ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളം പത്രത്തില്‍
പ്രസിദ്ധീകരിച്ചതാണീ നോവല്‍. ഇതിലെ ഇതിവൃത്തത്തിന് ഇപ്പോഴും
കാലികപ്രസക്തിയുള്ളതുകൊണ്ട് ഒരു പുനര്‍വായനയ്ക്കായി ഈ കൃതി ഞങ്ങള്‍
സമര്‍പ്പിക്കുന്നു.
മൂന്ന്
ഓ മൈ ഗോഡ്!
ചെറിയ ഒരലര്‍ച്ചയോടെ റോസമ്മ ഞെട്ടിയുണര്‍ന്നു. നെറ്റി തടവി. ഗീറ്റ്‌ബെല്‍റ്റ് ഇട്ടിരുന്നിട്ടും മുഖം സ്റ്റിയറിംഗില്‍ ചെന്നിടിച്ചുവെന്നു തോന്നി.
ഏറ്റവും വലിയ പേടിസ്വപ്നം, വാഹനാപകടം.
നാശം! ബ്ലൈന്‍ഡ് സ്‌പോട്ട്!
ഇപ്പോഴും ശരീരം വിറയ്ക്കുന്നു. കട്ടിലില്‍ എഴുന്നേറ്റിരുന്നു.
ഡ്രൈവിങ് പഠിച്ച നാള്‍ മുതല്‍ വളരെ ശ്രദ്ധിച്ച് കരുതലോടെ മാത്രം ചെയ്യുന്ന സംഗതിയാണ് ലെയ്ന്‍ മാറല്‍. ഒരു ലെയ്‌നില്‍ നിന്ന് അുെത്തതിലേക്കു കയറുമ്പോള്‍ ഉണ്ടാകാവുന്ന ബ്ലൈന്‍ഡ് സ്‌പോട്ട് എന്നും അങ്കലാപ്പുണ്ടാക്കിയിരുന്നു. അതായത്, തിരിയേണ്ടതിനനുസരിച്ച് ഇടത്തോട്ടോ വലത്തോട്ടോ സിഗ്നല്‍ ഇടുന്നു. എന്നിട്ട് റിയര്‍വ്യൂ മിററിലും സൈഡ്‌വ്യൂമിററിലും നോക്കി തിരിയേണ്ട ലെയ്‌നില്‍ അടുത്ത് വാഹനങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നു. എല്ലാം ഭദ്രമാണെന്നു കണ്ട് തിരിയുന്നു. അപ്പോഴായിരിക്കും നമ്മുടെ ദൃഷ്ടിപഥത്തില്‍പ്പെടാതെ ഒരു വാഹനം സൈഡില്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത്. ബ്ലൈന്‍ഡ് സ്‌പോട്ട്. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ അപകടം നടന്നിരിക്കും എത്ര തവണ ഇതു സ്വപ്നം കണ്ടിരിക്കുന്നു.
ബ്ലൈന്‍ഡ് സ്‌പോട്ട് ഒഴിവാക്കാനുള്ള പണി, മിററില്‍ നോക്കുന്നതു കൂട്ടാക്കാതെ തലയല്പം തിരിച്ച് വശത്തേക്കു നോക്കി ഭദ്രത ഉറപ്പു വരുത്തുക എന്നുള്ളതാണ്. അങ്ങനെ ഉറപ്പു വരുത്താന്‍ തുനിഞ്ഞപ്പോഴാണ് തന്റെ ജീവിതത്തില്‍ ആദ്യത്തെ അപകടം ഉണ്ടായത്. മുമ്പില്‍ ഉണ്ടായിരുന്ന വണ്ടി പെട്ടെന്ന് സ്ലോചെയ്തു. താന്‍ കൊണ്ടുചെന്ന് ഇടിക്കുകയും ചെയ്തു. രണ്ടുകൂട്ടര്‍ക്കും പരിക്കൊന്നും പറ്റിയില്ല. ഓഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായത് ഇന്‍ഷുറന്‍സ് കമ്പനി കൈകാര്യം ചെയ്തു. പ്രീമിയം കൂടിയെന്നതു മാത്രം.
