Image

ഐഷയും ബഷീറും പിന്നെ ഞാനും (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 04 October, 2014
ഐഷയും ബഷീറും പിന്നെ ഞാനും (മീട്ടു റഹ്‌മത്ത്‌ കലാം)
വലിയപെരുന്നാളൊക്കെ അല്ലേ, നാട്ടില്‍ ഒരാളെ കാണാന്‍ പോകണമെന്ന്‌ ഹോസ്റ്റല്‍ വാര്‍ഡനോട്‌ പറഞ്ഞപ്പോള്‍ മുസ്ലീങ്ങളുടെ ബക്രീദും ലക്ഷ്‌മിയുമായി എന്താ കണക്ഷന്‍ എന്നവര്‍ ചോദിച്ചു. `ഞാന്‍ കാണാന്‍ പോകുന്ന ആളും വലിയപെരുന്നാളും പോലെ മറ്റൊന്നും 25 കൊല്ലത്തെ എന്റെ ജീവിതത്തില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തിയിട്ടില്ല.' എന്ന ഉത്തരമേ പറയാനുണ്ടായിരുന്നുള്ളൂ.

ഓര്‍മ്മ വെയ്‌ക്കുംമുമ്പെ കൂട്ടുകാരാണ്‌ ഞാനും ഐഷയും. ബാല്യത്തില്‍ എന്റെ കണ്ണുകള്‍ ഏറ്റവും അധികം തവണ ഒപ്പിയെടുത്തത്‌ അവളുടെ മൊഞ്ചുള്ള മുഖമാണ്‌. സ്‌നേഹനിധിയായ വാപ്പയുണ്ടെങ്കിലും ഉമ്മ ഇല്ലാത്ത കുട്ടി എന്ന സഹതാപത്തോടെയാണ്‌ ആ വലിയ കുടുംബത്തില്‍ എല്ലാവരും ഐഷയെ കണ്ടത്‌. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അവള്‍ക്കെന്റെ വീടും സൗഹൃദവും. അച്ഛനും അമ്മയ്‌ക്കും എന്നേക്കാള്‍ പ്രിയം അവളോടായിരുന്നു. എന്റെ കാഴ്‌ച്ചപ്പാടില്‍ നന്മയ്‌ക്ക്‌ കൈയ്യും കാലും വെച്ച കുഞ്ഞൊരു രൂപം; അതായിരുന്നു അവള്‍.

ഐഷാലക്ഷ്‌മി എന്നൊരൊറ്റ വിളിയിലാണ്‌ ഞങ്ങള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്‌. എന്തും പങ്കിടാനും കൂടുതലായി വന്നാല്‍ ദാനം ചെയ്യാനുമൊക്കെ അവളാണ്‌ ശീലിപ്പിച്ചത്‌. ഒമ്പതാം വയസ്സില്‍ സമ്പാദ്യശീലവും തുടങ്ങി. മിഠായി വാങ്ങാനും മറ്റുമായി മുതിര്‍ന്നവര്‍ തന്നിരുന്ന നാണയത്തുട്ടുകള്‍ മിച്ചംപിടിച്ചതാണ്‌ സമ്പാദ്യം. ക്യുട്ടിക്യൂറ പൗഡര്‍ ടിന്നില്‍ ചെറിയ ദ്വാരമിട്ട്‌ രണ്ടുപേരും ഒരുപോലെയുള്ള രണ്ട്‌ കുടുക്കകള്‍ ഇതിനായി ഉപയോഗിച്ചു. മിക്കവാറും വിരുന്നകാരുള്ള ഐഷയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ എനിക്കും അങ്ങനെ പൈസ കിട്ടിയിട്ടുണ്ട്‌. വിഷു വരുമ്പോള്‍ അമ്മാവന്മാരും ചിറ്റപ്പനും ചേട്ടനുമൊക്കെ എനിക്കൊപ്പം ഐഷയ്‌ക്കും കൈനീട്ടം കൊടുത്തിരുന്നു. എല്ലാം ചെന്നെത്തിയിരുന്നത്‌ ഞങ്ങളുടെ നിക്ഷേപ പെട്ടിയിലാണ്‌. പെരുന്നാള്‍ സമയം അടുക്കുമ്പോള്‍ ഐഷയുടെ കുടുക്ക നിറഞ്ഞിട്ടുണ്ടാകും. പിന്നെ ബാക്കി വരുന്നതൊക്കെ എന്റേതില്‍ ഇടും. ഹജ്ജിന്‌ പോകുംമുമ്പ്‌ മാമ അല്‍പം കൂടുതല്‍ പണം തന്നു. അങ്ങനെ രണ്ട്‌ കുടുക്കകളും പൊട്ടിക്കാന്‍ സമയമായി. നാലുതവണ എണ്ണി തിട്ടപ്പെടുത്തി. എന്തുവാങ്ങണം എന്നകാര്യത്തില്‍ ഐഷയ്‌ക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. പാത്തുമ്മയുടെ ആട്‌ വായിച്ചതില്‍ പിന്നെ ആടിനോടും ബഷീറിനോടും അവള്‍ക്ക്‌ ഇമ്മിണി വലിയ ഇഷ്‌ടമായിരുന്നു. ആടിനുള്ള പേരും കണ്ടുവെച്ചു- ബഷീര്‍.

ഐഷയുടെ വാപ്പയുടെ കൈയ്യില്‍ കാശ്‌ ഏല്‍പിച്ച്‌ ഞങ്ങള്‍ ആവശ്യം അറിയിച്ചു. ആടിനെ വാങ്ങി തരാമെന്ന്‌ സമ്മതിച്ചെങ്കിലും വാപ്പ പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞങ്ങള്‍ക്ക്‌ ആ പണംകൊണ്ടുള്ള ആടിനെ ആയിരുന്നു വേണ്ടത്‌. ഒടുവില്‍ വാപ്പ സമ്മതിച്ചു.

ബഷീര്‍ ഞങ്ങളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും കാലെടുത്തുവെച്ചു. പാവക്കുട്ടിയെ കിട്ടുമ്പോള്‍ അമ്മയായി ഭാവിച്ച്‌ കളിക്കുന്ന കുട്ടികളെപ്പോലെയായിരുന്നു ഞങ്ങളുടെ മനസ്സ്‌. ജീവനുള്ള പാവ, അതായിരുന്നു ബഷീര്‍. ഞങ്ങളുടെ എല്ലാ വട്ടുതരങ്ങള്‍ക്കും അവന്‍ കൂട്ടുനിന്നു. ബഷീറിനെ കുളിപ്പിക്കുകയും സുറുമ ഇടിയിക്കുകയും അത്തര്‍ പൂശുകയും പ്ലാവില തീറ്റിക്കുകയുമൊക്കെ ഞങ്ങള്‍ ആസ്വദിച്ചും. മത്സരിച്ചും ചെയ്‌തു. നാട്ടിലെ മറ്റാടുകളെക്കാള്‍ പൊക്കവും തലയെടുപ്പും അവനുണ്ടായിരുന്നു. ആടുകള്‍ക്കിടയിലെ അമിതാഭ്‌ ബച്ചന്‍ ആയതുകൊണ്ട്‌ ബഷീറിനോട്‌ ഒത്തിരി സ്‌നേഹം തോന്നുമ്പോള്‍ ഞങ്ങള്‍ ബെച്ചൂന്നായിരുന്നു വിളിച്ചരുന്നത്‌. ആ വിളി കേള്‍ക്കുമ്പോള്‍ കഴുത്തിലെ ചെറിയ മണി കിലുക്കി, ഒന്നു കുണുങ്ങി ഞങ്ങളുടെ അടുത്ത്‌ വരും.

ഒരുവര്‍ഷമാകാറായി ബഷീര്‍ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായിട്ട്‌. അപ്പോള്‍ മാത്രമേ ഐഷ അക്കാര്യം എന്നോടു പറഞ്ഞുള്ളൂ. ബലി പെരുന്നാളിന്റെ ചരിത്ര പശ്ചാത്തലം പറഞ്ഞാണ്‌ തുടങ്ങിയത്‌.

`വര്‍ഷങ്ങളായി കുട്ടികളില്ലാതിരുന്ന ഇബ്രാഹിം നബിക്ക്‌ ഒരു മകനെ ലാളിക്കാന്‍ അതിയായ ആഗ്രഹം തോന്നി. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടതായും ഉടനെ ഒരു മകന്‍ പിറക്കുമെന്നും പതിമൂന്നാം വയസില്‍ അവനെ ബലികഴിപ്പിക്കണമെന്നും സ്വപ്‌നത്തില്‍ അറിയിപ്പുണ്ടായി. ഹാജിറ ബീവിയില്‍ ഇബ്രാഹിം നബിക്ക്‌ ഇസ്‌മായീല്‍ എന്ന ഓമനപ്പുത്രന്‍ ജനിച്ചു. 13 വര്‍ഷത്തിന്റെ സന്തോഷം തീരുന്ന ദിവസമെത്തി. തന്റെ ധര്‍മ്മസങ്കടം മകനുമായി പങ്കുവെച്ചപ്പോള്‍ ഇസ്‌മായീല്‍ പറഞ്ഞു: അള്ളാഹുവിന്റെ ആജ്ഞ സന്തോഷത്തോടെ നിര്‍വഹിക്കണം. ഒരു കാര്യം മാത്രം. എന്റെ തലയ്‌ക്കുമേല്‍ വാള്‍ വെയ്‌ക്കും മുമ്പ്‌ എന്റെ മുഖം കറുത്ത തുണികൊണ്ട്‌ മറയ്‌ക്കണം. എന്നെ കണ്ടുകൊണ്ട്‌ വാപ്പയ്‌ക്ക്‌ അത്‌ ചെയ്യാന്‍ കഴിയില്ല.' മകനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞുകൊണ്ട്‌ ആ പിതാവ്‌ തന്റെ കടമ ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ഒരശരീരി ഉണ്ടായി: `നാഥനുവേണ്ടി ജീവന്റെ ജീവനായ മകനെ പോലും ബലിയര്‍പ്പിക്കാന്‍ തയാറായ നിന്നില്‍ അള്ളാഹു സന്തുഷ്‌ടനാണ്‌. ഇസ്‌മായീലിനു പകരം നീയൊരു ആടിനെ ബലിയര്‍പ്പിക്കുക'.

അന്നുമുതല്‍ ഇസ്ലാം മതവിശ്വാസികള്‍ ബക്രീദ്‌ ദിനത്തില്‍ ആടിനെ ബലികഴിക്കുന്നു. അന്ത്യനാളില്‍ സിറാത്തുല്‍മുസ്‌ത്തക്വീം എന്ന പാലം കടന്ന്‌ സ്വര്‍ഗ്ഗത്തിലെത്താന്‍ യജമാനനുവേണ്ടി ബലിമൃഗത്തിന്റെ ഓരോ തുള്ളി രക്തവും വാദിക്കും.

സ്വന്തം മകനെ ത്യാഗം ചെയ്യാന്‍ ഒരു പിതാവ്‌ തയാറാകുമ്പോള്‍ ഹൃദയം ഉരുകുന്ന വേദന അനുഭവിച്ചിരിക്കും. ആ വേദന അറിഞ്ഞുകൊണ്ടുള്ള ബലിയാണ്‌ അള്ളാഹു കല്‌പിച്ചിട്ടുള്ളത്‌. ബഷീറിനെ വാങ്ങുമ്പോള്‍ തന്നെ അടുത്ത ബലിപെരുന്നാളിന്‌ അവനെ ബലികഴിപ്പിക്കാമെന്ന്‌ ഐഷ നേര്‍ന്നിരുന്നു. ഇത്രത്തോളം ഒരാടുമായി അടുക്കുമെന്ന്‌ അവള്‍ കരുതിയിരുന്നില്ല.

ഒരുപാട്‌ അലോചനകള്‍ക്കൊടുവില്‍ വിങ്ങുന്ന ഹൃദയത്തോടെ ബഷീറിനെ ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പതിവിലും സുന്ദരനായി ഒരുക്കി പള്ളിയില്‍ ഏല്‍പിച്ചു. നിറകണ്ണുകളോടെ അവനോട്‌ യാത്ര പറഞ്ഞ്‌ അന്ത്യചുംബനം കൊടുത്ത്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ നെഞ്ചില്‍ വല്ലാത്ത ഭാരം ഞങ്ങള്‍ അറിഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ ഇരുവരും വളര്‍ന്ന്‌ രണ്ടുവഴിക്കായി. ഐഷ ബഷീറെന്നു പേരുള്ള ഒരാളെതന്നെ വിവാഹം കഴിച്ചു. അവരിരുവരും വാപ്പയുമായി ചേര്‍ന്ന്‌ മൂന്നേക്കര്‍ സ്ഥലത്ത്‌ ഫാം നടത്തുകയാണ്‌. പശുവും ആടും ഒക്കെയുള്ള വലിയൊരു ഫാം. അച്ഛനും അമ്മയും അവളുടെ സഹായത്തിന്‌ ഇപ്പോഴും ചെല്ലാറുണ്ട്‌. മൃഗങ്ങളോടുള്ള ഐഷയുടെ സ്‌നേഹത്തിനും ഞാന്‍ മൃഗഡോക്‌ടര്‍ ആയതിനുമൊക്കെ കാരണം ബഷീര്‍ ചെറുപ്പത്തില്‍ ഞങ്ങളില്‍ ഉണ്ടാക്കിയ സ്വാധീനമാണ്‌. മണികിലുക്കി കുണുങ്ങി ചിരിച്ചുകൊണ്ട്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അവന്‍ സ്വപ്‌നങ്ങളില്‍ എത്താറുണ്ട്‌. ബക്രീദ്‌ ഞങ്ങള്‍ക്ക്‌ അവന്റെ ഓര്‍മ്മകൂടിയാണ്‌. എത്ര തിരക്കുണ്ടെങ്കിലും അവനെ പരിപാലിച്ചിരുന്ന പ്ലാവിന്റെ ചുവട്ടില്‍ ആ ദിവസം ഞങ്ങള്‍ ഒത്തുചേരും. അപ്പോള്‍ ഞാനും ഐഷയും പഴയ കുട്ടികളാകും. ഞങ്ങള്‍ക്കിടയിലൂടെ അവനും ഓടിക്കളിക്കും.
ഐഷയും ബഷീറും പിന്നെ ഞാനും (മീട്ടു റഹ്‌മത്ത്‌ കലാം)ഐഷയും ബഷീറും പിന്നെ ഞാനും (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക