ഇളം പച്ചനിറം. ഇടത്തും വലത്തും നടക്കും 5 എന്ന അക്കം. വലത്തെ പകുതിയില്‍ രാഷ്ട്രപിതാവ്. ഇടത്തെ പകുതിയിലെ വെളുത്ത ഇടത്തിലുമുണ്ട് ജലരേഖയായി ഗാന്ധിജി. താഴെ അശോകസ്തം. ഒലത്തെ പകുതിയുടെ താഴെ J 6 K 477047 എന്ന നമ്പര്‍. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ബിമല്‍ ജലാന്റെ കയ്യൊപ്പ്. ഇത്രയും മുന്‍വശത്ത്. പിന്നില്‍ ഒരു ട്രാക്ടറില്‍ മണ്ണ് ഉഴുതുമറിക്കുന്ന കര്‍ഷകന്‍. ഇടത്തുവശത്ത് മലയാളമടക്കമുള്ള പതിനഞ്ചുഭാഷകളില്‍ അഞ്ചുരൂപ എന്ന വിവരണം.
താഴെ ഇടത്തുവശത്ത് ഹിന്ദിയിലും വലത്തുവശത്ത് ഇംഗ്ലീഷിലും ഉണ്ട് അതേ വിളംബരം.
എല്ലാം തികഞ്ഞിട്ടുണ്ട്. പക്ഷേ, ഫലമില്ല. ആരൊക്കെയോ പലവട്ടം ഒടിച്ചും മടക്കിയും ചുരുട്ടിയും നോട്ട് ഒരു പഴന്തുണി പോലെയായിരിക്കുന്നു. തലങ്ങും വിലങ്ങും സെലോടേപ് ഒട്ടിച്ചിട്ടുണ്ട്. ആരുടെയൊക്കെയോ വിരലുകളിലെ അഴുക്കുപുരണ്ട് ഇരുണ്ടിരിക്കുന്നു. പോരാത്തതിന് സുരക്ഷാച്ചരടും ഇളകിപ്പോന്നിരിക്കുന്നു.
ചില്ലറയുടെ പേരിലുള്ള പരാതി ഒഴിവാക്കാനാണ് ഏഴുരൂപയ്ക്കു പകരം പത്തുരൂപ നോട്ടും രണ്ടിന്റെ നാണയവും കൊടുത്തത്. പക്ഷേ, അതിനു ബാക്കിയായി കണ്ടക്ടര്‍ നീട്ടിയ ഉരുപ്പടി എനിക്കൊട്ടും പിടിച്ചില്ല. ചീത്തനോട്ടുകള്‍ കയ്യില്‍ വന്നുപെട്ടാല്‍പ്പിന്നെ അതു ചെലവാക്കാനുള്ള പാട് മുമ്പും അനുഭവിച്ചിട്ടുള്ളതാണ്.
“ഈ നോട്ട് എടുക്കുമോ?” പഴന്തുണി ഉലച്ചുകൊണ്ട് ഞാന്‍ കണ്ടക്ടര്‍ക്കു തിരിച്ചുനീട്ടി.
“എന്താ സംശയം?” നോട്ടു വാങ്ങാന്‍ ശ്രമിക്കാതെ കണ്ടക്ടര്‍ ചിരിച്ചു. “ഇപ്പൊ അഞ്ചിന്റെ നോട്ടില്‍ ചീത്തയെന്നും നല്ലതെന്നും ഒന്നൂല്യാ ചേട്ടാ. നോട്ട്‌ന്റെ ആകൃതിലുള്ള കീറക്കടലാസായാലും മതി. എളം പച്ചനെറള്ളതാവാണംന്നു മാത്രം. ഈ നോട്ടില്‍ത്തന്നെ നോക്കൂ, വലത്തുഭാഗത്തെ താഴത്തെ മൂലേല്‍ ഒരു പച്ച നോട്ടീസ് ഒട്ടിച്ച് വെച്ചിരിയ്ക്കാണ്. പെട്ടെന്നു കണ്ടാല്‍ മനസ്സിലാവ്‌ല്യ. ചേട്ടനും അതു ശ്രദ്ധിച്ചിട്ടുണ്ടാവ്യ.” തുകല്‍ബാഗ് തുറന്നു കാണിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു. “നല്ല നോട്ടൊക്കെ ഇപ്പൊ കൊറവാ. ചില്ലറയ്ക്കും വല്യെ ക്ഷാമാണ്. ചേട്ടന്‍ ഇറങ്ങണേനു മുമ്പെ നല്ല നോട്ടു കിട്ട്യാ ഞാന്‍ മാറ്റിത്തരാംട്ടോ”
ഞാന്‍ അയാളെ ശ്രദ്ധിച്ചു. സുമുഖനാണ്. ഇരുപത്തഞ്ചു വയസ്സിലധികം വരില്ല. സമൃദ്ധമായ താടിയും നീണ്ട തലമുടിയും, കാക്കിക്കുപ്പായവും തോളത്തെ തുകല്‍സഞ്ചിയും അയാള്‍ക്കു ചേരുന്നില്ലെന്നു തോന്നി.
മൂന്നു സ്റ്റോപ്പുകളേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ പുതിയ നോട്ടൊന്നും കിട്ടാനുള്ള സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു. സുമുഖനായ കണ്ടക്ടര്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാവും. ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മറ്റു യാത്രക്കാരോടൊപ്പം ഞാനും ഇറങ്ങി.
ഓഫീസിലേക്കു നടക്കുമ്പോള്‍ ദിവസത്തിന്റെ തുടക്കം നേരെയായില്ല എന്ന തോന്നലായിരുന്നു. രാവിലെ കയറിവന്ന ദിനേശനാണ് എല്ലാറ്റിനും കാരണം. നാലു പ്രാവശ്യം തുടര്‍ച്ചയായി വിളിച്ചിട്ടാണ് അവന്‍ വന്നത്. ഇക്കാലത്ത് പ്ലംബറുടെയും ഇലക്ട്രാഷ്യന്റെയുമൊക്കെ സൗകര്യം നോക്കിയേ തീരൂ. അതുകൊണ്ട് അപ്രിയമൊന്നും പറഞ്ഞില്ല. സിന്ധു വീട്ടിലില്ലാത്ത സമയമായതുകൊണ്ട് അവനു കാവല്‍ നില്‍ക്കേണ്ടി വന്നു. അരമണിക്കൂറോളം പണിയെടുത്തിട്ടും ദിനേശനു പക്ഷേ, ഫ്‌ളഷിന്റെ ചോര്‍ച്ച ശരിയാക്കാനായില്ല. വീണ്ടും വരാം എന്നു പറഞ്ഞ് അവന്‍ മടങ്ങിയപ്പോഴേക്കും എന്റെ സമയമൊക്കെ തെറ്റിയിരുന്നു. ഓഫീസിലേക്ക് വൈകിച്ചെല്ലുന്നത് എനിക്കൊട്ടും ഇഷ്ടമുള്ള കാര്യമല്. അതിനും പുറമേയാണ് ഫാക്ടറി ഇന്‍സ്‌പെക്ടറുടെ മിന്നല്‍പ്പരിശോധന. റെക്കോര്‍ഡുകളും ഇന്‍സ്‌പെക്ഷന്‍ ബുക്കുമായി അയാളുടെ പിന്നാലെ നടക്കേണ്ടി വന്നു. അതിനിടയിലും ആ മുഷിഞ്ഞ നോട്ടിനെപ്പറ്റി ഇടയ്ക്കിടെ ഓര്‍മവന്നുകൊണ്ടിരുന്നു. അഞ്ചുമണിക്ക് ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ പതിവില്ലാതെ നേരിയ ഒരു തലവേദന.
ബസ് സ്റ്റാന്‍ഡില്‍ രണ്ടു ബസ്സുകള്‍ തയ്യാറായി നില്‍പ്പുണ്ട്. രണ്ടാമത്തേതില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ട്. ആദ്യത്തേതുതന്നെ നിറഞ്ഞിട്ടില്ല. ഏതില്‍ വേണമെങ്കിലും കയറാം. ആദ്യത്തെ ബസ്സിനു നേരെ നടക്കുമ്പോള്‍ എസ്.ടി.ഡി. ബൂത്തിനു മുമ്പില്‍ നില്‍ക്കുന്ന കപ്പലണ്ടിക്കാരനെ കടന്നുപോയി. ബസ് കയറാന്‍ പോവുമ്പോള്‍ എന്നും കാണാറുള്ളതാണ്. ശ്രദ്ധിക്കാറില്ലെന്നു മാത്രം. നാലുചക്രമുള്ള വണ്ടിക്ക് രണ്ടി തട്ടുണ്ട്. മുകളിലത്തെ തട്ടില്‍ സ്റ്റൗവ് ശബ്ദമുണ്ടാക്കിക്കൊണ്ട് ആളുന്നു. സ്റ്റൗവില്‍ വെച്ച ഇരുമ്പുചട്ടിയില്‍ മണല്‍ നിറച്ചിരിക്കുന്നു. അതിലിട്ട കപ്പലണ്ടി നിരന്തരം ഇളക്കിക്കൊണ്ടിരിക്കുകയാണ് കപ്പലണ്ടിക്കാരന്‍. താഴത്തെ തട്ടില്‍ രണ്ടു സ്റ്റീല്‍ അടുക്കുകള്‍. കുറച്ച് പഴയ പാത്രങ്ങള്‍. ഇളക്കുന്നതിനിടയില്‍ കപ്പലണ്ടിക്കാരന്‍ പാകം വന്ന കപ്പലണ്ടി കോരിയെടുത്ത് അരിച്ച് അടുത്തുവെച്ച അലൂമിനിയപ്പാത്രത്തിലേക്ക് ചൊരിയുന്നുണ്ട്. അരിച്ചെടുത്ത കപ്പലണ്ടി ഒരേ വലുപ്പത്തില്‍ മുറിച്ചുവെച്ച പത്രക്കടലാസിലേക്ക് അളന്നെടുത്തു പൊതിഞ്ഞ് അരികില്‍ അടുക്കിവെക്കുന്നുണ്ട്. സ്റ്റൗവ്വിലെ തീനാളങ്ങള്‍ തട്ടി അയാളുടെ മുഖം ചുമന്നിരുന്നു.
പേഴ്‌സ് തുറന്ന് മുഷിഞ്ഞ നോട്ടുതന്നെ തിരഞ്ഞെടുത്ത് അയാള്‍ക്കു നേരെ നീട്ടി: “അഞ്ചു രൂപയ്ക്ക് കപ്പലണ്ടി.”
“അഞ്ചുരൂപയ്‌ക്കൊന്നും ഇപ്പൊ കപ്പലണ്ടി കിട്ട്‌ല്യാ സാറേ.” ചട്ടി ഇളക്കുന്നതിനിടയില്‍ ഇയാളെവിടെനിന്നു വന്നു എന്ന ഭാവത്തോടെ കപ്പലണ്ടിക്കാരന്‍ എന്നെ നോക്കി. “മിനിമം പത്തുരൂപയാണ്.” അയാള്‍ എടുത്തു വെച്ചിരിക്കുന്ന പൊതികളില്‍നിന്ന് ഒരെണ്ണമെടുത്ത് എനിക്കു നീട്ടി.
എനിക്ക് അല്പം ജാള്യം തോന്നി. രണ്ടുരൂപയ്ക്ക് കപ്പലണ്ടി കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അഞ്ചുരൂപ നോട്ടിനൊപ്പം അഞ്ചിന്റെ ഒരു നാണയം കൂടി ഞാന്‍ വെച്ചുകൊടുത്തു.
നോട്ട് തിരിച്ചു നീട്ടിയിട്ട് കപ്പലണ്ടിക്കാരന്‍ പറഞ്ഞു: “ഇതെടുക്കില്ലാ സാറേ, വേറെ തരണം.” പറഞ്ഞത് മനസ്സിലാവുന്നില്ലെന്നു നടിച്ച് ഞാന്‍ നോട്ട് തിരിച്ചും മറിച്ചും നോക്കി. “പക്ഷേ, ഇത് എനിക്ക് ഒരു ബസ്സില്‍നിന്നു കിട്ടിയതാണല്ലോ.”
“ബസ്സ്‌ലേ ഇദ്‌ചെലവാവൂ.” കപ്പലണ്ടിക്കാരന് കഴുത്തില്‍ ഇട്ട മുഷിഞ്ഞ തുണികൊണ്ട് കഴുത്തും മുഖവും തുടച്ചു. “കണ്ടക്ടര്‍മാരല്ലേ. എടത്തെ കൈയ്യോണ്ട് വാങ്ങീട്ട് വലത്തെ കൈയോണ്ട് കൊട്ക്കും. മ്മ്ക്കാ മാജിക്ക് അറീല്യ. മ്മക്കദ് ശര്യാവൂല്യ. ഇദ് മ്മടെ ഇമിക്കാശാ. അല്ലെങ്കില്‍ത്തന്നെ ആള്വോളൊന്നും ഇപ്പൊ പണ്ടത്തേപ്പോലെകപ്പലണ്ടി വാങ്ങ്ണ്‌ല്‌യ സാറേ. പുദ്യേ ജനറേഷനില്‍ പെട്ടോര്‍ക്കൊക്കെ കപ്പലണ്ടി തിന്നണത് മോശാണ്. പഴേ ആള്വോള്‍ക്കും ഇപ്പൊ പബ്ലിക്കായിട്ട് തിന്നാന്‍ മട്യാ. ഒര് പൊദി വാങ്ങി, ബസ്സീക്കേറി, അട്ത്തിരിയ്ക്കണ ആളക്ക് രണ്ട് മണി കൊടുത്തു… എന്ത് രസണ്ട്! അങ്ങനെയൊരു മനോബാവം ഇപ്പൊ ആരക്കും ഇല്യ സാറേ. ഒറ്റയ്ക്കിര്ന്ന് തിന്നും, അദും പറ്റ്വെങ്കി ഇര്ട്ടത്ത്.”
“അല്ലെങ്കില് ആരക്കും ഇപ്പൊ ഒന്നിനും സമയോല്യ,” ചട്ടി വീണ്ടും ഇളക്കുന്നതിനിടയില്‍ അയാള്‍ തുടര്‍ന്നു: “എടംവലം നോക്കാണ്ടെ പരക്കം പാഞ്ഞാണ് സ്റ്റാന്‍ഡിലെത്താ. പിന്നേം ഓട്ടന്നെ. ആദ്യത്തെ ബസ്സന്നെ പിടിക്കണം. വീട്ടിലെത്ത്യാലും സൈ്വരണ്ടോ? നൂറുകൂട്ടം പണീണ്ടാവും. അതിലിപ്പൊ ആണും പെണ്ണും തമ്മില് ഭേദൊന്നൂല്യാ. അതിനെടേല് കപ്പലണ്ടി തിന്നാനൊക്കെ ആരക്കാ നേരം? ആദ്യാദ്യൊക്കെ എനിക്ക് പരിഭവം തോന്ന്യേര്‍ന്നു. പിന്നെപ്പിന്നെ അത്‌ല്യാണ്ടായി. അവരെ പറഞ്ഞട്ടും കാര്യല്യ. പത്തുരൂപെങ്കി പത്തുരൂപ കയ്യില്പിടിച്ചല്ലേ അവരടെ ഓട്ടം. എത്ര കിട്ടീട്ടെന്താ? ഒന്ന്‌നും തെകയ്‌ല്യാ.”
ആദ്യത്തെ ബസ്സില്‍ ആളായിത്തുടങ്ങിയിരുന്നു. എന്നാലും എനിക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. എല്ലാം ശുഭ സൂചകം. പേഴ്‌സ് തുറന്ന് അഞ്ചുരൂപ നോട്ട് പുറത്തെടുത്തു. രണ്ടിന്റെ ഒരു നാണയവും കൂടെ വെച്ച് കണ്ടക്ടര്‍ക്കു വെച്ചു നീട്ടി. പക്ഷേ, കണ്ടക്ടര്‍ നോട്ട് അതേ വേഗത്തില്‍ തിരിച്ചുതന്നു. “ഇതെടുക്കില്ല മാഷേ.”
“നിങ്ങളേപ്പോലെയൊരു കണ്ടക്ടര്‍ ഇന്നു രാവിലെ തന്നതാണ്.,” ഞാന്‍ ചിരിവരുത്തി അയാളുടെ മുഖത്തു നോക്കി. “അഞ്ചുരൂപ നോട്ടില്‍ ഇപ്പോള്‍ നല്ലതെന്നും ചീത്തയെന്നുമില്ല, ആ രൂപത്തിലുള്ള എന്തും എടുക്കും എന്നാണല്ലോ അയാള്‍ പറഞ്ഞത്.”
അയാള് ചരിച്ചില്ല.
ഞാനിപ്പൊ ഇദ് മാഷടെ കയ്യില്‍നിന്നു വാങ്ങീന്നന്നെ വിചാരിയ്ക്കാ. ഇദ് എന്റെ കയ്യിലിരിയ്ക്കും. മാഷക്കറിയ്വോ, നമ്മുടെ ആള്വോള്‍ക്ക് ഒരിക്കലും മറിച്ചും നോക്കും. വെളിച്ചത്തിലേക്കു പിടിച്ച് കള്ളനോട്ടാണോ എന്ന് പരിശോധിക്കും. ചെറിയ ഒരൊടിവോ ചതവോ ഇണ്ടായാ മതി അവരതു തിരിച്ചുതരും. നല്ല നോട്ട് തരാന്‍ പറയും. സഹികെട്ടാണ് ചില്ലിട്ടു വെക്കാനാണോ എന്ന് ഞങ്ങള് ചോയ്ക്കാറ്ള്ളത്. അതോണ്ടൊന്നും ഒരു കാര്യോല്യാ. ആരക്കും ആരേം വിശ്വാസല്യാത്ത കാലാ മാഷേ ഇദ്. വിശ്വാസത്തിന്റെ കാര്യം മാത്രമല്ല. നമ്മളൊക്കെ ഇപ്പൊ അങ്ങനെയാണ്. ബസ്സില് കേറ്യാലും കുപ്പായം ചുളിയര്ത്, ആരും മേല് തട്ടര്ത്, കയ്യോ കാലോ അറിയാണ്ട് ഒന്നു കൊണ്ടാ മതി, ചീത്തവിള്യായി.” സംസാരം പെട്ടെന്നു നിര്‍ത്തി അയാള്‍ പുറത്തേക്കു നോക്കി. ആര്‍ക്കോ ഇറങ്ങാനായി നീട്ടി വിസില്‍ അടിച്ചു. അഞ്ചുരൂപ നോട്ടിന്റെ വിഷയത്തില്‍ അത് ഒരവസാനവിധിയാണ് എന്ന് എനിക്കു തോന്നി. ഞാന്‍ ഒരു പത്തുരൂപ നോട്ടുകൂടി കൊടുത്ത് ബാക്കിക്കുവേണ്ടി കൈനീട്ടി.
