ബഹുമാന്യ ചാവറ കുര്യാക്കോസച്ചനെ പരിശുദ്ധ പോപ്പ് ഫ്രാന്‍സിസ് 2014 നവംബര്‍ 23 നു വിശുദ്ധനായി പ്രഖ്യാപിച്ചത്. ഭാരത്തിനും പ്രത്യേകിച്ച് കേരളത്തിനും അഭിമാനിക്കാവുന്ന ചരിത്രസംഭവമായി മാറി. കേരളത്തില്‍ ജനിച്ച രണ്ട് ആത്മീയ വ്യക്തികളെ ഒരേ ദിവസത്തില്‍ റോമില്‍ വച്ച് വിശുദ്ധരായി പ്രഖ്യാപിച്ച സുന്ദര മുഹൂര്‍ത്തം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉച്ചനീചത്വങ്ങളും അസമത്വങ്ങളും അനാചാരങ്ങളും ജാതിവര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളും കൊണ്ട് നാട് വെന്ത് വെണ്ണീറായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അതിനെതിരെ പടപൊരുതി വിജയിച്ച ഒരു വിപ്ലവ നായകന്‍ കൂടിയായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. തന്റെ രക്തവും മാംസവും അലിഞ്ഞു ചേര്‍ന്ന കൂനമ്മാവിലെ മണ്ണില്‍ ദരിദ്രരോടു ദീനാനുകമ്പ കാട്ടിയും വചനംപറഞ്ഞും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സമത്വവും സ്വാതന്ത്ര്യവും നല്‍കിയും ഒരു നവോത്ഥാന നായകനായി മാറിയ അച്ചന്‍, പള്ളിക്കടത്തു തന്നെ പള്ളിക്കൂടവും വേണമെന്നു വാശിപിടിച്ചിന്റെ ഫലമായിട്ടാണ് ഇന്ന് കേരളത്തിലുണ്ടായ വിദ്യാഭ്യാസ പുരോഗതിയെന്നു പറയുന്നതില്‍ ഒരു തര്‍ക്കവുമില്ല.
ചാതുര്‍വര്‍ണ്ണ്യവും തൊട്ടുകൂടായ്മയും നിലനിന്ന നാട്ടിലെ താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസം കൊടുത്ത് അവരെ സവര്‍ണ്ണര്‍ക്കൊത്ത നിരയില്‍ കൊണ്ടുവരാന്‍ അദ്ദേഹം കാട്ടിയത്യാഗോജ്ജ്വലരായ പ്രവര്‍ത്തികള്‍ നാം ഒരിക്കല്‍ കൂടി സ്മരിക്കയാണ് . വിദ്യ തലച്ചോറിലേക്കു കയറണമെങ്കില്‍ വയറുനിറയെ ഭക്ഷണവും കൂടി നല്‍കണമെന്നു മനസ്സിലാക്കിയ അക്ഷര പുണ്യനായ അച്ചന്‍ നടപ്പിലാക്കിയ ഉച്ചക്കഞ്ഞി ഇന്നും നമ്മുടെ വിദ്യാലയങ്ങളില്‍ തുടര്‍ന്നുകൊണ്ടുപോകുന്നു.
അച്ചനെഴുതിയ കവിതകളും ഖണ്ഡകാവ്യങ്ങളും നാടകങ്ങളും വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കുന്നത് ഒരെഴുത്തുകാരനായോ കവിയായോ പ്രസിദ്ധനാകാനായിരുന്നില്ല അച്ചന്റെ ശ്രമം, മറിച്ച് നമ്മെ ആഴമായി ചിന്തിപ്പിച്ച് വിദ്യാഭ്യാസത്തിലേക്കും ദൈവവിശ്വാസത്തിലേക്കും സ്‌നേഹത്തിലേക്കും നയിച്ചു നവീകരിക്കുക എന്ന ലക്ഷ്യമായിരുന്നു. ആലക്ഷ്യം വളരെ വിജയച്ചു പൂവണിയുകയും ചെയ്തു.
താണജാതിയില്‍പെട്ടവര്‍ക്ക് വിദ്യയും കണക്കും പറഞ്ഞു കൊടുത്താല്‍ ഉയര്‍ന്ന ജാതിക്കാരുടെ തലപറിച്ചുകൊണ്ടുപാകുമെന്നു പറഞ്ഞ കുത്തക മുതലാളിമാരെ അച്ചന്‍ പുഛിച്ചു തള്ളുകയാണുണ്ടായത്.
നമുക്കറിയാം നോര്‍ത്ത് ഇന്‍ഡ്യയില്‍ ഇന്നും താണജാതിക്കാര്‍ക്കു പഠിക്കാന്‍ സവര്‍ണ്ണര്‍ അവസരം കൊടുക്കുന്നില്ല. അവര്‍ക്കു വിദ്യ പറഞ്ഞു കൊടുത്താല്‍ കണക്കു പറഞ്ഞു കൂലി ചോദിക്കും ഇതായിരുന്നു അവരുടെ ഭയം. കേരളത്തില്‍ കുറഞ്ഞ വേതനം കൊടുത്ത് പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിക്കുന്നതിനെതിരെ ചാവറയച്ചന്‍ ശക്തമായി ശബ്ദമുയര്‍ത്തിയ ധീരനായിരുന്നു. ആ കാലയളവില്‍ ഒരു തൊഴിലാളി പ്രസ്ഥാനവും ഉടലെടുത്തില്ലായെന്നു നമ്മള്‍ ഓര്‍ക്കേണ്ടതായിട്ടുണ്ട്.
ഒറീസ്സയില്‍ പാവപ്പെട്ട ദളിതര്‍ക്ക് വിദ്യാഭ്യാസവും ജീവകാരുണ്യപ്രവര്‍ത്തവും നടത്തി വന്നിരുന്ന ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെ തന്റെ വാനിലിട്ടു ചുട്ടുകരിച്ചു കളഞ്ഞതിന്റെയും രഹസ്യം ഇതായിരുന്നു. ഇന്ന് നോര്‍ത്ത് ഇന്‍ഡ്യയില്‍ മാവോയിസം ഉടലെടുക്കാനുള്ള പ്രധാനകാരണം സവര്‍ണ്ണര്‍ അവര്‍ണ്ണരോടു കാട്ടുന്ന കൊടുംക്രൂരതയാണെന്നും നമുക്ക് വിശ്വസിക്കേണ്ടിവരും.
എന്നാല്‍ നാനാജാതിമതക്കാരേയും ഒരുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ചാവറയച്ചന്‍, എന്റെ ആലയം സകലജാതിക്കും പ്രാര്‍ത്ഥനാലയം എന്നു ക്രിസ്തുപറഞ്ഞ വാക്കുകള്‍ അതേപടി അനുസരിച്ച് ദൈവത്തിന്റെ പ്രതിപുരുഷനായി വിശുദ്ധനായി തീര്‍ന്നിരിക്കുന്നു. ഇന്നും ചില ക്ഷേത്രങ്ങളില്‍ വിശ്വാസിയാണെന്നു പറഞ്ഞാല്‍ പോലും അയിത്തം മൂലം പ്രവേശിപ്പിക്കുന്നില്ലയെന്നുള്ളത് നഗനസത്യം തന്നെ. ഇത്തരത്തിലുള്ള അയിത്തം നമ്മുടെ കേരളത്തില്‍നിന്ന് ഇനിയും പാടെ മാറ്റേണ്ടതായിട്ടുണ്ട്.
ഇന്ന് ഒരു മനുഷ്യജീവിയെ കൊന്നുകളഞ്ഞാല്‍ മറ്റൊരു മനുഷ്യജീവിക്ക് സ്വര്‍ഗ്ഗം ലഭിക്കുമെന്നു ചില കപടതന്ത്രങ്ങളില്‍ കൂടി അന്ധമായി വിശ്വസിപ്പിച്ച് ലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കയാണ്. ഈ വിശ്വാസം ശരിയാണെങ്കില്‍ മനുഷ്യനെ ദൈവത്തിനു സൃഷ്ടിക്കേണ്ടതായ ആവശ്യകത ഉണ്ടായിരുന്നോ? പിടഞ്ഞു മരിക്കുന്നവനാണോ സ്വര്‍ഗ്ഗം അതോ അറുക്കൊല നടത്തുന്നവാണോ?
എന്നാല്‍ ചാവറ ഏലിയാച്ചന്‍ ക്രിസ്ത്യാനിയേയും, ഹിന്ദുവിനേയും, മുസ്ലീമിനേയും ഒരേ ബെഞ്ചിലിരുത്തി വിദ്യ അഭ്യസിച്ചപ്പോള്‍ നമുക്ക് പഠിക്കേണ്ടത് എല്ലാ സൃഷ്ടിയും ദൈവത്തിന്റേതാണ് എന്നും എല്ലാവരും പരസ്പരം സ്‌നേഹിക്കണം എന്നുമല്ലേ? ഇന്നു സഭകളേയും ജാതി മതങ്ങളേയും തമ്മില്‍ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളെയാണ് നിരന്തരം നമ്മുടെ കണ്‍മുന്‍പില്‍ കാണാന്‍ കഴിയുന്നത്. ഇവര്‍ ദൈവത്തിന്റെ പേരുപോലും നശിപ്പിച്ച് കളഞ്ഞ് നരകം സൃഷ്ടിക്കുന്നവരല്ലേ?
പാക്കിസ്ഥാനില്‍ ഒരു മുസ്ലീം സഹോദരന്റെ കിണറ്റില്‍ നിന്നും ദാഹജലം കോരിക്കുടിച്ചതിനാലാണ് ക്രിസ്ത്യന്‍ ദമ്പതികളെ തല്ലിക്കൊന്നു ചിതയിലെരിച്ചത്. കാഫര്‍ കുടിച്ച കിണറ്റിലെ ജലം അശുദ്ധമായിപ്പോയി എന്നാണ് അവര്‍ ഉന്നയിച്ച കാരണം.
ഇന്ന് മദ്യം കൊന്നതിനേക്കാള്‍ മനുഷ്യനെ കൊന്നുകളഞ്ഞത് മതവിഷം മൂലമാണെന്നുള്ളതിന്റെ തെളിവുകളാണ് 2011ലെ വേള്‍ഡ് ട്രയിഡ് സെന്‌ററിലെ കൂട്ടക്കൊലയും, ഇറാക്കിലും, സിറിയയിലും, കെനിയയിലും ഇസ്രയേലിലും എല്ലാ രാജ്യത്തും നടന്നുകൊണ്ടിരിക്കുന്ന സഭാവഴക്കുകളും ജാതിമതവഴക്കുകളും. ഇതു കാലേക്കൂട്ടി കണ്ട ചാവറ കുര്യോക്കോസച്ചന്‍ മതങ്ങളേയും ജാതികളേയും ഒന്നിച്ചു സ്‌നേഹത്തോടെ നിര്‍ത്താന്‍ നോക്കി. ഇതദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച ചാവറ കുര്യാക്കോസച്ചന്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടക്കുവാന്‍ പോുന്ന സംഭവങ്ങള്‍ കാലേക്കൂട്ടിയറിക്കുകയും വരും നൂറ്റാണ്ടുകളില്‍ നാം എങ്ങനെ ജീവിക്കണം എന്നു കാട്ടിത്തരികയും ചെയ്ത വിശുദ്ധന്‍ തന്നെയായിരുന്നു. പക്ഷേ അച്ചനെ വിശുദ്ധനാക്കാന്‍ 143 വര്‍ഷം വേണ്ടി വന്നതില്‍ പരിഭവം ഇല്ലാതില്ല. ജീവിച്ച കാലയളവില്‍ അവര്‍ ചെയ്ത പുണ്യങ്ങള്‍ക്ക് മനുഷ്യന്‍ കൊടുക്കുന്ന ഒരു സ്ഥാന പദവി മാത്രമാണ് വിശുദ്ധപദവി. പക്ഷെ മരണാനന്തര വിധിയില്‍ സര്‍വ്വ ശക്തനായ ദൈവം നല്‍കുന്ന പദവി ആര്‍ക്കും മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല തീര്‍ച്ചയായും സര്‍വ്വശക്തനായ ദൈവത്തിന്റെ വലതു ഭാഗത്ത് തന്നെ ചാവറ കുര്യാക്കോസച്ചന്‍ ഇരിക്കും എന്നു നമുക്ക് വിശ്വസിക്കാം.
താന്‍ ജീവിച്ച കാലഘട്ടത്തിനപ്പുറത്തേയ്ക്ക് ഒരു പുതിയ സമത്വ സ്‌നേഹസംസ്‌ക്കാരത്തിന് വിത്തിടുകയും ആ വിത്തു മുളപൊട്ടി വളര്‍ന്ന് ആത്മീയ പന്തലായി നില്‍ക്കുകയും ചെയ്യുമ്പോള്‍ ആ തണലില്‍ നിന്നുകൊണ്ട് നമുക്ക് സന്തോഷവും സമാധാനവും സ്‌നേഹവും പരസ്പരം പങ്കിടാം ദൈവത്തിന്റെ സ്വന്തം നാടിനെ അന്വര്‍ത്ഥമാക്കുവാന്‍ നമുക്ക് മൂന്ന് വിശുദ്ധരുണ്ടായതില്‍ അഭിമാനിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.