ഒരു കുട്ടനാടന്‍ പെണ്‍കിടാവിന്റെ ഓണത്തിന്റെ ഓര്‍മ്മകള്‍ക്ക്
പ്രണയത്തിന്റെ നനുനനുപ്പു!
നെല്ലോലകളുടെ പച്ചപ്പ്!
കായലോളങ്ങളുടെ
കാതരഭാവം!
ഊയലാടിപ്പറക്കുന്ന
ഓണക്കോടിയുടെ പുതുമണം
പാല്‍പ്പായസത്തിന്റെ
മധുരം.
ശര്‍ക്കരവരട്ടിയുടെ സ്വാദ്.
ചക്കര ചേര്‍ത്ത പുളിയിഞ്ചിയുടെ
കൊതിയൂറുന്ന എരിവ്.
തൂശനിലയില്‍ ചൂട് ചോറ് വിളമ്പുമ്പോള്‍, ഇല വാടി
വരുന്ന മണം,
ഉപ്പുപൊടിയും, കടുമാങ്ങയും തമ്മിലലിയാനൊരു വിഫല ശ്രമം.
ഉപ്പേരിയുടെ കറുമുറ ശബ്ദം
ഇലയില്‍ വീഴുന്ന കറികളോരോന്നുമൊതുക്കി വെച്ച്,
ഓലനും, കാളനും ഒലിച്ചു പോകാതെ തടുത്തു കൂട്ടുമ്പോള്‍
പച്ചടി കിച്ചടിമാര്‍
തമ്മിലൊരു ചങ്ങാത്തം!
അവിയലും, കൂട്ടുകറിയും തോരനും, കാത്തിരിക്കുമ്പോള്‍
ആദ്യാനുരാഗം പോലെ, ചുടുചോറില്‍ പരിപ്പും, നെയ്യുമായൊരു ത്രിവേണി സംഗമം
കായത്തിന്റെ നറുമണത്തില്‍ സാമ്പാറുമായൊരു തായമ്പക!
വീണ്ടും ചോറിട്ടും,
കറിയൊഴിച്ചിളക്കിയും, തൊട്ടുനക്കിയും
പുതുമഴ നനയുന്ന രസമുകുളങ്ങള്‍!
വരുന്നതാ കൈക്കുടന്നയില്‍ പാലടപ്പാലാഴിയും,
നെയ്യിറ്റുന്ന പരിപ്പ്
പായസവും,
കൊതിവെള്ളമൂറുന്ന വായിലേക്കിവയെല്ലാം രുചിയോടെ നിറവോടെ
സാദകം
ചെയ്യുമ്പോള്‍
കൂട്ടുകാരികളോടൊപ്പം കലപില വെക്കുന്ന അവളെ, കണ്ണിമക്കാതെ
നോക്കി നില്‌ക്കുന്നൊരു വിരുന്നുകാരന്
പയ്യന്‍!
ആ പതിനാറുകാരന്റെ നെഞ്ചില്‍
പൂത്തിരിയും, മത്താപ്പും ഒരുമിച്ചു പൊട്ടുമ്പോള്‍,
അവന്റെ കള്ള നോട്ടത്തില്‍
കുനിഞ്ഞു പോയ അവളുടെ തലയിലെ
മുല്ലപ്പുമാലയ്‌ക്കും അതീവ ലജ്ജാഭാരം.!
അവളുടെ
നുണക്കുഴിക്കവിളില്‍ വിരിയാനാവാതെ നാണിച്ചു കൂമ്പിയ രാജമല്ലികള്‍!
ആരും
കാണാതെയവളുടെ ചുണ്ടില്‍ വിരിഞ്ഞയാ മുക്കുറ്റികള്‍!
നീന്തിത്തുടിക്കാനവനെ
ക്ഷണിക്കുന്നയവളുടെ കണ്ണുകളുടെ ചിമ്മിയടയലുകള്‍
അവനല്ലാതെ ആരെങ്കിലും, കണ്ടുവോ
ആവോ?