Image

രാത്രികളെ സ്‌നേഹിക്കുന്ന സ്‌ത്രീകളെ വേശ്യകളെന്നു വിളിക്കാന്‍ നിങ്ങള്‍ക്കാര്‌ അധികാരം തന്നു? (ശ്രീപാര്‍വ്വതി)

Published on 03 December, 2014
രാത്രികളെ സ്‌നേഹിക്കുന്ന സ്‌ത്രീകളെ വേശ്യകളെന്നു വിളിക്കാന്‍ നിങ്ങള്‍ക്കാര്‌ അധികാരം തന്നു? (ശ്രീപാര്‍വ്വതി)
ഇരുട്ടു നുണയാമെടികളേ... ഇതൊരു കൂട്ടായ്‌മയാണ്‌. ചെറുപ്പത്തിന്റെ ചുംബനവത്‌കരണം പോലെ ഇരുട്ടില്‍ ഒരു പെണ്‍സമരം. ഇരുട്ട്‌ പുരുഷനു മാത്രം അവകാശപ്പെട്ടതല്ല സ്‌ത്രീയ്‌ക്കും വേണ്ടിയുള്ളതാണ്‌, എന്ന്‌ ഇവിടെ ഉറക്കെ പറയാന്‍ പലരും ആഗ്രഹിക്കുന്നു. എന്നാല്‍ എത്ര കണ്ട്‌ ഇത്‌ സാധ്യമാണ്‌, എന്നതാണ്‌, പ്രശ്‌നം.

മരത്തിന്റെ മറപറ്റി ഒളിഞ്ഞു നോക്കുന്ന നിലാവ്‌... വിജനമായ തെരുവിലൂടെ നിന്‍റെ കൈ പിടിച്ച്‌ ഇങ്ങനെ അലഞ്ഞു നടക്കണം ആ നിലാവില്‍... പിന്നെ ആരോ എഴുതി വച്ച ആ നിലാവിന്‍റെ കവിത നീ എനിക്കു വേണ്ടി ഉറക്കെ പാടണം... അതിനു ശേഷം ഇരുളു പോലും അറിയാതെ ഞാന്‍ നിന്നെ ഉമ്മ വയ്‌ക്കും... നമുക്കു ചുറ്റുമപ്പോള്‍ ദൈവം നൃത്തം വയ്‌ക്കും. എഴുതിയത്‌ ആരോ ആകട്ടെ, പക്ഷേ സ്വാതന്ത്ര്യത്തിന്‍റെ പൂക്കളില്‍ തൊടാന്‍ ഏറെ കൊതിക്കുന്ന ഇതുപോലെയുള്ള എത്രയോ സ്‌ത്രീകള്‍ ലോകത്തുണ്ടാകും? രാത്രിയുടെ സൌന്ദര്യവും ഗന്ധവും കുടുംബിനിയായ ഒരു സ്‌ത്രീയ്‌ക്ക്‌ എന്തുകൊണ്ട്‌ അനുവദനീയമാകുന്നില്ല? എന്ന ചൊദ്യമാണ്‌, `ഇരിട്ടു നുണയാമെടികളേ` എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മ ഉന്നയിക്കുന്നത്‌.

രാത്രികളില്‍ ഇറങ്ങുന്നത്‌ വേശ്യാവൃത്തി തൊഴിലാക്കിയ സ്‌ത്രീകള്‍ മാത്രമാനെന്ന അബദ്ധ ധാരണ പലരും വച്ചു പുലര്‍ത്തുന്നതായി അതിനോടനുബന്ധിച്ചു വന്ന പല അഭിപ്രായങ്ങളും കാണിച്ചു തരുന്നു. എന്താണ്‌, വേശ്യാവൃത്തി? ശരീരം കൊണ്ട്‌ തൊഴില്‍ ചെയ്യുന്ന സ്‌ത്രീകള്‍ ഇവിടെ ഉണ്ടെങ്കില്‍ അവര്‍ക്കൊപ്പം ശരീരം പങ്കിടുന്ന പുരുഷന്‍മാരും ഇവിടെ ഉണ്ടെന്നതു സത്യം. അതുകൊണ്ട്‌ അവളോട്‌ എത്രമാത്രം വെറുപ്പ്‌ കാണിക്കുന്നുവോ അതിനൊപ്പം തന്നെ വെറുക്കപ്പെടേണ്ടവരാണ്‌, അവളേ വേശ്യയാക്കുന്ന പുരുഷന്‍മാരും. എന്നാല്‍ ശരീരം എന്നത്‌ സ്‌ത്രീയ്‌ക്കു മാത്രം ആയതു കൊണ്ട്‌ തെറ്റുകാരി അവള്‍ മാത്രമാകുന്നു. രാത്രികളില്‍ ഇരങ്ങുന്നത്‌ അത്തരക്കാര്‍ മാത്രമാനെന്ന്‌ ഒരു പറ്റം പുരുഷന്‍മാര്‍ പ്രഖ്യാപിക്കുന്നു.

രാത്രിയുടെ മനോഹാരിതയെ കുറിച്ച്‌ കവിതകളെഴുതിയവര്‍ കൂടുതലും പുരുഷ കവികളാണ്‌. സ്‌ത്രീ കവികള്‍ക്കു വിഷയം ചിന്താസരണികള്‍ മാത്രമാണ്‌. പ്രകൃതിയെ മനസ്സിലാക്കാന്‍ പലപ്പോഴും അവള്‍ക്ക്‌ കഴിയുന്നില്ല. രാത്രികളിലെ സ്വതന്ത്ര വിഹാരം നിഷേധിക്കപ്പെടുന്നു.ശരീരം സൂക്ഷിക്കണമെങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങരുത്‌ എന്ന്‌ മുതിര്‍ന്നവര്‍ ഉപദേശിക്കുന്നു. സ്വാതന്ത്ര്യമില്ലായ്‌മയെ കുറിച്ച്‌ സംസാരിക്കാന്‍ അങ്ങനെ ഏറെ വിഷയങ്ങളുണ്ട്‌.

ഇരുട്ടിനു വേണ്ടിയുള്ള സ്‌ത്രീകളുടെ സമരം സദാചാര പോലീസിങ്ങിനെതിരേ എന്നല്ല പരയേണ്ടത്‌. മറിച്ച്‌ നട്ടെല്ലിലലത്ത രാത്രിയുടെ മരവില്‍ `ആണത്തം `പുറത്തെടുക്കുന്ന മനോരോഗികള്‍ക്കു വേണ്ടിയുള്ളതാണ്‌. ഇവിടെ പോലീസിനോ നിയമത്തിനോ കാഴ്‌ച്ചക്കാരായി ഇരിക്കാനേ സാധിക്കൂ. രാത്രികള്‍ അവള്‍ക്കും അവകാശപ്പെട്ടതാണെന്ന്‌ ഒരു ചെറിയ സമരത്തിലൂടെയല്ല, നിരന്തരം റോഡിലിറങ്ങി അതൊരു രീതിയാക്കാന്‍ സ്‌ത്രീയ്‌ക്ക്‌ കഴിയണം. പക്ഷേ അതിനുള്ള തുടക്കം ആരിടും എന്നത്‌ എപ്പൊഴും പ്രശ്‌നമാണ്‌. `ഇരുട്ടുനുണയാമെടികളേ` എന്ന എന്ന കൂട്ടായ്‌മ ഒരു തുടക്കമാകട്ടെ, ഇന്ന്‌ ആറു പേരേ പ്രതിഷേധത്തിനുണ്ടായിരുന്നുള്ളൂ എങ്കില്‍ നാളെ എണ്ണം കൂടിയേക്കാം. രാത്രികള്‍ സ്‌ത്രീകളും ആസ്വദിക്കട്ടെ. നട്ടെല്ലുള്ള പുരുഷന്‍മാര്‍ സ്‌ത്രീകളുടെ കൂടെയുണ്ടാകും എന്ന്‌ ഉറപ്പിക്കാം.
see video: https://www.youtube.com/watch?v=Xoz1F1txAvk#t=33
രാത്രികളെ സ്‌നേഹിക്കുന്ന സ്‌ത്രീകളെ വേശ്യകളെന്നു വിളിക്കാന്‍ നിങ്ങള്‍ക്കാര്‌ അധികാരം തന്നു? (ശ്രീപാര്‍വ്വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക