Image

`ലളിതമീ പുല്‍കുടില്‍' (ക്രിസ്‌മസ്‌ കവിത: ബിന്ദു ടിജി)

Published on 09 December, 2014
`ലളിതമീ പുല്‍കുടില്‍' (ക്രിസ്‌മസ്‌ കവിത: ബിന്ദു ടിജി)
എത്തുന്നു വീണ്ടുമെന്നേകാന്ത ചിത്തത്തില്‍
ചിന്താശതങ്ങളാല്‍ നാകം ചമയ്‌ക്കുമീ പുണ്യ രാവുകള്‍
ആയിരം വചനോല്‍സവങ്ങള്‍ക്കുമോതുവാനാവാത്ത
സ്‌നേഹസന്ദേശ ചിന്തുറങ്ങുന്ന പുല്‍കുടില്‍

ആദി മാനവ ചപലമോഹങ്ങള്‍ പാമ്പിനേകിയ
പാപഹേതുവാം സമ്മതം
സ്വര്‍ഗ്ഗലോകത്തെ മണ്‍കുടിലാക്കിയ
ശാപമേകിയ നൊമ്പരം
താഴ്‌മയാര്‍ന്നൊരു പെണ്‍കിടാവു തന്‍ താതനേകിയ
അര്‍ത്ഥ ഗംഭീര സമ്മതം
പുല്‍കുടിലിനെ ദേവമന്ദിരമാക്കിയോ
രേറ്റമനുഗ്രഹീത സാന്ത്വനം.

സ്വര്‍ണ്ണസുഗന്ധമേന്തി വന്നെത്തും
രാജവേഷങ്ങളും
പാതുയുടഞ്ഞ പാത്രങ്ങളില്‍ സ്‌നേഹമര്‍ച്ചിക്കും
ദരിദ്രവേഷങ്ങളും
ഒന്നുപോല്‍ ദര്‍ശന ഭാഗ്യം നുകരുന്നു,
ദിവ്യമീ പുല്‍കുടില്‍.

ഓര്‍ക്കയാണിന്നു ഞാന്‍ കാലിടറി
വഴുതിയ മലിനവരമ്പുകള്‍
ജീവിതമൊരുല്‍സവമെന്നു പാടിഘോഷിച്ച
കൌമാര ഗര്‍വ്വുകള്‍
എന്‍ ഹൃദയ സത്രത്തിലിടം തേടിയെത്തിയ
നന്മയാം ദേവനെ ഉള്ളില്‍ വഹിച്ചവര്‍
കൊട്ടിയടച്ച വാതിലിന്‍ മറവിലായ്‌
തേങ്ങി തളര്‍ന്ന നിര്‍മ്മല സ്‌നേഹങ്ങള്‍
ദിക്കറിയാതെയലയവേ മുന്നിലുദിച്ച
നേരിന്‌ടെ താരകള്‍
ഉച്ച വെയില്‍ മങ്ങവേ നീളും നിഴലു പോല്‍
നീളുകയാണീ തപ്‌ത ദൃശ്യങ്ങളും.

സ്‌നേഹമീ രാവില്‍ കുളിര്‍മഞ്ഞായ്‌ പെയ്യുന്നു
പുല്‍കൊടി തുമ്പുകള്‍ കമ്പിളി തുന്നുന്നു
അമ്പിളി വന്നിതാ താണു വണങ്ങുന്നു
താരയും തെന്നലും താരാട്ടു തീര്‍ക്കുന്നു

എന്നുമദൃശ്യനായിരുന്നെന്നുടെ ചിന്തയില്‍
ദീപം കൊളുത്തുന്ന ശാശ്വതാനന്ദമേ
ലളിത നിര്‍മ്മല സ്‌നേഹം പിറക്കുന്ന
പുല്‍കുടിലാക്കുമോ നീയെന്റെ മാനസം.

`ലളിതമീ പുല്‍കുടില്‍' (ക്രിസ്‌മസ്‌ കവിത: ബിന്ദു ടിജി)
Join WhatsApp News
വായനക്കാരൻ 2014-12-09 19:16:29
'സ്നേഹമീ രാവിൽ കുളിർ മഞ്ഞായ്‌ പെയ്യുന്നു
പുല്കൊടി തുമ്പുകൾ കമ്പിളി തുന്നുന്നു 
അമ്പിളി വന്നിതാ താണു വണങ്ങുന്നു 
താരയും തെന്നലും താരാട്ടു തീർക്കുന്നു' 

മനോഹര വരികൾ. 

ക്രിസ്തുമസിൻ രാത്രി വീണ്ടും വന്നെത്തുമ്പോൾ  
കല്പനാ സമ്മാനമേന്തി വന്നെത്തുന്ന 
കാവ്യ ദേവതയനുഗ്രഹിച്ചീടട്ടെ;  
കുളിർക്കട്ടെ വായനക്കാരുടെ മാനസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക