ഇരുപത്തിയൊന്ന്
വിനോദ് ജോബിയോടൊപ്പം കടയ്ക്കകത്തേക്കു കയറി. തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. കൗണ്ടറിനു മുന്നില്‍ നീണ്ട ലൈന്‍. മറ്റേ കാഷ് രജിസ്റ്ററില്‍ നിന്ന് തനിക്കുകൂടി സഹായിക്കാവുന്നതേയുള്ളൂ. പിള്ളച്ചേട്ടന് സമ്മതിക്കണ്ടേ?
'എപ്പഴാ ഇറങ്ങാന്‍ പറ്റുക?' ജോബിയുടെ ചോദ്യം.
'പ്രകാശ് വന്നിട്ടേ പറ്റൂ. ഇവിടത്തെ തിരക്കു കണ്ടില്ലേ?' വാച്ചില്‍ നോക്കിക്കൊണ്ടു പറഞ്ഞു.
'വൈകുന്നേരം ഫ്രീ ആണെങ്കില്‍ ഓരോ ഡ്രിങ്കു കഴിക്കാം.'
ജോബിയുടെ ക്ഷണത്തിനു പെട്ടെന്ന് മറുപടി പറഞ്ഞില്ല.
'ഞാനിതകത്തേക്കു വച്ചിട്ടുവരട്ടെ.'
ചൂലില്‍ നോക്കി പറഞ്ഞു. വീണ്ടും ജാള്യത തോന്നി.
അകത്തേക്കു നടക്കവേ ആലോചിച്ചു. രണ്ടുമൂന്നു ദിവസം മുമ്പും ഇതുപോലെ ക്ഷണിച്ചതാണ് ജോബി. അന്നു നിരസിക്കയാണ് ചെയ്തത്്.
ഇരുപത്തിരണ്ടുകാരനായ ജോബി അമേരിക്കയില്‍ എത്തിയിട്ട് രണ്ടുവര്‍ഷത്തോളമേ ആയിട്ടുള്ളൂ. അമേരിക്കന്‍ പൗരനായ ഉപ്പാപ്പന് സ്പോണ്സര് ചെയ്താണ് ജോബിയും ഇളയപെങ്ങളും മാതാപിതാക്കളും എത്തിയത്. മക്കളെ ഇവിടെയാക്കി മാതാപിതാക്കള്‍ തിരികെപ്പോയി.
പഠിക്കാന്‍ പോകാന്‍ ഉപ്പാപ്പനും മറ്റും നിര്‍ബന്ധിച്ചെങ്കിലും അതൊന്നും കഴിയില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. ഏതോ ഫാക്ടറിയില്‍ ജോലിയുണ്ടിപ്പോള്.
'അപ്പച്ചനും അമ്മച്ചിയും പറയുന്നതുപോലെ ഇനി നേഴ്സിനേയോ മറ്റോ കെട്ടി ഒതുങ്ങിക്കൂടണം.' പരിചയപ്പെട്ട ദിവസം ജോബി പറഞ്ഞ വാക്കുകള്‍. 'അതിനിനീം സമയമുണ്ടല്ലോ. അതുവരെ അമേരിക്കന്‍ ജീവിതം ഒന്നു സുഖിക്കണം.'
ജോബിയുടെ പ്രധാന പരാതി ഇതാണ്. അമേരിക്കയിലെ രണ്ടാം തലമുറക്കാരായ മലയാളി യുവാക്കള്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്നവരോ അല്ലെങ്കില്‍ നന്നേ ചെറുപ്പത്തില്‍ ഇവിടെയെത്തിയവരോ ആയ ചെറുപ്പക്കാര്‍, തന്നെപ്പോലെയുള്ളവരെ ഒരുതരം അവജ്ഞയോടെയാണു കാണുന്നത്.
്അവന്മാരുടേയും അവളുമാരുടേയും കൊഴുത്ത ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും.' ജോബിയുടെ വാക്കുകള്‍.
രണ്ടാം തലമുറക്കാര്‍ വിവേചനദൃഷ്ടിയോടെയാണ് കാണുന്നതെങ്കിലും, ജോബിയെപ്പോലെയുള്ളവരും ഒട്ടും പിന്നിലല്ല. പല സ്ഥലങ്ങളിലും ഇത്തരക്കാരുടെ 'ഗ്യാങ്ങു'കള്‍വരെ ഉണ്ടത്രെ. പോര്ട്ടോറിക്കന്സിനും വിയറ്റ്നാംകാര്ക്കും മറ്റും ഉള്ളതുപോലെ സംഘം ചേര്‍ന്ന് ഇവര്‍ നടത്തുന്ന ചില വീരപരാക്രമങ്ങളുടെ കഥകള്‍ ജോബിയും പറഞ്ഞിരുന്നു.
അകത്തെ മുറിയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ പിള്ളച്ചേട്ടന് കൈകാട്ടി വിളിച്ചു. കൗണ്ടറിന്റെ അകത്തു കൂടി അദ്ദേഹത്തെ സമീപിച്ചു.
'എല്ലായിടവും ഒരു കണ്ണുവേണം.' പിള്ളച്ചേട്ടന് സ്വരം താഴ്ത്തി പറഞ്ഞു.
'പ്രകാശ് എപ്പോഴാണാവോ എത്തുക.' ആത്മഗതം പോലെ പറഞ്ഞു.
മണി ആറേമുക്കാലായി.
ജോബി ഒരു സോഡയുമായി കൗണ്ടറിലേക്കു വന്നു.
'ഞാന്‍ പോയിട്ട് കുറേക്കഴിഞ്ഞു വരാം.' തന്നെ നോക്കി പറഞ്ഞു.
'ശരി.'
അപ്പോള്‍ ബാറില്‍ പോകാനുള്ള പ്രോഗ്രാം തന്നെ ആയിക്കളയാം, മനസിലോര്‍ത്തു.
ഷെല്‍ഫുകളൊക്കെ ഒന്നു ചുറ്റി നടന്നു നോക്കാം.
നാശം. അതാ നിലത്ത് എന്തൊക്കെയോ വീണുകിടക്കുന്നു. മെല്ലെ കുനിഞ്ഞ് അവയെല്ലാം പെറുക്കി യഥാസ്ഥാനത്തു വച്ചു.
ജോബി തിരികെ വരട്ടെ. ഇന്നെന്തായാലും ഒന്നു രണ്ടു ഡ്രിങ്ക് കഴിക്കണം. അത്രയ്ക്കായിരിക്കുകയാണ് മാനസിക സമ്മര്‍ദ്ദം.
നാട്ടിലായിരുന്നെങ്കില്‍ ഇതുപോലുള്ള ദിവസം നല്ലവണ്ണം മദ്യപിക്കുമായിരുന്നു.
പെട്ടെന്ന് ഓര്‍മ്മവന്നത് നാട്ടിലെ സുഹൃത്ത് പുരുഷോത്തമന്റെ കാര്യമാണ്. പുള്ളിക്കാരന് വെള്ളമടിക്കാന്‍ വിചിത്രങ്ങളായ കാരണങ്ങളാണുണ്ടായിരുന്നത്.
'ഇന്നു വല്ലാത്ത മൂഡോഫാ, ഒന്നു മിനുങ്ങണം.'
അതുമല്ലെങ്കില്‍
'വല്ലാത്ത ടെന്‍ഷന്‍, രണ്ടു പെഗ്ഗടിക്കാതെ സമാധാനം വരില്ല.'
അത്തരം കൂട്ടുകെട്ടുകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും തനിക്ക് മദ്യപാനം ശീലമായിരുന്നില്ല.
മയക്കുമരുന്നുകളും ഇടയ്ക്കും തലയ്ക്കുമൊക്കെ രുചിച്ചുനോക്കിയിട്ടുള്ളതല്ലാതെ അതും പതിവാക്കിയിരുന്നില്ല.
എങ്കിലും കോവളത്തേയും തിരുവനന്തപുരത്തേയുമൊക്കെ ആഹഌദത്തിന്റേതായ വീക്കെന്റുകളില് അതൊക്കെ കൂടുതല്‍ ആവേശം പകര്‍ന്നിരുന്നു. മിക്കപ്പോഴും ഹോട്ടലുകളില്‍ കാമുകിമാരൊത്ത് മുറിയെടുക്കമ്പോള് കുപ്പിയും കരുതാറുണ്ടായിരുന്നു.
അപ്പച്ചന് പറയാറുണ്ടായിരുന്ന വാക്കുകള്‍ ഓര്‍ത്തു. 'മദ്യത്തെ നാം നിയന്ത്രിക്കണം. മദ്യം നമ്മെ നിയന്ത്രിക്കാന്‍ അവസരം കൊടുക്കരുത്.'
അപ്പച്ചന്റെ മദ്യപാനം പ്രത്യേക ശൈലിയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരങ്ങളില്‍ മാത്രം. ഷാപ്പില് പോകാറില്ല. കൃഷിപ്പണികള്‍ക്കു വരാറുള്ള നാണുവാണ് വാങ്ങിക്കൊണ്ട് വരിക. രണ്ടുകുപ്പി കള്ള് എന്നും ഒരേ അളവ്.
കള്ളുകുടിക്കുന്ന ദിവസങ്ങളില്‍ ഇറച്ചി വേണമെന്ന് അപ്പച്ചനു നിര്‍ബന്ധമായിരുന്നു.
തന്റെ കൂട്ടുകാരില്‍ പലര്‍ക്കും അല്പം മയക്കുമരുന്നു ശീലമുണ്ടായിരുന്നു. പ്രത്യേകിച്ച് വീക്കെന്റ് പരിപാടികളില്‍ കൂടുന്നവര്‍ക്ക്.
ഡ്രഗുകളോട് തനിക്ക് ഒരിക്കലും കാര്യമായ താല്പര്യം തോന്നിയിരുന്നില്ല. തന്റെ സുഹൃത്ത് രമേശിനുണ്ടായ അനുഭവം ഉള്‍ക്കിടിലത്തോടെയേ ഇന്നും ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.
സിനിമാ തിയറ്ററുകളും ചിട്ടിഫണ്ടും മറ്റും സ്വന്തമായുള്ള മുതലാളിയുടെ മകന്. സുമുഖന്‍. ഒരു ലോക്കല്‍ ഹീറോ.
കോവളം കടപ്പുറത്തായിരുന്നു രമേശിന്റെ ശവശരീരം പൊങ്ങിയത്, വീട്ടില്‍ നിന്നു പോയതിന്റെ നാലാം ദിവസം.
രമേശിന്റെ മരണത്തെപ്പറ്റി പലവിധ ഊഹാപോഹങ്ങളും നിലവിലുണ്ടായിരുന്നെങ്കിലും തനിക്കും ഏതാനും ചില സുഹൃത്തുകള്‍ക്കും യാഥാര്‍ത്ഥ്യം അറിയാമായിരുന്നു.
രമേശിന്, കൊല്ലത്തെ ഒരു പ്രമുഖ ബിസിനസ്കാരന്റെ മകളുമായി പ്രേമബന്ധമായിരുന്നു. തിരുവനന്തപുത്തുള്ള ഒരു വനിതാ കോളജിലാണ് അവള് പഠിച്ചിരുന്നത്. വാരാന്ത്യങ്ങളില്‍ മിക്കപ്പോഴും രണ്ടുപേരും സന്ധിച്ചിരുന്നു. അവള്‍ക്കും ഡ്രഗ്ഗിന്റെ ശീലമുണ്ടായിരുന്നു.
അത്തരമൊരു സമാഗമവേളയില്‍, അല്പം ഓവര്ഡോസിനുശേഷം രമേശ് കുളിക്കാനിറങ്ങിയതാണ്. കരയില്‍ മയങ്ങിയിരുന്ന കാമുകി, വളരെ നേരം രമേശിനെ കാണാഞ്ഞപ്പോള്‍ പരിഭ്രാന്തയായി. വ്യാപകമായ തിരച്ചില്‍ നടന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല, നാലാം ദിവസം വരെ.
ആ പെണ്‍കുട്ടി ആകെ തകര്‍ന്നു. പരിപൂര്‍ണ്ണമായി മയക്കുമരുന്നിന് അടിമയായി.
വളരെ നീണ്ട ഒരു തെറാപ്പിക്കുശേഷമാണത്രെ നോര്‍മല്‍ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്.
ഒരിക്കല്‍ വേറൊരുതരം മയക്കു മരുന്നു കച്ചവടത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.
ഒരു സുഹൃത്ത് നിര്‍ബന്ധിച്ച് കൂടെ കൊണ്ടുപോയതാണ്.
സുഹൃത്തും താനും ആ ചെറിയ വീട്ടിലേക്ക് പ്രവേശിച്ചു. ഗൃഹനാഥന് ബഞ്ചില്‍ ഇരിക്കാന്‍ ക്ഷണിച്ചു. അയാള്‍ അകത്തേക്കു പോയി നീണ്ട പുട്ടുകുറ്റിയുടെ ആകൃതിയിലുള്ള കുഴലുമായി തിരികെ വന്നു.
സുഹൃത്ത് വായ തുറന്ന് നാക്കുപുറത്തേകു നീട്ടി. കുഴലിന്റെ മുകളത്തെ അറ്റം സുഹൃത്തിന്റെ മുഖത്തോടടുപ്പിച്ച് അയാള്‍ മൂടി തുറന്നു. സുഹൃത്ത് കണ്ണടച്ചു.
ഒരു നിമിഷം ഒരു ചെറിയ പാമ്പ് അതില്‍ നിന്ന് തലയുയര്‍ത്തി. സുഹൃത്തിന്റെ നീട്ടിയ നാക്കില്‍ ഒരു കൊത്ത്. സുഹൃത്ത് ഒന്നു ഞെളിപിരികൊണ്ടു.
കുഴലിന്റെ മുടി അടച്ച് അയാള്‍ അകത്തേക്കു കൊണ്ടു പോയി.
താന്‍ അന്തം വിട്ടിരുന്നു പോയി.
്അല്പ സമയത്തിനുശേഷം സുഹൃത്ത് കണ്ണു തുറന്നു. പേഴ്സെടുത്ത് പത്തിന്റെ ഏതാനും നോട്ടുകള്‍ എണ്ണിക്കൊടുക്കുന്നത് കണ്ടു.
തനിക്ക് ഓക്കാനം വന്നു. പെട്ടെന്ന് മുറ്റത്തേക്കിറങ്ങി അതിരിലേക്കോടി രണ്ടുമൂന്നുതവണ ഛര്‍ദിച്ചു.
വല്ലാത്ത അനുഭവമായിരുന്നു ആ സംഭവം കണ്ടുകൊണ്ടിരിക്കുക എന്നത്.
പിന്നീട് പാമ്പു വിഷം മയക്കുമരുന്നായി ഉപയോഗിക്കുന്നതിന്റെ കഥകള്‍ പത്രത്തില്‍ വായിക്കാനും ഇടയായി.
'ഹലോ വിനോദ്.'
ഞെട്ടിത്തിരിഞ്ഞുനോക്കി, പ്രകാശ്.
താമസിച്ചതിന് ക്ഷമാപണം ചെയ്ത് അയാള്‍ പിള്ളച്ചേട്ടന്റെ അടുത്തേക്ക് ധൃതിയില്‍ നടന്നുപോയി.
രക്ഷപ്പെട്ടു!
പ്രകാശ് കൗണ്ടറില്‍ നില്‍ക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നു.
'എന്താ?'
പിള്ളച്ചേട്ടന് തന്നെ ചോദ്യഭാവത്തില്‍ നോക്കി. ബാക്കിയെല്ലാം ഭദ്രമല്ലേ എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം.
വല്ലാത്ത ദേഷ്യമാണു തോന്നിയത്. തന്നെ ഇവര്‍ എന്തായിട്ടാണു കണക്കാക്കിയിരിക്കുന്നത്?
പ്രകാശ് ക്യാഷ് രജിസ്റ്റര്‍ തുറന്നു. എന്നിട്ട് കുറെ കസ്റ്റമേഴ്സിനെ കൗണ്ടറിലേക്കു വിളിച്ചു.
ഇനി അല്പനേരം വിശ്രമിച്ചു കളയാം. ഓഫീസ്റൂം തുറന്ന് അകത്തേക്ക് കയറി.
ഒരു നിമിഷം ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി.യിലേക്കു നോക്കി. സെക്യൂരിറ്റി ഉറപ്പു വരുത്താനുള്ള വഴിയാണ് ഈ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി. ഇതെല്ലാം വീഡിയോയില്‍ റിക്കോഡു ചെയ്യുന്നുമുണ്ട്.
ഇത്തരം കടകളില്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുള്ള കൊള്ളകളുടെ കുരുക്കഴിക്കാന്‍ ഈ വീഡിയോ പ്രയോജനപ്പെടുന്നുണ്ടത്രെ.
ജോബി വന്നുകിട്ടിയാല്‍ മതിയായിരുന്നു.
ഫോണെടുത്തു ഡയല് ചെയ്തു വീട്ടിലേക്ക്. സന്ധ്യയാണ് എടുത്തത്. പിക്കു ചെയ്യാന്‍ വരട്ടെ എന്ന് അവളുടെ ചോദ്യം.
'വേണ്ടാ കുറേക്കൂടി കഴിഞ്ഞിട്ടു മതി. ഇവിടെ ഒത്തിരി പണിയൊണ്ട്, ഞാന്‍ വിളിക്കാം.'
'ഓക്കേ.'
അങ്ങേത്തലയ്ക്കല്‍ ഫോണ്‍ വയ്ക്കുന്ന ശബ്ദം.
ഒത്തിരി പണി! ഇന്നുകൊണ്ട് ചില കാര്യങ്ങളൊക്കെ തീരുമാനിക്കണം.
അവളുടെ ഡാഡിയോടു പറയണം, തന്നെക്കൊണ്ട് ഇത് അധികനാള്‍ തുടരാന്‍ പറ്റില്ലെന്ന്. തനിക്ക് ഇങ്ങനെ പണക്കാരനാവേണ്ട.
വാതിലില്‍ മുട്ട്.
എഴുന്നേറ്റ് വാതില്‍ തുറന്നു.
ജോബി.
'എന്താ റെഡിയല്ലേ?'
'അതേ.'
'വീട്ടിലേക്കു ഫോണ്‍ചെയ്തു പറഞ്ഞോ?'
ജോബിയുടെ ചോദ്യം.
'പറഞ്ഞു. ഫ്രീയാകുമ്പോള്‍ വീണ്ടും വിളിക്കാമെന്നു പറഞ്ഞു.'
ജോബി ചിരിച്ച് തോളില്‍ത്തട്ടി.
പുറത്തേക്കിറങ്ങുന്നതിനു മുമ്പായി പിള്ളച്ചേട്ടനു നേരെ തിരിഞ്ഞ് കൈവീശി.
തിരിച്ചു വരുമെന്നു പറയേണ്ടതായിരുന്നു. റോഡിലേക്കിറങ്ങവേ ഓര്‍ത്തു ഓ, ഇനി സാരമില്ല.
'ഇവിടെ അടുത്താ.' വലത്തേക്കു തിരിഞ്ഞുകൊണ്ട് ജോബി പറഞ്ഞു.
റോഡില്‍ നല്ല ട്രാഫിക് തിരക്ക്.
'ഇക്കാര്യത്തില്‍ സന്ധ്യയുടെ നിലപാടെങ്ങനെയാ?'
'ഏതു കാര്യത്തില്‍?'
'ഡ്രിങ്ക്സിന്റെ കാര്യത്തില്‍?'
'വലിയ എതിര്പ്പാ,' ഒന്നു രണ്ടു സന്ദര്‍ഭങ്ങളില്‍ കണ്ട വിചിത്രമായ മുഖഭാവം ഓര്‍ത്തുകൊണ്ടു പറഞ്ഞു.
'ശരിക്കു പറഞ്ഞാല്‍, ഇവിടത്തെ ബാറുകളില്‍ ആളുകള്‍ പോകുന്നത് കുടിച്ചു പൂസാകാന്‍ മാത്രമല്ല.'
ജോബിയുടെ വാക്കുകള്‍ കേട്ട് തെല്ല് അത്ഭുതം തോന്നി.
'പിന്നെ?'
'ഇണകളെ കണ്ടെത്താന്‍ കൂടിയാണ്.' ജോബി ചിരിച്ചു. സിംഗിള്‍സ് ആയിട്ടുള്ളവര്‍ ആണും പെണ്ണും, ധാരാളം ഉണ്ടാകും. അങ്ങനെ തുടങ്ങുന്ന സൗഹൃദം ഒരു രാത്രിയിലേക്കും മാത്രമാകും, ചില കേസുകളില്‍ ജീവിതകാലം മുഴുവന്‍ നിലനില്ക്കും. അങ്ങനെ വിവാഹിതരാകുന്ന ധാരാളം പേരുണ്ട് ഈ നാട്ടില്‍.'
'വിനോദ് അതിനൊന്നും നില്‍ക്കേണ്ട, കേട്ടോ,' ജോബി ഉറക്കെച്ചിരിച്ചുകൊണ്ട് തോളില്‍ത്തട്ടി.
'ജോബിക്ക് അത്തരം സൗഹൃദങ്ങള്‍ വല്ലതും?'
'ഏയ്,' വീണ്ടും ചിരി.
'ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?'
ഇവിടെ ജനിച്ചുവളര്‍ന്ന മലയാളികള്‍ക്ക്, അഥവാ ചെറുപ്പത്തിലേ ഇവിടെയെത്തിയവര്‍ക്ക് ഒരുതരം കോംപ്ലക്സ് ഉണ്ട്.'
'എന്തു കോംപ്ലക്സ്?' ചോദ്യഭാവത്തില്‍ ജോബിയെ നോക്കി.
അവര്‍ നമ്മേക്കാള്‍ സോഫിസ്റ്റിക്കേറ്റഡ് ആണെന്നും നാമൊക്കെ വെറും കൊജ്ഞാണന്മാര് ആണെന്നും. അവന്റെയൊക്കെ ഒരു അമേരിക്കന്‍ ഇംഗ്ലീഷ്!'
വാക്കുകളില്‍ പ്രകടമായ പുച്ഛരസം. എന്താണ് ഇയാള്‍ പറഞ്ഞു വരുന്നത്?
രണ്ടുദിവസം മുമ്പത്തെ അനുഭവം ഓര്‍ത്തു. സന്ധ്യയുടെ ചില കൂട്ടുകാര്‍ വീട്ടില്‍ വന്നിരുന്നു. മനസിലാകാത്ത ഇംഗ്ലീഷില്‍ സംസാരം, പൊട്ടിച്ചിരി, തന്നോടു തന്നെ പുച്ഛം തോന്നിയ അവസരമായിരുന്നു അത്.
ചുരുങ്ങിയ ദിവസങ്ങളിലെ പരിചയമേ ഉള്ളെങ്കിലും ഒരു കാര്യം മനസിലായി. ജോബിയുടേയും തന്റേയും ആത്മസംഘര്‍ഷങ്ങള്‍ക്കു ചില കാര്യങ്ങളിലെങ്കിലും സമാനതയുണ്ട്!
'ഇതാ ഇതാണു സ്ഥലം,' തൊട്ടുമുമ്പില്‍ വലതുവശത്തേക്കു ചൂണ്ടി ജോബി പറഞ്ഞു. നിയോണ്‍ പരസ്യബോര്‍ഡ്. വിന്റോ ഗ്ലാസില്‍ പലതരം ബിയറുകളുടെ പേരുകള്‍ തിളങ്ങുന്നു.
രണ്ടുപേരും ബാറിനുള്ളിലേക്കു പ്രവേശിച്ചു.
നീണ്ട്, അണ്ഡാകൃതിയിലുള്ള കൗണ്ടര്‍. ചുറ്റിലും ബാര്‍ സ്റ്റൂളുകള്‍. പിന്നെ സാധാരണ റസ്റ്റാറന്റുകളിലെപ്പോലെ വേറെയും കസേരകളും ടേബഌകളും. തിരക്കു തുടങ്ങിയിരുന്നു.
അടുത്തടുത്ത സ്റ്റൂളുകളില്‍ ഇരുന്നു.
ബാര്‍ ടെന്‍ഡര്‍ സൗഹൃദപൂര്‍വ്വം ചിരിച്ചു. ആവശ്യത്തിലധികം തടിയുള്ള മദാമ്മക്കുട്ടി.
'ഹൗ ആര് യൂ?'
'ഫൈന്‍, താങ്ക്സ്.'
ജോബി തന്റെ നേരെ തിരിഞ്ഞു. 'എന്താണു കുടിക്കാന്‍?'
'ബിയര്‍ മതി.'
രണ്ട് ബഡ് വൈസര്‍ ഓര്‍ഡര്‍ ചെയ്തു. ബാര്‍ ടെന്‍ഡര്‍ മന്ദഹാസവുമായി തിരിഞ്ഞു.
രണ്ടുപേര്‍ അകത്തേക്കു കയറിവന്നു.
മലയാളികളാണെന്നു വ്യക്തം.
ജോബിയെക്കണ്ട് പരിചയഭാവത്തില്‍ ചിരിച്ചുകൊണ്ട് അവര്‍ അടുത്തേക്കു വന്നു.
ജോബി തന്നെ പരിചയപ്പെടുത്തി.
'ഇതു വിനോദ്....'
അതിലൊരാള്‍ പെട്ടെന്നു ചോദിച്ചു.
'സന്ധ്യയുടെ ഹസ്ബന്റ്, അല്ലേ?'
'അതേ.'
അവര്‍ പരസ്പരം നോക്കി, അര്‍ത്ഥംവച്ചു ചിരിക്കുന്നതായി തോന്നി.
'നൈസ് മീറ്റിങ് യൂ.' ഒരുവന് പറഞ്ഞു.