കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട ഗ്രാമത്തിലാണു ഞാന്‍
ജനിച്ചതും വളര്‍ന്നതും. ഇതുപതു വയസ്സുവരെ ഞാനവിടെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസു
മുതല്‍ പത്തുവരെ കടമ്പനാട് ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. പിന്നീട്
ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലും. അച്ഛന്‍ കെ. എന്‍. രാമചന്ദ്രന്‍ പിള്ളയും
അമ്മ എ. ജി അമൃതകുമാരിയും അവിടെ അദ്ധ്യാപകരായിരുന്നു. കടമ്പനാട് സ്‌കൂളിനെ
എനിക്കൊരിക്കലും മറക്കാനാകില്ല. ഒരു എഴുത്തുകാരിയെന്ന നിലയില്‍ വലിയ
പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും കിട്ടിയത് ആ വിദ്യാലയത്തില്‍ നിന്നാണ്. ആ
സ്‌കൂളിലെ അദ്ധ്യാപകരില്ലെങ്കില്‍ ഇന്നീ കാണുന്ന ഞാനില്ല.
കായലിന് 375
ഹെക്‌ടര്‍ വിസ്‌തൃതിയുണ്ട് പണ്ട് അഷ്‌ടമുടിക്കായലിന്റെ ഭാഗമായിരുന്നോ ആവോ. ഒരു
കാലത്തു കായലിന് പതിനാലര മീറ്റര്‍ ആഴമുണ്ടായിരുന്നത്രേ. ഇന്നതു ശരാശരി നാലു
മീറ്ററായി താന്നു. ചുറ്റുള്ള കുന്നിന്‍ ചരിവുകളിലെ ജനവാസവും ജലചൂഷണവും
മണലൂറ്റലുമൊക്കെ കാരണമാവാം. തടാകത്തിനുചുറ്റും നിരവധി പരിഷ്‌കൃത ഭവനങ്ങള്‍
പൊന്തിവന്നിരിക്കുന്നു. ഞാന്‍ പഠിക്കുന്ന കാലത്ത് അവ വിരളമായിരുന്നു.
കായലിനു വടക്കുപുറത്തു ശാസ്‌താംകോട്ട എന്ന കൊച്ചുപട്ടണം. അതിനപ്പുറം
പടിഞ്ഞാറെ കല്ലട. കായല്‍തീരം ഒരു കാലത്തു വാഴ, മരച്ചീനി, കരിമ്പു കൃഷികള്‍ക്കു
പ്രസിദ്ധമായിരുന്നു. കുന്നിന്‍പുറത്തെ ചന്തയും പഞ്ചായത്താഫീസും കഴിഞ്ഞാല്‍
ശാസ്‌താംകോട്ട ക്ഷേത്രം. വനമദ്ധ്യത്തിലെ ഒരമ്പലം പോലെ. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ
കടവ് കായലിലാണ്. ഒരു പിടി അരിയുമായെത്തി വാരി വിതറിയാല്‍ ഇരച്ചുവരും ഒരുതരം
ഏട്ടമത്സ്യങ്ങള്‍.
ശാസ്‌താംകോട്ടയുടെ ചുറ്റുപാടും ചരിത്ര പ്രസിദ്ധങ്ങളായ
പല ക്ഷേത്രങ്ങളുമുണ്ട്. ഭരണിക്കാവു ഭഗവതി ക്ഷേത്രം അവയിലൊന്നു മാത്രം.
പള്ളിശ്ശേരിക്കര, മനക്കര, ആഞ്ഞിലിമൂട് പനവെട്ടി, സിനിമാപറമ്പ്, മുതുപിലാകാട്
തുരുത്തിക്കര തുടങ്ങിയ കുഗ്രാമങ്ങള്‍ ഇന്നു വളര്‍ന്നു വലുതായി. ചറവ, പന്മന,
കരുനാഗപള്ളി എന്നിവിടങ്ങളില്‍ നിന്നു ബസുകള്‍ സന്ധിക്കുന്ന ആഞ്ഞിലിമൂടിനിന്ന്
ചെറുപട്ടണത്തിന്റെ ഛായയുണ്ട്. എന്റെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്റര്‍
അകലമേയുള്ളൂ ശൂരനാട്ടിന്. ഭാഷാപണ്‌ഡിതന്‍ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ജന്മനാട്.
വേലുത്തമ്പിയുടെ മണ്ണടിയും അടുത്ത.്
കടമ്പനാട് സ്‌കൂളില്‍ നിന്ന് ഞാന്‍
ശാസ്‌താംകോട്ട ഡി. ബി. കോളേജില്‍ ചേര്‍ന്നു. അച്ഛനും അമ്മയും അവിടെ
അദ്ധ്യാപകരായിരുന്നതിനാല്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. പ്രിഡിഗ്രി കഴിഞ്ഞ്
കൊല്ലം എസ്. എന്‍. വിമന്‍സ് കോളേജില്‍ ബി. എസിയ്‌ക്കു ചേര്‍ന്നു. എന്‍ട്രന്‍സ്
പരീക്ഷയുടെയും പ്രൊഫഷണല്‍ കോഴ്‌സുകളുടെയും പിടിയില്‍ പെടാതെ
രക്ഷപ്പെടുകയായിരുന്നു.
കൊല്ലത്ത് എസ്. എന്‍ വിമന്‍സ്
ഹോസ്റ്റലിലായിരുന്നു താമസം. എന്റെ ഗ്രാമത്തില്‍നിന്നു കിട്ടാതിരുന്ന പല
സൗഭാഗ്യങ്ങളും അവിടെ എനിക്ക് വീണുകിട്ടി. അതിലൊന്ന്, വായനയായിരുന്നു. കൂടെ
ഉണ്ടായിരുന്ന നൂര്‍ജഹാന്‍ എന്ന നിമ്മിചേച്ചിയും (എസ്. ബി. ടി ഉദ്യോഗസ്ഥ) പി. ഇ.
ഉഷയുമാണ് അതിന് വഴിത്താരയിട്ടത്. ലൈബ്രറയില്‍ പോകാന്‍ നിര്‍ബന്ധിച്ചും നല്ല
സിനിമകള്‍ക്ക് കൂടെക്കൂട്ടിയും പുസ്‌തകങ്ങള്‍ വാങ്ങിതന്നും എന്നെ ഞാനാക്കാന്‍
നിമ്മിചേച്ചി കൂട്ടുനിന്നു.
ഇന്നു ശാസ്‌താംകോട്ടയില്‍ പോകുമ്പോള്‍
നഷ്‌ടബോധമാണ് അനുഭവപ്പെടുക. പഴയ ഭംഗിയൊക്കെ എന്റെ നാടിനു നഷ്‌ടപ്പെട്ടു
പോയിരിക്കുന്നു. അന്ന് അതൊരു ചെറിയ ഗ്രമമായിരുന്നു. എന്റെ വീട്ടിലിരുന്നാല്‍
കായലിന്റെ മനോഹരമായ ദൃശ്യം കാണാമായിരുന്നു.
പക്ഷേ, വാസ്‌തവത്തില്‍ എന്റെ
ഗ്രാമം അച്ഛന്‍ ജനിച്ചു വളര്‍ന്ന കുന്നത്തൂരാണ്. കുന്നത്തൂര്‍ ഒരു വിശാല
പ്രദേശമാണ്. നെടിയവിളയിലോ പൂതക്കുഴിയിലോ ബസ് ഇറങ്ങി ടാറിടാത്ത നാട്ടുവഴിയിലൂടെ
ഒന്നൊന്നര കിലോമീറ്ററ് ഉള്ളിലേക്കു നടന്നിട്ടാണ് അച്ഛന്റെ തറവാട്ടിലെത്തുക.
അന്നൊക്കെ എല്ലാ വീടുകളും മണ്‍കയ്യാലകളാണ്. എല്ലാ തൊടികളിലും നിറയെ മരങ്ങളുണ്ട്.
മഞ്ചാടി മണികള്‍ വീണു കിടക്കുന്ന വഴിയിലൂടെ വീട്ടിലേക്കു നടക്കുന്നത് ഇന്നും
എനിക്ക് ഓര്‍മയുണ്ട്. മഴക്കാലത്ത് മണ്‍കയ്യാലകളില്‍ പായല്‍ പൊതിയും.
മഴയ്‌ക്കിടയിലെ വെയിലില്‍ അവ പച്ച സാറ്റിന്‍ പുതച്ചതു പോലെ തിളങ്ങും. ആകാശം
മുട്ടുന്ന ആഞ്ഞിലിമരങ്ങള്‍ ഗ്രാമത്തിലെവിടെയും കാണാമായിരുന്നു. എല്ലാ വീടുകള്‍ക്കും
തൊടികളുണ്ടായിരുന്നു.
അച്‌ഛന്റെ വീടിനോടു ചേര്‍ന്ന് രണ്ടേക്കറിലേറെ
വിസ്‌തൃതിയില്‍ കൃഷിഭൂമിയുണ്ടായിരുന്നു. വീടിനോടു ചേര്‍ന്ന ഭൂമി നിറയെ മരങ്ങളാണ്.
മണ്‍കയ്യാലയായിരുന്നു ഞങ്ങളുടെ വീടിനും. പക്ഷേ ഇടവഴി എന്നു വിളിച്ചിരുന്ന
വീട്ടിലേക്കുളള വഴിയുടെ തുടക്കത്തില്‍ പുന്നയും വഴനയും കവുങ്ങും ശീലാന്തിയും ഒക്കെ
തിങ്ങിനിന്ന് പച്ചപ്പിന്റെ ഒരു കുട നിവര്‍ത്തിയിരുന്നു. ഇടവഴിയില്‍ വെളുത്ത
പരവതാനി വിരിച്ചതുപോലെ പൂക്കള്‍ കൊഴിഞ്ഞു കിടക്കും. പാലയ്‌ക്കപ്പുറം ഇടവഴിയുടെ
മറ്റേ അറ്റത്ത് ഒരു പുന്ന കൂടിയുണ്ടായിരുന്നു. അതില്‍ പടര്‍ന്നു കയറിയ കടലാസു റോസ
എന്നു വിളിക്കുന്ന ബൊഗയിന്‍വില്ലയും പൂത്തുലഞ്ഞു മദിച്ചിരുന്നു. ഇടവഴിയുടെ
അങ്ങേയറ്റത്ത് തൊഴുത്തില്‍ നിറയെ പശുക്കളുണ്ടായിരുന്നു. തൊഴുത്തിനു തൊട്ടു
പിന്നിലാണ് തേന്‍വരിക്കമാവിന്റെ നില്‍പ്പ്. തീരെച്ചെറിയ മാങ്ങകള്‍ക്ക്
തേനിനെക്കാള്‍ മധുരമുണ്ടായിരുന്നു. വേനലൊഴിവിന് രാത്രികളില്‍ മാമ്പഴം ഓടുകള്‍ക്കു
മേല്‍ വീഴുന്ന ശബ്‌ദം കേട്ട് ഞാന്‍
ഞെട്ടിയുണര്‍ന്നിരുന്നു.
വീടിന്റെ തെക്കുവശത്ത് ഒരു
കുരിയാലയുണ്ടായിരുന്നു. കാവുപോലെ മരം വെട്ടുകയോ തെളിക്കുകയോ ചെയ്യാത്ത കുറച്ച്
സ്ഥമാണ് കുരിയാല. അത് പൂര്‍വികരെ അടക്കം ചെയ്‌ത സ്ഥലമാണെന്നാണ് വിശ്വാസം. അവിടെ
വിളക്കു വയ്‌ക്കുന്ന പതിവും മുമ്പുണ്ടായിരുന്നു. കുരിയാലയില്‍ ഉങ്ങും ചേരും വഴനയും
ഉള്‍പ്പെടെ കുറെ മരങ്ങളുണ്ടായിരുന്നു. നിറയെ ചുണ്ണാമ്പു വള്ളികള്‍
തൂങ്ങികിടന്നിരുന്നു. അതു നിറയെ ഏതു നേരത്തു പക്ഷികളുണ്ടായിരുന്നു. ഇടയ്‌ക്കിടെ
അണലി വിഴുങ്ങാന്‍ ശ്രമിച്ചതോ മരപ്പട്ടി കടിച്ചതോ ആയ ഒരു പക്ഷിക്കുഞ്ഞ് താഴെ വീഴും.
എന്റെ അച്‌ഛന്റെ ഇളയ സഹോദരിമാരായ രമ അപ്പച്ചിയോ ഗിരിജ അപ്പച്ചിയോ അതിനെ
രക്ഷപ്പെടുത്തി മുറുവുകളില്‍ മഞ്ഞള്‍ അരച്ചു തേച്ച് ഓട്ടുകിണ്ണത്തിനടിയില്‍ വച്ച്
മുകളില്‍ മൃദുവായി കൊട്ടും. പിന്നീട് മുറിവുണങ്ങി പക്ഷേ തിരിച്ചു പോകും വരെ
ഞങ്ങള്‍ ഉത്സവം ആഘോഷിക്കും.
അച്ഛന്റെ വീടും അച്ഛന്റെ അമ്മയും
അപ്പച്ചിമാരും അവിടുത്തെ മരങ്ങളും പക്ഷികളും അണലികളും മരപ്പട്ടികളും ഒക്കെ
ചേര്‍ന്നാണ് കുട്ടിയായിരുന്ന എനിക്ക് ആന്തരികമായ മറ്റൊരു ലോകം തീര്‍ത്തു തന്നത്
. ഇന്ന് എനിക്ക് അവിടെ പോകുന്നത് ഇഷ്‌ടമല്ല. കാരണം ഞാന്‍ മനസ്സില്‍
സൂക്ഷിക്കുന്ന കുന്നത്തൂര്‍ പാടെ മാറിക്കഴിഞ്ഞു. എല്ലായിടത്തും റബര്‍ മരങ്ങള്‍
കയ്യേറികഴിഞ്ഞു. അധിനിവേശമെന്ന പദത്തിന്റെ അര്‍ത്ഥം അനുഭവിക്കുന്നത് റബര്‍
തോട്ടങ്ങള്‍ കാണുമ്പോഴാണ്. എല്ലായിടത്തും അവ പടരുന്നു. ആ മണ്ണില്‍ നിന്നു
കുടിയിറക്കപ്പെട്ട തുമ്പയും മുക്കൂറ്റിയും കുന്നിച്ചെടിയും ചുണ്ണാമ്പു വള്ളികളും
എവിടെപ്പോയിരിക്കും? മരങ്ങള്‍ക്കും ആത്മാവുണ്ടെങ്കില്‍, അവയ്‌ക്കും
പുനര്‍ജന്‍മമുണ്ടെങ്കില്‍ അവയെന്തായിട്ടായിരിക്കും
പുനര്‍ജനിക്കുക?
കടമ്പനാട്ട് സ്‌കൂളിലെ ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ
നില്‌ക്കുന്നു. അഞ്ചില്‍ പഠിക്കുമ്പോള്‍ വിജയമ്മ ടീച്ചര്‍ എന്നെ ക്ലാസ് ലീഡറാക്കി.
സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിര്‍ബദ്ധിച്ച് മത്സരിപ്പിക്കുന്നു, ഞാന്‍
സമ്മാനങ്ങള്‍ നേടുന്നു. അച്ഛനും അമ്മയും കൂട്ടുവരാറില്ലെങ്കിലും അച്ഛന്റെ സുഹൃത്ത്
സി. െക. ശിവരാമകുറുപ്പു സാറാണ് രക്ഷകര്‍ത്താവായി കൂട്ടികൊണ്ടു പോകുക. മത്സരങ്ങള്‍
കഴിയുന്ന ദിവസം കണ്ടക്‌ടറോട് പറഞ്ഞേല്‌പിച്ച് ബസില്‍ കയറ്റിവിടും. കണക്കു
പഠിപ്പിച്ചിരുന്ന കുട്ടപ്പന്‍ സാറിനെയും എങ്ങിനെ മറക്കാന്‍! അച്ഛന്‍ ഒരിക്കല്‍
കുട്ടിയായ എന്നെ കുട്ടപ്പന്‍ സാറിന്റെ വീട്ടില്‍ കൊണ്ടാക്കി. കണക്കു പഠിച്ചിട്ടു
വന്നാല്‍ മതി എന്നു പറഞ്ഞു. ഞാനാ വീട്ടില്‍ സാറിന്റെ പെണ്‍മക്കളോടൊത്തു കഴിഞ്ഞു
കണക്കു പഠിച്ചു. രണ്ടു മാസം.
പത്താം ക്ലാസിലെ സംസ്ഥാന സ്‌കൂള്‍
യുവജനോത്സവമായിരുന്നു യുവജനോത്സവം. അന്ന് ഞങ്ങളുടെ ഹെഡ്‌മിസ്‌ട്രസ് അച്ഛന്റെ കൂടെ
ഗുരുനാഥയായ കെ.ബി. സരോജിനി ടീച്ചറായിരുന്നു. എന്നെ എറണാകുളത്ത് മത്സരത്തിനു വിട്ട
രാത്രി, രാമവര്‍മ്മ സ്‌കൂളാണെന്നാണ് ഓര്‍മ്മ, ബഞ്ചില്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍
ടീച്ചര്‍ വാതില്‍ മുട്ടിവിളിച്ചു. ``മീരയുണ്ടോ ഇവിടെ? കുട്ടിയെ തന്നെ വിട്ടപ്പോള്‍
മുതല്‍ വിഷമത്തിലായി. അതുകൊണ്ട് ഞാന്‍ അവധിയെടുത്ത് ഇങ്ങു
പോന്നു!''
ഇത്രമേല്‍ സ്‌നേഹം ആര്‍ക്കുണ്ടാവും! ടീച്ചര്‍തന്നെ കാശുമുടക്കി
എടുത്ത ലേഡ്‌ജ് മുറിയില്‍ എന്നെ താമസിപ്പിച്ചു. ടീച്ചറുടെ ചെലവില്‍ മസാല ദോശയും
പെറോട്ടയും വാങ്ങി തന്നു. മൂന്നാം ദിവസം അമ്മ വന്ന് കൂട്ടിക്കൊണ്ടുപോയപ്പോഴും
ടീച്ചര്‍ അവിടെതന്നെ നിന്നു. എന്റെ റിസള്‍ട്ട് അറിയാന്‍. എനിക്ക് രണ്ടാം സമ്മാനം
കിട്ടിയപ്പോള്‍ അതുവാങ്ങി സ്‌കൂളില്‍ കൊണ്ടുവന്ന് ആഘോഷിച്ചത് ടീച്ചറായിരുന്നു.
``ഞാനെഴുത്തുകാരനായത് സാധാരണ സ്‌കൂളില്‍ പഠിച്ചതുകൊണ്ടാണ്'' - എന്ന
ജ്ഞാനപീഠ ജേതാവ് യു. ആര്‍. അനന്തമൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍
ഓര്‍മ്മിക്കുകയാണ്. എന്റെ മകള്‍ അമ്മുവിന് ഒരു സാധാരണ സ്‌കൂള്‍ തേടി നടക്കാന്‍
എന്നെ പ്രേരിപ്പച്ചത് പഴയ ഗേള്‍സ് സ്‌കൂളിന്റെ പച്ചയായ ഓര്‍മ്മകളിലും
അനന്തമൂര്‍ത്തി സാറിന്റെ പ്രസ്‌താവനയുമാണെന്ന് പറയട്ടെ!
``ഒരു കുഞ്ഞിനെ
വളര്‍ത്തി വലുതാക്കണമെങ്കില്‍ ഒരു ഗ്രാമം
ഒന്നടങ്കം അധ്വാനിക്കണം.'' (It takes a
village to bring up a child ) എന്ന് പറയുന്നത് എന്റെ കാര്യത്തില്‍ എത്രയോ ശരി. ശാസ്‌താംകോട്ട ഗ്രാമവും കടമ്പാനാടു സ്‌കൂളും അവിടത്തെ ടീച്ചര്‍മാരും അവിടെ വീടുള്ള
ലതിക ചേച്ചിയും എന്നെ വളര്‍ത്തി വലുതാക്കിയ കൂട്ടത്തിലുണ്ട്. ലതികാമ്മയ്‌ക്ക്
ജനിക്കാതെ പോയ മകളാണ് ഞാന്‍.
ജനിച്ച വീടും വളര്‍ന്നവീടും വില്‌ക്കുന്നതു
കണ്ട് വിഹ്വലത പൂണ്ട മനസ്സാണ് എന്റേത്. ആദ്യത്തെ വീട് ശാസ്‌താംകോട്ട കായലിന്റെ
ഓരത്തായിരന്നു. രണ്ടാമത്തേത് അവിടെ തന്നെ പുഴയോരത്തും. മഴയുള്ള ഒരു രാവിലെ
അമ്മയോടൊപ്പം വീടുവില്‌ക്കാന്‍ പോയിടത്താണ് ഓര്‍മ്മയുടെ തുടക്കം. ആദ്യ വീട്
വില്‌ക്കുമ്പോള്‍ മറ്റൊരു വീടെന്ന പ്രതീക്ഷയും ആശ്വാസവുമുണ്ടായി. പക്ഷെ
രണ്ടാമത്തേതു വിറ്റപ്പോഴോ - ആത്മാവ് സ്വതന്ത്രയായി. മടങ്ങിച്ചെല്ലാനോ
സ്വന്തമെന്ന് പറയാനോ കല്ലും മരവും കൊണ്ടും തീര്‍ത്ത കൂടുകള്‍ ആവശ്യമില്ലാതായി.
