ഇന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം നമ്മുടെ ഇന്ത്യ തന്നെയാണ്. ലോകം മുഴുവൻ വലതുപക്ഷത്തേക്കും തീവ്രവലതുപക്ഷത്തേക്കും മാറിക്കൊണ്ടിരുന്നപ്പോൾ അതിൻ്റെ അനുരണനങ്ങൾ ഇന്ത്യയിലും കണ്ടു എന്നു മാത്രം. അതിൻ്റെ ഭാഗമായി മാത്രമാണ് ഭാരതീയ ജനതാപാർട്ടി പോവുള്ള ഒന്ന് അധികാരത്തിലെത്തിയത്. അത് താൽക്കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. വസ്തുതകൾ അങ്ങനെയൊക്കെ ആണെങ്കിലും കേവലം ഒരു ദശകം കൊണ്ട് ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ചരിത്ര ഘടനയിൽ കൈകടത്തി ഇന്ത്യ തങ്ങളുടെതാക്കാൻ വൃഥാശ്രമിച്ചു കൊണ്ടിരിക്കുകയാണ് ബി ജെ പി. ഇന്ത്യയുടെ ചരിത്രപരമായ അടിസ്ഥാന ഘടകങ്ങളിൽ കൈവെച്ച് അവയിൽ വ്യാജം ചമച്ച് സ്വാർത്ഥ താല്പര്യത്തോടെ അവ തങ്ങളുടേതാക്കി മാറ്റാൻ ശ്രമിച്ചവരാരും ഇന്ത്യയിൽ രക്ഷപ്പെട്ടിട്ടില്ല എന്നതാണ് ചരിത്രം. അത് പോർച്ചുഗീസുകാരായാലും വെള്ളക്കാരായാലും അതല്ല ഇനി തദ്ദേശീയരായാലും ശരി.
ഇന്ത്യ കണ്ട ഏറ്റവും വ്യക്തികേന്ദ്രീകൃതമായ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഒരു വശത്ത് നരേന്ദ്ര മോദിയും - മറുവശത്ത് ജനാധിപത്യം, ഭരണഘടന, മതേതര മൂല്യങ്ങൾ, സമുദായ മൈത്രി - എല്ലാം ചേർന്നുനിന്നു പോരാടുന്നു. പക്ഷേ ഇവയെയെല്ലാം നശിപ്പിക്കാൻ തൻ്റെ അമ്പത്തിയാറിഞ്ച് നെഞ്ചളവ് മതി എന്ന തോന്നലിലാണ് മോദി. ജവഹർലാൽ നെഹ്റുവിൻ്റെ വ്യക്തിപ്രഭാവം കത്തി നിന്ന കാലത്ത് പോലും ചില ആശയങ്ങളുടേയും മൂല്യങ്ങളുടേയും പേരിലായിരുന്നു തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ.
ഈ ആശയങ്ങളും മൂല്യങ്ങളും ഉല്പാദിപ്പിക്കുന്ന വിയോജിപ്പുകൾ കോൺഗ്രസ്സിന്നകത്തും പുറത്തും പ്രകടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. നെഹ്റുവല്ല, കോൺഗ്രസ് പാർട്ടിയാണ് അവയെ നെഞ്ചാൽ താങ്ങിയിരുന്നത്.
ഇന്ന് കാര്യങ്ങളുടെ സ്ഥിതി മാറി. ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങൾക്കഭിമുഖമായി നിൽക്കുന്നത് എൻ.ഡി.എ യോ ബി.ജെ.പിയോ അല്ല, ഹിന്ദുത്വം പോലുമല്ല. മോദിയാണ്. ബി.ജെ.പിയുടെ ഏറ്റവുമൊടുവിലത്തെ പത്ര പരസ്യങ്ങൾ ശ്രദ്ധിക്കൂ. അവ വെണ്ടക്കാലിപികളിൽ വാചാലമാവുന്നത് മോദി സർക്കാറിൻ്റെ ഗ്യാരൻറിയെ പ്പറ്റി പറഞ്ഞു കൊണ്ടാണ്. ഫിർ ഏക് ബാർ / മോദി സർക്കാർ എന്നാണ് വായ്ത്താരി. ബി.ജെ.പിയെപ്പറ്റി അവസാനഭാഗത്ത് അപ്രധാനമായ ഒരു സൂചന മാത്രം കാണാം. മോദി എന്ന വ്യക്തിയിൽ തെരഞ്ഞെടുപ്പൊരുക്കങ്ങൾ മുഴുവനും കേന്ദ്രീകരിച്ചു നിൽക്കുമ്പോൾ ബി.ജെ.പിയെന്ന പാർട്ടി ചെറിയക്ഷരങ്ങളിലേക്കൊതുങ്ങിയത് ആകസ്മികമാകാനിടയില്ല. അയാം ദി ഗോഡ്, അയാം ദി സ്റ്റേറ്റ് എന്ന സിൻഡ്രത്തിൻ്റെ ഭാഗമാണത്.
ഇതിന്നും മുമ്പൊരു പരസ്യമുണ്ടായിരുന്നു. ആ പരസ്യത്തിലും വാഴ്ത്തുന്നത് മോദിയെയായിരുന്നു.
മോദി എല്ലാവരോടും കരുതൽ കാണിക്കുന്നു.
മോദി വിവേചനം കാണിക്കുന്നില്ല.
യുദ്ധമുഖത്ത് അകപ്പെട്ട നമ്മുടെ വിദ്യാർത്ഥികളേയും നഴ്സുമാരേയും വൈദികരേയും കന്യാസ്ത്രീകളേയും എല്ലാം മോദി സുരക്ഷിതമായി തിരികെയെത്തിച്ചു.
ഗൾഫ് നാടുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന നിരവധി ഭാരതീയരുടെ മോചനം സാധ്യമാക്കി എന്നെല്ലാം.
പരസ്യത്തിൻ്റെ സാരാംശം ഇങ്ങനെ:
മോദിയാകുന്നു രക്ഷകൻ. മോദി മാത്രമാകുന്നു ഇന്ത്യ. ആശയങ്ങളോ പ്രത്യയശാസ്ത്രങ്ങളോ രാഷ്ട്രീയ വിശ്വാസങ്ങളോ ഈ വ്യക്തികേന്ദ്രീകൃത പ്രചാരണങ്ങളിൽ പ്രസക്തമാവുന്നേയില്ല എന്നതാണ് അതിൻ്റെ പ്രത്യേകത.
ഇങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നില്ലേ മുമ്പും..?
ഇന്ദിരയാണ് ഇന്ത്യ എന്ന് പറഞ്ഞിരുന്നില്ലേ കോൺഗ്രസ് അടിയന്തിരാവസ്ഥക്കാലത്ത്?
ശരിയാണ്. എന്നാൽ അത് ദേവകാന്ത് ബറുവക്കും ചില അല്പബുദ്ധികൾക്കുമപ്പുറത്തേക്ക് കോൺഗ്രസ്സിൽ തന്നെ ഏറെ ദൂരം സഞ്ചരിച്ചിട്ടില്ല. കോൺഗ്രസ്സിൽ ഇന്ദിരയുടെ സമഗ്രാധിപത്യവാസനക്കെതിരെ വിമതസ്വരങ്ങൾ ഒരു പാട് ഉയർന്നിട്ടുണ്ട്. ചന്ദ്രശേഖറും കൃഷ്ണകാന്തും മോഹൻ ധാരിയയും എം.എ ജോണുമെന്നല്ല, ഗുവാഹതി സമ്മേളനത്തിൽ എതിർത്തു പറഞ്ഞ എ.കെ. ആൻറണി പോലും ബദൽ സ്വരങ്ങൾക്കുള്ള സാധ്യതകൾ സൃഷ്ടിക്കുകയുണ്ടായി.ഇന്ദിരാ ഗാന്ധിയെ അടിയന്തിരാവസ്ഥപിൻവലിക്കാൻ പ്രേരിപ്പിച്ചതിന്ന് പിന്നിൽ വ്യക്തികേന്ദ്രീകൃതവും കുടുംബകേന്ദ്രീകൃതവുമായ തൻ്റെ രാജനീതിയോടുള്ള എതിർപ്പ് കൂടി ഒരു ഘടകമായി വർത്തിച്ചു എന്ന് പിൽക്കാലത്ത് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധികാരപ്രമത്തയായ വ്യക്തി എന്ന അവസ്ഥയിൽ നിന്ന് ജനപ്രിയയായ നേതാവ് എന്ന നിലയിലേക്ക് മാറാനായിരുന്നുവത്രേ പിന്നീട് ഇന്ദിരയുടെ ശ്രമം. വെടിയേറ്റ് മരിച്ചു കൊണ്ട് അവരാ സ്ഥാനമുറപ്പിച്ചു.
അതിരിക്കട്ടെ, ഇന്ന് ബി.ജെ.പിയിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന്നുള്ള വല്ല സാധ്യതയുമുണ്ടോ? കണ്ടിടത്തോളം വെച്ചു നോക്കുമ്പോൾ ഹിസ് മാസ്റ്റേഴ്സ് വോയ്സിന്ന് കാതോർത്തു നിൽക്കുന്ന, പരസ്യത്തിലെ നായയാണ് ബി.ജെ.പിയിലെ പരമോന്നത നേതാക്കൾ പോലും. മോദിയിലാണ് സകലതും കേന്ദ്രീകരിച്ചു നിൽക്കുന്നത്. എതിർപ്പിൻ്റെ നേരിയ നിശ്വാസം പോലും നിശ്ശൂന്യമായ ഈ പാർട്ടിയിലില്ല. അടിയന്തരാവസ്ഥക്കാലത്ത് നാം കടന്നുപോയ ഭയജനകമായ സ്ഥിതിവിശേഷത്തേക്കാൾ കടുപ്പമാണിത്. ഹിറ്റ്ലറുടെ നാസി ജർമ്മനിയിലേക്കുള്ള ഇന്ത്യയുടെ അവസ്ഥാന്തരമാണോ മോദിയുടെ തിരുവായ്ക്കെതിരില്ലാത്ത ഈ സ്ഥിതി? തെരഞ്ഞെടുപ്പിന്ന് ശേഷം പുതിയൊരു ഇന്ത്യയും പുതിയൊരു ഭരണക്രമവും നാനൂറ് സീറ്റിൻ്റെ ബലത്തിൽ ഉയർന്നു വരുമ്പോൾ ന്യൂറൻബർഗും ഓഷ് വിറ്റുസുമുണ്ടാവില്ലെന്നതിന്ന് എന്താണുറപ്പ്? പുതിയ രൂപമാതൃകകളിൽ അത് ഗുജറാത്തിൽ പരീക്ഷിച്ചു ജയിപ്പിച്ചതല്ലേ ഹിന്ദു തീവ്രവാദം?
രാഷ്ട്രീയാധികാരങ്ങൾ വ്യക്തികേന്ദ്രീകൃതമാവുന്നത് ജനാധിപത്യത്തിന്ന് എത്രത്തോളം ദോഷകരമാണ് എന്നതിനെപ്പറ്റി നാം ഗൗരവ ത്തോടെ ആലോചിക്കുക തന്നെ വേണം. മോദിയുടെ ശൈലി തന്നെയാണ് പല സംസ്ഥാന സർക്കാറുകളും, പിണറായിയും മമതാ ബാനർജിയുമെല്ലാം ,ഏറെക്കുറെ പിന്തുടരുന്നത്. രണ്ടാം എൽ.ഡി.എഫ് ഗവണ്മെൻ്റ് എന്നല്ല ഇടതു പക്ഷം പറയുന്നത്. രണ്ടാം പിണറായി സർക്കാർ എന്നാണ്. മുഖ്യമന്ത്രിക്കെതിരായുള്ള ചെറിയ പ്രതിഷേധങ്ങൾ പോലും പൊറുപ്പിക്കാൻ ഭരണ വ്യവസ്ഥ തയ്യാറില്ല. എതിർ സ്വരങ്ങളെ മുഴുവനും ന്യായീകരണത്തൊഴിലാളികൾ ഞെരിച്ചമർത്തിക്കളയുന്നു. മോദിയുടെ ഗ്യാരൻറിയേയുംപിണറായിയുടെ പെർഫോമൻസിനേയും കുറിച്ചുള്ള വായ്ത്താരികൾ ഒരേപോലെ ജനാധിപത്യമൂല്യങ്ങളെ കൊഞ്ഞനംകുത്തി ക്കൊണ്ടിരിക്കുകയാണ്. സോഷ്യലിസം / ഇടതുപക്ഷ ജനാധിപത്യമുന്നണി പോലും അതിൻ്റെ പ്രവർത്തനങ്ങളെക്കൊണ്ട് തീവ്രവലതുപക്ഷ ചേരിയിലേക്ക് മാറുന്നു എന്നതാണ് അപകടകരമായ കാര്യം!
രണ്ടാമത്തെ ഊഴം , മൂന്നാമത്തെ ഊഴം എന്നൊക്കെപ്പറഞ്ഞ് നാമതിനെ നിസ്സാരവൽക്കരിക്കുകയല്ലേ ചെയ്യുന്നത്? യഥാർത്ഥത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാനാവണം പ്രയത്നങ്ങൾ. വോട്ടും വിജയ പരാജയങ്ങളും നിർണ്ണയിക്കപ്പെടുമ്പോഴും ആശയങ്ങളും മനുഷ്യരും നില നിൽക്കുന്നു എന്നയിടത്താണ് കാര്യം. ആര് വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യ എന്ന ആശയം നിലനിൽക്കട്ടെ.