കേരള നാട്ടില്‍ പിറന്ന എല്ലാവര്‍ക്കും പറയാനുണ്ടാവും അവരുടെ വീടിനടുത്തുള്ള
എതെങ്കിലുമൊരു കുളത്തിനെ പറ്റി. പുഴയെ പറ്റി. അല്ലെങ്കില്‍ തോടിനെപറ്റി. എന്റെ
വീടിന്റെയടുത്ത് കൂടെയും ഒരു തോട് ഒഴുകുന്നുണ്ട്. അത് ഇമ്മിണി വല്യ
തോടായതിനാല്‍ ഞങ്ങള്‍ അതിനെ വലിയതോട് എന്നു തന്നെ വിളിച്ചു. പൊന്തന്‍പുഴ വനത്തില്‍
നിന്നുമാണ് വലിയതോട് ഉത്ഭവിക്കുന്നത് എന്നാണൊരു വിശ്വാസം പക്ഷെ ഞാന്‍
കണ്ടിട്ടില്ല. `വിശ്വാസം, അതല്ലേ എല്ലാം'. വലിയതോട് ചെന്നു ചേരുന്നത്
മണിമലയാറ്റിലാണ്.
മഴക്കാലത്ത് മണിമലയാറ്റില്‍ വെള്ളം പൊങ്ങും. കൂടെ
വലിയതോട്ടിലും. അടുത്തുള്ള കാപ്പിത്തോട്ടങ്ങളും റബ്ബര്‍തോട്ടങ്ങളും
തെങ്ങിന്‍തോപ്പുകളും ഒക്കെ വെള്ളം കയറി അങ്ങനെ കിടക്കുന്നത് കാണാന്‍ ഭയങ്കര
രസമാണ്. കടിച്ചാല്‍ വിഷമില്ലാത്ത പുളവന്‍ പാമ്പുകള്‍ ധാരാളം കാണുന്ന സമയമാണത്.
കൂടെ മറ്റ് ഇഴജന്തുക്കളായ ആന, തിമിഗലം, ചീങ്കണ്ണി, പല്ലി, പാറ്റ, പ്രാണികള്‍ ഒക്കെ
ഉണ്ടാവും.
മിക്കപ്പോഴും വെള്ളം പൊങ്ങുമ്പോള്‍ ചത്ത പട്ടിയോ ചാകാത്ത പന്നിയോ
മരത്തടികളോ ഒക്കെ ഒഴുകി വരാറുണ്ട്. പന്നിയെ ഒന്നും ഒരിക്കലും വിടാത്ത
നാട്ടുകാരാണ് ഞങ്ങടെ നാട്ടുകാര്‍. പിടിച്ചു കയറ്റും. ജീവന്‍ തിരിച്ചു കിട്ടിയല്ലോ,
രക്ഷപെട്ടല്ലോ എന്നോര്‌ത്ത്‌ാ ദീര്‍ഘനിശ്വാസോം വിട്ട് ഒരു താങ്ക്‌സും പറഞ്ഞു
ഷേക്ക് ഹാന്റും കൊടുത്ത് പോകാനൊരുങ്ങോമ്പോള്‍ ആണ് നാട്ടുകാരുടെ തനിസ്വരൂപം പന്നി
കാണുന്നത്. പന്നിയെ പിടിച്ചു കയറ്റാനും അതിനെ വെട്ടാനും വില്‌ക്കാനുമൊക്കെ മുന്‍കൈ
എടുക്കുന്നത് സാധാരണ ഞൊണ്ടിക്കല്‍ ജോസാണ്. വിലകൊടുത്ത് മേടിച്ചതാണെങ്കിലും
തോട്ടില്‍കൂടി ഒഴുകി വന്നതാണെങ്കിലും അവന്‍ പന്നിയെ വെട്ടിയാ കിലോക്ക് ഒരു വിലയാ.
കാരണം പന്നിയിറച്ചിക്ക് ഞങ്ങടെ നാട്ടില്‍ നല്ല ഡിമാണ്ടാണ്. വില കേട്ട് പിണങ്ങി
പോകാമെന്ന് വച്ചാ നഷ്ട്‌ടം നമ്മുക്ക് തന്നെ. വേണേല്‍ മതിയെന്നെ!