കായല്‍ നോക്കി കാണാവുന്ന വീട്ടില്‍ ആദ്യം വാടകയ്‌ക്കായിരുന്നു. പിന്നീട്
അത് വാങ്ങി. `മീരാ ഹൗസ്' എന്ന് പേരിട്ടപ്പോള്‍ അച്ഛന്‍ അനുജത്തി താരയെ
ആശ്വസിപ്പിച്ചു. മീരയുടെ `മീ' താരയുടെ `ര' യും ഉണ്ടല്ലോ എന്ന.് അതുപോലെയൊരു വീട്
ഞാന്‍ ഒരിടത്തു കണ്ടിട്ടില്ല. പഴയൊരു ഓടും മച്ചും സിമിന്റിട്ട നടുമുറ്റവും
നടുമുറ്റത്തിന് അടപ്പായി വലിയൊരു കോട്ടപോലെ വളഞ്ഞ വാതിലുമുളള
വീടായിരുന്നു. നാലുകെട്ടുപോലെ തോന്നിക്കുന്ന, നാലുകെട്ടല്ലാത്ത, ഒന്ന്. വിശാലമായ
തൊടിയായിരുന്നു. മുന്‍വശത്തെ മുറിയില്‍ സദാ കായലില്‍ നിന്നുളള കാറ്റ്
വീശിക്കൊണ്ടിരുക്കും. തണുപ്പു കാലത്തും വേനല്‍ക്കാലത്തും മഴക്കാലത്തും കായലിനു
സംഭവിക്കുന്ന വര്‍ണ ഭേദങ്ങള്‍ കണ്ടിരിക്കുക ആനന്ദകരമായിരുന്നു. ഓരോ മണിക്കൂറിലും
കായലിന് ഓരോ നിറമായിരുന്നു. ഓരോ നേരത്തും ഓരോ തരം കാറ്റായിരുന്നു. മള്‍ഗോവയും
നീലന്‍മാവും ചേര്‍ന്ന് പടിഞ്ഞാറേ മുററത്ത് തണല്‍ വിരിച്ചുരുന്നു.
പിന്നീട് കുടുംബ ഛിദ്രത്തിന്റെ നാളുകളില്‍ ആ വീടുവിറ്റ് പലായനം ചെയ്യേണ്ടി
വന്നപ്പോള്‍ സ്വന്തമായി വീടില്ലാതാകുന്നതിന്റെ സ്വാതന്ത്ര്യവും അരക്ഷിതാവസ്ഥയും
ഞാന്‍ തിരിച്ചറിഞ്ഞു. ആ വീട് വിലക്കു വാങ്ങിയ അമ്മാവന്‍ അതുവഴി സംഭവിച്ച
നഷ്‌ടത്തെപ്പറ്റി പരാതിപ്പെട്ടതായി കേട്ടപ്പോള്‍ അത് തിരിച്ചു
വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. പക്ഷെ അപ്പോഴേക്കും ആ വീട് പൊളിച്ചുവിറ്റതായി
അറിഞ്ഞു വേദനിച്ചു!
ഞാന്‍ കായല്‍ നോക്കി കണ്ട അഴികളും ഞാനും അനിയത്തിയും മരം
കയറി കളിച്ച ആ ഇരുമ്പു തൂണുകളും ഇനി ഇല്ലല്ലോ എന്ന് ചിന്തിച്ചതും
നിര്‍മ്മമതയോടെയാണ്. വീടിനെ വീടാക്കുന്നത് സ്‌നേഹവും സ്വസ്ഥതയുമാണ്.
പൊളിയ്‌ക്കപ്പെടുതിന് എത്രയോ മുമ്പേ ഞങ്ങളുടെ വീട് തകര്‍ന്നിരുന്നു.
മഞ്ഞമുള്ളുകള്‍പോലെ മുറ്റത്താകെ കുഞ്ഞിപ്പഴങ്ങള്‍ വിതറിയിട്ട വലിയ ആര്യവേപ്പ്, ഒരു
മഴക്കാലത്ത് തവിട്ട് നിറമുള്ള ഭംഗിയുള്ള പെരുമ്പാമ്പ് ചുറ്റിക്കിടന്ന വലിയ
വരിക്ക പ്ലാവ്, മാവിലകളില്‍ കാറ്റടിക്കുന്ന ശബ്‌ദം, ഗന്ധരാജന്‍ പൂക്കളുടെ
തീഷ്‌ണസുഗന്ധവും ... നഷ്‌ട സ്‌മൃതികളില്‍ അതെല്ലാം പച്ചകെടാതെ പാര്‍ക്കുന്നു. മീരയാണു താരം; ദിലീപ് താരങ്ങളുടെ കഥയെഴുതുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല