണ്‍പാതയിലൂടെ ഞരങ്ങി നീങ്ങുന്ന ഒരു കാളവണ്ടിയെ പുത്തന്‍ പണക്കാരന്റെ മോട്ടോര്‍ വണ്ടി ഓവര്‍ ടേക്ക് ചെയ്യുന്നു. ആ മോട്ടോര്‍ വാഹനത്തിന്റെ പൊടിപടലത്തില്‍ പാവപ്പെട്ടവന്റെ കാളവണ്ടി മറയപ്പെടുന്നു. സത്യജിത്ത് റേ എന്ന എക്കാലത്തെയും വലിയ ചലച്ചിത്രകാരന്റെ ആ ശില്പ വൈദഗ്ദ്ധ്യം വലിയ ഒരു സത്യത്തെയാണ് തുറന്നു കാട്ടിയത്. നഷ്ടപ്പെട്ടവരുടെ ലോകത്തെ നേട്ടങ്ങളുടെ ലോകം മറച്ചുകളയുന്നു. എന്നിരുന്നാലും കാലത്തിന് ഉണക്കാനാവാതെ പോയ പല മുറിവുകളിലും ഇപ്പോഴും ചോരപൊടിയുന്നു എന്നത് സത്യവുമാണ്. ഹൃദയത്തിന്റെ അടിത്തട്ടുകളെ ഉലക്കുന്ന ഓര്‍മ്മകളുടെ അടിയൊഴുക്കുകളിലൂടെയുള്ള അവരുടെ ആത്മസഞ്ചാരത്തില്‍, അവരുടെ ശാന്തമൗനങ്ങളില്‍ നമുക്കും നിശബ്ദമായി പങ്കുചേരാം. അതല്ലാതെ മറ്റൊരു പോംവഴിയുമില്ല. നാമിവിടെ സ്വപ്നങ്ങള്‍ വിതക്കുന്നു. പക്ഷേ, വിളവെടുക്കുമ്പോള്‍ വിതച്ച സ്വപ്നങ്ങളുടെ ഉടഞ്ഞ ചില്ലുകള്‍ പെറുക്കുവാനാണ് നമുക്ക് യോഗം.
ഞാനീ വിഷയത്തിന്റെ മറ്റൊരു തലത്തില്‍ നിന്ന് ചിന്തിക്കട്ടെ. നമ്മുടെ കുഞ്ഞുങ്ങളുടെ ഭൗതിക ശരീരം മരണംകൊണ്ട് നഷ്ടപ്പെടുന്നതിനപ്പുറം, ജീവിച്ചിരിക്കുന്ന നമ്മുടെ കുഞ്ഞുസന്തതികളുടെ ആത്മാവ് നഷ്ടപ്പെട്ട് നമ്മുടെ സ്വപ്നങ്ങളെ അവഗണനയുടെ കഠാരകൊണ്ട് കീറിമുറിക്കുമ്പോള്‍, നമ്മുടെ ജീവിത പരീക്ഷയുടെ ഉത്തരക്കടലാസുകളില്‍ അവര്‍ക്ക് എത്രമാര്ക്കിടണം?
“എന്റെ തള്ളേ, നിങ്ങള്‍ പെറ്റുകൂട്ടിയ കണക്കുകള്‍ ഞാന്‍ ചെറുപ്പം മുതലേ കേള്‍ക്കുകയാണ്.
നിങ്ങള്‍ പണിയെടുത്തും പട്ടിണികിടന്നും എന്നെ ഊട്ടി വളര്‍ത്തിയ കഥകള്‍ കേട്ട്, കേട്ട് മടുത്തു.
ഇതെല്ലാം നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മുലപ്പാലിന്റെ കണക്കു പറച്ചിലുകള്‍ ഇനിയെങ്കിലും ഒന്ന് നിറുത്തുമൊ? ഞാനൊന്ന് സ്വന്തമായി, സ്വതന്ത്രമായി ജീവിക്കട്ടെ…. അതിനെങ്കിലുമനുവദിക്കൂ.”
എന്ന് ചോദിക്കുന്ന ഒരു തലമുറയുടെ അല്ലെങ്കില്‍ ഒരു കെട്ട കാലത്തിന്റെ വാതില്‍പ്പടികളിലാണ് നാമിന്ന്. ലക്ഷ്യബോധമില്ലാതെ പായുന്ന ഈ കുതിരകള്‍ക്ക് കടിഞ്ഞാണിടാന്‍ അമ്മിഞ്ഞപ്പാലിന്റെ കണക്കുകള്‍ അല്പമെങ്കിലും സൂക്ഷിച്ചേ മതിയാകൂ!
ഈയിടെ ഞാന്‍ കണ്ട പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു കുഞ്ഞുസിനിമ എന്നെ പത്തുമണിക്കൂറുകളിലേറെ പിടിച്ചിരുത്തി. സിനിമയുടെ പേരോ ആരുടെ സിനിമയെന്നോ ശ്രദ്ധിച്ചില്ല. കഥയിതാ. ഒരിടത്തരം തറവാടിന്റെ പൂമുഖം. വൃദ്ധനായ പിതാവ് തന്റെ രണ്ടു കണ്ണുകളുടെയും തിമിരശസ്ത്രക്രിയ കഴിഞ്ഞ് ഒരു കറുത്ത കണ്ണടയും വച്ച് ചാരുകസേരയില്‍ മുറ്റത്തേക്ക് നോക്കിയിരിക്കുന്നു. തൊട്ടടുത്ത് പ്രായപൂര്‍ത്തിയായ മകന് എന്തോ വായിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ മുറ്റത്തെ ഗേറ്റില്‍ ഒരനക്കം.
വൃദ്ധന്: “മോനേ, സുരേഷേ, ആ ഗേറ്റില്‍ ഒരു ശബ്ദം കേട്ടല്ലൊ”
മകന്: (പുസ്തകത്തില്‍നിന്ന് കണ്ണെടുത്ത്) “അത്… ഒരു കുരുവി ഗേറ്റില്‍ വന്നിരിക്കുന്നതാണച്ഛാ.”
വൃദ്ധന് : (കുറെക്കഴിഞ്ഞ്) “സുരേഷേ, ഗേറ്റില്‍ ഒരു ശബ്ദം…”
മകന്: “അച്ഛാ, അത് ഒരു കുരുവിയാണ്”
വൃദ്ധന്: (ഓര്മ്കള് മുറിഞ്ഞിട്ടാകാം വീണ്ടും)
“മോനെ, ഗേറ്റില്‍ എന്തോ അനങ്ങുന്നു.”
മകന്: “അച്ഛാ, കുരുവി, കുരുവി, കുരിവിയാണ്…”(ദേഷ്യത്തില്‍)
വൃദ്ധന്: (കുറെകഴിഞ്ഞ് വീണ്ടും) “സുരേഷേ, ഗേറ്റില്‍ എന്തോ അനങ്ങുന്നു. നീ ഒന്ന് ചെന്ന് നോക്കിക്കേ…”
മകന്: (ദേഷ്യത്തില്‍ പുസ്തകം വലിച്ചെറിഞ്ഞ്) മര്യാദക്ക് ഒന്ന് വായിക്കുവാന്‍ സമ്മതിക്കുന്നില്ല. ഈ കെളവന് അകത്തെങ്ങാനും പോയി കിടന്നുകൂടെ?(ചാടിത്തുള്ളി അകത്തേക്ക് പോയി.)
വൃദ്ധന് പതുക്കെ എഴുന്നേറ്റ് അകത്ത്ചെന്ന് ഒരു പഴയ ഡയറി എടുത്തുകൊണ്ടുവന്ന് പൊടിതട്ടി അതിന്റെ ആദ്യതാളുകള്‍ മറിച്ച്:
“സുരേഷേ, ഇങ്ങ് വാ.”
മകന് വരുന്നു. വൃദ്ധന് ഡയറി മകന്റെ നേരെ നീട്ടി:
“നീ ഇതിന്റെ ആദ്യഭാഗം ഒന്ന് വായിച്ചേ…”
മകന് ഡയറി വാങ്ങുന്നില്ല. കുറെകഴിഞ്ഞ് വൃദ്ധന് മകനോടായി:
"സുരേഷേ, നിനക്ക് രണ്ടരവയസ്സുള്ളപ്പോള്‍ നിന്റെ അമ്മ അമ്പലത്തില്‍ നിന്ന് വരുന്നതും കാത്ത് ഞാന്‍ നിന്നെയും കൊണ്ട് ഈ പൂമുഖപ്പടിയില്‍ ഇരുന്നപ്പോള്‍ ആഗേറ്റില് രണ്ട് കുരുവികള്‍ വന്നിരുന്നു. നീ എന്നോട് നിന്റെ അവ്യക്തമായ ഭാഷയില്‍ ചോദിച്ചു അതെന്താണെന്ന്. ഞാന്‍ പറഞ്ഞു: “കുട്ടാ, അത് രണ്ട് കുരുവികള്‍” ആണ് എന്ന്. നീ വീണ്ടും ചോദിച്ചു. ഞാന്‍ പറഞ്ഞു കുരുവികള്‍, കുരുവികള്‍. നീ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നീ 66 പ്രവാശ്യം ചോദിച്ചു. 66 പ്രാവശ്യവും ഞാന്‍ ഉത്തരം പറഞ്ഞു. എന്നിട്ട് ഞാന്‍ ആര്‍ത്തിയോടെ നിന്റെ മുഖത്തേക്ക് നോക്കി. നിന്റെ ചോദ്യം ആവര്‍ത്തിക്കുവാന്‍. ആ സുഖമുള്ള ഓര്‍മ്മകള്‍ എന്നെങ്കിലും എനിക്ക് ആനന്ദം തരുമെന്ന് കരുതി എഴുതി സൂക്ഷിച്ചതാണിത്.”
മകന് കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമ്പോള്‍ സിനിമ തീരുന്നു. അതുപോലുള്ള ഒരു ഉമ്മയാണ് നമുക്കാവശ്യം. അതിന് അമ്മിഞ്ഞപ്പാലിന്റെ കണക്കുകള്‍ ആവശ്യമായി വന്നേക്കാം.
ശുഭം