പൊങ്ങിയ
വെള്ളം ഇറങ്ങി കഴിയുമ്പോള്‍ കാണാന്‍ നല്ല രസ്സമാണ്. അതുവരെ ഇല്ലാതിരുന്ന
മണല്‍കൂമ്പാരങ്ങള്‍!മണ്ണൊലിച്ചു പോയ വരമ്പുകള്‍! പുതിയതായി രൂപം കൊണ്ട തിട്ടകള്‍!.
ചേറടിഞ്ഞു കൂടിയ കുളിക്കടവുകള്‍! പിന്നെ ആളുകള്‍ കുളിക്കാനും തുണി നനയ്‌ക്കാനും
ഒക്കെയായി വരവ് തുടങ്ങും.
മറ്റുള്ളവരെ പോലെ ഞാനും തോട്ടില്‍ പോയിരുന്നത്
അലക്കി കുളിക്കാനും അല്‌പ്പം് ചീട്ടു കളിക്കാനും തോട്ടയിട്ട് മീന്‍ പിടിക്കാനും
ഒക്കെ തന്നെ. നിങ്ങളിപ്പോ മനസ്സില്‍ ഉദ്ദേശിച്ച ആ നാലാമത്തെ കാര്യം അന്ന് ഞാന്‍
തുടങ്ങീട്ടില്ല. പയ്യനാ. മീശ പോലും കിളുത്തിട്ടില്ല.
സാധാരണ കുളിക്കാന്‍
പോകുന്നത് വീട്ടിലെ പണികള്‍ ഒക്കെ ഒതുക്കി വൈകും നേരമാണ്. മിക്കപ്പോഴും എന്റെണ
പിതൃസഹോദര പുത്രന്‍ (കസിന്‍) സാലസ്സും കൂട്ടിന് കാണും. എന്റെഴ അച്ചാച്ചന്
പലചരക്ക് കട ഉണ്ടായിരുന്നതിനാല്‍ വീട്ടിലേക്ക് ആവശ്യമുള്ള അരി, മുളക്, എണ്ണ,
സോപ്പ്, ചീപ്പ്, കണ്ണാടി എല്ലാം കടയില്‍ നിന്നുമായിരുന്നു. അതുകൊണ്ട് തന്നെ
ഞാന്‍ കണ്ടിട്ടുള്ള ഏറ്റം വിലപ്പിടിപ്പുള്ള സോപ്പ് ലൈഫ്‌ബോയിയും 501 ഉം ഒക്കെ
ആയിരുന്നു.
പക്ഷെ സാലസ് വിദേശപഠനാര്‍ത്ഥം ചങ്ങനാശ്ശേരിയിലൊക്കെ
പോയിട്ടുള്ള ആളായാതിനാല്‍ ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല സാധനങ്ങളും
ഉപയോഗിച്ചുള്ള പരിചയം അവനുണ്ടായിരുന്നു. എനിക്ക് കേട്ടുകേഴ്‌വി പോലുമില്ലാത്ത
രാധാസ്, ലെക്‌സ്, പീയെര്‌സ്‌പ എന്നിങ്ങനെയുള്ള സോപ്പുകള്‍ സാലസ്സിന്
സുപരിചിതമായിരുന്നു. അവന്‍ ഇതൊക്കെ തേച്ചു കുളിക്കുമ്പോള്‍ അതിന്റെപ പതയും മണവും
ഗുണവും ഒക്കെ കണ്ട് ഞാന്‍ അസൂയപ്പെടാറുണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ സാലസ്സിന്റെ
സോപ്പ് തേക്കാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വ്വം സോപ്പെടുക്കാതെ കുളിക്കാന്‍
പോയിട്ടുമുണ്ട്. സ്ഥിരമായി ഒരാളെ വങ്ങുന്നതില്‍ എനിക്ക് യാതൊരു വിരോധോമില്ല പക്ഷെ
ഒരാഴ്‌ച ഈ കളി തുടര്‍ന്നപ്പോള്‍ എന്റെ നിഷ്‌ക്കളങ്കത സാലസ്സിനും മനസ്സിലായി. പിന്നെ
പിന്നെ പുള്ളി സ്വന്തം ഉപയോഗം കഴിഞ്ഞ് സോപ്പ് പെട്ടീല്‍ അടച്ചു മാറ്റി വക്കാന്‍
തുടങ്ങി.
എനിക്ക് വാശിയായി. അവന്റെ കോപ്പ് അടിച്ചു മാറ്റിയിട്ടു തന്നെ
കാര്യം.
പിറ്റേന്ന് വീണ്ടും ഞങ്ങള്‍ കുളിക്കാന്‍ ഒരുമിച്ചുകൂടി. സാലസ്
അവന്‍ കൊണ്ടുവന്ന സോപ്പ് തേച്ചു പതച്ചു രസിച്ചു.വിട്ടിലിനെ പിടിക്കാന്‍ തക്കം
നോക്കിയിരിക്കുന്ന ഓന്തിനെപോലെ ഞാന്‍ വെയിറ്റ് ചെയ്‌തു.
ശരീരമാകെ സോപ്പ്
തേച്ചു പതപ്പിച്ച സാലസ് വെള്ളത്തിലേക്ക് എടുത്ത് ചാടി. അവന്‍ മുങ്ങി പൊങ്ങിയ
നേരം മുഴുവന്‍ വേണ്ടായിരുന്നു അവന്റെ സോപ്പ്‌പെട്ടി തുറന്ന് സോപ്പ് അടിച്ചു
മാറ്റാന്‍ എനിക്ക്.
കൈയില്‍ കിട്ടിയ സോപ്പുമായി ഞാന്‍ വെള്ളത്തിലേക്ക്
ചാടി. ചാട്ടത്തിന്റെ ശക്തിമൂലം സോപ്പ് കൈയീന്ന് തെറിച്ചു താഴെവീണ് അത്
വെള്ളത്തില്‍ മുങ്ങിപോയി. പ്ലിംഗ്! വെള്ളത്തിനാവട്ടെ അല്‌പ്പം കലക്ക നിറോം. അടി
കാണാന്‍ പറ്റുന്നില്ല എങ്കിലും ഒരൂഹം വച്ചു ഞാന്‍ വീണ്ടും നീര്‍ക്കാം കുഴിയിട്ടു.
എന്നിട്ട് കട്ടിയുള്ള എന്തോ പൊക്കിയെടുത്തു പക്ഷെ അത് കുറെ അഴുകിയ ഇലകളും ചെളീം
ഒരു കല്ലുമായിരുന്നു.
പൊങ്ങിവന്ന ഞാന്‍ സാലസ്സിനെ നോക്കി. പുള്ളി കരയില്‍ കയറി
തോര്‍ത്തി കഴിഞ്ഞ് ലുങ്കി ഒക്കെ ഉടുത്ത് പോകാനുള്ള ഒരുക്കമാണ്. നേരോം സന്ധ്യയായി
തുടങ്ങി.
`നീ വരുന്നില്ലേ'
അത് കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍
വീണ്ടും മുങ്ങി. എന്നിട്ട് ഒരു കൈ ചെളി കൂടി വാരിയെടുത്തു പൊങ്ങി. ഒളികണ്ണിട്ടു
ഞാന്‍ അവനെ ഒന്ന് നോക്കി. കക്ഷി തോര്‍ത്ത് കൊണ്ട് ചെവീലെ വെള്ളം ഒക്കെ തുടച്ച്
നേരത്തേ കരുതിയ ഈര്‌ക്കിലി പാകിയ ഇന്‍സ്റ്റന്റ് ചീപ്പ് കൊണ്ട് മുടിയൊക്കെ
ഒതുക്കി വച്ച് അക്ഷമനായി എന്നെ വെയിറ്റ് ചെയ്‌തു നില്‌ക്കുകയാണ്. ഞാന്‍ രണ്ടും
കല്‍പിച്ച് ഒന്നൂടെ മുങ്ങി. എന്നിട്ട് കടവിന്റെ അടിത്തട്ട് ഒന്നരിച്ചു പെറുക്കി.
ദൈവാധീനം! സോപ്പ് കിട്ടി പക്ഷെ പകുതീം അലിഞ്ഞു തീര്‍ന്നിരുന്നു. ഞാന്‍ വീണ്ടും
പൊങ്ങി. സാലസ് പോയിട്ടില്ല. ഈ അവസ്ഥയില്‍ ഞാന്‍ സോപ്പുമായി കരയില്‍ കയറിയാ
പുള്ളിക്ക് മനസ്സിലാകും ഞാന്‍ അടിച്ചു മാറ്റിയതാണെന്ന്. സോപ്പ് കൈയില്‍ തന്നെ
വച്ച് വെള്ളത്തില്‍ കിടന്നാല്‍ ഓരോ സെക്കണ്ട് വച്ച് സോപ്പ് അലിഞ്ഞു തീരുകയാണ്.
എന്നെക്കൂടാത് അവന്‍ സ്റ്റാന്‍ഡ് വിടുന്ന ലക്ഷണോം കാണുന്നില്ല. പുലിവാല് പിടിച്ച
അവസ്ഥ.
`എടാ നീ വരുന്നില്ലേ. എനിക്ക് പോണം'. അക്ഷമനായി അവന്‍ ചോദിച്ചു.
`നീ പൊക്കോ, ഞാന്‍ കുളിച്ച് തീര്‍ന്നില്ല' ഞാന്‍ ഒരെണ്ണം അങ്ങ്
കാച്ചി.
`നേരം ഇരുട്ടി. നീ തന്നെ പോകണ്ടേ. കേറി വാ'.
അതും ശരിയാ. കാടും
പടലും കല്ലും പാമ്പും ഒക്കെ ഉള്ള വഴിയാ. സാലസ് കൂടെ ഉണ്ടെങ്കില്‍ ഒരു
ധൈര്യമുണ്ട്. എന്നാലും കൈയില്‍ വന്ന സോപ്പ് കളഞ്ഞിട്ട് പോകാന്‍ മനസ്സ്
വന്നില്ല.
അവനൊരു കൈയില്‍ സോപ്പുപെട്ടീം മറ്റേ കൈയില്‍ തുണി തേക്കുന്ന
ബ്രഷും എടുത്ത് തോളില്‍ തോര്‍ത്തും ചുറ്റി പോകാന്‍ റെഡിയായി നിക്കുകയാണ് എന്നെയും
കാത്ത്.
ഒടുവില്‍ സാലസ് ജയിച്ചു. സോപ്പ് തോറ്റു. കളവുമുതല്‍ ക്രൈം
സീനില്‍ ഉപേക്ഷിച്ച് ഞാന്‍ കരക്ക് കയറി തോര്‍ത്തി . കളവുമുതല്‍ അനുഭവിക്കാന്‍
പറ്റാത്ത കള്ളന്റെ് സങ്കടം നിങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല.
എന്നിട്ട്
തോര്‍ത്ത് പിഴിഞ്ഞ് ലുങ്കീം ചുറ്റി സാലസ്സിന്റെ പിന്നാലെ ഒരു കുറ്റവാളിയെ പോലെ
ഞാന്‍ നടന്നു. ആരും ഒന്നും മിണ്ടുന്നില്ല. അസഹ്യമായ നിശബ്ദത. പുള്ളിക്ക്
മനസ്സിലായോ എന്തോ. അറിഞ്ഞതായി കക്ഷി ഭാവിക്കുന്നില്ല, ഒന്നും ചോദിക്കുന്നുമില്ല.
അസാധാരണമായി കൂടുതല്‍ നേരം ഞാന്‍ വെള്ളത്തില്‍ കിടന്നത് എന്തിനാണെന്ന് പോലും
സാലസ് ചോദിച്ചില്ല.
ഒടുവില്‍ ഞങ്ങള്‍ രണ്ടുവഴി തിരിഞ്ഞു. ഞാന്‍ എേെന്റ
വീട്ടിലേക്കും അവനവന്റെ വീട്ടിലേക്കുമായി പിരിഞ്ഞു.
വിലയേറിയ സോപ്പ് തോട്ടില്‍
കൊണ്ടുപോയി കളഞ്ഞതിന് അപ്പാപ്പന്റെ നല്ല വഴക്ക് കിട്ടിയതായി പിറ്റേന്ന് കണ്ടപ്പോ
സാലസ് പറഞ്ഞെങ്കിലും ഇന്നേ നാള്‍ വരെ ആ സോപ്പിന്റൈ തിരോധാനത്തിന് പിന്നില്‍ എന്റെ
കൈകളാണ് പ്രവര്‍ത്തിച്ചതെന്ന് എനിക്കല്ലാതെ വേറാര്‍ക്കും അറിയില്ല. വലിയതോട്ടിലെ
കുഞ്ഞോളങ്ങള്‍ക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ എന്റെ് കള്ളി എന്നെ
വെളിച്ചത്തായേനെ.
ഗുണപാഠം: വെള്ളത്തില്‍ അലിയുന്ന സാധനം അടിച്ചു മാറ്റീട്ട്
വെള്ളത്തില്‍ പിന്നെ കിടക്കരുത്.