ഈ ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് സ്വപ്നം. കാണുന്നതൊക്കെ മനസ്സില്‍ കൂടുതല്‍ ചിന്താക്കുഴപ്പം ഉണ്ടാകുന്ന അവസരങ്ങളിലാണ്.
അലാറം ക്ലോക്കിലേക്കു നോക്കി. മണി പത്ത് അമ്പത്തിയഞ്ച്. എട്ടുമണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. മൂന്നുമണിക്കൂര്‍ പോലും ഉറങ്ങിയില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഏഴര കഴിഞ്ഞിരുന്നു. പതിനൊന്നുമണിക്ക് അലാറം സെറ്റ് ചെയ്തിട്ടാണ് ഉറങ്ങാന്‍ കിടന്നത്.
ഇന്ന് അനില്‍ കൂട്ടുകാരിയേയും കൊണ്ട് ലഞ്ചിനു വരും. അലാറം മുഴങ്ങി. കൈയെത്തിച്ച് അത് ഓഫ് ചെയ്തു.
അനിലും ഒഫീലിയായും ഒരുമണിയോടെ വരുമെന്നാണ് പറഞ്ഞത്. അപ്പോഴേക്കും എല്ലാ ശരിയാക്കണം.
അച്ചായന്‍ താഴെ പത്രവായനയില്‍ മുഴുകിയിരിക്കയായിരിക്കും. താന് കിടക്കാന്‍ വന്നപ്പോള്‍ നല്ല ഉറക്കമായിരുന്നു. അറിഞ്ഞതേയില്ല..
ഇന്നലെരാത്രി അറ്റ്‌ലാന്റിക്‌സിറ്റിക്ക് പോയിക്കാണും. കുറെ കാശും തുലച്ചുകാണും. ചിലപ്പോള്‍ വല്ലതും കിട്ടിയിരിക്കാനും മതി. നഷ്ടം വരാനാണു കൂടുതല്‍ സാദ്ധ്യത; മുന്‍കാല അനുഭവം അതാണല്ലോ. വര്‍ക്കിച്ചനും കാണുംകൂടെ. രണ്ടുപേരും കൂടി കാശും നഷ്ടപ്പെട്ട് തിരികെ വരുന്ന രംഗം ഓര്‍ത്ത് ഊറിച്ചിരിച്ചു.
മണി പതിനൊന്നഞ്ച്. എഴുന്നേറ്റ് മൂരിനിവര്‍ത്തി ബാത്‌റൂമിലേക്കു നടന്നു.
ഇന്ന് ഒഫീലിയായോടു കുറെ നേരം വര്‍ത്തമാനം പറയണം. ഇതിനുമുമ്പ് രണ്ട് അവസരങ്ങളിലേ അവന്‍ കൊണ്ടുവന്നിട്ടുള്ളൂ. അവന്റെ മറ്റ് കൂട്ടുകാരികളെപ്പോലെ വെറു ഫ്രണ്ട്ഷിപ്പാണെന്നാണ് ആദ്യം കരുതിയത്. ഇതങ്ങനെയല്ലെന്ന് ഈയിടെ തന്നോടു പറഞ്ഞു. അച്ചായന് വലിയ താല്‍പര്യമില്ല. ഇക്കാര്യം എടുത്തിടുമ്പോള്‍ പെട്ടെന്നു ദേഷ്യം നടിച്ച് വിഷയം മാറ്റും.
അനിലിന്റെ സ്വഭാവം വച്ചു നോക്കുമ്പോള്‍ കൂടുതല്‍ എതിര്‍ക്കാന്‍ പോകാതിരിക്കുന്നതാണു നല്ലത് എന്നകാര്യം അച്ചായനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്തായാലും സന്ധ്യമോളുടെ അനുഭവം വരില്ല എന്നുറപ്പുണ്ട്.
ആദ്യമായി പരിചയപ്പെട്ട ദിവസം ഓര്‍ത്തു. ഇതുപോലെ ഒരു ഞായറാഴ്ച നാലുമണിയോടെയാണ് അവളേയും കൂട്ടി അനില്‍ കയറിവന്നത്. താനും അച്ചായനും വീട്ടിലുണ്ടായിരുന്നു.
മീറ്റ് മൈ മോം ആന്റ് ഡാഡ്.”. അനില്‍ കുസൃതിച്ചിരിയോടെ പറഞ്ഞു.
“മീറ്റ് ലീ, മൈ ഫ്രണ്ട്.”
അവള്‍ തൊഴുതു, നേര്‍ത്ത പുഞ്ചിരിയോടെ. അന്തം വിട്ടുപോയി. എന്നിട്ട് മധുരമായി പറഞ്ഞു. “നൈസ് മീറ്റിങ് യൂ.”
“ഇവളുടെ മുഴുവന്‍ പേര് ഒഫീലിയോ എന്നാണ്. ഒഫീലിയാ സ്മിത്ത്. എല്ലാവരും ലീ എന്നു വിളിക്കുന്നു.”
ഒഫീലിയാ വീണ്ടും മന്ദഹസിച്ചു. രണ്ടു മനോഹരങ്ങളായ നുണക്കുഴികള്‍ അപ്പോഴാണു ശ്രദ്ധിച്ചത്.
അനിലിന്റേയും അവളുടെയും പെരുമാറ്റത്തില്‍ അന്നേ പ്രത്യേകത തോന്നിയിരുന്നു.
അച്ചായന് നിസ്സംഗതയായിരുന്നു.
പിന്നീട് ഇക്കാര്യം സംസാരവിഷയമായപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു.
“നീ ഇക്കാര്യത്തില്‍ അവനെ പ്രോത്സാഹിപ്പിക്കാനൊന്നും പോകണ്ട.”
“അതിനു ഞാനെന്തു ചെയ്യും?”
“അന്നേ ഞാന്‍ ശ്രദ്ധിച്ചതാ. നിനക്ക് ആ കുട്ടിയോടൊരു പ്രത്യേക മമത.” മറുപടിയൊന്നും പറഞ്ഞില്ല.
ഏതമ്മയ്ക്കാണ് മകന്‍ ഇത്ര നല്ലൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തുമ്പോള്‍ അല്പം കൗതുകം തോന്നാത്തത്?
ലീ അമേരിക്കന്‍ ഇന്ത്യന്‍ വംശജയാണ്. അതായത് കൊളംബസിന്റെ റെഡ് ഇന്ത്യന്‍. അമ്മ വഴിക്ക് നൂറുശതമാനം അമേരിക്കന്‍ ഇന്ത്യന്‍. അപ്പന്റെ അപ്പന്‍ സായിപ്പായിരുന്നുവത്രെ. അങ്ങനെയാണ് സ്മിത്ത് എന്ന പേരുവന്നത്.
തവിട്ടുനിറത്തിനും വെളുപ്പിനും ഇടയ്ക്കുള്ള, ആരോഗ്യം സ്ഫുരിക്കുന്ന തുടുത്ത നിറം. അഞ്ചടി മൂന്നിഞ്ചോളം ഉയരം. കഴുത്തറ്റം വെട്ടി നിര്‍ത്തിയ നല്ല കറുത്ത മുടി. സ്‌ത്രൈണത നിറഞ്ഞ സംസാരവും പെരുമാറ്റവും.
അവളോടു കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിച്ചുതുടങ്ങിയിട്ടു കുറേനാളായി. പരീക്ഷയുടെ തിരക്കായതുകൊണ്ട് അവള്‍ക്ക് ഇതുവരെ സമയം കിട്ടിയിരുന്നില്ല.
ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ താനാണ് എടുത്തത്.
“അനില്‍ ഈ സമയം വീട്ടില്‍ കാണുമെന്നാ പറഞ്ഞത്. ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും സ്വാദിഷ്ഠമായ ലഞ്ചു കഴിക്കാന്‍.” അവള്‍ മധുരസ്വരത്തില്‍ പറഞ്ഞു.
അതൊക്കെ അവന്‍ വെറുതെ പറയുന്നതാ. ജോലി കഴിഞ്ഞു വന്നിട്ട് അവനിഷ്ടപ്പെട്ട വിഭവങ്ങലൊന്നുമുണ്ടാക്കാന്‍ എനിക്കു നേരം കിട്ടാറില്ല.”
“എന്നാലും അനില്‍ എപ്പോഴും അമ്മയുടെ പാചകത്തെപ്പറ്റി പുകഴ്ത്തി പറയാറുണ്ട്.”
ഇന്ന് അവനിഷ്ടപ്പെട്ട കൊഞ്ചുകറിയും മരച്ചീനിയുമാണ് സ്‌പെഷല്‍ വിഭവങ്ങള്‍.
“ഗുഡ്‌മോണിങ് മാഡം,” താഴത്തെ നിലയിലേക്കിറങ്ങി വന്ന തന്നെ പത്രത്തില്‍ നിന്നു മുഖമുയര്‍ത്തി അച്ചായന്‍ അഭിവാദ്യം ചെയ്യുന്നു.
“കൂടുതല്‍ മണിയടിക്കേണ്ട. ഇന്നലെ രാത്രി എത്ര കാശു കളഞ്ഞു?”
“ഏയ്, ഒന്നും പോയില്ല, കുറെ കിട്ടുകയും ചെയ്തു.”
പ്രഭാതത്തിന്റെ നിഷ്‌ക്കളങ്കതയാര്‍ന്ന ചിരി.
“വേല മനസ്സിലിരിക്കട്ടെ എന്റെ കൊച്ചുങ്ങളുടെ അപ്പച്ചാ? ആ ചിരി കണ്ടാല്‍ അറിയാമല്ലോ. അണ്ടികളഞ്ഞ അണ്ണാന്റെ തനി ഛായ!”
ഭര്‍ത്താവ് അടുത്തേക്കു വരുന്നതറിഞ്ഞു.
“സത്യം പറ, ഇന്നലെ എത്ര പോയി?”
“നാല്പത്തിയാറു ഡോളര്‍.”
വീണ്ടും ഇളിഭ്യച്ചിരി.
“ആരായിരുന്നു കൂട്ടിന്?”
“വര്‍ക്കിച്ചന്‍, അങ്ങേര്‍ക്കാ കൂടുതല്‍ പോയത്. നൂറുഡോളറോളം.”
“പാവത്തിനെ അമ്മാമ്മ ശരിക്കൊന്നു പെരുമാറും.”
“അതിനെന്താ നീ എന്നേയും പെരുമാറിക്കോ.”
അച്ചായന്‍ ചേര്‍ന്നു നിന്നു.
ആ സുരക്ഷിതത്വത്തിന്റെ സാമീപ്യം ഒരു നിമിഷം ആനന്ദം പകര്‍ന്നു. അടുത്ത നിമിഷം ദേഷ്യം നടിച്ചു.
“ഒന്നു മാറിനില്ക്ക് മനുഷ്യാ, എനിക്കൊത്തിരി പണിയൊണ്ട്.”
“ഹും, പണി, എനിക്കും കുറെ പണികളൊക്കെ അറിയാം. എന്റെ റോസക്കുട്ടീ.”
“മൂക്കില്‍ പല്ലുവരാറായി. ഇനിയാ പണി.”
“കൂടുതല്‍ ചലഞ്ചു ചെയ്യേണ്ടാ പറഞ്ഞേക്കാം.” തോളിലൂടെ കൈയിട്ട് അടുപ്പിച്ച് പറഞ്ഞു.
“ഞാന്‍ ആ സ്വപ്നം വീണ്ടും കണ്ടു.”
“എന്താ, ബ്ലൈന്‍ഡ് സ്‌പോട്ടോ?” അച്ചായന്‍ പൊട്ടിച്ചിരിച്ചു.
“നിങ്ങളുടെ ഒരു കൊലച്ചിരി. ഇപ്പഴും വെറയല്‍ മാറിയിട്ടില്ല.”
“ഞാനുള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.” ഗൗരവം നിറഞ്ഞ ശബ്ദം. “അതും ബെഡ്‌റൂമില്‍ സുഖമായി ഉറങ്ങുമ്പോള്‍.”
വീണ്ടും പൊട്ടിച്ചിരി.
ഫോണ്‍ ബെല്ലടിച്ചു.
അച്ചായന്‍ കൈയെത്തി ഭിത്തിയിലെ ക്രാഡിലില്‍ നിന്ന് റിസീവര്‍ എടുത്തു.
“അതേടാ ഞാന്‍ തന്നെ.”
അനിലായിരിക്കും.
“നിന്നോടു സംസാരിക്കണമെന്ന്.” അച്ചായന്‍ ഫോണ്‍ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഹലോ, മോനെ.”
“ഹായ് മമ്മീ.”
“എപ്പഴാ നിങ്ങള്‍ വരുന്നെ?”
“ഒരു മണിയോടെ എത്താം. അപ്പോഴേ ലീ ഫ്രീയാകുകയുള്ളൂ.”
ഗേള്‍ഫ്രണ്ടിനെ മമ്മിയുടെയടുത്തേക്കു കൊണ്ടുവരുന്നതിന്റെ ആഹ്ലാദം അവന്റെ വാക്കുകളില്‍.
“മമ്മി സന്ധ്യയോടു സംസാരിച്ചോ?”
“ഇല്ല മോനെ, നീ വിളിച്ചിരുന്നോ?”
“ങാ, എന്തോ പ്രശ്‌നമുണ്ടെന്നു തോന്നുന്നു.”
ഉദ്വേഗം തോന്നി. “എന്താ എന്തുപറ്റി?” ഹൃദയമിടിപ്പോടെ ചോദിച്ചു.
“അവര്‍ ഹണിമൂണ്‍ട്രിപ്പ് വേണ്ടെന്നു വച്ചെന്ന്.”
“എന്താ കാരണം?”
“കൂടുതലൊന്നും പറഞ്ഞില്ല.”
ഒരു നിമിഷം നിശ്ശബ്ദത.
“മമ്മീ, ഞാന്‍ അങ്ങുവന്നിട്ട് കൂടുതല്‍ സംസാരിക്കാം. ഓക്കെ?”
“ഓക്കേ.”
ഫോണ്‍ തിരികെ വെച്ചു. ഭര്‍ത്താവിന്റെ മുഖം വിവര്‍ണ്ണമാകുന്നതു പ്രത്യേകം ശ്രദ്ധിച്ചു. “എന്താ അവന്‍ പറഞ്ഞെ?” അച്ചായന്‍ ചോദിച്ചു.
“മോള്‍ ഊട്ടിക്കു പോയിട്ടില്ലാത്രെ.”
“ഇന്നലെ എന്നോടും പറഞ്ഞിരുന്നു. എന്താ പ്രശ്‌നമെന്നു പറഞ്ഞോ?”
“ഇല്ല.”
“നിങ്ങള്‍ ചോദിച്ചും ഇല്ലേ?”
“വര്‍ക്കിച്ചന്‍ ഇവിടെയുണ്ടായിരുന്നു. പിന്നെ ഇക്കാര്യം സംസാരിക്കുമ്പോഴുള്ള അവന്റെ ക്ഷോഭം അറിയാമല്ലോ.”
ദേഷ്യം തോന്നി. ഇതിത്രയും നേരം തന്നോടു പറഞ്ഞില്ലല്ലോ.
“ഇതറിഞ്ഞപ്പം ഒന്നു വിളിക്കാന്‍ വയ്യാരുന്നോ?”
“ആരെ, നിന്നെയോ?”
“അല്ല, മോളെ. എന്തൊരു മനുഷ്യനാ ഇത്?”
“എന്നിട്ട് ഊട്ടിക്കു പോകാന്‍ പറയണമായിരുന്നോ?”
കൂടുതല്‍ ദേഷ്യം പിടിപ്പിക്കാനാണു ഭാവം. ഇതും ഈ മനുഷ്യന് ഒരു രസംപോലെ. തറപ്പിച്ചൊന്നു നോക്കി. എന്നിട്ടു മുഖം തിരിച്ചു.
“വിളിക്കണമെന്ന് ആദ്യം വിചാരിച്ചതാ, പിന്നെ.”
“എന്താ, അറ്റ്‌ലാന്റിക് സിറ്റിക്കു പോകാന്‍ ധൃതിയായിരുന്നോ?”
“അല്ല, എനിക്കു മോളോട് സ്‌നേഹമായി സംസാരിക്കാന്‍ കഴിയില്ല എന്നല്ലേ നീ പറയാറ്?” ഞാന്‍ വിളിച്ച് ഇനി കൂടുതല്‍ പ്രശ്‌നമൊന്നും സൃഷ്ടിക്കേണ്ട എന്നു വിചാരിച്ചു.”
“കുറെ കഷ്ടം തന്നെ നിങ്ങടെ കാര്യം.”
അച്ചായന്‍ കിച്ചന്‍ ടേബിളിനടുത്തുള്ള കസേരയില്‍ തല കൈയില്‍ താങ്ങി.
“എല്ലാം എന്റെയൊരു തലേവിധി.” സങ്കടത്തോടെ പിറുപിറുത്തു.
“ഇനി സത്യം പറഞ്ഞ് മൂഡുകളയേണ്ട. വേണമെങ്കില്‍ ഒന്നു വിളിച്ച് നമുക്കു രണ്ടുപേര്‍ക്കും കൂടി സംസാരിക്കാം.”
അറുപടി ഒന്നും പറഞ്ഞില്ല.
“എന്താ വിളിക്കട്ടെ? ഇപ്പോള്‍ അവര്‍ ഉറങ്ങിയിട്ടുണ്ടാവില്ല.”
ഇന്ത്യന്‍ സമയം മനസ്സില്‍ കണക്കുകൂട്ടി, അതെ, ഉറങ്ങിയിട്ടുണ്ടാവില്ല.
അച്ചായന്‍ ഫോണെടുത്ത് ഡയല്‍ ചെയ്യുന്നതു നോക്കിനിന്നു.
“കോള്‍ കനോട്ട് ബി കംപ്ലീറ്റഡ് ഇന്‍ ദി കണ്‍ട്രി യു ആര്‍ കോളിംഗ്.” അക്ഷമകലര്‍ന്ന സ്വരം.
ഡിസ്‌കണക്റ്റു ചെയ്തു വീണ്ടും ഡയല്‍ ചെയ്തു. പലതവണ.
“നാശം, കുറെക്കഴിഞ്ഞിട്ടു നോക്കാം.”
രണ്ടു കപ്പുകളിലായി കാപ്പിയൊഴിച്ചു.
അച്ചായന്‍ അടുത്തു വരുന്നതറിഞ്ഞു.
തോളിലൂടെ കൈയിട്ട് അടുപ്പിച്ചു നിര്‍ത്തി.
പ്രതിഷേധിച്ചില്ല. കവിളില്‍ ഒന്നു മുത്തിയിട്ട് പറഞ്ഞു: “വിഷമിക്കാതെ റോസീ, എല്ലാം നേരെയാകും.”
ആ ഉറപ്പില്‍ കുറെ ധൈര്യം തോന്നി.
മെല്ലെ അകന്നുകൊണ്ട് പറഞ്ഞു.
“മാറിനില്ക്ക്, ഞാന്‍ വല്ലതുമൊക്കെയൊന്ന് ഉണ്ടാക്കാന്‍ നോക്കട്ടെ.”