കിട്ടിയ നോട്ട്, ഭാഗ്യം, പുതുപുത്തനാണ്. കണ്ടക്ടര്‍മാരുടെ ഭാഷയില്‍ പിടപിടയ്ക്കുന്ന സാധനം. ഒന്നു മടക്കുക പോലും ചെയ്യാതെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ അത് പേഴ്‌സില്‍ വച്ചു. മുഷിഞ്ഞ ആ അഞ്ചുരൂപാ നോട്ടിന്റെ ഒപ്പംതന്നെ. ഒരേ മൂല്യമുള്ള നോട്ടുകള്‍. ആദ്യത്തേതിന് തന്നെക്കുറിച്ച് ഒരപകര്‍ഷബോധം തോന്നാന്‍ വഴിയുണ്ട്. എന്നാലും രണ്ടുപേരും അടുത്തടുത്ത് ഒട്ടിയൊട്ടിയിരിക്കുകയാണ്. കര്‍മബന്ധങ്ങള്‍ അടുപ്പിച്ചതുപോലെ. അല്ലെങ്കില്‍ എല്ലാം ഒരു നിയോഗമല്ലേ? ഇന്നു രാവിലെ പുറപ്പെടാന്‍ വൈകിയതുകൊണ്ടല്ലേ പതിവുള്ള ബസ് കിട്ടാതെ പോയതും മറ്റൊരു ബസ്സില്‍ കയറേണ്ടി വന്നതും? അതുകൊണ്ടല്ലേ ഈ പഴയ നോട്ടു കൈപ്പറ്റേണ്ടി വന്നതും? ഓരോ ധാന്യത്തിന്മേലും അതു കഴിക്കേണ്ട ആളുടെ പേരെഴുതിവെച്ചിട്ടുണ്ട് എന്നു പറയുന്നതുപോലെയാണ് അത്. ഇതൊന്നും ആര്‍ക്കും ഒഴിവാക്കാനാവുന്നതല്ല.
വീട്ടിലേക്കെത്തിയപ്പോള്‍ താണി പടിക്കലുണ്ട്. കുന്തിച്ചിരുന്ന് പുല്ലുപറിക്കുകയാണ്. താണി അങ്ങനെയാണ്. കാണാന്‍ വരുമ്പോഴൊക്കെ മുറ്റത്ത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഒന്നുകില്‍ പുല്ലു പറിക്കും. അല്ലെങ്കില്‍ ചപ്പിലകള്‍ പെറുക്കി അകലെ കൊണ്ടിടും. വെറുതെ നില്‍ക്കില്ല. എന്നെ കണ്ടപ്പോള്‍ കയ്യിലെ മണ്ണു തട്ടിക്കളഞ്ഞ് ബദ്ധപ്പെട്ട് എഴുന്നേറ്റുനിന്നു. അയാള്‍ക്ക് ഈയിടെയായി നില്‍ക്കുമ്പോള്‍ മുന്നോട്ടൊരു വളവുണ്ട്.
“എന്താ താണീ വിശേഷം?” വെറുതെ ചോദിച്ചു.
കാളി മരിച്ചതില്‍പ്പിന്നെ താണി അവശനാണ്. ഒരുകാലത്ത് വീട്ടില്‍ സ്ഥിരമായി പണിക്കുനിന്നിരുന്ന ആളാണ്. അച്ഛന് വലിയ ഇഷ്ടമുള്ള ആളായിരുന്നു താണി. വേലികെട്ടലായിരുന്നു പണി. താണി കെട്ടുന്ന വേലിക്ക് ഒരു പ്രത്യേകഭംഗിയുണ്ട് എന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു.
താണി മറുപടിയൊന്നും പറയാതെ പരുങ്ങിനിന്നു. വല്ലപ്പോഴുമുള്ള ഈ വരവിന് ചോദ്യമോ ഉത്തരമോ വേണ്ട. അത് എനിക്ക് അറിയാഞ്ഞിട്ടുമല്ല. താണിക്ക് ആവശ്യങ്ങള്‍ കുറവാണ്. ഇരുപത്തഞ്ചുരൂപ. അതാണ് താണിയുടെ റേറ്റ്. പേഴ്‌സ് തുറന്ന് ഇരുപതിന്റെയും അഞ്ചിന്റെയും നോട്ടുകളെടുത്ത് താണിക്കു കൊടുത്തു. താണി പതിവുപോലെ നോട്ടുകളെടുത്ത് കണ്ണില്‍ മാറിമാറി വെച്ചു.
ഒരു കണ്ണി പുകയില. വല്ലപ്പോഴും ഇത്തിരി ധാന്വന്തരം കുഴമ്പ്. അച്ഛന്റെ ഇത്തരം ചെറിയ ആവശ്യങ്ങള്‍ പോലും മണികണ്ഠന്‍ അനുവദിച്ചു കൊടുക്കാറില്ല. വല്ലപ്പോഴുമേ അവന്‍ പണിക്കുപോവാറുള്ളൂ. പണം കയ്യില്‍ വന്ന ദിവസം ആ വീട്ടില്‍ ബഹളം ഉറപ്പാണ്. ഒരിക്കല്‍ പുകയില വാങ്ങാന്‍ പത്തുരൂപ ചോദിച്ചതിന് അവന്‍ അച്ഛനെ കഴുത്തിനു പിടിച്ചുതള്ളി. മുറ്റത്തേക്കു തെറിച്ചുവീണ താണിയുടെ തണ്ടെല്ലിനു പരിക്കുപറ്റി. ഒരു മാസത്തോളം കിടപ്പിലായി. അതില്‍പ്പിന്നെ മകനോട് പണം ചോദിച്ചിട്ടില്ല. അറിഞ്ഞുകൊണ്ട് എന്തെങ്കിലും കൊടുക്കണം എന്ന് മണികണ്ഠന് തോന്നിയതുമില്ല.
അച്ഛനെ പിടിച്ചുതള്ളിയതിലും അച്ഛന്‍ വീണതിലും പരിക്കുപറ്റിയതിലുമൊന്നും മണികണ്ഠന് പശ്താത്താപമുണ്ടായിരുന്നില്ല. ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പണം ചോദിച്ചെത്തിയത് അവകാശപ്പെട്ടതെന്തോ പിടിച്ചു വാങ്ങുന്നതു പോലെയായിരുന്നു. അതെന്നെ കുറച്ച് ദേഷ്യം പിടിപ്പിച്ചു. ആശുപത്രിയില്‍ നിന്നു വന്നപ്പോള്‍ അവനെ പതിവില്ലാതെ കുറച്ച് ഗുണദോഷിക്കണമെന്ന് എനിക്കു തോന്നി. പക്ഷേ, മണികണ്ഠന് അതൊന്നും കേള്‍ക്കാനുള്ള ക്ഷമയുണ്ടായില്ല.
“അതൊന്നും പറഞ്ഞാല്‍ മാഷക്ക് മനസ്സിലാവ്‌ല്യ,” മണികണ്ഠന്‍ പറഞ്ഞു. ഞാനെത്ര സഹിക്ക്ണ് ണ്ട്ന്ന്‌നിക്ക് മാത്രമല്ലേ അറിയൂ. ഞാനാരോടും ഒന്ന് പറയാന്‍ പുവ്വാറ്‌ല്യ.അച്ഛനായിപ്പോയില്യേ, പൊറത്തയ്ക്ക് വലിച്ചെറിഞ്ഞ് കളയാന്‍ പറ്റ്വോ?”
എന്താണ് താണിയുടെ തകരാറ്? ഞാന്‍ ചോദിച്ചില്ല. കൂടെ താമസിക്കുന്നവര്‍ക്ക് പരാതികള്‍ പലതുമുണ്ടാവും. എന്തൊക്കെയായാലും സ്വന്തം അച്ഛനെ അതും ഈ പ്രായത്തില്‍ സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ മകനെക്കുറിച്ച് എന്തു പറയാനാണ്? വേലികെട്ടാന്‍ വരുന്നതാണിയുടെ കൈ പിടിച്ച് നടന്നുവരാറുള്ള ആ വള്ളിട്രൗസറുകാരനെ ഞാന്‍ ഓര്‍മിക്കാന്‍ ശ്രമിച്ചു. ആ രൂപം ഇപ്പോള്‍ ഒട്ടും തെളിയുന്നില്ല.
പുറത്തേക്കു വലിച്ചെറിഞ്ഞു കളയാന്‍ പറ്റുമോ എന്നാണ് മണികണ്ഠന്‍ ചോദിച്ചത്. ശരിയാണ്. അവനെ സംബന്ധിച്ചിടത്തോളം കയ്യില്‍ വെക്കാനോ വലിച്ചെറിയാനോ വയ്യാത്ത ഒരുരുപ്പടിയായിട്ടുണ്ട് താണി. എന്റെ കയ്യില്‍ നിന്നൊഴിയാത്ത അഞ്ചുരൂപ നോട്ടുപോലെ. എന്റെ ഉള്ളില്‍ ഒരു മിന്നല്‍ പടര്‍ന്നു. പടിക്കലേക്ക് ഓടിച്ചെന്ന് ഞാന്‍ വഴിയിലേക്ക് എത്തിനോക്കി. താണി അധികം അകലത്തെത്തിയിട്ടില്ല. ഇന്നത്തെ വീഴ്ചക്കുശേഷം താണിയുടെ നീക്കങ്ങളൊക്കെ വളരെ പതുക്കെയാണ്.
കഴിയാവുന്നത്ര വേഗത്തില്‍ നടന്ന് ഞാന്‍ താണിയുടെ അടുത്തെത്തി. നടത്തം നിര്‍ത്താന്‍വേണ്ടി പിന്നില്‍ നിന്ന് താണിയുടെ പുറത്തുതട്ടി. താണിയെ പിടിച്ചുനിര്‍ത്തി കീശയില്‍നിന്ന് നൂറിന്റെ ഒരു നോട്ടെടുത്തു നീട്ടി. “ഞാന്‍ തന്ന ആ നോട്ട് തിരിച്ചു തരണം താണീ,” കിതപ്പിനിടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.
ഞാന്‍ നീട്ടിയ നോട്ടിലേക്ക് അമ്പരപ്പോടെ നോക്കിക്കൊണ്ട് താണി പറഞ്ഞു: “താണിക്ക് ഇത്രയ്‌ക്കൊന്നും വേണ്ട കുട്ട്യേ.”
അതെനിക്കും അറിയാമായിരുന്നു. അധികം പണം പറ്റാന്‍ താണിക്കും ഇഷ്ടമല്ല, നിര്‍ബന്ധിച്ചപ്പോള്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ടുകള്‍ എനിക്കു കൈമാറി. നൂറിന്റെ നോട്ടു വാങ്ങുമ്പോള്‍ താണിയുടെ കൈകള്‍ വിറച്ചിരുന്നു.
തിരിച്ചുനടക്കുമ്പോള്‍ തോന്നി. ആ പഴയനോട്ട് തിരിച്ചുവാങ്ങേണ്ടിയിരുന്നില്ല. താണിക്ക് അതു ചെലവാക്കാന്‍ ബുദ്ധിമുട്ടു വന്നുകൊള്ളണമെന്നില്ല. ഏതെങ്കിലും ഒരു മുറുക്കാന്‍കടക്കാരന്‍ തന്റെ പുകയിലക്കറ പറ്റിയ കൈകൊണ്ട് അതു വാങ്ങിവെക്കുമായിരുന്നു. ഗേറ്റിലെത്തി ഞാന്‍ തിരിഞ്ഞുനോക്കി. താണി കണ്ണില്‍നിന്നു മറഞ്ഞിരിക്കുന്നു.
കുറച്ചുസമയത്തിനുള്ളില്‍ ഞാനെന്തെല്ലാമാണ് കാണിച്ചുകൂട്ടിയത്? കിതപ്പൊന്നടങ്ങിയപ്പോള്‍ ഗേറ്റില്‍ ചാരിനിന്ന് ഞാന്‍ ചിന്തിച്ചു. എല്ലാം ഒരഞ്ചുരൂപ നോട്ടിന്റെ പേരില്‍. കപ്പലണ്ടിക്കാരനെ പരീക്ഷിച്ചു. കണ്ടക്ടറോട് അപേക്ഷിച്ചു. താണിക്കു കൊടുത്തതും മന:പൂര്‍വ്വമല്ല എന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ ഞാനാളല്ല. പണം നീട്ടുന്ന സമയത്ത് ആ നോട്ടിനെപ്പറ്റി എനിക്കു പൂര്‍ണബോധ്യമുണ്ടായിരുന്നു. താണിയുടെ കണ്ണിന് കാഴ്ച കുറവാണ് എനിക്കറിയാത്തതല്ലല്ലോ. പണം രണ്ടു കണ്ണിലും മാറിമാറി വെക്കുന്ന സമയത്തെങ്കിലും ആ നോട്ട് ഞാന്‍ തിരിച്ചുവാങ്ങേണ്ടതായിരുന്നു.
ഗേറ്റ് കടന്ന് പൂമുഖത്തേക്കു നടക്കുമ്പോള്‍ എനിക്ക് ഉറക്കെ ചിരിക്കണമെന്നു തോന്നി. വെറുമൊരു പഴയനോട്ടിനെപ്പറ്റി ഞാനെന്തിനാണിങ്ങനെ വേവലാതിപ്പെടുന്നത്? എനിക്കുതന്നെ മനസ്സിലാവുന്നില്ല. അതുംവെറും ഒരഞ്ചുരൂപ നോട്ടിനെപ്പറ്റി? വേണമെങ്കില്‍ ചുരുട്ടിക്കൂട്ടി വഴിയോരത്തേക്കു വലിച്ചെറിയാവുന്നതേയുള്ളൂ. അഞ്ചുരൂപ എന്റെ മാസബജറ്റില്‍ ഒരു മാറ്റവും വരുത്താന്‍ പോവുന്നില്ല.
എന്നിട്ടും രാത്രി ഉറക്കത്തില്‍ ഞാന്‍ നോട്ടിനെ സ്വപ്നം കണ്ടു. മാത്രമല്ല അതു ചെലവാക്കാന്‍വേണ്ടി ഇന്നലെയും പരിശ്രമിച്ചു. പഴക്കടയില്‍, പച്ചക്കറിക്കടയില്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍, ഓട്ടോറിക്ഷയില്‍. നേരം വൈകിയതുകൊണ്ടാണ് ഓട്ടോറിക്ഷ പിടിച്ചത്. നേര്‍ത്ത ഇരുട്ടില്‍ അതു പാസ്സാവുമെന്നുതന്നെ കരുതി. പക്ഷേ, ഓട്ടോക്കാരന്‍ വണ്ടിയിലെ വിളക്കുതെളിയിച്ച് നോട്ട് തിരിച്ചും മറിച്ചും നോക്കി അതു തിരിച്ചുതന്നു.
ഇന്നലെ രാത്രി ഉറങ്ങാന്‍ വൈകി. ഉറങ്ങിയപ്പോഴോ എന്തൊക്കെയോ ദുഃസ്വപ്നങ്ങള്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ ഒന്നും ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. എന്നാലും അതൊന്നും അഞ്ചുരൂപാ നോട്ടിനെക്കുറിച്ചായിരുന്നില്ല എന്നു തോന്നുന്നില്ല. ഉറക്കം മതിയാവാതെ രണ്ടുവട്ടം അലാറം മാറ്റിവെച്ചു.
ഉറങ്ങാന്‍ വൈകി. പതിവുള്ള ബസ് പോയിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് രണ്ടു ദിവസം മുമ്പ് കയറിയ ബസ്സിനെക്കുറിച്ച് ഓര്‍മ്മ വന്നത്. ഇനി വരാനുള്ളത് ആ ബസ്സാണ്.
എനിക്കു തെറ്റുപ്പറ്റിയിരുന്നില്ല. അതേ ബസ്, അതേ കണ്ടക്ടര്‍. അടുത്തുവന്നപ്പോള്‍ ഞാന്‍ അയാളുടെ മുഖത്തു നോക്കി ചിരിച്ചു. അയാള്‍ക്ക് എന്നെ ഓര്‍മ്മ വന്നില്ല. പക്ഷേ, എന്റെ കയ്യിലെ നോട്ടു കണ്ടപ്പോള്‍ അയാള്‍ എന്നെ തിരിച്ചറിഞ്ഞു. “ഇദ് കയ്യീന്ന് പോയില്യാല്ലേ,” അയാള്‍ ചിരിച്ചു. “എനിക്ക് തോന്ന്യേര്‍ന്നു ചേട്ടന്‍ ഇതുമായി എന്റെ അട്‌ത്തേയ്‌ക്കെന്നെ വരുംന്ന്.” അയാള്‍ പണം വാങ്ങി തുകല്‍സ്ഞ്ചിയിലിട്ടു. “ഇതൊക്കെ വെറു വിശ്വാസാണ് ചേട്ടാ. അല്ലെങ്കില്‍ ഈ കീറക്കടലാസ്സിന് അഞ്ചുരൂപ വിലയുണ്ടെന്ന് ആരാ നിശ്ചയിച്ചത്? ഒക്കെ ഒരു സങ്കല്‍പമല്ലേ?” പിന്നിലേക്കു നീങ്ങിമറയുന്ന പുറംലോകത്തെ കുറച്ചുനേരം ജനലിലൂടെ നോക്കിനിന്ന് തന്നോടുതന്നെയെന്നപോലെ അയാള്‍ തുടര്‍ന്നു. “എന്ന്ട്ടും ഈയൊര് കടലാസ്സിന്റെ പൊറത്തല്ലേ ലോകം കറങ്ങിക്കൊണ്ടിരിക്കണത്. ചേട്ടന്‍ കണ്ട്ട്ട്ണ്ടാവൂലോ ഇന്നത്തെ പത്രം. ഒരഞ്ചുരൂപയെച്ചൊല്ലി ഇരിഞ്ഞാലക്കൊടേല് എന്തായീത്? ഒന്നും രണ്ടും പറഞ്ഞ് ഒരാളുടെ ജീവന്‍തന്നെ പോയില്യേ?”
രാവിലത്തെ ബദ്ധപ്പാടില്‍ പത്രം വായിച്ചിരുന്നില്ല. എന്നാലും അതു ഭാവിക്കാതെ വാര്‍ത്ത കണ്ടുവെന്നു നടിച്ച് ഞാന്‍ തലയാട്ടി. അഞ്ചുരൂപ നോട്ട് കയ്യില്‍നിന്ന് ഒഴിവാക്കിയതിന്റെ ആശ്വാസത്തില്‍ അയാള്‍ പറഞ്ഞതെന്തും സമ്മതിച്ചുകൊടുക്കാനുള്ള ഒരു മനസ്സായിരുന്നു എനിക്കപ്പോള്‍.