Image

ഓണപ്പരീക്ഷയ്ക്കു വന്ന മരണം- ജോണ്‍ ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് Published on 04 September, 2014
 ഓണപ്പരീക്ഷയ്ക്കു വന്ന മരണം- ജോണ്‍ ബ്രിട്ടാസ്
ഓണം എന്റെ തൊലിപ്പുറത്തുപോലും സ്പര്‍ശിച്ചിട്ടില്ല.
ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് കളിച്ചുനടക്കുവാനുള്ള ഒരു ഒഴിവുദിനം മാത്രമാണ്. പിന്നീട് അത് ജോലിക്കിടയിലെ വിശ്രമവേളയായി. ചാനലിലെത്തിയപ്പോഴാകട്ടെ ഓണമെന്നത് വില്പനയുടെ  തോതായി. കാണം വിറ്റും ഓണം ഉണ്ണണമെന്നുപറഞ്ഞ ഒരു ഭൂപ്രദേശത്തിന്റെ ഈ ശരാശരി പ്രജയ്ക്ക് ഓണം പ്രത്യേകിച്ചൊരു അനുഭൂതിയും പകരുന്നില്ല.
ഓണക്കോടി, ഓണസദ്യ എന്നൊക്കെ ചെറുപ്പത്തില്‍ കേള്‍ക്കുമ്പോള്‍ ഒരു വിമ്മിഷ്ടമായിരുന്നു. ഇന്നേവരെ എനിക്ക് ഓണത്തിനൊരു  കുപ്പായം ആരും മേടിച്ചുതന്നിട്ടില്ല. ജോലിയുടെ ഭാഗമായി  പൊതുസമൂഹധാരയില്‍ ലയിച്ചതിനു ശേഷമാണ് ഓണസദ്യയുടെ രുചി അറിഞ്ഞത്.
ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിന്റെ തനതായ അന്തരീക്ഷവും പരാധീനതകളുമാണോ ഓണത്തില്‍ നിന്നെന്നെ മാറ്റിനിര്‍ത്തിയത്? അതോ “അച്ഛന്‍” എന്ന ഘടകത്തിന്റെ പ്രസക്തിയോ?
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഓണപ്പരീക്ഷനാളില്‍ ചാച്ചന്‍ എന്നു വിളിച്ചിരുന്ന അച്ഛന്‍ എനിക്കു നഷ്ടപ്പെട്ടത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ എനിക്ക് ഓണമുണ്ടായിരുന്നോ എന്ന് അത്ര നിശ്ചയവുമില്ല. ഏഴ് മക്കളുള്ള ഒരു ഇടത്തരം കര്‍ഷക കുടുംബത്തെ പിടിച്ചുലയ്ക്കുവാന്‍ പോരുന്നതായിരുന്നു ചാച്ചന്റെ മരണമെന്ന് അന്നെനിക്ക് തിരിച്ചറിവുണ്ടായിരുന്നില്ല. വികാരരഹിതമായിട്ടാണ് ഞാന്‍ ആ മരണത്തെ നോക്കിക്കണ്ടത്.

കണ്ണൂര്‍ ജില്ലയിലെ ഒരു കര്‍ഷകഗ്രാമത്തില്‍ അലാറം മുഴക്കിവരുന്ന ആംബുലന്‍സ് അത്യപൂര്‍വ്വകാഴചയാണ്. സ്‌കൂള്‍ വിട്ട സമയമാണെന്ന് തോന്നുന്നു. പാഞ്ഞുവന്ന ആംബുലന്‍സ് പള്ളിക്കൂടം പിള്ളേരുടെ ശ്രദ്ധാകേന്ദ്രമായി. ചാച്ചന്റെ വിറങ്ങലിച്ച ശരീരമാണ് വണ്ടിയില്‍നിന്ന് ഇറക്കിയതെങ്കിലും അതിലേക്കൊന്നും എന്റെ ശ്രദ്ധ പതിഞ്ഞില്ല. അമ്മയുടെയും സഹോദരങ്ങളുടെയും നെഞ്ചുപൊട്ടിയുള്ള നിലവിളികള്‍ക്കും എന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സ് പോകുന്നതുവരെ വണ്ടിയെ തൊട്ടും തടവിയും പരിശോധിച്ച് മറ്റു കുട്ടികള്‍ക്കൊപ്പം ഞാനും നിന്നു.

ചിലര്‍ നിര്‍ബന്ധിച്ചെന്നെ മൃതദേഹത്തിനരികില്‍ ഇരുത്തിയെങ്കിലും അതൊന്നും മനസ്സിനെ തെല്ലും സ്വാധീനിച്ചില്ല. സ്‌കൂള്‍ പി.ടി.എ. ചെയര്‍മാന്‍ എന്ന പദവികൊണ്ടാണെന്ന് തോന്നുന്നു. പിറ്റേന്ന് വീടിനടുത്തുള്ള എന്റെ സ്‌ക്കൂളിന് അവധി ലഭിച്ചു. എന്റെ ചാച്ചന്റെ മരണമാണ് അവധി നേടിതന്നതെന്ന ചെറിയൊരഹങ്കാരംപോലും  മറ്റു കുട്ടികളുടെ അടുത്ത് കാണിച്ചിരിക്കുവാനും സാധ്യതയുണ്ട്. അച്ഛനില്ലാത്ത കുട്ടി എന്ന പരിഗണന തുടക്കത്തില്‍ എന്നെ സന്തോഷിപ്പിച്ചിരുന്നു എന്നുവേണം പറയാന്‍. നാട്ടില്‍നിന്ന് പഠനം മാറ്റി തൃശൂരില്‍ ഒരു ബോര്‍ഡിംഗില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ അച്ഛന്റെ വില ഞാന്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഏഴാംക്ലാസ് പിന്നിട്ടിരുന്നു. തുടര്‍ന്നുള്ള ഓരോ ദിവസവും അച്ഛനെന്നെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. അവധി ദിവസങ്ങളില്‍ മറ്റു കുട്ടികളെ കാണാന്‍ വരുന്ന അച്ഛനമ്മമാരായിരിക്കാം അച്ഛനമ്മമാരായിരിക്കാം എന്റെ മനസ്സിനെ ആദ്യം കൊളുത്തി വലിച്ചിട്ടുണ്ടാവുക. അവര്‍ കൊണ്ടുവരുന്ന ചെറുഭക്ഷണപ്പൊതികളും സമ്മാനങ്ങളുമൊക്കെ എന്റെ മനസ്സിലെ ശൂന്യതയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഉറക്കത്തിലേക്ക് വഴുതുമ്പോള്‍ ചാച്ചന്‍ സ്വപ്നത്തില്‍ പുനര്‍ജനിക്കും. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ കിട്ടാതിരുന്ന വ്യക്തത അദ്ദേഹത്തിന്റെ രൂപത്തിലും ഭാവത്തിലും ഞാന്‍ കണ്ടു തുടങ്ങി. 10-ക്ലാസ് പാസ്സാകുന്നതുവരെ അദ്ദേഹം വരാത്ത ഒരു ദിവസംപോലും ഇല്ല.
ചിലപ്പോള്‍ പകല്‍സമയം പോലും എന്റെ ചിന്ത അതിലേക്ക് വഴുതി. അച്ഛനില്ലാത്ത മകന്റെ നിസ്സാരത സൃഷ്ടിച്ച അപകര്‍ഷതാബോധം എന്റെ ചിന്തയെ ഗ്രസിച്ചുതുടങ്ങിയിരുന്നു. നിര്‍ണ്ണായകമായ പത്താം ക്ലാസ് പരീക്ഷയുടെ പഠനാവധി സമയം ഞാന്‍ ശരിക്കും തീച്ചൂളയിലായിരുന്നു. ചാച്ചന്റെ വരവ് നിലയ്ക്കാത്ത പ്രവാഹമായി മാറുന്നു. പുസ്തകത്താളുകളിലേക്ക് കണ്ണ് പായിക്കുമ്പോള്‍ അവിടെയൊക്കെ അദ്ദേഹത്തിന്റെ രൂപം തെളിയും. രണ്ട് കൈയും തലയില്‍വെച്ച് മുടി വലിച്ച് ആ വേദനയില്‍ അദ്ദേഹത്തെ ഉപേക്ഷിക്കുവാന്‍ ഞാന്‍ പാടുപെടുമായിരുന്നു. എന്റെ പ്രതിസന്ധി എന്താണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല.
ഇടത്തരം ക്രൈസതവ കുടുംബങ്ങളില്‍ ഇത്തരത്തിലുള്ള  വികാരപ്രശ്‌നങ്ങള്‍ക്കൊന്നും സ്ഥാനമില്ല. ഓരോരുത്തര്‍ അവരവരുടെ കാര്യം നോക്കിക്കൊള്ളണം. മൃദുലവികാരങ്ങളും, അതിരുകവിഞ്ഞ പരിഗണനയും സ്‌നേഹവായ്പുമൊക്കെ അവജ്ഞമാത്രമേ ക്ഷണിച്ചുവരുത്തുകയുള്ളൂ. ബോര്‍ഡിങ്ങിലും ഇതൊക്കെത്തന്നെയായിരുന്നു സ്ഥിതി. കര്‍ക്കശമായ നിബന്ധനകള്‍ക്കുവേണ്ടിയും അച്ചടക്കപരീക്ഷണങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കപ്പെടുന്ന കരുക്കള്‍ മാത്രമായിരുന്നു ഞങ്ങള്‍. ചാച്ചന്റെ വേട്ടയാടല്‍ പരീക്ഷ  അടുക്കുന്തോറും കൂടിക്കൂടിവന്നു. എന്നെയുംകൊണ്ടേ പോകൂ എന്ന ഘട്ടമെത്തിയപ്പോള്‍ ഞാനലറിക്കരഞ്ഞതോര്‍മ്മയുണ്ട്. ഇനിയും എന്നെ സന്ദര്‍ശിച്ചുകൊണ്ടിരുന്നാല്‍ ഞാന്‍ പരീക്ഷയില്‍ തോല്‍ക്കും. അതോടെ അങ്ങയെപ്പോലെ കര്‍ഷകനാകുക മാത്രമെ നിവൃത്തിയുള്ളൂ. എന്റെ ഈ അലമുറയിടലിനു മുന്നില്‍ അദ്ദേഹം ഒരു വേള സ്തബ്ധനായി നില്‍ക്കുന്നത് ഇന്നുമെനിക്കോര്‍മ്മിച്ചെടുക്കുവാന്‍ കഴിയും. അന്നദ്ദേഹം എന്നെ ഉപേക്ഷിച്ച് പോയതാണ്. പിന്നീട് ഒരു സ്പ്നത്തിലും എനിക്ക് കൂട്ടായി വന്നിട്ടില്ല. വലിയ പരിക്കില്ലാതെ പരീക്ഷ പാസ്സായി നെഞ്ചുരുകുന്ന കാലഘ്ട്ടം പൂര്‍ത്തിയാക്കി ഞാന്‍ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

തന്റെ മരണത്തെ നിസ്സാരമായിക്കണ്ട എന്നെ ഒരു പക്ഷേ ചാച്ചന്‍ പരീക്ഷിച്ചതായിരിക്കാം. അതല്ലെങ്കില്‍ മനസ്സിന്റെ അതിലോലമായ പ്രതലങ്ങള്‍ പ്രദാനം ചെയ്ത വിഭ്രാന്തിയായിരിക്കാം. ഒരാള്‍ക്കും ഇത്തരമൊരു ദുര്‍ഗ്ഗതിവരരുതേ എന്ന് ഞാന്‍ പിന്നീട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അച്ഛനില്ലായ്മയും ഓണമില്ലായ്മയും ഒന്നാണോ എനിക്കറിയില്ല. ഒരുപക്ഷേ ഈ രണ്ടവസ്ഥയുടെയും സ്വഭാവം ഒന്നായിരിക്കാം. ബാല്യം പ്രദാനം ചെയ്ത തീക്ഷണമായ സാഹചര്യം എനിക്ക് സൗജന്യമായിക്കിട്ടിയ പരിശീലനമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. തൃശ്ശൂര് നിന്ന് കണ്ണൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറി 'ഒരു അര ടിക്കറ്റ്' എന്നുപറയുമ്പോള്‍ കൂടെയുള്ള ആള്‍ എവിടെ എന്ന കണ്ടക്ടറുടെ ചോദ്യത്തില്‍ ഞാന്‍ പതറിയിട്ടുണ്ട്. പിന്നീട് കടുത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇതൊക്കെ കരുത്തുപകര്‍ന്നു എന്നതും വാസതവം. ബാല്യത്തിന്റെ നിസ്സാരതയും അരക്ഷിതാവസ്ഥയും എന്നെ എത്രകണ്ട് മാറ്റിയിട്ടുണ്ട്? എന്റെ ഭാര്യ പരാതിപ്പെടുന്ന ഒരുകാര്യം ഉണ്ട്. കുട്ടികളെ അനാവശ്യമായി വഷളാക്കുന്നു! എന്റെ മക്കളായ അന്നയും ആനന്ദും ആവശ്യപ്പെട്ട ഒരു സാധനവും ഞാന്‍ വാങ്ങിക്കൊടുക്കാതിരുന്നിട്ടില്ല. എനിക്ക് ബാല്യത്തില്‍ കിട്ടാതിരുന്ന സൗഭാഗ്യങ്ങള്‍ അവര്‍ അനുഭവിക്കണം. ഞാന്‍ ചെയ്യുന്നത് തെറ്റോ, ശരിയോ എന്ന് കാലം തെളിയിക്കും. എനിക്ക് ഓണമില്ല. എന്നാല്‍ അവര്‍ക്ക് എന്നും ഓണമാണ്. എന്റെ അച്ഛനെക്കുറിച്ച് ഞാനാരോടും ഇതുവരെ പറയുകയോ, അദ്ദേഹത്തെക്കുറിച്ച് എഴുതുകയോ ചെയ്തിട്ടില്ല. പരാമര്‍ശിക്കപ്പെടാനുള്ള മഹത്വമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പത്താം ക്ലാസ് പരീക്ഷയുടെ അന്ത്യഘട്ടത്തില്‍ എന്റെ സ്വപ്നപ്രപഞ്ചത്തെ ശൂന്യമാക്കി പടിയിറങ്ങിയ അദ്ദേഹമാവട്ടെ എന്റെ ഈ ഓണക്കാല ഓര്‍മ്മ.


 ഓണപ്പരീക്ഷയ്ക്കു വന്ന മരണം- ജോണ്‍ ബ്രിട്ടാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക