Image

കഥ : മുട്ടത്തു വര്‍ക്കി- മീനു എലിസബത്ത്

മീനു എലിസബത്ത് Published on 04 December, 2014
കഥ : മുട്ടത്തു വര്‍ക്കി- മീനു എലിസബത്ത്
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, കോട്ടയം, തിരുനക്കര മൈതാനത്തിനു അരികിലുള്ള വഴിയിലൂടെ, നടന്നു നീങ്ങുമ്പോള്‍, ഒരു കുടയും ചൂടി മുണ്ടിന്റെ ഒരറ്റം എടുത്തു പിടിച്ചു മെല്ലെ നടന്നു വരുന്ന ഒരാളെ നോക്കി, അമ്മ പറഞ്ഞു. “മോളെ. അതാണ് മുട്ടത്തു വര്‍ക്കി, നോവലൊക്കെ എഴുതുന്ന ആള്”

മലയാള സാഹിത്യത്തിന്റെ ജനപ്രിയ സാഹിത്യകാരായിരുന്ന ശ്രീ.മുട്ടത്തു വര്‍ക്കിയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററി കാണുവാനുള്ള ഭാഗ്യം അടുത്തിടെയുണ്ടായപ്പോള്‍, ഞാനിക്കാര്യം ഓര്‍ത്തും. ഒറ്റപ്രാവശ്യമേ കണ്ടിട്ടുള്ളൂവെങ്കിലും, ആ ചിത്രം, ഇപ്പോഴും, മനസ്സില്‍ നില്‍ക്കുന്നു.

അദ്ദേഹത്തിന്റെ ജീവിത സപര്യയിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ അതിന്റെ വൈകാരികത ചോര്‍ന്നു പോകാതെ, കോര്‍ത്തിണക്കി, നിര്‍മ്മിച്ച ഈ ദൃശ്യവിരുന്ന്, തീര്‍ച്ചയായും, ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. അതിനുമുപരി ശ്രീ മുട്ടത്തു വര്‍ക്കിയെന്ന അനുഗ്രഹീത സാഹിത്യകാരന്റെ, ജീവിതത്തിന്റെ, ഒരു നേര്‍ക്കാഴ്ചയാണ്. അര നൂറ്റാണ്ടിലേറെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ ജീവിത്തെക്കുറിച്ചുള്ള ഒരു പഠനാവിഷ്‌കാരമായും, ഇതിനെ കാണാവുന്നതാണ്.

മുട്ടത്തു വര്‍ക്കിയുടെ ജനനവും, ബാല്യവും, കൗമാരവും, യുവത്വവും, എഴുത്ത് ജീവിതത്തിന്റെ തുടക്കവും, കുടുംബവും, സിനിമാക്കാരുമായുള്ള ബന്ധവുമെല്ലാം ഉള്‍പ്പെടുത്തി ഈ ചെറിയ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് മുട്ടത്തു വര്‍ക്കി ഫൗണ്ടേഷനും, വിഷന്‍ 3000 ഉം ചേര്‍ന്നാണ്.  സോമി കല്ലുകുളവും ബിപിന്‍ ചുണ്ടോട്ടുമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ ശ്രീ.റോയ് പി.തോമസാണ് ഡോക്യൂമെന്ററിയുടെ സംവിധാനം. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ പാവം ഐ.എ. ഐവാച്ചന്‍ എന്ന ചിത്രത്തിന്റെ സംവിധാനയകന്‍ ഇദ്ദേഹമാണ്. ഭരതന്റെയും, പത്മരാജന്റെയും പല ചിത്രങ്ങളിലും, ആര്‍ട്ട് ഡയറക്ടര്‍ ആയി, സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ. റോയി പി.തോമസ് ഒരു അനുഗ്രഹീത ചിത്രകാരനും, കൂടിയാണ്.

“മുട്ടത്തു വര്‍ക്കിയുടെ മരണത്തിനുശേഷം, ഇരുപത്തിഅഞ്ചു വര്‍ഷം, കഴിഞ്ഞാണ്, ഇങ്ങനെ ഒരു ഡോക്യുമെന്ററി തയ്യാറാക്കുവാന്‍ ഒരുങ്ങുന്നത്. വര്‍ഷം ഇത്രയും കഴിഞ്ഞതിനാല്‍, ചില സൂഷ്മാംശങ്ങള്‍ കിട്ടുവാന്‍ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ സമകാലികരായവര്‍ മിക്കവരും ഈ ലോകം വിട്ടു പോയിരുന്നു. ഈ സ്‌ക്രിപ്റ്റ്  എഴുതാന്‍ കഴിഞ്ഞതും, നിയോഗമായി തന്നെ കാണുകയാണ്. പലരും ഇതിനായി വിവരങ്ങള്‍ തന്നു സഹായിച്ചിരുന്നു” ഈ ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് റൈറ്ററും, മുട്ടത്തുവര്‍ക്കിയുടെ ബന്ധുവും, കൂടിയായ പ്രൊഫസര്‍ മാത്യു മുട്ടത്തിന്റേതാണ് ഈ വാക്കുകള്‍. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറിഡയിലെ, ജെയിന്‍ മുണ്ടക്കലിന്റെ നേതൃത്വത്തില്‍ നടന്ന സല്ലാപം പരിപാടിയില്‍ മുട്ടത്തുവര്‍ക്കി അനുസ്മരണ യോഗത്തില്‍ അദ്ദേഹം ശ്രീ. മുട്ടത്തു വര്‍ക്കിയെക്കുറിച്ചു, വളരെ പ്രധാനപ്പെട്ട പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.

നല്ല അഭിനയപാടവമുള്ള, ഒരു പറ്റം കലാകാരന്‍മാരാണ് ചെറുതും വലുതുമായ, വിവിധ വേഷങ്ങള്‍ ഇതില്‍ ചെയ്തിരിക്കുന്നത്. മുട്ടത്തു വര്‍ക്കിയുടെ യൗവ്വനകാലം അഭിനയിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു ചെറുമകളുടെ ഭര്‍ത്താവായ ബിപിന്‍ അടൂര്‍ ആണ്. അറിയപ്പെടുന്ന കലാകാരനായ, നാടക സീരിയല്‍ നടന്‍ ചന്ദ്രന്‍ തൃശൂര്‍,  മുട്ടത്തു വര്‍ക്കിയുടെ മധ്യവയസും, ബാക്കി ശിഷ്ടകാലങ്ങളും, തന്മയത്വത്തോടെ, അബിനയിച്ചിരിക്കുന്നു. മുട്ടത്തുവര്‍ക്കിയുടെ മുഖചായയും, ശരീരഭാഷയും, നന്നായി, ഒത്തിണങ്ങിയിട്ടുള്ള ശ്രീ. ചന്ദ്രന്റെ അഭിനയ ജീവിത്തിലെ ഒരു വലിയ നാഴികക്കല്ല് തന്നെയാവണം, ഈ വേഷം. മുട്ടത്ത് വര്‍ക്കിയുടെ പ്രിയതമയെ അവതരിപ്പിച്ച വത്സമ്മ ചെത്തിപ്പുഴയും വളരെ നന്നായി ഇതില്‍ അഭിനയിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ നോവലുകളില്‍ മുപ്പതോളമെണ്ണം സിനിമയാക്കിയതില്‍, മിക്കതിന്റെയും, ചെറു ക്‌ളിപ്പിങ്ങുകള്‍, ഇടക്കിടയ്‌ക്കെല്ലാം നമ്മുടെ ഓര്‍മ്മ പുതുക്കാനെന്നോണം കാണിക്കുവാന്‍ സംവിധായകന്‍ മടി കാണിച്ചിട്ടില്ല. അതിലൂടെ, മണ്‍മറഞ്ഞുപോയ പല നടീനടന്‍മാരും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ, മരണമില്ലാതെ, ജീവിക്കുന്നത് കാണുമ്പോള്‍ സന്തോഷം.

എം.ടി.വാസുദേവന്‍ നായര്‍, സാറാ ജോസഫ്, സക്കറിയ, ഡി.ബാബു പോള്‍, ശ്രീകുമാരന്‍ തമ്പി അങ്ങിനെ പ്രഗല്‍ഭരായ പലരും ഇതിലൂടെ മുട്ടത്ത് വര്‍ക്കിയെക്കുറിച്ചും, അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും, ആ സാഹിത്യ സപര്യയെക്കുറിച്ചും, സംസാരിക്കുന്നുണ്ട്.

രവി ഡിസി, സാജന്‍ മംഗളം എന്നിവര്‍ അവരുടെ പിതാക്കന്‍മാര്‍ക്ക് മുട്ടത്തു വര്‍ക്കിയുമായുണ്ടായിരുന്ന ആത്മസൗഹൃദം പങ്കുവെയ്ക്കുന്നു.

ചെത്തിപ്പുഴയും പരിസത്തുമുള്ള, സാധാരണക്കാരായ പല നാട്ടുകാരും, തങ്ങളുടെ നാടിന്റെ പൊന്നോമന പുത്രനായ അപ്പച്ചന്‍ എന്ന വിളിപ്പേരുള്ള മുട്ടത്തു വര്‍ക്കിയെക്കുറിച്ചു ഓര്‍ത്ത് വാചാലരാവുന്നു. ആ നല്ല ഓര്‍മ്മകള്‍ അയവിറക്കുന്നു.

ചങ്ങനാശേരിയുടെയും, അടൂരിന്റെയും, പരിസര പ്രദേശങ്ങളിലായെടുത്ത ഡോക്കുഫിലിം എന്ന് വിളിക്കാവുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, നിര്‍വഹിച്ചിരിക്കുന്നത് ലാലുവും, ഷാജി പട്ടണവും, ചേര്‍ന്നാണ്. അമ്പൂട്ടി എന്ന കലാകാരന്‍, തന്റെ ശബ്ദ മികവിലൂടെ, വിപുലമായ വിവരങ്ങള്‍ നടത്തിയിരിക്കുന്നു. മനോഹരമായ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അനി അര്‍ജ്ജുന്‍ എന്ന സംഗീത പ്രതിഭയാണ്. വിവിധ നടീ നടന്മാര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഗ്രെയ്‌സി കരമന, വക്കം ബോബന്‍, സുമി, ബാബു എന്നിവരാണ്.

ഇങ്ങിനെ ഒരു ഡോക്യുമെന്ററി ഫിലിം എടുക്കുവാന്‍ ഉത്ഹാസപൂര്‍വ്വം മുന്‍കൈയ്യെടുത്ത, മുട്ടത്തു വര്‍ക്കിയുടെ മക്കളും, മരുമക്കളുമെല്ലാം പ്രത്യേകം അഭിനന്ദങ്ങള്‍ അര്‍ഹിക്കുന്നു. പ്രത്യേകിച്ചും, ഇങ്ങനെ ഒരു സംരംഭത്തിനു ചുക്കാന്‍ പിടിച്ച ശ്രീ അന്ന  മുട്ടത്ത്  വളരെയധികം അര്‍പ്പണ മനോഭാവത്തോടെ, ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നു.

മധ്യ തിരുവിതാംകൂറിലെ, നല്ല ശതമാനം, സാധാരണ ജനങ്ങളെ, വായനക്കാരുടെ ലോകത്തിലേക്ക്, കൈ പിടിച്ചു നടത്തിയ, ശ്രീമാന്‍ മുട്ടത്തു വര്‍ക്കിയെക്കുറിച്ചുള്ള, ഈ സിനിമ, ഇത്, ഒരു കാലഘട്ടം, അടയാളപ്പെടുത്തുന്നതോടൊപ്പം, അദ്ദേഹത്തിന്റെ കൃതികളുടെ പുനര്‍വായനക്കുള്ള വലിയ ഒരു ആഹ്വാനവും, കൂടിയാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഡോക്യുഫിലിം കാണാവുന്നതാണ്.

https://www.youtube.com/watch?v=rangGHdXn4c
കഥ : മുട്ടത്തു വര്‍ക്കി- മീനു എലിസബത്ത്കഥ : മുട്ടത്തു വര്‍ക്കി- മീനു എലിസബത്ത്കഥ : മുട്ടത്തു വര്‍ക്കി- മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക