ഇക്കഴിഞ്ഞ വായനദിനത്തിനു പോയത് പന്നിയങ്കരയിലുള്ള ഒരു സ്‌കൂളിലേയ്‌ക്കായിരുന്നു.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയ്‌ക്കടുത്താണ് പന്നിയങ്കര. അവിടത്തെ ശോഭാ
അക്കാദമിയായിരുന്നു വേദി. ചടങ്ങു കഴിഞ്ഞ് സ്ഥാപനം കാണാന്‍ ഹോസ്റ്റലിന്റെ
ചുമതലക്കാരിയായസുധാ നാരായണന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ആദ്യം പോയത്
മൂത്രപ്പുരയിലേയ്‌ക്കാണ്. സന്ദര്‍ശകരെ ആദ്യം കാണിച്ചു കൊടുക്കുക
അതാണത്രേ.
നഴ്‌സറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള മൂത്രപ്പുരയായിരുന്നു
അത്. പലതരം മൃഗങ്ങളുടെ രൂപത്തിലുള്ള കമ്മോഡുകള്‍. ഭംഗിയുള്ള വാഷ് ബേസിനുകള്‍.
എല്ലാം അപ്പോള്‍ കഴുകിയിട്ടതു പോലെ വൃത്തിയായിക്കിടക്കുന്നു. നേര്‍ത്ത ഒരു സുഗന്ധം
പോലും വരുന്നുണ്ടെന്നു തോന്നി. ഇതു കേരളം തന്നെയാണോ, ഈ സ്‌കൂള്‍
കേരളത്തില്‍ത്തന്നെയാണോ എന്നെല്ലാം ഒട്ടിട അത്ഭുതപ്പെട്ടു നിന്നുപോയി. തുടര്‍ന്ന്
മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മൂത്രപ്പുര കണ്ടപ്പോഴും അതേ അത്ഭുതം തന്നെയായിരുന്നു.
ചെരിപ്പ് ഊരി പുറത്തിട്ട് കാല്‍ കഴുകിയിട്ടു മാത്രം കയറിച്ചെല്ലേണ്ട സ്ഥലങ്ങള്‍.
ഞാന്‍ അപ്പോള്‍ എന്റെ പഴയ സ്‌കൂള്‍ ഓര്‍മ്മിച്ചു. അന്ന് രണ്ടായിരത്തോളം കുട്ടികള്‍
പഠിച്ചിരുന്ന സ്‌കൂളാണ്. വിശാലമായ പറമ്പില്‍ അവിടവിടെയായി നിരവധി കെട്ടിടങ്ങള്‍.
കുട്ടികള്‍ ഏറുന്നതനുസരിച്ച് അപ്പോഴപ്പോള്‍ കെട്ടിപ്പടുത്തത്. പ്രത്യേകിച്ച് ഒരു
പ്ലാനിങ്ങുമില്ലാതെ പണിതതാണ്. ആദ്യത്തെ ദിവസം ഉച്ചയൊഴിവിന് മണിയടിച്ചപ്പോള്‍
മൂത്രപ്പുരയിലേയ്‌ക്ക് ഓടിച്ചെന്നു. മേല്‍ക്കൂരയില്ല. മൂന്നു വശവും കല്ലു വെച്ച്
പടുത്തിട്ടുണ്ട്. ചെത്തിത്തേച്ച ചുമരുകള്‍ പലയി ടത്തും അടര്‍ന്നിരിയ്‌ക്കുന്നു.
ചോക്കു കൊണ്ടും കരി കൊണ്ടും കോറി വരച്ച ചിത്രങ്ങള്‍ ചുമരുകളില്‍ നിറയെ. നിലം
പരുക്കനിട്ടിട്ടുണ്ടെങ്കിലും അധികഭാഗവും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ആദ്യം
ഓടിയെത്തിയവര്‍ക്കൊക്കെ നില്‍ക്കാന്‍ സ്ഥലം കിട്ടി. അല്ലാത്തവര്‍ പിന്നില്‍ ഊഴം
കാത്തുനിന്നു. സ്ഥലം കിട്ടിയവര്‍ തിക്കിത്തിരക്കി മത്സരിച്ചുകൊണ്ട്
ചുമരിലേയ്‌ക്ക് മൂത്രമൊഴിച്ചു. മൂത്രം ചുമരിലൂടെ ഒഴുകി ചാലിലെത്തി ഒന്നോടെ പതഞ്ഞ്
ഒഴുകി.
നേര്‍ത്തെ ഓടിയെത്തി മിടുക്കനായതുകൊണ്ട് എനിയ്‌ക്കും നില്‍ക്കാന്‍
ഇടം കിട്ടിയിരുന്നു. മിടുക്കന്മാരോടൊപ്പം നിന്ന് ഞാനും മൂത്രമൊഴിയ്‌ക്കാന്‍
ശ്രമിച്ചു. നാറ്റവും തിരക്കും പരിഭ്രമവും കാരണം അതിനു കഴിയാതെ ക്ലാസ്സിലേയ്‌ക്കു
തന്നെ മടങ്ങി വന്നു. അന്നു വൈകുന്നേരം വരെമൂത്രം പിടിച്ച് ഇരുന്നു. അന്നു
മാത്രമല്ല. പിന്നെ പത്താം ക്ലാസ്സു കഴിഞ്ഞ് സ്‌കൂള്‍ വിടുന്നതു വരെഞാന്‍ ആ
മൂത്രപ്പുരയില്‍ കയറിയതേയില്ല. വൈകുന്നേരം വരെ മൂത്രം പിടിച്ചിരിയ്‌ക്കാനുള്ള
അഭ്യാസമാണ് സ്‌കൂളില്‍നിന്നു പഠിച്ച ആദ്യത്തെ വിദ്യ!
തൊട്ടടുത്തു
തന്നെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളിലെ സ്ഥിതിയും അതുതന്നെയായിരു ന്നുവത്രേ.
അവിടെ പഠിച്ചിരുന്ന എന്റെ രണ്ടു ഓപ്പോള്‍മാരും ആദ്യത്തെ ഒരു ദിവസമേ മൂത്രപ്പുരയില്‍
കേറിയുള്ളു. അവരും ഞാന്‍ പഠിച്ച സൂത്രം പയറ്റിത്തെളിഞ്ഞു.
സ്‌കൂളിലെ
മൂത്രപ്പുര അസഹ്യമായി തോന്നിയതിന് കാരണമുണ്ട്. സ്‌കൂളില്‍ ചേരാന്‍ വൈകിയതുകൊണ്ട്
എന്നെ മൂന്നാം ക്ലാസ്സിലാണ് ചേര്‍ത്തത്. അന്ന് അങ്ങനെയൊരു സമ്പ്രദായമുണ്ട്. ഏഴു
വയസ്സായപ്പോഴാണ് സ്‌കൂളില്‍ എത്തിയത്. അതുവരെ പകലൊക്കെ വിശാലമായ പറമ്പില്‍
എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് മൂത്രമൊഴിയ്‌ക്കുകയാണ് പതിവ്. എനിയ്‌ക്ക്
ആറു വയസ്സായിരിയ്‌ക്കുമ്പോള്‍ വീട്ടില്‍ സെപ്‌റ്റിക് ടാങ്കോടെ ആധുനികരീതിയിലുള്ള
ടോയ്‌ലെറ്റ് പണിതു. അന്ന് പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന എന്റെ ഒരു ഓപ്പോള്‍
കൂട്ടുകാരോടു ആ വിശേഷം പറഞ്ഞതും വീടിനുള്ളില്‍ കക്കൂസോ എന്നു പറഞ്ഞ് അവര്‍
കളിയാക്കിയതും ഓപ്പോള്‍ കരഞ്ഞതുമൊക്കെഓര്‍മ്മയിലുണ്ട്. സങ്കല്‍പ്പിയ്‌ക്കാന്‍
പോലും പറ്റാത്തതായിരുന്നു അക്കാലത്ത് അങ്ങനെയൊരു സംവിധാനം. പുതിയ ആശയങ്ങളെന്തും
എത്തിപ്പിടിയ്‌ക്കാന്‍ വെമ്പുന്ന ഒരു മനസ്സുണ്ടായിരുന്നു അച്ഛന്. പുകയില്ലാത്ത
അടുപ്പു പണിയുന്നതിനേക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നു. അതിന്റെ ചിത്രങ്ങളോടു കൂടിയ
ഒരു ലഘുലേഖ അച്ഛന്റെ മേശവലിപ്പില്‍ അന്നേ കിടപ്പുണ്ടായിരുന്നു. അത്‌എന്തുകൊണ്ടോ
അച്ഛനു നടപ്പിലാക്കാന്‍ സാധിച്ചില്ല. എന്നാലും വീടിനുള്ളില്‍ ആധുനികരീതിയിലുള്ള ഒരു
കക്കൂസ് പണിയാന്‍ അച്ഛനു കഴിഞ്ഞു.
അതിനു പക്ഷേ പെട്ടെന്ന്
പുതുമയില്ലാതായി. അറുപതുകള്‍ കേരളത്തിലെ കക്കൂസുകള്‍ക്ക് രൂപമാറ്റം
സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. വീടിനകത്ത് കക്കൂസുകള്‍ പണിയാംഎന്ന്
ഒരത്ഭുതമായി മനസ്സിലാക്കിയത് അക്കാലത്താണ്. അതേവരെ തൊടിയിലെവിടെയോ
ആയിപുരയില്‍നിന്ന് കഴിയുന്നത്ര അകലെയുള്ള ഓടോ ഓലയോ മേഞ്ഞ ഒരു ഷെഡ്ഡായിരുന്നു
നമ്മുടെകക്കൂസുകള്‍. വീട്ടിലെ തൊടിയിലുണ്ടായിരുന്ന മണ്‍ചുമരുകളുള്ള ആ പുര ഇപ്പോള്‍
ഓര്‍മ്മിച്ചു2പോവുകയാണ്. ഓടുമേഞ്ഞ ആ പുരയെ എപ്പോഴും നാറ്റം വലയം ചെയ്‌തിരുന്നു.
കിണ്ടിയില്‍വെള്ളവുമെടുത്ത് അങ്ങോട്ട് എത്ര പ്രാവശ്യം യാത്ര
ചെയ്‌തിരിയ്‌ക്കുന്നു! അത്താഴംകഴിഞ്ഞ്‌കക്കൂസില്‍പ്പോകേണ്ട ആവശ്യം വരുമ്പോള്‍
ആരെങ്കിലും കൂട്ടിനു വരേണ്ടതായിവരും.റാന്തല്‍വിളക്കുമായി അമ്മയും ഓപ്പോള്‍മാരും
പരസ്‌പരം തുണ പോകുന്നത് പലപ്രാവശ്യം കണ്ടിരിയ്‌ക്കു ന്നു.
രാത്രി
പുറത്തിറങ്ങാന്‍ ഇഴജന്തുക്കളെ പേടിയ്‌ക്കണം. മൂത്രമൊഴിയ്‌ക്കുക മാത്രമേ
വേണ്ടുവെങ്കില്‍ പുറത്തു പോവണ്ട. അകത്ത് ഓവറയുണ്ട്. ഓട്ടുകിണ്ടിയും വെള്ളം
നിറച്ചുവെച്ച പിച്ചളച്ചെമ്പും ഉണ്ടാവും. ഉരുണ്ട രൂപത്തിലുള്ള ഒരു കരിങ്കല്ലുകൊണ്ട്
ഓവ് അടച്ചു വെയ്‌ക്കും. പാമ്പുകേറാതിരിയ്‌ക്കാനാണ് അത്. അത്തരം രണ്ട് ഓവറകള്‍
ആണ് അച്ഛന്‍ ആധുനികരീതിയിലുള്ളടോയ്‌ലെറ്റുകളാക്കി മാറ്റിയത്.
ഇന്ന്
അത്തരം ഓവറകളും പുരയ്‌ക്ക് അകലെയുള്ള കക്കൂസുകളും കേരളത്തില്‍ ഒരുവീട്ടിലും
ഉണ്ടാവുമെന്നു തോന്നുന്നില്ല. എത്രയും ചെറിയ വീടാണെങ്കിലും ആധുനികരീതിയിലുള്ളഒരു
ടോയ്‌ലെറ്റ് പണിയാന്‍ എല്ലാവരും ശ്രദ്ധവെയ്‌ക്കാറുണ്ട്. വീടു പണിയുന്നതിന്റെ
ബജറ്റില്‍വലിയൊരു ഭാഗം തിന്നു തീര്‍ക്കുന്നത് ടോയ്‌ലെറ്റാണ്. പുതിയ വീടു കാണാന്‍
വരുന്നവര്‍ക്ക് വീട്ടുകാരന്‍ അഭിമാനത്തോടെ കാണിച്ചു കൊടുക്കുന്നതും ടോയ്‌ലെറ്റു
തന്നെ.
മാറ്റത്തിന്റെ ഈ കാറ്റ് എന്തുകൊണ്ടാണ് കേരളത്തിലെ സ്‌കൂളുകളില്‍
വീശാതെ പോയത്?മൂത്രപ്പുര എന്ന സങ്കല്‍പം തന്നെ ആളുകള്‍ക്ക് കയറാന്‍ വയ്യാത്ത
സ്ഥലം എന്നാണല്ലോ!വൃത്തി പോരാ എന്നു പറഞ്ഞ് കേരളത്തിലെ 418 ബാറുകള്‍
അടച്ചിട്ടതിന് കാരണമായി പറഞ്ഞത്‌അവിടം മൂത്രപ്പുരകളേക്കാള്‍ മോശമാണ്
എന്നായിരുന്നു. കുടിയന്മാര്‍ വൃത്തികെട്ട സ്ഥലങ്ങളിലിരുന്ന് മോന്തുന്നതോര്‍ത്ത്
സങ്കടപ്പെട്ടവരാരും കുട്ടികള്‍ മൂക്കുപൊത്തിനിന്ന്
മൂത്രമൊഴിയ്‌ക്കുന്നതിനേക്കുറിച്ച് വേവലാതിപ്പെട്ടില്ല. ഒരുപക്ഷേ അവരുടെ
കുട്ടികളൊന്നും അത്തരം സ്‌കൂളുകളില്‍ പഠിയ്‌ക്കുന്നുണ്ടാവില്ല. മികച്ച
സൗകര്യങ്ങളുള്ള സ്വകാര്യവിദ്യാലയങ്ങള്‍ ഇന്ന് കേരളത്തില്‍ ധാരാളമുണ്ടല്ലോ.
പാവപ്പെട്ടവര്‍ പഠിയ്‌ക്കുന്ന സ്‌കൂളിലെ കാര്യങ്ങള്‍ എന്തോ ആവട്ടെ. അതൊക്കെയറിയാന്‍
ആര്‍ക്കാണ് താല്‍പര്യം, എവിടെയാണ് സമയം?
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍
പ്രധാനമന്ത്രി ചെങ്കോട്ടയില്‍നിന്നു നടത്തിയ പ്രസംഗത്തോടെയാണ് ടോയ്‌ലെറ്റുകള്‍
ചര്‍ച്ചാവിഷയമായത്. അതുകൊണ്ടാവാം കേരളത്തിലെ ഒരുചാനല്‍ ഒരന്വേഷണപരമ്പര നടത്തി.
അല്‍പം അറപ്പിയ്‌ക്കുന്ന ദൃശ്യങ്ങളോടെ സത്യത്തിന്റെനേര്‍ക്കാഴ്‌ചകളായി പരമ്പര
മുന്നേറിക്കൊണ്ടിരിയ്‌ക്കുകയാണ് ഇപ്പോഴും.
അപ്പോഴാണ് ഞാന്‍ പണ്ടു പഠിച്ച ആ
സ്‌കൂളിലെ മൂത്രപ്പുരയൊന്ന് കാണണം എന്ന്‌തോന്നിയത്. സ്‌കൂളിന് ഒരുപാടു രൂപമാറ്റം
സംഭവിച്ചിരുന്നു. പുതിയ ഗേറ്റ് വെച്ചു. മുന്നില്‍പൂന്തോട്ടം വെച്ചു പിടിപ്പിച്ചു.
ഒറ്റപ്പെട്ട കെട്ടിടങ്ങളൊക്കെ പൊളിച്ചുമാറ്റി. പകരം ഭംഗിയുള്ള
മൂന്നുനിലക്കെട്ടിടങ്ങള്‍ പണിതു. പഴയ ക്ലാസ്സ്‌മുറികളൊക്കെ മോടി പിടിപ്പിച്ചു.
പരിപാടികള്‍ നടക്കുന്നവേദിയും ഇരിപ്പിടങ്ങളുമൊക്കെ നന്നാക്കിയിട്ടുണ്ട്. ഇനി
കാണേണ്ടത് മൂത്രപ്പുരയാണ്.മൂത്രമൊഴിയ്‌ക്കാന്‍ കുറച്ചുകൂടി സൗകര്യം
ഒരുക്കിയിട്ടുണ്ട്. മേല്‍ക്കൂരയുണ്ട്. നിന്നു
കൊണ്ട് മൂത്രമൊഴിയ്‌ക്കാനുള്ള
യൂറിന്‍ ബേസിനുകളുണ്ട്. പക്ഷേ എല്ലാം അഴുക്കു പിടിച്ചിരിയ്‌ക്കുന്നു. ചുമരില്‍
പുതിയ ചിത്രങ്ങളുണ്ട്. അന്നില്ലാതിരുന്ന മറ്റൊരു സൗകര്യം കണ്ടു. ശോധന
നിര്‍വ്വഹിയ്‌ക്കാനുള്ള രണ്ടു മുറികള്‍. അകത്തു കടന്നപ്പോള്‍ വൃത്തിയുടെ കാര്യം
അവിടേയും കഷ്ടംതന്നെ. പകുതി പൊട്ടിപ്പോയ ഒരു ബക്കറ്റ്. കപ്പില്ല. ടാപ്പില്‍
വെള്ളമില്ല. മനസ്സമാധാനത്തോടെഇരുന്ന് ശോധന നിര്‍വ്വഹിയ്‌ക്കാന്‍ നിവൃത്തിയില്ല.
കാരണം വാതിലിന്റെ ഓടാമ്പല്‍ ആരോ ഇളക്കിയെടുത്തിരിയ്‌ക്കുന്നു. (കേരളത്തിലെ പൊതു
കക്കൂസുകളിലെയൊക്കെ വാതിലുകളിലെസാക്ഷകള്‍ ആരാണ് നീക്കം ചെയ്യുന്നതെന്നു
കണ്ടുപിടിയ്‌ക്കാന്‍ ഒരു കമ്മീഷനെ വെയ്‌ക്കണം.) ഇതിനെല്ലാത്തിനും പുറമേയാണ്
അന്തരീക്ഷത്തില്‍ കനത്തു നില്‍ക്കുന്ന നാറ്റം.
കേരളത്തിലെ മിക്കവാറും എല്ലാ
സ്‌കൂളുകളിലേയും സ്ഥിതി ഇതുതന്നെയാണെന്ന് ചാനല്‍നടത്തിയ അന്വേഷണപരമ്പരയില്‍ നിന്നു
തെളിഞ്ഞു. അതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌വിദ്യാഭ്യാസമന്ത്രി
പ്രഖ്യാപിയ്‌ക്കുന്നത് സ്‌കൂളുകളിലെ മൂത്രപ്പുരകള്‍ ഇനി നന്നാക്കും എന്ന്.
2015ഏപ്രില്‍ മാസത്തോടെ മൂത്രപ്പുരകള്‍ നന്നാക്കാത്ത സ്‌കൂളുകള്‍ക്ക്
ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ്‌കൊടുക്കുകയില്ലത്രേ. ഇത്രയും കാലം അത്തരം ഒരു
ഫിറ്റ്‌നെസ്സ് പരിശോധന സ്‌കൂളുകള്‍ക്ക്‌ഉണ്ടായിരുന്നുവോ, എങ്കില്‍ എങ്ങനെയാണ് ആ
പരിശോധന അതിജീവിച്ചത് എന്നെല്ലാം സംശ3യിച്ചു പോയി. എന്തായാലും മൂത്രപ്പുരകള്‍
നേരെയാക്കാന്‍ ഇനിയും ഏഴു മാസം അനുവദിച്ചമന്ത്രിയുടെ ഉദാരമനസ്‌കതയ്‌ക്കു മുന്നില്‍
നമസ്‌കരിയ്‌ക്കാതെ വയ്യ.
കേരളമാണല്ലോ. അടുത്ത ഏപ്രിലിലും
നന്നാക്കിയില്ലെങ്കിലോ? വൃത്തിയില്ലാത്ത ബാറുകള്‍തുറക്കരുതെന്ന് ബലംപിടിയ്‌ക്കുന്ന
ആദര്‍ശധീരന്മാരില്‍ ആരെങ്കിലും ആ സ്‌കൂളുകള്‍ അടച്ചിടണമെന്ന് ശഠിയ്‌ക്കുമോ?
അവിടങ്ങളിലെ മൂത്രപ്പുരകളുടെ ഗുണനിലവാരം പരിശോധിയ്‌ക്കാന്‍കോടതി
നിര്‍ദ്ദേശിയ്‌ക്കുമോ? ഒരു സാദ്ധ്യതയും കാണുന്നില്ല. ബാറുകളേക്കുറിച്ച്
ഉല്‍ക്കണ്‌ഠപ്പെടുന്ന അവരാരും സ്‌കൂളിലെ മൂത്രപ്പുരകളേക്കുറിച്ച് ഒന്നും
പറഞ്ഞുകാണുന്നില്ല.അതുകൊണ്ട് ഉല്‍ക്കണ്‌ഠയുണ്ട്. സ്വന്തം കാര്യം നോക്കണമല്ലോ.
പേരക്കുട്ടി വളര്‍ന്നു വരികയാണ്. മൂന്നു കൊല്ലം കഴിഞ്ഞാല്‍ സ്‌കൂളില്‍
ചേര്‍ക്കാറാവും. അന്നേയ്‌ക്ക് സ്‌കൂളിലെ മൂത്രപ്പുരകള്‍ നന്നാവും എന്ന്
ആശിയ്‌ക്കാമോ ആവോ.
വേണ്ട. അമ്പത്തഞ്ചു കൊല്ലം കൊണ്ട് എന്റെ സ്‌കൂളിലുണ്ടായ
മാറ്റം കണ്ടതാണ്. അത്രയെടുക്കില്ലായിരിയ്‌ക്കാം. നമ്മള്‍ അതിവേഗം ബഹുദൂരം
സഞ്ചരിയ്‌ക്കുകയല്ലേ? എന്നാലും ഇരുപത്തഞ്ചു കൊല്ലം കൊടുത്താലോ? പേരക്കുട്ടിയുടെ
കുട്ടിയ്‌ക്കു പഠിയ്‌ക്കാറാവുമ്പോഴേയ്‌ക്കെങ്കിലും? അതിമോഹമാവുമോ അതും?
ആര്‍ക്കറിയാം!