(ഇ-മലയാളിക്ക് വേണ്ടി തയ്യാറാക്കിയത് സുധീർ പണിക്കവീട്ടിൽ)
ഇരുനൂറു പൗർണ്ണമിചന്ദ്രികകൾ (16 വയസ്സ്) കണ്ട് അതിശയം പൂണ്ട് കവിതകൾ എഴുതിയ കടമ്പനാട് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു പെൺകുട്ടി ഇപ്പോൾ എൺപതിന്റെ നിറവിൽ എത്തിനിൽക്കുന്നു. അവർ നമുക്കെല്ലാം പ്രിയങ്കരിയായ ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ. ആയിരം പൗർണ്ണമി ചന്ദ്രികകൾ കാണാൻ നാല് വർഷങ്ങൾ കൂടി ബാക്കി നിൽക്കെ ഈ എൺപതാം ജന്മദിനം ഉറ്റവരും ചുറ്റുപാടും ആഘോഷഭരിതമാക്കുകയാണ്. സ്നേഹത്തിന്റെ ഗിത്താർ കമ്പികളിൽ വിരലുകൾ ഓടിച്ചുകൊണ്ട് പ്രിയമുള്ളവർ ഉച്ചത്തിൽ പാടുന്നു " ജന്മദിന ശുഭദിനാശംസകൾ". പിറന്നാൾ ആശംസകളുടെ വെണ്മുകിൽ മാലകൾ ആകാശത്തിന്റെ ചെരുവുകളിലൂടെ ഉർന്നുവീഴുന്നു. അവയെ കൈയിലെടുത്തുകൊണ്ട് മാലാഖമാർ ജന്മദിനഗീതങ്ങൾ പാടി എത്തിച്ചേരുന്നു. വസന്തകാല പറവകളും ഈ കവയിത്രിക്കായി പാട്ടുകൾ തിരയുന്ന തിരക്കിലാണ്. വർണ്ണശബളിമയാർന്ന പൂക്കൾ കന്യകമാരെപോലെ കൈയിൽ താലവുമേന്തി നിൽക്കുന്നു. കിളികളും അവരുടെ ഗാനമേളയിൽ ഇന്നേ ദിവസം പാടുന്നത് പിറന്നാൾ ഉപഹാരഗീതങ്ങളാണ്. ഒരു പക്ഷെ കിളികൾ കടമ്പനാടിന്റെ പ്രകൃതിഭംഗി നമ്മെ പാടി കേൾപ്പിക്കുകയായിരിക്കും ഒരു സിനിമ പാട്ടിലൂടെ."രംഗ് വിരംഗ് കെ ഫുല് ഖിലെ ഹേ ലോഗ് ബി ഫൂലോം ജൈസേ" വിവിധ നിറത്തിലുള്ള പൂക്കൾ വിരിയുന്നു ഇവിടത്തേ ജനങ്ങളും പൂ പോലെ. കഴിഞ്ഞുപോയ നല്ല നാളുകൾ. എല്ലാവരും സ്നേഹത്തോടെ സൗഹാർദ്ദത്തോടെ കഴിഞ്ഞ നാളുകൾ. ഇന്നത് നമ്മൾ നഷ്ടപ്പെടുത്തികളഞ്ഞു. കവയിത്രികൂടിയായ ശ്രീമതി ശങ്കരത്തിലിന്റെ രചനകളിലെല്ലാം ഗൃഹാതുരത്വത്തിന്റെ നേരിയ വിഷാദം കാണാം. ഗ്രാമത്തിന്റെ വിശുദ്ധിയും സങ്കൽപ്പങ്ങളും നഷ്ടപ്പെട്ടു എന്നവർ ഖേദിക്കുന്നു. ഈ ജന്മദിനത്തിൽ എല്ലാം മറന്നുകൊണ്ട് ഒരു പുതിയ പുലരിയെ എതിരേൽക്കാം.
പ്രിയപ്പെട്ടവരുടെ സ്നേഹത്തിന്റെ കളിത്തട്ടിൽ എൺപതു തിരിയിട്ട വിളക്കുകൾ കൊളുത്തി ഈ ദിവസം പ്രകാശമാനമാക്കാം. ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ ഓരോ വർഷവും ഈ ജന്മദിനം വന്നെത്തുന്നു. ഈ ഭൂമിയിൽ നമ്മുടെ ജീവിതം എങ്ങനെയെന്ന് അന്വേഷിക്കാനാണ് ഈ സന്ദർശനം. ജന്മദിനത്തെ പലരും പല വിധത്തിൽ ആണ് എതിരേൽക്കുന്നത്. ശ്രീമതി ശങ്കരത്തിൽ ദൈവവിശ്വാസമുള്ള ഒരു ഭക്തയായതുകൊണ്ട് ജന്മദിനത്തെ ഭക്തിസാന്ദ്രതയോടെ വരവേൽക്കാം. മധുരം നിവേദിക്കാം, പ്രാർത്ഥനാഗീതങ്ങൾ ആലപിക്കാം, പുത്തൻ കോടികൾ ഉടുത്ത് ഉത്സാഹത്തിമിർപ്പിൽ മദിക്കാം, സമ്മാനപൂക്കളുമായി ജന്മ ദിനാശംസകൾ അർപ്പിക്കാം, ഓരോ തവണ ഒരു കുഞ്ഞു പിറക്കുമ്പോൾ മാതാപിതാക്കൾ ആഹ്ലാദഭരിതരാകുന്നു. ജന്മദിനത്തിൽ ആ ഓർമ്മകൾ ഓടിയെത്തുന്നു. കുട്ടികൾക്ക് പ്രായം കൂടുന്തോറും മാതാപിതാക്കളുടെ വേർപാടും ഉണ്ടാകുന്നു. എന്നാലും ഓരോ ജന്മദിനത്തിലും പിറന്നാളുകാർ അവരുടെ മാതാപിതാക്കളെ ഓർക്കുന്നു. അമ്മയെ പ്രത്യേകമായി. ജന്മദിനം ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന ദിവസമാണ്.
സ്ഥാനം കൊണ്ട് എൽസി കൊച്ചമ്മ എന്ന് വിളിക്കപ്പെടുന്ന അവർ ജീവിതത്തിൽ വിജയം നേടിയ ശ്രെഷ്ഠ വനിതയാണ്. ബിരുദാനന്ത ബിരുദങ്ങളും, അനവധി പാഠ്യക്രമങ്ങൾക്ക് ലഭിച്ച സാക്ഷ്യപത്രങ്ങളും, ന്യയോർക്കിലെ നാസാ കൗണ്ടിയിൽ എൻജിനീയറായി ജോലിയും അവരുടെ ബുദ്ധിപരമായ കഴിവുകളെ വ്യക്തമാക്കുന്നവയാണ്. ദിവംഗതനായ അഭിവന്ദ യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്‌കോപ്പയുടെ പത്നിയായി, അവർക്കായി ദൈവം നൽകിയ രണ്ടു പുത്രന്മാരുമായി അവർ സംതൃപ്തമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.. ഇപ്പോൾ ഈ പിറന്നാൾ ആഘോഷത്തിൽ അദൃശ്യനായി ബഹുമാനപ്പെട്ട അച്ചൻ സന്നിഹിതനായിരിക്കും.
ആയുരാരോഗ്യങ്ങൾ ആരും ആശീർവദിക്കുന്ന ഈ മംഗളമുഹൂർത്തത്തിൽ ഇ-മലയാളിയും അവരുടെ പത്രാധിപസമിതിയും, എഴുത്തുകാരും, വായനക്കാരും അഭ്യുദയകാംക്ഷികളും ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന് അനുഗ്രഹപ്രദമായ ജന്മദിനം ആശംസിക്കുന്നു.
see also: തിരിഞ്ഞുനോക്കുമ്പോള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)