`കാശിരംഗ എക്സ്പ്രസ്സ് മേ, ഗ്വാഹാട്ടീ കേലിയേ ഏക് ഫസ്റ്റ് ക്ലാസ്സ് റിസര്‍വ്
കര്‍നാഹെ. ഉസീ ഗാഡീകേ ബ്രേക്ക്വാന്‍ മേ ഏക് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ലേ
ജാനാ ഭി ഹെ.' ടിക്കറ്റ് കൌണ്ടറിലെ ഗ്രില്ലിനിടയിലൂടെ പറഞ്ഞു. സ്ഥലം ആസ്സാമിലെ
ജോര്‍ഹാട്ട് റെയില്‍വേ സ്റ്റേഷന്. കാലം മൂന്നു പതിറ്റാണ്ടു
മുന്‍പ്.
`മോട്ടോര്‍സൈക്കിള്‍? സ്റ്റേഷന് മാസ്റ്റര്‍ സേ മിലോ'. ചുമലിന്റെ
മുകളിലൂടെ പുറകിലേയ്ക്കു ചൂണ്ടിക്കൊണ്ട് ബുക്കിംഗ് ക്ലാര്‍ക്കു
നിര്‍ദ്ദേശിച്ചു.
പ്ലാറ്റ്ഫോമിലൂടെ സ്റ്റേഷന് മാസ്റ്ററുടെ
മുറിയിലേയ്ക്കു കടന്നു. അകത്ത് സ്റ്റേഷന് മാസ്റ്ററുണ്ട്. ശബ്ദം കേട്ട്
അദ്ദേഹം തിരിഞ്ഞു നോക്കി.
കണ്ടു പരിചയമുള്ളയാളാണു സ്റ്റേഷന് മാസ്റ്റര്‍.
ഞാന്‍ താമസിയ്ക്കുന്ന വാടകവീടിനു ചുറ്റും ബംഗാളികളുടെ നിരവധി വീടുകളുണ്ട്.
അവയിലൊന്നിലാണ് ഇദ്ദേഹം താമസിയ്ക്കുന്നത്. ഇടയ്ക്കിടെ കാണാറുണ്ട്.
ഇടക്കാലത്തെന്നോ തമ്മില്‍ക്കാണുമ്പോഴൊക്കെ ചിരിയ്ക്കാനും
തുടങ്ങിയിരുന്നു.
`ആപ് ജാ രഹേ ഹെ? ട്രാന്‍സ്ഫര്‍ മില്‍ ഗയാ?' ആവശ്യം
അറിയിച്ചപ്പോള്‍ സ്റ്റേഷന് മാസ്റ്റര്‍ ചോദിച്ചു.
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍
എത്തിയിരുന്നില്ല. എങ്കിലും രണ്ടോ മൂന്നോ ആഴ്ചയ്ക്കകം ആസ്സാമിലെ ജോര്‍ഹാട്ടില്‍
നിന്ന് കേരളത്തിലേയ്ക്കു ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുള്ള ഓര്‍ഡര്‍ വരും എന്ന
പ്രതീക്ഷയുണ്ട്. ഓര്‍ഡര്‍ വന്നാല്‍ ഒന്നു രണ്ടാഴ്ചയ്ക്കകം സ്ഥലം വിടേണ്ടി വരും.
ഓര്‍ഡര്‍ വന്ന ശേഷം റിസര്‍വ്വു ചെയ്യാമെന്നു വച്ചാല്‍, അന്ന് സീറ്റൊട്ടു
കിട്ടുകയുമില്ല. റിസര്‍വ്വേഷനില്ലാതുള്ള യാത്ര നരകതുല്യമായിരിയ്ക്കും. നോര്‍ത്ത്
ഈസ്റ്റില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും.
ഏകദേശം ഒരു മാസം കഴിയുമ്പോള്‍
യാത്ര ആരംഭിയ്ക്കേണ്ടി വരും എന്ന കണക്കുകൂട്ടലനുസരിച്ച് രണ്ടും കല്‍പ്പിച്ച്
റിസര്വ്വേഷന് നടത്താന്‍ തീരുമാനിച്ചു. തീരുമാനം ഭാഗികമായി നടപ്പാക്കുകയും
ചെയ്തിട്ടുണ്ട്. അതായത്, ഗ്വാഹാട്ടിയില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള 3332
കിലോമീറ്റര്‍ യാത്ര ഗ്വാഹാട്ടിയില്‍ നിന്നു നേരിട്ടുള്ള ട്രെയിനില്‍ റിസര്‍വ്വു
ചെയ്തു കഴിഞ്ഞു എന്നര്‍ത്ഥം. ഇനി ജോര്‍ഹാട്ടില്‍ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കുള്ള
യാത്രയാണു റിസര്‍വ്വു ചെയ്യാന്‍ ബാക്കിയുള്ളത്. റെയില്‍ മാര്‍ഗ്ഗവും റോഡു
മാര്‍ഗ്ഗവും ജോര്‍ഹാട്ടില്‍ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കെത്താം.
റെയില്‍മാര്‍ഗ്ഗമാണെങ്കില്‍ 376 കിലോമീറ്റര്‍. റോഡു മാര്‍ഗ്ഗമാണെങ്കില്‍ 306
കിലോമീറ്റര്‍ മാത്രം.
സ്കെയില്‍ ടൂ മാനേജര്‍മാര്‍ക്ക് `പറന്നു' പോകാനുള്ള
അനുവാദമുണ്ടായിരുന്നതുകൊണ്ട് ജോര്‍ഹാട്ടില്‍ നിന്ന് നേരേ കൊല്‍ക്കത്തയ്ക്കും
അവിടുന്ന് ചെന്നൈയിലേയ്ക്കും ചെന്നൈയില്‍ നിന്ന് കൊച്ചിയിലേയ്ക്കും പറന്നു
പോകാവുന്നതാണ്. ഫ്ലൈറ്റില്‍ ജോര്‍ഹാട്ടില്‍ നിന്നു കൊല്‍ക്കത്തയ്ക്ക് രണ്ടു
മണിക്കൂറും ഏതാനും മിനിറ്റും മാത്രമേ വേണ്ടൂ. ഏതാണ്ടത്ര തന്നെ സമയം
കൊല്‍ക്കത്തയില്‍ നിന്നു ചെന്നൈയ്ക്കും അതിന്റെ പകുതി സമയം കൊച്ചിയ്ക്കും. ആകെ
അഞ്ചര, അങ്ങേയറ്റം ആറു മണിക്കൂര്‍. ഈ ദൂരം മുഴുവനും ട്രെയിനിലാണു യാത്രയെങ്കില്‍
അതിന്റെ പന്ത്രണ്ടിരട്ടിയിലേറെ വേണം. അതായത് മൂന്നു ദിവസത്തില്‍
കുറയാതെ.
ആറു മണിക്കൂര്‍ കൊണ്ടു ?പറന്നെത്താനുള്ള? സൌകര്യമുണ്ടായിട്ടും
എന്തിന് മൂന്നു ദിവസത്തിലേറെ വേണ്ടി വരുന്ന ട്രെയിന്‍ യാത്ര
ചെയ്യുന്നു?
ന്യായമായ ചോദ്യം. ഉത്തരം ലളിതമാണ്: എന്റെ കൂടെ
ആമിയുണ്ട്.
ആരെങ്കിലും തെറ്റിദ്ധരിയ്ക്കുന്നതിനു മുന്‍പേ
വിശദീകരിച്ചേയ്ക്കാം. ആമി ഒരു വനിതയല്ല. പുരുഷനുമല്ല. എന്റെ പുത്തന്‍ ബുള്ളറ്റ്
മോട്ടോര്‍സൈക്കിളിനു ഞാന്‍ കൊടുത്ത ഓമനപ്പേരാണ് ആമി. അതിന്റെ രജിസ്ട്രേഷന്
നമ്പര്‍ ഏ എം ഈ യില്‍ തുടങ്ങിയതു കൊണ്ട് ഞാനതിനെ ആമി എന്നു വിളിയ്ക്കുന്നു.
ആമിയ്ക്ക് പ്രായം കേവലം രണ്ടു മാസം മാത്രം. പതിനെണ്ണായിരം രൂപയുടെ ലോണെടുത്തു
വാങ്ങിയ എന്റെ പുന്നാര, ഓമന ബുള്ളറ്റ്.
വണ്ടി വാങ്ങാന്‍ ചെന്നപ്പോള്‍ പുതിയ
മൂന്നു വണ്ടികള്‍ നിരന്നിരിയ്ക്കുന്നു. ഏതു വേണമെങ്കിലും എടുത്തോളൂ. ഡീലര്‍
പറഞ്ഞു. മൂന്നിലും അര ലിറ്റര്‍ വീതം പെട്രോളൊഴിപ്പിച്ചു. മൂന്നിന്റേയും ഓയില്‍
ചെക്കു ചെയ്തു. ഒരെണ്ണം ചവിട്ടി സ്റ്റാര്‍ട്ടാക്കി. ലോഹങ്ങള്‍ തമ്മിലുരയുന്ന
ശബ്ദം. ഒരു തരം ബഹളം തന്നെ. എനിയ്ക്കിഷ്ടമായില്ല. അടുത്തതും സ്റ്റാര്‍ട്ടാക്കി.
വീണ്ടും ബഹളം. ഇഷ്ടപ്പെട്ടില്ല.
മൂന്നാമത്തേതിന്റെ അടുത്തു ചെന്നു.
ഒരൊറ്റച്ചവിട്ടിനു സ്റ്റാര്‍ട്ടായി. പതിഞ്ഞ സ്വരം. പ്രൌഢഗംഭീരം. ലവ് അറ്റ്
ഫസ്റ്റ് സൈറ്റ്. പ്രണയിച്ചു പോയി അവളെ.
ആസ്സാമിലൂടെ തലങ്ങും വിലങ്ങും
ആറായിരം കിലോമീറ്റര്‍ സഞ്ചരിയ്ക്കുക കൂടി ചെയ്തു കഴിഞ്ഞപ്പോള്‍ അവളില്ലാതെ
ജീവിതമില്ല എന്ന തീരുമാനമെടുത്തുപോയി! സുഖമായി പറക്കാനുള്ള അവസരം അവള്‍ക്കു വേണ്ടി
ത്യജിച്ചു. അവളെ ജോര്‍ഹാട്ടില്‍ നിന്ന് ട്രെയിനില്‍ ഗ്വാഹാട്ടിയിലെത്തിയ്ക്കണം.
അവിടുന്നു നേരിട്ടുള്ള ട്രെയിനില്‍ എറണാകുളത്തെത്തിയ്ക്കണം. മലയാളമണ്ണില്‍
കാലുകുത്തിയ ശേഷം റോഡിലൂടെ രാജകീയമായി നാല്പ്പത്തഞ്ചു കിലോമീറ്റര്‍ ഓടിച്ചു
വീട്ടിലെത്തണം. ഇതാണു പ്ലാന്‍.
`ട്രെയിന്‍ മേ ബൈക്ക് ചോരി ഹോ ജായെഗി. ആപ്
ചലാക്കെ ജായിയേ.' ബൈക്ക് ട്രെയിനില്‍ കൊണ്ടു പോയാല്‍ അതു മോഷ്ടിയ്ക്കപ്പെടും.
റോഡിലൂടെ ഓടിച്ചുകൊണ്ടു പോകുകയാണു നല്ലത്. പറയുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു
സ്റ്റേഷന് മാസ്റ്റര്‍.
നടുങ്ങി, അതു കേട്ടപ്പോള്‍. ആമിയെ
ആസ്സാമില്‍ത്തന്നെ ഉപേക്ഷിയ്ക്കേണ്ടി വരുമോ?
മുന്നൂറ്റിച്ചില്വാനം
കിലോമീറ്റര്‍ ഓടിയ്ക്കുക ബുദ്ധിമുട്ടാണ്. വണ്ടിയും കേടാകും. ഞാന്‍
പറഞ്ഞു.
`സാരേ ബുള്ളറ്റ്വാലേ ഗ്വാഹാട്ടി ചലാക്കെ ജാത്തേ ഹെ ഔര്‍ ആത്തേ ഹെ.
ഉസ്മേ മുശ്കില്‍ ക്യാ ഹെ?' സ്റ്റേഷന് മാസ്റ്റര്‍ നിസ്സാരമട്ടില്‍
പറഞ്ഞു.
`ബൈക്ക് നയാ ഹെ.' പുതിയ ബൈക്ക്. വൈകുന്നേരത്തെ തുടച്ചു മിനുക്കല്‍
അത്താഴത്തേക്കാള്‍ പ്രധാനം. ആമിയോട് മുന്നൂറ്റേഴു കിലോമീറ്റര്‍ ഓടാന്‍ പറയാന്‍
ചങ്കു നോവും.
`ബുള്ളറ്റ് നയാ ഹെ ന? ആസാനീ സേ ചലേഗാ. നുക്സാന്‍ കുഛ് നഹി
ഹോഗാ.' പുതിയ ബുള്ളറ്റാണെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന്!
എനിയ്ക്കാണെങ്കില്‍ പുതിയതായതുകൊണ്ടാണ് കുഴപ്പം. പഴയ പന്നാസായിരുന്നെങ്കില്‍
എന്തു വേണമെങ്കിലും ആകാമായിരുന്നു.
ഈയിടെയെങ്ങാന്‍ മോഷണം നടന്നിട്ടുണ്ടോ?
ഞാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി.
ധാരാളം. ഹറ് ദിന് ചോരീ ഹോത്തീ രഹത്തീ
ഹെ. ദിവസേന മോഷണം നടക്കുന്നത്രെ. വഴിയില്‍ കുഴപ്പം പിടിച്ച കുറേയേറെ
സ്ഥലങ്ങളുണ്ട്. ദിഫു, ദിമാപ്പൂര്‍, ഹോജൈ, ലംഡിംഗ്, ഛാപ്പര്മുഖ്, ജാഗിറോഡ്.
ഇവിടൊക്കെ ആളുകള്‍ ട്രെയിന്‍ ഇടയ്ക്കു നിര്‍ത്തിച്ച്, ബ്രേക്ക്വാന്‍
കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിയ്ക്കുന്നു. പുതിയ ബുള്ളറ്റ് വെറുതേ കളയണോ?
ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ കൊല്ലങ്ങളെടുക്കും. ആപ് ക്യാ കരേംഗേ?
ഇതൊക്കെ
പോലീസു കാണാറില്ലേ?
വോ ലോഗ് ഭി ഇസ്മേ ശാമില്‍ ഹെ. അവര്‍ക്കും മോഷണത്തില്‍
പങ്കുണ്ടെന്ന്.
നിരാശയോടെയാണെങ്കിലും സ്റ്റേഷന്‍മാസ്റ്ററോടു നന്ദി പറഞ്ഞു
മടങ്ങിപ്പോന്നു. ആമിയുടെ രക്ഷയ്ക്കു വേണ്ടിയാണല്ലോ അദ്ദേഹം ഉപദേശങ്ങള്‍ തരാന്‍
മിനക്കെട്ടത്.
അക്കാലത്ത് പശ്ചിമബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള
ബ്രോഡ്ഗേജ് ഗ്വാഹാട്ടിയില്‍ വന്നവസാനിച്ചിരുന്നു. ഗ്വാഹാട്ടി മുതല്‍
കിഴക്കോട്ട്, ജോര്‍ഹാട്ട്, തിന്‍സുക്കിയ, ദിബ്രുഗഢ്, സില്‍ച്ചാര്‍ ഈ
സ്ഥലങ്ങളിലേയ്ക്കെല്ലാം മീറ്റര്‍ ഗേജായിരുന്നു. മിയ്ക്കയിടങ്ങളിലും ഒറ്റ ലൈന്‍
മാത്രം. അതുകൊണ്ടു തന്നെ വണ്ടികളും കുറവ്. ജോര്‍ഹാട്ടിലേയ്ക്ക് ആകെക്കൂടി രണ്ടേ
രണ്ടു വണ്ടികള്‍ മാത്രമാണ് വന്നുകൊണ്ടിരുന്നത്. ഒന്ന് മുന്‍ പറഞ്ഞ കാശിരംഗ
എക്സ്പ്രസ്സും മറ്റേത് മറിയാനിജോര്ഹാട്ട്ഫര്ക്കേറ്റിംഗ്
പാസ്സഞ്ചറും.
ജോര്‍ഹാട്ടില്‍ നിന്ന് ഗ്വാഹാട്ടി വരെ നിരവധി തവണ ബസ്സിനും
രണ്ടു തവണ കാറിനും പോയിട്ടുണ്ട്. രാത്രി ഒന്‍പതിനും പത്തിനുമിടയില്‍ ഏതാനും
ബസ്സുകള്‍ പുറപ്പെട്ട് നേരം വെളുക്കുമ്പോഴേയ്ക്ക് എത്തിച്ചേരുന്നു. ആസ്സാമില്‍
വെളുപ്പിന് നാലുമണിയാകുമ്പോഴേയ്ക്ക് നേരം വെളുത്തു തുടങ്ങും. ഈ യാത്ര പകല്‍
ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് വഴി പരിചിതമല്ല.
ഗ്വാഹാട്ടി വരെ
ബൈക്കിനു പോകുന്ന കാര്യത്തെപ്പറ്റി പലരോടുമന്വേഷിച്ചു. ഒരു സഹപ്രവര്ത്തകന്
പറഞ്ഞു. നമ്മുടെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് റോയ് ബുള്ളറ്റിന് പല തവണ
ഗ്വാഹാട്ടിയില്‍ പോയി മടങ്ങി വന്നിട്ടുണ്ട്. മൂപ്പരോടൊന്നു
ചോദിച്ചോളിന്‍.
സിമ്പിള്‍! റോയ് പറഞ്ഞു. വാസ്തവത്തില്‍ ബുള്ളറ്റിനു
പോകുന്നതാണ് ഏറ്റവും സുഖം. പണ്ട് ബ്രിട്ടീഷുകാരുണ്ടാക്കിയ, നീണ്ടു നിവര്‍ന്നു
കിടക്കുന്ന റോഡ്. എണ്‍പത്, തൊണ്ണൂറില്‍ കത്തിച്ചു വിടാം. അഞ്ചുമണിക്കൂര്‍
കൊണ്ടെത്തും. ബസ്സിനും മുന്‍പ്.
ബുള്ളറ്റു തന്നെയാണ് ഞാനും
ഓടിയ്ക്കുന്നതെങ്കിലും നാല്പ്പത്തഞ്ചു കിലോ മീറ്ററാണ് എന്റെ പരമാവധി വേഗത.
ആമിയുടെ പാദങ്ങള്‍ക്കു നൊന്താലോ! റോയ് അഞ്ചു മണിക്കൂറെടുക്കുന്നെങ്കില്‍
ഇരട്ടിയെടുക്കും ഞാന്‍. അപ്പോള്‍ പത്തു മണിക്കൂര്‍!.
രാവിലേ തന്നെ
പുറപ്പെട്ടാല്‍ ഇരുട്ടാകുമ്പോഴേയ്ക്ക് അങ്ങെത്താം. റോയുടെ കണക്കനുസരിച്ച്,
രാവിലെ അഞ്ചുമണിയ്ക്ക് യാത്ര തുടങ്ങുക. പത്തു മണിയ്ക്ക് ഓഫീസിലെത്താം. അഞ്ചു
മണിയ്ക്കു മടക്കം ആരംഭിയ്ക്കുക. പത്തു മണിയ്ക്ക്
തിരിച്ചെത്താം.
ട്രാന്‍സ്ഫറാണ്. ഞാന്‍ അറിയിച്ചു. മടങ്ങി വരുന്നില്ല.
അതുകൊണ്ട് ലഗ്ഗേജുമുണ്ട്.
ലഗ്ഗേജുണ്ടെങ്കില്‍ അത്രയും നല്ലത്. റോയ്
പറഞ്ഞു. കനം എത്രയുണ്ടോ, ബുള്ളറ്റിലെ യാത്ര അത്രയും സുഖമാകും.
എന്തെങ്കിലും
മുന്‍കരുതലുകള്‍ എടുക്കാനുണ്ടോ?
ഓയില്‍ ടാങ്കും പെട്രോള്‍ ടാങ്കും
നിറയ്ക്കുക. ബ്രേക്കും ബാറ്ററിയും ടയറും ചെയിനും ചെക്കു ചെയ്യുക. ബസ്. അത്ര
തന്നെ.
റോയുടെ ബുള്ളറ്റിനു പഴക്കമുണ്ട്. കൂടുതല്‍ ശക്തനാണ്. കാരണം ബിംഗ്
എന്ന പഴയ ബ്രിട്ടീഷ് കാര്‍ബ്യുറേറ്റര്‍ തന്നെ. ബിംഗ് പെട്രോള്‍ വലിച്ചു
കുടിയ്ക്കും. ഇരുപത്, ഇരുപത്തിരണ്ടു കിലോമീറ്റര്‍ ഓടുമ്പോഴേയ്ക്ക് ഒരു ലിറ്റര്‍
കുടിച്ചു തീര്‍ത്തിരിയ്ക്കും. എന്റേത് മിക്കാര്‍ബ് അഥവാ മിക്കുനി എന്ന
ജാപ്പനീസ് കാര്‍ബ്യുറേറ്റര്‍. ഒരു ലിറ്ററുകൊണ്ട് മുപ്പത്താറു കിലോമീറ്റര്‍
ഓടിക്കോളും. മുന്നൂറ്റാറു കിലോമീറ്ററിന് ആകെ പത്തു ലിറ്റര്‍ മതിയാകണം. `കുടി'
കുറവായതുകൊണ്ട് `വലി' ഒരല്പം കുറവായിരിയ്ക്കും. അതു സാരമില്ല.
ഫുള്‍
ടാങ്ക് പതിന്നാലര ലിറ്ററാണ്. അതു നിറച്ചിട്ടു കാര്യമില്ല. ഗ്വാഹാട്ടിയില്‍
നിന്നുള്ള ട്രെയിനിലെ ബ്രേയ്ക്ക് വാനില്‍ കയറ്റാനുള്ളതാണ്. ട്രെയിനില്‍
കയറ്റുന്നതിനു മുന്‍പ് ടാങ്കിലെ പെട്രോള്‍ മുഴുവനും ഊറ്റിക്കളഞ്ഞ് ഉണക്കി
വറ്റിച്ചെടുക്കേണ്ടി വരും. അതുകൊണ്ട് ആവശ്യത്തിലേറെ പെട്രോള്‍
നിറയ്ക്കാതിരിയ്ക്കുന്നതാകും ലാഭം.
വണ്ടി കേടായാല്‍ എന്തു ചെയ്യും?
ഡീലറുടെ മെക്കാനിക്കായ നിമായിയോടു ചോദിച്ചു. നിമായി ബംഗാളിയാണ്.
നിമായി
പറഞ്ഞു. പുതിയ വണ്ടി. രണ്ടര മാസമേ ആയിട്ടുള്ളു വാങ്ങിയിട്ട്. രാസ്തേമേ ഗാഡി
ഖരാബ് ഹോനേക്കാ സവാല് ഹി നഹി! വഴിയില്‍ കിടക്കുന്ന പ്രശ്നമേയില്ല.
മൂന്നു
ബുള്ളറ്റുകളില്‍ നിന്ന് ആമിയെ ഞാന്‍ തെരഞ്ഞെടുക്കുന്ന സമയത്ത് നിമായി സ്ഥലത്തു
ഹാജരുണ്ടായിരുന്നു. അതുകൊണ്ട് നിമായി ഇതു കൂടി പറഞ്ഞു. ആപ്കാ സെലക്ഷന് ഏക്ദം
ബഠിയാ ഥാ. യേ ഗാഡി കം സെ കം പച്ചീസ് സാല് തക് ചലേഗി. സെലക്ഷന് ഉഗ്രന്‍.
ചുരുങ്ങിയത് ഇരുപത്തഞ്ചു വര്‍ഷമെങ്കിലും ഓടും. ധൈര്യമായോടിയ്ക്കാം. എന്തായാലും
പുറപ്പെടുന്നതിന്റെ തലേന്ന്! വണ്ടിയൊന്നു കൊണ്ടു വന്നോളുക, നിമായി
നിര്‍ദ്ദേശിച്ചു.
കൂടെക്കൊണ്ടു പോകാനുള്ള ലഗ്ഗേജ് എത്രയുണ്ടെന്നു
വിലയിരുത്തി. ആറു മാസത്തേയ്ക്കു മാത്രമായി കേരളത്തില്‍ നിന്നു വന്നതായതു കൊണ്ട്
ലഗ്ഗേജ് താരതമ്യേന വളരെക്കുറച്ചേയുള്ളു. സൂട്ട്കേസ്, ബ്രീഫ്കേസ്, എയര്‍ബാഗ്,
ഇവയെല്ലാം ഓരോന്ന്. സൂട്ട്കേസ് ഒരല്പം വലുതാണ്. ട്രാന്‍സിസ്റ്ററും മറ്റു ചില
ചില്ലറ സാധനങ്ങളും കൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു.
ബൈക്കു
വാങ്ങിയപ്പോള്‍ത്തന്നെ പുറകില്‍ ഫിറ്റു ചെയ്യാനുള്ള കാരിയര്‍ അഴിച്ചു മാറ്റി
വച്ചിരുന്നു. അതു ഫിറ്റു ചെയ്തു. ആവശ്യമനുസരിച്ച് അതിന്റെ നീളം ഒരല്പം
കൂട്ടാവുന്നതുമാണ്. എന്നിട്ടും സൂട്ട്കേസ് അതില്‍
ഒതുങ്ങുന്നില്ല.
ബ്രീഫ്കേസും എയര്‍ബാഗും കാരിയറില്‍ വച്ചു കെട്ടുക.
സൂട്ട്കേസ് പുറകിലെ സീറ്റില്‍ കുറുകെ വച്ചു കെട്ടുക. സഹപ്രവര്ത്തകന് തമ്പി
അഭിപ്രായപ്പെട്ടു. തമ്പി പറഞ്ഞ തരത്തില്‍ മൂന്നും വച്ചു നോക്കി. കുഴപ്പമില്ല.
സൂട്ട് കേസ് പുറത്തു ചെറുതായി മുട്ടുന്നുണ്ടെങ്കിലും സാരമില്ല.
ലഗ്ഗേജും
ചുമന്നു കൊണ്ട് മുന്നൂറ്റിപ്പത്തു കിലോമീറ്റര്‍ ഓടാനുള്ളതല്ലേ, കാരിയറിന്റെ
നട്ടും ബോള്‍ട്ടും നിമായിയെക്കൊണ്ട് ടൈറ്റു ചെയ്യിപ്പിയ്ക്കണം. മനസ്സിലോര്‍ത്തു.
കാരിയറിന്റെ മാത്രമല്ല, ബൈക്കിന്റെ എല്ലാ നട്ടുകളും ബോള്‍ട്ടുകളും ടൈറ്റു
ചെയ്യിപ്പിയ്ക്കണം.
നീണ്ട യാത്ര. ക്ലച്ചും ആക്സിലേറ്ററും
സ്മൂത്തായിരിയ്ക്കണം. അവ രണ്ടിന്റേയും കേബിളുകള്‍ അഴിച്ചെടുത്ത് അവയില്‍
ഓയിലൊഴിയ്ക്കാന്‍ നിമായിയോടു പറയണം.
ബ്രേക്ക് ഇതുവരെ മെല്ലെ മാത്രമേ
ചവിട്ടേണ്ടി വന്നിട്ടുള്ളു. സഡന്‍ ബ്രേക്കിടേണ്ടി വന്നാലെങ്ങനെയുണ്ടാകും?
നിമായിയെക്കൊണ്ട് അതുമൊന്നു പരിശോധിപ്പിയ്ക്കാനുണ്ട്. നല്ല ബ്രേക്കു വേണം.
ചവിട്ടിയാല്‍ ഉടന്‍ നില്‍ക്കണം. ബ്രേക്ക് നല്ലതെങ്കില്‍ ഒരല്പം സ്പീഡെടുത്താലും
ഭയപ്പെടാനില്ല. നാഷണല്‍ ഹൈവേ. പണ്ട് ബ്രിട്ടീഷുകാര്‍ പണിത റോഡാണ്. സ്പീഡില്‍
പോകാവുന്ന റോഡ്. സ്പീഡു കൂടുന്തോറും ബ്രേക്ക്
കണ്ടീഷനായിരിയ്ക്കണം.
നിമായിയെക്കൊണ്ടു നോക്കിയ്ക്കാനായി കുറേയേറെ
കാര്യങ്ങളുണ്ട്. എല്ലാം എഴുതി വച്ചു. ഒന്നും വിട്ടു
പോകരുതല്ലോ.
ജോര്‍ഹാട്ടിലെ കുറഞ്ഞ താപനില ഡിസംബര്ജാനുവരി മാസങ്ങളില്‍ ആറു
ഡിഗ്രിയിലേയ്ക്ക് താഴാറുണ്ടായിരുന്നു. ഫെബ്രുവരിയില്‍ തണുപ്പുകാലം
അവസാനിയ്ക്കുന്നു. സുഖമുള്ള മാസമാണു മാര്‍ച്ച്. ഏപ്രിലില്‍ ചൂടുകാലത്തിനു
തുടക്കമിടുന്നെങ്കിലും അസഹ്യമായ ചൂടുണ്ടാകുന്നില്ല. എങ്കിലും റോഡ് ചുട്ടു
പഴുത്തതായിരിയ്ക്കും. ടയര്‍ നന്നായി ചൂടാകാന്‍ വഴിയുണ്ട്. പുതിയ
ടയറുകളായതുകൊണ്ട് കുഴപ്പമൊന്നുമുണ്ടാവില്ലെന്നു കരുതാം. മുന്‍വശത്തെ ടയറില്‍ 18
ുശെയും പുറകിലത്തേതില്‍ 28 ുശെയും ആണു പറയുന്നത്. പൌണ്ട്സ് പെര് സ്ക്വയര്‍
ഇഞ്ച്. എങ്കിലും നിമായി നിര്‍ദ്ദേശിച്ചിട്ടുള്ളത് ഇരുപതും മുപ്പതുമാണ്.
നൌഗോങ്ങിലെത്തുമ്പോള്‍ എയര്‍ ചെക്കു ചെയ്യാന്‍ റോയ് ഉപദേശിച്ചു.
എഴുതി
വച്ചതും ഓര്‍മ്മ വന്നതുമായ എല്ലാ കാര്യങ്ങളും യാത്ര പുറപ്പെടുന്നതിന്റെ തലേ ദിവസം
ചെയ്തു തീര്‍ത്തു. എല്ലാം കഴിഞ്ഞ് നിമായി ബുള്ളറ്റിന്റെ നെറുകയില്‍ കൈ വച്ചു
കൊണ്ടു പറഞ്ഞു, ആപ്കോ ഇസ് സേ കോയി പ്രോബ്ലം നഹി ഹോഗാ. ഇവനെ(ളെ)ക്കൊണ്ട്
അങ്ങേയ്ക്ക് ഒരു കുഴപ്പവുമുണ്ടാകുകയില്ല.
പെട്രോള്‍ ടാങ്കില്‍ പന്ത്രണ്ടു
ലിറ്റര്‍ അടിച്ചു. ഗ്വാഹാട്ടിയില്‍ ചെന്ന ശേഷം ട്രെയിനില്‍ കയറ്റും മുന്‍പ് അല്പം
പെട്രോള്‍ ഊറ്റിക്കളയേണ്ടി വരും. സാരമില്ല.
ഓയില്‍ ടാങ്കില്‍ മുകളറ്റം വരെ
ഓയില്‍ നിറച്ചു. ഒരല്പം കൂടുതലും. എന്ജിന് അമിതമായി ചൂടാകാതിരിയ്ക്കട്ടെ.
കൂടുതലുള്ള ഓയില്‍ എക്സ്ഹോസ്റ്റ് ട്യൂബിലൂടെ ചെയിനിലേയ്ക്കൊഴുകിപ്പൊയ്ക്കോളും.
ചെയിന്‍ വളരെ നിശ്ശബ്ദമായി പ്രവര്‍ത്തിയ്ക്കാന്‍ അതു സഹായിയ്ക്കും.
രണ്ട്
മൈക്കോ സ്പാര്‍ക്ക് പ്ളഗ്ഗുകള്‍ വാങ്ങി ടൂള്‍ ബോക്സില്‍ വച്ചു.
ഉപയോഗത്തിലിരിയ്ക്കുന്ന പ്ലഗ്ഗ് പണിമുടക്കിയാല്‍ പുതിയതു ഫിറ്റു ചെയ്യാം. ടൂള്‍
ബോക്സിലെ ടൂളുകളെല്ലാം ഭദ്രമായുണ്ടെന്നുറപ്പു വരുത്തി. വേണ്ടി വന്നാല്‍ ചെറിയ
പണികള്‍ക്കും തയ്യാര്‍!.
പിറ്റേന്ന് പകല്‍ മുഴുവന്‍
ബൈക്കോടിയ്ക്കാനുള്ളതാണ്. പൊരിഞ്ഞ വെയിലിന്റെ തീക്ഷ്ണതയില്‍ ഉറക്കം
തൂങ്ങിപ്പോകാനിട വരരുത്. നേരത്തേ കിടന്നു.
ജോര്‍ഹാട്ടില്‍ നാലു മണി
കഴിയുമ്പോഴേയ്ക്ക് നേരം പുലര്‍ന്നു തുടങ്ങും. നാലരയ്ക്കെഴുന്നേറ്റു. കുളിച്ചു.
ശര്‍മ്മാജി ചപ്പാത്തിയും ദാള്‍കറിയും ചായയും സ്നേഹപൂര്‍വ്വം ഉണ്ടാക്കിത്തന്നു.
ഉച്ചവരെ ആവശ്യമുള്ള ഊര്‍ജ്ജമായി.
ആമി ഭാരമേന്തിയാണെങ്കിലും കുലുക്കമില്ലാതെ
നില്ക്കുന്നു. പുറകിലെ സീറ്റില്‍ കനമുള്ള തുണി മടക്കി വിരിച്ച്, ഒരു സൂട്ട്
കേസ് വട്ടം വച്ച് വണ്ണമുള്ള പ്ലാസ്റ്റിക് കയറുകൊണ്ട് പല തവണ ചുറ്റി ബലമായി
കെട്ടിയിരിയ്ക്കുന്നു. കാരിയറില്‍ ബ്രീഫ് കേസ്, അതിനു മുകളില്‍ എയര്‍ബാഗ്.
അവയും കനമുള്ള പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി കെട്ടി വച്ചിരിയ്ക്കുന്നു.
തമ്പിയാണ് അതൊക്കെ ചെയ്തു തന്നിരിയ്ക്കുന്നത്. അവയെല്ലാം മെല്ലെ ഇളക്കി നോക്കി.
അനങ്ങുന്നില്ല. എല്ലാം ഭദ്രം. ഇതൊന്നും അങ്ങെത്തുന്നതു വരെ അനങ്ങുന്ന പ്രശ്നമില്ല,
തമ്പി ഉറപ്പു പറഞ്ഞു.
ആമി ഇത്രയധികം ഭാരം ഇതുവരെ ചുമന്നിട്ടില്ല. രണ്ടു
മാസത്തിനിടയില്‍ പുറകില്‍ ആളെക്കയറ്റിക്കൊണ്ട് ധാരാളം ഓടിയിട്ടുണ്ട്. പക്ഷേ
ആളല്ലാത്ത ഭാരങ്ങള്‍ ഇത്രത്തോളം ഇതുവരെ ചുമന്നിട്ടില്ല. കാരിയര്‍ പുറകിലേയ്ക്കു
നീണ്ടിരിയ്ക്കുന്നതും അതില്‍ ഭാരം വച്ചുകെട്ടിയിരിയ്ക്കുന്നതും പതിവുള്ളതല്ല.
അതുകൊണ്ട് എനിയ്ക്കല്‍പ്പം ശങ്കയുണ്ട്.
യാത്ര ചെയ്യാനുള്ളത് പത്തോ
ഇരുപതോ കിലോമീറ്ററല്ല. ജോര്‍ഹാട്ടില്‍ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കുള്ള
മുന്നൂറ്റാറു കിലോമീറ്റര്‍ മുഴുവന്‍ ഓടിത്തീര്‍ക്കണം. അതൊരു പക്ഷേ മുന്നൂറ്റിരുപതോ
അതില്‍ കൂടുതലുമോ ആയെന്നും വരാം.
തമ്പി, ജോണി, പ്രഭാകരന്, ശര്‍മ്മാജി,
ശാരംഗപാണി, മാത്യു, ബറുവ, റഹ്മാന്, ബാബു. എല്ലാവരും എത്തിയിട്ടുണ്ട്. എല്ലാവരും
കൈ പിടിച്ചു കുലുക്കി. എല്ലാവരും ഹാപ്പി ജേണി ആശംസിച്ചു.
ആമിയെ
സ്റ്റാന്റില്‍ നിന്നിറക്കി. പുറകിലെ സീറ്റില്‍ വച്ചിരിയ്ക്കുന്ന സൂട്ട്കേസില്‍
കാലു കൊളുത്താതെ, സൂക്ഷിച്ച്, ബൈക്കില്‍ കയറിയിരുന്നു. ഹെല്‍മറ്റു ധരിച്ചു. വൈസര്‍
ക്ലോസു ചെയ്തു. കണ്ണുകളില്‍ പൊടിയും പുകയും ഇനി കയറുകയില്ല. ക്ഷീണമറിയുകയുമില്ല.
താക്കോല്‍ തിരിച്ചു. ഒരൊറ്റച്ചവിട്ടിന് ആമി സട കുടഞ്ഞെഴുന്നേറ്റു. പ്രൌഢമായ
ശബ്ദം. അതു ഹൃദയത്തെ സ്പര്‍ശിച്ചു. തമ്പി വിരലുകള്‍ കൊണ്ട് ഒന്നാന്തരം എന്ന മുദ്ര
കാണിച്ചു.
ക്ലച്ചമര്‍ത്തി, ഗിയറുയര്ത്തി. ആമീ, നമുക്കു പോകാം. മുന്നൂറ്റാറു
കിലോമീറ്റര്‍. പത്തു മണിക്കൂര്‍. ത്രോട്ടില്‍ അല്പം തിരിച്ചു. ക്ലച്ചു പതിയെ
വിട്ടു. ആമി മെല്ലെ മുന്നോട്ടു നീങ്ങി.
സൂര്യനുദിച്ചിരിയ്ക്കുന്നു.
വാച്ചിലേയ്ക്കൊന്നു പാളി നോക്കി: ആറു മണി. ഓണ്‍ ഷെഡ്യൂള്‍. തുടക്കം
നന്നായിരിയ്ക്കുന്നു. വെല്‍ ബിഗണ്‍ ഈസ് ഹാഫ് ഡണ്‍!
റെസിഡന്‍ഷ്യല്‍
മേഖലയായ ചോലാധരയില്‍ നിന്ന് ഏ ടി റോഡിലേയ്ക്കുള്ള വഴിമദ്ധ്യെ ടി ആര് ഫുക്കന്‍
റോഡു ക്രോസ്സു ചെയ്തു. ടി ആര് ഫുക്കന്‍ റോഡ് ജീവിതത്തില്‍ ഒരു തവണ കൂടി
ക്രോസ്സു ചെയ്യാനിടയില്ല. അതുകൊണ്ട് ടി ആര് ഫുക്കനെപ്പറ്റി ഇപ്പോള്‍ത്തന്നെ
ഒന്നു പറഞ്ഞേക്കാം.
തരുണ്‍ രാം ഫുക്കന്‍ ആളൊരു വിശിഷ്ട വ്യക്തിയായിരുന്നു.
ഗാന്ധിജിയും നെഹ്രുജിയും ഫുക്കനും ബാരിസ്റ്റര്‍ പരിശീലനം നേടിയത് ലണ്ടനിലെ ഇന്നര്‍
ടെമ്പിള്‍ എന്ന പ്രശസ്ത നിയമവിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു. വിവിധ
വര്‍ഷങ്ങളിലായിരുന്നെന്നു മാത്രം. ഗാന്ധിജിയേയും നെഹ്രുജിയേയും പോലെ ഫുക്കനും
കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്
കഠിനതടവ് അനുഭവിയ്ക്കുക കൂടി ചെയ്തിട്ടുള്ള മഹാന്. അദ്ദേഹത്തിന്റെ
സ്മരണയ്ക്കായി നാമകരണം ചെയ്തിട്ടുള്ള ഈ റോഡു വഴി നിരവധി തവണ
സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിയ്ക്കല്‍ അയല്പക്കത്തെ പ്രൊഫസര്‍ ജിതേന്‍ ശര്‍മ്മ
പറഞ്ഞപ്പോഴാണ് ടി ആര് ഫുക്കന്റെ മഹത്വം മനസ്സിലായത്.
ചോലാധരയോടും ടി ആര്
ഫുക്കന്‍ റോഡിനോടും വിട പറഞ്ഞ് നിമിഷങ്ങള്‍ കൊണ്ട് ഏ ടി റോഡിലെത്തി. ആസ്സാം
ട്രങ്ക് റോഡ്. ഔപചാരികമായ നാമധേയം നാഷണല്‍ ഹൈവേ 37. ഇപ്പോള്‍ അതിന്റെ പേരില്‍
വീണ്ടും മാറ്റം വന്നിട്ടുണ്ട്, നമ്മുടെ സ്വന്തം എന്‍ എച്ച് 17 എന്‍ എച്ച് 66
ആയിരിയ്ക്കുന്നതു പോലെ. ഏ ടി റോഡില്‍ കടന്ന് വലത്തോട്ട് പടിഞ്ഞാറോട്ട്
തിരിഞ്ഞു. ഇനി ഗ്വാഹാട്ടി വരെയുള്ള മുന്നൂറ്റാറു കിലോമീറ്ററും ഈ റോഡിലൂടെയാണു
പോകാനുള്ളത്. ഇടത്തോട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്നെങ്കില്‍ ശിവസാഗര്‍,
ദിബ്രുഗഢ്, തിന്‍സുക്കിയ, അരുണാചല്‍ പ്രദേശ്, ചൈന, ബര്‍മ്മ,
അങ്ങനെയങ്ങനെ.
ദിവസത്തിന്റെ ഏറ്റവും സുഖമുള്ള സമയം. സൂര്യന്റെ ഇളവെയില്
ആസ്വാദ്യം. കുളിര്‍മ്മയുള്ള കാറ്റ്.
മിനിറ്റുകള്‍ കൊണ്ട് അജന്താ സിനിമാ
തിയേറ്റര്‍ കടന്നു. അജന്തയില്‍ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. അന്ന്
ജോര്‍ഹാട്ടില്‍ ആകെ മൂന്നു സിനിമാത്തിയേറ്ററുകളാണുണ്ടായിരുന്നത്. ടൌണിന്റെ
നടുവില്‍ത്തന്നെ, ഗാര് ആലി എന്ന തെരുവിലുള്ള `എല്ലീ സിനിമ'. അതിനൊരല്പം
അപ്പുറത്തായി ജ്യോതി ഹാള്‍. ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം സിനിമകള്‍
കണ്ടിട്ടുള്ളത് ജ്യോതി ഹാളിലാണ്. രണ്ടു ഫര്‍ലോങ്ങു മാത്രം അകലെയുള്ളൊരു
വാടകവീട്ടില്‍ അഞ്ചു വര്‍ഷത്തിലേറെക്കാലം താമസിച്ചിരുന്നു. ജ്യോതിയില്‍ നല്ല
സിനിമയുള്ളപ്പോള്‍ അത്താഴം കഴിഞ്ഞ് സെക്കന്റ് ഷോ കാണാന്‍ മെല്ലെ ഇറങ്ങും. ഗ്രിഗറി
പെക്കിന്റെ മെക്കന്നാസ് ഗോള്‍ഡ് മൂന്നു തവണ അടുത്തടുത്ത ദിവസങ്ങളിലായി കണ്ടത്
ജ്യോതിയിലായിരുന്നു. ചെറിയ തിയേറ്ററായിരുന്നെങ്കിലും ജ്യോതിയിലെ സൌണ്ടും
പ്രൊജക്ഷനും നന്നായിരുന്നു. ടിക്കറ്റ് ചാര്‍ജ്ജ് ഏറ്റവും കുറവും.
അജന്ത
കഴിഞ്ഞയുടനെ, ജോര്‍ഹാട്ട് മുനിസിപ്പാലിറ്റി വിട പറഞ്ഞു: `കം എഗെയിന്‍,
ജോര്‍ഹാട്ട് മുനിസിപ്പാലിറ്റി'. ജോര്‍ഹാട്ട് വിട്ടിരിയ്ക്കുന്നു. ഇനി
വരലുണ്ടാവില്ല.
നാട്ടിലേയ്ക്കുള്ള മടങ്ങിപ്പോക്കാണെങ്കിലും, ജോര്‍ഹാട്ട്
വിടുന്നതില്‍ നേരിയൊരു നൊമ്പരം തോന്നി. നാട്ടില്‍ നിന്ന് മൂവായിരത്തെഴുന്നൂറു
കിലോമീറ്റര്‍ അകലെയാണെങ്കിലും ആസ്സമീസ് ഭാഷ അറിഞ്ഞിരുന്നില്ലെങ്കിലും ജോര്‍ഹാട്ട്
നല്ല സ്ഥലമായിരുന്നു. ഇന്നാട്ടുകാരനല്ലെന്ന് അറിയാമായിരുന്നിട്ടും, ഇവിടുത്തെ ജനം
എന്നോടു സ്നേഹത്തോടെ തന്നെ പെരുമാറിയിരുന്നു. ആസ്സാംകാരായ ഏതാനും നല്ല
സുഹൃത്തുക്കളുമുണ്ടായിരുന്നു.
ജോര്‍ഹാട്ടിലെ മുഖ്യവിനോദം സിനിമ
തന്നെയായിരുന്നു. ജോര്‍ഹാട്ടിലുണ്ടായിരുന്ന മൂന്നു തിയേറ്ററുകളിലും മിയ്ക്കപ്പോഴും
ഹിന്ദി സിനിമകളാണ് ഓടിയിരുന്നത്. എല്ലിയില്‍ ഞായറാഴ്ച മോണിംഗ് ഷോ
ഇംഗ്ലീഷായിരിയ്ക്കും. പൊതുവില്‍ ഹിന്ദി സിനിമയുടെ അതിപ്രസരം തന്നെ. അമിതാഭിന്റെ
പടം വന്നാല്‍ ആദ്യത്തെ ഒരാഴ്ച ടിക്കറ്റു കിട്ടുക അസാദ്ധ്യം.
കേരളത്തിന്റെ
സാംസ്കാരികതലസ്ഥാ!നം തൃശ്ശൂരാണ് എന്നു പറയുന്നതു പോലെ, ആസ്സാമിന്റെ
സാംസ്കാരികതലസ്ഥാനം ജോര്‍ഹാട്ടാണ്. എന്നിട്ടും ആസ്സമീസ് സിനിമകള്‍
അപൂര്‍വ്വമായിരുന്നു ജോര്‍ഹാട്ടില്‍. ഒരിയ്ക്കല്‍ ജ്യോതിയില്‍ ചമേലീ മേംസാബ് എന്ന
ആസ്സമീസ് പടത്തിന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ വരവുണ്ടായി. അന്നത് രണ്ടു തവണ
കണ്ടു. ആ ചിത്രം അതിനകം അവാര്‍ഡുകള്‍ നേടി പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ഡോക്ടര്‍
ഭുപേന്‍ ഹജരിക (ഹസരിക) സംഗീതം നല്കി, ലതാ മങ്കേഷ്കറുടേയും ആശാ ഭോണ്‍സ്ലേയുടേയും
അനുജത്തിയായ ഉഷാ മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ, മാധുര്യമുള്ള ആസ്സമീസ് പാട്ട്,
`അഹോം ദേഖോര്‍ബാഗീസാരി സോവാലീ / ഝുമുര്‍തുമുര്‍ നാച്ചീക്കോറു ധേമാലി / ഹേ ലഖ്മി
നൊഹോയ് മൂരേ നാം ചാമേലീ', ആ ചിത്രത്തിലേതാണ്. ആസ്സാമിലെ ജനങ്ങള്‍ ഇത്രത്തോളം
നെഞ്ചേറ്റി നടന്ന മറ്റൊരു ആസ്സമീസ് ചലച്ചിത്രഗാനമുണ്ടെന്നു
തോന്നുന്നില്ല.
അജന്ത കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കകം റീജണല്‍
റിസര്‍ച്ച് ലാബറട്ടറിയെത്തി. വളരെ വിശാലമായ കാമ്പസ്സാണ് സി എസ് ഐ ആറിന്റെ
(കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) കീഴിലുള്ള ആര്
ആര് എല്ലിന്റേത്. നമ്പ്യാര്‍ സാര്‍, ഗോപാലകൃഷ്ണന്, ഡോക്ടര്‍ പിള്ള, എന്നിങ്ങനെ
ഏതാനും മലയാളികള്‍ അവിടെയുണ്ട്. പോകുന്ന വിവരം അവരെ അറിയിച്ചിരുന്നു, കഴിഞ്ഞയാഴ്ച
തന്നെ തമ്മില്‍ കണ്ടിരുന്നു. ജോര്‍ഹാട്ടില്‍ മലയാളികള്‍ പൊതുവില്‍ കുറവായതുകൊണ്ട്
ഉള്ളവര്‍ തമ്മില്‍ കൂടുതല്‍ സൌഹൃദമുണ്ട്.
ആര് ആര് എല്ലിനോടു ചേര്‍ന്ന്
ഒരു റോഡ് തെക്കോട്ടു പോകുന്നുണ്ട്. അത് റൌറിയയിലേയ്ക്കുള്ളതാണ്. റൌറിയയിലാണ്
ജോര്‍ഹാട്ടിലെ എയര്‍പോര്‍ട്ട്. ടൌണില്‍ നിന്ന് ഒരഞ്ചു കിലോമീറ്റര്‍.
പട്ടാളത്തിന്റെ വലിയൊരു കേന്ദ്രമാണ് റൌറിയ. ആസ്സാം റൈഫിള്‍സും എയര്‍ഫോഴ്സും
ആര്‍മിയുമെല്ലാം അവിടെയുണ്ട്. മലയാളികള്‍ ധാരാളം. അവിടെ ഒരു
സിനിമാത്തിയേറ്ററുമുണ്ട്. ചില ഞായറാഴ്ചകളിലെ മോണിംഗ് ഷോ മലയാളസിനിമയാകാറുണ്ട്.
പട്ടാളത്തിലെ സുഹൃത്തുക്കളാരെങ്കിലും വിളിച്ചു പറയും, ദാ, ഈ ഞായറാഴ്ച
മലയാളസിനിമയുണ്ടു കേട്ടോ. വേണമെങ്കില്‍ വന്നോളൂ. നല്ല സിനിമയാണെങ്കില്‍ ചെന്നു
കാണും. പൊതുജനത്തിനും അവിടെ പ്രവേശനമുണ്ട്. മലയാളസിനിമ കാണാനുള്ള ഒരേയൊരു വഴിയും
അതു തന്നെ. ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമിടയില്‍ സ്വതന്ത്രമായി മലയാളം
സംസാരിയ്ക്കാനുള്ള ചുരുക്കം ചില അവസരങ്ങളുമായിരുന്നു അതെല്ലാം.
ടൌണില്‍
നിന്ന് അകലുന്തോറും റോഡിന്റെ ഉപരിതലം നന്നായി വന്നു. ഒരുപാടിടങ്ങളില്‍ അങ്ങകലെ,
അറ്റം കാണാത്ത വിധം നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ആസ്സാം ട്രങ്ക് റോഡെന്ന എന്‍
എച്ച് 37. ഗ്വാഹാട്ടിയ്ക്കുമപ്പുറത്ത്, ബ്രഹ്മപുത്രയുടെ തീരത്തുള്ള ഗോല്‍പ്പാറ
എന്ന സ്ഥലത്തു നിന്നുത്ഭവിച്ച്, ഗ്വാഹാട്ടി, നൌഗോങ്ങ്, ജഖളബന്ധ, കാശിരംഗ,
ജോര്‍ഹാട്ട്, ശിവസാഗര്‍, ദിബ്രുഗഢ്, തിന്‍സുക്കിയ എന്നീ സ്ഥലങ്ങളിലൂടെ അരുണാചല്‍
പ്രദേശിലെ റോയിങ്ങ് എന്ന സ്ഥലത്തിനടുത്തുവരെ പോകുന്നുണ്ട് ഏകദേശം എണ്ണൂറു
കിലോമീറ്ററോളം നീളമുള്ള ഈ റോഡ്.
ഏ ടി റോഡിന്റെ പല ഭാഗങ്ങളും ബ്രിട്ടീഷ്
ഭരണകാലത്തു നിര്‍മ്മിയ്ക്കപ്പെട്ടവയാണ്. അതിന്റെ നിര്‍മ്മാണത്തിന് മൂന്നു മുഖ്യ
കാരണങ്ങളുണ്ടായിരുന്നു. ബര്‍മ്മയുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരുന്ന
ആക്രമണങ്ങളായിരുന്നു, അവയിലൊന്ന്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടങ്ങിയ
തേയിലകൃഷിയായിരുന്നു മറ്റൊന്ന്. അതേ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അപ്പര്‍
ആസ്സാമില്‍ എണ്ണ കണ്ടുപിടിയ്ക്കപ്പെട്ടതായിരുന്നു, മൂന്നാമത്തെ
പ്രേരകം.
തേയിലയെപ്പറ്റി ഓര്‍ക്കുന്നതിനിടയില്‍ സൊക്ലേറ്റിംഗാ ടീ
ഗാര്‍ഡനെത്തി. ഇനിയങ്ങോട്ട് പല തേയിലത്തോട്ടങ്ങളുമുണ്ട്. ബദുലിപ്പാര്, ഖുംതായ്,
മെഥോണി, അങ്ങനെയങ്ങനെ. ജോര്‍ഹാട്ടിന്റെ കിഴക്കോട്ടും തെക്കോട്ടുമുള്ള ഭാഗങ്ങളിലും
തേയിലത്തോട്ടങ്ങള്‍ ധാരാളമുണ്ട്. ദിബ്രുഗഢ്, നോര്‍ത്ത് ലഖിംപൂര്‍, ശിവസാഗര്‍
എന്നീ ജില്ലകളിലും തേയിലത്തോട്ടങ്ങള്‍ സുലഭം. മൂന്നാര്‍ദേവികുളം ഭാഗങ്ങളിലേയും
നീലഗിരിയിലേയും ഡാര്‍ജിലിങ്ങിലേയും തേയിലത്തോട്ടങ്ങളില്‍ നിന്നു വ്യത്യസ്തമായി,
സമുദ്രനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ല, ആസ്സാമിലെ ഭൂരിഭാഗം
തേയിലത്തോട്ടങ്ങളും. അക്കാരണം കൊണ്ട് ആസ്സാമിലെ തേയിലയ്ക്ക് വ്യത്യസ്തമായൊരു
രുചിയുണ്ടെന്നാണ് പറയപ്പെടുന്നത്. ആസ്സാമിലെ തേയിലത്തോട്ടങ്ങള്‍ക്ക് വിസ്താരവും
കൂടുതലാണ്. ചൈനയാണ് ഏറ്റവുമധികം തേയില കയറ്റുമതി ചെയ്യുന്നതെങ്കിലും, തേയിലകൃഷി
നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഒറ്റമേഖലയെന്ന പദവി ആസ്സാമിനു
തന്നെ.
ആസ്സാം, നീലഗിരി, ഡാര്‍ജിലിങ്ങ്, മൂന്നാര്‍ എന്നിവിടങ്ങളിലെ
തേയിലകളില്‍ ഏറ്റവും മികച്ചത് ഏതെന്നു പറയാന്‍ ഞാന്‍ പ്രാപ്തനല്ല. തേയിലലേലത്തിലെ
വിലകള്‍ നോക്കുകയാണെങ്കില്‍, ജോര്‍ഹാട്ടിലാണ് ഏറ്റവും ഉയര്‍ന്ന വില: 131.92 രൂപ.
ആസ്സാമിലെ എല്ലാ തേയില ലേല കേന്ദ്രങ്ങളിലേയും വില നൂറിലേറെയാണ്. ഡാര്‍ജിലിങ്ങില്‍
നിന്നുള്ളതുള്‍പ്പെടുന്ന പശ്ചിമബംഗാള്‍ കേന്ദ്രങ്ങളില്‍ 95 രൂപയില്‍ത്താഴെ
മാത്രമാണു വിലകള്‍. കേരളത്തില്‍ അറുപത്തഞ്ചില്‍ താഴെ മാത്രവും. ടീബോര്‍ഡു
പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന ഇക്കഴിഞ്ഞ ഒക്ടോബറിലെ വിലകളാണിവ. നേരിട്ടുള്ള അനുഭവം
കൂടി പറയാം. ജോര്‍ഹാട്ടിനു ചുറ്റുമുള്ള പല ടീ എസ്റ്റേറ്റുകളും
സന്ദര്‍ശിയ്ക്കാനിടയായിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ തന്ന ചായ
ഒന്നാന്തരമായിരുന്നു. അതെല്ലാം എക്സ്പോര്‍ട്ട് ക്വാളിറ്റിയും
ആയിരുന്നിരിയ്ക്കണം.
ഇതിനിടയില്‍ ആമി ഡെര്‍ഗാവണിലെത്തിയിരുന്നു. അവിടെയാണ്
ആസ്സാം പോലീസ് അക്കാദമി. ആസ്സാം പോലീസുമായി എനിയ്ക്കു നേരിട്ടു
ബന്ധമൊന്നുമില്ലെങ്കിലും ഡെര്‍ഗാവണിലെ പോലീസ് അക്കാദമിയില്‍ മൂന്നു തവണ
പോയിട്ടുണ്ട്. ഒരിയ്ക്കല്‍ ഒരോഫീസ് ദിവസം ആജാനുബാഹുവായ ഒരാള്‍ ചിരിച്ചുകൊണ്ട്
എന്റെ ക്യാബിനിലേയ്ക്കു കയറി വന്നു. മലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ
മനസ്സിലായി. `രാമചന്ദ്രന്', അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കൈ തന്നു.
മുറുക്കിയുള്ള പിടിത്തം. `പട്ടാളത്തിലാണോ?' ഞാന്‍
ചോദിച്ചു.
ജോര്‍ഹാട്ടിലെത്തുന്ന മലയാളികളില്‍ ഭൂരിഭാഗവും ഒന്നുകില്‍
പട്ടാളത്തിലായിരിയ്ക്കും. അല്ലെങ്കില്‍ ഓഎന്‍ജിസി, ഓയില്‍ ഇന്‍ഡ്യ എന്നിങ്ങനെയുള്ള
എണ്ണക്കമ്പനികളില്‍. എന്റെ ഊഹം തെറ്റി. രാമചന്ദ്രന് പോലീസിലായിരുന്നു. സാക്ഷാല്‍
ആസ്സാം പോലീസില്‍. കേരളത്തില്‍ നിന്ന് ഐപിഎസ്സു പാസ്സായി. ഹൈദരാബാദിലെ നാഷണല്‍
പോലീസ് അക്കാദമിയില്‍ പരിശീലനം കഴിഞ്ഞു പോസ്റ്റിംഗ് കിട്ടിയത് ആസ്സാമില്‍!
ഡെര്‍ഗാവണിലെ പോലീസ് അക്കാദമിയില്‍ വീണ്ടും ട്രെയിനിംഗ്. ആസ്സമീസ് ഭാഷയും
അല്പമൊക്കെ വശമാക്കിയിരിയ്ക്കുന്നു. ഒരു മലയാളിയെ കണ്ടുമുട്ടിയതില്‍ രാമചന്ദ്രനു
സന്തോഷമായി. മറ്റൊരു മലയാളിയേയും ഒരു മാസമായി ജോര്‍ഹാട്ടില്‍ കാണാനിട
വന്നിട്ടില്ലത്രെ. രാമചന്ദ്രന് എന്നോടൊപ്പം വീട്ടില്‍ വന്ന് ചപ്പാത്തി കഴിച്ചു.
വൈകുന്നേരം ബൈക്കിന് ഡെര്‍ഗാവണില്‍ കൊണ്ടു ചെന്നാക്കി. തുടര്‍ന്ന് രണ്ടു തവണ കൂടി
ഞങ്ങള്‍ അവിടേയും ജോര്‍ഹാട്ടിലും വച്ചു
കണ്ടുമുട്ടിയിരുന്നു.
പില്ക്കാലത്ത് രാമചന്ദ്രന് ഗ്വാഹാട്ടിയിലെ പോലീസ്
കമ്മീഷണറായിത്തീര്‍ന്നിരുന്നു. ബോഡോഉള്ഫാ കലാപങ്ങള്‍ അക്രമരാഹിത്യം വെടിഞ്ഞ്
രക്തരൂഷിതമായിക്കൊണ്ടിരുന്ന കാലത്താണ് രാമചന്ദ്രന് പോലീസ് കമ്മീഷണറായത്.
കാര്യകുശലതയുള്ള പോലീസ് കമ്മീഷണര്‍ എന്ന പ്രശസ്തി രാമചന്ദ്രന് നേടിയിരുന്നെന്ന്
ഗ്വാഹാട്ടിയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നു പിന്നീടു ഞാനറിഞ്ഞു. തിരുവനന്തപുരം
ജില്ലയില്‍ നിന്നുള്ള ഒരു മലയാളി അങ്ങകലെ, അസ്വസ്ഥമേഖലയായ (ഡിസ്റ്റേര്‍ബ്ഡ്
അത്തരം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രത്യേകം അലവന്‍സും ഉണ്ടായിരുന്നു) ആസ്സാമിലെ
പോലീസ് കമ്മീഷണറായി പ്രശസ്തി നേടുക! എല്ലാ മലയാളികള്‍ക്കും രാമചന്ദ്രനെപ്പറ്റി
അഭിമാനിയ്ക്കാം.
ആമിയുടെ സ്വരം ഞാന്‍ ശ്രദ്ധിച്ചു. മഡ് ഫ്ലാപ്പ് ഫിറ്റു
ചെയ്തിട്ടുണ്ടെങ്കിലും ആമിയ്ക്കു ശബ്ദം കുറവാണ്. പതിഞ്ഞ സ്വരം. അതുകൊണ്ടു
കൂടിയാണല്ലോ ഞാന്‍ ആമിയെ സ്വന്തമാക്കിയിരുന്നത്. അതേ സമയം തന്നെ എഞ്ചിന്റെ ശക്തി
നാം ശരിയ്ക്കനുഭവിയ്ക്കുകയും ചെയ്യുന്നു. പാടങ്ങളുടെ നടുവിലൂടെയുള്ള ഭാഗങ്ങളില്‍
ശബ്ദം വീണ്ടും കുറയുന്നു. ഓയില്‍ ടാങ്കിലെ ഓയില്‍ എല്ലാ ഭാഗങ്ങളിലും
എത്തിയിരിയ്ക്കുന്നതു കൊണ്ടായിരിയ്ക്കണം, എഞ്ചിന് അനായാസേന
പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ശബ്ദം കേട്ടാല്‍ അതറിയാന്‍ സാധിയ്ക്കും.
വീതിയുള്ള റോഡ്. വളവുകള്‍ വിരളം. കടുത്ത വളവുകള്‍ തീരെയില്ല. സ്പീഡോമീറ്ററിലെ
സൂചി അന്‍പതില്‍ സ്ഥിരമായി നില്ക്കുന്നു. ഇടയ്ക്കിടെ മറ്റു ബുള്ളറ്റുകള്‍ എന്നെ
അനായാസേന ഓവര്‍ടേയ്ക്കു ചെയ്തു പൊയ്ക്കൊണ്ടിരിയ്ക്കുന്നുണ്ട്. അവര്‍ എഴുപതിലും
ചിലര്‍ എണ്‍പതിലുമായിരുന്നിരിയ്ക്കണം പോയത്. പക്ഷെ, അതൊന്നും എന്നെ മത്സരത്തിന്
പ്രലോഭിപ്പിയ്ക്കാറില്ല.
ബുള്ളറ്റുകള്‍ മാത്രമല്ല ഇടയ്ക്കിടെ രാജ്ദൂത്
യമഹയും കുതിച്ചോടിക്കൊണ്ടിരുന്നു. ആയിടെ, അതായത് 1983ല്‍ മാത്രം ഉത്പാദനമാരംഭിച്ച
350 സീസി ബൈക്കായിരുന്നു എസ്കോര്‍ട്ട്സ് ഗ്രൂപ്പിന്റെ രാജ്ദൂത് യമഹ. അതിനു
മുന്‍പ് മൂന്നേ മൂന്നു ബൈക്കുകള്‍ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്:
എസ്കോര്‍ട്ട്സ് ഗ്രൂപ്പിന്റെ തന്നെ രാജ്ദൂത് (175 സീസി), ഐഡിയല്‍ ജാവയുടെ
യെസ്ദി (250 സീസി), പിന്നെ എന്‍ഫീല്‍ഡ് ഇന്ത്യയുടെ ബുള്ളറ്റും (350 സീസി).
പതിറ്റാണ്ടുകളോളം ഈ മൂന്നു ബൈക്കുകള്‍ അരങ്ങു വാണു. മുന്‍ പറഞ്ഞ മൂന്നു
ബൈക്കുകളില്‍ നിന്ന് അവയുടെ ഉടമകളുടെ സ്വഭാവം അല്പമൊക്കെ
ഊഹിച്ചെടുക്കാമായിരുന്നു. രാജ്ദൂത് (175) വിവേകി. യെസ്ദി യുവാവ്. ബുള്ളറ്റ്
പ്രതാപി. കുറഞ്ഞൊരു കാലം (ആറു വര്‍ഷം മാത്രം) രാജ്ദൂത് യമഹ ബുള്ളറ്റുമായി
മത്സരിച്ചെങ്കിലും ബുള്ളറ്റു തന്നെയായിരുന്നു എക്കാലത്തേയും റോയല്‍
ബൈക്ക്.
ഇന്നിപ്പോള്‍ കാര്യങ്ങളാകെ മാറി മറിഞ്ഞിരിയ്ക്കുന്നു.
കോടിക്കണക്കിനു ടൂ വീലറുകളാണ് ഇന്ത്യയിലിന്ന് ഉത്പാദിപ്പിയ്ക്കപ്പെടുന്നത്.
2013ല്‍ മാത്രം 1.43 കോടി ടൂ വീലറുകള്‍. ബിഎംഡബ്ല്യു, ഡുക്കാറ്റി, സുസുക്കി,
പിയാജ്ജിയോ, ട്രയംഫ്, ഹോണ്ട, യമഹ, കവാസാക്കി, എന്നിവരൊക്കെ ആയിരം സീസിയുടെ
ബൈക്കുകള്‍ ഇവിടെ നിര്‍മ്മിയ്ക്കുന്നുണ്ട്. ചിലതിന് ഇരുപതു ലക്ഷത്തിലേറെ വില
വരുന്നുണ്ടെങ്കിലും, അവയും വാങ്ങാനാളുകളുണ്ട്. അവയ്ക്കിടയിലും നമ്മുടെ
പ്രിയപ്പെട്ട ബുള്ളറ്റ്350 വിറ്റഴിയുന്നുണ്ടെന്ന വസ്തുത സന്തോഷം
തരുന്നു.
പുറകിലെ സീറ്റിലും കാരിയറിലുമായി കെട്ടിവച്ചിരിയ്ക്കുന്ന
ലഗ്ഗേജിനെ ശ്രദ്ധിച്ചു. അവ ഉറപ്പോടെ ഇരിയ്ക്കുന്നുണ്ട്. കാശിരംഗയിലെത്തുമ്പോള്‍
ആമിയ്ക്ക് അല്പനേരത്തെ വിശ്രമം നല്‍കാം. ഏകദേശം തൊണ്ണൂറു കിലോമീറ്റര്‍
സഞ്ചരിച്ചു കഴിയുമ്പോഴാണ് കാശിരംഗയിലെത്തുക.
ചമേലീ മേംസാബിനെപ്പറ്റി
മുഴുവന്‍ പറഞ്ഞില്ല. ആസ്സമീസ് പടം നിര്‍മ്മിച്ച് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ ചമേലീ
മേംസാബ് ബംഗാളിയില്‍ നിര്‍മ്മിയ്ക്കപ്പെട്ടു. ആസ്സമീസില്‍ നായകനായിരുന്നത്
ജോര്‍ജ്ജ് ബേക്കര്‍ എന്നൊരു നടനായിരുന്നു. `ജോര്‍ജ്ജ് ബേക്കര്‍' ഒരു ബ്രിട്ടീഷ്
പേരാണെങ്കിലും അദ്ദേഹം ആസ്സാമിലെ തെസ്പൂരുകാരനാണ്. കഴിവുറ്റ നടന്. അദ്ദേഹം തന്നെ
ബംഗാളിപ്പതിപ്പിലും നായകനായി. ബിനിത ബൊര്‍ഗൊഹെയിന്‍ എന്നൊരു ആസ്സമീസ്
നടിയായിരുന്നു ആസ്സമീസ് പതിപ്പില്‍ ചമേലിയായി അഭിനയിച്ചത്. ബംഗാളിപ്പതിപ്പില്‍
പ്രസിദ്ധ ഹിന്ദി നടി രാഖി നായികയായി. എങ്കിലും ആസ്സാം ജനതയ്ക്ക് ആസ്സമീസ്
ഒറിജിനല്‍ പ്രിയങ്കരമായതു പോലെ ബംഗാളികള്‍ക്ക് ബംഗാളിപ്പതിപ്പു പ്രിയങ്കരമായോ
എന്നു സംശയമുണ്ട്.
നുമാലിഗഢില്‍ എത്തിയിരിയ്ക്കുന്നു. നുമാലിഗഢിന് ഒരു
വൈശിഷ്ട്യമുണ്ട്. ജപ്പാനിലെ ടോക്യോവില്‍ നിന്ന് യൂറോപ്പിലെ ബള്‍ഗേറിയയിലേയ്ക്ക്
20557 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിയ്ക്കപ്പെടുന്ന ഏഷ്യന്‍ ഹൈവേ നുമാലിഗഢില്‍
വച്ച് ആസ്സാം ട്രങ്ക് റോഡുമായി യോജിയ്ക്കുന്നു. ഇവിടുന്നങ്ങ്
ഗ്വാഹാട്ടിയ്ക്കടുത്തുള്ള ജോറാബാട്ടു വരെ ആസ്സാം ട്രങ്ക് റോഡും ഏഷ്യന്‍ ഹൈവേയും
ഒന്നു തന്നെ. അതു വരെ പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ഏഷ്യന്‍ ഹൈവേ
ജോറാബാട്ടില്‍ വച്ച് തെക്കോട്ടു തിരിഞ്ഞ് ഷില്ലോങ്ങിലെത്തുന്നു. അവിടുന്ന്
ദൌക്കി എന്ന സ്ഥലത്തു വച്ച് ബംഗ്ലാദേശിലേയ്ക്കു കടക്കുന്നു. ബംഗ്ലാദേശിനു കുറുകെ
സഞ്ചരിച്ച് അതിര്‍ത്തിയിലുള്ള ബെനാപ്പോളിലൂടെ ഇന്ത്യയിലെ
പെട്രാപ്പോളിലേയ്ക്കെത്തുന്നു, അവിടുന്ന് യൂറോപ്പിലേയ്ക്കുള്ള യാത്ര
തുടരുന്നു.
ശ്ലാഘനീയമായ ആശയമാണ് ഏഷ്യന്‍ ഹൈവേയുടേത്. നിര്‍മ്മാണം
പൂര്‍ത്തിയാകുമ്പോള്‍ ഈ റോഡ് ഏഷ്യയിലെ നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍
കൂടുതല്‍ ദൃഢമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ഇന്ത്യയേയും
പാക്കിസ്ഥാനേയും. ഈ മേഖലയില്‍ ശാശ്വതസമാധാനത്തിലേയ്ക്കുള്ള പ്രധാന
ചുവടുവയ്പായിരിയ്ക്കും അത്. പല കാര്യങ്ങളിലും യൂറോപ്പിനെ ഏഷ്യ ഒരു മാതൃകയായി
കണക്കാക്കേണ്ടതാണ്. യൂറോപ്പിലെ 28 രാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ യൂറോപ്യന്‍
യൂണിയന് ആ രാഷ്ട്രങ്ങളെയെല്ലാം കൂട്ടിയിണക്കിയിരിയ്ക്കുന്നു. 1945 വരെ, ജര്‍മ്മനി
ഇറ്റലിയോടൊപ്പം ചേര്‍ന്ന് പാരീസും ലണ്ടനും ബോംബുചെയ്തു തകര്‍ത്തുകൊണ്ടിരുന്നു.
അവര്‍ തിരിച്ചടിയ്ക്കുകയും. യൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തോടെ അതെല്ലാം
പഴങ്കഥകളായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കാബൂള്‍ മുതല്‍ ചിറ്റഗോങ്ങ് വരേയും
കാഠ്മാണ്ഡു മുതല്‍ കൊളമ്പോ വരേയും ആര്‍ക്കും സൌഹൃദത്തോടെ, സമാധാനത്തോടെ
സഞ്ചരിയ്ക്കാവുന്ന ഒരവസ്ഥ വന്നാല്‍ സമാധാനത്തിന്റേതായിരിയ്ക്കും
വിജയം.
സഞ്ചാരസ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തികസഹകരണവും സാദ്ധ്യമാകും.
സമീപകാലത്ത് ഗ്രീസ്, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയിന് എന്നീ
രാഷ്ട്രങ്ങള്‍ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നു കരകയറിയത് യൂറോപ്യന്‍ യൂണിയനിലെ
പരസ്പരസഹകരണം വഴിയാണ്. ആയുധശേഖരണത്തിനു വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും
പ്രതിവര്‍ഷം മുടക്കുന്ന തുക ജനതയുടെ സാമ്പത്തിക, സാമൂഹിക വികസനത്തിനായി
ഉപയോഗിയ്ക്കുന്നെങ്കില്‍ ഈ മേഖലയിലാകെ അക്ഷരാര്‍ത്ഥത്തില്‍ തേനും പാലും ഒഴുകിയേനേ.
ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ് എന്ന് ഈ മേഖലയെപ്പറ്റിയൊന്നാകെ
അഭിമാനിയ്ക്കുകയും ചെയ്യാമായിരുന്നു.
ആമി അക്ഷോഭ്യയായി മുന്നോട്ടു
പൊയ്ക്കൊണ്ടിരിയ്ക്കുന്നതിനിടയില്‍ ഇവിടുത്തെ തേയിലയുടെ ചരിത്രം
അല്പമറിയാനിടവന്നിട്ടുള്ളതു പങ്കു വയ്ക്കാം. ആസ്സാം ട്രങ്ക് റോഡ്
നിര്‍മ്മിയ്ക്കാനുള്ള മുഖ്യപ്രേരകങ്ങളിലൊന്ന് തേയിലകൃഷിയായിരുന്നു എന്നു
പറഞ്ഞുവല്ലോ. പണ്ടിവിടെ തേയിലകൃഷി ഉണ്ടായിരുന്നില്ല. അതിവിടേയ്ക്കെത്തിയതിന്റെ
പിന്നിലൊരു കഥയുണ്ട്.
പതിനെട്ടാം നൂറ്റാണ്ടില്‍ ചായ ബ്രിട്ടനിലെ
മുഖ്യപാനീയമായി മാറി. പ്രതാപത്തിന്റെ ചിഹ്നവുമായി അത്. ചായ കുടിയ്ക്കാതെ ഒരു
ദിവസം പോലും കഴിയുക അവര്‍ക്ക് അസാദ്ധ്യമായിത്തീര്‍ന്നു. അക്കാലത്ത് ചൈനയില്‍
നിന്നായിരുന്നു, ബ്രിട്ടനിലേയ്ക്കുള്ള തേയില മുഴുവനും വന്നിരുന്നത്. അമേരിക്കന്‍
കോളണികള്‍ കൈവിട്ടുപോയതോടെ അമേരിക്കയില്‍ നിന്നു ബ്രിട്ടനു കിട്ടിക്കൊണ്ടിരുന്ന
നികുതിവരുമാനം നിലച്ചു. ബ്രിട്ടന് സാമ്പത്തികഞെരുക്കമുണ്ടായി; ചൈനയില്‍ നിന്ന്
തേയില ഇറക്കുമതി ചെയ്യാനുള്ള പണം കണ്ടെത്താനാകാതെ വന്നു.
ബ്രിട്ടീഷ്
ഇന്ത്യയില്‍ കറുപ്പ് ധാരാളം കൃഷി ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടന് ഇന്ത്യയില്‍
നിന്ന് കറുപ്പ് ചൈനയിലേയ്ക്കു കയറ്റി അയച്ചിരുന്നു. ചൈനക്കാരെ
കറുപ്പുതീനികളാക്കാന്‍ ബ്രിട്ടന് പാടുപെടുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള
കറുപ്പ് ചൈനയ്ക്കു വിറ്റു കിട്ടിയ പണം കൊണ്ട് ബ്രിട്ടന് ചൈനയില്‍ നിന്നു തേയില
വാങ്ങി. എന്നിട്ടും തേയിലയ്ക്കുള്ള പണം തികഞ്ഞില്ല. കോളണിയായ ഇന്ത്യയില്‍ തേയില
കൃഷി ചെയ്താല്‍ കുറഞ്ഞ ചെലവില്‍ ആവശ്യമുള്ള തേയില കിട്ടുമെന്ന് ഇവിടുത്തെ
സമ്പത്ത് ചുളുവില്‍ കടത്തിക്കൊണ്ടു പോകുന്നതു പതിവാക്കിയിരുന്ന ബ്രിട്ടന്
മനസ്സിലാക്കി. ഒരു കുഴപ്പം: തേയിലകൃഷിയും തേയിലസംസ്കരണവും എങ്ങനെ ചെയ്യാമെന്ന്
ചൈനക്കാര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളു. അവരത് പരമരഹസ്യമായി
സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു.
റോബര്‍ട്ട് ഫോര്‍ച്യൂണ്‍ എന്നൊരു
സ്കോട്ട്ലന്റുകാരന്‍ ഒരു ചൈനക്കാരനായി വേഷപ്രച്ഛന്നനായി ചൈനയിലെത്തി, അവിടെ
താമസിച്ച് തേയിലകൃഷിയുടേയും തേയിലസംസ്കരണത്തിന്റേയും രഹസ്യങ്ങളെല്ലാം
മനസ്സിലാക്കിയെടുത്തു. കണ്ടുപിടിയ്ക്കപ്പെട്ടിരുന്നെങ്കില്‍ ഫോര്‍ച്യൂണ്‍
നിഷ്കരുണം വധിയ്ക്കപ്പെട്ടേനേ. വധശിക്ഷയുടെ കാര്യത്തില്‍ ചൈന അന്നും ഇന്നും
കാര്‍ക്കശ്യം പുലര്‍ത്തുന്നു. എങ്കിലും സമര്‍ത്ഥനായ ഫോര്‍ച്യൂണ്‍ തേയിലച്ചെടികളും
അവയെപ്പറ്റിയുള്ള രഹസ്യങ്ങളുമായി ചൈനയില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തി
ആസ്സാമില്‍ തേയിലകൃഷി തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയില്‍ തേയിലകൃഷി
അത്ഭുതകരമായ പുരോഗതി നേടി. ഇന്ന് തേയിലയുത്പാദനത്തില്‍ ഇന്ത്യ (21%) ചൈനയുടെ
(35%) തൊട്ടു പിന്നിലുണ്ട്. അന്‍പതു കോടി കിലോ തേയില ആസ്സാമിലെ തേയിലത്തോട്ടങ്ങള്‍
തന്നെ പ്രതിവര്‍ഷം ഉത്പാദിപ്പിയ്ക്കുന്നു. ആസ്സാമിലെ തേയിലയുത്പാദനത്തില്‍
ഇരുപതു ലക്ഷം തൊഴിലാളികള്‍ വ്യാപൃതരാണ്. സര്‍ക്കാരിനു വരുമാനവും ജനതയ്ക്കു
ഉപജീവനവും തേയില നല്കുന്നു.
നെല്‍പ്പാടങ്ങളുടെ നടുവിലൂടെയാണ് ആമി
പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. ഏ ടി റോഡിലൂടെയുള്ള ബൈക്കുയാത്ര സുഖകരമാക്കുന്നത് ഈ
നെല്‍പ്പാടങ്ങളായിരിയ്ക്കണം. ജനുവരിയെ അപേക്ഷിച്ച് ഏപ്രില്‍ മാസം
ചൂടുള്ളതാണെങ്കിലും നെല്‍പ്പാടങ്ങളുടെ നടുവില്‍ അമിതോഷ്ണം ഒരിയ്ക്കലും
അനുഭവപ്പെടാറില്ല. ഇരുവശങ്ങളിലും നെല്‍പ്പാടങ്ങളുണ്ടെങ്കിലും അവയില്‍ മിയ്ക്കതിലും
നെല്‍കൃഷിയില്ലെന്ന ഒരു പോരായ്മയുണ്ട്. ആസ്സാമിലെ നെല്‍കൃഷി പ്രധാനമായും
നടക്കുന്നത് ജൂണ്‍ഡിസംബര്‍ മാസങ്ങളിലാണ്. ജൂണില്‍ മഴ കിട്ടുമ്പോള്‍
വിതയ്ക്കുന്നു. ശീതകാലത്ത്, ഡിസംബറിനകം കൊയ്യുന്നു. തുടര്‍ന്നുള്ള ആറു
മാസത്തിനിടയില്‍ നെല്‍കൃഷി മിയ്ക്കയിടങ്ങളിലും അധികം നടക്കാറില്ല.
അങ്ങകലെ
അരുണാചലിന്നടുത്തുള്ള ദിബ്രുഗഢ് മുതല്‍ ഇങ്ങ് ഗ്വാഹാട്ടിയ്ക്കപ്പുറം ഗോല്‍പ്പാറ
വരെ ഏകദേശം എണ്ണൂറു കിലോമീറ്ററോളം ഏ ടീ റോഡ് ബ്രഹ്മപുത്രയോടു ചേര്‍ന്നു
സഞ്ചരിയ്ക്കുന്നു. ടിബറ്റിലെ (ചൈന) ആങ്സി മഞ്ഞുമലയില്‍ നിന്നുത്ഭവിയ്ക്കുന്ന
ബ്രഹ്മപുത്രയില്‍ വെള്ളം വറ്റാറില്ല. മഴക്കാലത്ത് മഴ മൂലവും വേനല്‍ക്കാലത്ത്
ഹിമാലയത്തിലെ മഞ്ഞുരുകിയും ബ്രഹ്മപുത്രയില്‍ വെള്ളം സുലഭം. ഇതുമൂലം ആസ്സാമില്‍
ജലക്ഷാമമില്ല. കേരളത്തിലെപ്പോലെ തന്നെ ആസ്സാമിലും മുഖ്യാഹാരം അരി തന്നെ. എന്നിട്ടും
ആസ്സാമിന്റെ ശരാശരി നെല്ലുത്പാദനം ഹെക്റ്ററൊന്നിന് 1531 കിലോ മാത്രമാണെന്നും,
ഇത് ഈജിപ്റ്റ് (9283 കിലോ!), അമേരിക്ക (7279), ദക്ഷിണ കൊറിയ (6838), ചൈന (6131)
എന്നീ രാജ്യങ്ങളുടേതിനേക്കാള്‍ വളരെ, വളരെ താഴെയാണെന്നും കാണുന്നു. ഈജിപ്റ്റില്‍
നൈല്‍ നദിയ്ക്കു കുറുകെ സ്ഥാപിച്ചിരിയ്ക്കുന്ന അസ്വാന്‍ ഡാം വര്‍ഷത്തില്‍ മൂന്നു
തവണ കൃഷി ചെയ്യുന്നതു സാദ്ധ്യമാക്കി. ആസ്സാമില്‍ കൃഷിയ്ക്കു വേണ്ടി
ജലസേചനപദ്ധതികള്‍ ഇല്ലാത്തതായിരിയ്ക്കണം താഴ്ന്ന ഉത്പാദനത്തിനു കാരണം.
ബ്രഹ്മപുത്രയിലൂടെ കോടിക്കണക്കിനു ലിറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. പക്ഷേ,
അത് കൃഷിയ്ക്കുവേണ്ടി ഉപയോഗിയ്ക്കാനുള്ള സ്ഥിരസംവിധാനം ഒരുക്കുന്നില്ലെങ്കില്‍
പുഴയില്‍ വെള്ളമുണ്ടായതു കൊണ്ടു കാര്യമില്ല.
ആസ്സാമില്‍ ഭൂകമ്പങ്ങള്‍
പതിവായതുകൊണ്ടുമാകാം