ഒഴുകിയെത്തുന്നു കാറ്റിന്റെ മര്‍മരം
അകലെയെന്നുടെ ഗ്രാമം വിളിക്കുന്നു
പല
ദശകങ്ങള്‍ പിന്നോട്ട് പാഞ്ഞുപോയ്
ഉറവ വറ്റാത്ത ഓര്‍മതന്‍ യാത്രയില്‍
പുതുമഴയത്ത് മണ്ണ് നനയുമ്പോള്‍
മതിമറന്നതിന്‍ ഗന്ധം ശ്വസിക്കണം
ആര്‍ത്തിരമ്പി പെരുമഴ പെയ്യുമ്പോള്‍
ആര്‍ത്തിയോടതിന്‍ ശബ്ദം ശ്രവിക്കണം
ഉത്സവങ്ങള്‍ ആഘോഷമാകുമ്പോള്‍
ഹെര്‍ക്കുലീസില്‍ നാടുകള്‍ ചുറ്റണം
കടല വാങ്ങി കൊറിച്ചു രസിക്കണം
മതി വരുവോളം നാടകം കാണണം
പെരിയ
സാംബനെ കേള്‍ക്കണമാവോളം
രൗദ്ര ഭാവത്തില്‍ അദ്രുമാന്‍ നില്‍ക്കുന്നു
വിലയ്‌ക്ക് വാങ്ങിയ യന്ത്രമുരുളുമ്പോള്‍
മതിമറന്നെന്റെ അനീസ്യയെ കാണണം
കെടാമംഗലം രമണന്‍ പറയുമ്പോള്‍
ചന്ദ്രികയില്‍ മുങ്ങിക്കുളിക്കണം
ഉണ്ണിയാര്‍ച്ചതന്‍ അങ്കം മുറുകുന്നു
ഉള്ളിലുയരുന്നു പുലയന്റെ ഗദ്‌ഗദം
പെരുവനത്തിന്റെ താളം മുറുകുമ്പോള്‍
മട്ടന്നൂര് കൊട്ടിക്കയറുമ്പോള്‍
മതിഭ്രമത്താല്‍ ജനതതന്‍ ആരവം
മതിമറന്നതില്‍ ലയിച്ചു നിന്നീടണം
തെച്ചിക്കോടനും പാമ്പാടി രാജനും
തലയെടുപ്പോടെ നില്‍ക്കുന്നു ഗര്‍വോടെ
മംഗലാംകുന്നു കര്‍ണനും , അയ്യപ്പന്‍
മറ്റെന്തു വേണം കണ്മിഴിവേകുവാന്‍
കടമ്മനിട്ടതന്‍ കവിതകള്‍ കേള്‍ക്കണം
കുറത്തിയാട്ട തറയിലെത്തീടണം
വിനയചന്ദ്രിക ഉയരത്തിലെത്തുമ്പോള്‍
വീട്ടിലേക്കുള്ള വഴിയില്‍ നടക്കണം
നിലമൊരുക്കുവാന്‍ കാളകളെത്തുമ്പോള്‍
നേഞ്ഞില്‍പിടിയില്‍
മുറുകെപിടിക്കണം
ഞാറ്റുപാട്ടിനു താളം പിടിക്കണം
തേക്ക്‌പാട്ടിലെ ആരവം
കേള്‍ക്കണം
നെന്മണികള്‍ കൊത്തിപ്പറിക്കുവാന്‍
കിളികളെത്തി കലപില
കൂട്ടുമ്പോള്‍
പാട്ട കൊട്ടി കാഹളം തീര്‍ക്കണം
പേടിച്ചോടുന്ന കിളികളെ കാണണം
നാല്‍ക്കവലയില്‍ സൊറ പറഞ്ഞങ്ങനെ
സഹജരോടൊത്ത് നേരം കളയണം
കക്ഷി
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍
ചര്‍ച്ച ചെയ്‌തങ്ങു നേരം വെളുക്കണം
നാടന്‍പന്തില്‍ നാടുണര്‍ന്നീടുമ്പോള്‍
ഓലപ്പന്തുകള്‍ കെട്ടിയുണ്ടാക്കണം
ഒറ്റ പെട്ടയും പീച്ചിയും തലമയും
ഓര്‍മയില്‍ വന്നു ഓടിക്കളിക്കുന്നു
തേക്ക് , സഹദ , മുറിയനും ,നായ്‌ക്കനും
കുട്ടിയും കോലില്‍
ആടിത്തിമിര്‍ക്കണം
ഗോലി വാങ്ങണം , മുറ്റം കുഴിക്കണം
പച്ച മുച്ചയും
കച്ചിയടിക്കണം
ഒഴുകിയെത്തുന്നു കാറ്റിന്റെ മര്‍മരം
അകലെയെന്നുടെ ഗ്രാമം
വിളിക്കുന്നു
പല ദശകങ്ങള്‍ പിന്നോട്ട് പാഞ്ഞുപോയ്
ഉറവ വറ്റാത്ത ഓര്‍മതന്‍
യാത്രയില്‍.
