അമേരിക്കയിലെ ഹ്യൂസ്റ്റന്‍ നിവാസിയായ മാത്യു നെല്ലിക്കുന്ന് പ്രവാസ സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ സാഹിതീ സപര്യയുടെ ഫലമായി അദ്ദേഹത്തിന്റെ ഇരുപത്തൊന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. നോവല്‍, ചെറുകഥ, ഹാസ്യം, ലേഖനം, കവിത എന്നീ മലയാള ഭാഷാ സാഹിത്യത്തിലെ എല്ലാ ശാഖകളിലും അദ്ദേഹത്തിന്റെ സര്‍ഗ്ഗശക്തി അടയാളപ്പെടുത്തിയിട്ടുണ്ട്. എഴുപത്തിമൂന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം നെല്ലിക്കുന്നിന്റെ കഥകള്‍ എന്ന ശീര്‍ഷകത്തില്‍ ഈയിടെ പുറത്തിറക്കി. മനുഷ്യ മനസ്സിന്റെ ഉള്‍ക്കാഴ്ചകളില്‍ ദാര്‍ശനികങ്ങളായി അടയാളപ്പെടുത്തുന്ന ഈ കഥകള്‍ പ്രവാസ ജീവിതത്തിന്റെ ജീവിതഗന്ധികളായ അടിക്കുറിപ്പുകളാണ്. എഴുത്തുകാരനൊ, എഴുത്തുകാരിയൊ നിരന്തരമായ മനനത്തിലൂടെ സഞ്ചരിക്കവെ മനസ്സിന്റെ ഉണ്മകള്‍ വിളിച്ചോതുന്നതാണ് സൃഷ്ടികള്‍ എന്നദ്ദേഹം രചനകളിലൂടെ തെളിയിക്കുന്നു. മനസ്സിന്റെ അഗാധങ്ങളിലെ ഏകാന്ത ചിന്തകകള്‍, അപഗ്രഥനങ്ങള്‍ പ്രകൃതിയും മനുഷ്യനുമായുള്ള നിഷ്‌കളങ്കമായ സ്‌നേഹവും ആരാധനയുമായി കൂടിപിണയുമ്പോള്‍ അതൊരു കലാരൂപമായി അവതരിപ്പിക്കപ്പെടുന്നു. അത്തരം അടിവരയിട്ട നേര്‍ക്കാഴ്ചകള്‍ ഉള്‍ക്കാഴ്ചയുമായി ഒത്തു ചേരുമ്പോള്‍ കലാസാഹിത്യ സൃഷ്ടികള്‍ സര്‍ഗ്ഗചേതനയില്‍ ഒത്തു ചേരുന്നതായി നെല്ലിക്കുന്നിന്റെ കഥകള്‍ വിളിച്ചോതുന്നു.
നെല്ലിക്കുന്നിന്റെ ഭാഷാസാഹിത്യ സൃഷ്ടികള്‍ പച്ചയായ മനുഷ്യന്റെ എല്ലാ തുറയിലുമുള്ള ജീവിത ഗന്ധങ്ങള്‍ അനുരൂപമാക്കി അടയാളപ്പെടുത്തുന്നു. എഴുത്തുകാരന്‍, എഴുത്തുകാരി ഏകരാണ്, ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടവരാണ്. ഒരു താപസന്റേയും തപസ്വിനിയുടേയും ജീവിതമാണ് എഴുത്ത് അവരോട് ആവശ്യപ്പെടുന്നത്. അത്തരം ഒരവസ്ഥയെ എഴുത്തുകാര്‍ക്ക് നിരാകരിക്കാന്‍ സാധ്യമല്ല. അധികാരങ്ങളും പ്രശസ്തിയും അവരുടെ സഞ്ചാരപഥങ്ങളില്‍ അപ്രസക്തങ്ങളാണെങ്കിലും ചിലപ്പോഴെല്ലാം അവയെല്ലാം എഴുത്തുകാരെ തേടി എത്തിയേക്കാം എന്ന വസ്തുതയും ഇവിടെ നിഷേധിക്കുന്നില്ല.
നിരന്തരവും അനുസ്യൂതവുമായ ഉള്‍വിളികള്‍ എഴുത്തുകാരുടെ സര്‍ഗ്ഗചേതനയെ ഉണര്‍ത്തുന്നു. മറ്റു സഹജീവികളെ നിയന്ത്രണ രേഖകളില്‍ കുരുക്കിയിടുവാനൊ അതില്‍ കൂടെ ശ്രദ്ധേയരാകാനോ സര്‍ഗ്ഗശക്തിയുള്ള എഴുത്തുകാര്‍ ശ്രമിക്കുന്നില്ലെന്ന് നെല്ലിക്കുന്ന് അഭിപ്രായപ്പെടുന്നു. നിഷ്‌കളങ്കമായ ഒരു ശിശുവിന്റെ മനസ്സ് കാത്തുസൂക്ഷിക്കാതെ എഴുത്തുകാര്‍ക്ക് നിലനില്‍പ്പില്ല. അവരുടെ ആത്മാംശത്തില്‍ കാപട്യം വന്നുചേര്‍ന്നാല്‍ എഴുത്ത് അവിടെ നശിക്കുന്നു. സര്‍ഗ്ഗചേതനക്കു തടസ്സമായി കാപട്യവും നിഗൂഡ ലക്ഷ്യങ്ങളും നില്‍ക്കുമെന്ന് എഴുത്തുകാര്‍ അറിഞ്ഞിരിക്കണമെന്ന് നെല്ലിക്കുന്നിന്റെ കഥകള്‍ അടിവരയിട്ട് തെളിയിക്കുന്നു. വെറും ഉപരിപ്ലവ ചിന്തകള്‍ കൊണ്ട് സാഹിത്യത്തേയും കലയേയും വിലയിരുത്തുന്നത് തികച്ചും പാപ്പരത്വമാണെന്ന് ഓര്‍മ്മിക്കുക. ഒരു സാഹിത്യകലാകാരന്‍ തികച്ചും മനുഷ്യസ്‌നേഹിയായിരിക്കണം. സഹാനുഭൂതിയും അനുകമ്പയും ഹൃദയത്തുടിപ്പുകളാകണം. നാട്യങ്ങളും, ജല്‍പ്പനങ്ങളും, അഹന്തയും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുകയില്ല. സമൂഹമദ്ധ്യെ പരിഹാസ്യരാകാന്‍ മാത്രമെ ഇത്തരം ജല്‍പ്പനങ്ങള്‍ വഴിതെളിക്കുകയുള്ളൂ. മറ്റുള്ളവരെ ഉപദേശിക്കുമ്പോഴും തിരുത്താന്‍ ശ്രമിക്കുമ്പോഴും സ്വന്തം കണ്ണിലെ കരടുകൂടെ കാണണം. എളിമ, വിനയം തുടങ്ങിയ ഗുണങ്ങള്‍ അറിവിന്റെ ആരംഭമാണ്. താന്‍ എന്തെങ്കിലുമാണെന്ന ചിന്ത മനസ്സിന്റെ വെറും തോന്നലുകളാണ്. താന്‍ ആരാണെന്നുള്ള തിരിച്ചറിവും, ഈ ജന്മം കൊണ്ട് സമൂഹത്തിനും പ്രകൃതിക്കും എന്തു നല്‍കി എന്നതും പ്രസക്തമാണെന്ന് നെല്ലിക്കുന്ന് പറയുന്നു. മറ്റുള്ളവരുടെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമെ മനസ്സ് സ്വതന്ത്രമാകൂ. മനസ്സ് നിര്‍മ്മിക്കുന്ന നിഴലുകളുടെ പിറകെ അലഞ്ഞ് അമൂല്യമായ ജീവിതം എന്ന വരദാനം നഷ്ടമാക്കരുത്.
എഴുത്തുകാര്‍ സ്വതന്ത്രചിന്തകരാണെന്ന് സൂചിപ്പിച്ചല്ലൊ. അവരുടെ ചിന്തകളില്‍ ആര്‍ക്കും ഇടപെടലുകള്‍ വഴി സ്വാധീനിക്കാനാവില്ല. പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും പുറംചൊറിയലുകള്‍ക്കും എഴുത്തുകാര്‍ വിധേയരാകരുത്. അവരുടെ എഴുത്തിന്റെ സര്‍ഗ്ഗപ്രക്രിയയില്‍ പുറം ശക്തികളുടെ ഇടപെടലുകള്‍ തികച്ചും അപ്രസക്തമാണ്. പകല്‍ സദാചാര പോലീസും ഗുണ്ടയുമായി പെരുമാറുന്നവര്‍ രാത്രിയുടെ നിഗൂഡതയില്‍ പരമവേശ്യകളുടെ കൂടെ അന്തിയുറങ്ങുന്ന രീതിയിലാകരുത് എഴുത്തുകാര്‍.
ഹ്യൂസ്റ്റനിലെ റൈറ്റേഴ്‌സ് ഫോറം തുടങ്ങിയ വിദ്വല്‍ സദസ്സുകളില്‍ മാത്യു നെല്ലിക്കുന്നിന്റെ പുസ്തകങ്ങള്‍ പലപ്പോഴും സജീവ ചര്‍ച്ചക്ക് എടുക്കാറുണ്ട്. ജീവിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒരു പ്രവാസിയുടെ നിത്യജീവിതത്തില്‍ നാം പലപ്പോഴും കണ്ടുമുട്ടാറുണ്ട്. കാരണം അദ്ദേഹത്തിന്റെ കഥകളില്‍ മാത്രമല്ല സാഹിത്യ രചനകളില്‍ അഗാധമായ ചിന്തയും ജീവിത നിരീക്ഷണങ്ങളും പ്രകടമാണ്. അദ്ദേഹത്തിന്റെ സാഹിത്യ രചനകള്‍ നാട്ടിലും അമേരിക്കയിലുമൊക്കെയായി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മാത്യു നെല്ലിക്കുന്നിന്റെ ഭാര്യ ഗ്രേസി മക്കള്‍ നാദിയ, ജോര്‍ജ് എന്നിവരാണ്. നാട്ടില്‍ മൂവാറ്റുപുഴ അടുത്ത് വാഴക്കുളം സ്വദേശിയാണ് മാത്യു നെല്ലിക്കുന്ന്. അദ്ദേഹത്തിന്റെ സാഹിത്യസപര്യ ഇപ്പോഴും തുടരുകയാണ്. വിവിധ മാധ്യമങ്ങളിലായി ഇപ്പോഴും അദ്ദേഹത്തിന്റെ ഭാഷാ സാഹിത്യ രചനകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തായാലും മാത്യു നെല്ലിക്കുന്നിന്റെ തിരഞ്ഞെടുത്ത കഥകള്‍ വായനക്കാരെ നിരാശപ്പെടുത്തുന്നില്ലായെന്നു മാത്രമല്ല അറിവും പ്രതീക്ഷയും ആകാംക്ഷയും നിറഞ്ഞു നില്‍ക്കുന്ന ഈ കഥകള്‍ ഏവരും വായിച്ചിരിക്കേണ്ടതു തന്നെയാണ്. കഥാകൃത്ത് മാത്യു നെല്ലിക്കുന്നിന് ഭാവുകങ്ങള്‍.