ചെരിപ്പു വാങ്ങാറായപ്പോള്‍ പതിവുപോലെ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തെക്കു
ഭാഗത്തുള്ള സി ആര്‍ ജോസഫ് ലെതര്‍ മര്‍ച്ചന്റ്‌സിലേയ്‌ക്ക് പോവാമെന്നു വെച്ചു.
ഫുട്‌പാത്തിലൂടെ കട ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. പക്ഷേ എനിയ്‌ക്ക് കട
കണ്ടെത്താനായില്ല. അകലെ നിന്ന് കടയുടെ ബോര്‍ഡ് കണ്ടതാണ്. കടയുടെ സ്ഥാനം
കടന്നുപോയപ്പോള്‍ ഞാന്‍ തിരിച്ചു നടന്നു. അപ്പോഴും കണ്ടെത്താനായില്ല.
റോഡിലേയ്‌ക്കിറങ്ങി ബോര്‍ഡിന്റെ സ്ഥാനം ഉറപ്പിച്ച് ചെന്നു. അപ്പോള്‍ ആ കട
നിന്നിരുന്ന സ്ഥാനത്ത് രണ്ടു ചെറിയ കടകള്‍. ഒന്നില്‍ ചെരിപ്പുകള്‍
കൂട്ടിയിട്ടിരിയ്‌ക്കുന്നു. മറ്റേതില്‍ പലതരം ബാഗുകള്‍
കെട്ടിത്തൂക്കിയിരിയ്‌ക്കുന്നു. രണ്ടിന്റേയും നടുവില്‍ വലിച്ചു കെട്ടിയ ബാനറില്‍
`കട കാലിയാക്കുന്നു' എന്ന് വലിയ അക്ഷരത്തില്‍.
കഥ തുടരുന്നതിനു മുമ്പ്
ഒന്നു പറയട്ടെ: ഏകദേശം രണ്ടു കൊല്ലം മുമ്പ് ഈ പംക്തിയില്‍ തൃശ്ശൂരിലെ ഒരു
ചെരിപ്പുകടയേക്കുറിച്ച് എഴുതിയിരുന്നു. സി ആര്‍ ജോസഫ് ലെതര്‍ മര്‍ച്ചന്റ്‌സ്
എന്ന കടയായിരുന്നു അത്. അതിന്റെ ഉടമസ്ഥനും എടുത്തുകൊടുപ്പുകാരനും
ജോസുമാരായിരുന്നു. സമപ്രായക്കാര്‍. എടുത്തുകൊടുപ്പുകാരന്‍ ജോസ് ഉടമസ്ഥന്‍ ജോസിന്റെ
അപ്പന്റെ കാലം തൊട്ടേ കടയിലുണ്ട്. അയാളുടെ ജീവിതം എന്നാല്‍ ആ
ചെരിപ്പുകടയായിരുന്നു.
ഇനി കഥ തുടരാം.
ചെരിപ്പുകടയില്‍ നല്ല
തിരക്കുണ്ട്. കൗണ്ടര്‍ ഇല്ല. അവിടെയെങ്ങും ജോസുമാരും ഇല്ല. എടുത്തുകൊടുക്കാന്‍
നില്‍ക്കുന്ന മൂന്നു ചെറുപ്പക്കാരില്‍ ഒന്ന് ഒരു പെണ്‍കുട്ടിയാണ്. ആ കുട്ടി എന്റെ
സഹായത്തിനെത്തി. മൂന്നു നാലു കൂമ്പാരമായി ഇട്ടിട്ടുള്ള ചെരിപ്പുകള്‍ക്കു മുകളില്‍
ഓരോ വിഭാഗത്തിന്റേയും വില എഴുതി കെട്ടിത്തൂക്കിയിരിയ്‌ക്കുന്നു. നൂറ്റമ്പതു മുതല്‍
മുന്നൂറു വരെയാണ് നിലവാരം. മടിശ്ശീലയുടെ കനം അനുസരിച്ച് ഏതു വേണമെങ്കിലും
തിരഞ്ഞെടുക്കാം.
അറിയാവുന്ന രണ്ടോ മൂന്നോ ബ്രാന്‍ഡ് അന്വേഷിച്ചപ്പോള്‍
അതൊന്നും അക്കൂട്ടത്തിലില്ല. ഇതുവരെ കേട്ടിട്ടില്ലാത്ത ചില പേരുകള്‍. ഒറ്റ
നോട്ടത്തില്‍ ഒന്നും എനിയ്‌ക്കു പിടിച്ചില്ല. കടയ്‌ക്കു പുറത്തേയ്‌ക്കു
കടക്കുമ്പോള്‍ `സാറിനൊന്നും വേണ്ടേ' എന്നുചോദിച്ച് പെണ്‍കുട്ടി പിന്നാലെ വന്നു.
നേരിയ ഒരു ചിരിയില്‍ മറുപടി ഒതുക്കി ഞാന്‍ഫുട്‌പാത്തിലെത്തി.
ഇനി ഏതു
കടയില്‍ പോവണം? ഫുട്‌പാത്തില്‍ രണ്ടു നിമിഷം ഞാന്‍ നിന്നു. അപ്പോള്‍ രണ്ടു
കടയ്‌ക്കപ്പുറം മറ്റൊരു ചെരിപ്പു കട കണ്ടു. ഞാന്‍ അവിടേയ്‌ക്കു കയറിച്ചെന്നു. ചെറിയ
കടയാണ്. സി ആര്‍ ജോസഫിന്റെ മൂന്നിലൊന്നു വലിപ്പമേയുള്ളു. കടയില്‍
വാങ്ങാനെത്തിയവര്‍ ആരുമുണ്ടായിരുന്നില്ല. ഏകദേശം അറുപതു വയസ്സു തോന്നിയ്‌ക്കുന്ന
ഒരാള്‍ എന്നെ എതിരേറ്റു. ഏതു വേണമെന്ന് ആരാഞ്ഞു. നല്ല ഉയരമുള്ള ആള്‍. ഏറ്റവും
മുകളിലത്തെ തട്ടിലിരിയ്‌ക്കുന്ന ചെരിപ്പുകള്‍ കൂടി അനായാസം എടുക്കാനാവുന്നുണ്ട്
അയാള്‍ക്ക്. ചില മോഡലുകള്‍ അയാള്‍ എനിയ്‌ക്കെടുത്തു തന്നു. അവയില്‍പരിചയമുള്ള ചില
ബ്രാന്‍ഡുകള്‍ ഉണ്ട്. മൂന്നു മിനിട്ടിനുള്ളില്‍ എനിയ്‌ക്ക് ഇഷ്ടപ്പെട്ട മോഡല്‍
കിട്ടി.
ബില്ല് എഴുതുന്നതിനിടയില്‍ ജോസുമാരുടെ കടയ്‌ക്ക് എന്തു സംഭവിച്ചു
എന്ന് ഞാന്‍ ഉടമസ്ഥനോട് അന്വേഷിച്ചു.
`ഒന്നും പറേണ്ട മാഷേ,'
ബില്ലെഴുതുന്നത് നിര്‍ത്തി അയാള്‍ പറഞ്ഞു. `ഞാന്‍ പറഞ്ഞതാ ജോസേട്ടനോട്.
ആവുംകാലത്ത് വന്നോ, വീട്ടിലിരിപ്പായ്യാ പിന്നെ ആരും തിരിഞ്ഞ് നോക്കാന്‍
ഇണ്ടാവില്യാന്ന്. അപ്പൊ ജോസേട്ടന്‍ പറഞ്ഞതെന്താന്നറിയ്വോ, സൈമാ, എനിയ്‌ക്ക്
മടുത്തു. മക്കള്‍ക്ക് ഒരു താല്‍പര്യോം ഇല്യ. പിന്നെ മറ്റേ ജോസിനു വേണ്ടീട്ടാ ഇദ്
വരെ വന്നേര്‍ന്നത്. അവന് വയ്യാണ്ടായപ്പോ തോന്നി, ഇനി ഞാനായിട്ട് എന്തിനാ ഇവടെ
വന്നിരിയ്‌ക്കണേന്ന്.'
