ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണീ നോവല്‍. ഇതിലെ ഇതിവൃത്തത്തിന് ഇപ്പോഴും കാലികപ്രസക്തിയുള്ളതുകൊണ്ട് ഒരു പുനര്‍വായനയ്ക്കായി ഈ കൃതി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഇരുപതു മില്യണ്‍ ഡോളറാണ്. ഒന്നാം സമ്മാനം. അതായത് സൂപ്പര്‍ സെവന്‍ ജാക്‌പോട്ട്. ടാക്‌സ് കഴിച്ച് പന്ത്രണ്ടു മില്യണ്‍, അതായത് 120 ലക്ഷം ഡോളര്‍. ഇരുപതുകൊല്ലം കൊണ്ടാണ് ഇതു കിട്ടുക. പ്രതിവര്‍ഷം ആറു ലക്ഷം ഡോളര്‍. പ്രതിദിനം 1650 ഡോളറോളം. ഇപ്പോഴത്തെ രൂപയുടെ മൂല്യം വച്ചു കണക്കാക്കിയാല്‍ 57, 000 രൂപയോളം! ദൈവമേ!
തോമസ് ക്ലോക്കിലേക്കു കണ്ണയച്ചു. ആറ് അമ്പത്തിയൊന്ന്. ഏഴു മണിക്കാണ് നറുക്കെടുപ്പ്. അത് ലൈവ് ആയി ടി.വി.യില്‍ കാണാം. വേള്‍ഡ് ന്യൂസ് ടുനൈറ്റ് കഴിഞ്ഞാലുടനെ നറുക്കെടുപ്പ്,
പെന്‍സില്‍വേനിയ സ്റ്റേറ്റിനും, മറ്റു സ്റ്റേറ്റുകളെപ്പോലെ പലതരം ലോട്ടറികളുണ്ട്. ദിവസവും മൂന്നോ നാലോ വിവിധതരം ലോട്ടറികള്‍. എല്ലാ നറുക്കെടുപ്പുകളും ചില ടി.വി. ചാനലുകളില്‍ കാണാം. വരാനിടയുള്ള നമ്പരുകളെപ്പറ്റി കളിക്കാരുടെ അഥവാ ഭാഗ്യാന്വേഷികളുടെ പ്രവചനം അല്ലെങ്കില്‍ പന്തയം ആണ് ടിക്കറ്റ്.
ലോട്ടറി വില്ക്കുന്ന കടകളില്‍ കിട്ടുന്ന ഫോറങ്ങളില്‍ അവരവര്‍ക്ക് വേണ്ട നമ്പറുകള്‍ അടയാളപ്പെടുത്തി കൊടുക്കണം. കമ്പ്യൂട്ടറില്‍ അപ്പോള്‍തന്നെ ടിക്കറ്റു പ്രിന്റുചെയ്തു കിട്ടുന്നു. അല്ലെങ്കില്‍ കമ്പ്യൂട്ടറിനെക്കൊണ്ടുതന്നെ അതിനിഷ്ടപ്പെട്ട നമ്പരുകളില്‍ ടിക്കറ്റു പ്രിന്റു ചെയ്യിച്ചെടുക്കാം.
ശനിയാഴ്ചത്തെ സൂപ്പര്‍സൈവന്‍ ആണ് ഏറ്റവും വലിയ തുക സമ്മാനമായി നല്‍കുന്നത്. ഒന്നുമുതല്‍ എഴുപത്തിനാലുവരെയുള്ള നമ്പരുകളില്‍ നിന്ന് പത്തു നമ്പരുകള്‍ നറുക്കെടുക്കുന്നു. അതില്‍ ഏഴെണ്ണം കൈവശമുള്ള ഭാഗ്യവാന് വിജയം. ഒന്നിലധികം ടിക്കറ്റുകളുണ്ടെങ്കില്‍ സമ്മാനത്തുക തുല്യമായി വീതിക്കപ്പെടുന്നു.
