നാട്ടില്‍ നിന്നെത്തുന്ന ഉന്നത എഴുത്തുകാരേയും ചില ഏഴാംകൂലി എഴുത്തുകാരെ വരെ യുഎസില്‍ അങ്ങോളമിങ്ങോളം സ്വീകരിച്ചും പൊക്കിക്കൊണ്ടു നടന്നും അവരുടെ എഴുത്തിലെ, സാഹിത്യത്തിലെ ദിവ്യത്വം കൂകി കൊക്കിവിളിച്ച്, തങ്ങള്‍ ചെറുപ്പത്തില്‍ ഒരുമിച്ച് മണ്ണുവാരിക്കളിച്ചവരാണെന്നുമൊക്കെ പറഞ്ഞ് കൂടെ നിന്നു ഫോട്ടോ എടുത്തും അതിനെപ്പറ്റി വാര്‍ത്താകുറിപ്പെഴുതിയും അമേരിക്കന്‍ മലയാളി സാഹിത്യ പഞ്ചാനന്മാരൊ, പേനാ ഉന്തി സാഹിത്യ ചര്‍ച്ചാ സംഘടനാ നേതാക്കന്മാരൊ ആയി ചമയുന്നവരും, എഴുതാത്ത എഴുത്തുകാര്‍ നാമധാരികള്‍വരെ ഇവിടെ ധാരാളമുണ്ടെന്ന് ചില വായനക്കാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കോപ്രായങ്ങള്‍ ഇവിടത്തെ എഴുത്ത് സാഹിത്യമേഖലയില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും കാണാനുണ്ട്. നാട്ടില്‍ നിന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ അല്ലെങ്കില്‍ ഒരു മണ്ഡലം പ്രസിഡണ്ട് വന്നാല്‍ മതി. അവരെ ഉടന്‍ ചുമലിലേറ്റും. ഒരു മന്ത്രിയോ രാഷ്ട്രീയ പ്രമാണിയൊ ആയാല്‍ പിന്നെ അവരേയും പൊക്കിക്കൊണ്ടുള്ള സ്വീകരണ സല്‍ക്കാരങ്ങളുടെ, വാര്‍ത്താകുറിപ്പുകളുടെ തേന്‍മഴയായി, പെരുമഴയായി. .
സിനിമാ, സീരിയല്‍ കൂട്ടത്തില്‍ കുറെ മാദകതിടമ്പുകള്‍ കൂടെ നാട്ടില്‍ നിന്ന് സ്റ്റാര്‍നൈറ്റുമായി വന്നിറങ്ങിയാല്‍ എന്തു തല്ലിപ്പൊളി അറുബോറന്‍ പരിപാടിയാണെങ്കിലും അതു ബുക്ക് ചെയ്ത് ഫണ്ട് ശേഖരണത്തിനായി സമാജങ്ങളേക്കാള്‍ മുന്നില്‍ ക്യൂ നില്‍ക്കുന്നത് എല്ലാ വിഭാഗത്തിലും പെട്ട പള്ളിക്കാര്‍ - അമ്പലക്കാര്‍ തന്നെയാണ്. വരുന്ന ഈ കൗശല സിനിമാ-സീരിയല്‍-മ്യൂസിക്ക് ട്രൂപ്പുകള്‍ ഇവിടെ എന്തിനു വേണ്ടി ഫണ്ടു ശേഖരിക്കുമൊ ആ ഫണ്ടിന്റെ സിംഹഭാഗവും അടിച്ചുമാറ്റിക്കൊണ്ട് കൂട്ടത്തില്‍ അമേരിക്കന്‍ മലയാളികളെ കുറെ കുറ്റവും കുറവും പറഞ്ഞിട്ട് തിരികെ നാട്ടിലേക്ക് വണ്ടി കേറും. എന്നാല്‍ നാട്ടില്‍ നിന്നെത്തുന്ന സിനിമാ-സീരിയല്‍ -മ്യൂസിക്ക് ട്രൂപ്പുകളേക്കാള്‍ അതി തന്മയത്വമായും മേന്മയായും മികച്ച കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അനേകം കലാകാരന്മാരും കലാകാരികളും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഇവിടെയുണ്ടെന്ന പരമാര്‍ത്ഥം ഇവിടത്തെ ഫണ്ടു ശേഖരണ സമാജക്കാരും പള്ളിക്കാരും മറക്കുന്നു. ഇവരെ വെച്ച് അത്തരം ഫണ്ടു ശേഖരണ കലാപരിപാടികള്‍ അവതരിപ്പിച്ചാല്‍ ശേഖരിക്കുന്ന ഫണ്ടിന്റെ സിംഹഭാഗവും അവരുദ്ദേശിക്കുന്ന ലക്ഷ്യപ്രാപ്തിക്കുപയോഗിക്കാം. കൂട്ടത്തില്‍ കൂടുതല്‍ നല്ല പരിപാടികളും ആസ്വദിക്കാം. ഇവിടത്തെ കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും ഒരു പ്രോല്‍സാഹനം ആവുകയും ചെയ്യും. പക്ഷെ എന്തു ചെയ്യാനാണ് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പല വായനക്കാരും അഭിപ്രായപ്പെടുന്നു.
ഇവിടെ കേരളത്തില്‍ നിന്നിറക്കുമതി ചെയ്യപ്പെട്ട വിവിധ മത മൗലീക സംഘടനകളും ദേവാലയങ്ങളും പുരോഹിത മേധാവികളും ഒത്തു ചേര്‍ന്ന് മതാതീത സെക്കുലാര്‍ സംഘടനകളെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് പല വായനക്കാരും ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നു. ദൈവമില്ലാത്ത ദേവാലയങ്ങളും ധാര്‍മ്മികതയില്ലാത്ത മത സംഘടനകളും പൗരോഹിത്യ മേധാവിത്വം, പുരോഹിത രാജകീയത മാത്രം കളിയാടുന്ന ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ജനം യാന്ത്രികമായി ഒഴുകി എത്തുകയാണെന്ന് ചിലര്‍ പറയുന്നു. ഈ പ്രക്രീയക്കെതിരെ പ്രൈവറ്റായും പിന്നെ ചിലപ്പോഴൊക്കെ വേദികളില്‍ അതിതീവ്രമായി വാദിക്കുന്നവര്‍ പോലും അധികവും
ദേവാലയങ്ങളുടേയും പുരോഹിതരുടേയും കരവലയത്തില്‍ തന്നെയാണ്. അവിടെ പോയി നൂറുകള്‍ സംഭാവന നല്‍കാന്‍ അവര്‍ തയ്യാറാണ്. എന്നാല്‍ ഒരു സെക്കുലാര്‍ സംഘടനക്കായി ഒരു ഡോളര്‍ കൊടുക്കാനും അവര്‍ തയ്യാറല്ല. എന്തുകൊണ്ട് ദേവാലയങ്ങള്‍ ഓണം പോലുള്ള ദേശീയോല്‍സവങ്ങള്‍ ആഘോഷിക്കുന്നു? അതെങ്കിലും വിവിധ മതസ്ഥരായ കേരളീയര്‍ ഒരുമയോടെ ഒരു മതാതീത കേരളീയ സെക്കുലാര്‍ സംഘടനക്കു മാത്രമായി വിട്ടു കൊടുക്കുന്നില്ല? വായനക്കാര്‍ ചോദിക്കുന്നു.
വിവിധ മതസ്ഥരായ മലയാളി ഇന്നിവിടെ അവരവരുടെ ദേവാലയത്തിലായി മാത്രം ജീവിക്കുന്നു. അതിനപ്പുറം വിശാലമായി ഈ ലോകമാനവികതയെ പറ്റി ചിന്തിക്കാന്‍ സമയമില്ല, തയ്യാറല്ല. അതിനായി മുടക്കാന്‍ ഒരു ചില്ലിക്കാശുമില്ല. പലയിടത്തും ചില മതപ്രവര്‍ത്തകര്‍ തന്നെയാണ് സാമൂഹ്യ സംഘടനകളുടെ പ്രവര്‍ത്തന സമിതിയെ നിശ്ചയിക്കുന്നത്. അവര്‍ ഒരു പാനലായി വന്ന് സംഘടനാ നേതൃത്വം പിടിച്ചെടുക്കുന്നു. പിന്നീട് ഇവരെല്ലാം തന്നെ അധികാര കസേരയില്‍ കടിച്ചു തൂങ്ങുന്നു. തസ്തികകള്‍ മാറിമാറി കസേര കൈവിടാതെ അവരതില്‍ കുത്തിയിരുന്ന് നിരങ്ങി നിരങ്ങി സെക്കുലാര്‍ സംഘടനകളെ ശുഷ്‌ക്കമാക്കി നശിപ്പിക്കുന്നു. സെക്കുലാര്‍ സംഘടനകള്‍ എന്നു പറയപ്പെടുന്ന കൊച്ചു കൊച്ചു സംഘടനകള്‍ക്കും സംഘടനകളുടെ സംഘടനകള്‍ക്കും എല്ലാ ഉല്‍സവവേദികളിലും സ്റ്റേജിലും ബഹുമാന്യാതിഥികളും അധികവും പുരോഹിതരൊ മതസംഘടനാ നേതാക്കളൊ ആയിരിക്കും. അവരുടെ തിരി തെളിയിക്കലും നെടുങ്കന്‍ പ്രസംഗങ്ങളും അവിടേയും ആവര്‍ത്തിക്കപ്പെടുന്നു. ഇപ്രകാരം സെക്കുലാര്‍ സംഘടനകള്‍ നശിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തിനുളളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും ലഭിക്കുമൊ എന്ന് സീരിയസായി വാര്‍ത്തകള്‍ വായിച്ച് വിശകലനം ചെയ്യുന്ന വായനക്കാര്‍ ചോദിക്കുന്നു.
വളരെ കുറച്ചുപേര്‍ നിത്യവും വായിക്കുന്നവരും നല്ലൊരു ശതമാനം വല്ലപ്പോഴും കുറച്ചൊക്കെ വായിക്കുന്നവരുമായി കണ്ടെത്തി. പ്രിന്റഡ് മാധ്യമങ്ങളായാലും ഓണ്‍ലൈന്‍ മാധ്യമങ്ങളായാലും ആദ്യത്തെ ഒന്നു രണ്ട് പേജിലെ വിഭവങ്ങള്‍ക്കാണ് അവര്‍ വായനാ പ്രാധാന്യം കൊടുക്കുന്നത്. ഒത്തിരി ദ്വയാര്‍ത്ഥത്തിലും, വ്യംഗാര്‍ത്ഥത്തിലും സാധാരണയായി ഉപയോഗിക്കാത്ത കഠിന പദങ്ങളൊക്കെ ഉപയോഗിച്ചുള്ള രചനകള്‍ വായനക്കാര്‍ നിരാകരിക്കുന്നു. അവര്‍ക്ക് താല്‍പ്പര്യം നേരിട്ട്, നേരായ ഭാഷയില്‍ ലളിതമായി ഉടന്‍ മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്നതും വര്‍ണ്ണിക്കുന്നതും തന്നെയാണ്. അതിനാല്‍ ചിലരുടെ എഴുത്തുകള്‍ രചനകള്‍ അവര്‍ ആദ്യം മുതല്‍ അവസാനം വരെ വായിക്കുന്നു. എന്നാല്‍ എത്ര പ്രമുഖരായാലും ശരി വളച്ചുകെട്ടി നീണ്ട ഭാഷയില്‍ കഠിനഭാഷയില്‍ കഠിനപദങ്ങളും നിഗൂഡതകളും ചേര്‍ത്തെഴുതിയാല്‍ സാധാരണ വായനക്കാര്‍ വായന പൂര്‍ത്തിയാക്കാതെ അതു തള്ളിക്കളഞ്ഞെന്നിരിക്കും. എന്നാല്‍ ആരെങ്കിലും അതിനെ പറ്റി ചോദിച്ചാല്‍ താന്‍ അവരുടെ മുമ്പില്‍ ചെറുതാകേണ്ടതില്ലായെന്ന ഭാവത്തില്‍, വായിച്ചു, ഗംഭീരം, ഭയങ്കരം, മഹത്തരം എന്നൊക്കെ തട്ടിമൂളിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയേക്കാം. കാരണം വലിയ പേരെടുത്തവര്‍ എന്ത് ഗാര്‍ബേജ് എഴുതിയാലും അതു മഹത്തരം എന്നു പറഞ്ഞില്ലെങ്കില്‍ അതു പറയാത്ത വായനക്കാരെ പരമ മണ്ടനും വിഡ്ഢിയുമാക്കുന്നതാണല്ലൊ കണ്ടു വരുന്നത്.
അതുപോലെ ചിലര്‍ എന്തു മഹത്തരമായ രചനകള്‍ നടത്തിയാലും അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആളില്ല. ഇത്തരം സാധുക്കള്‍ എന്തെഴുതിയാലും അവെര നിരുല്‍സാഹപ്പെടുത്തി സംസാരിക്കാനും, മോശം പറയാനും, അവരുടെ കൃതിയെ പിച്ചിച്ചീന്തി കുപ്പത്തൊട്ടിയിലെറിയാനും ഇവിടെ ആളുണ്ട്. ഇവിടെ സാധാരണക്കാര്‍ പറയുന്നത് കേട്ടിട്ടില്ലെ? പൊക്കാന്‍ ആളുണ്ടെങ്കില്‍ ഏതു പട്ടിയും പൊങ്ങി ചന്ദ്രനില്‍ പോകും എന്ന്. സാഹിത്യത്തിന്റെയൊ എഴുത്തുകാരുടെയൊ ഇടയില്‍ മാത്രമല്ല
അതെവിടെ ആയാലും അതെത്രയൊ ശരി. നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും ഹോട്ടല്‍ അക്കമഡേഷനും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്. അവരുടെ വദനങ്ങളില്‍ നിന്നുതിര്‍ക്കുന്ന അബദ്ധജഡിലങ്ങളായ ഉല്‍പ്പന്നങ്ങള്‍ പോലും ഇവിടത്തെ ചിലര്‍ക്ക് വേദവാക്യങ്ങളാണ്. ഇതെല്ലാം ചില വായനക്കാരില്‍ നിന്ന് കേട്ടതാണ്.
( തുടരും)