`മറ്റേ ജോസിന് എന്താ പറ്റീത്?' ഞാന്‍ ആരാഞ്ഞു.
`അതെനിയ്‌ക്കും സൂക്ഷായിട്ട് അറീല്യ,' എഴുതിക്കഴിഞ്ഞ ബില്ല് എനിയ്‌ക്കു
നേരെനീട്ടി സൈമണ്‍ പറഞ്ഞു. `വയസ്സായില്യേ, അപ്പൊ എന്തെങ്കില്വൊക്കെ
ഇല്യാണ്ടിരിയ്‌ക്ക്വോ?'
`അപ്പൊ ആ കട അവര്
വിറ്റൂല്ലേ?'
`വിറ്റിട്ടൊന്നൂല്യ, ദിവസവാടകയ്‌ക്ക് കൊടുത്തിരിയ്‌ക്ക്‌ാ,'
പണം എണ്ണുന്നതു നിര്‍ത്തി സൈമണ്‍ മുഖമുയര്‍ത്തി: `അവടെ പോയ്യേര്‍ന്ന്വോ മാഷ്?'
അവിടെ കണ്ട കാര്യങ്ങള്‍ ഞാന്‍ സൈമണെ അറിയിച്ചു.
`അതാ ഇപ്ലത്തെ ട്രെന്‍ഡ്'
സൈമണ്‍ പറഞ്ഞു. `എവിടന്നെങ്കിലും കൊറേ
വെട്ടിക്കൂട്ട് സാമാനങ്ങള് കൊണ്ടു
വന്ന് എറക്കും. ഒന്ന്‌മ്മ്‌ലും വെല കാണിച്ച്‌ണ്ടാവില്യ. അപ്പപ്പൊ വായേല് വരണതാണ്
വെല. കിട്ടണോരക്ക് വല്യെ ലാഭാന്ന് തോന്നും. പക്ഷേ കാര്യല്യ. എന്തെങ്കിലും
കംപ്ലെയിന്റ് വന്നാ പെട്ടു. കഴിഞ്ഞ ആഴ്‌ച ഒര് പോലീസ്‌കാരന്‍മ്മടെ കടേല് വന്നു.
അയാളടെ കയ്യില് രണ്ട് ചെരിപ്പ്‌ണ്ട്. രണ്ടും വലത്തെ കാലിമ്മ്‌ല്‌യ്‌ക്ക്‌ള്ളത്.
ഇവിടന്നു വാങ്ങീതാന്ന് പറഞ്ഞ്‌ട്ടാ പോലീസ്‌കാരന്റെ വരവ്. ബില്ലു കാണിയ്‌ക്കാന്‍
പറഞ്ഞു. അപ്പൊ അയാളടെ കയ്യില് ബില്ലില്യ. മ്മള് ഇദ് വരെ ഒരു ചെരിപ്പ് പോലും
ബില്ലില്യാണ്ട് വിറ്റിട്ടില്യ. പോലീസ്‌കാരന്‍ മറ്റേ കടേന്ന് വാങ്ങീതാ. അവടെ
ചെന്നപ്പൊ തലേന്ന് കണ്ട ചെക്കമ്മാരൊന്നും അല്ല. ഡെയ്‌ലിക്കാരല്ലേ. അവര് എപ്പൊ
വേണംച്ചാ മാറും. നാളെ അവടെത്തന്നെ ഇണ്ടായിക്കോളണം എന്ന് ഒരു ഗാരന്റീം ഇല്യ.
അന്നന്നത്തെ കാര്യേള്ളു അവര്‍ക്ക്.'
എന്റെ കാലിലെ ചെരിപ്പിലേയ്‌ക്കു നോക്കി
സൈമണ്‍ ചോദിച്ചു: `ഇദ് ഇപ്പൊ ഇഡ്‌ണ്ടാ, അതോ പാക്ക് ചെയ്യണാ?'
കാലിലെ
ചെരിപ്പ് ചെറുതായി പൊട്ടിയിട്ടുണ്ട്. ഫുട്‌പാത്തില്‍ ഇരിയ്‌ക്കുന്ന ഏതെങ്കിലും
ചെരിപ്പുകുത്തിയേക്കൊണ്ട് നേരെയാക്കിയ്‌ക്കാം. ഞാന്‍ പുതിയ
ചെരിപ്പെടുത്ത്‌കാലിലിട്ട് പഴയത് പാക്ക് ചെയ്യാന്‍
കൊടുത്തു.
`അത്രയ്‌ക്ക് കേടൊന്നൂല്യ' പഴയ ചെരിപ്പ് തിരിച്ചും മറിച്ചും
നോക്കി സൈമണ്‍ പറഞ്ഞു. `പറമ്പിലേയ്‌ക്കൊക്കെ ഇടാം. ഏതെങ്കിലും ചെരുപ്പുത്ത്യോള്
നേരേക്കിത്തരും.' പെട്ടിയില്‍ പാക് ചെയ്യുന്നതിനിടിയില്‍ അയാള്‍ തുടര്‍ന്നു: ഇപ്പൊ
അവരുടെ വംശോംകുറ്റിയറ്റു തൊടങ്ങീട്ടാ. റവുണ്ടില് ഒന്നോ രണ്ടോ പേര് ഇപ്ലും
ഇണ്ട്‌ന്ന് തോന്ന്‌ണൂ. പക്ഷേ നല്ല റേറ്റണ്. ഭേദം പുദ്യേ ചെരിപ്പ് വാങ്ങ്‌ാന്ന്
തോന്നും.
പെട്ടിയിലാക്കിയ ചെരിപ്പ് ഒരു പ്ലാസ്റ്റിക് ഉറയിലിട്ട്
എനിയ്‌ക്കു നീട്ടി സൈമണ്‍തുടര്‍ന്നു: `ഇപ്ലത്തെ കുട്ട്യോള്‍ക്ക് ഇതൊന്നും വശല്യ.
കേട് വന്നാ വലിച്ചെറീം. പുദീദ്‌വാങ്ങും. കാര്യം നമ്മള്‍ക്ക് നല്ലതാ. എന്നാലും പണം
ധൂര്‍ത്തടിയ്‌ക്കണ കാണാന്‍ നമ്മക്ക് ഇപ്ലും ഇഷ്ടല്യ.'
ഉറ വാങ്ങി
കയ്യില്‍ത്തൂക്കി ഞാന്‍ പുറത്തിറങ്ങി. ഇവിടെ നില്‍ക്കുമ്പോള്‍ഫുട്‌പാത്തിലേയ്‌ക്ക്
ഇറങ്ങിനിന്ന് ആളുകളെ മാടിവിളിയ്‌ക്കുന്ന ചെറുപ്പക്കാരെ കാണാനുണ്ട്.. അവരുടെ
തലയ്‌ക്കു മുകളില്‍ സി ആര്‍ ജോസഫ് ലെതര്‍ മര്‍ച്ചന്റ്‌സ് എന്ന
ബോര്‍ഡുംകാണാനുണ്ട്. ഇവിടെനിന്നു നോക്കുമ്പോള്‍ ബോര്‍ഡിനു കുറച്ചു പഴക്കം
തോന്നിയ്‌ക്കുന്നുണ്ടോ എന്നൊരു സംശയം.
അഞ്ചു കൊല്ലം കഴിഞ്ഞാല്‍ സി ആര്‍
ജോസഫ് ലെതര്‍ മര്‍ച്ചന്റ്‌സ് തുടങ്ങിയിട്ട് നൂറു കൊല്ലം തികയും. ശതാബ്‌ദി
ആഘോഷിയ്‌ക്കുന്നില്ലേ എന്ന് അന്നു ചോദിച്ചപ്പോള്‍ ജോസിന് വലിയ ഉറപ്പൊന്നും
ഉണ്ടായിരുന്നില്ല. ഒരുപക്ഷേ കട അവസാനിപ്പിയ്‌ക്കാന്‍ അന്നു തന്നെ ജോസ്
തീരുമാനിച്ചിരുന്നുവോ?
മാഷേ, ജോസേട്ടന്റെ കച്ചോടം അധികകാലം ഇണ്ടാവില്യാന്ന്
ഇനിയ്‌ക്ക് അറിയായിരുന്നു, എന്റെ ഒപ്പം ഫുട്‌പാത്തിലേയ്‌ക്ക് ഇറങ്ങിനിന്ന്
സൈമണ്‍ തുടര്‍ന്നു: മാഷ് സ്ഥിരായിട്ട് അവടന്ന് ചെരിപ്പ് വാങ്ങ്യേര്‍ന്നതല്ലേ.
എപ്ലെങ്കിലും രണ്ടു രൂപ ഡിസ്‌കൗണ്ട് തന്നിട്ട്‌ാ? 195 രൂപ 95 പൈസാന്ന് ബില്ല്
വന്നാ ആ തൊണ്ണൂറ്റഞ്ച് പൈസേം കണക്ക്‌പറഞ്ഞ് വാങ്ങും. വല്യെ എളവൊന്നും
കൊട്‌ത്ത്‌ട്ട്‌ള്ള കച്ചോടം വേണ്ടാന്നാ ജോസേട്ടന്‍പറയാറ്. ഇപ്ലത്തെ കാലത്ത്
അതൊക്കെ നടക്ക്വോ?സൈമണ്‍ന്റെ ബില്ല് ഞാന്‍ ശ്രദ്ധിച്ചിരുന്നു. 289 രൂപയുള്ള
ചെരിപ്പിന് 29 രൂപ ഇളവ് അനുവദിച്ച് 260 രൂപയാണ് എന്റെ കയ്യില്‍നിന്നു
വാങ്ങിയത്. ആദ്യമായാണ് ചെരിപ്പിന് ഡിസ്‌കൗണ്ട് കിട്ടുന്നത്.
മാനം
മര്യാദയ്‌ക്ക് കച്ചോടം ചെയ്യാന്‍ എള്‌പ്പല്ലാ ഇക്കാലത്ത്. എന്തെങ്കിലും
തട്ടിപ്പും വെട്ടിപ്പും വേണം. അല്ലാത്തോര്, ദേ, എന്നേപ്പോലെ ഇങ്ങനെ
ഇരിയ്‌ക്കേള്ളൊ.ജോസേട്ടന്റത്രയ്‌ക്ക് പഴക്കം ഇല്യാച്ചാലും ഈ കട തൊടങ്ങീട്ട്
ഇരുപത്തിരണ്ടു കൊല്ലായി.അന്ന് ഇത്രയ്‌ക്ക് ചെരിപ്പ് കടോളൊന്നും ഇല്യാ
റവുണ്ടില്. ഇപ്പൊ എത്രെണ്ണണ്ട്‌ന്നറിയ്വോ?പതിനാറെണ്ണം. ഫുട്‌പാത്തില് കൂമ്പാരം
കൂട്ടിയിട്ട് നടക്കണ വെട്ടിക്കൂട്ട് കച്ചോടം വേറേം.പണ്ടത്തേപ്പോലെ ചെരിപ്പ്‌ന്
ഒറപ്പു വേണംന്നൊന്നും ആരക്കും നിര്‍ബന്തല്യ. പുദ്യേചെരിപ്പ് നാലാളെ കാണിയ്‌ക്കണം.
അവരേക്കൊണ്ട് നന്നായിണ്ടലോന്ന് പറയിയ്‌ക്കണം. അദിന് കാണാന്‍ നല്ല ഭങ്ങി വേണം.
അത്രന്നെ.
സൈമണോട് യാത്ര പറഞ്ഞ് ഞാന്‍ എം ഒ റോഡിലേയ്‌ക്കു തിരിഞ്ഞു.
ഭാഗ്യം,അവിടെ ഒരു ചെരിപ്പുകുത്തി ഇരിയ്‌ക്കുന്നുണ്ട്. കടലാസ്സു പെട്ടിയില്‍നിന്ന്
പൊട്ടിയ ചെരിപ്പെടുത്ത് ഞാന്‍ അയാള്‍ക്കു നീട്ടി. ചെരിപ്പ് തിരിച്ചും മറിച്ചും
നോക്കി അയാള്‍ മുഖമുയര്‍ത്തി: `നാല്‍പതു രൂപയാവും.'
തലയാട്ടി ഞാന്‍ അനുമതി
കൊടുത്തപ്പോള്‍ അയാള്‍ നൂലും സൂചിയും കയ്യിലെടുത്തു.
ആളുകള്‍ ജോലി കഴിഞ്ഞ്
വീട്ടിലേയ്‌ക്കു മടങ്ങുന്നതിന്റെ തിരക്കാണ് ഫുട്‌പാ ത്തില്‍. തിരക്കിട്ടു നടന്നു
പോവുമ്പോഴും ആളുകള്‍ തൊട്ടടുത്തുള്ള കടയെത്തുമ്പോള്‍ വേഗം കുറയ്‌ക്കുന്നുണ്ടല്ലോ
എന്ന് ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാന്‍ എത്തിച്ചു നോക്കി. അത്ര വലുതല്ലാത്ത
ഒരു തുണിക്കടയാണ്. വിവിധതരത്തിലുള്ള റെഡിമേയ്‌ഡ് ഉടുപ്പുകള്‍
തൂക്കിയിട്ടിരിയ്‌ക്കുന്നു. വാങ്ങാനെത്തിയവരേക്കൊണ്ട് കടയ്‌ക്കുള്ളില്‍ നിന്നു
തിരിയാന്‍ ഇടമില്ല. എങ്കിലും അകത്തേയ്‌ക്കു കയറാന്‍ തിരക്കു കൂട്ടുകയാണ് പുറത്തു
നില്‍ക്കുന്നവര്‍. അവരേക്കൊണ്ട് ഫുട്‌പാത്തില്‍ ചെറിയ തോതില്‍ യാത്രാതടസ്സമുണ്ടാവു
ന്നുണ്ട്. അവരെ നിയന്ത്രിയ്‌ക്കാന്‍ ഒരു ചെറുപ്പക്കാരന്‍ പുറത്തു
നില്‍ക്കുന്നുണ്ടെങ്കിലും അതത്ര ഫലപ്രദമാവുന്നില്ല.
അപ്പോഴാണ് കടയ്‌ക്കു
പുറത്തുള്ള ബാനര്‍ ഞാന്‍ ശ്രദ്ധിച്ചത്. `CLEARANCE SALE? എന്ന് വലിയ അക്ഷരത്തില്‍
അതില്‍ എഴുതി വെച്ചിട്ടുണ്ട്. താഴെ മലയാളത്തില്‍ `വമ്പിച്ച ആദായവില്‍പന'
എന്നും.
ഫുട്‌പാത്തിന്റെ അരികിലേയ്‌ക്ക് ഒതുങ്ങി നിന്ന് ഞാന്‍ ചെരിപ്പ്
നേരെയാക്കിക്കിട്ടാന്‍ കാത്തു.