Image

ശകുന്തള (കവിത: കൃഷ്ണ)

Published on 02 September, 2014
ശകുന്തള (കവിത: കൃഷ്ണ)
നാളെ ഞാന്‍ പോകുമെന്റെ പ്രിയന്റെ സവിധത്തില്‍
ആകിലും അവനെന്നെയറിയാതിരുന്നീടുമോ?
മാമുനി തന്‍ ശാപം ഫലിക്കുമോ അവനെന്നേ
കേവലം ഭ്രാന്തിയെന്നു നിനച്ചു ഹസിക്കുമോ?
ഏതിനും ഞാനവനെ മറക്കില്ലയൊരിക്കലും
സൂര്യനെ മറക്കാന്‍ പാവം, പങ്കജത്തിന്നാകുമോ?
ഇനി ഞാന്‍ മടങ്ങില്ല ഇങ്ങോട്ടിനിയൊരിക്കലും
ആരെന്തു പറഞ്ഞാലും, എന്തൊക്കെയോതിയാലും.
പ്രണയത്തിരകളില്‍പെട്ടുഴലും മനസ്സിന്റെ
വികൃതികള്‍ മുനിമാര്ക്ക് ­ തിരിച്ചറിയാനാമോ?
അതറിയാതെന്നേ ശപിച്ച മാമുനിയെ
പ്രണയപരവശയാ,മിവളും ശപിക്കുന്നു.
ദുഷ്യന്ത,നെന്‍ പ്രിയ,നെന്നെ തിരിച്ചറിഞ്ഞില്ലയെന്നാല്‍
ആയതില്‍ ദുഃഖം ദുര്‍വാസാവിന്‍ മനം നീറ്റീടട്ടേ.
പാവമാം ഈ പെണ്ണിന്റെ ജീവിതം തുലഞ്ഞെങ്കില്‍
ആയതിന്നു കാരണമാകുന്നതാ മുനിയല്ലേ?
പാവമാം മാനവനു ശാന്തിയേകേണ്ട ജ്ഞാനി
ജീവിതം തകര്‍ക്കുന്നതാര്‍ക്കു ക്ഷമിക്കാനാകും?
എന്‍ വ്യഥയകറ്റി, യെന്നെ സ്വച്ഛയാക്കേണ്ട ഋഷി­
പുംഗവനെന്നെ ശപിച്ചാലത്താങ്ങാനാമോ?
പറയൂ പുഴകളേ, പറയൂ മലകളേ
പറയൂ വാന,മേഘ,വര്‍ഷ, പ്രകൃതികളേ
ഇവിടെയാരുടെ തെറ്റെന്നോതുവിന്‍ ദൈവങ്ങളേ
ഇവളില്‍ ശാപം ഫലിക്കില്ലെന്നോതൂ നിങ്ങള്‍.
താന്തയാ,മെന്നില്‍ നിങ്ങളാഹ്ലാദം നിറയ്ക്കുമോ?
പാവമീ ശകുന്തളയെ കാത്തു രക്ഷിച്ചീടുമോ?

കൃഷ്ണ

ശകുന്തള (കവിത: കൃഷ്ണ)
Join WhatsApp News
വിദ്യാധരൻ 2014-09-02 19:19:48
"മനുഷ്യ ഹൃദയത്തിൽ തുളുമ്പുന്ന മൃദുലങ്ങളായ വികാരങ്ങളെയും, പ്രകൃതിയിൽ പ്രതിഭാസിക്കുന്ന മനോഹരങ്ങളായ കാഴച്കളെയും വർണ്ണിക്കുന്നതിൽ കാളിദാസനെ കവിഞ്ഞു നില്ക്കുവാൻ മറ്റൊരു കവിക്കും സാധിച്ചിട്ടില്ല. കാളിദാസന്റെ കാല്പനിക ശക്തി കാമിനികാമുകന്മാരുടെ മനോമണ്ഡലത്തിലും മഹർഷിമാരുടെ പുണ്യാശ്രമങ്ങളിലും രാജാക്കന്മാരുടെ രാജധാനികളിലും ഒരുപോലെ ചതുരമായി ചരിക്കുന്നു. സ്ത്രീ പുരുഷന്മാരുടെ പ്രണയ സൗഭാഗ്യത്തെയും പ്രകൃതിയുടെ സൗന്ദര്യവിലാസത്തെയും പറ്റി ഇത്ര മധുരമായി ഗാനം ചെയ്യിതിട്ടുള്ള ഒരു കവി ഒരു രാജ്യത്തുമുണ്ടായിട്ടില്ല എന്നാണു കാളിദാസ കൃതികളെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ആർതർ റൈഡർ പറഞ്ഞിട്ടുള്ളത്. പ്രേമത്തിന്റെയും കാമത്തിന്റെയും മധ്യത്തിൽ കിടക്കുന്ന അതിസൂക്ഷമമായ അതിർത്തി രേഖയെ കാളിദാസൻ വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. സ്ത്രീ പുംസ പ്രേമത്തിനു ഭോഗം കൊണ്ടല്ലെന്നും ത്യാഗം കൊണ്ടാണെന്നും അദ്ദേഹം തന്റെ കൃതികളിൽ സ്പഷ്ടമായി വെളിപ്പെടുത്തിയിരിക്കുന്നു".( വിദ്വാൻ . സി. സ് . നായർ ). ശ്രി. കൃഷ്ണ തന്റെ കവിതയിലൂടെ ദുഷ്യന്തനെ തേടി പോകുന്ന ശകുന്തളയെ അവതരിക്കുമ്പോൾ, മിക്ക പുരുഷ മനസുകൾക്കും, ' പ്രേമത്തിന്റെയും കാമത്തിന്റെയും മധ്യത്തിൽ കാളിദാസൻ വരച്ചിട്ട അതിസൂക്ഷമമായ അതിർത്തി രേഖയെ കാണാൻ കഴിയില്ല നേരെ മറിച്ചു ഓണത്തിന്റെ മറവിൽ അകത്താക്കിയാ മദ്യം ഇളക്കി വിടുന്ന വികാരങ്ങളുടെ തീനാളങ്ങൾക്ക് കയ്യും കാലും വ്യ്യുക്കകയും, അവളുടെമേൽ ചാടി വീഴുകയും മൃഗീയമായി കൂട്ട ബലാൽസംഘത്തിനു വിധേയപ്പെടുത്തുകയും ചെയ്യുന്നു. കാളിദാസന്റെ നാടിനു വന്ന ദുർഗതി? പണ്ടുള്ള മുനിമാർ ഒരുശാപം കൊണ്ട് അവരുടെ കാമാസക്തിക്കു ശമനം വരുത്തുമെങ്കിൽ ഇന്നത്തെ മുനിമാരും പതിരികളും സൗകര്യം പോലെ സ്ത്രീകളെയും കുട്ടികളെയും അവരുടെ കാമ വൈകൃതങ്ങൾക്ക് വിധേയപ്പെടുത്തി, രാഷ്ട്രീയക്കാരുടെയും മതാചാര്യന്മാരുടെയും അനുഗ്രഹാശസുകളോടെ സസുഖം തങ്ങളുടെ പരിപാടി തുടരുന്നു. " പാവമോ ഈ പെണ്ണിന്റെ ജീവിതം തുലെഞ്ഞെങ്കിൽ ആയതിനു കാരണം മുനിയല്ലേ?" എന്ന് കവി ചോതിക്കുമ്പോൾ ഇന്ന് നമ്മൾക്ക് ചുറ്റും അരെങ്ങെറുന്ന നാടകങ്ങൾക്ക് തിരിശീല ഉയരുന്നു. ചിന്തൊദീപകമായ കവിത. അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക