നവംബറിലെ, മുടിക്കെട്ടിയ ഒരു പ്രഭാതം, തണുപ്പുള്ള ആ ശനിയാഴ്ചയുടെ ആലസ്യത്തില്‍, ഓരോന്നാലോചിച്ചു കിടക്കുമ്പോഴാണ് ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചത്. ആരാ ഇപ്പോ ഇത്ര അത്യാവശ്യത്തിനു ലാന്‍ഡ് ഫോണില്‍ വിളിക്കാനെന്നാലോചിച്ചു, ഫോണ്‍ എടുക്കുമ്പോള്‍ അങ്ങേത്തലക്കല്‍ സുജാതയുടെ ശബ്ദം. വളരെ നാളുകള്‍ കൂടിയായിരുന്നു അവര്‍ വിളിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുജാതയെയും ഭര്‍ത്താവ് മഹേഷിനെയും ഞങ്ങള്‍ പരിചയപ്പെടുന്നത് ടെന്നസിയില്‍ ഒരു വിവാഹത്തിനു സംബന്ധിക്കുമ്പോഴാണ്. അന്നാ കല്യാണവീട്ടില്‍ തുടങ്ങിയ ബന്ധം ഡാളസില്‍ വന്നിട്ടും, തുടര്‍ന്നു. എപ്പോഴും, വിളിയൊന്നുമില്ലെങ്കിലും, നല്ല സുഹൃത്തുക്കളിലൊരാളായി ഞങ്ങള്‍ അവരെ കണ്ടിരുന്നു.
സുജാതയുടെ മക്കള്‍ രണ്ടു പേരും, കോളേജിലാണ്. പഠിക്കാന്‍ ബഹുമിടുക്കര്‍. ഭര്‍ത്താവിന്, ഒരു റിസേര്‍ച്ച് കമ്പനിയില്‍ ജോലി. സുജാത ഐ.ടി.ക്കാരിയും. മാസങ്ങള്‍ക്ക് മുന്‍പ് വിളിക്കുമ്പോള്‍ അവര്‍ നാട്ടില്‍ പോകാനുള്ള തയ്യാറാറെടുപ്പിലായിരുന്നു. പിന്നെയങ്ങോട്ടു വിവരങ്ങള്‍ ഒന്നും, അറിഞ്ഞതുമില്ല.
വലിയ മുഖവുരയും, കുശല പ്രശ്നങ്ങളുമൊന്നുമില്ലാതെ സുജാത സംസാരം തുടങ്ങി.
'അതെ, മീനു … നിക്കൊരു ഹെല്പ് വേണമായിരുന്നു. പറ്റുമെങ്കില്‍ നിങ്ങള്‍ രണ്ടുപേരും, ഇങ്ങോട്ടേക്കൊന്നു വരുമോ …' അവരുടെ ശബ്ദത്തില്‍ അകാരണമായ ഒരു വിറയല്‍ ഞാന്‍ ശ്രദ്ധിച്ചു.
'എന്താ സുജേ, എല്ലാം ഒക്കെ ആണോ ? എന്തായാലും, പറഞ്ഞോ, എന്താ പ്രശ്നം….'- എനിക്ക് ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല.
'ഇല്ല മീനു,…. അങ്ങിനെ പറയാന്‍ പറ്റുന്ന കാര്യമല്ല. ഷാജിയെയും , കൂട്ടി ഒന്നിവിടം വരെ വരുമോ…'
ശനിയാഴ്ച ഒരു ദിവസമാണ്, ആഗ്രഹം പോലെ ഒന്ന് ഉറങ്ങാന്‍ പറ്റുക. പക്ഷേ, സുജാതയുടെ ശബ്ദത്തിലെ, വിറയലിനെക്കുറിച്ചും, അവര്‍ക്കെന്തോ പ്രശ്നമുണ്ടെന്നുമൊക്കെ പറഞ്ഞപ്പോള്‍ എന്റെ നല്ലവനായ ഭര്‍ത്താവ് പെട്ടെന്ന് ഒരുങ്ങിയിറങ്ങി കൂടെ വന്നു. പോകുന്ന വഴി, സ്റ്റാര്‍ ബാക്സ്സില് നിന്നും, ഒരു സ്ട്രോങ്ങ് കാപ്പിയും, കൂടെയായപ്പോള്‍ ഉറക്കമെല്ലാം പമ്പ കടന്നു.
ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ സുജയുടെ സഹോദരനും, കുടുംബവും, എല്ലാവരും കൂടെയുണ്ട്. എല്ലാവരുടെയും മുഖത്തു ഒരു മ്ലാനത.
ലിവിംഗ് റൂമില്‍ നിന്നും, സുജയും, മഹേഷും, ഞങ്ങളെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. …മഹേഷിന്റെ മുഖത്തും, എന്തൊക്കെയോ ഗൗരവ ഭാവങ്ങള്‍.
'എന്താ സുജേ…. എന്താ പറ്റിയെ?' എനിക്കാകെ കൂടെ ഒരു വല്ലായ്ക തോന്നിത്തുടങ്ങി.
സുജാത മെല്ലെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. ഞാനും, ഷാജിയും, ശ്വാസം അടക്കിപ്പിടിച്ച് അതെല്ലാം കേട്ടിരുന്നു. ഇടക്കെല്ലാം കണ്ണുനീരും, ഗദ്ഗദവും, കൊണ്ട് സുജാതയ്ക്ക് മിണ്ടാനാവാതെ വരുമ്പോള്‍ മഹേഷ് കാര്യങ്ങള്‍ പൂരിപ്പച്ചു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്… ഞങ്ങള്‍ ഞെട്ടുകയായിരുന്നു.
വിശ്വസിക്കാന്‍ വളരെ പ്രയാസം. അതും, അവരുടെ പഠിക്കാന്‍ മിടുക്കനായ, ഏവരുടെയും, കണ്ണിലുണ്ണിയായ ദീപക്കിനെക്കുറിച്ചുള്ള കാര്യങ്ങള്‍ കേട്ടിട്ട്… അതെല്ലാം സത്യമാവല്ലെ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.
സുജയും, മഹേഷും, പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു….'12-ാം ക്ലാസില്‍ നിന്നും, വാലിഡിക്ടോറിയനായി പാസായ ദീപക്ക് അവന്റെ ഇഷ്ടപ്രകാരം. ഹൂസ്റ്റണിലെ അതിപ്രശസ്തമായ ഒരു കോളേജില്‍, എന്‍ജിനിയറിംഗിനു ചേരുകയായിരുന്നു. ഇത് രണ്ടാം വര്‍ഷം. ഹൈസ്കൂള്‍ മുതല്‍ ഒരു പ്രണയമുണ്ടായിരുന്ന ദീപക്കിന്. കാമുകി നാല് വര്‍ഷത്തിനുശേഷം , ഉപേക്ഷിച്ചു പോയത്, അയാള്‍ക്ക് സ്വാഭാവികമായി വേദന ഉളവാക്കി. അതൊക്കെ അവന് അമ്മ, സുജാതയോടു പങ്കുവെച്ചിരുന്നു. ജീവിതത്തില്‍ ഇതൊക്കെ, സ്വാഭാവികം മാത്രമെന്നും. ഇപ്പോളെ, നീ ആരുമായും സെറ്റില്‍ ചെയ്യാതെ, പഠിത്തം ഉഴപ്പാതെ, മുന്നോട്ടു പോകണമെന്നുമൊക്കെ സുജാത പ സുജാത അവനെ ഉപദേശിച്ചിരുന്നു. പക്ഷേ, പിന്നെ ഒന്നും, അവന് സുജാതയോട് അതെക്കുറിച്ച്, പറഞ്ഞതും ഇല്ല.
ദീപക്ക് തന്റെ, ഏകാന്തതയും, മുഷിപ്പും, മാറ്റാനായി, മറ്റു കൂട്ടുകാരുമായി പാര്‍ട്ടികള്‍ക്ക് പോയിത്തുടങ്ങി. ഒരിക്കല്‍ ഒരു പാര്‍ട്ടിക്ക് ചെല്ലുമ്പോള്‍, രണ്ടു മുതിര്‍ന്ന മലയാളി ചേട്ടന്മാരെ പരിചയപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരം,അയാള്‍ ഏഷ്യന്‍ വിദ്യാര്‍ത്ഥികളുടെ, ഫ്രെറ്റേണിറ്റിയില്‍ അംഗത്വം സ്വീകരിച്ചു. അമേരിക്കയിലെ എല്ലാ യൂണിവേഴ്സിറ്റികളിലും കോളേജുകളിലുമെല്ലാം ഫ്രെറ്റേണിറ്റികള് എന്നറിയപ്പെടുന്ന വിവിധ തരം വിദ്യാര്‍ത്ഥി സംഘടനകള്‍ ഉണ്ട്. അത്, ജാതിയോ, മതമോ, വര്‍ഗമോ, വര്‍ണമോ, മറ്റു തത്വസംഹിതകളോ ഒക്കെ മുന്‍നിര്‍ത്തിയാവാം. എന്തായാലും, ദീപക്ക് ചേര്‍ന്ന സംഘടന, ഏഷ്യന്‍ വിദ്യാര്‍ത്ഥികളുടെതായിരുന്നു. പാക്കിസ്ഥാനികളും, ഇന്ത്യാക്കാരുമാണ് അതില്‍ കൂടുതല്‍.
ആദ്യമൊക്കെ വളരെ നല്ല രീതിയില്‍ അവരോടു പെരുമാറിയ മുതിര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍, കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അവരുടെ തനി നിറം കാണിച്ചു തുടങ്ങി. ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലെല്ലാം, ഇവര്‍ പുതിയ അംഗങ്ങെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു. ഫ്രെറ്റേണിറ്റി ഓഫീസര്‍മാരായ, വിദ്യര്‍ത്ഥികളുടെ, അപ്പാര്‍ട്ട്മെന്റ് വൃത്തിയാക്കുക, അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുക, അവരുടെ പുകവലിക്കും, മദ്യപാനത്തിനുമുള്ള കാശ് നല്‍കുക, എന്നു വേണ്ട, പച്ച ഉള്ളി തീറ്റിക്കുക, ഛര്‍ദില്‍ മുതല്‍ മൂത്രം വരെ കുടിപ്പിക്കുക എന്നതിലേക്ക് ഇവരുടെ അക്രമങ്ങള്‍ നീണ്ടു. ദീപക്ക് ഉള്‍പ്പെടെ പല കുട്ടികള്‍ക്കും, ഇത് സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു. പക്ഷേ, എന്ത് പ്രശ്നം വന്നാലും, ഇത് പുറത്തു പറയാന്‍ പാടില്ല എന്നു അവര്‍ എഴുതി ഒപ്പിട്ടു കൊടുത്തു എന്നതിനാല്‍ കുട്ടികള്‍ പേടിച്ചു, എല്ലാം ഉള്ളിലടക്കി, കഴിയുകയായിരുന്നു.
മൂന്നര മാസം നീണ്ടു നിന്ന പീഡനത്തന്റെയും, താഡനത്തിന്റെയും, അവസാന ആഴ്ച വന്നെത്തി. കുട്ടികളില്‍ പലരും, മാനസികമായി തകര്‍ന്നിരുന്നു. ഈ ആഴ്ചയാണ്, 'നരകം' എന്നറിയപ്പെടുന്ന പീഡനമുറകള്‍ നടത്തുന്നതെന്നും, ഇതുകൊണ്ട് നിങ്ങളുടെ പീഡനങ്ങള്‍, തീരുമെന്നും, അതു കഴിഞ്ഞാല്‍ അവര്‍, പുതിയ അംഗങ്ങളായി എന്നേക്കും, ഉയര്ത്തപ്പെടുമെന്നുമെല്ലാം ഫ്രെറ്റേണിറ്റിക്കാര് നേരത്തെ കുട്ടികളോട് മുന്നറിയിപ്പ് നല്‍കിയിരുന്നു പോലും. ഇതെല്ലാം കേട്ട്, അന്ന് സന്ധ്യയ്ക്കുള്ള മീറ്റിംഗില്‍ പോകാന്‍ മടിച്ചു നിന്ന ദീപക്കിന്റെ റൂംമേറ്റായ, പഞ്ചാബി യുവാവിനെ അവര്‍, വലിച്ചിഴച്ചു, മുറിയിലേക്ക് കൊണ്ടുപോയി…. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അതിദാരുണമായി മര്‍ദ്ദിച്ചു. ഇത് കണ്ടു നിന്ന പുതിയ വിദ്യാര്‍ത്ഥികള്‍ ഫ്രെറ്റേണിറ്റി അംഗങ്ങളോട് ഏറ്റുമുട്ടി. അങ്ങിനെ പുതിയ വന്ന കുട്ടികളും, പഴയ താപ്പാനകളുമായുള്ള മല്‍പ്പിടുത്തത്തില്‍, ദീപക്കിന്, തലയ്ക്കു പരുക്കേറ്റു. പഞ്ചാബി കയ്യില്‍ കിട്ടിയ ഒരു ക്രിക്കറ്റ് ബാറ്റ് എടുത്ത് തങ്ങളെ പീഡിപ്പിച്ച മറ്റൊരു മലയാളി യുവാവിനെ അടിച്ച് അവശനാക്കി. യൂണിവേഴ്സിറ്റി പോലീസ് കേസ് എടുത്തിരിക്കുന്നു.
കാമ്പസില്‍ നിന്നും, പോലീസുകാര്‍ വിളിക്കുമ്പോഴാണ്, സുജയും, മഹേഷും, വിവരങ്ങള്‍ അറിയുന്നത്. ദീപക്കിന്റെ മറ്റു സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുമ്പോഴാണ്, കൂടുതല്‍ വിവരങ്ങള്‍ മാതാപിതാക്കള്‍ അറിയുന്നത്. ഷാജിയുടെ പരിചയത്തിലുള്ള ഒരു വക്കീലിനെ കാണുവാന്‍ പോകാനാണ് അവര്‍ തങ്ങളുടെ സഹായം, ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് അവര്‍ക്ക് ഹൂസ്റ്റണില്‍ എത്തുകയും വേണം. ദീപക്കിന്റെ നില ഗുരുതരമ്ലെങ്കിലും ആശുപത്രി വിട്ടിട്ടില്ല. ഹൂസ്റ്റണിലുള്ള മഹേഷിന്റെ സഹോദരനും, ഭാര്യയും ആശുപത്രിയില്‍ ദീപക്കിനൊപ്പമുണ്ട്.
ഞങ്ങള്‍ ഈ കഥകളെല്ലാം കേട്ട് തരിച്ചിരുന്നു പോയി. കാര്യം, അമേരിക്കയില്‍ വന്നിട്ട് മുപ്പതു വര്‍ഷമായെങ്കിലും, ഇവിടുത്തെ, യൂണിവേഴ്സിറ്റികളില്‍ പഠിച്ചിട്ടിണ്ടെങ്കിലും, ഫ്രെറ്റേണിറ്റിയിലൊന്നും, ഞങ്ങള്‍ ചേര്‍ന്നിരുന്നില്ല. പക്ഷേ, ഇത്രയും, ഭീകരവും, മനുഷ്യത്വമില്ലാത്തതുമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.
ഇടയ്ക്കെല്ലാം ചില വാര്‍ത്തകള്‍ കേട്ടിരുന്നു.
ഫ്രെറ്റേണിറ്റി റാഗിംഗിലൂടെ, വിദ്യാര്‍ത്ഥികള്‍ മരിച്ച വിവരങ്ങള്‍ അടിത്തിടെയും, കേട്ടിരുന്നു. പക്ഷേ, നമ്മള് അറിയുന്ന ഒരാള്‍ക്ക് ഇങ്ങിനെ സംഭവിക്കുന്നത്, ആദ്യമായി കേള്‍ക്കുകയാണ്. എന്തായാലും, ഷാജി, അദ്ദേഹത്തിന്റെ, സുഹൃത്തായ, ക്രിമിനല്‍ വക്കീലിനെ വിളിച്ച്, മഹേഷിനു പരിചയപ്പെടുത്തി. അവര്‍ അത് കഴിഞ്ഞു ഹൂസ്റ്റണിലേക്കും പോയി. ദീപക്ക് ആശുപത്രി വിട്ടു. പഞ്ചാബി യുവാവ് ജാമ്യത്തിലിറങ്ങി.
ഒരു ദിവസം ഞങ്ങള്‍ വീണ്ടും സുജയെയും മഹേഷിനെയും, സന്ദര്‍ശിച്ചു. ദീപക്ക് അപ്പോള്‍ നല്ല ഉറക്കം. അയാളുടെ മുറിവുകള്‍ ഉണങ്ങി വരുന്നുവെന്ന് സുജാത പറഞ്ഞു. വല്ലാത്ത വിഷാദത്തിലാണ് ദീപക്. പക്ഷേ, അച്ഛനോടും, അമ്മയോടും, അയാള്‍ ചില കാര്യങ്ങള്‍ വെളിവാക്കിയിരുന്നു.
ജീവിതത്തില്‍ ആരുമില്ലെന്നും, ഒറ്റപ്പെടുന്നുവെന്നും, തോന്നലിലാണ്, പുരുഷന്മാര് മാത്രമുള്ള ഈ സംഘടനയില്‍ അംഗമായത്. പക്ഷേ, ഒരിക്കലും, ഇത് ഇത്തരം ഒരു നീചപ്രസ്ഥാനമായിരിക്കുമെന്നു കരുതിയതേയില്ല. ഒരിക്കലും, ചേരരുതായിരുന്നു….അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നുവെന്നു സുജാത പറഞ്ഞു.
അമേരിക്കന്‍ കോളേജുകളില്‍ നല്ല ഉദ്ദേശത്തോടെ നടക്കുന്ന ഫ്രെറ്റേണിറ്റികളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ, പൊതുവെ ഇവയെക്കുറിച്ച്, ആര്‍ക്കും, അത്ര നല്ല അഭിപ്രായമില്ല താനും.
'ഹെയ്സിംഗ്' എന്ന ഓമനപ്പേരില്‍ നടക്കുന്ന റാഗിംഗില്‍ പ്രതിവര്‍ഷം, ധാരാളം കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ചരിത്രമാണുള്ളത്. ഇത്തരം സംഘടനകളില്‍ അംഗങ്ങളാകുന്ന കുട്ടികളില്‍, ലൈഗിംക കുറ്റകൃത്യങ്ങള്‍ക്കുള്ള വാസന കൂടിയിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മദ്യപാനവും, പുകവലിയും, മയക്കുമരുന്നിന്റെ ഉപയോഗവും, ഇവരില്‍ കൂടുതലായി കാണുന്നു. യൂണുവേഴ്സിറ്റി ഓഫ് വിര്‍ജിനിയയില്‍ അടുത്തിടെ നടന്ന ഫ്രെറ്റേണിറ്റി കൂട്ടബലാത്സംഗത്തെക്കുറിച്ച്, അമേരിക്കന്‍ മലയാളികള്‍ അറിഞ്ഞു കാണുമല്ലോ. ആറ് യൂവാക്കളാണ്, ഒരു വെള്ളക്കാരി യുവതിയെ ഫ്രെറ്റേണിറ്റി റാഗിംഗിന്റെ പേരില്‍ ബലാത്സംഗം ചെയ്തത്. അതുപോലെ, എത്രയെത്ര കേസുകള്‍.
നമ്മുടെ കുട്ടികള്‍, ഇത്തരം ഫ്രെറ്റേണിറ്റികളില്‍ അംഗങ്ങളാണോ ? അവര്‍ ഇതുപോലെയുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടോ? അവര്‍ക്ക് ഇത്തരം പീഡനങ്ങള്‍ ഫ്രെറ്റേണിറ്റികളില്‍ നിന്നും ഉണ്ടായിട്ടുണ്ടോ? മാനഹാനി മൂലമോ, പേടിമൂലമോ, കുട്ടികള്‍ ഇത് മറച്ചു വയ്ക്കുകയാണോ ? നാട്ടില്‍ ജനിച്ചു വളര്‍ന്ന സുജാതയ്ക്കും, മഹേഷിനും, അമേരിക്കിയിലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത് പോലെയൊരു, പൈശാചികത, അരങ്ങേറുന്ന കാര്യം, കേട്ടുകേള്‍വി പോലുമില്ലായിരുന്നു.
ഇതുപോലെ എത്രയോ മലയാളി മാതാപിതാക്കള്‍ നമ്മുടെ ഇടയില്‍ കാണും.
മലയാളി സംഘങ്ങളും, മത സ്ഥാപനങ്ങളും, തീര്‍ച്ചയായും, മാതാപിതാക്കളെയും, പുതുതായി കോളേജില്‍ ചേരുന്ന വിദ്യാര്‍ത്ഥികളെയും, ഇതേക്കുറിച്ചൊക്കെ ബോധവാന്മാരാക്കേണ്ടതാണ്. അല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് നാമിവിടെ വളര്‍ത്തിക്കൊണ്ട് വരുന്ന നമ്മുടെ കുഞ്ഞുങ്ങളെയാവും.
ഈ വിവരത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ ലിങ്കുകളില്‍ നോക്കുമല്ലോ.
15 Frightening Facts about Sororities and Fraternities – Zen College Life
Dangers of Fraternity Hazing/College & University
(കോട്ടയം ജില്ലയിലെ പള്ളം സ്വദേശിനിയായ മീനു എലിസബത്ത് 30 വര്‍ഷമായി ടെക്സാസിലെ വയിലിയില്(ഡാളസ്) താമസിക്കുന്നു. കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും, ചെറുകഥകളും, കവിതകളും എഴുതാറുണ്ട്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മീനുവിന്റെ 'മഴയില്‍ ഞാനും വെയിലില്‍ നീയും' എന്ന ലേഖന സമാഹാരം തുഞ്ചന്‍പറമ്പില്‍ നടന്ന ലാനാ സമ്മേളത്തില്‍ എം.ടി.വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്തത്.)
സംഗമം