വിജയികള്‍ ഇല്ലെങ്കില്‍ അടുത്തയാഴ്ചത്തെ സമ്മാനത്തുകയോടൊപ്പം ഈ തുകയും കൂട്ടുന്നു. ഏഴുനമ്പറുകള്‍ക്കു പകരം ആറോ അഞ്ചോ നാലോ ശരിയായാലും മതി, 'സമാശ്വസ' സമ്മാനത്തിന് ആകെയുള്ള തുകയെ വിജയികളുടെ എണ്ണം കൊണ്ട് വീതിക്കുന്നു. ഒരു മാസം മുമ്പ് അങ്ങനെയൊരു 450 ഡോളര്‍ കിട്ടിയതാണ്.
ദൈവമേ…!
ഇരുപതുമില്യന്‍ ഡോളര്‍! വീണ്ടും സമയം നോക്കി. ഇനിയും നാലുമിനിട്ടുണ്ട്.
കഴിഞ്ഞപ്രാവശ്യം ഇതുപോലൊരു തുകവന്നത് ആറുമാസം മുമ്പായിരുന്നു. 26 മില്യന്‍. ഹാരിസ്ബര്‍ഗിലുള്ള വൃദ്ധദമ്പതികള്‍ക്കായിരുന്നു അതു കിട്ടിയത്.
പത്തു ടിക്കറ്റുകളെടുത്തിട്ടുണ്ട്.
പത്തു ഡോളര്‍ പോയാലെന്താ? അല്ലെങ്കിലും അമേരിക്കന്‍ ജീവിതം തന്നെ ഒരു തരം പന്തയമല്ലേ?
അതാ കാത്തിരുന്ന നിമിഷം.
പെന്‍സില്‍ കൈയിലെടുത്ത് തയ്യാറായിരുന്നു.
'ഡെയ്‌ലി നമ്പര്‍' 'ബിഗര്‍ ഫോര്‍' എന്നീ കൊച്ചു നറുക്കെടുപ്പുകള്‍ കഴിഞ്ഞാണ് സൂപ്പര്‍ സെവന്‍.
അനൗണ്‍സറുടെ ശബ്ദം വന്നു. ഒന്നുമുതല്‍ എഴുപത്തിനാലുവരെയുള്ള നമ്പരുകള്‍ ആലേഖനം ചെയ്യപ്പെട്ട ചെറിയ ഗോളങ്ങള്‍ ഇളകിക്കളിക്കുന്ന അണ്ഡാകൃതിയിലുള്ള സ്ഫടികപാത്രം. അതില്‍ നിന്ന് പത്തു നമ്പറുകള്‍ ഒരാള്‍ പുറത്തേക്കു ചാടിക്കുന്നു. ഓരോ ഗോളവും വരുന്നതിനനുസരിച്ച് അനൗണ്‍സര്‍ വിളിച്ചു പറയുന്നു.
പത്തു നമ്പറുകളും കടലാസിലേക്കു പകര്‍ത്തി. തന്റെ ടിക്കറ്റ് നമ്പരുകള്‍ അടിച്ച കടലാസുചീട്ട് എടുത്തു നോക്കി.
ഒരു നിമിഷം അന്തംവിട്ടിരുന്നുപോയി. രണ്ടാമത്തെ ടിക്കറ്റില്‍ നാലു നമ്പരുകള്‍! മറ്റുള്ളവയില്‍ അവിടേയും ഇവിടേയും ഓരോ നമ്പരുകള്‍.
രണ്ടാമത്തെ സംഖ്യാശ്രേണി വീണ്ടും ഒത്തു നോക്കി.
11,27,34,35 മൂന്നെണ്ണം കൂടി വീണിരുന്നെങ്കില്‍ നാല്പത്തിയൊന്നിനു പകരം നാല്‍പത്തിരണ്ട്. അറുപത്തേഴിനു പകരം അറുപത്തിനാല്. എഴുപത്തൊന്നിനു പകരം എഴുപത്തിനാല്. ദൈവമേ! ചതിവായിപ്പോയല്ലോ.
ഇരുപതു മില്യണ്‍ ഡോളറിനുപകരം അങ്ങേയറ്റം ഇരുപതുഡോളര്‍ കിട്ടിയേക്കാം.
ഒരക്കം കൂടി വീണിരുന്നെങ്കില്‍ 500 എങ്കിലും കിട്ടിയേനെ. ആറു നമ്പറുണ്ടായിരുന്നെങ്കില്‍ അയ്യായിരം ഡോളറെങ്കിലും.
അതൊക്കെ ആലോചിച്ചിട്ട് ഇനി എന്തു കാര്യം!
അടുത്ത കാലത്താണ് ലോട്ടറിയില്‍ ഇത്ര താല്പര്യം തോന്നിയത്. ആദ്യമൊക്കെ ഒരുതരം പുച്ചമായിരുന്നു ലോട്ടറികളോട്.
മനുഷ്യന്റെ അതിമോഹങ്ങള്‍ക്ക് വളം വച്ചുകൊടുക്കുന്ന പ്രസ്ഥാനം എന്നൊക്കെ ചില ധാര്‍മ്മിക ചിന്തകള്‍ പുലര്‍ത്തിയിരുന്നു.
പിന്നീട് ആ മനോഭാവം മാറി വന്നു. ലോട്ടറിക്കും അമേരിക്കന്‍ സ്വപ്നത്തില്‍ ഒരു പങ്കുണ്ടെന്നു തോന്നിത്തുടങ്ങി.
ആദ്യമൊക്കെ സൂപ്പര്‍ സെവന്‍ ടിക്കറ്റു മാത്രം എടുത്തിരുന്നു. ആഴ്ചയില്‍ ഒരു ഡോളര്‍. പിന്നെപ്പിന്നെ ക്യാഷ് ഫൈവും, ലോട്ടോയും കൂടി എടുക്കാന്‍ തുടങ്ങി. ഈയിടെയായി ദിവസവും എടുക്കുന്ന ടിക്കറ്റുകള്‍ക്ക് എണ്ണം കൂടിയിട്ടുണ്ട്. ഇന്നാണെങ്കില്‍ സൂപ്പര്‍ സെവന്‍ മാത്രം പത്തു ടിക്കറ്റെടുത്തിരിക്കുന്നു.
റോസമ്മയ്ക്ക് ഇതു തീരെ ഇഷ്ടമല്ല. കാശുണ്ടാക്കണമെങ്കില്‍ മേലനങ്ങി പണിചെയ്യണം. അതാണവളുടെ നിലപാട്. ലോട്ടറി ടിക്കറ്റ് വെറും ചൂതുകളിയാണ്. മടിയന്മാരുടെ പണി.
അദ്ധ്വാനശീലത്തോടുള്ള അവളുടെ മനോഭാവം വച്ചു നോക്കിയാല്‍, അവള്‍ പറയുന്നതിലും ന്യായമുണ്ട്. രജിസ്റ്റേഡ് നേഴ്‌സായി ഇരട്ട ജോലികള്‍ അവള്‍ ചെയ്തിരുന്നതാണ്. ആഴ്ചയില്‍ 96 മണിക്കൂര്‍. ഇപ്പോഴത് 72 ആയി കുറച്ചിരിക്കുന്നു. അതും ഈവനിങ് നൈറ്റ് ഷിഫ്റ്റുകളിലും പിന്നെ ഓവര്‍ ടൈമായും ചെയ്യണമെന്നാണ് ശാഠ്യം. കാശു കൂടുതല്‍ കിട്ടുമല്ലോ. അതൊക്കെ നല്ലതുതന്നെ. തന്നോടുള്ള സമീപനമാണ് പ്രശ്‌നം.
ഒരു ബിസിനസ്മാന്‍ എന്ന നിലയില്‍ തന്നെ റോസമ്മ ഇനിയും കണ്ടു തുടങ്ങിയിട്ടില്ല. ഏറ്റവും അവസാനമായുണ്ടായിരുന്ന ഫാക്ടറി ജോലി വിട്ട അന്നുമുതല്‍ അവള്‍ കുത്തിക്കുത്തി ഓരോന്നു പറയാനുള്ളതാണ്.
ആറ് അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായി ഉണ്ട്. അവ വാടകയ്ക്കു കൊടുത്തിരിക്കുന്നു. ഇന്ത്യന്‍ പലചരക്കുകള്‍ വില്ക്കുന്ന കടയില്‍ ഒരു പാര്‍ട്ട്ണര്‍ഷിപ്പും ഉണ്ട്. ജീവിക്കാന്‍ അത്യാവശ്യമായ ചുറ്റുപാടുണ്ട്. പിന്നെ എന്തിനു താന്‍ എട്ടു മണിക്കൂര്‍ മറ്റുള്ളവര്‍ക്കുവേണ്ടി പണ ചെയ്യണം? അതൊന്നും പക്ഷേ അവള്‍ സമ്മതിക്കില്ല.
ഈ സ്വത്തെല്ലാം ഉണ്ടായത് പ്രധാനമായും റോസമ്മയുടെ അദ്ധ്വാനം കൊണ്ടാണെന്നുള്ളത് നേരുതന്നെ. പക്ഷെ തന്റെ കഴിവും കൂടി ഉപയോഗിച്ചാണല്ലോ ഇത്രയുമൊക്കെ ആക്കിയെടുത്തത്.
ജോലിഭാരം കുറച്ച് അല്പമൊന്നു 'സ്ലോ ഡൗണ്‍' ചെയ്യാന്‍ അവളോടു പലതവണ പറഞ്ഞു നോക്കിയതാണ്.
വിശേഷിച്ചും സന്ധ്യയുടെ വിവാഹം കൂടി. കഴിഞ്ഞ സ്ഥിതിക്ക്. അവള്‍ കേള്‍ക്കേണ്ടേ? ശീലമായിപോയതുകൊണ്ട് വെറുതെയിരിക്കാന്‍ വയ്യപോലും മനസ്സിനു സ്വസ്ഥത കിട്ടുന്നതു ജോലി ചെയ്യുമ്പോഴാണത്രെ!
ഫോണ്‍ ബെല്ലടിച്ചു.
“ഹലോ.”
“ഡാഡ്, ഇതു ഞാനാ.” അനിലിന്റെ ശബ്ദം. “ആരെങ്കിലും വീട്ടിലുണ്ടോ എന്നറിയാന്‍ വിളിച്ചതാ.”
“എന്താ എന്തു പറ്റി?”
“ഞാനങ്ങോട്ടു വരികയാ. കാറില്‍നിന്നാ വിളിക്കുന്നത്. താക്കോല്‍ എടുക്കാന്‍ മറന്നു.”
“ങാ, വാ, ഞാനിവിടെത്തന്നെ കാണും.”
“സീ യു. ബൈ.” ഫോണ്‍ ഡിസ്‌കണക്റ്റു ചെയ്യുന്ന ശബ്ദം.
അനില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസം മാറിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അതാണത്രെ സൗകര്യം. പിന്നെ അമേരിക്കന്‍ രീതിവച്ച് പ്രായപൂര്‍ത്തിയായ മക്കള്‍ അച്ഛനമ്മമാരുടെ കൂടെത്തന്നെ കഴിയുന്നത് അല്പം കുറച്ചിലും ആണല്ലോ. വിശേഷിച്ചും മക്കള്‍ക്ക്.
സിറ്റിയില്‍ത്തന്നെയാകുമ്പോള്‍ യാത്രാസമയം കുറയ്ക്കാം എന്നു തുടങ്ങിയ കുറെ ന്യായീകരണങ്ങളും അവന്‍ നല്‍കിയിരുന്നു.
ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ടവന്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രിയെടുത്ത ഉടനെതന്നെ ഒരു ഫൈനാന്‍സ് കമ്പനിയില്‍ ജോലിയായി.
ഫൈനാന്‍ഷ്യല്‍ പ്ലാനിങ് രംഗത്ത് ഇനിയും കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.
ജോലി കിട്ടിയതോടെ ഒന്നുകൂടി പക്വത വന്നതുപോലെ. അനില്‍ അല്ലെങ്കിലും മറ്റു കുട്ടികളെപ്പോലെ ആയിരുന്നില്ല. ചെറുപ്പത്തിലേ ഉത്തരവാദിത്വബോധമൊക്കെ ഉണ്ടായിരുന്നു.
പക്ഷേ ഒരു കാര്യം തന്നെ വല്ലാതെ അലട്ടുന്നു. അനിലിന് ഒരു ഗേള്‍ഫ്രണ്ടുണ്ട്. അമേരിക്കന്‍ ഇന്ത്യക്കാരി. നേറ്റീവ് അമേരിക്കന്‍. മുമ്പുണ്ടായിരുന്ന മറ്റു പല ഫ്രണ്ട്ഷിപ്പുംപോലെ ഇതെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെയല്ലെന്ന് ഈയിടെ മനസ്സിലായി. റോസമ്മയോട് എല്ലാം പറഞ്ഞിരിക്കുന്നു. ഒരു വര്‍ഷത്തിനകം വിവാഹിതരാകാന്‍ ഉദ്ദേശമുണ്ടത്രെ, ആ കുട്ടിയുടെ പഠിത്തം കഴിഞ്ഞാലുടനം.
സോഫയില്‍ നിന്ന് എഴുന്നേറ്റ് ജനാലക്കര്‍ട്ടന്‍ വകഞ്ഞ് പുറത്തേക്കു നോക്കി.
ശൈത്യകാലത്തിന്റെ ആരംഭം. ഇക്കൊല്ലം നേരത്തെ തന്നെ ഇലകലെല്ലാം പഴുത്തു. മേപ്പിള്‍ മരങ്ങളുടെ ഇലകളില്‍ കാറ്റു താളം പിടിക്കുന്നതുനോക്കി അല്‍പ്പനേരം നിന്നു.
ഡ്രൈവ് വേയില്‍ ഒരു കാറു വന്നുനിന്നു.
അനില്‍ കാറില്‍നിന്നിറങ്ങിവന്നതുകണ്ട് വാതിലിനടുത്തേക്കു നടന്നു.
“ഹായ് ഡാഡ്”, ശിശുസഹജമായ പുഞ്ചിരിപൊഴിച്ചുകൊണ്ട് അനില്‍.
പ്രത്യഭിവാദനമായി ചിരിച്ചു.
എതിരെയുള്ള സോഫയില്‍ ഇരുന്നുകൊണ്ട് അനില്‍ ചോദിച്ചു. “മമ്മിയില്ലേ ഇവിടെ?”
“ഇല്ല ഡ്യൂട്ടിയിലാ.”
അനിലിന്റെ മുഖഭാവത്തില്‍ എന്തോ പന്തികേടു തോന്നി.
“എന്താ എന്തുപറ്റി?”
“ഒന്നുമില്ല.” അനില്‍ നിശ്ശബ്ദനായി.
എന്തോ പ്രശ്‌നമുണ്ട്, തീര്‍ച്ച.
“സന്ധ്യയെ പിന്നെ വിളിച്ചോ?” അനില്‍ പെട്ടെന്നു ചോദിച്ചു.
“രണ്ടു ദിവസം മുമ്പ് സംസാരിച്ചിരുന്നു. അവര്‍് ഊട്ടിക്കു പോകുകയാണെന്നു പറഞ്ഞു. ഒരാഴ്ചത്തെ പ്രോഗ്രാം ഉണ്ടെന്നും പറഞ്ഞു.”
പെട്ടെന്ന് അവന്റെ മുഖം ഇരുളുന്നതു ശ്രദ്ധിച്ചു. തന്റെ നേരെ തറപ്പിച്ചു നോക്കിയിട്ട് മുഖം തിരിച്ചു.
“അവള്‍ ഊട്ടിക്കൊന്നും പോയിട്ടില്ല.”
അനില്‍ ജനലിനു നേരെ നോക്കിക്കൊണ്ടു പറഞ്ഞു. “ഇന്നു രാവിലെ എന്നെ വിളിച്ചിരുന്നു.”
“എന്താ എന്തുണ്ടായി?”
“ഒന്നും വിശദമായി പറഞ്ഞില്ല. അനില്‍ തെല്ലിട നിര്‍ത്തി. എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്.”
അവന്റെ നോട്ടം നേരിടാനാകാതെ കുനിഞ്ഞിരുന്നു.
ഈ വിവാഹത്തിന് ഏറ്റവുമധികം എതിര്‍പ്പു പ്രകടിപ്പിച്ചത് അനിലായിരുന്നു.
“അവള്‍ വേറൊന്നും പറഞ്ഞില്ലേ?”
“ഇല്ല. സുഖമില്ലാത്തതുകൊണ്ടാണ് യാത്ര മാറ്റിവെച്ചതെന്നു പറഞ്ഞു.” അനില്‍ വീണ്ടും അല്പസമയം നിശ്ശബ്ദനായി. “പക്ഷേ, എനിക്കു തോന്നുന്നത്…”
വാക്കുകള്‍ മുഴുമിപ്പിക്കാതെ അനില്‍ എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു. “ഡാഡിക്കു കുടിക്കാനെന്തെങ്കിലും വേണോ?”
“വേണ്ട.”
ഇനി എന്താണു ചോദിക്കുക? എന്തായിരിക്കും സന്ധ്യയുടെ പ്രശ്‌നം?
വിവാഹശേഷം അവളൈ തിരികെ തങ്ങളോടൊപ്പം കൊണ്ടുവരാമെന്നായിരുന്നു ആദ്യത്തെ പ്ലാന്‍. എന്നാല്‍, വിനോദിന് അവള്‍ കുറെ ദിവസം കൂടെ നില്‍ക്കണമെന്നു താല്പര്യം. വിസകിട്ടി അമേരിക്കയിലെത്താന്‍ എന്തായാലും ആറുമാസമെങ്കിലും എടുക്കും. അങ്ങനെ എല്ലാവരുടെയും താല്പര്യത്തിനുവേണ്ടി മോളെ നാട്ടില്‍ വിട്ടിട്ടു പോരാന്‍ തീരുമാനിച്ചു.
കൂടുതല്‍ വിഷമം റോസമ്മയ്ക്കായിരുന്നു. വിഷമമല്ല, നിസ്സഹായത.
“ഇനിയും റിലാപ്‌സ് ആയാലോ.”
അവള്‍ അന്നു രാത്രി തന്നോടു ചോദിച്ചിരുന്നു. “എനിക്കാകെ പേടിയാകുന്നു.”
തികച്ചും ന്യായമായ പേടി. റീഹാബിലിറ്റേഷന്‍ ട്രീറ്റ്‌മെന്റ് പൂര്‍ത്തിയാകും മുമ്പായിരുന്നു നാട്ടിലേക്കുള്ള യാത്രയും വിവാഹവും. പൊടുന്നനെയുള്ള മാറ്റം! പൊരുത്തപ്പെടാനവള്‍ക്ക് കഴിയുമോ? കഴിഞ്ഞതൊക്കെ മറന്ന്…!
“നമ്മള്‍ ചെയ്യാനുള്ളതു ചെയ്തു. ഇനിയെല്ലാം ദൈവത്തിന്റെ കൈയില്‍.” സാന്ത്വനിപ്പിക്കാനായി പറഞ്ഞു.
തിരികെയെത്തിയിട്ട് പത്തുദിവസമായി. ഒരാഴ്ചകൂടി കഴിഞ്ഞേ സന്ധ്യ തിരികെ വരികയുള്ളൂ.
ആപ്പിള്‍ ജ്യൂസ് നിറച്ച് ഗ്ലാസുമായി അനില്‍ വീണ്ടും സോഫയിലിരുന്നു.
“ഇത്ര പെട്ടെന്ന് എല്ലാം ചെയ്തത് വലിയ തെറ്റായിപ്പോയെന്നു തോന്നുന്നു.” അനില്‍ പറഞ്ഞു.
ഇത് അവന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. അതില്‍ കാര്യമില്ലാതില്ല.
സന്ധ്യയെ രക്ഷിക്കാന്‍ ഈ ഒറ്റ വഴിയേ ഉള്ളൂവെന്ന് എല്ലാവരും കൂടിചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു. അവളും അതിനോട് അനുകൂലിക്കയാണ് ചെയ്തത്. അത് അല്പം അവിശ്വസനീയമായി തോന്നുകയും ചെയ്തിരുന്നു.
“ഇനിയിപ്പോ നമുക്കെന്തു ചെയ്യാന്‍ പറ്റും?”
നിസ്സഹായനായി ചോദിച്ചു.
“ഡാഡി, ഇനിയിപ്പോള്‍ എന്തിനാ ഈ ചോദ്യം ചോദിക്കുന്നെ? ഞാനെത്ര പറഞ്ഞതാ എടുപിടീന്ന് ഈ വിവാഹം നടത്തേണ്ടെന്ന്?”
“മോനേ ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ?”
“മകന്റെ മുഖത്തേക്കു ഉറ്റുനോക്കി. അവള്‍ വേറെന്താ പറഞ്ഞത്?”
“ഡാഡിക്കറിയുമോ അവള്‍ എന്തു ടെന്‍ഷനിലാണെന്ന്. “അനില്‍ മുന്നോട്ടാഞ്ഞിരുന്നു. ഞാന്‍ മമ്മിയോട് ഇതേപ്പറ്റി സംസാരിച്ചിരുന്നു.”
“എന്തിനേപ്പറ്റി?”
“നിങ്ങളുടെ രണ്ടുപേരുടെയും മാനം കാക്കാന്‍ വേണ്ടി മാത്രമാ അവളീ വിവാഹത്തിന് തയ്യാറായത്.”
അനില്‍ ക്ഷോഭിക്കുകയാണ്.
ഡോര്‍ബെല്‍ അടിക്കുന്നതുകേട്ട് ചെറുതായൊന്നു ഞെട്ടി.
അനില്‍ എഴുന്നേറ്റ് വാതില്‍ തുറന്നു.
വര്‍ക്കിച്ചന്‍. രണ്ടുപേരുടെയും മുഖത്ത് വര്‍ക്കിച്ചന്‍ ചോദ്യഭാവത്തില്‍ നോക്കി.
“വര്‍ക്കിച്ചന്‍ ഇരിക്ക്.”
സ്വരം കഴിയുന്നത്ര സ്വാഭാവികമാക്കി പറഞ്ഞു.
അനില്‍ മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി പറഞ്ഞു: “എന്റെ കുറെ ബുക്‌സ് എടുക്കാനുണ്ട്.”
“വര്‍ക്കിച്ചന്‍ ഇരിക്ക്. ഞാന്‍ ഉടനെ വരാം.”
അങ്കലാപ്പോടെ മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി.